ശങ്കരനെപ്പോലുള്ള കോടിക്കണക്കിന് ഇന്ത്യക്കാരെ സംബന്ധിച്ചേടത്തോളം ജി 20 തുടങ്ങുന്നത് മോദിയോടെയാണ്. അവരത് സകലമാന സർക്കാർ കടിതങ്ങളിലും കണ്ട് ശീലിച്ചതാണ്. ഡിഎവിപി പരസ്യങ്ങളും അതു തന്നെയാണ് പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ജി 7 രാജ്യങ്ങൾ ഏതാണ്ട് നിർബന്ധബുദ്ധ്യാ അടിച്ചേൽപ്പിച്ച ജി 20 നെതിരെ ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളിൽനിന്ന് അന്നുയർന്ന പ്രതിഷേധങ്ങളൊന്നും അവരറിഞ്ഞു കാണില്ലല്ലോ.
പട്ടാളത്തിൽ ചേരുംവരെ ഇടതുപക്ഷക്കാരനായിരുന്ന ആനശങ്കരൻ, സുബേദാർ മേജറായി തിരിച്ചുവന്നത്, പക്ഷം കൈമോശംവന്ന് വെറും ഭക്തനായാണ്. ആദ്യം റെസിഡന്റ്‌സ് അസോസിയേഷൻ, പിന്നെ അമ്പലക്കമ്മിറ്റി, അതും കഴിഞ്ഞ് സാമുദായിക സംഘടന എന്നിങ്ങനെ അടിക്കടി പ്രമോഷൻ വാങ്ങി ആളൊരു മുരത്ത വർഗീയതാവാദിയായി മാറിക്കൊണ്ടിരിക്കുകയാണെങ്കിലും ഞാനതത്ര കാര്യമാക്കിയിരുന്നില്ല. രാഷ്‌ട്രീയം പറയുന്നത് വേണ്ടെന്നുവച്ചു എന്നു മാത്രം. എന്തൊക്കെയായാലും അയൽവാസിയല്ലേ! എന്നാൽ മിനിഞ്ഞാന്ന്, ഒരു പ്രകോപനവുമില്ലാതെ വീട്ടിൽ കയറിവന്ന് ആൾ തുരുതുരാ ചോദ്യങ്ങൾ എറിയുകയായിരുന്നു. ശങ്കരനിൽ നിന്നൊരിക്കലും പ്രതീക്ഷിച്ചതല്ല അമ്മാതിരി ചോദ്യങ്ങൾ.
ജി സെവനോ, ജി സെവന്റി സെവനോ?
ജി 7 ആണോ ജി 20 ആണോ അതോ ജി 77 ആണോ വലുത് എന്നായിരുന്നു ആദ്യ ചോദ്യം. ഒന്നും ഒന്നിലും കൂടുതലല്ല, കുറവുമല്ല എന്ന ഉത്തരം ശങ്കരനെ തൃപ്തിപ്പടുത്തിയില്ല എന്ന് മുഖം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. പെട്ടെന്നായിരുന്നു അടുത്ത ചോദ്യം എടുത്തിട്ടത്. ജി 77ന്റെ അധ്യക്ഷത ക്യൂബക്കല്ലേ എന്നതായിരുന്നു അത്. അതെയെന്ന് ഞാൻ. കഴിഞ്ഞവർഷം ഇന്തോനേഷ്യക്കായിരുന്നു ജി 20 അധ്യക്ഷത. ഇക്കൊല്ലം മോദിക്കായതെങ്ങനെ എന്നാണ് പിന്നത്തെ ചോദ്യം.
(കഴിഞ്ഞ കൊല്ലത്തെ അധ്യക്ഷൻ ആരെന്ന് ചോദിച്ചാൽ കിട്ടുന്ന മറുപടി ഇന്തോനേഷ്യ എന്നായിരിക്കെ, ഇക്കൊല്ലത്തെ അധ്യക്ഷൻ ഇന്ത്യ എന്നതിന് പകരം മോദി എന്നു പറയുന്നതിനും കാണണമല്ലോ ഒരു കാരണം! മരുന്നു പേക്കറ്റിന്മേലും വളച്ചാക്കിന്മേലും ഭാ ജ പ എന്ന് ഹിന്ദിയിലും ബി ജെ പി എന്ന് ഇംഗ്ലീഷിലും എഴുതാൻ കൽപ്പിച്ചതിന്റെ ‘വലുപ്പം’ തന്നെയാണ് അതിനു പിന്നിലും എന്ന് നാട്ടാർക്കറിയില്ലല്ലോ. ആഗോള തെരഞ്ഞെടുപ്പിൽ ലോക ജനത അധികാരത്തിലേറ്റിയ രാഷ്ട്രതന്ത്രജ്ഞനായതുകൊണ്ടാണ് ആ പദവി എന്ന മട്ടിലാണല്ലോ പ്രചാരണം).
ഞാൻ ജി 77 നൊപ്പം
ചോദ്യങ്ങൾക്ക് ഓരോന്നിനുമായി മറുപടി പറയാൻ തുടങ്ങിയാൽ ഏറെയുണ്ട് പറയാൻ. ജി 7 ഉണ്ട്, ജി 8 ഉണ്ട്, ജി 20 ഉണ്ട്, 22 ഉണ്ട്, 33 ഉണ്ട്, പിന്നെ ജി 77 ഉം. ഇതിൽ ഞാൻ ബഹുമാനിക്കുന്നത് ജി 77നെ മാത്രമാണ് എന്ന് പറഞ്ഞ ഉടൻ
ചോദ്യമുയർന്നു, അങ്ങനെ തോന്നുന്നത് ജി 20 അധ്യക്ഷത മോദിക്കായതുകൊണ്ടാണോ എന്ന്! ജി 7, ജി 8 സീരീസിനേക്കാൾ പതിനൊന്ന് വർഷം മുമ്പേ 1964ൽ പിറവിയെടുത്തതുകൊണ്ടു മാത്രമല്ല, പേരു കൊണ്ട് ജി 77 ആണെങ്കിലും, രൂപംകൊള്ളുമ്പോൾ ഉണ്ടായിരുന്ന 77 രാജ്യങ്ങളുടെ കൂടെ മറ്റൊരു 57 അംഗങ്ങൾ കൂടി ചേർന്ന് 134 ദേശ രാഷ്ട്രങ്ങളാണ് ഇപ്പോൾ അതിൽ അണിനിരന്നിരിക്കുന്നത് എന്നതുകൊണ്ട് കൂടിയാണ് ആ ബഹുമാനം എന്നായി ഞാൻ.
മാത്രവുമല്ല, അതിന്റെ പ്രഖ്യാപിത ലക്ഷ്യം വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ഒരു വേദി എന്നതാണല്ലോ. ആ നിലയ്ക്ക് ഐക്യരാഷ്ട്രസഭപോലുള്ള പൊതുവേദികളില്‍ അതിവികസിത രാജ്യങ്ങളോട് പൊരുതിനിന്ന ഒരു പാരമ്പര്യവും അതിനുണ്ട്. ബഹുരാഷ്ട്ര കുത്തകൾക്ക് ഒരു പെരുമാറ്റച്ചട്ടം വേണമെന്ന ആവശ്യം ഐക്യരാഷ്ട്ര സഭയെക്കൊണ്ട് അംഗീകരിപ്പിച്ചത് ആ നവസ്വതന്ത്ര മൂന്നാം ലോക രാജ്യങ്ങളുടെ കൂട്ടായ്മയാണ്. അന്താരാഷ്ട്ര കുത്തകകളാൽ നയിക്കപ്പെടുന്ന നടപ്പ് വ്യവസ്ഥക്ക് പകരമായി ഒരു നവലോക സാമ്പത്തിക ക്രമം വേണം (New International Economic order NIEO) എന്ന ആവശ്യമുയർത്തിയതും ജി 77 കൂട്ടായ്മയാണ്. അപാർത്തീഡിനെതിരായും നിരായുധീകരണത്തിനുവേണ്ടിയും ശബ്ദമുയർത്തിക്കൊണ്ട് അത് മനുഷ്യപക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്തു. അതുതന്നെ കാരണം എന്നായി ഞാൻ.
ജി 4, ജി 5, ജി 6, ജി 7, ജി 20
എന്നാൽ ജി 7 ആകട്ടെ, വികസിത സമ്പന്ന രാജ്യങ്ങളുടെ ഒരു എലൈറ്റ് ക്ലബ് ആയിരുന്നു. അമേരിക്കയും ബ്രിട്ടനും ജർമനിയും ജപ്പാനും ഫ്രാൻസും ചേർന്ന ജി 5 ആണ് ഇറ്റലിയെയും കൂടെക്കൂട്ടി ജി 6 ആയും പിന്നെ കാനഡയെയും ചേർത്ത് ജി 7 ആയും മാറുന്നത്. റഷ്യയെക്കൂടി തങ്ങൾക്കൊപ്പം നിർത്താൻ ബോറിസ് യെൽസിനെ ഒരു യോഗത്തിലേക്ക് ക്ഷണിച്ചശേഷം പൊളിറ്റിക്കൽ 8 എന്നും ജി 7+1 എന്നും അറിയപ്പെട്ട ആ സംവിധാനം റഷ്യക്ക് ഔപചാരിക അംഗത്വം കൊടുത്തുകൊണ്ട് ജി 8 ആയി മാറിയത് 1997 ലാണ്. അപ്പോഴൊക്കെയും അത് അത്യതിസമ്പന്ന രാജ്യങ്ങളിലെ വമ്പൻ കുത്തകകളുടെ താൽപ്പര്യ സംരക്ഷണമാണ് നടത്തിപ്പോന്നത് എന്ന കാര്യം ശങ്കരനും അറിയാം. പക്ഷേ ആ ജി 7 ന്റെ മുൻകൈയിലാണ് ജി 20 രൂപം കൊണ്ടത് എന്നു പറഞ്ഞപ്പോൾ മൂപ്പർക്ക് വിശ്വാസമായില്ല. മോദിജിയോടുള്ള വിരോധം കൊണ്ടാണ് അതങ്ങനെ പറയുന്നത് എന്നായി കക്ഷി.
രക്ഷയ്ക്ക് സൂസൻ സീദർബർഗ്
അപ്പോഴാണ് സൂസൻ സീദർബർഗിനെ ഓർത്തത്. തക്ക സമയത്താണ് ആ ഓർമ രക്ഷയ്െക്കത്തിയത്. അവരുടെ 'ദ പൊളിറ്റിക്സ് ഓഫ് ദ ന്യൂ ഇന്റർനാഷനൽ ഫൈനാൻഷ്യൽ ആർക്കിടെക് ച്വർ: റീ ഇമ്പോസിങ്ങ് നിയോലിബറൽ
ഡോമിനേഷൻ ഇൻ ദ ഗ്ലോബൽ സൗത്ത്’ അലമാരയില്‍ ഉണ്ട്. ദക്ഷിണ ലോകത്ത് നവലിബറൽ ആധിപത്യം അടിച്ചേൽപ്പിക്കുന്നതും പുതിയ അന്താരാഷ്ട്ര ഫൈനാൻഷ്യൽ ആർക്കിടെക്ച്വറിന്റെ രാഷ്ട്രീയവും തമ്മിലുള്ള ബന്ധമാണ് അതിൽ കൈകാര്യം ചെയ്യുന്നത്. ജി 7 രാജ്യങ്ങളുടെ ഉച്ചകോടികളിലെ ആലോചനകൾ ജി 20 രൂപവൽക്കരണത്തിലേക്ക് നയിച്ചതിന്റെ വിശദാംശങ്ങളും അതിൽ പറയുന്നുണ്ട്. പെട്ടെന്ന് തന്നെ പുസ്തകം തപ്പിപ്പിടിച്ച്, മുമ്പേ അടിവരയിട്ട ഭാഗം കണ്ടെടുത്തു. അതാ അതിലെ 81 ാം പേജിൽ സർപ്പം പോലെ കിടക്കുന്ന വരികൾ: After hearing provisional reports from such adhoc committees as the G22 and G33, whose membership was selected under the watchful eye of the US, the G7 leaders created the G 20 on 25 September 1999 in Washington DC. അമേരിക്കയുടെ കാവൽക്കണ്ണിന് കീഴിൽ തെരഞ്ഞെടുക്കപ്പെട്ട ജി 22, ജി 33 എന്നീ താൽക്കാലിക സമിതികളുടെ താൽക്കാലിക റിപ്പോർട്ടുകൾ കേട്ട ശേഷം 1999 സെപ്‌തംബർ 25 ന് ജി 7 നേതാക്കള്‍ വാഷിങ്ടൺ ഡി സിയിൽ ജി 20ന് രൂപം കൊടുത്തു എന്നു തന്നെ!
അത്രയും കേട്ടപ്പോൾ കാര്യം സമ്മതിച്ചു തന്നെങ്കിലും പിന്നെ മൂപ്പർക്ക് കിട്ടിയ പിടിവള്ളി ജി 22 ഉം ജി 23 ഉം ആയി. അതിന്മേലായി വർത്തമാനം. അങ്ങനെയൊക്കെയുള്ള സംവിധാനങ്ങൾ അയാളെ സംബന്ധിച്ചേടത്തോളം അവിശ്വസനീയമായ പുതിയ അറിവാണെന്ന് മനസ്സിലായതോടെ, അതും വിശദീകരിക്കേണ്ടി വന്നു. ജി 22 പിന്നെ ജി 33 ആയും അത് പിന്നെ ജി 20 ആയും മാറിത്തീരുകയായിരുന്നുവല്ലോ.
വില്യാഡ് ഗ്രൂപ്പ് എന്നു കൂടി പേരുള്ള ജി 22 ന്റെ പ്രഖ്യാപനം നടത്തിയത് മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ആയിരുന്നു എന്നു പറഞ്ഞപ്പോൾ അതെന്താ അങ്ങനെ എന്നായി ശങ്കരൻ. ആഗോള സാമ്പത്തിക വ്യവസ്ഥയുടെ രൂപത്തിൽ വരുത്തേണ്ട മാറ്റങ്ങൾ ചർച്ച ചെയ്യാനായി വിളിച്ചുചേർക്കപ്പെട്ട ആ ഗ്രൂപ്പ് രൂപം മാറി മാറി ജി 20 ആയതാണെന്ന കാര്യം മനസ്സിലായപ്പോൾ ശങ്കരന്റെ പിരിമുറുക്കം ഒന്നയഞ്ഞതായി തോന്നി. ഇപ്പോൾ ആൾ കുറേക്കൂടി യാഥാർഥ്യബോധം കൈവരിച്ച് വിവേകിയായി മാറിയ പോലെ!
ജി സെവനൈസേഷൻ?
ശങ്കരനെപ്പോലുള്ള കോടിക്കണക്കിന് ഇന്ത്യക്കാരെ സംബന്ധിച്ചേടത്തോളം ജി 20 തുടങ്ങുന്നത് മോദിയോടെയാണ്. അവരത് സകലമാന സർക്കാർ കടിതങ്ങളിലും കണ്ട് ശീലിച്ചതാണ്. ഡിഎവിപി പരസ്യങ്ങളും അതു തന്നെയാണ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ജി 7 രാജ്യങ്ങൾ ഏതാണ്ട് നിർബന്ധബുദ്ധ്യാ അടിച്ചേൽപ്പിച്ച ജി 20 നെതിരെ ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളിൽനിന്ന് അന്നുയർന്ന പ്രതിഷേധങ്ങളൊന്നും അവരറിഞ്ഞു കാണില്ലല്ലോ.
വികസിത സമ്പന്ന രാജ്യങ്ങളിലെ സമ്പന്ന ക്ലബ്ബായ ജി 7 ന്റെ തിട്ടൂരങ്ങൾ കുറേക്കൂടി വ്യാപകമായി നടപ്പാക്കിക്കിട്ടുന്നതിനുവേണ്ടിയാണ് ഇങ്ങനെയൊരു തട്ടിക്കൂട്ടൽ എന്നതായിരുന്നു ആശങ്ക. ജി 7 രാഷ്ട്രങ്ങൾ തങ്ങൾക്ക് പറ്റിയ തീരുമാനങ്ങൾ എടുത്ത്, അത് ജി 20 വഴി ലോകജനതക്ക് മേൽ അടിച്ചേൽപ്പിക്കുകയാവും ഫലം എന്ന് അന്നേ കാര്യബോധമുള്ളവർ പറഞ്ഞതാണ്. ജി 7 ആശയങ്ങൾക്ക് നീതീകരണം ചമയ്ക്കാനുള്ള വെറുമൊരു ലിസനേഴ്സ് ക്ലബ്ബായി മാറും ജി 20 എന്ന അന്നത്തെ ശങ്ക നേരാണെന്ന് കാലം തെളിയിച്ചു കാട്ടുകയാണ്.
ജി 20 ന്റെ രൂപവൽക്കരണത്തിന് എതിർനിന്നത് മൂന്നാം ലോകരാജ്യങ്ങൾ മാത്രമായിരുന്നില്ല. വികസിത സമ്പന്ന രാജ്യമായ ഫ്രാൻസ് അതിനെ ശക്തമായി എതിർത്തത്, തങ്ങളുടെ സ്വന്തക്കാരനായ മിഷായൽ കാം ഡസസ്സ് നയിക്കുന്ന ഐഎംഎഫിന്റെ അധികാരങ്ങൾ ഈ ജി 20 കവർന്നെടുത്തേക്കും എന്ന് ഭയന്നാണ് (ഭയം അസ്ഥാനത്താണ് എന്ന് ഇപ്പോൾ തെളിഞ്ഞത് വേറെ കാര്യം). ഇറ്റലിയും ഫ്രാൻസിനൊപ്പമായിരുന്നു.
ഐഎം എഫിന്റെ ബോഡ് ഓഫ് ഗവർണേഴ്സിന് ആഗോള സമ്പദ് വ്യവസ്ഥയെക്കുറിച്ച് ഉപദേശനിർദേശങ്ങൾ നൽകുന്ന ഇന്റർനാഷനൽ മോണിറ്ററി ആൻഡ് ഫൈനാൻഷ്യൽ കമ്മിറ്റി (IMFC) ഉണ്ടായിരിക്കെ, പിന്നെന്തിന് വേറൊരു സംവിധാനം എന്നതായിരുന്നു അവരുടെ നിലപാട്. 190 അംഗ രാജ്യങ്ങളിലെ ഗവർണർമാരിൽനിന്ന് തെരഞ്ഞെടുത്ത 24 അംഗങ്ങളാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നിരിക്കെ പുതിയ ഒരു ഏർപ്പാട് വേണ്ട എന്നതായിരുന്നു ന്യായം.
ബ്രിട്ടൺ ജി 20 നൊപ്പമായിരുന്നെങ്കിലും, തങ്ങളുടെ ധനകാര്യമന്ത്രി ഗോർഡൻ ബ്രൗൺ അധ്യക്ഷനായുള്ള ഐഎംഎഫ് സി യുടെ അധികാരം നഷ്ടപ്പെടുമോ എന്ന ആശങ്കയിലായിരുന്നു. കാനഡ ജി 20യെ സ്വാഗതം ചെയ്തത്, അത് അമേരിക്ക മുൻകൈയെടുത്ത് നയിക്കുന്ന ജി 22വിനേക്കാൾ മെച്ചമാവും എന്ന് കരുതിയാണ്.
ജി 20യുടെ യഥാർഥ കഥ
ഈ വ്യത്യസ്ത നിലപാടുകൾ ഇന്ന് കൂട്ടിവായിക്കുമ്പോൾ ജി 20 എന്ന സംവിധാനം ജി 7 എന്ന സമ്പന്നരുടെ ക്ലബ്ബിന്റെ ഒരു എക്സ്റ്റൻഷൻ മാത്രമാണ് എന്ന് ബോധ്യപ്പെടും. ശങ്കരന് അത് ഏതാണ്ട് ബോധ്യമായി. പക്ഷേ ശങ്കരൻ നൂറ്റിനാൽപ്പത് കോടിയിൽ ഒന്ന് മാത്രം. അതിൽ ഭൂരിപക്ഷത്തെയും തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ജി 20 അധ്യക്ഷത മോദിയുടെ ആഗോള നേതൃത്വത്തിലേക്കുള്ള ജൈത്രയാത്രയുടെ ഭാഗമാണ് എന്ന് വിശ്വസിപ്പിക്കാനാണ് ശ്രമം. അങ്ങനെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നവരോട് ജി 20യുടെ ആവിർഭാവത്തിന്റെ കഥയറിയാമോ എന്ന് ചോദിച്ചാൽ മതി.
1999ൽ മാത്രം രൂപം കൊണ്ട ഒരന്താരാഷ്ട്ര കൂട്ടായ്മയാണത്. ഐക്യരാഷ്ട്ര സഭയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ചെറിയ ഏർപ്പാട്. സ്വന്തമായി ഒരു സെക്രട്ടേറിയേറ്റ് പോലുമില്ല. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ വിശ്വാസ്യത തന്നെ തകർത്തുകൊണ്ട്, അവരുടെ കുറിപ്പടികൾ അതേപടി സ്വീകരിച്ച പല രാജ്യങ്ങളിലും സാമ്പത്തികത്തകർച്ചകൾ അടിക്കടി അരങ്ങേറിക്കൊണ്ടിരുന്ന ഒരു കാലത്താണ് ജി 7 രാജ്യങ്ങൾ സാമ്പത്തികത്തകർച്ച നേരിടാൻ തങ്ങളുടേതായ കൂടിയാലോചനകൾ നടത്തിയത്.
ലോകരാഷ്ടങ്ങൾ പരസ്പരം ഉദ്ഗ്രഥിതമായതുകൊണ്ട് ഒരു രാജ്യത്തുണ്ടാവുന്ന സാമ്പത്തിക അസ്ഥിരത എല്ലാ രാജ്യങ്ങളെയും കുഴപ്പത്തിലാക്കിയേക്കും. അതുകൊണ്ട് ആഗോള തലത്തിൽ ധനപരമായ ദൃഢത (stability) ഉറപ്പാക്കേണ്ടത് ധനമൂലധനത്തിന്റെ ആവശ്യമാണ്.
ലോകരാഷ്ടങ്ങൾ പരസ്പരം ഉദ്ഗ്രഥിതമായതുകൊണ്ട് ഒരു രാജ്യത്തുണ്ടാവുന്ന സാമ്പത്തിക അസ്ഥിരത എല്ലാ രാജ്യങ്ങളെയും കുഴപ്പത്തിലാക്കിയേക്കും. അതുകൊണ്ട് ആഗോള തലത്തിൽ ധനപരമായ ദൃഢത (stability) ഉറപ്പാക്കേണ്ടത് ധനമൂലധനത്തിന്റെ ആവശ്യമാണ്. അതിനുള്ള കൂടിയാലോചനകളാണ് ജി 7 ഉച്ചകോടികളായി ഹാലിഫാക്സിലും കൊളോണിലും നടന്നത്.
അവിടെ നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞ സംവിധാനമാണ് ന്യൂ ഇന്റർനാഷനൽ ഫൈനാൻഷ്യൽ ആർക്കിടെക്ചർ. അതിന്റെ പ്രധാന ഘടകമായ ജി 20 യുടെ സർവാണി സദ്യയിൽ വിളമ്പിയൊപ്പിച്ചത് ജി 7 യോഗങ്ങളിൽ ചുട്ടെടുത്ത വിഭവങ്ങളാണ്.
ജി 20യോടൊപ്പമുള്ള മറ്റ് രണ്ട് സംവിധാനങ്ങളാണ് ഫൈനാൻഷ്യൽ സ്റ്റെബിലിറ്റി ഫോറവും റിട്ടേൺ ഓഫ് ഒബ്സർവൻസസ് ഓഫ് സ്റ്റാൻഡേഡ് സ് & കോഡ്സും. മാനദണ്ഡങ്ങളും നിയമാവലികളും ഏകീകൃതമാക്കുക എന്നു പറഞ്ഞാൽ ജി 7ന് ഇണങ്ങിയതാക്കി മാറ്റുക എന്നു തന്നെ. ഫൈനാൻഷ്യൽ സ്റ്റെബിലിറ്റി ഉറപ്പാക്കാൻ തങ്ങൾ പറഞ്ഞതിൻപടിയുള്ള മേൽനോട്ട സംവിധാനങ്ങൾ ബാങ്കിങ്, ഇൻഷൂറൻസ്, സ്റ്റോക്ക് എക്സ്ചേഞ്ച് മേഖലകളിൽ കർശനമായും നടപ്പാക്കാനാണ് നിർദേശം.
ഇങ്ങനെ മൂന്നാം ലോക രാജ്യങ്ങൾ അടക്കമുള്ള വികസ്വര രാജ്യങ്ങളെയും അവികസിത രാഷ്ട്രങ്ങളെയും ഒരുപോലെ അതീവ സമ്പന്ന രാജ്യങ്ങളുടെ ചൊൽപ്പടയിലാക്കുന്നതിന് രൂപംകൊണ്ട ഒന്നാണ് നിഫ. ആ നിഫയുടെ ഭാഗമായ ജി 20 യും നിറവേറ്റുന്ന ധർമം ഇതാണ്. അതറിയാതല്ല ആ ജി 20 യെയും അതിന്റെ അധ്യക്ഷ പദവിയെയും കുറിച്ചുള്ള ഹൈപ്പ് സൃഷ്ടിക്കുന്നത്.
ഇന്ത്യൻ കുത്തകകളിൽ പലതും ബഹുരാഷ്ട്ര കുത്തകകളായിക്കഴിഞ്ഞ സാഹചര്യത്തിൽ, ശിങ്കിടി മുതലാളിത്തത്തിന്റെ കാലത്ത് ഇന്ത്യൻ ഭരണവർഗം അവരുടെ വർഗസ്വഭാവം വെളിപ്പെടുത്തുന്ന ഒന്ന് മാത്രമാണ് ജി 20 പ്രഘോഷണങ്ങൾ. ഇക്കാര്യം അതിവേഗം ജനങ്ങളിലേക്ക് എത്തിച്ചില്ലെങ്കിൽ സംഘപരിവാർ കുഴിക്കുന്ന കുഴിയിൽ അവർ വീണേക്കും.
ഇന്ത്യൻ കുത്തകകളിൽ പലതും ബഹുരാഷ്ട്ര കുത്തകകളായിക്കഴിഞ്ഞ സാഹചര്യത്തിൽ, ശിങ്കിടി മുതലാളിത്തത്തിന്റെ കാലത്ത് ഇന്ത്യൻ ഭരണവർഗം അവരുടെ വർഗസ്വഭാവം വെളിപ്പെടുത്തുന്ന ഒന്ന് മാത്രമാണ് ജി 20 പ്രഘോഷണങ്ങൾ. ഇക്കാര്യം അതിവേഗം ജനങ്ങളിലേക്ക് എത്തിച്ചില്ലെങ്കിൽ സംഘപരിവാർ കുഴിക്കുന്ന കുഴിയിൽ അവർ വീണേക്കും. അതൊഴിവാക്കാനാവണമെങ്കിൽ മറ്റ് നുണകളുടെ മുനയൊടിക്കുമ്പോലെ ഈ പൊള്ള ബലൂണിനുനേരെയും സൂചിമുനകൾ നീളേണ്ടതുണ്ട് .
(ദേശാഭിമാനി വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..