20 April Saturday

സജ്ജരായ് കര്‍ഷകപ്രക്ഷോഭകര്‍

വെബ് ഡെസ്‌ക്‌Updated: Friday Feb 12, 2021


ന്യൂഡൽഹി
കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാർലമെന്റിൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഡൽഹി അതിർത്തിയിൽ ദീർഘകാല സമരത്തിന്‌ ഒരുങ്ങി കർഷകസംഘടനകൾ. മുഖ്യസമരകേന്ദ്രമായ സിൻഘു അതിർത്തിയിൽ വാർത്താവിനിമയ–-നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കി. സംഘപരിവാർ അനുകൂലികൾ പ്രശ്‌നങ്ങൾക്ക്‌ ശ്രമിക്കുന്നതിനാൽ 100 സിസിടിവി ക്യാമറ സ്ഥാപിക്കും. ഇവ നിരീക്ഷിക്കാന്‍ കൺട്രോൾ റൂം സ്ഥാപിക്കുമെന്നും സംയുക്ത കിസാൻമോർച്ച അറിയിച്ചു.

കേന്ദ്രസർക്കാരിന്റെ ഇന്റർനെറ്റ് വിച്ഛേദനനീക്കം നേരിടാന്‍ പ്രത്യേക ഒപ്‌റ്റിക്കൽ‌ ഫൈബർ ലൈൻ വലിച്ച്‌ സമരകേന്ദ്രത്തിൽ എപ്പോഴും വൈ–-ഫൈ സംവിധാനം ഉറപ്പുവരുത്തും. പട്രോളിങ്ങിനും വാഹനഗതാഗതം നിയന്ത്രിക്കുന്നതിനും രാത്രി കാവലിനുമായി 600 പേരടങ്ങുന്ന വളന്റിയർ സംഘത്തെ സജ്ജമാക്കി. ഇവർക്ക്‌ പച്ച ജാക്കറ്റും തിരിച്ചറിയൽ കാർഡും നൽകും. ഓരോ 700–-800 മീറ്റർ ദൂരത്തിലും കൂറ്റൻ എൽസിഡി സ്‌ക്രീന്‍ സ്ഥാപിക്കും. സിൻഘുവിൽ നിലവിൽ 10 കിലോമീറ്റർ ദൂരത്തിലാണ്‌ സമരകേന്ദ്രം. ആംബുലൻസ്‌ സൗകര്യവും ഒരുക്കും.

കർഷകർക്ക്‌ പിന്തുണയുമായി ഹരിയാന, യുപി, രാജസ്ഥാൻ സംസ്ഥാനങ്ങൾക്ക്‌ പുറമെ പഞ്ചാബിലും മഹാപഞ്ചായത്തുകൾക്ക്‌ തുടക്കമായി. പഞ്ചാബിലെ ജഗ്‌രാവിൽ വ്യാഴാഴ്‌ച ചേർന്ന മഹാപഞ്ചായത്തിൽ മുപ്പതിനായിരത്തോളം കർഷകർ പങ്കെടുത്തു. കിസാൻമോർച്ച നേതാവ്‌ ബൽബീർ സിങ്‌ രജേവാൾ അടക്കമുള്ളവർ സംസാരിച്ചു.

ടോൾ പിരിവ് നഷ്ടം 
1.8 കോടിയെന്ന് കേന്ദ്രം
കർഷകസമരത്തിന്റെ ഭാഗമായി പല സംസ്ഥാനങ്ങളിലും ദേശീയപാതകളിലെ ടോൾ പിരിവ്‌ കർഷകസംഘടനകൾ അവസാനിപ്പിച്ചതിനെ തുടർന്ന്‌ പ്രതിദിനം 1.8 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്ന്‌ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പാർലമെന്റിനെ അറിയിച്ചു. പഞ്ചാബ്‌, ഹരിയാന, ഡൽഹി–- എൻസിആർ എന്നിവിടങ്ങളിലായി നിലവിൽ ഒരു ടോൾ പ്ലാസയിലും പിരിവ്‌ നടക്കുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top