25 April Thursday

അനിശ്ചിതത്വത്തിന്റെ വർഷം

സാജൻ എവുജിൻUpdated: Thursday Dec 31, 2020


സമീപകാല ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്ധവും സംഭവബഹുലവുമായ വർഷങ്ങളിലൊന്നായിരുന്നു 2020. പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തിപ്പെടുന്നതിനിടെയാണ് ഈ വർഷം പിറന്നത്. ഷഹീൻബാഗ് സമരത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ തീവ്രവർഗീയത ഇളക്കിവിടാൻ ശ്രമിച്ച ബിജെപിക്ക് നേരിട്ട തിരിച്ചടി ശുഭസൂചനയായി. എന്നാൽ വടക്കുകിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപം വർഗീയപ്രചാരണം സൃഷ്ടിച്ച വിപത്തിന്റെ പ്രതിഫലനമായി. കേസ് അന്വേഷണത്തിന്റെ പേരിൽ ന്യൂനപക്ഷങ്ങളും മതനിരപേക്ഷവാദികളും പീഡിപ്പിക്കപ്പെട്ടു.

നിരുത്തരവാദിത്തത്തിന്റെ കാലം
കോവിഡ് വ്യാപനം പ്രതിരോധിക്കാനായി മാർച്ച് 22ന്‌ ജനതാ കർഫ്യൂ ആചരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോഡി നൽകിയ ആഹ്വാനം രാജ്യം സർവാത്മനാ ഏറ്റുവാങ്ങി. മാർച്ച് 24ന്‌ അർധരാത്രി മുതൽ നടപ്പാക്കിയ രാജ്യവ്യാപക അടച്ചുപൂട്ടൽ ആസൂത്രണരാഹിത്യത്തിന്റെയും നിരുത്തരവാദിത്തത്തിന്റെയും മിശ്രിതമായി. കോടിക്കണക്കിന്‌ അതിഥിത്തൊഴിലാളികളെക്കുറിച്ച് ചിന്തിക്കാതെയാണ് അപ്രതീക്ഷിത അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്‌. രോഗവ്യാപനവും പട്ടിണിയും തടയാൻ ക്രിയാത്മക നടപടികൾ സ്വീകരിക്കുന്നതിൽ കേന്ദ്രവും പ്രധാനമന്ത്രിയും പരാജയപ്പെട്ടു.

കോവിഡിനിടയിലും കൊള്ള
കോവിഡ് കാലത്ത് ചേർന്ന പാർലമെന്റ് സമ്മേളനത്തിൽ ദേശവിരുദ്ധവും ജനദ്രോഹപരവുമായ നിയമങ്ങൾ തിരക്കിട്ട് പാസാക്കിയെടുത്തു. കോവിഡും അടച്ചുപൂട്ടലും വരുത്തിയ പ്രതിസന്ധി പരിഹരിക്കാനെന്ന പേരിൽ പ്രഖ്യാപിച്ച ആത്മനിർഭർ പാക്കേജിൽ മുഴുവൻ ദേശീയ ആസ്തിയും പണയംവച്ചു. കാർഷിക മേഖല മുതൽ ബഹിരാകാശ ഗവേഷണ–-ആണവോർജ്ജ മേഖലകൾ വരെ കോർപറേറ്റുകൾക്ക് തീറെഴുതി. കാർഷികമേഖല പരിഷ്കാരങ്ങൾക്കായി  കൊണ്ടുവന്ന ഓർഡിനൻസുകൾക്ക് പകരം പാർലമെന്റിൽ മൂന്ന് ബിൽ പാസാക്കിയത് ജനാധിപത്യപരമായ  മര്യാദകൾ ലംഘിച്ചാണ്.

രാജ്യസഭയിൽ ബില്ലിന്മേൽ വോട്ടെടുപ്പ് നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച അംഗങ്ങളെ പുറത്താക്കി. തൊഴിൽനിയമങ്ങൾ അട്ടിമറിക്കുന്ന കോഡുകൾ ചർച്ചപോലും ചെയ്യാതെ പാസാക്കിയെടുത്തു. ഇതിനെതിരെ ഉയർന്ന, കർഷകരുടെയും തൊഴിലാളികളുടെയും ഐക്യപ്രക്ഷോഭത്തിന്‌ ഐതിഹാസികമാനം കൈവന്നിരിക്കയാണ്. നവംബർ 26 മുതൽ പതിനായിരക്കണക്കിനു കർഷകർ ഡൽഹി വളഞ്ഞു. നവംബർ 26നും ഡിസംബർ എട്ടിനും നടന്ന ദേശീയ പണിമുടക്കുകളിൽ ജനകോടികൾ അണിനിരന്നു.

ഹിന്ദുത്വ അജൻഡ
സംഘപരിവാർ പദ്ധതിപ്രകാരം ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോവുകയാണ് ബിജെപിയുടെ കേന്ദ്രസർക്കാർ. അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമിപൂജ കേന്ദ്രസർക്കാർ നേരിട്ട് നടത്തിയതും പ്രധാനമന്ത്രിയും ആർഎസ്എസ് തലവനും ഒന്നിച്ച് പങ്കെടുത്തതും ഇതിന്റെ വിളംബരമായി. പാർലമെന്റിൽ പോലും ചർച്ചയ്‌ക്ക്‌ വിധേയമാക്കാതെ പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസനയം, ജമ്മു–-കശ്മീരിൽ സ്വീകരിച്ചുവരുന്ന നടപടികൾ എന്നിവയും ഇതിന്റെ ഭാഗമാണ്. ഭരണഘടനാസ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി അമിതാധികാരം നേടാൻ ശ്രമിക്കുന്ന മോഡിസർക്കാർ രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർക്കാൻ ശ്രമിക്കുന്നു. ഗവർണർമാരെ പാവകളാക്കി.

സിബിഐ, ഇഡി, ആദായനികുതി വകുപ്പ് എന്നിവയെ ബിജെപിയുടെ രാഷ്ട്രീയലക്ഷ്യം നേടാനുള്ള ഉപകരണങ്ങളാക്കി. തെരഞ്ഞെടുപ്പ് കമീഷന്റെ സ്വയംഭരണാധികാരം ഇല്ലാതാക്കാനും ആസൂത്രിതമായ നീക്കം നടക്കുന്നു. ഇന്ത്യ–-ചൈന അതിർത്തിതർക്കവും സംഘർഷവും പരിഹരിക്കുന്നതിൽ രാഷ്ട്രീയനേതൃത്വത്തിൽ നിലനിൽക്കുന്ന ആശയക്കുഴപ്പവും പ്രകടമായി. കിഴക്കൻ ലഡാക്ക് സംഘർഷത്തിൽ പ്രധാനമന്ത്രിയും വിദേശമന്ത്രാലയവും പരസ്പരവിരുദ്ധ പ്രസ്താവനകൾ നടത്തി.

അതിഥിത്തൊഴിലാളി പലായനം
കോവിഡ്‌ പ്രതിരോധത്തിന്‌ മുന്നൊരുക്കമില്ലാതെ കേന്ദ്രസർക്കാർ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതോടെ അശരണരായ അതിഥിത്തൊഴിലാളികൾ കൂട്ടമായി സ്വന്തം നാടുകളിലേക്ക്‌ പലായനം ചെയ്‌തു. യാത്രക്കിടെ നിരവധി അതിഥിത്തൊഴിലാളികൾ അപകടങ്ങളിൽ കൊല്ലപ്പെട്ടു. വിശപ്പും പൊലീസിന്റെ മർദ്ദനവും അതിജീവിച്ചായിരുന്നു പലായന. ഔറംഗബാദിൽ കാൽനട യാത്രയ്‌ക്കിടെ റെയിൽവേ പാളത്തിൽ വിശ്രമിച്ച 16 തൊഴിലാളികൾ ട്രെയിൻ കയറി മരിച്ചു. രണ്ട്‌ മാസത്തിനിടെ 1,461 അപകടങ്ങളിൽ 750 തൊഴിലാളികൾ മരിച്ചെന്നാണ്‌‌ സേവ്‌ലൗഫ്‌ ഫൗണ്ടേഷന്റെ കണക്ക്‌. എത്ര തൊഴിലാളികളൂടെ ജീവൻ പൊലിഞ്ഞെന്ന്‌ കേന്ദ്രസർക്കാരിന്‌ കണക്കില്ല.

ഇടതുപക്ഷത്തിന്റെ പ്രസക്തി
ദേശീയരാഷ്ട്രീയത്തിൽ കൃത്യമായ ഇടപെടലുകൾ നടത്തിയ ഇടതുപക്ഷം ജനകീയപ്രക്ഷോഭങ്ങളുടെ പോർമുനയായി നിലകൊണ്ടു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലവും കേരളം, ജമ്മു–-കശ്‌മീർ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ്‌ ഫലങ്ങളും ഇടതു ബദൽനയങ്ങൾക്ക്‌ ജനങ്ങളിലുള്ള സ്വീകാര്യതയുടെ തെളിവായി.


2020 ജനുവരി 5: ജെഎൻയു ആക്രമണം
ഫീസ്‌ വർധനയിൽ പ്രതിഷേധിച്ച്‌ ജെഎൻയു ക്യാമ്പസിൽ‌ സമരം നയിച്ച വിദ്യാർഥികൾക്കുനേരെ മാരകായുധങ്ങളുമായി എബിവിപി–- സംഘപരിവാർ ആക്രമണം. വിദ്യാർഥിയൂണിയൻ പ്രസിഡന്റ്‌ ഐഷി ഘോഷ്‌, അധ്യാപിക സുചരിത സെൻ അടക്കം നിരവധിപ്പേർക്ക്‌ ഗുരുതര പരിക്കേറ്റു. 

ഫെബ്രുവരി 11: ഡൽഹിയിൽ എഎപി തുടർഭരണം
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാമതും അരവിന്ദ്‌ കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്‌മി പാർടി അധികാരത്തിൽ. 70 അംഗ നിയമസഭയിൽ എഎപി 62 സീറ്റ്‌ നേടി. ബിജെപി എട്ടിൽ ഒതുങ്ങി. കോൺഗ്രസിന്‌ മുൻവർഷത്തെപ്പോലെ അക്കൗണ്ട്‌ തുറക്കാനായില്ല.

ഫെബ്രുവരി 23: ഡൽഹി കലാപം
പൗരത്വ ദേദഗതി നിയമ പ്രതിഷേധക്കാർക്കെതിരായ ബിജെപി നേതാവ്‌ കപിൽമിശ്രയുടെ വിദ്വേഷ പ്രസംഗത്തോടെ‌ തുടങ്ങിയ സംഘർഷം വടക്കുകിഴക്കൻ ഡൽഹിയിൽ കലാപമായി പടർന്നു. ആറ്‌ ദിവസത്തെ കലാപത്തിൽ   പൊലീസുകാരനും  ഐബി ഉദ്യോഗസ്ഥനുമടക്കം 42പേർ കൊല്ലപ്പെട്ടു.  കലാപം ചെറുക്കാത്ത ഡൽഹി പൊലീസിനെതിരെ രൂക്ഷവിമർശം. അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ സന്ദർശനവേളയിലുണ്ടായ കലാപം അന്താരാഷ്‌ട്രതലത്തിൽ അപലപിക്കപ്പെട്ടു.

ഫെബ്രുവരി 24–-25: ട്രംപ്‌ സന്ദർശനം
അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപ്‌ ദ്വിദിന ഇന്ത്യ സന്ദർശനം നടത്തി. അഹമ്മദാബാദിൽ ‘നമസ്‌തേ ട്രംപ്‌’ എന്നപേരിൽ  പരിപാടി. സബർമതി ആശ്രമം, രാജ്‌ഘട്ട്‌, താജ്‌മഹൽ എന്നിവിടങ്ങളിൽ ട്രംപ്‌ കുടംബത്തോടൊപ്പം സന്ദർശിച്ചു. രാഷ്‌ട്രപതി രാജ്‌നാഥ്‌ സിങ്‌, പ്രധാനമന്ത്രി നരേന്ദ്രമോഡി തുടങ്ങിയവരുമായി കൂടിക്കാഴ്‌ചകൾ നടത്തി.

മാർച്ച്‌ 20: നിർഭയ കേസ്‌ പ്രതികൾക്ക്‌ തൂക്കുകയർ
രാജ്യ മനസ്സാക്ഷിയെ നടുക്കിയ നിർഭയ കേസിലെ നാല്‌ പ്രതികളെ തൂക്കിലേറ്റി. നാലുപേരെ ഒരുമിച്ച്‌ തൂക്കിലേറ്റിയത്‌ സ്വതന്ത്ര ഇന്ത്യയിൽ ആദ്യം. പുലർച്ചെ അഞ്ചരയ്‌ക്കാണ്‌ മുകേഷ്‌സിങ്‌, അക്ഷയ്‌കുമാർ സിങ്‌, വിനയ്‌ ശർമ, പവൻ ഗുപ്‌ത എന്നിവരെ തൂക്കിലേറ്റിയത്‌. ഒരു കുറ്റവാളി രാംസിങ്‌ മുമ്പ്‌ ജയിലിൽ മരിച്ചു. പ്രായപൂർത്തിയാകാത്ത പ്രതിയെ മൂന്നുവർഷത്തെ ജുവനൈൽഹോം വാസത്തിനുശേഷം വിട്ടയച്ചു. 2012 ഡിസംബർറിലാണ്‌ ഡൽഹിയിൽ ഓടുന്നബസിൽ ഇരുപത്തിമൂന്നുകാരിയെ  പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയത്‌.

മാർച്ച്‌ 20:  മധ്യപ്രദേശ്‌ സർക്കാർ അട്ടിമറി
മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ കോൺഗ്രസ്‌ സർക്കാരിനെ 15–-ാം മാസം ബിജെപി അട്ടിമറിച്ചു. കോൺഗ്രസ്‌ എംഎൽഎമാരെ ബിജെപി ചാക്കിട്ടുപിടിച്ചതോടെ‌ സർക്കാർ വീണു‌. 

മാർച്ച്‌ 22: ജനത കർഫ്യു
കോവിഡ്‌ അടച്ചുപൂട്ടലിന്‌ മുന്നോടിയായി ജനത കർഫ്യൂ നടപ്പാക്കി. രാവിലെ ഏഴു മുതൽ രാത്രി ഒമ്പതുവരെ അവശ്യ സർവീസുകൾമാത്രം.

മാർച്ച്‌ 24: അടച്ചുപൂട്ടൽ
കോവിഡ്‌ വ്യാപനം തടയാൻ രാജ്യവ്യാപക അടച്ചുപൂട്ടൽ. ഒരാളും വീടിന്‌ പുറത്തിറങ്ങരുതെന്നും അവശ്യസാധന വിതരണം തടസ്സപ്പെടില്ലെന്നും നിർദേശം. ആദ്യഘട്ടത്തിൽ 21 ദിവസ അടച്ചിടലാണ്‌ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്‌. മെയ്‌ മൂന്നുവരെ നീട്ടി. പൊതുഗതാഗതം, സ്‌കൂൾ–-കോളേജ്, ആരാധനാലയങ്ങൾ എന്നിവ പ്രവർത്തിച്ചില്ല. മൂന്നാംഘട്ടം മെയ്‌ 17 വരെ നീട്ടി. 18ന്‌ നാലാംഘട്ടം തുടങ്ങി.

മാർച്ച്‌ 24: ഷഹീൻബാഗ്‌ പ്രക്ഷോഭം അവസാനിപ്പിക്കുന്നു
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ നടന്ന  സമരം കോവിഡ്‌ അടച്ചുപൂട്ടലിനെ തുടർന്ന്‌ അവസാനിപ്പിച്ചു. 2019 ഡിസംബർ 14ന്‌ സ്‌ത്രീകളുടെ നേതൃത്വത്തിൽ --ഡൽഹി–-നോയിഡ ദേശീയപാതയിൽ  തുടങ്ങിയ ധർണ 100 ദിവസം പിന്നിട്ടു.  ഷഹീൻബാഗ്‌ സമരമാതൃക രാജ്യത്താകെ വ്യാപിച്ചു. 

മെയ്‌ 20: ഉംപുൻ ചുഴലിക്കാറ്റ്‌
ബംഗാളിലും ഒഡിഷയിലും കനത്ത നാശംവിതച്ചു. ജൂൺ 03: നിസർഗ ചുഴലിക്കാറ്റ്‌, മഹാരാഷ്‌ട്രയിൽ കനത്ത നാശം വിതച്ചു.

ജൂലൈ 10: വികാസ്‌ ദുബെ കൊല്ലപ്പെട്ടു
കാൺപൂരിൽ ഡിവൈഎസ്‌പി അടക്കം എട്ടു പൊലീസുകാരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസ്‌ ദുബെയെ യുപി പൊലീസ്‌ ഏറ്റുമുട്ടലിൽ വധിച്ചു. 

ജൂൺ 15: ഇന്ത്യ–-ചൈന അതിർത്തിയിൽ സംഘർഷം
കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വര അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ഒരു കേണൽ അടക്കം 20 ഇന്ത്യൻ സൈനികർക്ക്‌ വീരമൃത്യു.  തുടരുന്ന സംഘർഷാവസ്ഥയിൽ 45 വർഷത്തിനിടെ ആദ്യമായി വെടിവയ്‌പ്‌.  ചൈനീസ്‌ ആപ്പുകൾ ഇന്ത്യ നിരോധിച്ചു. ചൈനീസ്‌ കമ്പനികളുമായുള്ള വിവിധ കരാറുകൾ റദ്ദാക്കി.

ജൂലൈ 29: റഫേൽ വിമാനങ്ങൾ എത്തി
ആദ്യ‌ റഫേൽ പോർ വിമാനം ഫ്രാൻസിൽനിന്ന്‌ ഇന്ത്യയിലെത്തി. ആദ്യ ബാച്ചിൽ അഞ്ച്‌ വിമാനമാണ്‌ ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ ഇറങ്ങിയത്‌‌. രണ്ടാം ബാച്ചിൽ നവംബറിൽ മൂന്ന്‌ വിമാനം എത്തി. 

ആഗസ്‌ത്‌ 05: രാമക്ഷേത്രം ഭൂമിപൂജ
അയോധ്യയിൽ ശ്രീരാമക്ഷേത്ര നിർമാണത്തിന് തുടക്കമിട്ട്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശിലസ്ഥാപിച്ചു. 1992ൽ തകർക്കപ്പെടുംവരെ അഞ്ച്‌ നൂറ്റാണ്ട്‌ ബാബ്‌റി മസ്‌ജിദ്‌ നിലനിന്നിടത്താണ്‌ സുപ്രീംകോടതി വിധിപ്രകാരം ക്ഷേത്രം നിർമിക്കുന്നത്‌. 

സെപ്‌തംബർ 14: ഹാഥ്‌രസ്‌
ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ മേൽജാതിക്കാരായ നാലുപേർ പത്തൊമ്പതുകാരിയായ ദളിത്‌ പെൺകുട്ടിയെ പീഡിപ്പിച്ചു. 29ന്‌ ഡൽഹിയിലെ ആശുപത്രിയിൽ മരിച്ച പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാർക്ക്‌ വിട്ടുകൊടുക്കാതെ യുപി പൊലീസ്‌ അർധരാത്രി സംസ്‌കരിച്ചു. യുപി പൊലീസിന്റെ ദുരൂഹ ഇടപെടൽ വിവാദമായി. രാജ്യവ്യാപകമായി പ്രതിഷേധം അലയടിച്ചു. പ്രതികൾ പിടിയിലായി. അന്വേഷണം സിബിഐയ്‌ക്ക്‌.

സെപ്‌തംബർ 30: ബാബ്‌റി മസ്‌ജിദ്‌: മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ബാബ്‌റി മസ്‌ജിദ്‌ തകർത്തതിലെ ക്രിമിനൽ ഗൂഢാലോചന കേസിൽ എൽ കെ അദ്വാനി അടക്കം 32 പ്രതികളെയും ലഖ്‌നൗ സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടു. മുരളീമനോഹർ ജോഷി, ഉമാഭാരതി, കല്യാൺസിങ്‌ തുടങ്ങിയവർക്കാണ്‌ ക്ലീൻചിറ്റ്‌. മസ്‌ജിദ്‌‌ തകർത്തത്‌ ആസൂത്രിതം അല്ലെന്നും ഗൂഢാലോചന ഇല്ലെന്നുമാണ്‌ ജഡ്‌ജി എസ്‌ കെ യാദവിന്റെ കണ്ടെത്തൽ. 

ഒക്‌ടോബർ 27: ഇന്ത്യ–-അമേരിക്ക ബെക്ക കരാർ
ഉപഗ്രഹനിരീക്ഷണവിവരം അടക്കം പരസ്‌പരം കൈമാറുന്നതിനുള്ള കരാർ(ബെക്ക) ഒപ്പിട്ടു. ഇന്ത്യയെ അമേരിക്കയുടെ സൈനികനീക്കങ്ങൾക്കുള്ള സൗകര്യദാതാവാക്കി മാറ്റുന്ന നാല്‌ കരാറും  നിലവിൽവന്നു.

നവംബർ 10: ബിഹാർ എൻഡിഎ നിലനിർത്തി
ബിഹാർ തെരഞ്ഞെടുപ്പിൽ 125 സീറ്റുനേടി എൻഡിഎ ഭരണം നിലനിർത്തി. ഇടതുപക്ഷം ഉൾപ്പെട്ട മഹാസഖ്യം 110 സീറ്റ്‌ നേടി. ഇടതുപക്ഷം മത്സരിച്ച 29ൽ 16 സീറ്റിൽ ജയിച്ചു. സിപിഐ എംഎൽ 12 സീറ്റും സിപിഐ എമ്മും സിപിഐയും രണ്ട്‌ വീതം സീറ്റിലും ജയിച്ചു. 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ്‌ 19ൽ ഒതുങ്ങി.

നവംബർ 26: കർഷകപ്രക്ഷോഭം
കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകരോഷം.  മൂന്ന്‌ കാർഷികനിയമം പിൻവലിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കാതെ പിൻമാറില്ലെന്ന നിശ്ചയദാർഢ്യത്തിലാണ്‌ കർഷകർ.

ഡിസംബർ 01: ബുറേവി ചുഴലിക്കാറ്റ്‌
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ്‌  ആശങ്കകൾക്കൊടുവിൽ അതിതീവ്ര ന്യൂനമർദമായി ശക്തികുറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top