15.
ബാഡ് ഡൊബറാനിൽനിന്ന് വിസ്മർ (Wismar) എന്ന കടൽത്തീരപട്ടണത്തിലേക്കുള്ള വഴിയിലാണ് റെഡേലിഷ് (Reddelich) എന്ന ഗ്രാമം. ഗ്രാമം എന്നു പറഞ്ഞാൽ ജർമൻകാർ സമ്മതിക്കുമോ എന്നു നിശ്ചയമില്ല. അവർക്കിത് മുനിസിപ്പാലിറ്റിയാണ്. പോര, ഭരണാധികാരിയായി മേയറുമുണ്ട്. ആകെ ജനസംഖ്യ 983 ഉണ്ടെന്ന് കാണുന്നു. പക്ഷേ ഞാൻ അന്വേഷിച്ചിട്ട് നാലഞ്ച് പേരെ മാത്രമേ കണ്ടുള്ളു. ഇവിടെയിരുന്ന് നോക്കുമ്പോൾ നോക്കെത്താ ദൂരത്തോളം വയലുകൾ മാത്രം. പിന്നെ കുന്നും താഴ്വരയുമായി പുൽമേടുകൾ. അതിനപ്പുറം വനമായിരിക്കണം.
ഇന്ന് 2022 ജൂൺ 12. ഉച്ചകഴിഞ്ഞ സമയം. ഞാൻ റെഡേലിഷിലെ റെയിൽവേ സ്‌റ്റേഷനിൽ ഇരിക്കുകയാണ്. സ്റ്റേഷൻ എന്നു വെച്ചാൽ ഒരു വശത്തു മാത്രം പ്ലാറ്റ്ഫോമുള്ള മേൽക്കൂരയില്ലാത്ത ഒരിടം. ആകെ ഒരു ചാരുബഞ്ച് മാത്രമാണുള്ളത്. കേരളത്തിലെ ഏതു റെയിൽവേ സ്‌റ്റേഷനോടാണ് ഞാനിതിനെ താരതമ്യം ചെയ്യുക? പട്ടാമ്പിക്ക് തൊട്ടുള്ള പള്ളിപ്പുറം? അതു ശരിയാവില്ല. പള്ളിപ്പുറം ഇപ്പോൾ സാമാന്യം ഭേദപ്പെട്ട സ്റ്റേഷനാണ്. ഓഫീസും ഓവർബ്രിഡ്ജുമൊക്കെയുണ്ട്.
അതിനടുത്തുള്ള കൊടുമുണ്ടയോടാവാം താരതമ്യം. കൊടുമുണ്ട സ്റ്റേഷൻ ഈയിടെ റെയിൽവേ അടച്ചുപൂട്ടിയെന്ന് പത്രവാർത്തകളിൽ കണ്ടിരുന്നു. അതിനിടയ്ക്ക് ഒന്നു ചോദിച്ചോട്ടെ: ഗ്രാമീണ റെയിൽവേ സ്റ്റേഷനുകൾ ഒന്നൊന്നായി നിറുത്തുന്നതിലൂടെ ഇന്ത്യൻ റെയിൽവേ എന്തു സന്ദേശമാണ് രാജ്യത്തിന് നൽകുന്നത്.

റെഡേലിഷ് റെയിൽവേ സ്‌്റ്റേഷൻ
പള്ളിപ്പുറവും കൊടുമുണ്ടയും മനസ്സിലേക്ക് വരാനുള്ള കാരണം യൗവനാരംഭത്തിലെ എന്റെ അലക്ഷ്യമായ യാത്രകളാണ്. അക്കാലത്ത് കുറച്ചുദിവസം അടുപ്പിച്ച് വീട്ടിലിരുന്നാൽ എന്നെ ഒരുവക അസ്വാസ്ഥ്യം ബാധിക്കാറുണ്ട്. അപ്പോൾ എവിടേക്കെന്നു നിശ്ചയിക്കാതെ ഒരു സഞ്ചിയുമെടുത്ത് പുറപ്പെടും.
സുഹൃത്തുക്കളുടെ വീടുകളിലോ തൊഴിലിടങ്ങളിലോ ചെന്നുപെടും. പാലക്കാട് ജില്ലയിൽ വിവിധ റവന്യു ഓഫീസുകളിൽ ജോലി ചെയ്തിരുന്ന കെ വി വിൻസന്റ് ഒരവലംബമായിരുന്നു. ആദ്യഘട്ടത്തിൽ വിൻസന്റ് ചേട്ടനെ കാണാൻ പോയിരുന്നത് ടി വി കൊച്ചുബാവയും ഒന്നിച്ചാണ്.
അവരൊന്നിച്ച് അക്കാലത്ത് ചില വിവർത്തന സംരംഭങ്ങളുണ്ടായിരുന്നു. ഉത്തരേന്ത്യയിൽ എവിടെയോ അച്ചൻപട്ടത്തിന് (പുരോഹിതവൃത്തി) പഠിക്കാൻ പോയ ആളാണ് വിൻസന്റ്. അവിടന്ന് ചാടിപ്പോന്നു. പുറത്താക്കിയതാണെന്നും സംസാരമുണ്ട്. എന്തായാലും വൈദികപഠനം കൊണ്ട് ടിയാൻ ഇംഗ്ലീഷിലും അത്യാവശ്യം ലാറ്റിനിലും നല്ലപരിജ്ഞാനം സമ്പാദിച്ചു. പിന്നീടദ്ദേഹം വിവർത്തനം നിറുത്തി ഫോട്ടോഗ്രഫിയിലേക്കു കടന്നു.
മറ്റൊരു സുഹൃത്ത് മനോഹരൻ കരയാംവട്ടത്ത് ആണ്. അദ്ദേഹം അന്ന് തിരുവേഗപ്പുറയ്‌ക്കടുത്ത് ചെമ്പ്ര എന്ന ഗ്രാമത്തിലെ സ്കൂളിലാണ് ജോലി ചെയ്തിരുന്നത്. കോറണേഷൻ യു പി സ്കൂൾ. അത്യാവശ്യം കഥയെഴുത്തുണ്ട്. തൂതപ്പുഴക്കരയിലെ കവുങ്ങിൻ തോട്ടത്തിലെ ഒരു ഒറ്റമുറി വീട്ടിൽ താമസം. അന്ന് ചെമ്പ്രയിലേക്ക് വണ്ടികളൊന്നും പോവില്ല.
നാലഞ്ച് കടകളുള്ള ഒരങ്ങാടിയുണ്ട്. ഒരു ഊൺ റെഡി ഹോട്ടൽ ഉണ്ടായിരുന്നു. ഓല മേഞ്ഞ പുരയാണ്. വറുത്ത ഉണക്കമുള്ളനാണ് പ്രലോഭനീയമായ വിഭവം. ദിവസങ്ങളോളം അവിടെ തങ്ങി മനോഹരൻ മാഷുമൊത്ത്
.jpg)
ഫോട്ടോ- കെ എസ് പ്രവീൺ കുമാർ
പരിസരഗ്രാമങ്ങളിൽ സഞ്ചരിക്കാറുണ്ട്. അങ്ങനെ പരിചിതമായതാണ് പള്ളിപ്പുറവും കൊടുമുണ്ടയും പരതൂരും കൊടിക്കുന്നും വലിയകുന്നും മറ്റും
. ഇന്നും യാത്രയിൽ ഷൊർണൂരും പട്ടാമ്പിയും കഴിഞ്ഞ് കുറ്റിപ്പുറത്തേക്ക് വണ്ടി തിരിയുമ്പോൾ ഞാൻ ആവേശഭരിതനാവും. ഭാരതപ്പുഴയും ചെറിയ വയലുകളും വാഴക്കൂട്ടങ്ങളും ഓത്തുപള്ളിയിലേക്കോടുന്ന കുഞ്ഞാമിനമാരും വെള്ളധരിച്ച് തലക്കെട്ട് കെട്ടിയ മൊല്ലാക്കമാരും സന്തോഷം പകരുന്ന കാഴ്ചയാണ്.
തീവണ്ടിയാത്ര പണ്ടുമുതലേ വലിയ കമ്പമാണ്. അതിനു കാരണം കുട്ടിക്കാലത്ത് നടത്തിയ മദിരാശി യാത്രകളായിരിക്കും. 'കല്ലേറ്റുംകര റെയിൽവേസ്റ്റേഷൻ’, 'പുളിനെല്ലിസ്റ്റേഷൻ’, 'ആത്മാക്കളുടെ തീവണ്ടിമുറി’ എന്നിങ്ങനെ ചില കഥകൾ എഴുതിയിട്ടുണ്ട്. ഇന്ത്യയിലെങ്ങും തീവണ്ടിയിൽ സഞ്ചരിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. ഇടയ്ക്കു കാണുന്ന ഏതെങ്കിലും ഗ്രാമീണസ്റ്റേഷനിൽ ഇറങ്ങി അവിടത്തെ വേപ്പുമരത്തിന്റെ ചുവട്ടിലെ ബഞ്ചിൽ വെറുതെ ഇരിക്കണമെന്നും വിചാരിച്ചു.
ഇനി ഈ ജീവിതകാലത്ത് അത് സാധ്യമാകുമെന്ന് തോന്നുന്നില്ല. വൈശാഖൻ മാഷ് എഴുതിയ കഥകളിൽനിന്നും എഴുതാതെ അദ്ദേഹം എന്നോടു നേരിട്ടു പറഞ്ഞ കാര്യങ്ങളിൽ നിന്നുമാണ് ഗ്രാമീണ റെയിൽവേസ്‌റ്റേഷനുകൾ മനസ്സിലേക്ക് കയറിപ്പറ്റിയത്. തമിഴ്നാടിനും ആന്ധ്രക്കും ഇടയിലുള്ള ചെറിയ സ്‌റ്റേഷനുകളിലാണ് മാഷ് ജോലി ചെയ്തിട്ടുള്ളത്.
പാർക്കിൻസൺ രോഗം ബാധിച്ച അച്ഛന്റെ ചികിത്സയ്‌ക്കു വേണ്ടിയായിരുന്നു കുട്ടിക്കാലത്തെ മദ്രാസ് യാത്രകൾ. അന്ന് ഇന്ത്യയിൽ തന്നെ മികച്ച ന്യൂറോ സർജൻമാർ ഉണ്ടായിരുന്നത് മദ്രാസ് ജനറൽ ആശുപത്രിയിലാണ്. ഡോ. രാമാനുജനും ഡോ. കല്യാണരാമനും മറ്റും. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് സാധാരണ യാത്രകൾ. എന്നാൽ ആദ്യത്തെ യാത്ര ഒരു സുഹൃദ് കുടുംബത്തോടൊപ്പമായിരുന്നു. ആദ്യമായി റെയിൽവേ സ്‌റ്റേഷനിൽ പോവുകയാണ്. അതിനുമുമ്പ് റെയിൽക്രോസിനു മുന്നിൽ ബസ്സിലിരുന്നാണ് ആ ഭീകരശകടത്തെ കണ്ടിട്ടുള്ളത്. രാത്രിസമയം. സ്റ്റേഷനിലെ തിക്കും തിരക്കും പോർട്ടർമാരുടെ ഒച്ചയും വിളിയും എന്നെ പരിഭ്രമിപ്പിച്ചു.
അതിനിടെ ആ തിരക്കിനിടയിലേക്ക് ചൂടും പുകയും തുപ്പിക്കൊണ്ട് വണ്ടി കടന്നു വന്നു. എന്തൊക്കെയോ തകർന്നു വീഴുന്നതായാണ് എനിക്ക് തോന്നിയത്.
മുംബൈയ്‌ക്കും ഡൽഹിയ്‌ക്കും കൽക്കത്തയ്‌ക്കും തീവണ്ടിയിൽ സഞ്ചരിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിന്റെ തീരദേശങ്ങളിലൂടെ സഞ്ചരിക്കുന്നത് അപൂർവമായ അനുഭവമാണ്. നെല്ലിന്റെ ലോകമാണത്. വിജയവാഡയിൽ കൃഷ്ണാ നദിപ്പാലം കടക്കുന്നതും രസകരമാണ്.
ഭോപാലിൽ യൂണിയൻ കാർബൈഡ് അപായം ഉണ്ടായ കാലത്ത് ശാസ്ത്രസാഹിത്യ പ്രവർത്തകരൊന്നിച്ച് അവിടെ പോയിരുന്നു. അന്ന് ഞാൻ കാട്ടൂരിൽ പരിഷത്ത് സെക്രട്ടറിയാണ്. രണ്ടാം ക്ലാസ് കംപാർട്ടുമെന്റുകൾ മാത്രമുള്ള ഒരു തീവണ്ടി വാടകക്കെടുത്താണ് അന്ന് പോയത്. 'പരിഷത് സ്പെഷലി’ന് പലപ്പാഴും സിഗ്നൽ കിട്ടിയിരുന്നില്ല. അതുകൊണ്ടുണ്ടായ സൗഭാഗ്യം മണിക്കൂറുകളോളം ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ കൃഷിയിടങ്ങൾക്കരികിൽ ചെലവഴിക്കാനായി എന്നതാണ്.
യാത്രാക്കമ്പം ഉണ്ടെങ്കിലും ഏറെയൊന്നും സഞ്ചരിക്കാനായിട്ടില്ല. എന്റെ തലമുറയിൽ പ്രവാസജീവിതം ഇല്ലാതെപോയ ചുരുക്കം പേരിൽ ഒരാളാണ് ഞാൻ. കൂടെ പഠിച്ചവരെല്ലാം ഉപജീവനാർഥം ഗൾഫിലേക്ക് കടന്നപ്പോൾ ഭാഗ്യംകൊണ്ടോ നിർഭാഗ്യം കൊണ്ടോ നാട്ടിൽത്തന്നെ ചെറിയൊരു സർക്കാരുദ്യോഗവുമായി കഴിഞ്ഞുകൂടി. വ്യത്യസ്ത ഭൂവിഭാഗങ്ങളിൽ ചെന്ന് ജീവിതത്തോട് പടവെട്ടുക എന്നതിന് കൂടുതൽ ആത്മബലം വേണമല്ലോ. അതുണ്ടായിരുന്നില്ല. പ്രിയപ്പെട്ട കോവിലൻ തന്റെ യൗവ്വനകാലത്തെക്കുറിച്ച് രസകരമായ ഒരു സംഗതി പറയാറുണ്ട്: 'അക്കാലത്ത് ഞങ്ങളെല്ലാം പട്ടാളത്തിൽ ചേർന്നു. ഭയംകൊണ്ട് പിന്മാറി നാട്ടിൽ തന്നെ തുടർന്നവരാണ് പിന്നീട് അധ്യാപകരായത്’.
റോസ്റ്റോക്ക് വിസ്മർ റെയിൽ ലൈനിലെ റെഡേലിഷ് റെയിൽവേ സ്‌റ്റേഷനിലാണല്ലോ നമ്മൾ ഇരിക്കുന്നത്. ഈ പാത സിംഗിൾ ലൈനാണ്. ചുറ്റുമുള്ള വയലുകളിൽ എണ്ണയെടുക്കാവുന്ന ഏതോ ധാന്യമാണ് കൃഷി. റെഡേലിഷിനെക്കുറിച്ച് കേട്ടറിഞ്ഞ ആവേശകരമായ സംഗതി, കുലംഗ്സ്ബോണിൽ നടന്ന ജി 8 ഉച്ചകോടിക്കു മുന്നിൽ നടന്ന ആഗോള സാമ്രാജ്യത്വവിരുദ്ധ പ്രകടനവുമായി ബന്ധപ്പെട്ടുള്ളതാണ്. പ്രകടനത്തിൽ പങ്കെടുത്ത 5000 പ്രക്ഷോഭകർ ക്യാമ്പു ചെയ്തത് ഈ ഗ്രാമത്തിലാണത്രെ. എവിടെയായിരിക്കാം പ്രക്ഷോഭകർ ക്യാമ്പുചെയ്തത്? ഇവിടെ വല്ല ഹോട്ടലോ ഹാളുകളോ ഉണ്ടോ? ഒന്നും കാണുന്നില്ല.
വിസ്മറിലേക്കുള്ള യാത്രയിലാണ് ഞാൻ റെഡേലിഷിൽ ഇറങ്ങിയത്. ഇവിടെനിന്ന് ചെറുതും വലുതുമായ നാലു സ്റ്റേഷനുകൾ പിന്നിട്ടാൽ വിസ്മർ ആയി. ബാൾട്ടിക്കിന്റെ തീരത്തുള്ള സാമാന്യം വലിയ ജർമൻ നഗരമാണിത്. കടലും കായലും കൈവഴികളായ കനാലുകളും ചേർന്ന് നമ്മുടെ ആലപ്പുഴയെ ഓർമിപ്പിക്കും. കനാലുകളിലൂടെ കായലിലേക്കും കടലിലേക്കുമുള്ള ഉല്ലാസയാത്രകളെ പ്രതീക്ഷിച്ചിട്ടാണ് സന്ദർശകർ എത്തുന്നത്.
വിസ്മറിലേക്കുള്ള യാത്രയിലാണ് ഞാൻ റെഡേലിഷിൽ ഇറങ്ങിയത്. ഇവിടെനിന്ന് ചെറുതും വലുതുമായ നാലു സ്റ്റേഷനുകൾ പിന്നിട്ടാൽ വിസ്മർ ആയി. ബാൾട്ടിക്കിന്റെ തീരത്തുള്ള സാമാന്യം വലിയ ജർമൻ നഗരമാണിത്. കടലും കായലും കൈവഴികളായ കനാലുകളും ചേർന്ന് നമ്മുടെ ആലപ്പുഴയെ ഓർമിപ്പിക്കും. കനാലുകളിലൂടെ കായലിലേക്കും കടലിലേക്കുമുള്ള ഉല്ലാസയാത്രകളെ പ്രതീക്ഷിച്ചിട്ടാണ് സന്ദർശകർ എത്തുന്നത്.

ബാസ്റ്റോർഫിലെ ഉഴുതിട്ട വയൽ
കനാലുകളിൽ നിരത്തിയിട്ട ബോട്ടുകളിൽ കച്ചവടം പൊടിപൊടിക്കുന്നു. ഭക്ഷണം വിൽക്കുന്ന ബോട്ടുകളുമുണ്ട്. മീനാണ് പ്രധാന വിഭവം. പലതരം മീനുകൾ നിരത്തി വെച്ചിരിക്കുന്നു. ഇഷ്ടമുള്ളത് തെരഞ്ഞെടുത്താൽ അത് പൊരിച്ചു തരും. പക്ഷേ ഉപ്പും മുളകും കുടംപുളിയുമില്ലാത്ത നിർഭാഗ്യവാനായ മത്സ്യമാണ്. കനാലിന്റെ ഒരരികിൽ തെരുവു കലാകാരന്മാർ തമ്പടിച്ചിരിക്കുന്നു. ഒരു പടുവൃദ്ധൻ ഇരുന്ന് വീണ വായിക്കുന്നത് കൗതുകമുള്ള ദൃശ്യമായി.
റോസ്റ്റാക്കും സ്ട്രാൽസണ്ടും (Stralsund) കഴിഞ്ഞാൽ കിഴക്കൻ ജർമനിയിലെ പ്രധാന തുറമുഖമാണ് വിസ്മർ. മെക്കലൻബർഗ് സ്റ്റേറ്റിന്റെ തലസ്ഥാനമായ Schwerin ഇതിന് തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു. ഒരു തടാകത്തിന് നടുവിലുള്ള നഗരമാണ് ഷ്വെറിൻ. അവിടെ പോകാൻ കഴിഞ്ഞില്ല.
ചരിത്രത്തിലുടനീളം അധിനിവേശങ്ങൾക്ക് വിധേയമായ നഗരമാണ് വിസ്മർ. ഏറെക്കാലം സ്വീഡന്റെ ഭാഗമായിരുന്നു. നഗരാസൂത്രണത്തിലും സംസ്കാരത്തിലും സ്വീഡിഷ് പാരമ്പര്യം ഇന്നും നിലനിർത്തുന്നു. മധ്യകാലഘട്ടത്തിലെ വ്യാപര ഉടമ്പടി സംഘമായ ഹാൻസിയാറ്റിക് ലീഗിൽ ഉൾപ്പെട്ടതിന്റെ സവിശേഷതകൾ പുലർത്തുന്ന നഗരം എന്ന നിലക്കാണ് വിസ്മറിന്റെ പ്രാധാന്യം.
അതുകൊണ്ട് നഗരം യുനസ്കോയുടെ സംരക്ഷിത പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പരമ്പരാഗതമായിത്തന്നെ കപ്പൽ നിർമാണരംഗത്തും വലിയ സംഭാവനയുണ്ട്. ഗോഥിക് ശൈലിയുള്ള പുരാതന കെട്ടിടങ്ങളും രാജകൊട്ടാരങ്ങളും പള്ളികളും ചേർന്ന് ഒരു മായാലോകമെന്നപോലെ ഇത് നമ്മെ വിഭ്രമിപ്പിക്കും. മാർക്കറ്റ് സ്ക്വയറിലെ വാസ്സർ കുൻസ്റ്റ് (Wasserkunst) ജലധാര കണ്ടു. ഇത് 1602ൽ ഹോളണ്ടിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് കാണുന്നു.
വേനലായതുകൊണ്ട് ഒരുപാട് സന്ദർശകരുണ്ട്. പതിവുപോലെ വൃദ്ധജനങ്ങളാണ് അധികവും. വൃദ്ധകാമുകരും കാമുകിമാരും ഗൗരവപൂർണമായ മൗനംകൊണ്ടാണ് സംവദിക്കുന്നത്. പൊതുവെ ഈ സന്ദർശക ബാഹുല്യം സൃഷ്ടിക്കുന്നത് ശബ്ദമല്ല; നിശ്ശബ്ദതയാണ് എന്നോർത്തപ്പോൾ എനിക്ക് അത്ഭുതം തോന്നി. ഈ നിശ്ശബ്ദത യൂറോപ്യൻ നഗരങ്ങളുടെ പൊതുസ്വഭാവമാണ്. അടക്കിപ്പിടിച്ചു മാത്രമേ ആളുകൾ സംസാരിക്കുകയുള്ളു. വണ്ടികൾ ഹോൺ മുഴക്കുക പതിവില്ല. കാറ്റ് മരച്ചില്ലകളെ ഉലയ്‌ക്കുന്ന ശബ്ദം മാത്രം കേൾക്കും. വലിയ കെട്ടിടങ്ങൾക്കിടയിലെ ഇടറോഡുകളിലെ നിശ്ശബ്ദത നമ്മെ ഭയപ്പെടുത്തുക തന്നെ ചെയ്യും.
ഉച്ചയായപ്പോൾ ഭക്ഷണം കഴിക്കാൻ ആഗ്രഹിച്ചു. ഒറ്റയ്‌ക്കുള്ള യാത്രകളിൽ ഭക്ഷണമാണ് ഒരു പ്രശ്നം. തട്ടുകടകൾ പോലുള്ളവയിൽനിന്ന് നിരത്തിവെച്ച ഭക്ഷണപദാർഥങ്ങൾ ബർഗർ, സാന്റ്‌വിച്ച് ചൂണ്ടിക്കാട്ടി വാങ്ങാൻ പ്രശ്നമില്ല. റെസ്റ്ററന്റിൽ കടന്നുചെന്നിരുന്നു ഭക്ഷണം ഓർഡർ ചെയ്തു കഴിക്കുന്നതിന് ഭാഷാപ്രശ്നം തടസ്സമാവും. അപരിചിതവിഭവങ്ങളെ മെനുനോക്കി ഓർഡർ ചെയ്താൽ എന്തായിരിക്കും ഫലം എന്ന് പ്രവചിക്കാനാവില്ല.
2018ലെ സന്ദർശനകാലത്ത് ബർലിനിലെ മരിയൻഡോർഫിൻ താമസിക്കുമ്പോൾ ഞങ്ങൾ ഒരു സാഹസത്തിനൊരുമ്പെട്ടു. കുട്ടികൾ ജോലിക്കുപോയ ദിവസം തൊട്ടുള്ള റെസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ ചെന്നു. മെനു ജർമൻ ഭാഷയിലാണ്. ഗൂഗിൾ ട്രാൻസലേഷൻ ആപ്പിലെ ക്യാമറ ഉപയോഗിച്ച് വിവർത്തനം ചെയ്തു നോക്കിയപ്പോൾ ഫിഷ് എന്ന വാക്കു കണ്ടു. സന്തോഷത്തോടെ ഓർഡർ ചെയ്തു. നിർഭാഗ്യവശാൽ കിട്ടിയത് വേവിക്കാത്ത തണുപ്പിച്ച മത്സ്യമായിരുന്നു. അതിന്മേൽ പുരട്ടാനുള്ള കുറച്ചു മസാലയും. മത്സ്യം വേവിച്ചിട്ടു മാത്രമല്ല മനുഷ്യൻ കഴിക്കുന്നതെന്ന് അന്നു കിട്ടിയ വലിയ പാഠമായിരുന്നു.
വിസ്മറിൽ Alter Hafen തെരുവിലെ ഒരു ഫിഷ് റെസ്റ്ററന്റിലാണ് ഞാൻ കയറിയത്. ജർമനിയിലെ ഒട്ടുമിക്ക ഭക്ഷണശാലകളിലും വിളമ്പുകാർ തടിച്ചശരീരമുള്ള ഗൗരവരൂപികളായ മധ്യവയസ്‌കകളാണ്. അരികിൽ വന്ന ഭവതിയോട് ഭവ്യതയോടെ ഞാൻ ചോദിച്ചു: ഇംഗ്ലീഷിൽ പറഞ്ഞാൽ മനസ്സിലാവുമോ?
‘നോ’ . കല്ലെറിയുന്നതുപോലെ ഒരു മറുപടിയാണ്. എന്നിട്ട് വേഗത്തിൽ സ്ഥലം വിടുകയും ചെയ്തു. ഞാൻ അതിശയിച്ചു. ജർമൻ ഭാഷ അറിയാത്തവർക്ക് ഇവിടന്ന് ഭക്ഷണം കിട്ടില്ലേ?
അല്ല. അവർ മറ്റൊരു സ്ത്രീയെ നിയോഗിക്കാൻ വേണ്ടി പോയതാണ്. കുറച്ചുമാത്രം ഇംഗ്ലീഷറിയാവുന്ന അവരും ഞാനും മെനു മുന്നിൽവെച്ച് ചർച്ച ചെയ്ത് തീരുമാനിച്ച വിഭവം പുഴുങ്ങിയെടുത്ത മീനും ഉരുളക്കിഴങ്ങുമായിരുന്നു. കൊണ്ടു വെച്ച മസാലകൾ സോസുകൾകൊണ്ട് പരിചരിച്ചപ്പോൾ അത് ഒരുവിധം കഴിക്കാവുന്ന വിഭവമായി മാറി. 15 യൂറോയാണ് വില. ടിപ്പ് കൊടുക്കാം. കൊടുക്കാതിരിക്കാം. യൂറോയെ രൂപയിലേക്ക് കൺവെർട്ട് ചെയ്യുന്ന വിദ്യ മറന്നപോലെ അഭിനയിച്ച് പണം നൽകി ഞാൻ പുറത്തിറങ്ങി.
16. ബാൾട്ടിക്കിലെ വിളക്കുമാടം
ബാഡ് ഡൊബറാനിലെ ബസ് സ്േറ്റഷനെക്കുറിച്ച് ഞാൻ എഴുതിയിരുന്നുവല്ലോ. ഡൊബറാൻ ചർച്ചിനടുത്താണിത്. സെൻട്രൽ ബസ് സ്േറ്റഷൻ (ZOB Bad Doberan) എന്നാണ് പേരെങ്കിലും ആൾത്തിരക്കില്ലാത്ത ഒരിടം.
അവിടെനിന്ന് ബസ്സുപിടിച്ച് ഞാനും ഹരികൃഷ്ണനും റെറിക്കിലേക്കും (Rerik)ബാസ്റ്റോർഫിലേക്കും (Bastorf) പോയി. രണ്ടും മെക്കലെൻബർഗ് വെസ്റ്റേൺ പൊമറാനിയ (Mecklenburg - Western Pomerania) ജില്ലയിലെ പട്ടണങ്ങളാണ്. ബാൾട്ടിക്കിന്റെ തീരദേശങ്ങൾ. റെറിക്കിൽ കായലുമുണ്ട്.
ആപ്പു നോക്കി ഞങ്ങൾ ബസ്സുകാത്തു നിന്നു. സമയം പാലിച്ചു തന്നെ ശകടം വന്നു. പതിവുപോലെ വയലുകൾക്കും പുൽമൈതാനങ്ങൾക്കും ഇടയിലൂടെയാണ് യാത്ര. ഗ്രാമീണറോഡുകൾക്ക് വീതി കുറവാണ്. അരികിൽ ഉടനീളം മരങ്ങളുണ്ട്.
ഏതു മരങ്ങളാവും? ഈ നാട്ടുവഴികളിലൂടെ പണ്ടെങ്ങോ യാത്ര ചെയ്തിരുന്നതായി എനിക്കു തോന്നി. ഇത് പാലക്കാടാണോ? ഒരർഥവുമില്ലാത്ത തോന്നൽ.
പഴയകാലത്ത് തൃശൂർ കൊല്ലംകോട് പാതയിൽ വടക്കുംചേരി കഴിഞ്ഞാൽ ഇങ്ങനെ മരങ്ങൾ ഉണ്ടായിരുന്നു. ഒരിക്കൽ കുഞ്ഞുണ്ണി മാഷ്‌ക്കൊപ്പം ആ വഴിയിലൂടെ നെന്മാറ കോളേജിലേക്ക് കാറിൽ സഞ്ചരിച്ചത് ഓർക്കുന്നു. ചില മരങ്ങൾ ഉണങ്ങി
നിൽക്കുന്നതു കണ്ടു. കൂട്ടാൻ വന്ന കുട്ടികൾ പറഞ്ഞു: ‘നമ്പറെഴുതുന്നതിനു വേണ്ടി പിഡബ്ലിയുഡിക്കാർ തൊലി ചുരണ്ടിയതുകൊണ്ടാണ് മരങ്ങൾ ഉണങ്ങുന്നത്’.
‘അത്യോ?’ എന്നു ചോദിച്ച് മാഷ് വിഷാദവാനായി. ‘എന്താരു കഷ്ടാണ്. ത്ര വിവരല്യാത്തോരാണോ മനുഷ്യർ?’ എന്നു കൂട്ടിച്ചേർത്തു.
പാലക്കാട്ടെ ഗ്രാമീണവഴികൾ മനസ്സിനെ ഭ്രമിപ്പിക്കുന്നവയാണ്. കൊടുവായൂർ വഴിയരികിലെ ചാഞ്ഞും ചെരിഞ്ഞും പടർന്നുമുള്ള മരങ്ങൾ എ എസ് നായരുടെ ചിത്രങ്ങളെ ഓർമിപ്പിക്കും. ഒ വി വിജയന്റേയും മുണ്ടൂർ കൃഷ്ണൻകുട്ടി / സേതുമാധവന്മാരുടേയും കഥകൾക്ക് വരച്ച ചിത്രങ്ങളാണ്. പാലക്കാടൻ സ്ത്രീയും എ എസിന്റെ വരകളിൽ തന്നെയാണ് തിളങ്ങിയിട്ടുള്ളത്.
വായിച്ചും സഞ്ചരിച്ചും പാലക്കാട് എന്നും വിസ്മയമായിരുന്നു. കുട്ടിക്കാലത്ത് സ്കൂളിൽനിന്ന് മലമ്പുഴ കാണാൻപോയ കാലം മുതലേ തുടങ്ങിയ കമ്പമാണ്. ടിപ്പുവിന്റെ കോട്ടയിലെ വെയിലും സുൽത്താൻ പേട്ടയിലെ നായർ ഹോട്ടലിൽ നിന്നുള്ള ഫുൾശാപ്പാടും; പിന്നെ മടക്കത്തിൽ ഒലവക്കോട് ബൾക്കീസിൽ നിന്നുള്ള രണ്ടാം കളി സിനിമയും. കെ വി വിൻസന്റിന്റെ താവളങ്ങളിലേക്ക് ടി വി കൊച്ചുബാവയുമായി നടത്തിയ യാത്രകളെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.
പബ്ലിക് സർവീസ് കമീഷൻ അംഗമായിരിക്കുന്ന കാലത്താണ് പിന്നെ നിരന്തരബന്ധമുണ്ടായത്. എനിക്ക് മേലന്വേഷണത്തിന് ചുമതലയുണ്ടായിരുന്ന ജില്ല പാലക്കാടായിരുന്നു. കോൺഫ്രൻസും മറ്റും ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ തീരും. സർക്കാർ ഗസ്റ്റ് ഹൗസിലാണ് താമസം. ഔദ്യോഗിക വാഹനവും
ഡ്രൈവറുമൊക്കെയുണ്ട്. അതെല്ലാം ഉപേക്ഷിച്ച് കോട്ടക്കടുത്തുള്ള ബസ് സ്േറ്റാപ്പിൽ ചെന്നുനിൽക്കും.
കാണുന്ന ബസ്സിനു കയറുക എന്നതായിരുന്നു അവിടെയും രീതി. അത് തേൻകുറുശ്ശിയിലേക്കോ പെരിങ്ങോട്ടുകുറുശ്ശിയിലേക്കോ മുണ്ടക്കോട്ട് കുറുശ്ശിയിലേക്കോ കിനാശ്ശേരിയിലേക്കോ ആവും. എവിടെയെങ്കിലും ഇറങ്ങി കാണുന്ന വഴിയിലൂടെ നടക്കും.
കൗതുകകരമായ ചില ഗ്രാമീണകേന്ദ്രങ്ങൾ അവിടെ ഇന്നുമുണ്ട്. തറകെട്ടിയ മാവോ, വേപ്പുമരമോ കാണും. ചുണ്ണാമ്പുതേച്ച ചെറിയ വീടുകൾ. മുറ്റത്ത് സിമന്റിട്ട കളം. ഭേദപ്പെട്ട വീടാണെങ്കിൽ കാളവണ്ടി കാണും. വൈശാഖൻ മാഷ്ടെ 'വണ്ടിവേഷങ്ങളി’ലെ നായകനെ വിഭ്രമിപ്പിച്ചു നിരാശപ്പെടുത്തിയ ട്രാക്റ്ററുള്ള വേലായുധേട്ടന്റെ മകളെ കണ്ടാൽ സന്തോഷിക്കാമല്ലോ എന്നോർക്കും.
ജർമൻഗ്രാമങ്ങളിലൂടെയുള്ള യാത്രയിൽ നമ്മെ ആശ്ചര്യപ്പെടുത്തുക മുന്നിൽ കാണുന്ന വിജനതയാണ്. നീണ്ട ഇടവേളക്കുശേഷമാവും ഒരു ജീവിത പരിസരം കാണുക. നാലഞ്ച് ഭവനങ്ങൾ. ഒരു വിദ്യാലയം. ഒരു സൂപ്പർ മാർക്കറ്റ്. അത്രയും കാണും. വയലുകൾക്കിടയിലെ വിജനതയിലും ഒരു ബസ് സ്േറ്റാപ്പ് കണ്ടെന്നിരിക്കും.
ജർമൻഗ്രാമങ്ങളിലൂടെയുള്ള യാത്രയിൽ നമ്മെ ആശ്ചര്യപ്പെടുത്തുക മുന്നിൽ കാണുന്ന വിജനതയാണ്. നീണ്ട ഇടവേളക്കുശേഷമാവും ഒരു ജീവിത പരിസരം കാണുക. നാലഞ്ച് ഭവനങ്ങൾ. ഒരു വിദ്യാലയം. ഒരു സൂപ്പർ മാർക്കറ്റ്. അത്രയും കാണും. വയലുകൾക്കിടയിലെ വിജനതയിലും ഒരു ബസ് സ്േറ്റാപ്പ് കണ്ടെന്നിരിക്കും. ആരെങ്കിലും ഒരാൾ അവിടെ കാത്തുനിൽക്കുന്നുണ്ടാവും. നിർവികാരമായ മുഖമുള്ള ഒരു പുരുഷൻ. അല്ലെങ്കിൽ സിഗരറ്റ് വലിച്ച് തണുപ്പിനേയും സ്വന്തം മനസ്സിനേയും പ്രതിരോധിക്കുന്ന ഒരു സ്ത്രീ.
ബാസ്ടോർഫിന് (Bastorf) അടുത്തുള്ള ഒരു സ്റ്റോപ്പിൽ ഞങ്ങൾ ഇറങ്ങി. അവിടന്നങ്ങോട്ട് ഒരു ലൈറ്റ് ഹൗസിലേക്കുള്ള നാട്ടുവഴിയാണ്. ഏതാണ്ട് രണ്ടു കിലോമീറ്റർ ദൂരമുണ്ട്. ഇരുഭാഗത്തും ഉയർന്നും താഴ്ന്നും വിലസുന്ന വയലുകൾ. ജർമനിയിൽ ചെന്നിട്ട് ഉഴുതുമറിച്ചിട്ട കൃഷിയിടം കണ്ടത് ഇവിടെ വെച്ചാണ്. ചാലുകൾ കീറി തടമെടുത്തിരിക്കുന്നു. ചിലേടത്ത് വിതകൾ മുളച്ച് തെല്ലു വളർന്നിട്ടുണ്ട്. പണി തുടങ്ങാത്ത കണ്ടങ്ങളിൽ പുല്ലുകൾ നിറഞ്ഞിട്ടുണ്ട്. വിസ്മയകരമായ സംഗതി എല്ലാ പുല്ലുകളും പൂത്തിരിക്കുന്നു എന്നതാണ്. അസാമാന്യമായ നിറത്തിലാണ് പൂക്കൾ സാന്നിധ്യമറിയിക്കുന്നത്.

ബാസ്‌റ്റോർഫിലെ ലൈറ്റ് ഹൗസ്
കുന്നിൻ ചെരിവുകൾക്കപ്പുറം നീലസമുദ്രം കാണാം. ലൈറ്റ് ഹൗസ് കാണാനായി നടന്നും സൈക്കിളിലുമായി സന്ദർശകർ എത്തുന്നുണ്ട്. ചെറുതായുള്ള കയറ്റമാണ്. ഒരു കുന്നിനു മുകളിലാണ് Bastorf Leuchtturm (Bastorf light house.) ചുവന്ന ഇഷ്ടികകൾ കൊണ്ടുള്ള കൗതുകകരമായ ഒരു നിർമിതി. 1876 ൽ ഇത് സ്ഥാപിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. എത്രയോ നാവികയാത്രകൾക്ക് ദിശകൊടുത്ത വിളക്കുമാടമാണ്. ഇപ്പോൾ പ്രധാനമായും വൃദ്ധപ്രണയിതാക്കളുടെ നിശ്ശബ്ദഭാഷണങ്ങൾക്ക് കാവൽ നിൽക്കുന്നു. പറഞ്ഞല്ലോ യൂറോപ്പിൽ പ്രണയം പൂത്തുലയുന്നുന്നത് വാർധക്യത്തിലാണ്.
ലൈറ്റ് ഹൗസുകൾക്ക് മാനവചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്. ലക്ഷണമൊത്ത ജലയാനങ്ങളും തുറമുഖങ്ങളും ഇല്ലാത്ത കാലത്താണല്ലോ മനുഷ്യന്റെ സമുദ്രസഞ്ചാരങ്ങൾ ആരംഭിക്കുന്നത്.
മത്സ്യമായിരിക്കും മനുഷ്യനെ കടലിലേക്ക് നയിച്ചിട്ടുണ്ടാവുക. രൂപമില്ലാത്ത ചാളത്തടിയിൽ ആഴക്കടലിനപ്പുറം പോയി മടങ്ങിവന്നിരുന്ന തൊഴിലാളികളെ നമസ്കരിക്കണം. അവധൂതനായി അലയുന്ന കാലത്ത് നാരായണഗുരു ഇവരുടെ ധീരതകണ്ട് വിസ്മയിച്ചിട്ടുണ്ട്.
മത്സ്യമായിരിക്കും മനുഷ്യനെ കടലിലേക്ക് നയിച്ചിട്ടുണ്ടാവുക. രൂപമില്ലാത്ത ചാളത്തടിയിൽ ആഴക്കടലിനപ്പുറം പോയി മടങ്ങിവന്നിരുന്ന തൊഴിലാളികളെ നമസ്കരിക്കണം. അവധൂതനായി അലയുന്ന കാലത്ത് നാരായണഗുരു ഇവരുടെ ധീരതകണ്ട് വിസ്മയിച്ചിട്ടുണ്ട്. ഇത്രക്കും കരുത്തും ചങ്കൂറ്റവുമുള്ള മനുഷ്യർ എന്തുകൊണ്ട് കരയിൽവന്ന് തന്നേക്കാൾ എത്രയോ അനാരോഗ്യവാനായ സവർണനു മുന്നിൽ ഭയന്നുനിൽക്കുന്നു എന്ന ചോദ്യം അദ്ദേഹം തന്നോടു തന്നെ ചോദിച്ചു. വരുതിയിൽ ദൈവമുള്ളവനാണ് മേലാളൻ! അവൻ ശപിച്ചു കളയും.
അതുകൊണ്ടു ഗുരു പണിയെടുത്തു ജീവിക്കുന്നവർക്ക് പ്രതിരോധത്തിന്റെ ആയുധമായി ദൈവത്തെ കൊടുക്കാൻ തീരുമാനിച്ചു.
തകഴിയുടെ ചെമ്മീനും പിന്നെ ഹെമിംഗ്‌വേയുടെ കിഴവനും കടലുമാണ് സമുദ്രത്തെ അനുഭവിപ്പിച്ചത്. കുട്ടിക്കാലത്ത് ഞങ്ങളുടെ നാടിന്നടുത്ത് വലപ്പാട് കഴിബ്രം ബീച്ചിൽ അമ്മായിയുടെ വീട്ടിൽ വിരുന്നു പാർക്കുമ്പോൾ അയൽവാസിയായ മത്സ്യത്തൊഴിലാളിയെ ഞാൻ വിചാരണ ചെയ്തത് ഓർക്കുന്നു. ടിയാൻ വൃദ്ധനായി തൊഴിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. എങ്കിലും കടലിലാണ് ജീവിതം എന്ന ഭാവത്തിലാണ്. ഞാൻ ചോദിച്ചു:
‘കടലിന്റെ അക്കരക്കു പോയിട്ടുണ്ടോ?’
‘അതെന്തൊരു ചോദ്യാണ് കുട്ടി? കടലിന് അക്കരെയില്ല. പുഴയ്ക്കാണ് അക്കരെയുള്ളത്.’
‘കരകാണാക്കടലിൽ കാറ്റും മഴയും വരുമ്പോൾ പേടിയാവില്ലേ?’
‘കടലിൽ ഞങ്ങക്കു പേടിയില്ല. തൃപ്രയാറ്റ് ഏകാശി കാണാൻ പൂവ്വുമ്പഴാ ഇനിക്കു പേടി.’
ആദ്യകാലത്ത് മലമുകളിലെ കാട്ടുതീ ആയിരുന്നുവത്രെ ലൈറ്റ് ഹൗസുകളുടെ ദൗത്യം നിർവഹിച്ചിരുന്നത്. ഗ്രീക്കുകാരാണ് ആദ്യത്തെ വിളക്കുമാടം ഉണ്ടാക്കിയത്. അഞ്ചാം നൂറ്റാണ്ടിൽ. ബാസ്‌റ്റോർഫ് ലൈറ്റ് ഹൗസിന് സമുദ്രനിരപ്പിൽനിന്ന് 78.08 മീറ്റർ ഉയരമുണ്ട്. കാലമനുസരിച്ച് ഓരോ ഇന്ധനങ്ങൾ മാറി മാറി ഇപ്പോൾ സോളാർ സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 1991നു ശേഷം ഇവിടം ടൂറിസ്റ്റ് സങ്കേതമായി വികസിപ്പിച്ചു.
അവിടെനിന്ന് ഞങ്ങൾ റെറിക്കിലേക്കു (Rerik) പോയി. ‘കടലപ്പുറം കായലിപ്പുറം, തെങ്ങിൻ പീലിമടലെമ്പാടും ഞാന്നു തൂങ്ങുമാ നാട്ടിൻപുറം’ (ഗൃഹപുരാണം) എന്ന് വൈലോപ്പിള്ളി എഴുതിയിട്ടുണ്ടല്ലോ. തെങ്ങും ഓലയും ഇല്ല എന്നേയുള്ളു. ശരിക്കും അതുപോലൊരു ദേശമാണ് റെറിക്. കടലിനെ പകുത്തുകൊണ്ട് വടക്കോട്ട് നീണ്ടുകിടക്കുന്ന കര.
വൈലോപ്പിള്ളി എഴുതിയത് കൊച്ചിയിലെ വൈപ്പിൻകരയെക്കുറിച്ചാണ്. പാർവത്യക്കാരനായ വല്യമ്മാവൻ എളങ്കുന്നപ്പുഴ പകുതിയിലെ നികുതിപിരിവു കഴിഞ്ഞ് രാത്രി വൈകിയതും ശിപായിയൊന്നിച്ച് ഒരു വീട്ടിൽ അഭയമന്വേഷിച്ചതുമാണ് കഥ. നീരസം ഭാവിച്ചാണ് പുറത്തു കിടക്കാൻ ‘വീട്ടിലെ മുത്തശ്ശിയാൾ’ അനുവാദം കൊടുത്തത്. അവിടെയിരുന്ന് വല്യമ്മാവൻ രാമായണം വായിക്കാൻ തുടങ്ങി. അതോടെ സംഗതി മാറി; അന്തരീക്ഷവും.'കോസടി തട്ടിക്കുടഞ്ഞകത്തു വിരിക്കയായ് കോമളകരങ്ങൾ, ശിപായിക്കുമെത്തപ്പായും.’
ഈ ‘കോമളകരങ്ങളെ’ക്കുറിച്ച് ചോദിച്ച് ശിഷ്യനായ മുല്ലനേഴി വൈലോപ്പിള്ളിമാഷെ ശുണ്ഠി പിടിപ്പിക്കുന്നതിന് ഞാൻ സാക്ഷിയായിട്ടുണ്ട്.
ബാൾട്ടികിലെ Wustrow പെനിൻസുലയുടെ തുടക്കത്തിൽ മെയിൻലാന്റിലാണ് റെറിക് എന്ന ചെറുപട്ടണം. ഒരിടത്ത് കായലും കടലും തമ്മിൽ അര കിലോമീറ്ററിലധികം വീതി കാണില്ല. കടൽത്തീരത്തുനിന്നു പിന്തിരിഞ്ഞു നോക്കിയാൽ കായൽ കാണാം.
ബാൾട്ടികിലെ Wustrow പെനിൻസുലയുടെ തുടക്കത്തിൽ മെയിൻലാന്റിലാണ് റെറിക് എന്ന ചെറുപട്ടണം. ഒരിടത്ത് കായലും കടലും തമ്മിൽ അര കിലോമീറ്ററിലധികം വീതി കാണില്ല. കടൽത്തീരത്തുനിന്നു പിന്തിരിഞ്ഞു നോക്കിയാൽ കായൽ കാണാം. വുസ്ട്രോവ് ഉപദ്വീപ് 1930 മുതൽ 1990 വരെ സൈനികത്താവളമായിരുന്നു. നാസികളുടെ കാലത്ത് ഇവിടെ യുദ്ധവിമാനങ്ങളെ ആക്രമിക്കാനുള്ള മിസൈലുകളുടെ നിർമാണവും പരിശീലനവും നടന്നിരുന്നു. ഇക്കാലത്ത് ഉപദ്വീപിലേക്കുള്ള ടൂറിസം സജീവമായിട്ടുണ്ടെങ്കിലും പല സ്ഥലങ്ങളും വേലികെട്ടിത്തിരിച്ച് പ്രവേശനം തടഞ്ഞിരിക്കുകയാണ്.
ആദ്യം കായൽ തീരത്തേക്കാണ് പോയത്. കായലിനെ ആസ്വദിച്ച് ഇരിക്കുവാൻ പടവുകളുണ്ടാക്കിയിട്ടുണ്ട്. ഒരു നീണ്ട ബോട്ടുജെട്ടി ഉണ്ട്. ധാരാളം ജലയാനങ്ങൾ തമ്പടിച്ചു കിടക്കുന്നു.
പായ്ക്കപ്പലുകളും ബോട്ടുകളും വഞ്ചികളും ചെറുകപ്പലുകളും കണ്ടു. വുസ്ട്രോവിലേക്കുള്ള യാത്ര ഇവിടെന്നായിരിക്കും തുടങ്ങുന്നത്. കായൽത്തീരത്തുള്ള ഒരു സ്പാനിഷ് റെസ്റ്ററന്റിൽ നിന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചു. സുന്ദരിയായ വിളമ്പുകാരി. അവൾ ഉസ്ബെക്കിസ്ഥാൻകാരിയാണ് എന്നു പറഞ്ഞതായാണ് ഓർമ. ചില സ്നേഹാന്വേഷണങ്ങൾ നടത്തി. ജർമനിയിലെ ഹോട്ടൽ പരിചാരകരിൽ പെൺകുട്ടികൾക്കും മധ്യവയസ്കകൾക്കും തമ്മിൽ പെരുമാറ്റത്തിൽ വലിയ അന്തരമുണ്ട്.
പെൺകുട്ടികൾ സ്നേഹത്തോടെ സംസാരിക്കുമ്പോൾ മധ്യവയസ്‌കകൾ അധികാരം കാണിക്കും.
ഇന്ത്യൻ സംഗീതം തനിക്ക് വളരെ ഇഷ്ടമാണെന്ന് ആ പെൺകട്ടി പറഞ്ഞു. മത്സ്യവിഭവമാണ് ഞങ്ങൾ തെരഞ്ഞെടുത്തത്. മൂന്നിനം മീനുകൾ ചേർന്ന ഒരു ഡിഷ്.
ധാരാളം ഉരുളക്കിഴങ്ങുമുണ്ട്. കഴിച്ചു തീർക്കാൻ പണിപ്പെട്ടു. യൂറോപ്പിൽ ഭക്ഷണം ബാക്കിയാക്കുന്നത് മര്യാദയല്ല. മുതിർന്ന വിളമ്പുകാരികൾ തങ്ങളുടെ അധികാരവും ദേഷ്യവും പ്രകടിപ്പിക്കുന്നത് പലപ്പോഴും ഈ സന്ദർഭത്തിലാണ്.
രക്ഷപ്പെടാനായി ചിലർ ബാക്കി വരുന്ന ഭക്ഷണം പൊതിഞ്ഞു വാങ്ങുകയാണ് പതിവ്. ഭക്ഷണം വേസ്റ്റാക്കുന്നത് ഇന്ത്യക്കാരന്റെ ശീലവും ഇവിടത്തെ ജാതിവ്യവസ്ഥയുടെ മുഖമുദ്രയുമാണല്ലോ. എച്ചിൽ തിന്നാൻ വേണ്ടി ജന്മമെടുത്ത ഒരു വിഭാഗമുണ്ട് എന്നാണ് ന്യായം.
എന്റെ കുട്ടിക്കാലത്ത് വീടുകളിൽ കല്യാണസദ്യ നടക്കുമ്പോൾ എച്ചിൽ ഇല എടുക്കാനായി പുറത്ത് കാത്തുനിൽക്കുന്ന നിരവധി മനുഷ്യർ ഉണ്ടായിരുന്നു. അതായിരുന്നു അവരുടെ ഭക്ഷണം. പിന്നിട് ‘കാലം പോയ പോക്കേ? കൊയ്യാൻ മാത്രല്ല; സദ്യകഴിഞ്ഞാൽ ഇലയെടുക്കാൻ പോലും ആളില്ല. എന്തൊരു ലോകം!’ എന്ന ആത്മരോഷവും കേൾക്കാൻ ഇടയായിട്ടുണ്ട്. ‘കലികാലാണ് മേന്നെ.’ എന്ന പ്രതിവചനവും കേൾക്കാം. അങ്ങനെയാണ് ടേബിളിൽ പേപ്പർ വിരിച്ച് ഇല വെയ്‌ക്കുന്ന സമ്പ്രദായം ആരംഭിച്ചത്. ഒന്നിച്ച് ചുരുട്ടിയെടുത്തു കൊണ്ടുപോയി കുഴിയിലിട്ടാൽ മതിയല്ലോ.
തൊട്ടപ്പുറത്തെ കടൽത്തിരത്തും ഞങ്ങൾ കുറച്ചു സമയം ചെലവഴിച്ചു. ആളുകൾ കടലിലിറങ്ങി കുളിക്കാനും നീന്താനും തുടങ്ങിയിരിക്കുന്നു. വെള്ളത്തിന്റെ തണുപ്പ് വിട്ടുകാണും. തിരിച്ചു പോരാനായി ബസ് സ്റ്റോപ്പിലേക്കു വന്നു. കൂനിനടക്കുന്ന ഒരു വൃദ്ധ ബസ്ഷെൽട്ടറും പരിസരവും അടിച്ചുവാരി വൃത്തിയാക്കുന്നുണ്ടായിരുന്നു. അവരുടെ വസ്തുവഹകൾ ബാഗും കോട്ടും തൊപ്പിയും മറ്റും അവിടെ സൂക്ഷിച്ചിട്ടുണ്ട്. അധികൃത ജോലിക്കാരിയാണോ ഉന്മാദിനിയാണോ എന്നു നിശ്ചയമില്ല.
തിരിച്ചെത്തി ബാഡ് ഡൊബറാൻ ബസ്‌സ്റ്റാൻഡിലിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ പള്ളിക്കടുത്ത മൈതാനത്ത് തെല്ലു വിചിത്രമായ മൊണാസ്ട്രി മാർക്കറ്റ് കണ്ടു. തിരക്കും ബഹളവും ഉണ്ട്. വർഷത്തിലൊരിക്കലാണത്രെ അതു നടക്കുക. മേൽക്കൂരയില്ലാത്ത പുരാതന ഹാളും തകർന്ന കെട്ടിടങ്ങളും ഉപയോഗപ്പെടുത്തിയാണ് മാർക്കറ്റ് സജ്ജീകരിച്ചിട്ടുള്ളത്. ചുറ്റും വേലികെട്ടി ഗേറ്റുവെച്ച് സന്ദർശകരെ നിയന്ത്രിക്കുന്നുണ്ട്. നാലു യൂറോ ടിക്കറ്റെടുത്ത് ഞങ്ങൾ അകത്തു കടന്നു.
നിരവധി സ്റ്റാളുകളുണ്ട്. സാധാരണ വീക്കിലി /ഫാർമർ മാർക്കറ്റുകളിൽനിന്നും ഇവിടെ വ്യത്യാസമുണ്ട്. നിത്യോപയോഗ വസ്തുക്കളുടെ നിർമാണവും വിൽപ്പനയും നടക്കുന്നു. ശ്രദ്ധിച്ചപ്പോൾ ജർമനിയിലെ പ്രാചീനവും പരമ്പരാഗതവുമായ ഉൽപ്പന്നങ്ങളാണ് അവിടെ നിർമിച്ച് വിൽക്കുന്നതെന്നു കണ്ടു. പെടുന്നനെ രണ്ടു നൂറ്റാണ്ടു മുന്നത്തെ ലോകത്തിൽ ചെന്നുപെട്ടപോലെ എനിക്കു തോന്നി.
തുകൽപ്പണി, വൈക്കോൽക്കിടക്ക നിർമാണം, നെയ്ത്ത്, മദ്യം വാറ്റ്, തുകൽപ്പണി, ആഭരണ നിർമാണം എന്നിവ കണ്ടു. പൊഞ്ഞനം താഴത്തെ കൃഷ്‌ണേട്ടന്റെ ആലപോലെ ഒന്ന്. കരിപുരണ്ട വസ്ത്രം ധരിച്ച ഒരാൾ ഇരുമ്പു ചുട്ടെടുത്ത് ചതക്കുന്നു. പ്രധാനപ്പെട്ട സംഗതി നിർമാതാക്കളും വിൽപ്പനക്കാരും കഴിഞ്ഞ നൂറ്റാണ്ടിലെ പ്രാചീന വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നു എന്നതാണ്.
കൗബോയ് വേഷധാരികൾ മൈതാനത്ത് ചുറ്റിക്കറങ്ങുന്നു. കുതിരകളും ഉണ്ട്. ഭക്ഷ്യവിഭവങ്ങളുമുണ്ട്. പഴയ മട്ടിലുള്ള കേക്കുകളുടെ നിർമാണം. പണ്ട് കാട്ടൂർ പോംപെ സെന്റ് മേരീസ് സ്കൂളിനു മുന്നിലെ ചേടത്ത്യാരുടെ ബോർമ്മയിൽ നിന്നു വന്നിരുന്ന അതേ സുഗന്ധം. വലിയൊരു കൽക്കരിയടുപ്പിന് മുകളിലായി ഒരു മുഴുത്ത കാളയെ തൂക്കിയിട്ടു വേവിക്കുന്നു. വെന്തഭാഗങ്ങൾ മുറിച്ചെടുത്ത് മസാലപുരട്ടി വിൽക്കുന്നുമുണ്ട്. പാനീയങ്ങളുടെ ശേഖരമാണ് മറ്റൊരിടത്ത്.
മാന്ത്രിക ദൗത്യങ്ങൾക്കുള്ള കല്ലുകളും രാസവസ്തുക്കളും ഒരിടത്തു കണ്ടു. ഈ പ്രദർശനത്തിനും വിൽപ്പനക്കും മതപരമായ പരിവേഷമുള്ളതായി തോന്നി. കന്യാസ്ത്രീകളും പുരോഹിതരും സംഘാടകരായി ഉണ്ട്. അവർ മൈക്കിലൂടെ ഉദ്ബോധനം നടത്തുന്നു.
ജർമൻ ഭാഷയായതുകൊണ്ട് മനസ്സിലായില്ല. പുരാതനമായ മൊണാസ്ട്രിയുടെ ബാക്കിയായ ആചാരങ്ങളും ചടങ്ങുകളും ആവാം. കുടുംബത്തേയും കുട്ടികളേയും കൂട്ടി ഏതാണ്ടൊരു അനുഷ്‌ഠാനം പോലെയാണ് ആളുകൾ എത്തിയിരിക്കുന്നത്.
എനിക്ക് ഓർമ വന്നത് കാട്ടൂരങ്ങാടിയിൽ കാനോലിക്കനാലിന്റെ മറുകരയിലെ എടത്തിരുത്തി കർമ്മലനാഥാ പള്ളിയിൽ എല്ലാ കൊല്ലവും നടക്കുന്ന ഊട്ടുതിരുനാളാണ്. കോരിച്ചൊരിഞ്ഞ് മഴ പെയ്യുന്ന കർക്കിടക മാസത്തിലാണ് അത് പതിവ്. ഞാൻ പോംപെ സെന്റ് മേരീസിലെ എൽപി സ്കൂളിൽ പഠിക്കുന്ന കാലത്ത് ഊട്ടുതിരുന്നാൾ ക്ലാസുമുറിയിലെ പ്രധാന ചർച്ചാവിഷയമായിരുന്നു.
എനിക്ക് ഓർമ വന്നത് കാട്ടൂരങ്ങാടിയിൽ കാനോലിക്കനാലിന്റെ മറുകരയിലെ എടത്തിരുത്തി കർമ്മലനാഥാ പള്ളിയിൽ എല്ലാ കൊല്ലവും നടക്കുന്ന ഊട്ടുതിരുനാളാണ്. കോരിച്ചൊരിഞ്ഞ് മഴ പെയ്യുന്ന കർക്കിടക മാസത്തിലാണ് അത് പതിവ്. ഞാൻ പോംപെ സെന്റ് മേരീസിലെ എൽപി സ്കൂളിൽ പഠിക്കുന്ന കാലത്ത് ഊട്ടുതിരുന്നാൾ ക്ലാസുമുറിയിലെ പ്രധാന ചർച്ചാവിഷയമായിരുന്നു. ഉച്ചപ്പട്ടിണിക്കാരായ കുറെ കുട്ടികൾ ഉണ്ടായിരുന്നു. അവരാണ് ചർച്ചക്ക് നേതൃത്വം കൊടുക്കുക. ഊട്ടിന് നാനാദേശങ്ങളിൽ നിന്ന് ആളുകൾ വരും. വാണിഭക്കാരും ഉണ്ടായിരിക്കും. ജാതിമതഭേദമന്യേ ആളുകൾ ചെന്ന് ഊണുകഴിച്ചിരുന്നു. നല്ല വെജിറ്റബിൾ ശാപ്പാടാണ്. അന്നു കേട്ട കൗതുകകരമായ സംഗതി: വലിയൊരു തോണിയിലാണ് അവിടെ സാമ്പാർ പകർന്നു വെയ്‌ക്കുക എന്നാണ്. കുന്നുകൾ പോലെയാണ് ചോറ് കൂട്ടിയിടുക.
അന്നത്തെ കർക്കടകമാസങ്ങളിൽ ഒരു ഫുൾ ശാപ്പാട് എന്നത് മനുഷ്യരുടെ സ്വപ്നമായിരുന്നു .(തുടരും)
(ദേശാഭിമാനി വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..