23 April Tuesday

കോവിഡ് 19 : ചികിത്സയും മരുന്നുകളും

ഡോ. ബി പദ്‌മകുമാർUpdated: Thursday Jun 18, 2020


കോവിഡ്–-19 നെ ഫലപ്രദമായി നിയന്ത്രിക്കാൻ സാമൂഹ്യ അകലം പാലിക്കലും മാസ്ക് ധരിക്കുന്നതും കൈകഴുകുന്നതുമൊക്കെ ഒരു പരിധിവരെ സഹായിക്കുന്നുണ്ട്. എന്നാൽ, ശാശ്വതമായി കോവിഡിനെ മറികടക്കാൻ രണ്ടു മാർഗമേ നമ്മുടെ മുന്നിലുള്ളൂ. സാർസ് -- കോവ് 2 എന്ന പുതിയ കൊറോണ വൈറസിനെതിരെ ആന്റിവൈറൽ മരുന്നുകൾ കണ്ടെത്തുക, അല്ലെങ്കിൽ രോഗത്തിനെതിരായി ഒരു വാക്സിൻ വികസിപ്പിച്ചെടുക്കുക. സമീപഭാവിയിൽത്തന്നെ മരുന്നും വാക്‌സിനും വിപണിയിൽ എത്തിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ വൈദ്യശാസ്‌ത്രലോകം. നിലവിൽ രോഗ തീവ്രതയനുസരിച്ച് ചില പ്രാഥമിക നിരീക്ഷണങ്ങളുടെ വെളിച്ചത്തിൽ ഫലപ്രദമെന്നുകണ്ട മരുന്നുകളാണ് കോവിഡ് ബാധിച്ച രോഗികൾക്ക്‌ ഇപ്പോൾ  നൽകുന്നത്.

കോവിഡ് രോഗികൾ മൂന്ന് വിഭാഗം
രോഗതീവ്രതയനുസരിച്ച് കോവിഡ് രോഗികളെ മൂന്ന് വിഭാഗമായി തരം തിരിച്ചിട്ടുണ്ട്. രോഗചികിത്സ ഈ മൂന്ന് വിഭാഗത്തിനും വ്യത്യസ്തമാണ്. കാറ്റഗറി എ -- ചുമ, ജലദോഷം, മൂക്കൊലിപ്പ്, ചെറിയ തൊണ്ടവേദന, വയറിളക്കം എന്നീ രോഗലക്ഷണമുള്ളവർ. കാറ്റഗറി ബി -- പനി, തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ രോഗങ്ങൾ കൂടാതെ ജലദോഷ ലക്ഷണങ്ങളുള്ള 60 കഴിഞ്ഞവർ, ദീർഘകാല കരൾ, വൃക്ക, ശ്വാസകോശ രോഗങ്ങളുള്ളവർ, ഹൃദ്രോഗികൾ, പ്രമേഹമുള്ളവർ, അർബുദ രോഗികൾ, ഗർഭിണികൾ, എച്ച്‌ഐവി  ബാധിതർ തു‍ടങ്ങിയവരും കാറ്റഗറി ബി യാണ്.

കാറ്റഗറി സി -- കൂടുതൽ ഗുരുതരമായ രോഗലക്ഷണങ്ങൾ ഉള്ളവരെയാണ് കാറ്റഗറി സി യിൽപെടുത്തിയിരിക്കുന്നത്. കടുത്ത പനി, ശ്വാസംമുട്ടൽ, നെഞ്ചുവേദന,  അമിതമയക്കം, രക്തം ചുമച്ച് തുപ്പുക, അപസ്മാര ലക്ഷണങ്ങൾ തുടങ്ങിയവ ഉള്ളവർ കാറ്റഗറി സി യിൽപെടുന്നു. ഇൻഫ്ലുവൻസ ലക്ഷണങ്ങളുള്ള കുട്ടികളും ഈ വിഭാഗത്തിലാണ് പെടുക.

ചികിത്സ രോഗ തീവ്രതയനുസരിച്ച്
കാറ്റഗറി എയിൽപെടുന്നവർക്ക്‌ - രോഗലക്ഷണങ്ങൾ ലഘൂകരിക്കാനുള്ള ചികിത്സമാത്രം മതിയാകും. പാരസറ്റമോൾ, ആന്റിഹിസ്റ്റമിൻ മരുന്നുകൾ തുട‍ങ്ങിയവയാണ് സാധാരണയായി ഉപയോഗിക്കുന്നത്. മലേറിയയുടെ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്ന ക്ലോറോക്വിൻ, സന്ധിരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ, അസിത്രോമൈസിൻ ആന്റിബയോട്ടിക്, ആന്റിവൈറൽ മുരുന്നായ ഒസൾട്ടാമിവിർ തുടങ്ങിയവയാണ് കാറ്റഗറി ബിയിൽപെടുന്നവരുടെ ചികിത്സയ്‌ക്കായി സാധാരണയായി ഉപയോഗിക്കുന്നത്.

തീവ്ര പരിചരണം ആവശ്യമുള്ള കാറ്റഗറി സി -രോഗികൾക്ക്‌ ഹൈഡ്രോക്സി ക്ലോറോക്വിൻ, അസിത്രോമൈസിൻ ആന്റിവൈറൽ മരുന്നുകളായ ലോപിനാവിർ/ റീട്ടോനാവിർ തുടങ്ങിയവയാണ് നൽകുന്നത്.

മരുന്നുകളെ അറിയാം
ഹൈഡ്രോക്സി ക്ലോറോക്വിൻ -- മലേറിയയുടെയും സന്നിവാത രോഗത്തിന്റെയും ചികിത്സയ്ക്കുപയോഗിക്കുന്നു. കോവിഡിനു കാരണമായ വൈറസിന്റെ വളർച്ചയെ തടയാനുള്ള കഴിവുണ്ട്. ശരീരപ്രതിരോധവ്യവസ്ഥയുടെ അമിത പ്രതികരണത്തെയും തടയുന്നു. ഇവയ്ക്ക്‌ ചില പാർശ്വ ഫലങ്ങളുമുണ്ട്‌.  ഹൃദ്രോഗമുള്ളവർ, റെറ്റിനയ്ക്ക് തകരാറുള്ളവർ, അപസ്മാര രോഗികൾ തുടങ്ങിയവർക്ക് ഈ മരുന്ന്‌  നൽകാൻ പാടില്ല.

എയ്ഡ്സ് രോഗത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ആന്റിവൈറൽ സംയുക്ത മരുന്നാണ്‌ ലോപിനാവിർ/റിട്ടോനാവിർ. വൈറസിന്റെ പ്രോട്ടിയേസ് എൻസൈമിന്റെ പ്രവർത്തനത്തെ തടഞ്ഞുകൊണ്ടാണ് പ്രവർത്തിക്കുന്നത്. മറ്റ്‌ പല ആന്റിവൈറൽ മരുന്നുകളും കോവിഡിനെതിരായി പല രാജ്യങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ട്. ആശാവഹമായ ഫലങ്ങൾ തുടക്കത്തിൽ കാണുന്നുണ്ടങ്കിലും കൂടുതൽ തെളിവുകൾ ഇനിയും ലഭിക്കേണ്ടതായുണ്ട്. കോവിഡിനെ തടയാനുള്ള മരുന്നിനായും പ്രതിരോധ വാക്‌സിനായുമുള്ള ഗവേഷണങ്ങൾ പുരോഗമിക്കുമ്പോഴും നിലവിൽ ചികിത്സയ്‌ക്കായി ഉപയോഗിക്കുന്ന മരുന്നുകൾ തികഞ്ഞ ജാഗ്രതയോടെയാണ്‌ ആരോഗ്യ വിദഗ്‌ധർ ശുപാർശചെയ്യുന്നതും  ഉപയോഗപ്പെടുത്തുന്നതും. ഡോക്ടർമാരുടെ കൃത്യമായ നിർദേശമില്ലാതെ ഒരു മരുന്നും ഉപയോഗിക്കാൻ പാടില്ല.

(ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ്‌ മെഡിസിൻ വിഭാഗം പ്രൊഫസറാണ്‌ ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top