17 August Wednesday

തലകുനിക്കാൻ വഴിവെട്ടിയ ഭരണം

(തയ്യാറാക്കിയത്:റിസര്‍ച്ച് ഡെസ്ക്)Updated: Monday May 30, 2022


കഴിഞ്ഞ എട്ടുവർഷത്തെ തന്റെ ഭരണത്തിനിടെ രാജ്യത്തെ പൗരൻമാർക്ക്‌ തലകുനിക്കേണ്ടി വന്നിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം വെറും പൊള്ള. മോദി ഭരണത്തിൽ ഇന്ത്യ ലോകത്തിനു മുന്നിൽ നാണംകെട്ട, ഇന്ത്യയുടെ  ബഹുസ്വര സ്വഭാവം അട്ടിമറിച്ച സംഭവങ്ങൾ നിരവധിയാണ്‌.

കശ്‌മീരിന്റെ 
പ്രത്യേക പദവി 
റദ്ദാക്കി
ജമ്മുകശ്‌മീരിന്‌ ഭരണഘടനയുടെ 370–-ാം അനുച്ഛേദപ്രകാരം നൽകിയ പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കിയത്‌ പ്രതിപക്ഷ നേതാക്കളെയെല്ലാം തടവിലിട്ടുകൊണ്ട്‌. കശ്‌മീരിന്റെ സ്വത്വം ഇല്ലാതാക്കി ജമ്മുകശ്‌മീർ, ലഡാക്ക്‌ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിച്ചു.

പൗരത്വഭേദഗതി നിയമം
1955-ലെ പൗരത്വനിയമം ഭേദഗതി വരുത്തിയാണ്‌ മതം അടിസ്ഥാനമാക്കി നിയമംകൊണ്ടുവന്നത്‌. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31നു മുമ്പ്‌ ഇന്ത്യയിലെത്തിയ മുസ്ലിങ്ങൾ അല്ലാത്തവർക്ക്‌ പൗരത്വാവകാശം നൽകും. സിഎഎക്കെതിരെ രാജ്യത്താകമാനം പ്രക്ഷോഭം ആലയടിച്ചു. ഷഹീൻബാഗിൽ നടന്ന സമരം അന്തർദേശീയ ശ്രദ്ധനേടി. പ്രതിഷേധത്തെ തകർക്കാൻ വടക്കുകിഴക്കൻ ഡൽഹിയിൽ സംഘപരിവാർ നടപ്പാക്കിയ കലാപത്തിൽ 53 പേർ കൊല്ലപ്പെട്ടു.

കർഷക പ്രക്ഷോഭം
കേന്ദ്ര സർക്കാർ നടപ്പാക്കിയ മൂന്നു കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസിക പ്രക്ഷോഭത്തിനു മുന്നിൽ കേന്ദ്രത്തിന്‌ മുട്ടുമടക്കേണ്ടിവന്നു. രാജ്യന്തര തലത്തിലും മോദി സർക്കാർ വിമർശിക്കപ്പെട്ടു.

വർഗീയ 
സംഘർഷങ്ങളുടെ നാട്‌
രാജ്യം വീണ്ടും വ്യാപകമായി വർഗീയ സംഘർഷങ്ങൾക്കും ഹിന്ദുത്വ സംഘടനകളുടെ ആക്രമണങ്ങൾക്കും സാക്ഷിയാകുകയാണ്‌. ഏപ്രിലിൽ എട്ട്‌ സംസ്ഥാനത്തിൽ രാമനവമി, ഹനുമാൻ ജയന്തി എന്നീ ആഘോഷങ്ങളുടെ മറവിൽ വർഗീയ സംഘർഷങ്ങളുണ്ടായി. ക്ഷേത്രോത്സവങ്ങളിൽനിന്ന് മുസ്ലിം കച്ചവടക്കാരെ വിലക്കി. ഹിജാബ്‌ നിരോധിച്ചു. ബാങ്കുവിളി തടയാനായി ഹനുമാൻ ചാലിസയുമായി ഹിന്ദുത്വ സംഘടനകൾ രംഗത്തുവന്നു. ന്യൂനപക്ഷങ്ങൾ പാർക്കുന്ന മേഖലകൾ ഇടിച്ചുനിരപ്പാക്കുന്ന ബുൾഡോസർ രാജും വ്യാപകമായി. 

ക്രിസ്‌തുമത 
വിശ്വാസികളും 
ആക്രമിക്കപ്പെട്ടു
ക്രിസ്‌ത്യൻ പള്ളികൾക്ക് തീയിടൽ, ശാരീരിക, ലൈംഗികാതിക്രമങ്ങൾ, കൊലപാതകം, ക്രിസ്ത്യൻ സ്കൂളുകൾ, കോളേജുകൾ, സെമിത്തേരികൾ എന്നിവ നശിപ്പിക്കുക, പ്രാർഥന തടയുക തുടങ്ങി വിവിധ രീതിയിലുള്ള ആക്രമണങ്ങൾ ഹിന്ദുത്വ സംഘടനകൾ തുടരുന്നു.

പശുവിന്റെ പേരിൽ കൊല
മോദി അധികാരത്തിലേറിയശേഷം പശുവിന്റെ പേരിൽ മുസ്ലിങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. മോദി ഭരണത്തിൽ 70 ആക്രമണങ്ങളിൽ 43 മരണമുണ്ടായി.ആരാധനാലയങ്ങളെയും ലക്ഷ്യമിടുന്നു ബാബ്‌റി മസ്‌ജിദ്‌ തകർത്ത സംഘപരിവാർ താജ്‌മഹൽ, ജ്ഞാൻവാപി പള്ളി, ഷാഹി മസ്‌ജിദ്‌, ജാമിയ മസ്ജിദ്, കുത്തബ്‌ മിനാർ എന്നിവയിലും അവകാശവാദം ഉന്നയിച്ച്‌ സംഘർഷങ്ങൾ രൂക്ഷമാക്കി.


 

തലകുനിച്ച്‌ ഉന്നാവോ, കത്വ, ഹാഥ്‌രസ്
യുപിയിലെ ഉന്നാവോയിൽ പതിനേഴുകാരിയെ ബലാത്സംഗംചെയ്‌ത കേസിൽ ബിജെപി എംഎൽഎയായിരുന്ന കുൽദീപ്‌ സിങ്‌ സെൻഗാറിനെ രക്ഷിക്കാൻ നിരവധി ശ്രമം നടന്നു. അതിജിവിതയുടെ അച്ഛനെ കൊന്ന കേസിലും സെൻഗാർ അറസ്റ്റിലായി. ഹാഥ്‌രസിൽ കൂട്ടബലാത്സംഗത്തിന്‌ ഇരയായ ദളിത്‌ പെൺകുട്ടി കൊല്ലപ്പെട്ടു. പെൺകുട്ടിയുടെ മൃതദേഹം പാതിരാത്രി കുടുംബത്തിന്റെ അനുമതിയില്ലാതെ സംസ്‌കരിച്ചു.  കശ്‌മീരിലെ കത്വയിൽ ബകർവാൾ നാടോടി ഇടയ ഗോത്രത്തെ ഭയപ്പെടുത്തി ആട്ടിയോടിക്കാൻ എട്ടു വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി അമ്പലത്തിൽ തടവിൽവച്ചു കൂട്ടബലാത്സംഗംചെയ്ത് കൊലപ്പെടുത്തി.

ശക്തി ചോർന്ന്‌ 
ഇന്ത്യൻ പാസ്‌പോർട്ട്‌
2021ലെ ഹെൻലി പാസ്‌പോർട്ട്‌ സൂചികപ്രകാരം കഴിഞ്ഞതവണത്തെ റാങ്കിങ്ങിൽനിന്ന്‌ ഇന്ത്യ വീണ്ടും പിറകോട്ടുപോയി. 2020ലെ സൂചികയിൽ 84–-ാം സ്ഥാനത്തായിരുന്നത്‌ 90ലേക്ക്‌ വീണു. ബ്രിക്‌സ്‌ രാജ്യങ്ങളിൽ ഏറ്റവും പിന്നിലായി ഇന്ത്യ.

ദാരിദ്ര്യം വർധിച്ചു
ഇന്ത്യയിൽ ദാരിദ്ര്യനിർണയം ആരംഭിച്ചതിനുശേഷം ആദ്യമായാണ് വർധന. 1973 മുതൽ 2012 വരെ കുറഞ്ഞുവരികയായിരുന്നു. ഗ്രാമങ്ങളിൽ ദരിദ്രർ 2012ൽ 21.7 കോടിയായിരുന്നത്‌ 2019-–-20ൽ 27 കോടിയായും നഗരങ്ങളിലേത്‌ 7.1 കോടിയായും ഉയർന്നു. 2020–-21ൽ ആഗോള  ദാരിദ്ര്യത്തിന്റെ വർധനയിൽ ഇന്ത്യയുടെ സംഭാവന 57.3 ശതമാനം. ആഗോള വിശപ്പ് സൂചികയിൽ 94ൽ നിന്ന്‌ 101–--ാം സ്ഥാനത്തേക്കും കൂപ്പുകുത്തി.

അഞ്ചാമത്‌ ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം സ്‌ത്രീകളിലും  കുട്ടികളിലും പോഷകാഹാരക്കുറവ്‌, ശിശുമരണനിരക്ക്‌ എന്നിവയും മറ്റു സൂചകങ്ങളും ഭയാനകമാംവിധം വളർന്നു.  സുസ്ഥിരവികസന ലക്ഷ്യ ആഗോളസൂചികയിൽ ഇന്ത്യ റാങ്കിൽ താഴോട്ടുപോയി. സമ്പദ്‌ വ്യവസ്ഥ തളർന്നു. തൊഴിലില്ലായ്‌മ രൂക്ഷമായി.

പൊറുതിമുട്ടി ജനം; 
വാർഷികാഘോഷവുമായി കേന്ദ്രം
രാജ്യം രൂക്ഷമായ വിലക്കയറ്റം അടക്കമുള്ള പ്രശ്‌നത്താൽ പൊറുതിമുട്ടുമ്പോൾ കേന്ദ്ര ബിജെപി സർക്കാർ എട്ടാം വാർഷികം ആചരിക്കുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങളെ വർഗീയധ്രുവീകരണം നടത്തി തമസ്‌കരിക്കാനുള്ള നീക്കത്തിലാണ്‌ സർക്കാർ. വാർഷികാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. തിങ്കൾമുതൽ ജൂൺ 14 വരെ ജനസമ്പർക്ക പരിപാടി  സംഘടിപ്പിക്കും. ബൂത്തുതലംമുതൽ ദേശീയതലംവരെ നീളുന്ന 75 മണിക്കൂർ പരസ്യപ്രചാരണപരിപാടി സംഘടിപ്പിക്കും. കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും. പരസ്യപ്രചാരണത്തിലൂടെ മുഖം മിനുക്കാനുള്ള അവസരമാണ്‌ ലക്ഷ്യം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top