20 April Saturday

മുൻപും രണ്ടു പേരെ സ്ഥലംമാറ്റി; കണ്ടറിയണം ഇനി സ്വർണക്കടത്ത് കേസിന്റെ അവസ്ഥ

സ്വന്തം ലേഖകൻUpdated: Friday Jul 31, 2020

കൊച്ചി > യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജിൽ എത്തിയ 30 കിലോ സ്വർണം പിടികൂടിയതും അതിനുപിന്നിലെ അന്താരാഷ്‌ട്ര ഗൂഢാലോചനയിലേക്ക്‌ അന്വേഷണം വളർത്തിയതും കസ്‌റ്റംസ്‌ ജോയിന്റ്‌ കമീഷണർ അനീഷ്‌ രാജന്റെ ഇടപെടലിലൂടെ.

കള്ളക്കടത്ത്‌ കേസിൽ രാഷ്‌ട്രീയനേട്ടമുണ്ടാക്കാൻ ശ്രമിച്ചവർക്ക്‌ അനീഷ്‌ രാജന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണം ഇഷ്ടമായില്ല. അതിന്റെ പ്രത്യാഘാതമെന്നോണം ആദ്യം അന്വേഷണസംഘത്തിലെ രണ്ടുപേരെ സ്ഥലംമാറ്റി. ഇപ്പോൾ സംഘത്തലവനെയും. അന്താരാഷ്‌ട്ര ശ്രദ്ധ നേടിയ സ്വർണക്കടത്ത്‌ കേസ്‌ അന്വേഷണത്തിന്റെ ഭാവി എന്തെന്ന്‌ ഇനി കണ്ടറിയണം.

യുഎഇ കോൺസുലേറ്റിലേക്കും കോൺസൽ ജനറലിലേക്കും സംശയമുന നീണ്ടപ്പോൾത്തന്നെ കള്ളക്കടത്ത്‌ കേസന്വേഷണത്തിൽ ഉണ്ടാകാനിടയുള്ള രാഷ്‌ട്രീയ ഇടപെടൽ പലരും പ്രവചിച്ചതാണ്‌. സ്വർണം കൊണ്ടുവന്നവനെയും അത്‌ കൈപ്പറ്റുന്നവരെയും പിടികൂടി ഇത്തരം കേസുകൾ അവസാനിപ്പിക്കുന്നതാണ്‌ പതിവ്‌. എന്നാൽ, നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തിനുപിന്നിൽ പ്രവർത്തിച്ചവരെയാകെ കസ്‌റ്റംസ്‌ പിടികൂടി. അതിൽ ഏറെപ്പേരും ബിജെപിയുടെയും മുസ്ലിംലീഗിന്റെയും അനുഭാവികളോ പ്രവർത്തകരോ അവരുടെ ഉന്നത നേതൃത്വവുമായി അടുത്തബന്ധമുള്ളവരോ ആയിരുന്നു. അതിന്റെ പേരിൽ പലവിധ ഭീഷണികളും സമ്മർദങ്ങളും കസ്‌റ്റംസിനുമേലുണ്ടായി. അതിന്‌ വഴങ്ങുന്നില്ലെന്ന്‌ വന്നപ്പോഴാണ്‌ അന്വേഷണസംഘത്തെത്തന്നെ പൊളിച്ചടുക്കിയത്‌.

കസ്‌റ്റംസ്‌ കാർഗോ കോംപ്ലക്‌സിൽ തടഞ്ഞുവച്ച ബാഗേജ്‌ വിട്ടുകിട്ടാൻ ആദ്യം ഇടപെട്ടത്‌ ബിജെപി ബന്ധമുള്ള കസ്‌റ്റംസ്‌ ക്ലിയറൻസ്‌ ഏജന്റ്‌സ്‌ അസോസിയേഷൻ നേതാവായിരുന്നു. കേന്ദ്ര വാണിജ്യമന്ത്രാലയവുമായി നയപരമായ കാര്യങ്ങളിൽ സഹകരിക്കുന്ന മുംബൈ ആസ്ഥാനമായ ക്ലിയറൻസ്‌ ഏജന്റുമാരുടെ ഫെഡറേഷന്റെ  എക്‌സിക്യൂട്ടീവ്‌ അംഗംകൂടിയാണ്‌ ഇദ്ദേഹം. അത്‌ ഫലം കണ്ടില്ല. പിന്നീട്‌ കോൺസുലേറ്റ്‌ ജനറൽതന്നെ ഇടപെട്ട്‌ ബാഗേജ്‌ തിരിച്ചയപ്പിക്കാൻ ശ്രമിച്ചു. അതിനും കസ്‌റ്റംസ്‌ വഴങ്ങിയില്ലെന്നുമാത്രമല്ല, കോൺസുലേറ്റ്‌ അറ്റാഷെയെ ചോദ്യംചെയ്യാൻ അനുമതിയും തേടി. ഒന്നിനുപുറകെ ഒന്നായി 16 പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തു. അതിൽ ഹവാല ഇടപാടുകാർമുതൽ ജ്വല്ലറി ഉടമകളും ഇടനിലക്കാരുമൊക്കെയുണ്ട്‌. സ്വർണക്കടത്ത്‌ കേസിനെ അന്താരാഷ്‌ട്രബന്ധമുള്ള ഭീകരവാദ കേസാക്കി മാറ്റാനുള്ള ബോധപൂർവമായ നീക്കങ്ങൾക്കും അനീഷ്‌ രാജന്റെ നിലപാടുകൾ തിരിച്ചടിയായി. അതിനുള്ള തെളിവുകളൊന്നും കണ്ടെത്തിയതായി കസ്‌റ്റംസ്‌ അന്വേഷണ പുരോഗതി റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top