29 March Friday

പോരാട്ടത്തിനുറച്ച്‌ ഗ്രൂപ്പുകൾ , വെല്ലുവിളിച്ച്‌ നേതൃത്വം

പ്രത്യേക ലേഖകൻUpdated: Thursday Sep 2, 2021


തിരുവനന്തപുരം
അന്തിമപോരാട്ടത്തിന്‌ എ, ഐ ഗ്രൂപ്പുകൾ കച്ചമുറുക്കുന്നതിനിടെ വെല്ലുവിളിയുമായി കെ സുധാകരനും വി ഡി സതീശനും കെ സി വേണുഗോപാലും. ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും വിട്ടുനിന്ന കണ്ണൂർ ഡിസിസി ഓഫീസ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടന ചടങ്ങിലാണ്‌ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന്‌ മൂവരും വ്യക്തമാക്കിയത്‌. പുതിയ ഗ്രൂപ്പിന്റെ അരങ്ങേറ്റം കുറിക്കുന്നതുമായി ചടങ്ങ്‌.സുധാകരൻ അച്ചടക്കവാൾ വീശി സംസാരിച്ചപ്പോൾ, കേരളത്തിൽ സുധാകരനാണ്‌ കോൺഗ്രസിന്റെ അവസാന വാക്ക്‌ എന്നായി പ്രതിപക്ഷ നേതാവ്‌  സതീശൻ. 

കോൺഗ്രസ്‌ നേതൃത്വം പറയുന്നത്‌ നടപ്പാക്കുകയാണ്‌ തന്റെ ജോലിയെന്ന്‌ വേണുഗോപാൽ മാധ്യമങ്ങളോടും പറഞ്ഞു. സുധാകരനും സതീശനും സർവസ്വാതന്ത്ര്യവും നൽകിയിട്ടുണ്ടെന്ന്‌ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ ഡൽഹിയിൽ പറഞ്ഞു.  മുൻ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും കണ്ണൂരിൽ ദീർഘകാലം എംഎൽഎയായിരുന്ന കെ സി ജോസഫും ഡിസിസി ഓഫീസ്‌ ഉദ്‌ഘാടനത്തിൽ പങ്കെടുത്തില്ല. 

പുതിയ നേതൃത്വവും എഐസിസിയും ഒരുവശത്തും എ, ഐ ഗ്രൂപ്പുകൾ മറുവശത്തുമാണെന്ന്‌ ചടങ്ങ്‌ വ്യക്തമാക്കി. ഡിസിസി പട്ടികയെച്ചൊല്ലിയുള്ള ഗ്രൂപ്പുകളുടെ എതിർപ്പ്‌ അവഗണിച്ച്‌ പുനഃസംഘടനയുമായി മുന്നോട്ടുപോകാൻ വേണുഗോപാൽ സംസ്ഥാന നേതൃത്വത്തിന്‌ നിർദേശം നൽകി.

ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയുമായും ചർച്ച നടത്തിയെന്നു വരുത്തി ഭാരവാഹികളെ പ്രഖ്യാപിക്കാനുള്ള തന്ത്രമാണ്‌ ആവിഷ്‌കരിക്കുന്നത്‌. അവസാന വാക്ക്‌ സുധാകരനാണെന്ന്‌ സതീശൻ തറപ്പിച്ച്‌ പറഞ്ഞത്‌ ഇതിന്റെ സൂചനയാണ്‌. വേണുഗോപാലിനും താരിഖ്‌ അൻവറിനും എതിരെ എ, ഐ ഗ്രൂപ്പുകൾ നൽകിയ പരാതി പരിഗണിക്കപ്പെടില്ല. പുതിയ നേതൃത്വത്തിന്‌ ഒപ്പമാണ്‌ ഹൈക്കമാൻഡെന്ന്‌ വ്യക്തമാക്കുന്നതാണ്‌ താരിഖ്‌ അൻവറിന്റെ പ്രസ്‌താവന.

ലക്ഷ്‌മണരേഖയുണ്ട് മുതിർന്ന നേതാക്കൾക്ക്‌ ; വേണുഗോപാലിന്റെ മുന്നറിയിപ്പ്‌
നേതാക്കളുടെ അഭിപ്രായപ്രകടനങ്ങൾക്കും വിയോജിപ്പുകൾക്കും ലക്ഷ്‌മണരേഖയുണ്ടെന്ന്‌ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസിന്റെ സൗന്ദര്യം എതിർപ്പുകളെ അംഗീകരിക്കുന്നതാണ്‌. എല്ലാവരുടെയും അഭിപ്രായങ്ങൾ മുഖവിലയ്‌ക്കെടുക്കും.

വിയോജിപ്പുകൾ പരിഗണിക്കും. എന്നാൽ, എല്ലാം പരസ്യമായി പറയാമെന്ന്‌ ആരും വിചാരിക്കേണ്ട. മഹാത്മാഗാന്ധിയുടെ എതിർപ്പുകളെപ്പോലും അവഗണിച്ച്‌ മുന്നോട്ടുപോയ പർടിയാണിത്‌. കണ്ണൂർ ഡിസിസി ഓഫീസ്‌ ഉദ്‌ഘാടനച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു വേണുഗോപാൽ. 

കെപിസിസി പ്രസിഡന്റ്‌  കെ സുധാകരന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഹൈക്കമാൻഡ്‌  പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുധാകരന്‌ ഏത് തീരുമാനമെടുക്കാനും സ്വാതന്ത്ര്യമുണ്ട്‌.  സഭയ്‌ക്ക്‌ അകത്തും പുറത്തും ഭരണപക്ഷത്തിന്‌ ഒരു പഴുതും അനുവദിക്കാത്ത വ്യക്തിയാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനെന്നും വേണുഗോപാൽ പറഞ്ഞു.

അച്ചടക്കം എല്ലാവർക്കും ബാധകം: കെ സുധാകരൻ
കേരളത്തിലെ  കോൺഗ്രസിനെ അടുക്കും ചിട്ടയുമുള്ള പാർടിയാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ പറഞ്ഞു.   സെമി കേഡർ രീതിയിലേക്ക്‌ പാർടി പോകുമ്പോൾ അച്ചടക്കവും ചിട്ടയും പ്രധാനമാണ്‌. ഇത്‌ എല്ലാവർക്കും ബാധകമാണെന്നും  സുധാകരൻ ഓർമിപ്പിച്ചു.

അവസാന വാക്ക്‌ സുധാകരന്റേത്‌: വി ഡി സതീശൻ
കേരളത്തിലെ  കോൺഗ്രസിന്റെ അവസാന വാക്ക്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റേതാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top