28 March Thursday

റേഷൻ വല്ലപ്പോഴും, 
പ്രതിഷേധിച്ചാൽ 
കൊല്ലും ; ഇതാ 
ഗുജറാത്ത്‌ മോഡൽ

സി എ പ്രേമചന്ദ്രൻUpdated: Friday Dec 16, 2022

തൃശൂർ
‘റേഷൻ കിട്ടുന്നത്‌ വല്ലപ്പോഴും മാത്രം. പ്രതിഷേധിച്ചാൽ ജീവനെടുക്കും.  നിവർന്നുകിടക്കാൻപോലും പറ്റാത്ത  ചേരികളിൽ  ദുരിതജീവിതം. ഇതാണ്‌ യഥാർഥ ഗുജറാത്ത്‌ മോഡൽ. ജനാധിപത്യത്തിന്‌ പകരം പണാധിപത്യത്തിലും മതപരമായി ഭിന്നിപ്പിച്ച്‌  ഭീതി വിതച്ചുമാണ്‌ വോട്ടർമാരെ സ്വാധീനിക്കുന്നത്‌ ’. കിസാൻസഭ അഖിലേന്ത്യാ സമ്മേളന പ്രതിനിധിയായ ദയാഭായിയുടെ വാക്കുകളിൽ ഗുജറാത്തിന്റെ  യഥാർഥ ചിത്രം പുറത്തുവരികയാണ്‌.

ഗോതമ്പാണ്‌ മുഖ്യഭക്ഷണം. എന്നാൽ, അരിയാണ്‌ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നത്‌.  പരമാവധി കൂലി 300 രൂപയാണ്‌.  കൂലി കൂടുതൽ ചോദിക്കാൻ പാടില്ല. പ്രതിഷേധവുമായി  ചുവന്ന കൊടിയുടെകൂടെ കണ്ടാൽ പണി പോവും. 

പ്രധാനമന്ത്രി ആവാസ്‌ യോജന കൊട്ടിഘോഷിക്കുമ്പോഴും ഗുജറാത്തിൽ പതിനായിരങ്ങൾ ചേരികളിൽ കഴിയുകയാണ്‌. സർക്കാർ സ്‌കൂളുകളിൽ അധ്യാപകരില്ല. പൊതു ചികിത്സയ്‌ക്ക്‌ സർക്കാർ ആശുപത്രികൾ പരിമിതം. റോഡുകളിലെല്ലാം കുത്തകകളുടെ ടോൾ കൊള്ള.  എല്ലാ മേഖലയിലും കോർപറേറ്റ്‌വൽക്കരണമാണ്‌.

ജനങ്ങൾ ബിജെപി സർക്കാരിൽ അസംതൃപ്‌തരാണ്‌.   പക്ഷേ, ബിജെപി ജയിച്ചില്ലെങ്കിൽ കച്ചവട സ്ഥാപനങ്ങൾ  കൂട്ടത്തോടെ ആക്രമിക്കും. പൊലീസ്‌ പീഡനവും കള്ളക്കേസും ചുമത്തും. ജീവഭയംമൂലം  പലരും ബിജെപിക്ക്‌ വോട്ടുചെയ്യാൻ നിർബന്ധിക്കപ്പെടുന്നു.   കോൺഗ്രസിൽ ജനങ്ങൾക്ക്‌ വിശ്വാസം നഷ്ടപ്പെട്ടു. നേതാക്കൾ ബിജെപിയിൽ ചേരാൻ മടിക്കാത്തവരാണ്‌.   പ്രതിപക്ഷ പാർടികളെ യോജിപ്പിക്കാൻ കോൺഗ്രസ്‌ ഒന്നും ചെയ്യാത്തതിനാൽ  വോട്ടുകളും ഭിന്നിച്ചു. ഇടത്‌, മതേതര ജനാധിപത്യ ശക്തികൾ ഒന്നിച്ച്‌ പുതിയ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണെന്നും ദയാഭായി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top