20 April Saturday

ഇതാ അരികെ.. ഹരിതവാൽനക്ഷത്രം

സാബു ജോസ്‌Updated: Sunday Jan 29, 2023

വാൽനക്ഷത്രങ്ങളുടെ വരവ്‌ എക്കാലവും അത്ഭുതവും കൗതുകവും നിറഞ്ഞതാണ്‌. പ്രപഞ്ച രഹസ്യങ്ങളിലേക്കുള്ള ശാസ്‌ത്രലോകത്തിന്റെ അന്വേഷണങ്ങൾക്ക്‌ ഇവ പലപ്പോഴും വഴിത്തിരിവാകാറുമുണ്ട്‌. സൗരയൂഥത്തിന്റെ അതിർത്തിക്കപ്പുറത്തുനിന്ന്‌ എത്തുന്ന ഇവയുടെ സഞ്ചാരപഥവും മറ്റും തുടർച്ചയായി നിരീക്ഷിക്കുന്നതിനും പഠിക്കുന്നതിനും വിപുലമായ സംവിധാനങ്ങൾ ലോകത്തെമ്പാടുമുണ്ട്‌. 50,000 വർഷത്തിനുശേഷം ആദ്യമായി ഭൂമിക്കരികിലേക്ക്‌ എത്തുന്ന അപൂർവ അതിഥിയായ സി/2022 ഇ 3 (ZTF) വാൽനക്ഷത്രമാണ്‌ ഇപ്പോൾ ശ്രദ്ധാകേന്ദ്രം.

ഉൽക്കയെന്ന്‌ ധരിച്ചു, പക്ഷേ...

കലിഫോർണിയയിലെ മൗണ്ട്‌ പലോമറിയിലുള്ള സ്വിക്കി ട്രാൺസിയന്റ്‌ ഫെസിലിറ്റി (ZTF)യിലെ നിരീക്ഷകർ അപ്രതീക്ഷിതമായാണ്‌ സി/2022 ഇ 3 വാൽ നക്ഷത്രത്തെ അടുത്തിടെ കണ്ടെത്തിയത്‌. കഴിഞ്ഞവർഷം മാർച്ചിലായിരുന്നു കണ്ടെത്തൽ. വ്യാഴഗ്രഹത്തിനു സമീപത്തുകൂടി കടന്നുവന്ന വസ്‌തുവിനെ ഉൽക്ക എന്നാണ്‌ ആദ്യം ധരിച്ചത്. കൂടുതൽ നിരീക്ഷിച്ചപ്പോൾ ധൂമകേതുവെന്ന്‌ സ്ഥിരീകരിച്ചു. 50,000 വർഷത്തിനുശേഷം ആദ്യമായി ഭൂമിക്കരികിലേക്ക്‌ എത്തുന്ന അപൂർവ അതിഥി... അതായത്‌ ആധുനിക മനുഷ്യൻ (ഹോമോസാപിയൻസ്‌) ഭൂമിയിൽ പിറവിയെടുക്കുംമുമ്പായിരുന്നു ഇതിനുമുമ്പ്‌ ഈ വഴി വന്നതെന്ന്‌ അർഥം. സൗരയൂഥത്തിനപ്പുറമുള്ള ഓർട്ട്‌ മേഘത്തിൽനിന്നാണ്‌ വരവ്‌.

സൂര്യനിൽനിന്ന്‌ ഒരു പ്രകാശവർഷം അകലെയുള്ള സങ്കീർണമേഖലയാണ്‌ ഓർട്ട്‌ മേഘം. പാറകളും ഹിമവും പൊടിയും നിറഞ്ഞ ദ്രവ്യപിണ്ഡങ്ങളുടെ മേഖല. ഈമേഖലയിൽനിന്ന്‌ എത്തിയ സി/2022 ഇ 3 വാൽനക്ഷത്രം ഈമാസം ആദ്യമാണ്‌ സൂര്യന്‌ സമീപം എത്തിയത്‌. 15 കോടി കിലോമീറ്റർ അകലെ. സൂര്യനെ ചുറ്റി ഭൂമിക്കരികിലൂടെ കടന്നുപോകുമ്പോൾ അഞ്ചു കോടി കിലോമീറ്റർ അകലെ കൂടിയാകും സഞ്ചാരം. തിളക്കത്തോടെയാകും ഇത്‌. തെളിഞ്ഞ ആകാശമെങ്കിൽ ഫെബ്രുവരി ഒന്നിനും രണ്ടിനും നഗ്‌നനേത്രംകൊണ്ട്‌ ഈ ‘ഹരിതവാൽനക്ഷത്ര’ത്തെ കാണാനാകും. വടക്ക്‌–- കിഴക്കൻ ദിശയിലായിരിക്കും ഇത്‌. തുടർന്ന്‌ കുറെ ദിവസംകൂടി ദൃഷ്ടിപഥത്തിൽ ഉണ്ടാകും.

പച്ച നിറത്തിലുള്ള തലയും (coma)മഞ്ഞ നിറത്തിലുള്ള ധൂളീവാലും (tail) ഒരു ഹൈഡ്രോക്‌സിൽ വാലും ഒരു ലോഹവാലു (iron tail)മാണ്‌ ഇതിനുള്ളത്‌. ഡിസംബറിലാണ്‌ ധൂമകേതുവിന്‌ തലയും ധൂളീവാലും രൂപപ്പെട്ടത്‌. കാർബണി (diatomic carbon)ന്റെ സാന്നിധ്യമാണ്‌ ധൂമകേതുവിന്റെ പച്ചനിറത്തിനു കാരണം. മടക്കയാത്രയിൽ ഇത്‌ ഫെബ്രുവരി 10ന്‌ ചൊവ്വയെ സമീപിക്കും.

‘നീണ്ടമുടിയുള്ള നക്ഷത്രം’

ഹിമവും ചെളിയും ലോഹങ്ങളും നിറഞ്ഞ പാറകളാണ്‌ ധൂമകേതുക്കൾ അഥവാ വാൽനക്ഷത്രങ്ങൾ. ഇവയ്‌ക്ക്‌ നിശ്ചിത ആകൃതിയോ പ്രകാശമോ ഇല്ല. സൂര്യനെ സമീപിക്കുമ്പോഴാണ്‌ ഇവയ്‌ക്ക്‌ തലയും വാലും പ്രത്യക്ഷപ്പെടുന്നതും പ്രകാശിക്കുന്നതും. സൗരയൂഥത്തിൽ നെപ്‌റ്റ്യൂണിനും അപ്പുറമുള്ള കയ്‌പർ ബൽറ്റ്‌, ഓർട്ട്‌മേഘം എന്നിവിടങ്ങളിൽനിന്നു വരുന്ന ഇവയ്‌ക്ക്‌ തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന ഭ്രമണപഥമാണ്‌ ഉള്ളത്‌. സൂര്യനെ സമീപിക്കുമ്പോൾ അവയുടെ മാസി (പിണ്ഡം)ന്റെ ഒരുഭാഗം നഷ്ടമാകുന്നതിനാലാണിത്‌. ഉൽക്കകളെ അപേക്ഷിച്ച്‌ ധൂമകേതുക്കൾക്ക്‌ മാസ്‌ കുറവാണ്‌. കാർബൺ, നൈട്രജൻ, ഓക്‌സിജൻ, മീഥൈൻ, ഇരുമ്പ്‌, നിക്കൽ, ഖരാവസ്ഥയിലുള്ള അമോണിയ, സിലിക്കൈറ്റുകൾ തുടങ്ങിയവയാണ്‌ പ്രധാന ഘടകങ്ങൾ. സൂര്യന് അടുത്തുകൂടി കടന്നുപോകുമ്പോൾ സൗരവാതങ്ങളേറ്റ്‌ പദാർഥങ്ങൾ ബാഷ്‌പമാകുകയും തല രൂപപ്പെടുകയും ചെയ്യും. ദശലക്ഷക്കണക്കിന്‌ കിലോമീറ്റർ വ്യാസമുള്ള മേഘപടലമാണ്‌ ഇത്‌. ഹൈഡ്രജൻ ആറ്റങ്ങളുടെ ഒരു ആവരണംകൂടി ഇതിനു ചുറ്റുമുണ്ടാകും.

ഇതിന്റെ ഒരുഭാഗം സൗരവാതത്തിന്റെ തള്ളൽമൂലം പിന്നിലേക്കു നീണ്ട്‌ രണ്ടോ അതിലധികമോ വാലുകൾ രൂപപ്പെടുന്നു. പ്ലാസ്‌മാ വാൽ, ധൂളീവാൽ, ഹൈഡ്രോക്‌സിൻ വാൽ എന്നിവയാണ്‌ പ്രധാനം. സൂര്യനിൽനിന്ന്‌ അകലുന്നതോടെ കോമയും വാലും ഇല്ലാതാകും. പ്രതിവർഷം ചെറുതും വലുതുമായ അമ്പതിലധികം വാൽനക്ഷത്രങ്ങളെ നിരീക്ഷകർ കണ്ടെത്തുന്നുണ്ട്‌. ഇതുവരെ 4500ൽ അധികം കണ്ടെത്തി കഴിഞ്ഞെങ്കിലും മിക്കതിനെയും നഗ്നനേത്രംകൊണ്ട്‌ കാണാൻ കഴിയാത്തവയാണ്‌. ധൂമകേതുക്കളിൽ നടക്കുന്ന രാസ–- ഭൗതിക പ്രക്രിയകൾ സങ്കീർണവും. നീണ്ടമുടിയുള്ള നക്ഷത്രം (Aster Komets)എന്ന്‌ അർഥമുള്ള ഗ്രീക്ക്‌ പദത്തിൽനിന്നാണ്‌ കോമറ്റ്‌ (Comet) എന്ന ഇംഗ്ലീഷ്‌ പദമുണ്ടായത്‌. വാൽ നക്ഷത്രമെന്ന്‌ പറയുമെങ്കിലും ഇത്‌ നക്ഷത്രമല്ല.

പ്രദക്ഷിണകാലം

ധൂമകേതുക്കളുടെ പ്രദക്ഷിണകാലം വളരെ വ്യത്യസ്‌തമാണ്‌. മൂന്നുവർഷംമുതൽ പത്തുലക്ഷംവർഷംവരെ പ്രദക്ഷിണകാലമുള്ള ധൂമകേതുക്കളുണ്ട്‌. ഒരിക്കൽമാത്രം പ്രത്യക്ഷപ്പെടുകയും പിന്നീട്‌ ഒരിക്കലും തിരിച്ചുവരാത്തവയുമുണ്ട്‌. പ്രദക്ഷിണകാലം 200 വർഷത്തിൽ കൂടിയവയെ ദീർഘകാല ധൂമകേതുക്കൾ എന്നും 200 വർഷത്തിൽ കുറഞ്ഞവയെ ഹ്രസ്വകാല ധൂമകേതുക്കളെന്നും പറയുന്നു. 28 ലക്ഷം വർഷം കഴിഞ്ഞുവരുന്നവയെ മഹാ ധൂമകേതുക്കൾ ( The great comet) എന്നുവിളിക്കും. 76 വർഷം കൂടുമ്പോൾ തിരിച്ചുവരുന്ന പ്രസിദ്ധമായ ഹാലി കോമറ്റ്‌, ഹ്രസ്വകാല ധൂമകേതുവാണ്‌. ഹ്രസ്വകാല ധൂമകേതുക്കൾ നെപ്‌ട്യൂണിന്‌ അപ്പുറമുള്ള കയ്‌പർ ബൽറ്റിൽനിന്നും ദീർഘകാല ധൂമകേതുക്കൾ പ്ലൂട്ടോക്ക്‌ അപ്പുറമുള്ള ഓർട്ട്‌ മേഘത്തിൽനിന്നുമാണ്‌ വിരുന്നിനെത്തുന്നത്‌.

ഘടന

ന്യൂക്ലിയസ്‌, കോമ, ഹൈഡ്രജൻ മേഘം, വാൽ എന്നിവയടങ്ങിയതാണ്‌ ധൂമകേതുവിന്റെ ഘടന. ഘനീഭവിച്ച ഭാഗങ്ങളെല്ലാം ന്യൂക്ലിയസിലാണ്‌. 300 കിലോമീറ്റർവരെ വ്യാസമുള്ള ഈ ഭാഗത്തെ മലിനഗോളം എന്നുപറയുന്നു. 70 ശതമാനത്തിലധികവും ഹിമമായിരിക്കും. കോമയ്‌ക്ക്‌ 10 ലക്ഷം കിലോമീറ്റർവരെ വ്യാസമുണ്ടാകും. ന്യൂക്ലിയസിൽനിന്നുള്ള അയണീകൃത ഹൈഡ്രജൻ, ഓക്‌സിജൻ, സൾഫർ, കാർബൺ, ഇരുമ്പ്‌, കാൽസ്യം, മാംഗനീസ്‌, സോഡിയം, പൊട്ടാസ്യം, ക്രോമിയസം തുടങ്ങിയ കണങ്ങളും അവയുടെ റാഡിക്കലുകളമാണ്‌ കോമയിലുണ്ടാകുക. ന്യൂക്ലിയസിൽനിന്ന്‌ പുറന്തള്ളുന്ന ഹൈഡ്രജൻ ആറ്റത്തെ ആശ്രയിച്ചാണ്‌ ഹൈഡ്രജൻ മേഘത്തിന്റെ വ്യാപ്‌തി. വലിയ ധൂമകേതുക്കൾക്ക്‌ സൂര്യനിൽനിന്ന്‌ ഏകദേശം 30 കോടി കിലോമീറ്റർ അകലെവച്ച്‌ വാൽ രൂപപ്പെടും. ഒരു കോടി കിലോമീറ്റർവരെ നീളം കാണാറുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top