29 September Friday

സ്വാതന്ത്ര്യവും വെല്ലുവിളികളും

സച്ചിദാനന്ദൻUpdated: Sunday Aug 14, 2022

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന ഈ വേള, ഇന്ത്യൻ ജനതയെ സംബന്ധിച്ചിടത്തോളം ആത്മപരിശോധനയുടെകൂടി മുഹൂർത്തമാകേണ്ടതാണ്. സ്വാതന്ത്ര്യം, ജനാധിപത്യം എന്നിവ ഇനിയും പൂർത്തിയാകാത്ത പ്രക്രിയകളാണ്‌. അതുകൊണ്ടുതന്നെ അവ നമ്മുടെ നിരന്തരമായ ജാഗ്രതയും പൂർണമാക്കാനുള്ള പ്രവർത്തനവും ആവശ്യപ്പെടുന്നു. ഇന്ന് എന്താണ് ഇന്ത്യൻ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അവസ്ഥ?.

സമഗ്രാധിപത്യത്തിന്റെ സൂചിക

ഈസോപ്പു കഥകളിൽ കുതിരയുടെയും മാനിന്റെയും കഥയുണ്ട്. വഴക്കിട്ടപ്പോൾ, കുതിര മാനിനെ കീഴ്പ്പെടുത്താൻ നായാട്ടുകാരനോട് സഹായം ചോദിച്ചു. കുതിര ജീനിയും കടിഞ്ഞാണും അണിയാൻ സമ്മതിച്ചാൽ താൻ മാനിനെ പിടികൂടാം എന്നു നായാട്ടുകാരൻ പറഞ്ഞു. അയാൾ മാനിനെ കീഴ്പ്പെടുത്തിക്കഴിഞ്ഞപ്പോൾ കുതിര അയാളോട് പറഞ്ഞു: “ഇനി ഇതെല്ലാം അഴിച്ചു മാറ്റൂ”. നായാട്ടുകാരൻ പറഞ്ഞു: “ അങ്ങനെ തിരക്ക് കൂട്ടിയാലോ? അവ അവിടെത്തന്നെ ഇരിക്കട്ടെ.”

സ്‌റ്റീഫൻ ലെവിറ്റ്സ്കി, ഡാനിയേൽ സിബ്ലാറ്റ് എന്നീ രാഷ്ട്രീയചിന്തകർ ഈയിടെ പ്രസിദ്ധീകരിച്ച ‘ജനാധിപത്യവ്യവസ്ഥകൾ എങ്ങനെ മരിക്കുന്നു’ ( How Democracies Die) എന്ന പുസ്തകം ആരംഭിക്കുന്നത് ഈ കഥയുമായാണ്. ഇറ്റലിയിൽ മുസ്സോളിനി അധികാരത്തിൽ എത്തിയതിന്റെ ചരിത്രം പറയുമ്പോഴാണ് ഈ കഥ. ഭീകരവാദികളെ അമർച്ച ചെയ്യാൻ എത്തിയ ആൾ സ്വയം ഭീകരവാദിയും ജനപീഡകനുമായ കഥ. വലതുപക്ഷത്തെയും ഇടതുപക്ഷത്തെയും ഒതുക്കാനാണ് ജർമനിയിൽ ഹിറ്റ്‌ലറെ ചാൻസലർ ആക്കിയത്. രണ്ടു മാസം കഴിഞ്ഞാൽ അയാളെ താഴെയിറക്കാം എന്നായിരുന്നു ഭരണവർഗത്തിന്റെ കണക്കുകൂട്ടൽ. പക്ഷേ, യുദ്ധത്തിന്റെ അവസാനം ആത്മഹത്യ ചെയ്യുംവരെ അയാൾ ജർമനി ഭരിച്ചു. ഹുവാൻ ല്യൂസ് പറയുംപോലെ ( The Breakdown of Democratic Regimes) രാഷ്ട്രീയ നേതാക്കളുടെ പെരുമാറ്റം എങ്ങനെ സമഗ്രാധിപത്യത്തിന്റെ സൂചികയാകുന്നു എന്ന് തിരിച്ചറിയാൻ ഭരണകർത്താക്കളെക്കുറിച്ച് ചില ചോദ്യങ്ങൾ സ്വയം ചോദിച്ചാൽ മതി. അവർ ജനാധിപത്യത്തിന്റെ കളിനിയമങ്ങൾ വാക്കിലോ പ്രവൃത്തിയിലോ ലംഘിക്കുന്നുണ്ടോ, ഹിംസ അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടോ, വിമർശകരുടെയും മാധ്യമങ്ങളുടെയും സ്വാതന്ത്ര്യങ്ങൾക്കു കടിഞ്ഞാണിടുന്നുണ്ടോ, പ്രതിപക്ഷത്തോട് പ്രതികാരബുദ്ധിയോടെ പെരുമാറുന്നുണ്ടോ, ചില ജനവിഭാഗങ്ങളെ അന്യരോ വിദേശികളോ ദേശദ്രോഹികളോ ആയി കാണുന്നുണ്ടോ ? ഉണ്ട് എന്നാണ്‌ ഉത്തരങ്ങളെങ്കിൽ ഉറപ്പിച്ചുകൊള്ളുക, അവർ സമഗ്രാധിപത്യത്തിന്റെയും ഫാസിസത്തിന്റെയും വഴിയിലാണ്. നാസി ജർമനി സന്ദർശിച്ചു വന്ന ഒരാളോട് അവിടെ ആരാണ് ഭരിക്കുന്നത്‌ എന്ന് നാട്ടുകാർ ചോദിച്ചപ്പോൾ “ഭയം” എന്ന് സഞ്ചാരി മറുപടി പറഞ്ഞതായി ജർമൻ എഴുത്തുകാരനും മാർക്സിസ്റ്റ് ചിന്തകനുമായ ബെർതോൾഡ്‌ ബ്രെഹ്‌ത്‌ രേഖപ്പെടുത്തുന്നുണ്ട്. ഇന്ന് ഇന്ത്യയിലെ സ്ഥിതി വ്യത്യസ്തമാണോ?

ബഹുസ്വരതയുടെ നിരാസം

അന്ധമായ പാരമ്പര്യാരാധന, യുക്തിയുടെയും സ്വതന്ത്രചിന്തയുടെയും നിരാസം, സംസ്കാരത്തെയും കലയെയും ധൈഷണികപ്രവർത്തനങ്ങളെയും കുറിച്ചുള്ള ഭയം കലർന്ന സംശയം, വിയോജിപ്പുകളെ വിശ്വാസവഞ്ചനയായി കാണുന്ന സമീപനം, നാനാത്വത്തിന്റെ നിരാസം, ജനങ്ങളെ വഞ്ചിക്കുന്ന പൊള്ളയായ പ്രഭാഷണം, ദേശത്തിന്റെ നിഷേധാത്മകമായ നിർവചനം, ചില ‘അപരരെ’ സൃഷ്ടിച്ചു എല്ലാ കുഴപ്പത്തിനും അവരാണ് കാരണം എന്ന ആരോപണം, വീരാരാധന, ആൺകോയ്മ, തങ്ങളാണ് ജനങ്ങൾ എന്ന രീതിയിലുള്ള പ്രവർത്തനം, ദുർബലരോടുള്ള അവജ്ഞ, ചരിത്രം തങ്ങൾക്ക്‌ അനുകൂലമായി തിരുത്തി എഴുതൽ–-എല്ലാത്തരം ഫാസിസങ്ങളുടെയും അടിസ്ഥാന സ്വഭാവങ്ങളായി ഉംബെർട്ടോ ഇക്കോ ചൂണ്ടിക്കാണിച്ച ഈ പ്രവണതകളെല്ലാം ഇന്നത്തെ ഇന്ത്യൻഭരണാധിപരും അവരെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന, പല പേരുകളിൽ, പല സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന അർധസൈനികസംഘങ്ങളും പ്രദർശിപ്പിക്കുന്നു. ‘മതേതരത്വം’ എന്ന സുപ്രധാനമായ അടിസ്ഥാനതത്വം ഒഴിവാക്കി ഭരണഘടനയെക്കുറിച്ചു പരസ്യം ചെയ്യാൻ ധൈര്യപ്പെടുന്ന, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും അത് ആര്യവംശത്തിന്റെ നാടാണെന്നും ഒരു ചരിത്രാന്വേഷണവും കൂടാതെ സൂചിപ്പിക്കുന്ന ഒരു സർക്കാരാണ് നമ്മെ ഭരിക്കുന്നത്‌.

വികേന്ദ്രീകൃത അടിയന്തരാവസ്ഥ

നാം നമുക്കു നൽകിയ ഭരണഘടനയിലെ സ്വയംനിർവചനത്തിന്റെ എല്ലാ സ്വഭാവവിശേഷങ്ങളും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ്‌ കടന്നുപോകുന്നത്. ഒരു പരമാധികാര, മതേതര , ജനാധിപത്യ, സമത്വോന്മുഖ, റിപ്പബ്ലിക്‌ എന്ന നമ്മുടെ പ്രഖ്യാപിത ലക്ഷ്യത്തിൽനിന്ന് തീർത്തും അകന്ന് ഒരു പരാശ്രിത, മതാധിഷ്ഠിത, ഫാസിസോന്മുഖ, കോർപറേറ്റ്-അനുകൂല, ദേശരാഷ്ട്രമായി ഇന്ത്യ മാറി. അടിയന്തരാവസ്ഥ ഭരണഘടന ഉപയോഗിച്ച് ജനാധിപത്യത്തെ നിശ്ശബ്ദമാക്കാൻ ശ്രമിച്ചുവെങ്കിൽ, ഇന്നത്തെ ‘ വികേന്ദ്രീകൃത അടിയന്തരാവസ്ഥ’ ജനാധിപത്യം നൽകിയ അധികാരം ഉപയോഗിച്ച് ഭരണഘടനയെ നിർവീര്യമാക്കാൻ ശ്രമിക്കുന്നു. പൗരാവകാശങ്ങളെ ഭയപ്പെടുന്ന, ഒരു ഭരണകൂടം ജനാധിപത്യ ഭരണകൂടം ആണെന്ന്‌ കരുതുക ബുദ്ധിമുട്ടാണ്.

എട്ടുവർഷത്തെ കണക്കെടുക്കുമ്പോൾ

പ്രിൻസ്ട്ടണിലെ ജാൻ വെർണർ മുള്ളർ ഈ പ്രവണതയെക്കുറിച്ച്‌ സമീപകാലത്ത്‌ ഒരു പഠനം നടത്തിയിട്ടുണ്ട്. ‘ജനങ്ങൾ ‘ എന്ന സംജ്ഞ സ്വന്തം ആളുകൾ എന്ന അർഥത്തിൽ മാത്രം ഉപയോഗിക്കുക, വൈവിധ്യത്തെ ഭയപ്പെടുക, ബുദ്ധിജീവികളെ സംശയിക്കുക, നേരായാലും നുണയായാലും പ്രചാരണായുധമാക്കി താൻ സാമാന്യജനതയുടെ പ്രതിനിധിയാണെന്നു വരുത്തുക, അധികാരത്തിൽ ഇരിക്കുമ്പോൾപോലും താൻ ( തങ്ങൾ) ഒരു ഇരയാണെന്നു (ഇരകളാണെന്നു) ഭാവിക്കുക, മഹാഭൂരിപക്ഷം ആയിരിക്കുമ്പോഴും തങ്ങൾ അടിച്ചമർത്തപ്പെടുന്ന ന്യൂനപക്ഷമാണെന്ന്‌ ഭാവിക്കുക, ഒരൊറ്റയാളെ മാത്രം നേതാവായി എടുത്തു കാട്ടുക, ജനങ്ങൾക്കോ വിമർശകർക്കോ സംസാരിക്കാൻ അവസരം നൽകാതെ എല്ലായ്‌പ്പോഴും ഏകപക്ഷീയമായി സംസാരിച്ചുകൊണ്ടിരിക്കുക, നയപരമായ വെല്ലുവിളികളെ ലളിതവൽക്കരിക്കുക, ഗൂഢാലോചനാസിദ്ധാന്തങ്ങളിൽ വിശ്വസിക്കുക, ഭരണകൂടത്തിലും പൊതുസ്ഥാപനങ്ങളിലും അധിനിവേശം നടത്തുക, ജനങ്ങളെ എല്ലായ്‌പ്പോ ഴും അപേക്ഷകരാക്കുന്ന തരത്തിലുള്ള ആശ്രിതത്വം വളർത്തുക, പൗരസമൂഹത്തിലെ പ്രതിഷേധങ്ങളെയും പ്രതിപക്ഷസ്ഥാപനങ്ങളെയും നിർവീര്യമാക്കുക, സ്വകാര്യജീവിതം അസാധ്യമാക്കുംവിധം നിരീക്ഷണം ശക്തമാക്കുക, യുദ്ധാവസ്ഥ സൃഷ്ടിക്കുക, ദേശത്തെ സങ്കുചിതമായി നിർവചിച്ച്‌ ഒരു വിഭാഗത്തെ ദേശദ്രോഹികളായി കാണിക്കുക, ഇവയെല്ലാം ഈ പ്രവണതയുടെ ലക്ഷണങ്ങളാണ്. എട്ടു വർഷത്തെ എൻഡിഎ ഭരണത്തിന്റെ കണക്കെടുക്കുമ്പോൾ നാം കാണുന്നത് ഹിന്ദുത്വസാംസ്കാരിക അജൻഡയുടെയും കുത്തകമുതലാളിത്ത സാമ്പത്തിക അജൻഡയുടെയും വിചിത്രവും വികൃതവുമായ സമന്വയമാണ്. 

ഭരണകൂടത്തിന്റെ ഇരകൾ

എന്നുമെന്നപോലെ ഈ സർവാധിപത്യസ്വഭാവമുള്ള ഭരണകൂടത്തിന്റെ ഇരകൾ ദരിദ്രർ, കർഷകർ, തൊഴിലാളികൾ, പല തരം ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, ദളിതർ, ആദിവാസികൾ, സ്വതന്ത്രചിന്തകർ, സമത്വവിശ്വാസികൾ, എഴുത്തുകാർ, കലാകാരന്മാർ എന്നിവർ തന്നെ. സാംസ്കാരിക- വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നൊന്നായി പിടിച്ചെടുത്ത്‌ സ്വന്തം പ്രചാരണായുധമാക്കുന്നു. പ്രതിപക്ഷങ്ങളും വിമർശകരും സ്വതന്ത്രചിന്തകരായ എഴുത്തുകാരും തടവറയ്ക്കും കൊലയ്ക്കുംവരെ വിധിക്കപ്പെടുകയോ വേട്ടയാടപ്പെടുകയോ ചെയ്യുന്നു. പല കോടതിവിധികളും ഭരണഘടനയെ സർക്കാരിനനുകൂലമായി ദുർവ്യാഖ്യാനം ചെയ്യുന്നു. ചരിത്രത്തിലെ പ്രതിനായകർ നായകരും നായകർ പ്രതിനായകരുമാക്കപ്പെടുന്നു. വർഗീയലഹളകൾ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നു. ശാസ്ത്രം മിത്തായും മിത്ത് ചരിത്രമായും മാറ്റപ്പെടുന്നു. വനനിയമം, പരിസ്ഥിതിനിയമം, വിവരാവകാശനിയമം, വിദ്യാഭ്യാസനയം, പൗരാവകാശനിയമം, കർഷകനിയമം, തൊഴിൽ നിയമം മുതലായവയിൽ വരുത്തിയ മാറ്റങ്ങൾ, 370–--ാം വകുപ്പിന്റെ റദ്ദാക്കൽ, വൈസ് ചാൻസലർ മുതൽ ജഡ്ജിമാരുടെവരെ നിയമനങ്ങളിലെ കൈകടത്തൽ, ഇഡി, സിബിഐ തുടങ്ങിയ ഏജൻസികളുടെ പക്ഷപാതപരമായ ദുരുപയോഗം, കോർപറേറ്റ് ഭീമന്മാരുടെ അനേകലക്ഷം കോടികളുടെ കടങ്ങൾ എഴുതിത്തള്ളാനായി ജനങ്ങളുടെ നികുതിപ്പണത്തിന്റെ ദുർവിനിയോഗം ഇവയെല്ലാം നമ്മുടെ ജനാധിപത്യത്തിന്റെ ദുരവസ്ഥയുടെ ചില സൂചികകൾ മാത്രമാണ്. 

അതിജീവനം മുഖ്യപ്രശ്നം

ജനാധിപത്യം ഏതെങ്കിലും വിഭാഗത്തെ സഹായിക്കാനുള്ള അധികാരരൂപമല്ല, ഭൂരിപക്ഷത്തിന്‌ ന്യൂനപക്ഷത്തെ അടിച്ചമർത്താനുള്ള അധികാരവുമല്ല. ശരിക്കും ന്യൂനപക്ഷത്തിന്റെ അവസ്ഥയാണ് ജനാധിപത്യത്തിന്റെ കണ്ണാടി. ഭരണകൂടം എന്ന നിലയിൽ അന്യവൽക്കൃതമായ അധികാരത്തെ ജനങ്ങൾ തിരിച്ചു പിടിക്കുന്നിടത്താണ് രാഷ്ട്രീയം ആരംഭിക്കുന്നത്. ഇത് ഗാന്ധിക്കും മാർക്സിനും അറിയാമായിരുന്നു. ഇന്നത്തെ രാഷ്ട്രീയസന്ദർഭം ആവശ്യപ്പെടുന്നത് പ്രതിപക്ഷങ്ങളുടെ മുഴുവൻ വിശാലമായ ഐക്യമാണ്. അവർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉള്ളപ്പോഴും പ്രധാന ശത്രു ആരെന്ന കാര്യത്തിൽ സംശയമുണ്ടാകാൻ ഇടയില്ല. സവർണ- പുരുഷമേധാവിത്വ- മുതലാളിത്ത മൂല്യങ്ങൾക്കു മേൽക്കൈയുള്ള, ഫാസിസ്റ്റ് പ്രവണതകളുള്ള, അസഹിഷ്ണുവായ ഇന്നത്തെ ഭരണവ്യവസ്ഥയല്ലാതെ മറ്റൊന്നുമല്ല അത്. പൗരാവകാശ ഭേദഗതിനിയമത്തിനും കാർഷികനിയമത്തിനും എതിരെയുണ്ടായ ചെറുത്തുനിൽപ്പുകളും ബിഹാറിലും മറ്റും നടക്കുന്ന തെറ്റു തിരുത്തൽ ശ്രമങ്ങളും പ്രത്യാശ നൽകുന്ന രാഷ്ട്രീയചലനങ്ങളാണ്. മുൻകൂട്ടുകെട്ടുപരീക്ഷണങ്ങളുടെ ജയങ്ങളിലും തോൽവികളിലുംനിന്ന് ശരിയായ പാഠങ്ങൾ ഉൾക്കൊള്ളുകയും, ബഹുകക്ഷിസമ്പ്രദായത്തിന്റെയും ഇന്ത്യൻ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെ തന്നെയും അതിജീവനത്തിന്റെ പ്രശ്നമായി വരുന്ന തെരഞ്ഞെടുപ്പിനെ മനസ്സിലാക്കുകയും ചെയ്യുമെങ്കിൽ അത്തരമൊരു കൂട്ടായ്മ അസാധ്യമാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top