29 March Friday

പ്രപഞ്ചപ്രതിഭാസങ്ങളിലേക്ക് ലഡാക്ക് ഗ്രോത്ത്‌

ധന്യ സനൽUpdated: Sunday Jan 15, 2023

ധന്യ സനൽ

ധന്യ സനൽ

പ്രപഞ്ചപ്രതിഭാസങ്ങൾ ഇമവെട്ടാതെ നിരീക്ഷിക്കുകയാണ്‌ ലഡാക്കിലെ ഗ്രോത്ത്‌ ടെലസ്‌കോപ്. ഹാൻലെ താഴ്‌വരയിൽ 4500 മീറ്റർ ഉയരമുള്ള  സരസ്വതി കൊടുമുടിയിലാണ്‌ ഈ  ബഹിരാകാശനിരീക്ഷണ സംവിധാനം.  ഛിന്നഗ്രഹങ്ങളെയും മറ്റു പ്രാപഞ്ചിക വസ്തുക്കളെയും പഠനവിധേയമാക്കുക, സൂപ്പർനോവ പൊട്ടിത്തെറികൾ കണ്ടെത്തുക, നക്ഷത്രങ്ങൾ തമ്മിലോ തമോഗർത്തങ്ങൾ തമ്മിലോ കൂട്ടിയിടിക്കുന്നത്‌ നിരീക്ഷിക്കുക തുടങ്ങിയവയാണ്‌ ദൗത്യങ്ങൾ.

ഒരു ഭീമൻ തമോഗർത്തത്തിനു സമീപം സഞ്ചരിച്ച മൃതപ്രായനായ ഒരു നക്ഷത്രം ഛിന്നഭിന്നമാകുന്ന കാഴ്‌ച ഇന്ത്യൻ വാനനിരീക്ഷകർ ഈ  ദൂരദർശിനിയിലൂടെ അടുത്തിടെ നിരീക്ഷിച്ചു. അത്യാധുനികമായ  ഈ  ദൂരദർശിനിയെപ്പറ്റി  ഇന്ത്യൻ ഇൻഫർമേഷൻ സർവീസി(ഐഐഎസ്‌)ലെ ഉദ്യോഗസ്ഥയും അമച്വർ അസ്‌ട്രോണമറുമായ ധന്യ സനൽ  എഴുതുന്നു

 പ്രപഞ്ചമാതൃക രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച ടൈക്കോ ബ്രാഹെ (1546-–-1601) തന്റെ രാത്രികാല വാനനിരീക്ഷണത്തിനിടെ,  കാസിയോപ്പിയ നക്ഷത്രസമൂഹത്തിൽ ഒരു പുതിയ തിളക്കം  പ്രത്യക്ഷപ്പെട്ടത് ശ്രദ്ധിച്ചു. അപ്രതീക്ഷിതവും ശോഭയേറിയതുമായ തിളക്കമായിരുന്നു അത്‌. 1572 നവംബർ പതിനൊന്നിനാണ് നഗ്നനേത്രങ്ങൾകൊണ്ട് ബ്രാഹെ ഇത്‌ കണ്ടത്.  പുതിയൊരു നക്ഷത്രമാണെന്നാണ്‌  അദ്ദേഹം ആദ്യം കരുതിയത്‌.  അതൊരു നക്ഷത്രവിസ്ഫോടനം (Supernova) ആണെന്ന്  പിന്നീട് അദ്ദേഹം തീർച്ചപ്പെടുത്തി.  നക്ഷത്രങ്ങളെല്ലാം സ്ഥിരമായിട്ടുള്ളതാണെന്നുള്ള അരിസ്റ്റോട്ടിൽ ചിന്താഗതി തിരുത്തിക്കുറിക്കുന്നതായിരുന്നു ടൈക്കോയുടെ നിരീക്ഷണം നൽകിയ പാഠം. 

നക്ഷത്രമരണം

നക്ഷത്രങ്ങൾ എല്ലാക്കാലത്തും ജ്വലിച്ചുനിൽക്കുന്നവയല്ല, അവയ്ക്കും ‘മരണ’മുണ്ട്‌.  നമ്മുടെ സൂര്യനെപ്പോലുള്ള ചെറിയ നക്ഷത്രങ്ങൾ അതിലെ ഇന്ധനമായ ഹൈഡ്രജൻ കത്തിത്തീരുമ്പോൾ വികസിക്കാൻ തുടങ്ങുന്നു. ഈ അവസ്ഥയിൽ നക്ഷത്രത്തെ ചുവന്ന ഭീമൻ (Red giant) എന്ന് പറയുന്നു. വിദൂരഭാവിയിൽ നമ്മുടെ സൂര്യനും ഇത്തരത്തിൽ  ചുവന്ന ഭീമനായി മാറും.  വെള്ള കുള്ളൻ (White dwarf), കറുത്ത കുള്ളൻ (Black dwarf) എന്നീ സാങ്കേതിക പദങ്ങളെല്ലാം മരണാസന്നരായ നക്ഷത്രങ്ങളുടെ വിവിധ അവസ്ഥകളെ സൂചിപ്പിക്കുന്ന  പദങ്ങളാണ്.  അതേസമയം, ഭാരമേറിയ നക്ഷത്രങ്ങളുടെ അന്ത്യം മറ്റൊരു രീതിയിലാണ്.  ടൈക്കോ ബ്രാഹെ കണ്ടതുപോലെ, സൂപ്പർനോവ എന്നൊരു അത്യുഗ്രൻ പൊട്ടിത്തെറിയിലൂടെയാണ് അതിഭീമൻ നക്ഷത്രങ്ങളുടെ ആയുസ്സ്‌ അവസാനിക്കുന്നത്.  ഇത്തരം പൊട്ടിത്തെറികൾ അവയിലുണ്ടായ മൂലകങ്ങളെ പ്രപഞ്ചത്തിന്റെ പല ഭാഗത്തും എത്തിക്കുന്നു.  ശേഷമുള്ള നക്ഷത്രത്തിന്റെ കേന്ദ്രഭാഗം നമ്മുടെ സൂര്യന്റെ ഭാരത്തേക്കാൾ മൂന്നു മടങ്ങ്‌ എങ്കിലുമുണ്ടെങ്കിൽ അതൊരു തമോഗർത്തമായി (Black hole) രൂപപ്പെടും.

ലഡാക്കിലെ ‘ഗ്രോത്ത്‌’

മരണാസന്നനായ മറ്റൊരു നക്ഷത്രത്തെ  തമോഗർത്തം  വിഴുങ്ങുന്ന അത്യപൂർവമായ കാഴ്ച ഇന്ത്യൻ വാനനിരീക്ഷകർ  അടുത്തിടെ  വെളിപ്പെടുത്തി. ഭൂമിയിൽനിന്ന്‌ 8.5  ബില്യൺ പ്രകാശവർഷം അകലെയായിരുന്നു സംഭവം.  മിന്നായംപോലെ സംഭവിച്ച ഈ പ്രതിഭാസം ഒപ്പിയെടുത്തത് ലഡാക്ക്‌  ഹാൻലെ താഴ്വരയിലെ സരസ്വതി കൊടുമുടിയിലുള്ള (ഉയരം 4500 മീറ്റർ) ഗ്രോത്ത് (GROWTH – India: Global Relay of Observatories Watching Transients Happen) എന്ന ദൂരദർശിനിയാണ്.  ഇന്ത്യയുടെയും  മറ്റു വിദേശ ജ്യോതിശാസ്ത്ര സംഘടനകളുടെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ ദൂരദർശിനി,  ലഡാക്കിലെ ചാങ്നാങ് മേഖലയിൽ ലോകത്തിലെത്തന്നെ ഉയരമേറിയ ജ്യോതിശാസ്ത്ര കേന്ദ്രങ്ങളിൽ ഒന്നായ ഇന്ത്യൻ അസ്ട്രോണമിക്കൽ ഒബ്സർവേറ്ററിയിലാണ്‌ ഉള്ളത്‌.  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സ്‌,  ബോംബെ ഐഐടി എന്നിവയുടെ  ചുമതലയിലുള്ള  പദ്ധതിയാണ് ഗ്രോത്ത്  ദൂരദർശിനി.  

ഭീമൻ തമോഗർത്തത്തിനു സമീപം സഞ്ചരിച്ച മൃതപ്രായനായ  നക്ഷത്രം തമോഗർത്തത്തിന്റെ ഗുരുത്വാകർഷണത്തിൽപ്പെട്ട് ഛിന്നഭിന്നമാകുന്ന  കാഴ്ച ഇന്ത്യൻ വാനനിരീക്ഷകർ ഈ  ദൂരദർശിനിയിലൂടെ നിരീക്ഷിച്ചു. ചിത്രവും പകർത്തി.

ദൗത്യങ്ങളേറെ

പേര് സൂചിപ്പിക്കുന്നതുപോലെ ശൂന്യാകാശത്ത് ക്ഷണിക നേരത്തേക്കുമാത്രം (Transient)  കാണപ്പെടുന്ന പ്രപഞ്ചപ്രതിഭാസങ്ങൾ കണ്ടെത്തുക, ഭൂമിക്കരികിലെത്തുന്ന ഛിന്നഗ്രഹങ്ങളെയും മറ്റു പ്രാപഞ്ചികവസ്തുക്കളെയും പഠനവിധേയമാക്കുക, സൂപ്പർനോവ പൊട്ടിത്തെറികൾ കണ്ടെത്തുക, നക്ഷത്രങ്ങൾ തമ്മിലോ തമോഗർത്തങ്ങൾ തമ്മിലോ കൂട്ടിയിടിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ഭൂഗുരുത്വ തരംഗങ്ങളെയും നക്ഷത്രങ്ങളുടെ അന്ത്യനിമിഷങ്ങളെയും നിരീക്ഷണവിധേയമാക്കുക എന്നിവയാണ്‌ ഗ്രോത്ത്‌ ദൂരദർശിനിയുടെ ദൗത്യം. ഈ റോബോട്ടിക് ദൂരദർശിനി ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യത്തിലാണ് പ്രവർത്തിക്കുന്നത്.

അപൂർവ പ്രതിഭാസങ്ങൾ ഒപ്പിയെടുക്കും

ഗുരുത്വാകർഷണത്തിൽപ്പെടുന്ന ഒരു നക്ഷത്രം പൂർണമായും തമോഗർത്തത്തിൽ വിലയം പ്രാപിക്കുന്നതിനു മുമ്പായി  നക്ഷത്രത്തിന്റെ  പുറംപാളിയിലുള്ള വാതകങ്ങൾ അടർന്നുമാറുകയും  അവ തമോഗർത്തത്തിനു ചുറ്റും ഒരു വലയം സൃഷ്ടിക്കുകയും ചെയ്യുന്നു.  ‘ടൈഡൽ ഡിസ്റപ്ഷൻ’ (TDE) എന്നു പറയുന്ന അപൂർവമായ ഈ പ്രതിഭാസമാണ് ഇന്ത്യൻ വാനനിരീക്ഷകർ റോബോട്ടിക് ദൂരദർശിനിയിലൂടെ ഒപ്പിയെടുത്തത്. നക്ഷത്രത്തിന്റെയും തമോഗർത്തത്തിന്റെയും ഈ കൂട്ടിയിടി മൂലം സൃഷ്ടിച്ച പ്രകാശ വേഗതയിൽ സഞ്ചരിക്കുന്ന സൗരപദാർഥങ്ങളുടെ (Relativistic Jets) സാന്നിധ്യം മറ്റ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ഏജൻസികളും സ്ഥിരീകരിച്ചു.  നിരീക്ഷണഫലങ്ങൾ നേച്ചർ മാസികയിൽ അടുത്തിടെ  പ്രസിദ്ധീകരിക്കുകയും ചെയ്തു.

2018 മുതൽ  വൈവിധ്യമാർന്ന ആകാശക്കാഴ്ചകൾ  ഈ ടെലസ്‌കോപ് പഠനവിധേയമാക്കുന്നു. ജ്യോതിശാസ്ത്ര മേഖലയിൽ അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായുള്ള ഗ്രോത്ത്‌ ഇന്ത്യ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിവിധ രേഖാംശങ്ങളിലുള്ള (ടൈം സോണുകളിൽ) മറ്റ് 17 ഗ്രോത്ത്‌  ടെലസ്കോപ്പുകളുടെ സമ്പൂർണ സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നത്. ഭൂമിയുടെ കറക്കം അനുസരിച്ച് പരിപൂർണമായ രാത്രികാല വാനനിരീക്ഷണം ലക്ഷ്യമാക്കിയാണ് വിവിധ ടൈം സോണുകളിൽ  ടെലസ്കോപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്.  കോസ്‌സ്മിക് പ്രതിഭാസങ്ങൾ, ഗാമാ കിരണങ്ങൾ മുതൽ ഇൻഫ്രാ റെഡ് വരെയുള്ള വിവിധ തരംഗദൈർഘ്യത്തിൽ പ്രകാശം വികിരണം ചെയ്യുന്നത്, ഗ്രോത്ത്‌  ദൂരദർശിനിയോടൊപ്പം മറ്റു തരംഗദൈർഘ്യത്തിൽ നിരീക്ഷണം നടത്തുന്ന ദൂരദർശിനികളും പഠനവിധേയമാക്കുന്നു.

രാത്രികാല വാനനിരീക്ഷണ സങ്കേതവും

പുരാതനകാലത്ത് ലേയിൽനിന്ന്‌ തിബറ്റിലെ ലാസയിലേക്കുള്ള കച്ചവടപാത കടന്നുപോയിരുന്നത് സമുദ്രനിരപ്പിൽനിന്ന്‌ 4300 മുതൽ 5800 മീറ്റർ വരെ ഉയരത്തിലുള്ള  ഹാൻലെ ഗ്രാമത്തിലൂടെയാണ്. ഇന്ത്യ–--തിബറ്റ് അതിർത്തിപ്രദേശത്തെ ഇമിസ് ലായിൽനിന്ന് ഉത്ഭവിച്ച്, സിന്ധു നദിയുടെ പോഷകനദിയായി ഒഴുകിയെത്തുന്ന ഹാൻലെ നദിയുടെ താഴ്വരയിലാണ് തദ്ദേശീയർ ‘അൻലെ' എന്നു വിളിക്കുന്ന ഹാൻലെ ഗ്രാമം.  
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോ ഫിസിക്സിന്റെ നേതൃത്വത്തിൽ  പ്രഥമ  രാത്രികാല വാനനിരീക്ഷണ സങ്കേതം (Night Sky Sanctuary)ഇവിടെ പൂർത്തിയാകുകയാണ്‌. ഒപ്റ്റിക്കൽ, ഇൻഫ്രാറെഡ്, ഗാമ തരംഗദൈർഘ്യത്തിൽ പ്രവർത്തിക്കുന്ന ടെലസ്കോപ്പുകൾ വാനനിരീക്ഷണത്തിനായി ഇവിടെ സജ്ജമായിട്ടുണ്ട്‌. ഏറ്റവും ആധുനികമായ ഹിമാലയൻചന്ദ്ര ദൂരദർശിനി, ഗാമ - റേ അറേ ദൂരദർശിനി, ഇമേജിങ്‌ ചെരങ്കോവ് ടെലസ്കോപ്, ഗ്രോത്ത് - ഇന്ത്യ ദൂരദർശിനി എന്നിവ ഇതിന്റെ ഭാഗമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top