25 April Thursday

വിളിപ്പാടകലെ സഹപാഠികൾ; അജിതയ്‌ക്ക്‌ ഇനി സ്വന്തം വീട്‌

കെ ഡി ജോസഫ്‌Updated: Thursday Jun 9, 2022

കാലടി> കാലടി ശ്രീശങ്കര കോളേജിലെ 1994–-1997 ഇക്കണോമിക്‌സ്‌ ബാച്ചിന്റെ ഒത്തുചേരലിൽ തിളച്ചുതൂവിയത്‌ സ്‌നേഹത്തിന്റെ പാൽമധുരം. നെടുമ്പാശേരി പഞ്ചായത്ത്‌ പുലിത്തറവീട്ടിൽ അജിത പ്രമോദിനായി സഹപാഠികൾ നിർമിച്ചുനൽകിയ വീടിന്റെ ഗൃഹപ്രവേശച്ചടങ്ങിലായിരുന്നു ഒത്തുചേരൽ. അതിലേക്ക്‌ വഴിതുറന്നതാകട്ടെ ഒരു ഫോൺ കോളും.

ഒരുവർഷംമുമ്പ്‌ സഹപാഠികളുടെ വാട്‌സാപ് ഗ്രൂപ്പ്‌ രൂപീകരിച്ചെങ്കിലും അജിതയെമാത്രം കണ്ടെത്താനായിരുന്നില്ല.  കുടുംബശ്രീവഴി കൊച്ചി മെട്രോയിൽ താൽക്കാലിക ജോലിക്കാരിയായ അജിതകുമാരി, മൂന്നരമാസംമുമ്പ് ജോലി കഴിഞ്ഞ്‌ രാത്രി സ്കൂട്ടറിൽ മടങ്ങവേ നായ വട്ടംചാടി സ്കൂട്ടർ മറിഞ്ഞ്‌ പരിക്കേറ്റ് ആശുപത്രിയിലായതും സഹപാഠികൾ അറിഞ്ഞില്ല. പരിക്കേറ്റ് ആശുപത്രിയിലായ അജിത ജോലിയിൽ തുടരാനുള്ള സാധ്യതകൾ അറിയാനാണ് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സിജോ ചൊവ്വരാനെ നമ്പർ തപ്പിയെടുത്ത് വിളിച്ചത്.

സഹായം തേടി വിളിച്ചത്‌ കാൽനൂറ്റാണ്ടുമുമ്പ്‌ സഹപാഠിയായിരുന്ന അജിതയാണെന്ന്‌ സിജോ തിരിച്ചറിഞ്ഞു. ഒപ്പം പഠിച്ച ചെങ്ങമനാട് എഎസ്ഐ തോമസ് പനഞ്ചിക്കൽ, കുറുമശേരിയിൽ ഹാർഡ്‌വെയർ കട നടത്തുന്ന പ്രമോദ്‌ എന്നിവർക്കൊപ്പം സിജോ ചൊവ്വരാൻ അജിതയുടെ വീട്ടിലെത്തി. അജിതയുടെ ഭർത്താവ് പ്രദീപ് ഒന്നരവർഷംമുമ്പ് ഹൃദയാഘാതംമൂലം മരിച്ചു. രണ്ടു മക്കളിൽ ഒരാൾ ഭിന്നശേഷിവിഭാഗത്തിൽ. കഴിയുന്നത്‌ പണിതീരാത്ത വീട്ടിലും.
അജിതയ്‌ക്ക് വീട് നിർമിക്കാൻ "മിഷൻ 60 ഡെയ്സ്’ എന്ന പദ്ധതിക്ക് രൂപംകൊടുത്തു.

വാട്‌സാപ്‌ കൂട്ടായ്മയിലൂടെ സ്വദേശത്തും വിദേശത്തുമുള്ള മുപ്പതിൽപ്പരം സഹപാഠികൾ സഹായമെത്തിച്ചു. ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് ഓപ്പറേറ്റിങ്‌ ഓഫ് ഓഫീസർ പ്രൊഫ. സി പി ജയശങ്കർ, ശ്രീശങ്കര കോളേജ് പ്രിൻസിപ്പൽ ഡോ. എ സുരേഷ്, അധ്യാപിക ഡോ. പ്രീതി എസ് നായർ എന്നിവരും ഒപ്പംനിന്നതോടെ നാലുലക്ഷം രൂപ ചെലവിൽ 800 ചതുരശ്ര അടി വിസ്തീർണമുള്ള വീടൊരുങ്ങി. സിജോ ചൊവ്വരാൻ, നെടുമ്പാശേരി പഞ്ചായത്ത്‌ അംഗം ശോഭ ഭരതൻ, എഎസ്ഐ തോമസ് പനഞ്ചിക്കൽ, ഡോ. പ്രീതി എസ് നായർ, അജിതയുടെ അച്ഛൻ ടി കെ ശേഖരൻ എന്നിവർ ചേർന്ന് ഗൃഹപ്രവേശത്തിന് തിരിതെളിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top