24 April Wednesday

ഗുജറാത്തിൽ സഹകരണമേഖലയെ തകർത്തത്‌ ബിജെപി

റിസേര്‍ച്ച് ഡെസ്‌ക്Updated: Friday Jul 30, 2021

മഹാത്മാ ഗാന്ധിയുടെ കാലത്തുതന്നെ ഗുജറാത്തിൽ സഹകരണപ്രസ്ഥാനം സജീവമായി തുടങ്ങിയിരുന്നു. സ്വാതന്ത്രാനന്തരം ഇത്‌ കൂടുതൽ മേഖലകളിലേക്ക്‌ വ്യാപിച്ചു. വായ്‌പാമേഖലയിലും ക്ഷീരമേഖലയിലുമാണ്‌ സഹകരണ സംഘങ്ങൾ ശക്തിപ്പെട്ടു തുടങ്ങിയത്‌. ഇന്ത്യയിലെ ധവള വിപ്ലവത്തിന്‌ കരുത്തായത്‌ ഗുജറാത്തിലെ ആനന്ദ്‌ മാതൃകയിലുള്ള ക്ഷീര സഹകരണസംഘങ്ങളായിരുന്നു.

1980 കളിൽ സംസ്ഥാനത്തെ മൊത്തം ബാങ്ക്‌ ഇടപാടിന്റെ 65–-70 ശതമാനം വരെ സഹകരണമേഖലയിലായിരുന്നു. തുടർന്നിങ്ങോട്ട്‌ സഹകരണമേഖലയുടെ പങ്ക്‌ കുറഞ്ഞുവന്നു. അഴിമിതയും വെട്ടിപ്പും വൻകിടക്കാർക്ക്‌ വായ്‌പ നൽകുന്നതും വ്യാപകമായതാണ്‌ സഹകരണബാങ്കുകളുടെ തകർച്ചയ്‌ക്ക്‌ കാരണമായത്‌. ഇതോടെയാണ്‌ ചെറുകിട കർഷകർക്കും പാവപ്പെട്ടവർക്കും സഹകരണമേഖല അന്യമായി തുടങ്ങി. തുടർച്ചയായി സംസ്ഥാനത്തെ ഭരണകക്ഷിയായിരുന്ന കോൺഗ്രസിനായിരുന്നു സഹകരണമേഖലയിലെ ആധിപത്യം. എൺപതുകൾക്കുശേഷം ബിജെപിയും ചുവടുറപ്പിച്ചു തുടങ്ങി. ആഗോളവൽക്കരണ, ഉദാരവൽക്കരണ നയങ്ങൾ നടപ്പാക്കി തുടങ്ങിയ 1990കളുടെ തുടക്കം മുതലാണ്‌ ഗുജറാത്തിലെ സഹകരണ മേഖലയിലെ അഴിമതി വ്യാപകമായത്‌. ഓഹരി ദല്ലാളൻമാരും റിയൽഎസ്‌റ്റേറ്റുകാരും സഹകരണ ബാങ്കുകളുടെ പ്രധാന വായ്‌പക്കാരായി മാറുന്നത്‌ ഈ ഘട്ടത്തിലാണ്‌. 1995 ൽ ബിജെപി അധികാരത്തിൽ വന്നതോടെ സഹകരണമേഖലയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള നീക്കങ്ങളും തുടങ്ങി.

അഴിമതി തുടക്കം ഈടില്ലാ വായ്‌പയിൽ

അഴിമതിയുടെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും പരസ്‌പരം മത്സരിക്കുകയായിരുന്നു. ബാങ്ക്‌ ഡയറക്ടർ ബോർഡ്‌ അംഗങ്ങളുടെ ബന്ധുക്കൾക്കും സ്വന്തക്കാർക്കും ബോർഡ്‌ അംഗങ്ങൾ ഉൾപ്പെട്ട സ്ഥാപനങ്ങൾക്കും സഹകരണസംഘങ്ങൾക്കും ഈടില്ലാതെ വായ്‌ നൽകിയായിരുന്നു അഴിമതി നടത്തിയത്‌. 1995നും 2005നും ഇടയിൽ സംസ്ഥാനത്തെ ജില്ലാ സഹകരണബാങ്കുകൾ ഉൾപ്പെടെ നിരവധി സഹകരണ ബാങ്കുകൾ അടച്ചുപൂട്ടി. വായ്‌പാക്രമക്കേടുകളാണ്‌ തകർച്ചയ്‌ക്ക്‌ വഴിവെച്ചത്‌. ഈ കാലയളവിൽ വിവിധ ബാങ്കുകളിലായി 10,000 കോടി രൂപയുടെ വായ്‌പാ തട്ടിപ്പ്‌ നടന്നതായാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌.

പശു സംരക്ഷണ സഹമന്ത്രിയുടെ അഴിമതി:പഞ്ചമഹൽ ജില്ലാ സഹകരണ ബാങ്ക്‌ അടച്ചുപൂട്ടി

2003 ജൂണിലാണ്‌ ഗുജറാത്തിലെ മന്ത്രി ഉൾപ്പെട്ട സഹകരണ അഴിമതി പുറത്തുവരുന്നത്‌. പഞ്ചമഹൽ ജില്ലാ സഹകരണ ബാങ്കിൽ നിന്നും അന്നത്തെ പശു സംരക്ഷണ സഹമന്ത്രി പ്രഭാത്സിങ് ചൗഹാന്റെ നേതൃത്വത്തിൽ 124 കോടി രൂപയുടെ വെട്ടിപ്പ്‌ നടത്തിയെന്നാണ്‌ കേസ്‌. ബാങ്കിന്റെ അഡ്‌മിനിസ്ട്രേറ്റർ പ്രഭാത്സിങ് ചൗഹാൻ ഉൾപ്പെടെ 28 പേർക്കെതിരെ ഫത്തേപുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. രണ്ട് കടലാസ്‌ സഹകരണ സംഘങ്ങൾക്കായി 124 കോടി രൂപ നിയമവിരുദ്ധമായി വായ്‌പ നൽകി. ബാങ്ക് മുൻ ചെയർമാനും മുൻ ബിജെപി എംപിയുമായ ഗോപാൽസിങ് സോളങ്കി, സലോദ് ഭുര കതാരയിൽ നിന്നുള്ള ബിജെപി എം‌എൽ‌എ, മുൻ കോൺഗ്രസ് എം‌എൽ‌എ രാജേന്ദ്ര പട്ടേൽ, മുൻ ബാങ്ക് മാനേജർ ജയന്തി ജോഷി, മറ്റൊരു ബാങ്ക് ഉദ്യോഗസ്ഥൻ ഗുൻ‌വന്ത്സി താക്കൂർ തുടങ്ങിയവരായിരുന്നു പ്രതികൾ.

2003 ഏപ്രിലിൽ ‘പണലഭ്യതാ' പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് ക്ലിയറിങ്‌ ഹൗസിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന്‌ പൂട്ടേണ്ടി വന്ന ആദ്യത്തെ ജില്ലാ സഹകരണ ബാങ്കാണ്‌ പഞ്ചമഹൽ ജില്ലാ സഹകരണ ബാങ്ക്‌. സഹകരണ നിയമത്തിലെ സെക്ഷൻ 35 (എ) പ്രകാരം 1,000 രൂപ മാത്രം പിൻവലിക്കാനായിരുന്നു റിസർവ്‌ ബാങ്ക്‌ പരിധി നിശ്ചയിച്ചിരുന്നത്. ഈ വ്യവസ്ഥ ലംഘിച്ചുകൊണ്ട്‌ 82 കോടി രൂപ സുഖ്‌സർ സഹകരണ സംഘത്തിനും 42 കോടി രൂപ നാനി ഭുവേഡി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും അനുവദിച്ചു. മന്ത്രിയും എംപിയും ഉൾപ്പെടെയുള്ളവരാണ്‌ അന്ന്‌ വായ്‌പാ തട്ടിപ്പ്‌ നടത്തിയത്‌. പഞ്ചമഹൽ, ദാഹോദ് ജില്ലകളിൽ 38 ശാഖകളും 185 കോടി രൂപയുടെ നിക്ഷേപവും ഉണ്ടായിരുന്ന ബാങ്കാണ്‌ ഇതോടെ അടച്ചുപുട്ടിയത്‌.

സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും വായ്‌പ

പഞ്ചമഹൽ ബാങ്കിന്റെ തകർച്ചയ്‌ക്ക്‌ പിന്നാലെയാണ്‌ 450 കോടി രൂപ നിക്ഷേപമുണ്ടായിരുന്നു വിസ്‌നഗർ സഹകരണ ബാങ്ക്‌ തകർന്നത്‌. 2003ൽ പ്രവർത്തനരഹിതമായ പട്ടികയിൽ ശ്രദ്ധേയമായ വിസ്‌നഗർ, ചരോത്താർ, ഡയമണ്ട് ജൂബിലി സഹകരണ സ്ഥാപനങ്ങൾക്ക്‌ 130 കോടി മുതൽ 450 കോടി രൂപ വരെ നിക്ഷേപമുണ്ടായിരുന്നു. ചെയർമാനും കോൺഗ്രസ് നേതാവുമായ ഭോലഭായ് പട്ടേൽ നടത്തിയ തട്ടിപ്പുകൾ കാരണം വിസ്‌നഗർ ബാങ്ക് തകർന്നാണ്‌ ലിക്വിഡേഷൻ നടപടികളിലേക്ക്‌ പോയത്‌.

ഭോലഭായ് തന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് 80 കോടി രൂപ ഈടില്ലാതെ വായ്പ നൽകി. വൻകിടനിർമാതാക്കൾ, ഹോട്ടലുകൾ, പ്രമുഖവ്യാപാരികൾ, തുടങ്ങിയവർക്കായിരുന്നു വിസ്‌നഗർ ബാങ്ക്‌ പ്രധാനമായും വായ്‌പ നൽകിയത്‌.  വായ്‌പ നൽകുന്നതിന്‌ യാതൊരുവിധ നടപടി ക്രമങ്ങളും പാലിച്ചിരുന്നുമില്ല. തട്ടിപ്പിനെകുറിച്ച്‌ അന്വേഷിച്ച്‌ നടപടിയെടുക്കാൻ മോഡി മുഖ്യമന്ത്രിയായിരിക്കെ ബിജെപി സർക്കാർ തയാറായില്ല. ഈ ബാങ്കിന്റെ തകർച്ചയ്‌ക്ക്‌ പിന്നാലെ സഹകരണ ബാങ്കുകളിൽ നിന്ന് 5,000 കോടി രൂപ നിക്ഷേപം ഇടപാടുകാർ പിൻവലിച്ചു.

ന്യൂസ്‌പേപ്പർ ബാരനും ചരോത്താർ നാഗ്രിക് കോപ്പറേറ്റീവ് ബാങ്ക് ചെയർമാനുമായ ബിപെി നേതാവ്‌ ചിമാൻ സതി തന്റെ കുടുംബവും സുഹൃത്തുക്കളും നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾക്ക് 30 കോടി രൂപയുടെ വായ്പ നൽകി. അദ്ദേഹത്തിന്റെ മകനും ബിജെപി എംപിയുമായ ദീപക് സതിയാണ്‌ ഇതിന്റെ ഗുണഭോക്താക്കളിൽ ഒരാൾ. ചരോത്താർ ബാങ്ക് സതിയുടെ ഒരു ചവിട്ടുപടി മാത്രമായിരുന്നു. ഈ പണം ഉപയോഗിച്ച്‌ കേരളത്തിലെ ഒരു സ്വകാര്യബാങ്കിന്റെ ഓഹരി വാങ്ങി സ്വന്തമാക്കാനും നീക്കം നടത്തിയിരുന്നു. ബിജെപി നേതാവും നിർമാതാവുമായ സി ആർ പാട്ടീലിന്റെ ഗുഡനീക്കത്തെ തുടർന്ന്‌ 130 കോടി രൂപ ആസ്‌തിയുണ്ടായിരുന്ന സൂറത്തിലെ ഡയമണ്ട് ജൂബിലി കോപ്പറേറ്റീവ് ബാങ്ക് തകർന്നു. നരേന്ദ്രമോഡിയുടെ അടുപ്പകാരനായിരുന്നു പാട്ടീൽ. ഈ രണ്ട്‌  ബാങ്കുകളുടെ തകർച്ചയ്‌ക്ക്‌ പിന്നിലും ബിജെപി നേതാക്കളായിരുന്നു.  വെട്ടിപ്പുകാർക്കെതിരെ കേസെടുക്കാൻ പോലും ബിജെപി സർക്കാർ തയാറായില്ല.

120 കോടി രൂപയുടെ ആസ്‌തിയുണ്ടായിരുന്ന അഹമ്മദാബാദിലെ ജനറൽ കോപ്പറേറ്റീവ് ബാങ്ക് ചെയർമാനായ ഹസ്മുഖ് ഷാ സ്വന്തം സ്ഥാപനങ്ങൾക്ക് 50 കോടി രൂപ വായ്പ നൽകി. ഇത്‌ കിട്ടാകടമായതോടെ ബാങ്ക്‌ തകർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top