25 April Thursday

വീഴരുത് ; ഗ്രീൻ വാഷിങ്‌ മുന്നിലുണ്ട്

ഡോ. അബേഷ് രഘുവരൻUpdated: Sunday Nov 27, 2022


പരിസ്ഥിതിസൗഹൃദമായി ജീവിക്കുവാൻ അഥവാ അങ്ങനെയാകണമെങ്കിൽ വളരെചിലവേറുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. ഉദാഹരണത്തിന് ഒരു കടയിൽനിന്ന് ഒരു പ്ലാസ്റ്റിക് കിറ്റിൽ സാധനം വാങ്ങി വീട്ടിൽ വരുവാൻ കിറ്റിന്റെ ചെലവ് പൂജ്യം ആണ്. എന്നാൽ ഒരു തുണി സഞ്ചി തുന്നിയെടുക്കുവാൻ നാം പൈസ ചെലവാക്കേണ്ടിവരും. ഇത്തരത്തിൽ പരിസ്ഥിതിസൗഹൃദവും സുസ്ഥിരവുമായി മുന്നോട്ടുപോകുവാൻ വ്യക്തിപരമായി നമുക്ക് വലിയ ചെലവുവരുമ്പോൾ, ലാഭം മാത്രം പ്രതീക്ഷിക്കുന്ന വലിയ കമ്പനികളുടെ അവസ്ഥ എന്തായിരിക്കും? ആ ചെലവ് ഒഴിവാക്കുവാൻ ചില ചെപ്പടിവിദ്യകൾ ചെയ്തേ പറ്റൂ എന്നർഥം. അതിനായി അവരുടെ പരസ്യങ്ങളിലൊക്കെ പരിസ്ഥിതിയോടുള്ള സൗഹാർദം നിറഞ്ഞുനിൽക്കുകയും എന്നാൽ പ്രവൃത്തിയിൽ ലവലേശമില്ലാതെ കബളിപ്പിക്കുന്നതിനെയുമാണ് ‘ഗ്രീൻ വാഷിങ്‌’ എന്ന് പറയുന്നത്.

പ്രമുഖ വാഹന നിർമാണ കമ്പനി അവരുടെ കാറിൽനിന്നുള്ള പുകമൂലമുള്ള അന്തരീക്ഷ മലിനീകരണം കുറവാണെന്ന് സ്ഥാപിക്കുവാൻ ഒരു പണികാണിച്ചു. അവരുടെ കാറിന്റെ പുകപരിശോധനയിൽ മലിനീകരണം വളരെ കുറവാണെന്ന് സ്ഥാപിച്ചു. എന്നാൽ പിന്നീടാണ് കള്ളി വെളിച്ചത്തായത്. അവർ അവരുടെ വാഹനങ്ങളിൽ മറ്റൊരു ഉപകരണം കൂടി സ്ഥാപിക്കുകയും പുക പരിശോധനയിൽ യഥാർഥ എൻജിനുപകരം സെൻസർ ഉപയോഗിച്ചുകൊണ്ട് അതിലെ പുതുതായി സ്ഥാപിച്ച ഉപകരണം പുക അളക്കുകയും തെറ്റായ റിസൾട്ട് നൽകുകയും ചെയ്തു. എന്നാൽ, വാസ്തവത്തിൽ ആ വാഹനത്തിന്റെ നൈട്രജൻ ഓക്സൈഡ് മലിനീകരണത്തിന്റെ തോത് അനുവദനീയമായതിനേക്കാൾ നാൽപ്പതുശതമാനം കൂടുതൽ ആയിരുന്നത്രേ.

ഇന്ന് ഗ്രീൻ വാഷിങ്‌ സർവസാധാരണമായിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മലിനീകരണം നടത്തുന്ന കമ്പനി ഈയിടെ നൽകിയ പരസ്യം നോക്കുക. 2030 ഓടെ അവർ വിൽക്കുന്ന എല്ലാ ബോട്ടിലുകളും ആവശ്യം കഴിഞ്ഞു തിരികെ വാങ്ങുമെന്നും അത് റീസൈക്കിൾ ചെയ്യുമെന്നും. മാത്രമല്ല, അവരുടെ പതിനെട്ടോളം മാർക്കറ്റുകളിൽ നൂറുശതമാനം ഡീഗ്രേഡബിൾ ആയ ബോട്ടിലുകൾ ആണെന്നും യാതൊരു തെളിവുമില്ലാതെ പരസ്യം ചെയ്തിരിക്കുന്നു. എന്നാൽ, ഇവയൊന്നും യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തവയാണ്. തെറ്റായ വിവരങ്ങൾ അവ്യക്തമായി പറഞ്ഞുകൊണ്ട്, പരിസ്ഥിതി സൗഹൃദമാണെന്ന്‌ വരുത്താനുള്ള ശ്രമങ്ങളും നടക്കുന്നു.

തിരിച്ചറിയാം
പലപ്പോഴും ഗ്രീൻ വാഷിങ്‌ ചെയ്യുന്ന കമ്പനികൾ അവ്യക്തമായ ഭാഷയോ, ഭാഷാ പ്രയോഗങ്ങളോ ആകും ഉപയോഗിക്കുന്നത്. വലിയ പരിസ്ഥിതിനാശത്തിന് വഴിമരുന്നിട്ടിട്ട് ചെറിയൊരു ശ്രമം പരിസ്ഥിതിസൗഹൃദത്തിലേക്ക് നൽകുകയാണ് ഏറെപ്പേരും ചെയ്യുന്നത്.
വിഷമയമായ ഉൽപ്പന്നങ്ങൾവരെ ‘പരിസ്ഥിതിസൗഹൃദം' എന്ന വാക്കിനോട് ചേർത്തുകൊണ്ട് മാർക്കറ്റിൽ വിലസുന്നുണ്ട്. ഉദാഹരണത്തിന്, ‘ഇക്കോ ഫ്രണ്ട്‌ലി ’ സിഗരറ്റ് വരെ മാർക്കറ്റിൽ ലഭ്യമാണ്. ആദ്യം അവ്യക്തമായ വിവരങ്ങൾ നൽകിക്കൊണ്ട് സാധാരണക്കാർക്ക് അത് മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ സംജാതമാക്കുന്നു. പിന്നീട് അതെന്തെന്ന്‌  മനസ്സിലാക്കാൻ ആ രംഗത്തെ പ്രഗത്ഭർ തന്നെ വേണ്ടിവരികയും ചെയ്യുന്നത് ഗ്രീൻ വാഷിങ്ങിനെ തിരിച്ചറിയുവാൻ സഹായിക്കും.

ഗ്രീൻ വാഷിങ്ങിൽ കബളിപ്പിക്കപ്പെടാതിരിക്കാനും അത് തിരിച്ചറിയുവാനും ഓൺലൈൻ ടൂളുകളും സർച്ച് എൻജിനുകളും നിലവിലുണ്ട്. പരിസ്ഥിതി മലിനീകരണവും  പ്ലാസ്റ്റിക് മാലിന്യവുമൊക്കെ നാൾക്കുനാൾ വർധിച്ചുവരുന്ന ഈ അവസ്ഥയിൽ ബഹുരാഷ്ട്ര കമ്പനികളുടെ ഇത്തരം ഗ്രീൻ വാഷിങ്‌ ഗിമ്മിക്കുകളിൽ പെടാതിരിക്കുവാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top