17 April Wednesday

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഒരിക്കലും പങ്കെടുക്കാത്ത ഏക സംഘടന

തയ്യാറാക്കിയത്‌: വി ബി പരമേശ്വരൻUpdated: Sunday Aug 14, 2022
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഒരിക്കലും പങ്കെടുക്കാത്ത ഏക സംഘടന ആർഎസ്‌എസായിരിക്കും. സ്വാതന്ത്ര്യസമരം ഗാന്ധിജിയുടെ നേതൃത്വത്തിൽ ശക്തമായി മുന്നേറവെ രൂപീകരിച്ച സംഘടനയായിട്ടും ആ ജനകീയ പ്രസ്ഥാനത്തിൽനിന്ന്‌ വിട്ടുനിന്ന്‌ ബ്രിട്ടീഷുകാർക്ക്‌ ശക്തിപകർന്ന സംഘടനയായിരുന്നു ആർഎസ്‌എസ്‌. ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ ഒരു സംഘടനയെന്നനിലയിൽ ആർഎസ്‌എസ്‌ സമരം നടത്തുകയോ പ്രചാരണത്തിന്‌ ആഹ്വാനം ചെയ്യുകയോ ചെയ്‌തിട്ടില്ല.
 
ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളുടെ യോജിച്ച സമരത്തെ ഹിന്ദുരാഷ്ട്ര മുദ്രാവാക്യമുയർത്തി ഭിന്നിപ്പിക്കുകയെന്ന ‘സംഭാവന’ മാത്രമാണ്‌ ആർഎസ്‌എസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്‌. ആർഎസ്‌എസ്‌ രൂപംകൊണ്ട 1925 മുതൽ സ്വാതന്ത്ര്യം നേടിയ 1947 വരെയുള്ള കാലത്ത്‌ പുറത്തിറക്കിയ ഒരു ആർഎസ്‌ എസ്‌ രേഖയിലും ബ്രിട്ടീഷുകാരെ എതിർക്കുന്ന ഒരു വരിപോലും ഇല്ലെന്നതാണ്‌ വാസ്‌തവം. ആർഎസ്‌എസിന്റെ വേദപുസ്‌തകമായി കരുതുന്ന ഗോൾവാൾക്കർ രചിച്ച ‘വി ഓർ ഔർ നാഷൻഹൂഡ്‌ ഡിഫൈൻഡ്‌’ എന്ന കൃതിയിൽ ബ്രിട്ടീഷ്‌ ഭരണാധികാരികളെക്കുറിച്ച്‌ ഒരു വരിപോലും പരാമർശിക്കുന്നില്ല. രാഷ്‌ട്രീയ, സാമ്പത്തിക അധികാരമൊന്നും കൈയാളാത്ത ന്യൂനപക്ഷത്തെ കീഴ്‌പ്പെടുത്തുകയെന്ന ആശയമാണ്‌ ഈ കൃതി മുന്നോട്ടുവയ്‌ക്കുന്നത്‌. ഗോൾവാൾക്കറുടെ ഹിന്ദുരാഷ്ട്രത്തിന്‌, ബ്രിട്ടീഷ്‌ കോളനി മേധാവിത്വം ഒരു പ്രശ്‌നമേ ആയിരുന്നില്ല. സ്വാതന്ത്ര്യസമരത്തിലേക്ക്‌ എടുത്തുചാടുന്നവരെ പിന്തിരിപ്പിക്കാനാണ്‌ ഹെഡ്‌ഗേവാർ മുതൽ ഗോൾവാൾക്കർവരെയുള്ള ആർഎസ്‌എസ്‌ നേതാക്കൾ ശ്രമിച്ചത്‌.

പങ്കെടുക്കുന്നവരെ പിന്തിരിപ്പിച്ച്‌ ഹെഡ്‌ഗേവാർ

‘കാലഘട്ടങ്ങളിൽ രാജ്യത്ത്‌ ഉരുത്തിരിഞ്ഞുവരുന്ന സാഹചര്യങ്ങൾമൂലം മനസ്സിൽ ചില അസ്വസ്ഥതകൾ ഉണ്ടാകാം. അത്തരത്തിലൊന്നായിരുന്നു 1942ലെ അസ്വാസ്ഥ്യം. അതിനുമുമ്പ്‌ 1930–-31ലും അത്തരമൊരു പ്രസ്ഥാനമുണ്ടായി. ആ വേളയിൽ മറ്റു നിരവധിപേർ ഡോക്ടർജിക്ക്‌ (ഡോ. ഹെഡ്‌ഗേവാർ) അടുത്തുപോയി. ഈ പ്രസ്ഥാനം സ്വാതന്ത്ര്യം നൽകുമെന്നും സംഘം പിറകിലാകരുതെന്നും ആ പ്രതിനിധിസംഘം ഡോക്ടർജിയോട്‌ അപേക്ഷിച്ചു. താൻ ജയിലിൽ പോകാൻ തയ്യാറാണെന്ന്‌ ഒരു മാന്യൻ പറഞ്ഞപ്പോൾ ഡോക്ടർജി പറഞ്ഞു. ‘തീർച്ചയായും പോകൂ. എന്നാൽ, അപ്പോൾ ആരാണ്‌ നിങ്ങളുടെ കുടുംബത്തെ പരിപാലിക്കുക?’ ആ മാന്യൻ മറുപടി നൽകി. ‘രണ്ടു വർഷത്തേക്ക്‌ എന്റെ കുടുംബത്തിനു വേണ്ടത്‌ മാത്രമല്ല, ആവശ്യാനുസരണം പിഴകൾ ഒടുക്കാനുള്ള വിഭവങ്ങൾവരെ ഞാൻ കരുതിയിട്ടുണ്ട്‌’. അപ്പോൾ ഡോക്ടർജി അയാളോട്‌ പറഞ്ഞു: നിങ്ങൾ വിഭവങ്ങൾ പൂർണമായും സമാഹരിച്ചിട്ടുണ്ടെങ്കിൽ രണ്ടു വർഷക്കാലം സംഘിനുവേണ്ടി പ്രവർത്തിക്കാൻ വരിക (എന്നാലും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കരുതെന്ന്‌ വിവക്ഷ).
 
1960 മാർച്ച്‌ 10ന്‌ ഗോൾവാൾക്കർ ഇൻഡോറിൽ പ്രസംഗിച്ചത്‌. (എം എസ്‌ ഗോൾവാൾക്കർ, ശ്രീഗുരുജി സമഗ്രദർശൻ വാല്യം നാല്‌)

നിസ്സഹകരണ, ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭത്തെ അപഹസിച്ചു

‘നിസ്സംശയമായും സമരങ്ങൾ മോശപ്പെട്ട ഫലങ്ങളുണ്ടാക്കും. 1920–-21ലെ പ്രസ്ഥാനത്തിന്‌ (നിസ്സഹകരണ പ്രസ്ഥാനം) ശേഷം കുട്ടികൾ അനുസരണയില്ലാത്തവരായി തീർന്നിരിക്കുന്നു. നേതാക്കൾക്കുമേൽ ചെളിവാരിയെറിയാനുള്ള ശ്രമമല്ല ഇത്‌. എന്നാൽ, ഇതെവിടെയും സമരത്തിനുശേഷം പ്രതീക്ഷിക്കാവുന്ന ഉൽപ്പന്നങ്ങളാണ്‌. ഈ ഫലങ്ങളെ ശരിയായവിധത്തിൽ നിയന്ത്രിക്കാൻ നമുക്ക്‌ കഴിഞ്ഞില്ല. 1942നു ശേഷം നിയമത്തെക്കുറിച്ച്‌ ചിന്തിക്കേണ്ട ആവശ്യമില്ലെന്ന്‌ പലപ്പോഴും ആളുകൾ ചിന്തിച്ച്‌ തുടങ്ങിയിരിക്കുന്നു.’
(എം എസ്‌ ഗോൾവാൾക്കർ,  ശ്രീഗുരുജി സമഗ്രദർശൻ വാല്യം നാല്‌)
 

ബ്രിട്ടീഷ്‌ ഭരണത്തെ ന്യായീകരിച്ചു

‘ഇന്നത്തെ സമൂഹത്തിന്റെ തരംതാണ സ്ഥിതിക്ക്‌ ആരെയും കുറ്റപ്പെടുത്തേണ്ട ആവശ്യം സംഘിനില്ല. ആളുകൾ മറ്റുള്ളവരെ കുറ്റപ്പെടുത്താൻ തുടങ്ങുമ്പോൾ അടിസ്ഥാനപരമായി അതവരുടെ ദൗർബല്യമാണ്‌. ദുർബലരോട്‌ കാണിക്കുന്ന അന്യായത്തിന്‌ പ്രബലരെ കുറ്റപ്പെടുത്തുന്നത്‌ വിഫലമാണ്‌. സംഘിന്‌ അതിന്റെ വിലപ്പെട്ട സമയം മറ്റുള്ളവരെ (ബ്രിട്ടീഷുകാരെ) ആക്ഷേപിച്ചോ വിമർശിച്ചോ പാഴാക്കേണ്ട ആവശ്യമില്ല. വൻമത്സ്യം ചെറുമത്സ്യത്തെ ഭക്ഷിക്കുമെന്ന്‌ നമുക്ക്‌ അറിയാമെങ്കിൽ അതിന്‌ വൻമത്സ്യത്തെ കുറ്റപ്പെടുത്തുന്നത്‌ ശുദ്ധ ഭ്രാന്താണ്‌.
1942 ജൂൺ 8ന്‌ നാഗ്‌പുരിലെ ആർഎസ്‌ എസ്‌ ആസ്ഥാനത്ത്‌ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്‌.
(എം എസ്‌ ഗോൾവാൾക്കർ, ശ്രീഗുരുജി സമഗ്രദർശൻ വാല്യം നാല്‌)
 

രക്തസാക്ഷികളെ അപമാനിച്ചു

‘നമ്മുടെ ആരാധനാവസ്‌തുക്കൾ എല്ലായ്‌പ്പോഴും വിജയകരമായ ജീവിതങ്ങളായിരുന്നിട്ടുണ്ട്‌. ജീവിതത്തിൽ പരാജയമാകുന്നവരിൽ ഗുരുതരമായ ചില തകരാറുകൾ ഉണ്ടെന്ന കാര്യം തീർച്ചയാണ്‌. പരാജയപ്പെട്ട ഒരുവന്‌ വെളിച്ചം പകരാനും മറ്റുള്ളവരെ വിജയത്തിലേക്ക്‌ നയിക്കാനും എങ്ങനെയാണ്‌ കഴിയുക.’
 
‘അത്തരക്കാരെ (രക്തസാക്ഷികളെ) നമ്മുടെ സമൂഹം ആദർശപുരുഷന്മാരായി വീക്ഷിക്കുന്നില്ല. മനുഷ്യർക്ക്‌ കാംക്ഷിക്കാവുന്ന ശ്രേഷ്‌ഠതയുടെ ഔന്നത്യമേറിയൊരു സംഗതിയായി അവരുടെ രക്തസാക്ഷിത്വത്തെ നാം ഗണിക്കുന്നില്ല. എന്തൊക്കെയായാലും തങ്ങളുടെ ആദർശം സഫലീകരിക്കുന്നതിൽ അവർ പരാജയപ്പെട്ടു. ആ പരാജയം അവരുടെ മാരകമായ ചില തകരാറുകൾ മൂലമാണ്‌ ഉണ്ടായത്‌.’
വിചാരധാര - എം എസ്‌ ഗോൾവാൾക്കർ.

ദേശീയപതാകയെ മാനിക്കാത്തവർ

‘സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാക കാവിപ്പതാക ആയിരിക്കണം’
-1947 ജൂലൈ 17 ഓർഗനൈസർ
‘വിധിയുടെ പിൻവാങ്ങൽമൂലം അധികാരത്തിലെത്തിയ ത്രിവർണ പതാക നമ്മുടെ കൈകളിൽ തന്നേക്കാമെങ്കിലും അതൊരിക്കലും ആദരിക്കപ്പെടുകയോ ഹിന്ദുക്കളതിനെ സ്വന്തമെന്ന്‌ വിളിക്കുകയോ ചെയ്യുകയില്ല. മൂന്ന്‌ എന്ന വാക്കുതന്നെ തിന്മയാണ്‌. മൂന്ന്‌ നിറങ്ങളുള്ള പതാക തീർച്ചയായും വളരെ മാനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും രാജ്യത്തിന്‌ ക്ഷതമേൽപ്പിക്കുകയും ചെയ്യും’.
1947 ആഗസ്‌ത്‌ 14ന്‌ ഓർഗനൈസറിൽ പ്രസിദ്ധീകരിച്ച ‘ഭഗ്വധാവജിന്‌ പിറകിലെ നിഗൂഢത’ എന്ന ലേഖനത്തിൽനിന്ന്‌. 

ഭരണഘടനയെ തള്ളിപ്പറഞ്ഞു

വ്യത്യസ്‌ത പാശ്ചാത്യരാജ്യങ്ങളുടെ ഭരണഘടനകളിൽ നിന്നുമുള്ള വ്യത്യസ്‌ത ആർട്ടിക്കിളുകൾ തുന്നിച്ചേർത്തുണ്ടാക്കിയ കുഴപ്പം പിടിച്ചതും ഭിന്നജാതീയവുമായ ഭരണഘടനയാണ്‌ നമ്മുടേത്‌. നമുക്ക്‌ സ്വന്തമെന്ന്‌ വിളിക്കാവുന്ന യാതൊന്നുംതന്നെ അതിലില്ല. നമ്മുടെ ദൗത്യം എന്തായിരിക്കണം എന്നതിനെക്കുറിച്ചോ ജീവിതത്തിലെ നമ്മുടെ സുപ്രധാന ഘടകം എന്തായിരിക്കണമെന്നതിനെക്കുറിച്ചോ അതിന്റെ പ്രധാന തത്വങ്ങളിൽ ഒരൊറ്റ പരാമർശമെങ്കിലുമുണ്ടോ? ഇല്ല.
 
എം എസ്‌ ഗോൾവാൾക്കർ, വിചാരധാര
 
‘ഭരണഘടന രൂപീകരിക്കുമ്പോൾ ‘നമ്മെയും’ ഹൈന്ദവിയതയെയും വിസ്‌മരിച്ചു. ഏകോപിപ്പിക്കുന്ന ആ ഘടകത്തിന്റെ അഭാവത്തിൽ നിർമിച്ച ഭരണഘടന വിഘടനമുണ്ടാക്കും. ഒരു രാജ്യം, ഒരു രാഷ്ട്രം, ഒരു സ്‌റ്റേറ്റ്‌ ഉള്ള ഏകമായ രീതിയിലുള്ള ഒരു ഭരണകൂടത്തെ നാം സ്വീകരിക്കണം. മുഴുവൻ രാജ്യത്തിനുംവേണ്ടി ഒരൊറ്റ നിയമനിർമാണസഭയും ഒരൊറ്റ മന്ത്രിസഭയും ഉണ്ടാകണം’- ഗോൾവാൾക്കർ.
 
ശ്രീഗുരുജി സമഗ്രദർശനം വാള്യം രണ്ട്‌
 
‘ഒരൊറ്റ രാഷ്ട്രമെന്ന വസ്‌തുതയെ അംഗീകരിക്കാതിരിക്കുകയും നശിപ്പിക്കുകയും മാത്രമല്ല, ഫെഡറൽ രീതിയിലുള്ള സർക്കാർ വിഘടനവാദം ഉടലെടുക്കാനും വളരാനും കാരണമായിത്തീരുന്നു. അതിനെ മുഴുവനായും പിഴുതെറിഞ്ഞ്‌ ഭരണഘടനയെ സംശുദ്ധീകരിച്ച്‌ ഏകരൂപത്തിലുള്ള ഭരണകൂടം സ്ഥാപിക്കണം’. ശ്രീഗുരുജി സമഗ്രദർശൻ വാള്യം മൂന്ന്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top