20 April Saturday

അരങ്ങിലെ ഹരിഹരൻ സിനിമയിലെ ഹരൻ

മോഹനൻ ചീക്കിലോട്‌Updated: Sunday Nov 15, 2020
സംസ്ഥാന സർക്കാരിന്റെ  ജെ സി ഡാനിയേൽ പുരസ്‌കാരത്തിനർഹനായ  ഹരിഹരൻ  ‌ സമ്പന്നമായ നാടകാനുഭവങ്ങളുടെ ഉടമയാണ്‌. കോഴിക്കോട്ടെ  നാടക പ്രവർത്തകരുമായുള്ള അടുപ്പം ഹരിഹരനിലെ കലാകാരനെ വളർത്തി. അരങ്ങാണ്‌ മികച്ച ഈ സംവിധായക പ്രതിഭയെ രൂപപ്പെടുത്തിയത്‌. ഹരിഹരൻ തന്റെ  നാടക, സിനിമാ ജീവിതത്തെക്കുറിച്ച് പറയുന്നു. ഒപ്പം നാൽപ്പത്‌ വർഷം മുമ്പ്‌ അന്തരിച്ച ജയനുമായുള്ള ബന്ധത്തെക്കുറിച്ചും
 
താമരശ്ശേരി ഹൈസ്‌കൂളിൽ പഠിക്കുന്ന കാലം. കെ ടി മുഹമ്മദാണ്‌   മാനസഗുരു. നാടകാവതരണത്തിന്‌ അനുമതി തേടി കെ ടിക്ക്‌ കത്തയക്കും. ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുന്ന കാലത്ത്‌ കോഴിക്കോട്‌ ആർഎം എസ്‌ ഓഫീസിലെ കെ ടിയുടെ ജോലിസ്ഥലത്തുചെന്നുകണ്ടു. കോഴിക്കോട്ടെ കലാകാരന്മാരുടെ സംഘത്തിലേക്കുള്ള  പ്രവേശം കൂടിയായിരുന്ന കെ ടിയുമായുള്ള കൂടിക്കാഴ്‌ചകൾ. കറവറ്റപശു, ചുവന്ന ഘടികാരം, താക്കോലുകൾ, ഉറങ്ങാൻ വൈകിയ രാത്രികൾ തുടങ്ങിയ കെ ടി നാടകങ്ങൾ അവതരിപ്പിക്കാൻ അവസരം കിട്ടിയത്‌ അങ്ങനെ. തിക്കോടിയൻ, കുഞ്ഞാണ്ടി, ബാലൻ കെ നായർ, കുതിരവട്ടം പപ്പു, ടി  ദാമോദരൻ, ആഹ്വാൻ സെബാസ്റ്റ്യൻ തുടങ്ങിയവരുമായുള്ള സൗഹൃദം പൂക്കുന്നതും അങ്ങനെ. പിന്നെ കെ ടിയുടെ വെള്ളപ്പൊക്കം എന്ന നാടകത്തിലും വാസു പ്രദീപിന്റെ നാടകങ്ങളിലും അഭിനയിക്കാൻ അവസരം ലഭിച്ചു.  ചിത്രകലയിൽ കമ്പം തലയ്‌ക്കുപിടിച്ച കാലത്തു തന്നെയാണ്‌ ജോർജ് അരങ്ങാശ്ശേരിയുടെ കലാമാല എന്ന സിനിമാ മാസികയിൽ നിരൂപണങ്ങൾ എഴുതാൻ തുടങ്ങിയത്‌.
 

കൊടുങ്ങല്ലൂർ നാടകാനുഭവം

 

താമസിയാതെ താമരശ്ശേരി സ്‌കൂളിൽ ചിത്രകലാ അധ്യാപകനായി പിഎസ്‌സി നിയമനം. മൂന്നു മാസം കഴിഞ്ഞ് കോഴിക്കോട് തളി സ്‌കൂളിലേക്ക് മാറ്റം.  കോഴിക്കോട് രാധ തിയറ്ററിനടുത്ത് ടൈലറിങ്‌ ഷോപ്പ് നടത്തിയിരുന്ന വി എം പുരുഷു  പരിചയക്കാരനായിരുന്നു. നടൻ ബഹദൂറിന്റെ നാടകങ്ങൾ വടക്കൻ ജില്ലകളിൽ  കളിക്കാനുള്ള ഏജൻസി നൽകിയിരുന്നത്  വി എം പുരുഷുവിനായിരുന്നു. ഒരു ദിവസം ടൈലറിങ്‌  ഷോപ്പിൽ എത്തിയപ്പോൾ നടൻ ബഹദൂർ ഉണ്ടായിരുന്നു. അഭിനയക്കമ്പത്തെക്കുറിച്ച് പുരുഷു ബഹദൂറിനോട് സൂചിപ്പിച്ചു. നാടകത്തിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ഇരിങ്ങാലക്കുടയിലേക്ക്‌ ചെല്ലാൻ ബഹദൂർ പറഞ്ഞു. അങ്ങനെ ബഹദൂറിന്റെ  കൊടുങ്ങല്ലൂർ നാഷണൽ തിയറ്റേഴ്സിന്റെ മാണിക്യക്കൊട്ടാരം, അടിയന്തരാവസ്ഥ, വല്ലാത്ത പഹയൻ തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു.
 

സിനിമയിലേക്ക്, മദിരാശിയിലേക്ക്‌‌

 

ഓടയിൽനിന്ന് സിനിമയുടെ അമ്പതാം ദിവസം ആഘോഷിക്കാൻ സംവിധായകൻ കെ എസ് സേതുമാധവൻ കോഴിക്കോട്ടെത്തി. കെ ടിയാണ്‌  സേതുമാധവനെ‌ പരിചയപ്പെടുത്തിത്തന്നത്‌. സിനിമാമോഹമുണ്ടെന്നറിയിച്ചപ്പോൾ മദിരാശിയിലേക്ക്‌  ക്ഷണം. ചിത്രകലാ അധ്യാപക ജോലി രാജിവച്ച് കെ ടിയോട് ഒരെഴുത്തും വാങ്ങി ചെന്നൈയിലേക്ക്‌ വണ്ടി കയറി. വീട്ടുകാരോടും കൂട്ടുകാരോടും യാത്ര പറഞ്ഞത് അഭിമാനം തുളുമ്പുന്ന മനസ്സോടെ. വാസു പ്രദീപും സുഹൃത്തുക്കളും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രയാക്കാനെത്തിയിരുന്നു. കൈയിലുണ്ടായിരുന്നത് എൺപത്തിയഞ്ച് രൂപ. ചെന്നൈയിൽ സിനിമാ പ്രവർത്തകരുടെ താവളമായ സ്വാമീസ് ലോഡ്‌ജിൽ മുറിയെടുത്തു.
 
സ്വാമീസിനടുത്തുള്ള  സേതുമാധവന്റെ വീട് കാണിച്ചുതന്നത്‌ ബാബുക്ക. സേതുമാധവനെ വീട്ടിൽ പോയി കണ്ടു.  പക്ഷേ  അവസരമൊന്നും നൽകാൻ അന്ന് സേതുമാധവന് കഴിഞ്ഞില്ല. നാട്ടിലേക്ക് മടങ്ങണമെന്ന്‌ ചിന്തിച്ചപ്പോഴാണ്‌ സ്വാമീസിൽ ബഹദൂർ എത്തുന്നത്‌. നാട്ടിൽ പോകുന്ന കാര്യം പറഞ്ഞപ്പോൾ  കുറച്ചുദിവസം കഴിഞ്ഞ് പോകാമെന്നായി ബഹദൂർ. മാണിക്യക്കൊട്ടാരം കലാലയ സിനിമയാക്കാൻ തീരുമാനിച്ച സമയം. തിരക്കഥ എഴുതുന്ന വി എം ഇബ്രാഹിമിനെ കുറച്ചു ദിവസം സഹായിക്കാൻ ബഹദൂർ നിർദേശിച്ചു. രാഗിണി എന്ന സിനിമ സംവിധാനം ചെയ്യുമ്പോൾ സംവിധായകൻ പി ബി ഉണ്ണിയെ സഹായിക്കാനും ബഹദൂർ വഴി അവസരം ലഭിച്ചു. പിന്നീട് മാണിക്യക്കൊട്ടാരത്തിന്റെ  ഛായാഗ്രാഹകൻ രാജഗോപാലിന്റെ അസിസ്റ്റന്റായി. പിന്നെ സത്യൻ നായകനായ എം എസ്‌ മണിയുടെ തളിരുകളുടെയും അസിസ്റ്റന്റായി. സത്യൻ വഴിയാണ്‌ എം കൃഷ്‌ണൻ നായർ, സി ബി ശ്രീധർ, എസ് എസ് രാജ്, എ  ബി രാജ് തുടങ്ങിയ സംവിധായകരെ  പരിചയപ്പെടുന്നത്‌.
 

ലേഡീസ്‌ ഹോസ്‌റ്റലിൽ തുടക്കം

 

ഏഴ് വർഷം. മുപ്പതോളം സിനിമകളിൽ സഹസംവിധായകനായി. വിമലാ ഫിലിംസിലെ  മാത്യുവാണ്‌  സ്വതന്ത്ര സംവിധായകനാകാൻ പ്രേരിപ്പിച്ചത്‌.  രേഖാ സിനി ആർട്സ് രൂപീകരിച്ച് ഡോ. ബാലകൃഷ്‌ണനെ കണ്ട് കഥ വാങ്ങി. ലേഡീസ് ഹോസ്റ്റൽ എന്ന സിനിമയിലൂടെ ഹരിശ്രീ കുറിച്ചു. ചിത്രം വൻ വിജയമായി. പ്രേംനസീറിനെ കോമഡി രംഗങ്ങളിൽ അഭിനയിപ്പിച്ച് വിജയിപ്പിച്ച ചിത്രം കൂടിയായിരുന്നു. തുടർന്ന്‌ ലൗ മാരേജ്, തെമ്മാടി വേലപ്പൻ, ബാബുമോൻ, അയലത്തെ സുന്ദരി, കോളേജ് ഗേൾ, ഭൂമീദേവി പുഷ്‌പിണിയായി, രാജഹംസം, തപസ്വിനി, കന്യാദാനം, ഇവനെന്റെ പ്രിയപുത്രൻ, കുടുംബം നമുക്ക് ശ്രീകോവിൽ, സുജാത, യാഗാശ്വം, തോൽക്കാൻ എനിക്ക്‌ മനസ്സില്ല, അടിമക്കച്ചവടം, ലാവ, എവിടെയോ ഒരു ശത്രു, പൂച്ചസന്യാസി, മുത്തുച്ചിപ്പികൾ, വളർത്തുമൃഗങ്ങൾ, പൂമഠത്തെപെണ്ണ്, അനുരാഗക്കോടതി, വെള്ളം, വരന്മാരെ ആവശ്യമുണ്ട്, ഒളിയമ്പുകൾ, മയൂഖം, സർഗം, പ്രേംപൂജാരി, പരിണയം തുടങ്ങിയ നിരവധി  ചിത്രങ്ങൾ സംവിധാനം ചെയ്‌തു.
‘ശരപഞ്‌ജര’ത്തിൽ ജയൻ

‘ശരപഞ്‌ജര’ത്തിൽ ജയൻ

 

ജയൻ നീറുന്ന ഒരോർമ

 

ഞാൻ സംവിധാനം ചെയ്‌ത പഞ്ചമിയിലാണ് ജയൻ ആദ്യമായി ശ്രദ്ധേയമായ വേഷം ചെയ്‌തത്‌.   പഞ്ചമിയിൽ കാട്ടാനയുടെ ചവിട്ടേറ്റു മരിക്കുന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസറായി ജയനെ തെരഞ്ഞെടുത്തത് ജയഭാരതിയുടെ ശുപാർശയിൽ‌.  ശരപഞ്ജരത്തിലൂടെ  ജയൻ ഉയരങ്ങളിലേക്ക്‌ കുതിച്ചു. പിന്നീട് ജയനെ നായകനാക്കി അങ്കുരം എന്ന ചിത്രം തുടങ്ങി. എന്നാൽ സംവിധായകനോട്‌ പറയാതെ  ലോക്കേഷനിൽനിന്ന് മറ്റൊരു സിനിമയുടെ തിരക്കിലേക്ക്‌ രണ്ട് മൂന്ന് ദിവസം ജയന് പോകേണ്ടി വന്നു. അതോടെ റോൾ സുകുമാരന് നൽകി. ജയനുമായി അകൽച്ചയിലാകാൻ ഇത്‌ കാരണമായി.  പരിഭവം പറഞ്ഞു തീർക്കാൻ ദേവരാജന്റെ നിർദേശപ്രകാരം ഞങ്ങളുടെ കൂടിക്കാഴ്‌ച തീരുമാനിച്ചു. അതിനിടെയാണ്‌ കോളിളക്കം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിനിടയിൽ ഹെലികോപ്ടർ അപകടത്തിൽ ജയൻ മരിക്കുന്നത്‌. അത്‌ ഇന്നും വേദനിപ്പിക്കുന്ന ഓർമയാണ്.
 

എം ടി എന്ന തിരക്കഥാകൃത്ത്‌

 

ടി ദാമോദരൻ മാഷാണ്‌ എം ടിയുമായുള്ള സൗഹൃദത്തിന്‌ ഹേതു. പരിചയപ്പെടുത്തിയപ്പോൾ ഹരനെ അറിയാം എന്നായിരുന്നു എം ടിയുടെ പ്രതികരണം. കോഴിക്കോട്ടുകാരായ നിങ്ങൾ രണ്ടുപേരും കൂടി ഒരു സിനിമ ചെയ്യണമെന്ന് ടി ദാമോദരൻ മാസ്റ്റർ പറഞ്ഞു. ആലോചിക്കാം എന്നായിരുന്നു എം ടിയുടെ മറുപടി. എങ്കിൽ പടം ഞാൻ നിർമിക്കാമെന്ന്‌ കൂടെയുണ്ടായിരുന്ന പ്രിയദർശിനി ഫിലിംസ് എ സി ജോയി ഉറപ്പുതന്നു.  ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന കഥയെക്കുറിച്ച് സംസാരിച്ചതു പ്രകാരം എം ടി അതിന്റെ വൺലൈൻ തയ്യാറാക്കിയിരുന്നു. മധു, സോമൻ, ശ്രീവിദ്യ തുടങ്ങിയവരായിരുന്നു അഭിനയിച്ചിരുന്നത്. നൂറ്റമ്പത് ദിവസം തകർത്തോടി. ഇരുപത്തിയാറാമത്തെ ചിത്രമായിരുന്നു ഇത്‌.
 
ഒരു വടക്കൻ വീരഗാഥ, പഴശ്ശിരാജ, നഖക്ഷതങ്ങൾ, പഞ്ചാഗ്നി, പരിണയം, ഏഴാമത്തെ വരവ്‌ തുടങ്ങിയ എം ടി തിരക്കഥകൾ സിനിമയാക്കാനുള്ള അവസരം പിന്നീട്‌ ലഭിച്ചു. കുഞ്ചൻ നമ്പ്യാരുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള സിനിമയാണ് പുതിയ പ്രോജക്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top