24 April Wednesday

ചന്ദ്രനിലേക്ക്‌ ഡമ്മികൾ

ദിലീപ്‌ മലയാലപ്പുഴUpdated: Sunday Nov 20, 2022

image credit nasa.gov.in


മൂന്ന്‌  മനുഷ്യഡമ്മികൾ ചന്ദ്രനിലേക്കുള്ള യാത്രയിലാണ്‌. കാംപോസ്‌,  ഹെൽഗ,  സെഹർ എന്നിവ പാതിദൂരം പിന്നിട്ടുകഴിഞ്ഞു.
രണ്ടു ദിവസത്തിനുള്ളിൽ അവ ചന്ദ്രന്റെ ആകർഷണവലയത്തിലാകും. തുടർന്ന്‌ ചന്ദ്രപഥത്തിൽ വലംവയ്‌ക്കും. പിന്നെ മടക്കയാത്രയും. ജീവനില്ലെങ്കിലും അത്യാധുനിക സെൻസറുകളുടെയും പരീക്ഷണ ഉപകരണങ്ങളുടെയും പിൻബലത്തിലാണ്‌ ‘മൂവരുടെയും’ യാത്ര. 50 വർഷത്തിനുശേഷം ആദ്യമായി മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്നതിനു മുന്നോടിയായുള്ള  ഡമ്മി പരീക്ഷണമാണ്‌ ആർട്ടിമസ്‌ 1 ദൗത്യം. ഒരു വനിതയടങ്ങുന്ന സംഘത്തെ  അടുത്തുതന്നെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറക്കുകയാണ്‌ നാസയുടെ ലക്ഷ്യം. ചന്ദ്രനിൽ ഇടത്താവളം,  അവിടെ ഗോളാന്തര യാത്രകൾക്കുള്ള വിക്ഷേപണകേന്ദ്രം,  ചൊവ്വയിലേക്കുള്ള  മനുഷ്യയാത്ര...  അവസാനിക്കുന്നില്ല, ശാസ്‌ത്രലോകത്തിന്റെ സ്വപ്‌നങ്ങൾ.

12 പേർക്കുശേഷം
പന്ത്രണ്ടുപേർ മാത്രമാണ്‌ ഇതുവരെ ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ളത്‌. 11 വർഷംനീണ്ട അപ്പോളോ ദൗത്യങ്ങളിലൂടെ ആയിരുന്നു ഇത്‌. ’61ൽ ആരംഭിച്ച ദൗത്യങ്ങൾ ഏറെ അപകടംപിടിച്ചവയും സങ്കീർണവുമായിരുന്നു. അപ്പോളോ നാലുമുതൽ 14 വരെയുള്ള ഈ ദൗത്യങ്ങളിൽ മറ്റ്‌ 12 പേർകൂടി ചന്ദ്രന്റെ അടുത്തുവരെ പോയി മടങ്ങിയവരായിരുന്നു. ഇവരിൽ ആറു പേർ ചന്ദ്രനിൽ ഇറങ്ങിയവർക്ക്‌ സഹായികളായി എത്തി എല്ലാം കണ്ടുകൊണ്ടിരുന്നവരും!. അപ്പോളോ 11 ആണ്‌ മനുഷ്യനുമായി ആദ്യം ചന്ദ്രനിൽ ഇറങ്ങിയ ദൗത്യം. 1969 ജൂലൈ 11നായിരുന്നു ഫ്‌ളോറിഡയിൽനിന്ന്‌ വിക്ഷേപണം. ഇന്ത്യൻ സമയം 21നു പുലർച്ചെ 1.45ന്‌  നീൽ ആംസ്‌ട്രോങ്‌ ചന്ദ്രപ്രതലത്തിൽ കാലുകുത്തി. തുടർന്ന്‌ എഡ്വിൻ ആൽഡ്രിനും. രണ്ടര മണിക്കൂറോളം അവിടെ ചെലവഴിച്ചശേഷമായിരുന്നു മടക്കം.  തുടർന്ന്‌ അപ്പോളോ 12ഉം 14ഉം 15ഉം 16ഉം ദൗത്യങ്ങളിലും മനുഷ്യൻ ചന്ദ്രനിൽ എത്തി. 1972 ഡിസംബറിൽ  നടന്ന അപ്പോളോ 17 ആയിരുന്നു ചന്ദ്രനിലേക്കുള്ള അവസാനത്തെ മനുഷ്യദൗത്യം. പിന്നീട്‌ മനുഷ്യനെ അയക്കാൻ മെനക്കെട്ടില്ലെങ്കിലും നിരവധി പേടകങ്ങൾ ചന്ദ്രനെപ്പറ്റി പഠിക്കാൻ അവിടെ എത്തി. ലാന്ററായും ഓർബിറ്ററായും. ചന്ദ്രനിൽ ജലസാന്നിധ്യമടക്കം കണ്ടെത്തിയ ഐഎസ്‌ആർഒയുടെ ചാന്ദ്രയാൻ 1 ദൗത്യവും ഇക്കൂട്ടത്തിലുണ്ട്‌. ചാന്ദ്രയാൻ 2 ഓർബിറ്ററും ഇപ്പോൾ അവിടെയുണ്ട്‌. ഇപ്പോഴും പല രാജ്യങ്ങളുടെയും ദൗത്യങ്ങൾ തുടരുകയുമാണ്‌. ഇതുവരെ കണ്ടെത്താത്ത മൂലകങ്ങളുടെ സാന്നിധ്യം ചന്ദ്രനിൽ സമീപകാലത്ത്‌ ചൈനീസ്‌ ദൗത്യങ്ങൾ സ്ഥിരീകരിച്ചിരുന്നു.  ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ  സമശീതോഷ്‌ണ മേഖലകൾ ഭാവിൽ മനുഷ്യവാസത്തിന്‌ ഉപയോഗപ്പെടുത്താൻ ആയേക്കുമെന്നും പഠനങ്ങൾ പറയുന്നു.




ഓറിയോണിന്റെ കുതിപ്പ്‌
ഫ്ളോറിഡയിലെ കെന്നഡി സ്‌പേയ്‌സ്‌ സെന്ററിൽനിന്ന്‌ കഴിഞ്ഞ ദിവസമായിരുന്നു ആർട്ടിമസ്‌ 1 ദൗത്യ വിക്ഷേപണം.  മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനും അവിടെ കോളനികളും മറ്റും സ്ഥാപിക്കുന്നതിനും  മുന്നോടിയായുള്ള പരീക്ഷണ പറക്കൽ. നാസയുടെ പടുകൂറ്റൻ റോക്കറ്റായ എസ്എൽഎസാ (സ്‌പെയ്‌സ്‌ ലോഞ്ച്‌ സിസ്റ്റം)യിരുന്നു  ചാന്ദ്രപേടകമായ ഒറിയോണുമായി കുതിച്ചത്‌. ചുഴലിക്കാറ്റും ഇന്ധനച്ചോർച്ചയുംമൂലം പലതവണ  മാറ്റിവച്ച വിക്ഷേപണമാണ്‌ ഇത്‌. 80,000 കിലോമീറ്റർ അപ്പുറത്തുനിന്ന്‌  ഭൂമിയുടെ മനോഹരമായ  ചിത്രം എടുത്തയച്ചതിനുശേഷമാണ്‌ ഒറിയോൺ പേടകം ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങിയത്‌. പിന്നീട്‌ ചന്ദ്രന്റെ വിദൂരദൃശ്യവും കൈമാറി. നാലു ലക്ഷം കിലോമീറ്റർ താണ്ടി 21ന്‌ ചന്ദ്രന്റെ ആകർഷണവലയത്തിൽ എത്തുമെന്നാണ്‌ ഇപ്പോഴത്തെ കണക്കുകൂട്ടൽ. തുടർന്ന്‌ ചന്ദ്രനെ വലംവയ്‌ക്കുന്ന ഒറിയോൺ, നിരീക്ഷണപഠനങ്ങൾ നടത്തും. 130 കിലോമീറ്റർവരെ അടുത്തെത്തും.  ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ സുരക്ഷിതമേഖലകളെപ്പറ്റി വിവരം ശേഖരിക്കും.  

സ്‌പെയ്‌സ്‌ സ്യൂട്ട്‌ അണിഞ്ഞ ഡമ്മികൾ
കാംപോസ്‌,  ഹെൽഗ,  സോഹാർ എന്നീ   മനുഷ്യഡമ്മികളാണ്‌ ഒറിയോൺ പേടകത്തിൽ ഗഹനചാരികൾക്ക്‌ പകരമുള്ളത്‌. അത്യാധുനിക സെൻസറുകളും പരീക്ഷണ ഉപകരണങ്ങളും  ഡമ്മികളിൽ ഘടിപ്പിച്ചിട്ടുണ്ട്‌. പുതുതായി രൂപകൽപ്പന ചെയ്‌ത ആധുനിക സ്‌പെയ്‌സ്‌ സ്യൂട്ടാണ്‌ ‘കമാൻഡർ’ കാംപോസ്‌ അണിഞ്ഞിരിക്കുന്നത്‌. രണ്ട്‌ റേഡിയേഷൻ സെൻസറുകൾ ഘടിപ്പിച്ചതാണിത്‌. മനുഷ്യന്റെ ചാന്ദ്രയാത്രയിലുള്ള സാങ്കേതികവും ജൈവപരവുമായ എല്ലാ പരിശോധനയും ഇതുവഴി സാധ്യമാക്കും. പേടകത്തിനുള്ളിലും പുറത്തുമുണ്ടാകുന്ന താപനിലയിലെ മാറ്റങ്ങളും മറ്റും അപ്പപ്പോൾ ലഭ്യമാക്കും. നാലുപേർക്ക്‌ യാത്ര ചെയ്യാനുള്ള സൗകര്യമാണ്‌ ഒറിയോണുള്ളത്‌. ഡിസംബർ ഒന്നിന്‌ മടക്കയാത്ര തുടങ്ങുന്ന ഒറിയോണിനെ 11ന്‌ നിയന്ത്രിച്ച്‌ ദക്ഷിണ പസഫിക്കിൽ ഇറക്കും. തുടർന്നും  പരീക്ഷണങ്ങളും പഠനങ്ങളും നടത്തിയശേഷമാകും മനുഷ്യനുമായുള്ള കുതിപ്പ്‌. ചാന്ദ്രയാത്രയ്‌ക്കായുള്ള ഗഹനചാരികളുടെ പരിശീലനം നാസ ആരംഭിച്ചുകഴിഞ്ഞു. നാലു പേരെയാണ്‌ അയക്കുക. 2024–-25ൽ മനുഷ്യദൗത്യം ലക്ഷ്യം കാണുമെന്നാണ്‌ പ്രതീക്ഷ. ചാന്ദ്രയാൻ 1ലെ പരീക്ഷണ ഉപകരണം (എംഐപി) ഇടിച്ചിറങ്ങിയ ഷക്കിൽട്ടൺ ഗർത്തമേഖലയാണ്‌ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്നതും കൗതുകകരമാണ്‌.

ഗോളാന്തര യാത്രകൾക്കുള്ള ഇടത്താവളമായി ചന്ദ്രനെ മാറ്റുകയെന്ന ആശയമാണ്‌ ശാസ്‌ത്രലോകത്തിനുള്ളത്‌. വിക്ഷേപണം, ഇന്ധനം നിറയ്‌ക്കൽ തുടങ്ങിയവയെല്ലാം അവിടെയാകും.  ചന്ദ്രന്റെ ഭ്രമണപഥത്തിൽ ബഹിരാകാശനിലയവും (ഗേറ്റ്‌വേ) ലക്ഷ്യമാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top