26 April Friday

ബ്രിട്ടീഷുകാരെ വിറകൊള്ളിച്ച നാവിക കലാപം

വെബ് ഡെസ്‌ക്‌Updated: Saturday Jul 30, 2022

മുംബൈയിലെ കപ്പലിലെ കൊടിമരത്തിൽ നിന്ന് യൂണിയൻ ജാക്ക്‌ പതാകകൾ താഴെയിറക്കി ത്രിവർണപതാക ഉയർത്തുന്ന നാവികർ

 1946 ഫെബ്രുവരി 18 
മുതൽ 23 വരെ 
ആറുദിവസം 
നീണ്ടുനിന്ന 
കലാപം ബ്രിട്ടീഷ് 
സാമ്രാജ്യത്വത്തെ ഞെട്ടിച്ചു. 
കമ്യൂണിസ്റ്റ് പാർടി 
മാത്രമാണ് സമരത്തെ 
പിന്തുണച്ചത്

ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഐതിഹാസിക സംഭവമാണ് റോയൽ ഇന്ത്യൻ നേവിയിലെ കലാപം. നാവികസേനയിലെ ബ്രിട്ടീഷുകാരായ മേധാവിമാരുടെ വിവേചനമാണ്‌ കലാപത്തിനു വഴിയൊരുക്കിയത്‌. രണ്ടാം ലോകയുദ്ധത്തിൽ ബ്രിട്ടനും സഖ്യശക്തികൾക്കുമായി പോരാടാൻ 25 ലക്ഷം ഇന്ത്യൻ സൈനികർ അണിനിരന്നു. നിരവധിപേർക്ക് ജീവൻ നഷ്ടമായി, ഗുരുതരപരിക്കേറ്റു. യുദ്ധാനന്തരം ഇവർക്ക്‌ അർഹമായ പരിഗണന നൽകാൻ  ബ്രിട്ടീഷ് അധികൃതർ തയ്യാറായില്ല. പകരം ലഭിച്ചത് പിരിച്ചുവിടലും വംശീയ വിവേചനവും വേതനനിഷേധവും. ജന്മനാട്ടിൽനിന്ന്‌ അകലെ സേവനം അനുഷ്ഠിച്ചവരെ കുടുംബത്തോടൊപ്പം ജീവിക്കാൻ അനുവദിച്ചില്ല. വർധിച്ചുവരുന്ന ജീവിതച്ചെലവുകൾക്ക്‌ അനുസരിച്ചുള്ള വേതന വർധന നൽകിയില്ല. കൂടാതെ, നാവികർക്ക്‌ നൽകിയിരുന്നത് മോശം ഭക്ഷണവുമായിരുന്നു. ഇതിനെതിരായ സംഘടിത ശബ്ദമാണ്‌ നാവിക കലാപം.

1946 ഫെബ്രുവരി 18ന് മുംബൈയിലെ എച്ച്എംഐഎസ് തൽവാർ എന്ന കപ്പലിലാണ് കലാപം ആരംഭിച്ചത്. ഫെബ്രുവരി 19ന് കേന്ദ്ര നാവിക സമരസമിതി രൂപീകരിച്ചു. മുംബൈയിൽ ആരംഭിച്ച കലാപം കറാച്ചി ഉൾപ്പെടെ പടിഞ്ഞാറൻ തീരത്തേക്കും കിഴക്കൻമേഖലയിലെ കൊൽക്കത്തയിലേക്കും ചെന്നൈയിലേക്കും വ്യാപിച്ചു. കൊച്ചിയും വിശാഖപട്ടണവും സമരത്തിൽ പങ്കുചേർന്നു. കപ്പലുകളിലെ കൊടിമരങ്ങളിൽ യൂണിയൻ ജാക്ക്‌ പതാകകൾ താഴെയിറക്കി. ത്രിവർണപതാക, ചന്ദ്രക്കല ചിഹ്നമാക്കിയ പച്ചപ്പതാക, അരിവാൾ ചുറ്റിക ആലേഖനംചെയ്ത ചുവപ്പുകൊടി എന്നിവ ഒരുമിച്ച്‌ കൊടിമരങ്ങളിൽ ഉയർത്തി. മുംബൈ നഗരത്തിൽ ഒരു ദിവസത്തെ ബന്ദാചരിച്ചു. നാവികർ സ്വയം ഇന്ത്യൻ നാഷണൽ നേവി എന്ന്‌ പേര്‌ മാറ്റി. ബ്രിട്ടീഷ് മേലുദ്യോസ്ഥരെ ഇടം കൈകൊണ്ട് സല്യൂട്ട് ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ അനുസരിക്കാൻ ഇന്ത്യക്കാരായ നാവികർ വിസമ്മതിച്ചു.

രണ്ടായിരത്തോളം നാവികരും എഴുപത്തെട്ടോളം കപ്പലുകളും ഒട്ടനവധി അനുബന്ധ സ്ഥാപനങ്ങളും സമരത്തിന്റെ ഭാഗമായി. നാവികർക്ക്‌ വൻ ജനപിന്തുണ ലഭിച്ചു. കലാപത്തിൽ ഇരുന്നൂറ്റമ്പതോളം പേർ കൊല്ലപ്പെട്ടു, ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. ഇരുപതിനായിരത്തോളം പേർക്കു ജോലി നഷ്ടപ്പെട്ടു. 1946 ഫെബ്രുവരി 18 മുതൽ 23 വരെ ആറുദിവസം നീണ്ടുനിന്ന കലാപം ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഞെട്ടിച്ചു. കമ്യൂണിസ്റ്റ് പാർടി മാത്രമാണ് സമരത്തെ പിന്തുണച്ചത്. കമ്യൂണിസ്റ്റ്‌ പാർടി നാവികർക്ക്‌ പൂർണപിന്തുണ നൽകി. നാവിക കലാപം കമ്യൂണിസ്റ്റ്‌ വിപ്ലവ പദ്ധതിയാണെന്ന ബ്രിട്ടീഷ്‌ പ്രചാരണം കോൺഗ്രസ്‌–- -ലീഗ് നേതാക്കൾ വിശ്വസിച്ചു.അതേസമയം കോൺഗ്രസിലെ അരുണ ആസിഫ്‌ അലി ഉൾപ്പെടെയുള്ള ചില നേതാക്കൾ പ്രക്ഷോഭകർക്കൊപ്പം നിന്നു.

സമരനേതാക്കളും സർദാർ പട്ടേലും തമ്മിലുള്ള ചർച്ചകളോടെ 1946 ഫെബ്രുവരി 22ന് കലാപം അവസാനിച്ചു. പക്ഷേ, പിന്നീട്‌ വ്യാപകമായി അറസ്റ്റുകൾ നടന്നു. പ്രക്ഷോഭത്തിൽ പങ്കാളികളായ സൈനികരെയെല്ലാം കോർട്ട്മാർഷലിനു വിധേയരാക്കി. അനേകം പേരെ പിരിച്ചുവിട്ടു.
പിരിച്ചുവിട്ട ഒരൊറ്റ സൈനികനെപ്പോലും സ്വാതന്ത്ര്യം ലഭിച്ചശേഷം ഇന്ത്യയുടെയോ പാകിസ്ഥാന്റെയോ സേനകളിലേക്ക്‌ തിരിച്ചെടുത്തില്ല. 1973ൽ മാത്രമാണ് സമരത്തിൽ പങ്കെടുത്തവരെ സ്വാതന്ത്ര്യസമരസേനാനികളായി അംഗീകരിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top