23 April Tuesday

അൽ അമീൻ: ചരിത്രത്തിലെ ചില നീക്കിയിരിപ്പുകൾ-അടിച്ചമർത്തലുകളെ നേരിട്ട്‌ ദേശീയബോധത്തിലുറച്ചുനിന്ന പത്രം

പി പി അബൂബക്കർUpdated: Thursday May 18, 2023

വിശ്വസ്‌തനെന്ന്‌ അർഥം വരുന്ന ഈ അറബിപ്പേര്‌  അബ്‌ദുറഹിമാൻ പത്രത്തിന്‌ നൽകിയത്‌ യാദൃച്ഛികമാവില്ല.  ജനങ്ങളിൽ ദേശീയബോധം വളർത്താനും അടിച്ചമർത്തലുകളെ നേരിട്ട്‌ ആത്മാഭിമാനം ഉണർത്താനും സംഭാവന നൽകിയ മലയാള പത്രങ്ങളിൽ മുൻനിരയിലാണ്‌ ‘അൽഅമീൻ’.
 

മുഹമ്മദ്‌ അബ്ദുറഹിമാൻ

മുഹമ്മദ്‌ അബ്ദുറഹിമാൻ

മലയാള പത്രപ്രവർത്തന ചരിത്രത്തിൽ കൊള്ളിയാൻപോലെ മിന്നിമറഞ്ഞുപോയ പത്രമാണ്‌ ‘അൽഅമീൻ’. ദേശീയ പ്രസ്‌ഥാനത്തോടൊപ്പംനിന്ന്‌ ബ്രിട്ടീഷ്‌ മേധാവിത്വത്തിനെതിരെ ‘മാതൃഭൂമി’യെപ്പോലെയോ അതിലേറെയോ തീവ്രമായ നിലപാടെടുത്ത പത്രമെന്നാണ്‌ ചരിത്രകാരന്മാർ ‘അൽഅമീനെ’ അടയാളപ്പെടുത്തിയത്‌. അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും തടവിൽ ലക്ഷ്യബോധമില്ലാതെ കഴിഞ്ഞിരുന്ന മുസ്ലിം ജനസാമാന്യത്തെ ദേശീയബോധത്തിലേക്ക്‌ കൊണ്ടുവരാൻ മുഹമ്മദ്‌ അബ്‌ദുറഹിമാൻ സ്ഥാപിക്കുകയും അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്‌ത പത്രമാണ്‌ ‘അൽഅമീൻ’. വിശ്വസ്‌തനെന്ന്‌ അർഥം വരുന്ന ഈ അറബിപ്പേര്‌  അബ്‌ദുറഹിമാൻ പത്രത്തിന്‌ നൽകിയത്‌ യാദൃച്ഛികമാവില്ല.

ദേശീയ പ്രസ്ഥാന കാലത്ത്‌ വിവിധ നിലകളിൽ  ജനങ്ങളിൽ ദേശീയബോധവും സ്വാതന്ത്ര്യവാഞ്ഛയും വളർത്താനും സാമൂഹ്യമായ അടിച്ചമർത്തലുകളെ നേരിട്ട്‌ അവരിൽ ആത്മാഭിമാനം ഉണർത്താനും സഹായിക്കുകയും ഭാഷയ്‌ക്കും സംസ്‌കാരത്തിനും എളിയ നിലയിലെങ്കിലും സംഭാവനകൾ നൽകുകയും ചെയ്‌ത മലയാള പത്രങ്ങളിൽ എന്തുകൊണ്ടും മുൻനിരയിലാണ്‌ മുഹമ്മദ്‌ അബ്‌ദുറഹിമാന്റെ ‘അൽഅമീൻ’. ഹ്രസ്വകാലമേ നിലനിൽക്കാൻ കഴിഞ്ഞുള്ളൂവെങ്കിലും ‘അൽഅമീൻ’ കേരളത്തിന്റെ രാഷ്‌ട്രീയ–സാമൂഹിക മണ്ഡലത്തിൽ വഹിച്ച പങ്കിനെക്കുറിച്ച്‌ ഗൗരവമായ വിശകലനം ആദ്യം നടത്തിയത്‌  ഇ എം എസ്‌ നമ്പൂതിരിപ്പാടായിരിക്കും. അദ്ദേഹത്തിന്റെ വാക്കുകൾ:

‘‘മാതൃഭൂമിയുടേതുപോലെയോ അതിലധികമോ പ്രാധാന്യമുള്ള മറ്റൊരു പത്രവും ഇക്കാലത്ത്‌ (1920–30 ) പുറപ്പെടുകയുണ്ടായി. 1924–ൽ തുടങ്ങിയ ‘അൽഅമീനാ’ണത്‌. അതിന്റെ സ്‌ഥാപകനും പത്രാധിപരും മാനേജരും എല്ലാമായിരുന്ന പരേതനായ മുഹമ്മദ്‌ അബ്‌ദുറഹിമാൻ ദേശീയ കേരളത്തിന്റെ സ്രഷ്‌ടാക്കളിൽ വളരെ പ്രധാനമായ സ്‌ഥാനം വഹിച്ച മഹാനായിരുന്നു. പരേതനായ ടി കെ മാധവൻ, കെ പി കേശവമേനോൻ, കെ കേളപ്പൻ മുതലായ എത്രയോ ചുരുക്കംപേർ മാത്രമേ ദേശീയ പ്രസ്‌ഥാനത്തിൽ മുഹമ്മദ്‌ അബ്‌ദുറഹിമാനോളം തങ്ങളുടെ വ്യക്തിമുദ്ര കുത്തിയിട്ടുള്ളു. എന്നാൽ അവർ പോലും തങ്ങളുടെ പ്രവർത്തനം തുടങ്ങിയതും നടത്തിയതും അദ്ദേഹത്തിനോളം കഠിനമായ പ്രതിബന്ധങ്ങളെ നേരിട്ടുകൊണ്ടല്ല.

എന്തുകൊണ്ടെന്നാൽ, 1921–ലെ ലഹളയുടെ ഫലമായി ഏറ്റവുമധികം കഷ്‌ടപ്പാടും മർദനവുമനുഭവിച്ച മാപ്പിള സമുദായത്തിന്റെ നിരാശയണദ്ദേഹത്തിനു നീക്കാനുണ്ടായിരുന്നത്‌; ആ സമുദായത്തിലെ യുവാക്കന്മാരെയും ബഹുജനങ്ങളെയുമാണ്‌ അദ്ദേഹത്തിന്‌ ദേശീയവാദികളാക്കാനുണ്ടായിരുന്നത്‌; ആ സമുദായത്തിലെ പ്രമാണികളുടെ പണപ്പെട്ടികളോടും പുരോഹിതന്മാർ പരത്തിവിടുന്ന അന്ധവിശ്വാസങ്ങളോടുമാണ്‌ അദ്ദേഹത്തിന്‌ പടവെട്ടാനുണ്ടായിരുന്നത്‌; ആ സമുദായത്തിലെ ബഹുജനങ്ങൾ വിവരമില്ലാത്തവരും അന്ധവിശ്വാസികളുമാണെങ്കിൽ അതിനുള്ള പരിഹാരം അവരെ ദേശീയസമരത്തിൽനിന്ന്‌ ഒഴിവാക്കുകയല്ല, ദേശീയസമരത്തിൽ തികച്ചും പങ്കുകൊള്ളിക്കുകയും അവരുടെ വിദ്യാഭ്യാസത്തിലും സാംസ്‌കാരിക വളർച്ചയിലും കൂടുതൽ ശ്രദ്ധിക്കുകയുമാണ്‌ വേണ്ടതെന്നാണ്‌ അദ്ദേഹത്തിന്‌ തന്റെ കോൺഗ്രസ്‌ സഹപ്രവർത്തകരെ ബോധ്യപ്പെടുത്താനുണ്ടായിരുന്നത്‌.

പഴയ അന്ധവിശ്വാസങ്ങളും അജ്‌ഞതയും നീക്കി നവീന വിദ്യാഭ്യാസവും നവീനാശയഗതികളും സ്വീകരിച്ച്‌, ദേശീയ പ്രസ്‌ഥാനത്തിൽ പങ്കുകൊള്ളുക മാത്രമാണ്‌ 1921–ലേതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള വഴിയെന്ന്‌ അദ്ദേഹത്തിന്‌ തന്റെ സമുദായത്തിലെ ബഹുജനങ്ങളോട്‌ പറയാനുണ്ടായിരുന്നു. 

ഈ കടമകളെല്ലാം ശരിയായി നിർവഹിച്ചുവെന്നതിന്‌ 1930 ലെ നിയമലംഘനത്തിൽ മുസ്‌ലിം യുവാക്കളെടുത്ത പങ്കും 1937 ൽ ഏറനാട്‌–വള്ളുവനാട്‌ നിയോജകമണ്ഡലത്തിൽ അദ്ദേഹത്തിനുകിട്ടിയ വോട്ടും സാക്ഷ്യം വഹിക്കുന്നുണ്ട്‌.  തന്റെ രണ്ട്‌ എതിരാളികൾക്ക്‌ കിട്ടിയതിനേക്കാൾ ആറായിരം വോട്ട്‌ അധികം അദ്ദേഹത്തിനു കിട്ടി. അങ്ങനെ മുസ്‌ലിം സമുദായത്തിൽ ദേശീയ ബോധവും നവീനാശയഗതികളും പരത്താനദ്ദേഹം ഉപയോഗിച്ച മൂർച്ചയേറിയ ആയുധം അൽഅമീനാണ്‌’’.
( ഇ എം എസ്‌, കേരളം മലയാളികളുടെ മാതൃഭൂമി, പുറം 285,286)

മുസ്ലിങ്ങളുടെ അവശതകൾ പരിഹരിക്കാനും അവരെ അജ്ഞതയിൽനിന്ന്‌ മോചിപ്പിച്ച്‌ ദേശീയബോധമുള്ളവരാക്കാനും ഒരു പത്രം തുടങ്ങുന്നതിനെപ്പറ്റി ബെല്ലാരി ജയിലിൽ കഴിയുമ്പോഴാണ്‌ (1923) അബ്‌ദുറഹിമാൻ ആലോചിക്കുന്നത്‌.

കൂടെ ജയിലിൽ കഴിയുന്ന ദേശീയവാദിയായ അസ്സൻകോയമുല്ലയുമായി അദ്ദേഹം ഇക്കാര്യം ചർച്ച ചെയ്‌തു.  ഇരുവരും ചേർന്നാണ്‌ തീരുമാനമെടുത്തത്‌. അവർ ജയിൽമോചിതരായശേഷം 1923 ഡിസംബറിൽ ഒരു കമ്പനി രജിസ്‌റ്റർ ചെയ്‌തു.  1924 ഒക്‌ടോബർ 12–ന്‌ നബിദിനത്തിൽ മഹാകവി വള്ളത്തോളിന്റെ ആശംസയോടെ അൽഅമീൻ പുറത്തുവന്നു. 

വള്ളത്തോൾ

വള്ളത്തോൾ

മാതൃഭൂമി പ്രവർത്തിക്കുന്നതിനടുത്ത്‌ കോർട്ട്‌ റോഡിലായിരുന്നു അൽഅമീൻ ആപ്പീസും പ്രസ്സും. തുടക്കത്തിൽ ആഴ്‌ചയിൽ മൂന്നു ദിവസമാണ്‌ പത്രം പ്രസിദ്ധപ്പെടുത്തിയിരുന്നത്‌–ഞായർ, ചൊവ്വ, വ്യാഴം.  പത്രം തുടങ്ങുന്നതുസംബന്ധിച്ച്‌ 1924 സപ്‌തംബർ 16 ന്‌ മാതൃഭൂമിയിൽ അബ്‌ദുറഹിമാൻ ഒരു പ്രസ്‌താവന കൊടുത്തിരുന്നു.

അതിൽ നിന്ന്‌:  ‘‘ഖിലാഫത്ത്‌, കോൺഗ്രസ്‌ സംബന്ധമായ വർത്തമാനങ്ങൾ എന്നിവ അറിയുന്നതിനും കാര്യങ്ങൾ ഗ്രഹിക്കുന്നതിനും ‘അൽഅമീൻ’ പ്രത്യേകം സഹായകരമായിത്തീരുന്നതാണ്‌.  മൗലാനാ മുഹമ്മദലി സാഹിബ്‌ തന്റെ ‘കോമ്രേഡി’ൽ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളും മറ്റും അമീനിൽ ഉണ്ടാകും. വ്യാഴാഴ്‌ച പ്രസിദ്ധം ചെയ്യുന്ന അമീനിൽ കൂടുതൽ വിഭവങ്ങളുണ്ടാകും.

രാജ്യകാര്യങ്ങളെപ്പറ്റിയോ മുസ്‌ലിം ലോകചരിത്രസംബന്ധമായോ ഹിന്ദു–മുസ്‌ലിം മൈത്രിക്കുതകുന്ന വിഷയങ്ങളെക്കുറിച്ചോ ലേഖനങ്ങൾ ഉണ്ടാകും.  ഇതിനുംപുറമെ, ലോക മഹാപുരുഷന്മാരുടെ ജീവചരിത്രങ്ങൾ, സ്‌ത്രീകൾ പ്രത്യേകം അറിയേണ്ട സംഗതികൾ, ചരിത്ര ലേഖനങ്ങൾ, ശാസ്‌ത്രവിഷയങ്ങൾ ഇവയെല്ലാം ഉണ്ടാകും. സമുദായപരിഷ്‌കരണത്തെയും രാഷ്‌ട്രീയ സ്വാതന്ത്ര്യസിദ്ധിയെയും പൊതുജനക്ഷേമത്തെയും ഉദ്ദേശിച്ചുനടത്തുന്ന അമീൻ കർഷകനും വ്യാപാരിക്കും സാധാരണക്കാരനും ഒരുപോലെ ഒഴിച്ചുകൂടാത്തതായിരിക്കും’’
(മുഹമ്മദ്‌ അബ്‌ദുറഹിമാൻ, എസ്‌ കെ പൊറ്റെക്കാട്ടും മറ്റു മൂന്നുപേരും, പുറം 141, 142, പബ്ലിക്‌ റിലേഷൻസ്‌ വകുപ്പ്‌ പ്രസിദ്ധീകരണം).

മാതൃഭൂമി പിറന്ന്‌ ഏകദേശം പത്തൊമ്പതുമാസംകഴിഞ്ഞ്‌ അൽഅമീൻ പുറത്തിറങ്ങുമ്പോൾ കോഴിക്കോട്ടുനിന്ന്‌ നാലു മലയാള പത്രങ്ങളേ ഉണ്ടായിരുന്നുള്ളൂ. മാതൃഭൂമി കൂടാതെ കേരള പത്രിക, കോഴിക്കോടൻ മനോരമ എന്നറിയപ്പെട്ട മനോരമ, കേരള സഞ്ചാരി, മിതവാദി എന്നിവ. ദേശീയ പ്രസ്‌ഥാനത്തിന്‌ അനുകൂലമായോ ബ്രിട്ടീഷ്‌ ഭരണാധികാരികൾക്ക്‌ എതിരായോ ഒരക്ഷരം പ്രസിദ്ധപ്പെടുത്താൻ മാതൃഭൂമി ഒഴികെയുള്ള പത്രങ്ങൾ ധൈര്യപ്പെടാതിരുന്ന കാലത്താണ്‌ ദേശീയവാദത്തിന്റെ ഉറച്ച ശബ്‌ദവുമായി ‘അൽഅമീൻ’ പുറപ്പെട്ടത്‌.

ഇന്ത്യ മുസ്ലിങ്ങളുടെയും നാടാണ്‌. ഇന്ത്യക്കാരുടെ പൊതുജീവിതത്തിൽനിന്ന്‌ വ്യത്യസ്‌തമായ ഒരു വീക്ഷണം മുസ്ലിങ്ങൾക്കുണ്ടാകരുത്‌. ദേശീയതയുടെ അവിഭാജ്യഘടകമായി അവർ നിലകൊള്ളണം– ഇതായിരുന്നു ‘അൽഅമീൻ’ നയം. 

ഇന്ത്യ മുസ്ലിങ്ങളുടെയും നാടാണ്‌. ഇന്ത്യക്കാരുടെ പൊതുജീവിതത്തിൽനിന്ന്‌ വ്യത്യസ്‌തമായ ഒരു വീക്ഷണം മുസ്ലിങ്ങൾക്കുണ്ടാകരുത്‌. ദേശീയതയുടെ അവിഭാജ്യഘടകമായി അവർ നിലകൊള്ളണം– ഇതായിരുന്നു ‘അൽഅമീൻ’ നയം.  മറ്റൊരു വിധത്തിൽ പറഞ്ഞാൽ മുസ്ലിം കാഴ്‌ചപ്പാടിലൂടെ ദേശീയത വികസിപ്പിച്ചെടുക്കുക എന്ന ധർമമാണ്‌ അമീൻ നിർവഹിച്ചുപോന്നത്‌. കടുത്ത ബ്രിട്ടീഷ്‌ വിരോധികളും ഉറച്ച ദേശസ്‌നേഹികളുമായ മാപ്പിളമാരെ മാറാവ്യാധികൾക്കും പ്രകൃതിയുടെ ക്രൂരതക്കും വലിച്ചെറിഞ്ഞുകൊടുത്ത്‌ നിർവീര്യമാക്കാനുള്ള ഹീനതന്ത്രമായിരുന്നു ഗവൺമെന്റിന്റെ ആൻഡമാൻ സ്‌കീം. അതിനെ നഖശിഖാന്തം വിമർശിക്കുന്ന മുഖലേഖനത്തോടെയാണ്‌ അൽഅമീൻ പുറത്തിറങ്ങിയത്‌.

മലബാർ കലാപവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ എടുത്ത കേസുകളിൽ പ്രതികളായ മുസ്ലിങ്ങളെ ആൻഡമാനിലേക്ക്‌ നാടുകടത്താനുള്ള തീരുമാനത്തിനെതിരെയായിരുന്നു ഈ മുഖപ്രസംഗം. മലബാർ ലഹളക്കാലത്ത്‌ അറസ്‌റ്റ്‌ ചെയ്യപ്പെട്ട പതിനാലായിരത്തിൽപ്പരം മാപ്പിളമാരെ ആൻഡമാൻ ദ്വീപിലേക്ക്‌ നാടുകടത്താനുള്ള പദ്ധതി 1924 ലാണ്‌ സർക്കാർ പ്രഖ്യാപിച്ചത്‌.

മലബാർ കലാപകാലത്തെ കാഴ്‌ച

മലബാർ കലാപകാലത്തെ കാഴ്‌ച

1921 ൽ ആറായിരത്തിൽപ്പരം മുസ്ലിങ്ങളെ അവിടേക്ക്‌ തള്ളിയിരുന്നു. അതിൽ വലിയൊരുഭാഗം മലമ്പനിക്കും മറ്റു മാറാരോഗങ്ങൾക്കും ഇരയായി മരണപ്പെട്ടു. മാപ്പിളമാരെ ആ നരകത്തിലേക്ക്‌ വലിച്ചെറിയാനുള്ള കരിനിയമത്തിനെതിരെ പ്രചാരണക്കൊടുങ്കാറ്റുതന്നെ അബ്‌ദുറഹിമാൻ അഴിച്ചുവിട്ടു.

ആ കരിനിയമം സർക്കാരിനെക്കൊണ്ട്‌ പിൻവലിപ്പിച്ച്‌ അടിയറവ്‌ പറയിപ്പിച്ചു. പത്രം എന്ന സമരായുധത്തിന്റെ അമേയമായ ശക്തിയെ ഈ കന്നിമുഖപ്രസംഗംകൊണ്ടുതന്നെ പത്രാധിപർ ജനങ്ങൾക്ക്‌ അനുഭവവേദ്യമാക്കി.
(ജി പ്രിയദർശനൻ, കേരള പത്രപ്രവർത്തനം സുവർണാധ്യായങ്ങൾ, പുറം 210)
ജിഹാദുൽ അക്‌ബർ (മഹത്തായ പുണ്യയുദ്ധം) എന്ന ശീർഷകത്തിൽ 1930 ജൂലൈ 6–ന്‌ ‘അൽഅമീൻ’ എഴുതിയ മുഖലേഖനം, വൈദേശിക മേധാവിത്വത്തിനെതിരെ പോരാടാൻ മുസ്ലിം ജനതയെ ഇളക്കിവിടുന്നതായിരുന്നു. അതിവിടെ ഉദ്ധരിക്കുന്നു.

ജിഹാദുൽ അക്‌ബർ

സ്വരാജ്യസ്‌നേഹം സത്യവിശ്വാസത്തിന്റെ അംശമാണെങ്കിൽ, സ്വാതന്ത്ര്യ സന്ദേശത്തെ പ്രകീർത്തനം ചെയ്യുന്ന ഒരു മതമാണ്‌ ഇസ്‌ലാം എങ്കിൽ, മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും മോക്ഷത്തിനുംവേണ്ടി സർവസ്വവും ബലികഴിച്ചുകൊണ്ട്‌ ദൈവമാർഗത്തിൽ ജീവത്യാഗം ചെയ്യേണ്ടത്‌ യഥാർത്ഥ മുസ്‌ലിങ്ങളുടെ കടമയത്രെ.

അടിമത്തത്തെയും അന്യായമായ കയ്യേറ്റത്തെയും അടക്കിയമർത്തി, സ്വേഛാപ്രഭുക്കളുടെ ദുരഹങ്കാര പ്രമത്തതയെ തട്ടിത്തകർത്ത്‌, ലോകത്തിന്റെ പുരോഗതിക്ക്‌ വിഘാതമായി നിലകൊണ്ടിരുന്ന സിംഹാസനങ്ങളെ അവയുടെ മഹിമപോലും നോക്കാതെ അടിച്ചുടച്ച്‌ ശാശ്വതമായ സമാധാനത്തെയും നിത്യമായ സൗഭാഗ്യത്തെയും ലോകത്ത്‌ നിലനിർത്തിയ പൗരാണിക മുസൽമാന്മാരുടെ അനന്തര സന്താനങ്ങൾ ജീവകാരുണ്യവും കണ്ണിൽച്ചോരയും കെട്ട വൈദേശിക ദുർഭൂതത്തിന്റെ മുമ്പിൽ ജീവനുള്ളിടത്തോളം കാലം തലകുനിക്കില്ലെന്നുള്ളതു തീർച്ചയാണ്‌.

നീതിയും ധർമ്മവും കൈവെടിഞ്ഞ ദുർഭരണമേധാവികളോട്‌ ധീരധീരം പൊരുതി സത്യത്തിന്‌ സാക്ഷ്യംവഹിച്ചുകൊണ്ട്‌ രക്തസാക്ഷികളായി വീരസ്വർഗ്ഗം പൂകിയ വീരയോദ്ധാക്കളുടെ പിൻഗാമികളാണ്‌ ഇന്നുള്ള മുസ്‌ലിങ്ങളെങ്കിൽ സ്വാതന്ത്ര്യത്തിനുവേണ്ടി സമാരംഭിച്ചിരിക്കുന്ന ഈ സമരാങ്കണത്തിൽ ഉറച്ച ചുമർ പോലെ അവർ അണിനിരന്നുനിൽക്കട്ടെ.  നിറച്ച പീരങ്കികൾക്കും ഉറയിൽനിന്നൂരിയ ഖഡ്‌ഗങ്ങൾക്കും നഗ്നമായ കഴുമരത്തിനും ഈ സ്വാതന്ത്ര്യസമരത്തെ ഹനിക്കുവാൻ സാധിക്കുകയില്ലെന്നുള്ളതിന്‌ ഷോലാപ്പൂരിലും പെഷവാറിലും ഒഴുകുന്ന ചുടുനിണം ഉദാഹരണമാകുന്നു.  ഇന്ത്യക്കും ഇസ്‌ലാമിനും വേണ്ടി ജീവത്യാഗം ചെയ്യുവാൻ കരുത്തുള്ള മുസ്‌ലിം യോദ്ധാക്കളുടെ സംഖ്യ വർധിച്ചുവരുന്നതും ഈ സഹനസമരത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്‌.( അൽഅമീൻ, 1930 ജൂലൈ 6, ഉദ്ധരണി ‘മുഹമ്മദ്‌ അബ്‌ദുറഹിമാൻ’ എന്ന ഗ്രന്ഥത്തിൽനിന്ന്‌)

മുസ്‌ലിങ്ങളെ ദേശീയ പ്രസ്‌ഥാനത്തിൽനിന്ന്‌ അകറ്റാൻ കോൺഗ്രസിൽ തന്നെയുള്ള ഒരു വിഭാഗം ശ്രമിക്കുമ്പോഴാണ്‌ സാമ്രാജ്യവിരോധികളായ മുസ്‌ലിങ്ങളുടെ രക്തം തിളപ്പിക്കുന്ന തരത്തിൽ ‘അൽഅമീൻ’ എഴുതിക്കൊണ്ടിരുന്നത്‌.  ഇത്‌ സ്വാഭാവികമായും ബ്രിട്ടീഷ്‌ അധികാരികളെ കുപിതരാക്കി. പിൽക്കാലത്ത്‌ പ്രഭാതത്തിനും ദേശാഭിമാനിക്കും നേരെ ഉണ്ടായ രീതിയിൽ അൽഅമീനെയും അടിച്ചമർത്താൻ നടപടി തുടങ്ങി.

1930 ജൂൺ 25 മുതൽ അൽഅമീൻ ദിനപത്രമായി ഇറങ്ങാൻ തുടങ്ങിയിരുന്നു.  അഞ്ചാറ്‌ വർഷംകൊണ്ട്‌ ദേശീയവാദികളായ മുസ്‌ലിങ്ങൾക്കിടയിൽ ‘അൽഅമീൻ’ വലിയ പ്രചാരം നേടി. പത്രങ്ങളെ ശ്വാസംമുട്ടിച്ചു നിശ്ചലമാക്കാൻ ബ്രിട്ടീഷ്‌ ഗവർമെണ്ട്‌ കൊണ്ടുവന്ന പത്രമാരണ നിയമം ‘അൽഅമീ’നെയും പിടികൂടി.  രണ്ടായിരം ഉറുപ്പിക ജാമ്യം കെട്ടിവയ്ക്കാൻ കൽപ്പന വന്നു. അനുസരിക്കാൻ അബ്‌ദുറഹിമാൻ കൂട്ടാക്കിയില്ല. പ്രസ്‌ സർക്കാർ പിടിച്ചെടുത്തു. ‘അൽഅമീൻ’ നിന്നു.  ‘‘പത്രമാരണ നിയമങ്ങളെ അണുപോലും കൂസാതെ നിയമലംഘനത്തിന്‌ നേതൃത്വവും പ്രചാരണവും നൽകിക്കൊണ്ടിരുന്ന ദേശീയ പത്രങ്ങളെ ശല്യപ്പെടുത്താൻ കിട്ടുന്ന ഒരവസരവും ഉദ്യോഗസ്‌ഥർ പാഴാക്കിയില്ല.  ‘അൽഅമീൻ’ അച്ചടിച്ചുകൊണ്ടിരുന്ന അച്ചുകൂടത്തെ  പ്രസ്‌ ഓർഡിനൻസ്‌ പ്രകാരം പിടിച്ചടക്കുകയാൽ പത്രത്തിന്റെ പ്രസിദ്ധീകരണം തന്നെ നിർത്തേണ്ടിവന്നു’’.
(മാതൃഭൂമി ചരിത്രം, ഒന്നാം വാള്യം).  

‘‘അൽഅമീന്‌ ഒരിക്കലും സ്‌ഥിരവും സ്വൈരവുമായ ജീവിതം ഉണ്ടായില്ല. ഗവർമെണ്ടിന്റെ ആക്രമണം നിമിത്തം പ്രസിദ്ധീകരണം പലപ്പോഴും നിർത്തിവെക്കേണ്ടിവന്നു. സുശക്തമായ ഡയറക്‌ടർ ബോർഡുണ്ടായിരുന്നെങ്കിലും തക്കസമയത്ത്‌ വേണ്ട സഹായം ലഭിക്കാത്തതിനാൽ പത്രാധിപരും എംഡിയുമായ അബ്‌ദുറഹിമാന്‌ ഏറെ ക്ലേശങ്ങൾ സഹിക്കേണ്ടിവന്നു.  ‘അൽഅമീൻ’ അധഃപതനത്തിന്‌ മറ്റൊരു കാരണം കൂടിയുണ്ട്‌.  പത്രപ്രവർത്തനത്തോടൊപ്പം രാഷ്‌ട്രീയ പ്രവർത്തന ഉത്തരവാദിത്തവും അബ്‌ദുറഹിമാനുണ്ടായിരുന്നു. എന്നാൽ, മാതൃഭൂമിയുടെ സ്‌ഥിതി അതായിരുന്നില്ല.  ഓരോന്നിനും വെവ്വേറെ ആളുകളുണ്ടായിരുന്നു.

‘അൽഅമീൻ’ ഒഴുക്കിനെതിരെ നീന്തി അധഃപതനത്തിന്റെ കൂപത്തിൽ ചെന്നുപെട്ടു. സമുദായത്തിന്റേയും പാർട്ടിയുടെയും ഭരണകൂടത്തിന്റേയും രൂക്ഷമായ എതിർപ്പിന്‌ അൽഅമീനെപ്പോലെ മാതൃഭൂമി ഇരയായില്ല. ഒഴുക്കിനനുകൂലമായി നീന്തിയതുകൊണ്ട്‌ ആപത്തിൽ അകപ്പെട്ടതുമില്ല’’.
(ഇ മൊയ്‌തുമൗലവി, പത്രപ്രവർത്തകരുടെ അനുഭവങ്ങൾ, ദേശാഭിമാനി വാരിക, 1973 ജൂലൈ)

ഹിന്ദുക്കളിലെന്നല്ല, അബ്‌ദുറഹിമാൻ നേതാവായ കോൺഗ്രസിൽപ്പോലും ഒരു വിഭാഗം അൽഅമീനെ ദേശീയ പത്രമായിട്ടല്ല, ഒരു മുസ്ലിം പത്രമായിട്ടാണ്‌ കണ്ടത്‌. മുസ്ലിങ്ങളിലെ യാഥാസ്‌ഥിതികന്മാരാകട്ടെ, പത്രത്തിന്റെ സമുദായ പരിഷ്‌കരണ പരിശ്രമങ്ങൾ കാരണം അതിനോട്‌ കടുത്ത ശത്രുത പുലർത്തി. സ്വസമുദായത്തിന്റെ കൂടി എതിർപ്പിനെ അബ്‌ദുറഹിമാന്‌ നേരിടേണ്ടി വന്നുവെന്ന്‌ സഹപ്രവർത്തകനായിരുന്ന ഇ മൊയ്‌തുമൗലവി പറഞ്ഞത്‌ അതുകൊണ്ടാണ്‌.

ഗവൺമെന്റ്‌ പിഴയിട്ടതിനെത്തുടർന്ന്‌  1930 ആഗസ്‌ത്‌ നാലിന്‌ നിർത്തിവയ്േക്കണ്ടിവന്ന പത്രം നവംബർ 20 ന്‌ വീണ്ടും തുടങ്ങിയെന്നാണ്‌ മുഹമ്മദ്‌ അബ്‌ദുറഹിമാന്റെ ജീവചരിത്രമെഴുതിയ എസ്‌ കെ പൊറ്റെക്കാട്ടും സഹപ്രവർത്തകരും രേഖപ്പെടുത്തിയത്‌. എന്നാൽ അധികകാലം തുടരാനായില്ല. നിയമലംഘന പ്രസ്‌ഥാനത്തിന്‌ ഊർജം പകരാനും വിദേശഭരണം കെട്ടുകെട്ടിക്കാനും ജനങ്ങളെ ആഹ്വാനം ചെയ്യുന്ന ‘കോൺഗ്രസും യുദ്ധവും’ എന്ന ഉജ്വലമായ മുഖപ്രസംഗത്തിന്റെ പേരിൽ 1939 സപ്‌തംബർ 29 ന്‌ ഗവൺമെന്റ്‌ പത്രം നിരോധിച്ചു. അബ്‌ദുറഹിമാനെ ജയിലിലടച്ചു. അഞ്ചുവർഷത്തെ ജയിൽവാസത്തിനുശേഷം അബ്‌ദുറഹിമാൻ കോഴിക്കോട്ട്‌ തിരിച്ചെത്തിയപ്പോൾ (1944) ദേശീയ മുസ്ലിങ്ങളുടെ ജീവനുപോലും രക്ഷയില്ലാത്ത അവസ്‌ഥയായിരുന്നു.

മുസ്ലിംലീഗിൽ ചേരാത്തവർ മുസ്ലിങ്ങളല്ല എന്ന ഫത്‌വ കൂടി പുറപ്പെടുവിച്ചുകഴിഞ്ഞിരുന്നു.  എങ്കിലും പത്രം പുനരാരംഭിക്കാനുള്ള ഉദ്ദേശ്യം അദ്ദേഹം വെളിപ്പെടുത്തി.  ലീഗുകാരല്ലാത്തവർ സഹായിക്കാൻ മുന്നോട്ടുവന്നു. അതിനിടെ കോർട്ട്‌ റോഡിലെ കെട്ടിടത്തിന്റെ വാടക ബാക്കിയായി. ഉടമ കേസ്‌ കൊടുത്ത്‌ അനുകൂല വിധി സമ്പാദിച്ചു.

‘അൽഅമീൻ’ പുനരാരംഭിക്കാനുള്ള അബ്‌ദുറഹിമാന്റെ ശ്രമങ്ങൾ സാമ്പത്തിക പ്രയാസം കാരണം വിജയിച്ചില്ല. ദേശസ്‌നേഹികളെയും ഉൽപ്പതിഷ്‌ണുക്കളെയുമെല്ലാം ദുഃഖത്തിലാഴ്‌ത്തി   1945 നവംബറിൽ അപ്രതീക്ഷിതമായി അബ്‌ദുറഹിമാൻ മരണപ്പെടുകയും ചെയ്‌തു.  എതിർപ്പുകൾ തെല്ലും കൂസാതെ  സ്വാതന്ത്ര്യത്തിനുവേണ്ടി ഇത്രയും നിർഭയമായി പോരാടിയ മറ്റൊരു പത്രം അക്കാലത്തുണ്ടായിരുന്നില്ല.

ഇന്ത്യയെ മതത്തിന്റെ അടിസ്‌ഥാനത്തിൽ വിഭജിക്കണമോ ഒന്നിച്ചുനിർത്തണമോ എന്ന ചർച്ച ദേശീയതലത്തിൽ നടക്കുന്നതിനിടയിൽ  മലപ്പുറം കോട്ടപ്പടിയിൽ അബ്‌ദുറഹിമാന്റെ ഒരു പ്രസംഗം കേട്ട അനുഭവം സിപിഐ എമ്മിന്റെ മുതിർന്ന നേതാവായ പാലോളി മുഹമ്മദുകുട്ടി ഈ ലേഖകനുമായി പങ്കുവച്ചിട്ടുണ്ട്‌:

പാലോളി മുഹമ്മദുകുട്ടി

പാലോളി മുഹമ്മദുകുട്ടി

‘‘സ്വാതന്ത്ര്യത്തിനുമുമ്പുള്ള മുസ്ലിം ലീഗ്‌ ഇന്നത്തെ ലീഗല്ല. അവർക്ക്‌ പാകിസ്‌ഥാൻ ഭക്തിയായിരുന്നുവെന്നുപറഞ്ഞാൽ അതിശയോക്തിയല്ല. സ്വാതന്ത്ര്യത്തിന്‌ തൊട്ടുമുമ്പ്‌, 1947 ജനുവരിയിലോ ഫെബ്രുവരിയിലോ കോട്ടപ്പടിയിൽ ലീഗിന്റെ പൊതുയോഗമുണ്ടായിരുന്നു.  സാധാരണ വലിയ പരിപാടിക്ക്‌ പരമാവധി ആയിരംപേരെയാണ്‌ അക്കാലത്ത്‌ കിട്ടുക. എന്നാൽ, ഈ യോഗത്തിൽ നാലായിരമോ അയ്യായിരമോ ആളുകൾ വന്നു. ഞാനും കേൾക്കാൻ പോയി. ഉച്ചഭാഷിണിയുള്ള യോഗമായിരുന്നു. അതുകൊണ്ടുള്ള കൗതുകം. കെ എം സീതിസാഹിബാണ്‌ പ്രസംഗിക്കുന്നത്‌.

കോൺഗ്രസുകാരനായി രാഷ്‌ട്രീയപ്രവർത്തനം തുടങ്ങിയ അദ്ദേഹം പിന്നീട്‌ ലീഗിലെത്തിയതാണ്‌.  ഇതാണ്‌ പ്രസംഗത്തിന്റെ ചുരുക്കം: ‘അഥവാ ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുകയാണെങ്കിൽ ഇവിടെ ഹിന്ദുക്കളുടെ ഭരണമായിരിക്കും. പിന്നെ മുസ്ലിങ്ങൾക്ക്‌ രക്ഷയുണ്ടാവില്ല. അതുകൊണ്ട്‌ ഇന്ത്യ വിഭജിക്കണം’  . പരസ്യമായി ഈ രീതിയിൽ ലീഗ്‌ പ്രസംഗിച്ചിരുന്നു എന്നു പറയുമ്പോൾ ഇന്ന്‌ പലരും വിശ്വസിക്കില്ല.  മുഹമ്മദ്‌ അബ്‌ദുറഹിമാൻ കോട്ടപ്പടിയിൽ തന്നെ യോഗം നടത്തി ഇതിന്‌ മറുപടി പറഞ്ഞു: ‘വിഭജനം ഒരിക്കലും മുസ്ലിങ്ങൾക്ക്‌ ഗുണമാകില്ല. ദുരിതം വരുത്തും. പാകിസ്‌ഥാൻ വന്നാൽ അവശേഷിക്കുന്നവർ ഇവിടെ രണ്ടാംതരം പൗരന്മായിരിക്കും’  . ഇന്നത്തെ സ്‌ഥിതിയിൽ അവർ നാലാംതരം പൗരന്മാരാണ്‌’’.(പാലോളി മുഹമ്മദുകുട്ടിയുമായി അഭിമുഖം, ഫെബ്രുവരി 13, 2022)

സ്വാതന്ത്ര്യം കിട്ടിയശേഷം അറുപതുകളുടെ ആദ്യം  ഇ മൊയ്‌തുമൗലവിയുടെ മകനും പ്രമുഖ കോൺഗ്രസ്‌ പ്രവർത്തകനുമായ വി സുബൈർ അൽഅമീൻ കോഴിക്കോട്ടുനിന്നുതന്നെ പുനരാരംഭിച്ചിരുന്നു. സായാഹ്ന പത്രമായി ഇറങ്ങിയ പുതിയ അൽഅമീന്‌ പക്ഷേ രാഷ്‌ട്രീയമോ സാമൂഹികമോ സാമുദായികമോ ആയ ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.  1989 വരെ പത്രം മുടങ്ങാതെ പോയി.  സാമ്പത്തിക പ്രയാസം കാരണം പിന്നീട്‌ തുടരാനായില്ല. അതിനുശേഷം മലപ്പുറത്തുനിന്ന്‌ സുബൈറിന്റെ നേതൃത്വത്തിൽ തന്നെ ചില സുഹൃത്തുക്കൾ ചേർന്ന്‌ നാലഞ്ചുവർഷം പത്രം നടത്തി.  അതും നിലച്ചു.

ഐക്യം

മുസ്ലിങ്ങളിൽ സ്വാതന്ത്ര്യബോധമുണർത്താനും അന്ധവിശ്വാസങ്ങളിൽനിന്ന്‌ മോചിപ്പിച്ച്‌ അവരെ നവീനാശയങ്ങളിലേക്ക്‌ കൊണ്ടുവരാനും മുഹമ്മദ്‌ അബ്‌ദുറഹിമാൻ സാഹിബും അൽഅമീനും പ്രവർത്തിച്ച കാലത്തുതന്നെ കൊടുങ്ങല്ലൂർ കേന്ദ്രമായി കെ എം സീതിസാഹിബിന്റെ നേതൃത്വത്തിൽ മറ്റൊരു വിഭാഗവും രംഗത്തുവന്നു.  മുസ്ലിം ഐക്യസംഘമെന്ന പേരിൽ രൂപംകൊണ്ട ഈ പ്രസ്‌ഥാനത്തിന്റെ ലക്ഷ്യവും മുസ്ലിങ്ങൾക്കിടയിലെ സാമൂഹ്യപരിഷ്‌കരണമായിരുന്നു.

അനാചാരങ്ങൾക്ക്‌ എതിരായും മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയും ഐക്യസംഘം പല പരിപാടികളും സംഘടിപ്പിച്ചു. മുഹമ്മദ്‌ അബ്‌ദുറഹിമാനും സഹപ്രവർത്തകനായ മൊയ്‌തുമൗലവിയും ഐക്യസംഘത്തിന്റെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായി. സംഘത്തിന്റെ ആശയങ്ങൾക്ക്‌ പ്രചാരണം നൽകാൻ ‘ മുസ്ലിം ഐക്യം’ എന്ന പേരിൽ ഒരു മാസികയും ആരംഭിച്ചു. പിന്നീട്‌ അതിന്റെ പേര്‌ ‘ഐക്യം’ എന്നാക്കി. സീതി സാഹിബായിരുന്നു പത്രാധിപർ. ഐക്യസംഘവുമായി അബ്‌ദുറഹിമാൻ സഹകരിച്ചുവെങ്കിലും അടിസ്‌ഥാനപരമായ ഒരു വിയോജിപ്പ്‌ അദ്ദേഹത്തിനുണ്ടായിരുന്നു. സാമൂഹിക വിഷയങ്ങളിൽ ഒതുങ്ങിനിൽക്കണമെന്നും രാഷ്‌ട്രീയ കാര്യങ്ങളിൽ ഇടപെടേണ്ടതില്ലെന്നുമായിരുന്നു ഐക്യസംഘത്തിന്റെ നിലപാട്‌. അതിനോട്‌ അബ്‌ദുറഹിമാന്‌ യോജിക്കാനായില്ല.  

സമുദായത്തിന്റെ അവശതകൾ പരിഹരിക്കാനുള്ള പരിശ്രമത്തിൽ ചില അബദ്ധങ്ങളും ഐക്യസംഘം പ്രവർത്തിച്ചുവെന്നാണ്‌ മൊയ്‌തുമൗലവി എഴുതിയത്‌. പാവപ്പെട്ടവരെ സഹായിക്കാൻ ഒരു ബാങ്ക്‌ തുടങ്ങി.  അബ്‌ദുറഹിമാൻ ഇതിനെ ശക്‌തിയായി എതിർത്തു.  മുസ്ലിം ബാങ്കിനെ എതിർത്തുകൊണ്ട്‌ ‘അൽഅമീ’നും രംഗത്തുവന്നു. അധികം കഴിയാതെ ബാങ്ക്‌ പ്രവർത്തനം നിലച്ചു. കാലക്രമേണ ഐക്യസംഘത്തിന്റെ പ്രവർത്തനവും ഇല്ലാതായി. 

‘ഐക്യം’ പത്രം 1930 ലെ നിയമലംഘന കാലത്തും ഇറങ്ങുന്നുണ്ടായിരുന്നു. കെ കെ മുഹമ്മദ്‌ഷാഫി പത്രാധിപരായിരിക്കെയാണ്‌ അത്‌ നിന്നുപോയത്‌. പ്രമുഖ കോൺഗ്രസ്‌ നേതാവായിരുന്ന സീതിസാഹിബ്‌ തലശേരിയിലേക്ക്‌ താമസം മാറ്റിയശേഷം അവിടെ നിന്ന്‌ ‘ചന്ദ്രിക’ എന്നൊരു പ്രസിദ്ധീകരണം ആരംഭിച്ചു. അന്ന്‌ മലബാറിൽ മുസ്ലിം ലീഗ്‌ പ്രവർത്തനം തുടങ്ങിയിട്ടില്ല. സീതിസാഹിബ്‌ കോൺഗ്രസ്‌ ആശയങ്ങളിൽനിന്ന്‌ അകന്നു.  അദ്ദേഹം മുസ്ലിം ലീഗിലേക്കു പോയി. ചന്ദ്രിക മുസ്ലിം ലീഗിന്റെ ജിഹ്വയായി. സീതിസാഹിബ്‌ പത്രം കോഴിക്കോട്ടേക്ക്‌ കൊണ്ടുവന്നു..

(ഇ മൊയ്‌തുമൗലവി, ‘പത്രപ്രവർത്തകരുടെ അനുഭവങ്ങൾ, ദേശാഭിമാനി വാരിക, 1973 ജൂലൈ)
‘ചിന്ത’ പ്രസിദ്ധീകരിക്കുന്ന ‘ദേശാഭിമാനി ചരിത്രം’ എന്ന ഗ്രന്ഥത്തിലെ ഒരു അധ്യായം

(ദേശാഭിമാനി വാരികയിൽ നിന്ന്)
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top