26 April Friday

സ്വേച്ഛാധിപതികളുടെ കാൽപ്പന്തു രാഷ്‌ട്രീയം

ജാബിർ കെ നൗഷിUpdated: Wednesday Dec 7, 2022

ഡാനിയൽ പാസറെല്ല 1978 ൽ ലോകകപ്പ്‌ കിരീടവുമായി

നീലയും വെള്ളയും കലർന്ന വർണക്കടലാസുകൾ ചിതറിക്കിടക്കുന്ന മൈതാനത്തിനുനടുവിൽ കളിക്കാരും കാണികളും ഒരേപോലെ ആഘോഷാരവങ്ങൾ തീർക്കുമ്പോഴും മൈതാനത്തിന് അരികിൽ സൈഡ് ബെഞ്ചിനു സമീപം ഒരു വൃദ്ധൻ ഏകാന്തചിത്തനായി കാണപ്പെട്ടു. നീണ്ടുമെലിഞ്ഞ് നീളൻ സ്വർണമുടി തോളിലേക്ക് ഇറങ്ങി വീണുകിടക്കുന്ന ആ വയോധികന്റെ കണ്ണുകളിൽ വിജയവും വിഷാദവും ഒരേയളവിൽ നിഴലിച്ചുനിന്നു. തന്റെ ടീമിന്റെ അതിലുപരി തന്റെ രാജ്യത്തിന്റെ ലോകകപ്പ് വിജയത്തിനുമീതെ ഭരണവർഗത്തിന്റെ മർദക മുഷ്‌ടിയിൽ കുതിർന്ന ചോരക്കറകൾ പുരണ്ടതായി അയാൾ ഉറച്ചുവിശ്വസിച്ചു

1978 ജൂൺ മാസത്തിലെ ഇരുപത്തിയഞ്ചാം തീയതി, ബ്യുണസ് ഐറിസിലെ  പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമയ ശോഭ മായുന്നതും നോക്കി അർജന്റീനയിലെ ആബാലവൃദ്ധ ജനങ്ങളും അക്ഷമരായി കാത്തിരുന്നു. രാജ്യത്തെ ജനങ്ങളുടെ ജീവിതങ്ങളിൽ അതിനും എത്രയോ മുമ്പുതന്നെ ഇരുൾ പടർന്നിരുന്നു. എന്നാൽ ഇന്നത്തെ ദിവസം കിഴക്കുനിന്നും അരിച്ചിറങ്ങുന്ന ഇരുട്ടിന്റെ ആഗമനത്തെ ഉദയശോഭയിൽ ഊർന്നിറങ്ങുന്ന സൂര്യകിരണമെന്നപോൽ ജനങ്ങൾ അനുഗമിച്ചു.

കുങ്കുമ ശോഭ മാഞ്ഞതും കൊർദോബയിൽ നിന്നും റൊസാരിയോയിൽ നിന്നും ജനങ്ങൾ ബ്യുണസ് ഐറിസിനെ ലക്ഷ്യമാക്കി ചലിച്ചു. തങ്ങളുടെ ജീവിതങ്ങളിൽ പടർന്നുകൊണ്ടിരിക്കുന്ന ഇരുട്ടിനുകുറുകെ വീശുന്ന വെട്ടം അവർ എൽ മൂന്യുമെന്റൽ എന്ന ഫുട്ബോൾ സ്റ്റേഡിയത്തിൽനിന്നും പ്രതീക്ഷിച്ചിരുന്നു. കാത്തിരിപ്പിനൊടുവിൽ മരിയോ കെംപസ് എന്ന അതികായന്റെ മാസ്മരികമായ ഇരട്ട ഗോളുകളുടെ ബലത്തിൽ 3‐1 ന് നെതർലാൻഡിനെ ആൽബിസെലസ്റ്റൈൻ പട കീഴടക്കിയപ്പോൾ സ്റ്റേഡിയം അക്ഷരാർഥത്തിൽ പ്രകമ്പനം കൊണ്ടു.

ആവേശഭരിതരായ പതിനായിരക്കണക്കിന് ആരാധകരെ സാക്ഷ്യമാക്കിക്കൊണ്ട് ക്യാപ്റ്റൻ ഡാനിയൽ പാസറെല്ല ലോക കിരീടം ഉയർത്തിയപ്പോൾ അവരുടെ തലയ്ക്കുമുകളിൽ ഉദിച്ചിരുന്ന ജൂണിലെ നിലാവ് പൂർണവൃത്തം പ്രാപിച്ചു. എസ്റ്റാഡിയോ മോന്യുമെന്റലിന് മീതെ കത്തി നിന്ന പൂർണ നിലാവിന്റെ ശോഭയിൽ രാജ്യത്താകമാനം നീലിമ പടർന്നു.

നീലയും വെള്ളയും കലർന്ന വർണക്കടലാസുകൾ ചിതറിക്കിടക്കുന്ന മൈതാനത്തിനുനടുവിൽ കളിക്കാരും കാണികളും ഒരേപോലെ ആഘോഷാരവങ്ങൾ  തീർക്കുമ്പോഴും മൈതാനത്തിന് അരികിൽ സൈഡ് ബെഞ്ചിനുസമീപം ഒരു വൃദ്ധൻ ഏകാന്തചിത്തനായി കാണപ്പെട്ടു. നീണ്ടുമെലിഞ്ഞ് നീളൻ സ്വർണമുടി തോളിലേക്ക് ഇറങ്ങി വീണുകിടക്കുന്ന ആ വയോധികന്റെ കണ്ണുകളിൽ വിജയവും വിഷാദവും ഒരേയളവിൽ നിഴലിച്ചുനിന്നു.

തന്റെ ടീമിന്റെ അതിലുപരി തന്റെ രാജ്യത്തിന്റെ ലോകകപ്പ് വിജയത്തിനു മീതെ ഭരണവർഗത്തിന്റെ മർദകമുഷ്ടിയിൽ കുതിർന്ന ചോരക്കറകൾ പുരണ്ടതായി അയാൾ ഉറച്ചുവിശ്വസിച്ചു.

ദരിദ്രരായ തൊഴിലാളികൾക്കും സാധാരണക്കാർക്കുംവേണ്ടി ഞങ്ങൾ നേടിയ വിജയത്തിന്റെ മുഴുവൻ അട്ടിപ്പേറും അധികാരം കയ്യാളുന്ന ഭരണവർഗം തട്ടിപ്പറിക്കുന്നതും നോക്കി നിസ്സഹായനായി നിൽക്കാനെ അയാൾക്കായുള്ളു. തന്റെ ജനത ലോകകിരീടം ചൂടി നിൽക്കുന്ന വേളയിലും സങ്കടത്തിന്റെയും സന്തോഷത്തിന്റെയും ത്രിശങ്കുവിൽ തളക്കപ്പെട്ട ആ വൃദ്ധൻ മറ്റാരുമായിരുന്നില്ല,

ലൂയിസ് മെനോട്ടി

ലൂയിസ് മെനോട്ടി

ലോകകപ്പ് കൈയിലേന്തിനിൽക്കുന്ന പാസറല്ലയെയും മരിയോ െകംപസ്സിനെയും അർജന്റൈൻ ഫുട്ബോളിന്റെ സർഗാത്മകവും കൗശലവും കലർന്ന ലാ നുസ്ത്രയെന്ന ശൈലിയിലൂടെ വിജയകരീടം ചൂടിപ്പിച്ച അവരുടെ സ്വന്തം ദ്രോണാചാര്യരായിരുന്നു. സാക്ഷാൽ സിസാർ ലൂയിസ് മെനോട്ടി.

മെനോട്ടിയുടെ അസ്വാഭാവികമായ ഈ മാനസികാവസ്ഥയുടെ കാരണം തിരക്കിച്ചെന്നാൽ എഴുപതുകളിൽ അർജന്റൈൻ തെരുവുകളിൽ നടമാടിയിരുന്ന ഭരണവർഗവേട്ടയുടെയും  പൗരാവകാശ ധ്വംസനങ്ങളുടെയും ചോരപുരണ്ട കഥകളിലേക്കാണ് ചെന്നെത്തുക.

അടിയുറച്ച ഇടതുപക്ഷവാദിയും അർജന്റൈൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത അനുഭാവിയുമായിരുന്ന മെനോട്ടിയുടെ വർഗബോധമാണ് മറ്റൊരു കാരണം.

ജനറൽ ഹോർഹെ റാഫേൽ വിദേലയെന്ന സ്വേച്ഛാധിപതിയുടെ കീഴിൽ ഞെരിഞ്ഞമരുന്ന അർജന്റീനയിൽ സ്റ്റേറ്റ് സ്പോൺസേർഡ് കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും നിരന്തര കാഴ്‌ചയായി മാറിയിരുന്നു. ഇടതുപക്ഷവാദികളെയും ഭരണകൂട വിമർശകരെയും നിരന്തരം വേട്ടയാടിയിരുന്ന വിദേലയുടെ  അർജന്റീനയിൽ മനുഷ്യാവകാശ ലംഘനങ്ങൾ ഒരു സാധാരണ കാഴ്ചയായി മാറി.

അർജന്റീനയിൽ ഭരണവിരുദ്ധ വികാരം ആളിപ്പടർന്ന ഈ ഘട്ടത്തിലാണ് വേൾഡ് കപ്പ് സമാഗമമാവുന്നത്. തങ്ങളുടെ ഭരണകൂട ഭീകരതകൾ  മറച്ചുവെക്കാനുള്ള ഉപാധിയായി പട്ടാള ഭരണകൂടം ലോകകപ്പിനെ സമർഥമായി ഉപയോഗിച്ചു. തന്റെ അർജന്റീനയിൽ സാഹോദര്യവും സമാധാനവും നിറമാടുന്നതായി ലോകകപ്പിന്റെ പിൻബലത്തോടെ ലോകത്തിനെ തെറ്റിദ്ധരിപ്പിക്കാൻ വിദേലക്കായി.

ലോകകപ്പിന്റെ വിജയാഹ്ലാദത്തോടെ ആഭ്യന്തര കലാപങ്ങളും രാഷ്ട്രീയ അരക്ഷിതാവസ്ഥയും ഒരു പരിധിവരെ ജനങ്ങളും മറന്നുതുടങ്ങിയിരുന്നു. മാധ്യമങ്ങളുടെ ഭരണകൂട വാഴ്‌ത്തിപ്പാട്ടുകൾ കൂടിയായതോടെ അടിച്ചമർത്തപ്പെട്ടവരുടെയും തടവിലാക്കപ്പെട്ടവരുടെയും നീതിക്കുവേണ്ടിയുള്ള മുദ്രാവാക്യങ്ങൾ വിജയഭേരികൾക്ക് മുന്നിൽ അപ്രസക്തമായി മാറി.

കായിക വിനോദങ്ങളെ പ്രത്യേകിച്ച് കാൽപ്പന്തുകളിയെ രാഷ്ട്രീയ ആയുധമാക്കി ഭരണവിരുദ്ധ വികാരങ്ങളെ ഇല്ലായ്മ ചെയ്യുന്ന കാഴ്ചകൾ വിദേലയ്ക്ക്  മുമ്പും ശേഷവും പലയിടങ്ങളിലായി നമ്മൾ കണ്ടിട്ടുണ്ട്. തങ്ങളുടെ നേർക്കുവരുന്ന വിമർശനാസ്ത്രങ്ങളുടെ മുനയൊടിക്കാൻ മാത്രമല്ല ഇവർ ഫുട്ബോളിനെ ഉപയോഗിച്ചത്.

രാജ്യത്തെ യുവാക്കളിൽ തീവ്രദേശിയതയുടെ വിത്തുകൾ പാകാനും അതുവഴി ചിന്തിക്കുന്ന യുവാക്കളുടെ സിരകളിലേക്ക് ഉന്മൂലനത്തിന്റെ രാഷ്ട്രീയം കുത്തിവെക്കാനും സ്വേച്ഛാധിപതികൾ ശ്രമിച്ചുകൊണ്ടിരുന്നു.

ഇറ്റലിയിലെ മുസ്സോളിനിയിൽനിന്ന് തുടങ്ങുന്ന ഈ പ്രൊപ്പഗണ്ട പ്രയോഗ രീതി പിന്നീട് ജർമനിയിൽ ഹിറ്റ്ലറും സ്പെയിനിൽ ഫ്രാങ്കോയും പയറ്റി വിജയിച്ചു.

ഇന്ന് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കടക്കുമ്പോൾ ബ്രസീലിലെ ബോൾസനാരോയിലും ഇന്ത്യയിൽ ഭരണകൂടത്തിന് ചുക്കാൻ പിടിക്കുന്ന സംഘപരിവാര ശക്തികളിലും ഈ രീതി കാണാൻ സാധിക്കും (ഇന്ത്യയിൽ ക്രിക്കറ്റ് ആണ് ഇവരുടെ പ്രധാന ആയുധം എന്ന് മാത്രം).

പൊളിറ്റിക്സിന് ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ ഇടമില്ല എന്ന് ഫിഫ ഇടയ്ക്കിടെ ആവർത്തിച്ചുപറയുമ്പോഴും രാഷ്ട്രീയവും കാൽപ്പന്തുകളിയും അതിന്റെ ഉത്ഭവകാലം തൊട്ടേ ഇഴപിരിയാതെ കിടക്കുന്ന രണ്ട് നൂൽ പിരികളാണ്.

ഫാഷിസത്തോടും ഫാഷിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങളോടും കോളനീകരണത്തോടും കോളനി വിരുദ്ധ പ്രക്ഷോഭങ്ങളോടും ഒരേപോലെ ചേർത്തുവായിക്കുന്ന  വൈരുധ്യ രാഷ്ട്രീയപ്രതിഭാസത്തിന്റെ പേരാണ് ഫുട്ബോൾ എന്നത്.

എങ്ങനെയാണ് ഫുട്ബോളും രാഷ്ട്രീയവും ചരിത്രപരമായി തന്നെ വേർതിരിക്കപ്പെടാനാകാത്ത വിധം വിളക്കി ചേർക്കപ്പെട്ടിട്ടുള്ളത് എന്ന് പരിശോധിക്കാം...

പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെയാണ് ഫുട്ബോൾ ഇംഗ്ലണ്ടിൽനിന്നും യൂറോപ്പിലെ മറ്റു ഭാഗങ്ങളിലേക്കും ലാറ്റിനമേരിക്കയിലേക്കും പരക്കുന്നത്. തുടക്കത്തിൽ തുണിമിൽ ഉടമകളുടെയും ഫാക്ടറി ഉടമകളുടെയും റെയിൽവേ ഉദ്യോഗസ്ഥരുടെയും വരേണ്യ വർഗയിടങ്ങളിൽ ഒതുങ്ങി നിന്നിരുന്ന ഫുട്ബോൾ തുണിമിൽ തൊഴിലാളികളും റെയിൽവേ തൊഴിലാളികളും  ഏറ്റെടുത്തതോടെയാണ് ജനകീയവൽക്കരിക്കുന്നതും പ്രശസ്തിയാർജിക്കുന്നതും.

ശൈശവ കാലഘട്ടത്തിൽ തന്നെ ഇത്തരത്തിൽ വർഗ സംഘർഷങ്ങളുടെ ഭൂമികയിൽ പിറന്നുവീണത്‌ കൊണ്ടുതന്നെ ഫുട്ബോളിന് രാഷ്ട്രീയമായുള്ള ചേരി ചായ്‌വുകൾ കൽപ്പിക്കപ്പെടാൻ അധികം പ്രയാസപ്പെടേണ്ടി വന്നില്ല. വരേണ്യരുടെ നേരമ്പോക്കായിരുന്ന ഫുട്ബോളിനെ തൊഴിലാളികൾ ഏറ്റെടുത്തതോടെ ക്ലബ്ബുകൾ തമ്മിലുള്ള സംഘർഷങ്ങളും നഗരങ്ങൾ തമ്മിലുള്ള വെല്ലുവിളികളും സ്റ്റേഡിയങ്ങളിലേക്ക് പടരാൻ തുടങ്ങി.

ഫുട്ബോളിനെ ഒരു ഉപജീവനമാർഗമായി തിരിച്ചറിഞ്ഞതും ഉപയോഗിച്ചതും തെരുവുകളിലെ ദരിദ്രരായ മനുഷ്യരായിരുന്നു.

യുവാക്കൾക്കിടയിൽ ക്രിസ്തീയ പൗരുഷ പ്രതിബിംബങ്ങളെ  വാർത്തെടുക്കാനും ധാർമിക മൂല്യങ്ങൾ വളർത്താനും വരേണ്യരും സഭകളും ഉപയോഗിച്ച ഫുട്ബോൾ അങ്ങനെ ദരിദ്രരുടെ വീടുകളിലെ അടുപ്പ് പുകയാനുള്ള മാർഗമായി പരിവർത്തിക്കപ്പെട്ടു.

ഫ്രഞ്ച് വിപ്ലവത്തിനു ശേഷം യൂറോപ്പിൽ അലയടിച്ചുതുടങ്ങിയിരുന്ന ദേശീയതാവികാരങ്ങൾ പിന്നീട് ആളിക്കത്താൻ തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിലെ തുടക്കത്തിലാണ്. സാർ ചക്രവർത്തിമാരുടെ പതനവും ഓട്ടോമൻ, ഓസ്ട്രിയൻ ഹംഗേറിയൻ സാമ്രാജ്യ ശക്തികളുടെ പതനവും മൂലം യൂറോപ്പിൽ വീണ്ടും ദേശീയ വികാരം മുളച്ചുപൊങ്ങാൻ തുടങ്ങി.

ബെനഡിറ്റോ മുസ്സോളിനി

ബെനഡിറ്റോ മുസ്സോളിനി

1904 ലെ ഫിഫയുടെ രൂപീകരണം കൂടി ആയതോടെ ക്ലബ്ബുകളിൽനിന്ന് അന്താരാഷ്ട്ര വേദികളിലേക്ക് കൂടുമാറിയ ഫുട്ബോൾ പിന്നീട് ദേശീയതാ നിർമിതികളുടെ പ്രഹസനോപാധികളിലൊന്നായി മാറി.

ഫുട്ബോളിലും മറ്റു കായിക ഇനങ്ങളിലും തങ്ങളുടെ രാജ്യം മുന്നിട്ടുനിൽക്കുന്ന കാഴ്ച വിവിധ രാജ്യങ്ങളിലെ പൗരന്മാരെ കൂടുതൽ ദേശീയവാദികളാക്കി മാറ്റി.

ഒളിമ്പിക്സും വേൾഡ് കപ്പും ഈയൊരു വികാരങ്ങളുടെ സംഘർഷോന്മുഖമായ  ഏറ്റുമുട്ടലുകളുടെ വേദിയാക്കപ്പെട്ടു.  ദേശീയതാ വികാരത്തെ രാജ്യത്താകമാനം എളുപ്പത്തിൽ ആളിപ്പടർത്താൻ ഫുട്ബോളിനോളം ശക്തിയുള്ള മാധ്യമം വേറെയില്ല എന്ന് ആദ്യമായി തിരിച്ചറിഞ്ഞ നേതാവ് മുസ്സോളിനിയായിരുന്നു.

ക്രൈസ്തവ പൗരുഷ ധാർമിക സദാചാരബോധത്തെ വളർത്തിയെടുക്കാൻ ഇംഗ്ലണ്ടുകാർ ഉപയോഗിച്ച് തുടങ്ങിയ ഫുട്ബോൾ അങ്ങനെ ഇരുപതാം നൂറ്റാണ്ടിന്റെ രാഷ്ട്രീയ പ്രഹേളികയിലേക്ക് തന്റെ രാജകീയമായ കാൽപ്പാദങ്ങൾ മുസ്സോളിനിയിലൂടെ എടുത്തുവച്ചു.

മുസ്സോ ളിനിയുടെ സമകാലികരായ മറ്റു സ്വേച്ഛാധിപതികളും ഫുട്ബോളിനോട് മുഖം തിരിഞ്ഞുനിന്നില്ല. ഫുട്ബോളുമായി തീവ്ര വലതുപക്ഷവാദികളുടെ അഭേദ്യമായ ബന്ധം എങ്ങനെയാണ് മുസ്സോളിനിയിൽനിന്ന് തുടങ്ങി ബൽസനാരോ വരെ എത്തിനിൽക്കുന്നത് എന്ന് നമുക്ക് പരിശോധിച്ചുനോക്കാം.

മുസ്സോളിനിയുടെ സോഷ്യൽ എഞ്ചിനീയറിങ്.

1922 ഒക്ടോബർ 28ന് ഇറ്റലിയിൽ അധികാരത്തിലേറിയ മുസ്സോളിനിയാണ് ചരിത്രത്തിലാദ്യമായി രാഷ്ട്രീയ നയതന്ത്രങ്ങളുടെയും ഭരണ മികവിന്റെയും അടയാളമായി ഫുട്ബോളിനെ പ്രതിഷ്ഠിച്ചത്. പ്രത്യയശാസ്ത്ര പോർ മുഖങ്ങളിലേക്ക് ഇറ്റാലിയൻ ഫുട്ബോളിനെ പറഞ്ഞുവിടുക മാത്രമല്ല മുസ്സോളിനി ചെയ്തത്. തന്റെ സമകാലിക ഫുട്ബോൾ ലോകത്തെ മുഴുവൻ വിലക്കെടുക്കാനും  അടക്കിഭരിക്കാനും മുസ്സോളിനിക്കായി.

ഒരു പഴയ മാധ്യമപ്രവർത്തകനെന്ന നിലയിൽ ജനങ്ങളുടെ പൊതുബോധത്തിന്റെ വാർപ്പു മാതൃകകൾ നന്നായി അറിയാമായിരുന്ന ആളായിരുന്നു മുസ്സോളിനി. സമൂഹത്തിന്റെ സോഷ്യൽ എൻജിനീയറിങ്, പ്രോപ്പഗണ്ട വഴി എങ്ങനെയാണ് രൂപീകരിക്കപ്പെടുന്നതെന്നും അതിനുവേണ്ടി മാധ്യമങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്നും അദ്ദേഹത്തിനറിയാമായിരുന്നു.

മുസ്സോളിനി തന്റെ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രങ്ങളും നയങ്ങളും പ്രാബല്യത്തിൽ വരുത്താൻ തുടങ്ങിയ കാലത്താണ് പ്രഥമ വേൾഡ് കപ്പ് നടക്കുന്നത്. ഉറുഗ്വായ് ചാമ്പ്യന്മാരായ ഈ ലോകകപ്പിന്റെ ഗ്യാലറികളിൽ എങ്ങനെയാണ് ദേശീയത വികാരം അലയടിക്കുന്നതെന്ന് അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചു.  റോമാസാമ്രാജ്യത്തിന്റെ ആഢ്യ സ്മരണകളാൽ നിർമിക്കപ്പെട്ടിട്ടുള്ള തന്റെ ഫാഷിസ്റ്റ് ഐഡിയോളജിയും ദേശീയ വികാരത്താൽ പടുത്തുയർക്കപ്പെടേണ്ടതായിരുന്നു.

എന്നാൽ കേവല ദേശീയ വികാരത്തിനപ്പുറം തീവ്രദേശീയതാവാദം ജനങ്ങളിൽ കുത്തിവെച്ചാലേ തന്റെ അധികാര കസേരക്ക് കോട്ടംതട്ടാതെ നിലനിർത്താൻ കഴിയൂ എന്ന് അയാൾ തിരിച്ചറിഞ്ഞു. ഇതിനായി 1934 ലെയും 38 ലെയും ലോകകപ്പ് വിജയങ്ങളെയും 36 ലെ ഒളിമ്പിക്സ് ഫുട്ബോൾ  വിജയഗാഥകളെയും അദ്ദേഹം ഫലപ്രദമായി കൂട്ടുപിടിച്ചു.

കോപ്പ ഡെൽ ഡൂച്ചേ ട്രോഫി

കോപ്പ ഡെൽ ഡൂച്ചേ ട്രോഫി

1934ലെ വേൾഡ് കപ്പിൽ ഇറ്റലി കിരീടം ചൂടിയപ്പോൾ ഭരണവർഗ മുഖപത്രമായ 'എൽ പോപ്പുലോ ഡി ഇറ്റലിയ’യിൽ വന്ന തലക്കെട്ട് ഇത് സൂചിപ്പിക്കുന്നുണ്ട്. "Vision of harmony, discipline, order and courage’ എന്നായിരുന്നു ആ തലക്കെട്ട്. അഥവാ കളിക്കാരെക്കാളും കളി മികവിനെക്കാളും ഉപരി ഭരണവർഗത്തിന്റെ കൽപ്പനകളാണ് വിജയ രഹസ്യം എന്ന് ചുരുക്കം.

ഇറ്റാലിയൻ പത്രങ്ങളുടെ തലക്കെട്ടുകൾ സൂചിപ്പിച്ചതു   പോലെ കളിക്കാരുടെ മികവുകൊണ്ട് മാത്രമല്ല ഈ കിരീടങ്ങൾ അവരുടെ കൈവശം വന്നുചേർന്നത്. റഫറിമാരെ സ്വാധീനിച്ചും വേൾഡ് കപ്പിലെ സംഘാടനത്തെ അട്ടിമറിച്ചുമാണ് മുസ്സോളിനിയുടെ ഇറ്റലി കിരീടങ്ങൾ കൊയ്തത്.

1934ലെ വേൾഡ് കപ്പ് ഇറ്റലിയിൽവച്ച് നടത്താൻ ഫിഫക്ക് മുകളിൽ മുസ്സോ ളിനി നിരന്തരം സമ്മർദം ചെലുത്തിയിരുന്നു. ഈ വേൾഡ് കപ്പിന്റെ പ്രചാരണവും സംഘാടനവും പൂർണമായും ഇറ്റാലിയൻ ഗവൺമെന്റ് ചൊൽപ്പടിക്കനുസരിച്ചായിരുന്നെന്ന് അന്നത്തെ ഫിഫ ചെയർമാൻ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.

ഫാഷിസ്റ്റ് ആശയധാരയുടെ പ്രധാന ചിഹ്നമായ റോമൻ സല്യൂട്ടും മറ്റു അധികാര ചിഹ്നങ്ങളും പതിപ്പിച്ച പോസ്റ്ററുകളായിരുന്നു അന്നത്തെ വേൾഡ് കപ്പിൽ ഉപയോഗിച്ചിരുന്നത് എന്ന് ശ്രദ്ധേയമാണ്. അന്നത്തെ ഫിഫയുടെ ഔദ്യോഗിക ട്രോഫിയായ യൂൾ റിമേയേക്കാൾ 6 മടങ്ങ് വലുപ്പമുള്ള 'കോപ്പ ഡെൽ ഡൂച്ചേ' എന്ന ട്രോഫി ഇതിൽ എടുത്ത് പറയേണ്ട ഒന്നാണ്.

1934 ലെ  ജേതാക്കൾക്ക് വേണ്ടി പ്രത്യേകമായി രൂപവൽക്കരിച്ച ഈ ട്രോഫി ഫാഷിസ്റ്റ് പ്രത്യയശാസ്ത്ര മുദ്രകളാൽ സമൃദ്ധമായിരുന്നു.

പ്രചാരണത്തിൽ മാത്രമല്ല മുസ്സോളിനിയുടെ കരിനിഴൽ പതിഞ്ഞത്. വേൾഡ് കപ്പിന്റെ സംഘാടനത്തെ മുഴുവൻ തന്റെ താല്പര്യങ്ങൾക്കുവേണ്ടി മാറ്റി എഴുതുകയും ഓരോ കളികളുടെയും വിധികളടക്കം അദ്ദേഹം നേരിട്ട് തീരുമാനിച്ചുറപ്പിക്കുകയും ചെയ്തു.

ഇറ്റലിയും സ്പെയിനും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിലെ കളി നിയന്ത്രിച്ച റഫറിമാർക്ക് പിന്നീട് സസ്പെൻഷൻ ലഭിച്ചത് കളിയിൽ ഇറ്റലിയോട് പക്ഷപാതം കാണിച്ചതിനെ തുടർന്നായിരുന്നു.

മാത്യൂ ഷിന്റ്ലർ എന്ന പ്രതിഭയുടെ കാര്യത്തിൽ പന്തുതട്ടിയ ഓസ്ട്രിയക്കും മുസ്സോളിനിയുടെ 

മാത്യൂ ഷിന്റ്ലർ

മാത്യൂ ഷിന്റ്ലർ

അധികാര വലയങ്ങളിൽനിന്ന് തോൽവിയെ ഒഴിവാക്കാനായില്ല. ഇവാൻ എക്ലിൻഡ് എന്ന സ്വീഡിഷ് റഫറിയെ ഉപയോഗിച്ചായിരുന്നു ഓസ്ട്രിയയെ മുസ്സോ ളിനി തോൽപ്പിച്ചത്.

അന്നത്തെ ഓസ്ട്രിയൻ കളിക്കാരനായിരുന്ന ജോസഫ് ബിചാൻ ബിബിസി ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത് ഇപ്രകാരമാണ് 'അവർക്കുവേണ്ടി റഫറി വരെ കളിച്ചിരുന്നു.

ഞാൻ റൈറ്റ് വിങ്ങിലൂടെ കുതിച്ച് സിസേക്കിന് ലക്ഷ്യമാക്കി തൊടുത്ത പന്തിനെ റഫറി തലകൊണ്ട് മറിച്ച് ഇറ്റാലിയൻ ഡിഫെൻഡർ മാർക്ക് നൽകി’. ഈ കളിയിലൂടെ മുസ്സോളിനിയുടെ പ്രിയങ്കരനായി മാറിയ ഇവാൻ എക്ലിൻഡ് തന്നെയായിരുന്നു ചെക്കോസ്ലോവാക്കിയയുമായുള്ള ഫൈനൽ മത്സരവും നിയന്ത്രിച്ചിരുന്നത്.

രണ്ടേ ഒന്നിന്  ചെക്ക് പടയെ തോൽപ്പിച്ച് ഇറ്റാലിയൻ ജനത ഒന്നടങ്കം ആഘോഷാരവത്താൽ വരവേറ്റത് ലോകകപ്പിനെ മാത്രമായിരുന്നില്ല മുസ്സോളിനിയുടെ സർവാധിപത്യത്തിന്റെ കറുത്ത നാളുകളെ ക്കൂടിയായിരുന്നു.

ഹിറ്റ്ലറിന്റെ അതേയളവിൽ വംശീയതയും വർഗവിവേചനവും മുസ്സോളിനിയിലും നമുക്ക് ദർശിക്കാം, ഇതിനുദാഹരണങ്ങൾ  കളിക്കളത്തിൽ നിന്നുതന്നെ നമുക്ക് ലഭിക്കും. 1920 കളിൽ അവിടുത്തെ മൈതാനങ്ങളിൽ ഇറ്റാലിയൻ ഇതര വംശജരും പന്ത് തട്ടിയിരുന്നു. ബ്രിട്ടീഷ് ഓസ്ട്രിയൻ ഹംഗേറിയൻ  വംശജരായിരുന്നു ഇതിൽ മിക്കതും.

എന്നാൽ മുസ്സോളിനി തന്റെ നയങ്ങൾ നടപ്പിൽ വരുത്താൻ തുടങ്ങിയതോടെ അപരവൽക്കരണവും വംശീയ വിവേചനവും xenophobia യുടെ  രൂപത്തിൽ  ഇറ്റാലിയൻ മൈതാനങ്ങളിൽ പ്രതിഫലിച്ചു.

ഇറ്റാലിയൻ വംശജരല്ലാത്തവരെ കളിക്കളങ്ങളിൽ നിന്നും ക്ലബ്ബിന്റെ ഉടമസ്ഥാവകാശത്തിൽനിന്നും  പുറത്താക്കിയാണ് മുസ്സോളിനി ഇത് നടപ്പിലാക്കാൻ തുടങ്ങിയത്. 

മുസ്സോളിനിയുടെ മരണശേഷവും  ഇത്തരം വംശീയവിദ്വേഷങ്ങൾ ഇറ്റലിയിലൂടെ കളിയിടങ്ങളെ ഭരിച്ചു.  1950 മുതൽ 62 വരെയുള്ള വേൾഡ് കപ്പുകളിൽ ഇറ്റലിയുടെ മോശം പ്രകടനങ്ങളുടെ കാരണം ഇറ്റാലിയൻ ഇതര വംശജരുടെ മേൽ കെട്ടിവെക്കപ്പെട്ടു.

1965 മുതൽ 80 വരെ മറ്റു രാജ്യങ്ങളിലെ വംശജർക്ക് ഇറ്റാലിയൻ ദേശീയ ടീമിൽ വിലക്കേർപ്പെടുത്തിയിരുന്നു. ഇത്തരം അപരവൽക്കരണം ഇറ്റലിയിലെ ഗ്രൗണ്ടുകളിൽ ഇന്നും സ്ഥിരമായിട്ടുള്ള കാഴ്ചയാണ്.

2017ൽ റോമിലെ എസ്റ്റാഡിയോ ഒളിമ്പിക്കോ സ്റ്റേഡിയത്തിൽ റോമൻ ഡെർബി നടക്കുന്ന ദിവസം. എസ് എസ് ലാസിയോ യുടെ ആരാധകരും എ എസ് റോമയുടെ ആരാധകരും പരസ്പരം കരിവാരിത്തേക്കാൻ പുത്തൻ വംശീയ പദാവലികൾ കണ്ടുപിടിക്കാൻ ശ്രമിക്കുകയായിരുന്നു.

എസ് എസ് ലാസിയോയുടെ ആരാധക സംഘത്തിന്റെ നടുവിൽനിന്ന് അന്നുയർന്നൊരു ഫ്ലക്സ് ഒരുപാട് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഹിറ്റ്ലറിന്റെ ഹോളോകോസ്റ്റ് ദുരന്തങ്ങളുടെ പ്രതീകമായി ലോക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ആൻ ഫ്രാങ്കിന്റെ ഫോട്ടോയായിരുന്നു അത്.

എ എസ് റോമയെ ജൂതന്മാർ എന്ന് അധിക്ഷേപിക്കാൻവേണ്ടി ആൻഫ്രാങ്കിനെ റോമയുടെ ജഴ്സി ധരിപ്പിച്ച ഫോട്ടോ അന്ന് റോമയുടെ തെരുവുകളിൽ  ചർച്ചാവിഷയമായി മാറി. നീല നിറത്തിലുള്ള ലാസിയോയുടെ ജഴ്സി അണിഞ്ഞ ആൻ ഫ്രാങ്കിന്റെ പോസ്റ്ററുകൾ തെരുവിൽ പതിപ്പിച്ചായിരുന്നു എ എസ് റോമ ഇതിന് മറുപടി നൽകിയത്.

പുകമറകൾ ഇല്ലാതെ പ്രത്യക്ഷമായി തന്നെ വംശീയ അധിക്ഷേപങ്ങൾ ചൊരിയുന്ന ഇത്തരം കൂട്ടമാണ് അറുപതുകളുടെ രാഷ്ട്രീയകലുഷിത സാഹചര്യങ്ങളിൽ ഇറ്റലിയിൽ പൊന്തിവന്ന അൾട്രാസ് എന്നറിയപ്പെടുന്ന കുപ്രസിദ്ധ ആരാധക സംഘങ്ങൾ.

പുകമറകൾ ഇല്ലാതെ പ്രത്യക്ഷമായി തന്നെ വംശീയ അധിക്ഷേപങ്ങൾ ചൊരിയുന്ന ഇത്തരം കൂട്ടമാണ് അറുപതുകളുടെ രാഷ്ട്രീയകലുഷിത സാഹചര്യങ്ങളിൽ ഇറ്റലിയിൽ പൊന്തിവന്ന അൾട്രാസ് എന്നറിയപ്പെടുന്ന കുപ്രസിദ്ധ ആരാധക സംഘങ്ങൾ.

സ്റ്റേഡിയങ്ങൾക്ക് തീ വച്ചും, തങ്ങളുടെ വൈരികളായ ആരാധകരെ കായികമായി നേരിട്ടും അക്രമോത്സുകമായ ഭാഷ്യങ്ങളിൽ ഫുട്ബോളിന്റെ പരിസരങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന ഇറ്റലിയിലെ അൾട്രാസ് ഇംഗ്ലണ്ടിലെ ഹൂളിഗൻസിന്റെ മറ്റൊരു പതിപ്പാണ്. 'ഇറിഡുച്ചിബില്ലി’ എന്നറിയപ്പെടുന്ന  എസ് എസ് ലാസിയൊയുടെ അൾട്രാസ് പ്രഖ്യാപിത ഫാഷിസ്റ്റ് പക്ഷവാദികളും മുസ്സോളിനി ഭക്തരുമാണ്.

പഴയ ഇറിഡുച്ചിബില്ലി അംഗവും എസ് എസ് ലാസിയോ കളിക്കാരനുമായ ഡി കാനിയൊ 2005 ലെ റോമൻ ഡെർബിയിൽ ഗോൾ നേടിയപ്പോൾ റോമൻ സല്യൂട്ടിലൂടെ ഇറിഡുച്ചിബില്ലികളെ അഭിവാദ്യം ചെയ്തത് പഴയ ഇറ്റാലിയൻ ഫാഷിസ്റ്റ് സ്മരണകളുടെ മൈതാന കാഴ്ചകളിൽ ഒന്നാണ്.

ഹിറ്റ്ലറിന്റെ ആൾക്കൂട്ട അഭിനിവേശം

ഫാഷിസത്തെയും വംശഹത്യകളെയും അതിന്റെ ഉച്ചസ്ഥായിയിൽ എത്തിച്ച ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ സ്വേച്ഛാധിപതിയായിരുന്നു ഹിറ്റ്ലർ. തീവ്ര ദേശീയതയും പാരമ്പര്യമഹിമയും തന്നെയായിരുന്നു ഹിറ്റ്ലറിന്റെയും  പ്രഖ്യാപിത രാഷ്ട്രീയ ധാരകൾ. സ്പോർട്സിനും പ്രത്യേകിച്ച് ഗ്യാലറികൾക്കും ദേശീയവികാര നിർമിതിയിലുള്ള സ്ഥാനം ഹിറ്റ്ലറും  വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞു.

ഹിറ്റ്‌ലർ

ഹിറ്റ്‌ലർ

മികച്ചൊരു  പ്രാസംഗികൻകൂടിയായ ഹിറ്റ്ലർക്ക്  ഗ്യാലറികളുടെ ഹർഷാരവങ്ങളും  അവയിൽ സമ്മേളിക്കുന്ന വൈകാരികതയും മുതലെടുത്ത്  പ്രത്യയശാസ്ത്ര പ്രചാരണത്തെ എങ്ങനെ ത്വരിതപ്പെടുത്താമെന്നറിയാമായിരുന്നു. ഇതിനായി ഹിറ്റ്ലർ ഉപയോഗിച്ചത് 1936 ലെ ഒളിമ്പിക്സിനെയാണ്.

1934 ലെ വേൾഡ് കപ്പിൽ മുസ്സോളിനി എന്തൊക്കെ ചെയ്തൊ  അതൊക്കെ ഹിറ്റ്ലറും ബെർലിനിൽ  നടപ്പിലാക്കി. സംഘാടനത്തിന്റെയും  പ്രചാരണത്തിന്റെ ചുക്കാൻ സ്വയം ഏറ്റെടുത്തു. പരിണിതമെന്നോണം ജർമനി മെഡലുകൾ വാരിക്കൂട്ടാൻ  തുടങ്ങി.

എന്നാൽ ഹിറ്റ്ലറിന്റെ എല്ലാ സ്വാധീന മണ്ഡലങ്ങളെയും ഭേദിച്ചുകൊണ്ട് ജെസ്സി  ഓവൻസ്  എന്ന അമേരിക്കൻ അറ്റ്ലറ്റ് 100 മീറ്ററിലും മറ്റുമായി സ്വർണം കരസ്ഥമാക്കിയത് വംശവെറിയനായ ഹിറ്റ്ലറിനെ ചൊടിപ്പിച്ചു.

ഒരു കറുത്ത വർഗക്കാരൻ തന്റെ നാട്ടിൽ നിന്ന് സ്വർണം നേടിയത് ഹിറ്റ്ലറിനെ വല്ലാതെ അസ്വസ്ഥനാക്കി. പൊതുവേ കാടന്മാരും അധാർമികരുമായ കറുത്ത വർഗക്കാരെ തങ്ങളെപ്പോലെ ഉന്നത ജാതിക്കാരായ പരിഷ്‌കൃതരുടെ കൂടെ മത്സരിപ്പിക്കരുതെന്നായിരുന്നു ഹിറ്റ്ലറിന്റെ ഇതിനോടുള്ള പ്രതികരണം.

തന്റെ പ്രത്യയശാസ്ത്രപ്രചാരണങ്ങൾക്കുവേണ്ടി ഫുട്ബോളിനെയും കരുവാക്കിയെങ്കിലും മുസ്സോളിനിയുടെ ഇറ്റാലിയൻ ടീമിനെപ്പോലെ ശക്തമായൊരുടീമിനെ വാർത്തെടുക്കാൻ ഹിറ്റ്ലർക്കായില്ല.

എന്നാൽ ഫുട്ബോളിലെ വിജയങ്ങളെ മാത്രമല്ല പരാജയങ്ങളെപ്പോലും തന്റെ രാഷ്ട്രീയ താല്പര്യങ്ങൾക്കുവേണ്ടി വളച്ചൊടിക്കാനാവുമെന്ന് ഹിറ്റ്ലർ കൂലി എഴുത്തുകാരെ ഉപയോഗിച്ചു കാണിച്ചുതന്നു.

1933 ഒക്ടോബറിൽ ലീഗ് ഓഫ് നാഷൻസിൽനിന്ന് പിന്തിരിഞ്ഞശേഷം ജർമനിയെ യൂറോപ്പിലെ ഇതര രാജ്യങ്ങൾ ഭീകരതയോടെയും അജ്ഞതയോടെയും സമീപിക്കാൻ  തുടങ്ങി.

ഇതിനെ മറികടക്കാൻ 1935ൽ ഇംഗ്ലണ്ടുമായി സൗഹൃദ മത്സരം സംഘടിപ്പിക്കുകയും അതിലേറ്റ തോൽവിയെ ഉപയോഗിച്ച്  തങ്ങളുടെ രാജ്യത്തിനുമേൽ മറ്റുള്ളവർ വെച്ചുപുലർത്തുന്ന മുൻധാരണകളെ തിരുത്തി എഴുതാനും ഹിറ്റ്ലർക്കായി.

തോൽവികളെ അംഗീകരിക്കാനും സ്പോർട്സ്മാൻ സ്പിരിറ്റ് കാത്തുസൂക്ഷിക്കാനും കഴിയുന്ന പ്രബുദ്ധരാണ് തങ്ങൾ എന്ന് വരുത്തിത്തീർക്കാനായിരുന്നു ഈ തോൽവിയെ ഹിറ്റ്ലർ ഉപയോഗിച്ചത്.

കായിക മേഖലയിലെ ഹിറ്റ്ലറിന്റെ കടന്നുകയറ്റം മൂലം ഏറ്റവുമധികം പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നവരാണ് ഓസ്ട്രിയൻ ജനത. ജർമൻ സംസാരിക്കുന്ന തന്റെ അയൽക്കാരോട് 1931ൽ ഏറ്റുവാങ്ങേണ്ടി വന്ന രണ്ട് വലിയ തോൽവികളുടെ (50, 60) മുറിപ്പാട് ഹിറ്റ്ലറിന്റെ ഹൃദയത്തിൽ നിന്നും മാഞ്ഞിരുന്നില്ല.

1936 ലെ ഒളിമ്പിക്സിൽ റണ്ണറപ്പ് കൂടിയായതോടെ ഓസ്ട്രിയൻ ഫുട്ബോൾ ടീം ഹിറ്റ്ലറിന്റെ കണ്ണിലെ കരടായി മാറി.

1938 ലാണ് ജർമൻ സൈന്യം ഓസ്ട്രിയയെ കീഴടക്കുന്നത്. ജർമൻ ഫുട്ബോൾ ടീമിനെ കൂടുതൽ കരുത്തുറ്റതാക്കാൻ ഈ അവസരം ഹിറ്റ്ലർ ഉപയോഗിച്ചു. ഓസ്ട്രിയൻ ഫുട്ബോൾ താരങ്ങളോട് ജർമനിയുടെ പതാക വാഹകരാകാൻ വേണ്ടി ആജ്ഞാപിച്ചുകൊണ്ട് സംയുക്ത ജർമൻ  ഓസ്ട്രിയൻ ടീമിനെ ഫാഷിസ്റ്റ് ഭരണകൂടം ഈ കാലയളവിൽ നിർമിച്ചു.

എന്നാൽ തങ്ങളുടെ ജനതയെ കീഴടക്കിയ ഹിറ്റ്ലറോട് സമരസപ്പെട്ടുപോകാൻ മാത്യൂ ഷിന്റ്‌ലറിനെപ്പോലെ ചുരുക്കം ചില പ്ലയേഴ്സ് തയ്യാറായില്ല.

ഓസ്ട്രിയക്കുവേണ്ടി അവസാനമായി സംഘടിപ്പിച്ച സൗഹൃദ മത്സരത്തിൽ ഭീഷണികൾ നിലനിന്നിരുന്നിട്ടും ഷിന്റ്‌ലറിന്റെ ഗോളിന്റെ ബലത്തിൽ ഓസ്ട്രിയ ജർമനിയെ വീണ്ടും പരാജയപ്പെടുത്തി.

കീവിൽ നടന്ന ഡത്ത്‌ മാച്ചിന്റെ പോസ്‌റ്റർ

കീവിൽ നടന്ന ഡത്ത്‌ മാച്ചിന്റെ പോസ്‌റ്റർ

ഹിറ്റ്ലറിന്റെ  അധികാര അന്തഃസത്തക്ക് പലകുറി പൊള്ളലേൽപ്പിച്ച മാത്യു ഷിന്റ്‌ലർ ഒരു കൊല്ലത്തിനപ്പുറം തന്റെ 36 വയസ്സിൽ അജ്ഞാതമായി കൊലചെയ്യപ്പെട്ട കാഴ്ചയാണ് പിന്നീട് ഫുട്ബോൾ ലോകം കണ്ടത്.

പ്രോ ജ്യുവിഷ് എന്നും സോഷ്യലിസ്റ്റ് എന്നുമായിരുന്നു നാസി പട്ടാളത്തിന്റെ ഫയലുകളിൽ ഷിന്റ്‌ലറിനെ അടയാളപ്പെടുത്താൻ ജർമൻ ഓഫീസർമാർ ഉപയോഗിച്ച വിശേഷണം.

ഉക്രയ്‌നിലെ മിത്തുകളിലും രണ്ടാം ലോകമഹായുദ്ധകാലത്തെ ഫാഷിസ്റ്റ് വിരുദ്ധ പ്രതിഷേധങ്ങളുടെ ചരിത്ര രേഖകളിലും ഒരേ പോലെ എഴുതിചേർക്കപ്പെട്ടിട്ടുള്ള വിഖ്യാതമായ മത്സരമായിരുന്നു 1942 ഓഗസ്റ്റിൽ 9 ന് കീവിൽ   നടന്ന "Death match’ അന്ന് ഹിറ്റ്ലറിന്റെ പട്ടാള ഭരണത്തിന് കീഴിലായിരുന്ന ഉക്രയ്‌നിലെ എഫ്സി സ്റ്റാർട്ടും ജർമൻ ടീമായ ഫ്ലാകൽഫും  തമ്മിൽ നടന്ന മത്സരം അധികാര ഗർവിന്റെയും ഹിറ്റ്ലറിന്റെ കുടിലമായ പ്രതികാര ബുദ്ധിയുടെയും അടയാളമായി നിലനിൽക്കുന്നു. 

ഡൈനാമോ കീവ് എന്ന പ്രശസ്തമായ ക്ലബ്ബിലെ പഴയ  കളിക്കാരും മറ്റും ചേർന്ന് ജർമൻ അധിനിവേശ കീവിലെ  bread factory no 1 നെ പ്രതിനിധീകരിച്ചുകൊണ്ട് രൂപീകരിച്ച ടീമായിരുന്നു എഫ്സി സ്റ്റാർട്ട്.  മറുപുറത്ത് അവരുമായി കൊമ്പ്  കോർക്കാൻ ജർമൻ സേനയുടെ ഫുട്ബോൾ ക്ലബ്ബുകളായിരുന്നു ഉണ്ടായിരുന്നത്.

ജർമനിയുടെ പട്ടാള യൂണിറ്റ് ടീമായ പിജിഎസ് നെയും ഹംഗേറിയൻ ടീമായ എം എസ്ജി വാൾനെയും തോൽപ്പിച്ച എഫ്സി സ്റ്റാർട്ടിങ്ങിനെതിരെ തുടക്കം മുതലേ ഭീഷണികളും ഉപദേശങ്ങളും അധികാരി വിഭാഗത്തിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നു.

1938ൽ ഇറ്റാലിയൻ ടീം ഫാസിസ്‌റ്റ്‌ സല്യൂട്ട്‌ നൽകുന്നു

1938ൽ ഇറ്റാലിയൻ ടീം ഫാസിസ്‌റ്റ്‌ സല്യൂട്ട്‌ നൽകുന്നു

കളി തുടങ്ങുമ്പോൾ റോമൻ സല്യൂട്ട്  നൽകണമെന്ന ജർമൻ ഓഫീസറുമാരുടെ ഔദ്യോഗിക അടിച്ചേൽപ്പിക്കൽ മുതൽ തോറ്റുകൊടുക്കണമെന്ന അനൗദ്യോഗിക ഭീഷണികൾവരെ നീളുന്നു അവർക്കുമേൽ വന്നിരുന്ന സമ്മർദങ്ങൾ.

എന്നാൽ റോമൻ സല്യൂട്ടിന് പകരം 'ഫിസ് കൾട്ട് ഹുറേ’ എന്ന് ആക്രോശിച്ചു കൊണ്ടുള്ള സോവിയറ്റ് സ്പോർട്ടിങ് സല്യൂട്ട് നൽകികൊണ്ട് കളിക്കളത്തിലേക്ക് കാലെടുത്തുവച്ച സ്റ്റാർട്ടിന്റെ കളിക്കാർ തുടക്കം മുതലേ പ്രതിരോധമൂല്യങ്ങളാൽ ഊർജംകൊണ്ട കളിമികവ് മൈതാനത്ത് കാഴ്ചവച്ചു.

5‐3 ന് ആര്യന്മാരുടെ ഫാൽകഫ്  ടീമിനെ തോൽപ്പിച്ച എഫ്സി സ്റ്റാർട്ടിന്റെ കളിക്കാർ കീവിലെ കോൺസെൻട്രേഷൻ ക്യാമ്പുകളിൽനിന്ന് ബ്രെഡ് ഫാക്ടറി നമ്പർ 1 ലേക്ക് പിന്നീടൊരിക്കലും തിരിച്ചുവന്നില്ല എന്നാണ് ചരിത്രം.

ഫ്രാങ്കോയും റയൽ മാഡ്രിഡും


രാജ്യത്തെ അരക്ഷിതാവസ്ഥയെയും ഭരണവിരുദ്ധവികാരങ്ങളെയും മറികടക്കാൻ ഫുട്ബോളിനെ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് മനസ്സിലാക്കിയ മറ്റൊരു സ്വേച്ഛാധിപതിയായിരുന്നു സ്പെയിനിലെ ഫ്രാൻസിസ്കോ ഫ്രാങ്കോ. ആഭ്യന്തര കലാപങ്ങൾ മൂലം 1938 ലെ വേൾഡ് കപ്പിൽ നിന്ന് സ്പെയിൻ വിട്ടുനിന്നിരുന്നു. ന്യൂനപക്ഷ സ്വതന്ത്രവാദികളായ കാറ്റലോണിയരും സ്പാനിഷ് ദേശീയവാദികളും തമ്മിലുള്ള പോരാട്ടം കനത്തുനിന്നിരുന്ന കാലമായിരുന്നു അത്.

ഫ്രാങ്കോയുടെ ആഭ്യന്തര കലാപങ്ങൾക്ക് ഊർജം പകരാൻ 50,000 ത്തിൽപ്പരം മിലിട്ടറി ട്രൂപ്പിനെയാണ് മുസോളിനി സ്പെയിനിലേക്ക് അയച്ചത്. തുടക്കത്തിൽ ഫുട്ബോളിനോട് കാര്യമായി കമ്പമില്ലാതിരുന്ന ഫ്രാങ്കോ തന്റെ ശത്രുവർഗമായ കാറ്റലോണിയൻ ജനത അവരുടെ സ്വത്വപ്രതീകമായി ഉയർത്തിക്കൊണ്ടുവന്ന എഫ്സി ബാഴ്സലോണയിലൂടെ രാഷ്ട്രീയമായി സംഘടിക്കുകയും ശക്തി പ്രാപിക്കുകയും ചെയ്യുന്നതായി മനസ്സിലാക്കി.

ഇങ്ങനെയാണ് ദേശീയവാദികളുടെ വൈകാരിക ഇടപെടലുകളുടെ ആക്കം കൂട്ടാൻ ഫ്രാങ്കോ റിയൽ മാഡ്രിഡിനെ കൂട്ടുപിടിക്കുന്നത്.

ഫ്രാൻസിസ്കോ ഫ്രാങ്കോ

ഫ്രാൻസിസ്കോ ഫ്രാങ്കോ

1936ൽ തങ്ങളുടെ പ്രവിശ്യയിലേക്ക് കാറ്റലോണിയൻ പതാകയുമായി പ്രവേശിച്ച ബാഴ്സലോണയുടെ പ്രസിഡന്റ് ജോസഫ് സുനിയോളിനെ വെടിവെച്ചുകൊന്നതടക്കം കാറ്റലോണിയൻ തുറമുഖ നഗരിയിൽ ഫ്രാങ്കോ ഭരണകൂടം അഴിച്ചുവിട്ട നരനായാട്ടുകൾക്ക് കൈയും കണക്കുമുണ്ടായിരുന്നില്ല.

കാറ്റലോണിയൻ ഭാഷ സംസാരിക്കാനോ സ്വത്വം ഉയർത്തിപ്പിടിക്കാനോ ഫ്രാങ്കോയുടെ കിരാത ഭരണത്തിന് കീഴിൽ കാറ്റലോണിയൻ ജനതക്ക് കഴിഞ്ഞിരുന്നില്ല. അവർ തങ്ങളുടെ ഭാഷയിൽ സ്വാതന്ത്ര്യ ദാഹത്താൽ ഉറക്കെ അലറിയതും കൊടികൾ വീശി സ്വത്വമുയർത്തിപ്പിടിച്ചിരിന്നതും ക്യാമ്പ് ന്യു വിലൂടെയും എഫ്സി  ബാഴ്സലോണയിലൂടെയുമായിരുന്നു.

1950 ൽ ബാഴ്സയുമായി കരാറിൽ ഒപ്പുവെച്ചിരുന്ന അർജന്റൈൻ ഇതിഹാസതാരം ആൽഫ്രഡോ ഡി സ്റ്റീഫാനോയെ തന്റെ അധികാര സ്വാധീനം ഉപയോഗിച്ച് റയലിന്റെ തട്ടകമായ ബർണാബ്വ്യൂവിലേക്ക് എത്തിച്ചതടക്കം നിരന്തരമായി സ്പാനിഷ് ഫുട്ബോളിൽ ഇടപെട്ടിരുന്ന  ഭരണാധികാരിയായിരുന്നു ഫ്രാങ്കോ.

വേട്ടക്കാരന് കാവൽ നിന്ന വേട്ടമൃഗം


വൈകാരിക ദേശീയതയെയും ആരാധക വൃന്ദങ്ങളെയും മുതലെടുത്ത് കൊണ്ട് രാഷ്ട്രീയ ലാഭം കൊയ്യുന്ന പൊളിറ്റിക്കൽ ഗെയിമുകൾ അർജന്റീനയിലും ഈ കാലയളവിൽ കാണാൻ കഴിഞ്ഞു.  1946 ൽ ജസ്റ്റിഷ്യലിസ്റ്റ് പാർടിയിലൂടെ പ്രസിഡന്റായി അധികാരത്തിലേറിയ ഹുവാൻ ഡോമിംഗോ പെറോൺ ആണ്   ഫുട്ബോളിനെ രാഷ്ട്രീയ മൈതാനങ്ങളിലേക്ക് ഉരുട്ടിവിട്ട ആദ്യ അർജന്റൈൻ നേതാവ്.

1943 ൽ പ്രസിഡന്റായിരുന്ന ആർത്യുറോ റൗസയെ സ്ഥാനഭൃഷ്ടനാക്കി  പട്ടാളം അധികാരം കയ്യടക്കിയപ്പോൾ തൊഴിൽ മന്ത്രിയായിരുന്നു പെറോൺ.

ഈ കാലയളവിൽ തൊഴിലാളി വർഗത്തോട് കാണിച്ച നീതിയുക്തമായ ഇടപെടലുകൾ പെറോണിനെ ജനകീയനാക്കി മാറ്റി. ഒപ്പം അർജന്റീനയിലെ പ്രഖ്യാപിത ഇടതുപക്ഷ ചേരി തങ്ങളുടേതാണെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തു.

1946 ൽ  പ്രസിഡന്റായത് മുതൽ ബ്യുണസ് ഐറിസിലെ തൊഴിലാളികളുടെ  ക്ലബ്ബായ ബൊക്കാ ജൂനിയേഴ്സുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധം ഈ ബോധ്യങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി.

അതി വൈകാരിക ദേശീയത ഫുട്ബോളിലൂടെ ആളിപ്പടർത്തിയാൽ അധികാരക്കസേരകൾക്ക് ഇളക്കം തട്ടില്ല എന്ന് മനസ്സിലാക്കിയ പെറോണിന്  ഫുട്ബോളിലൂടെ ഉണ്ടാകുന്ന തോൽവിയുടെ ഭവിഷ്യത്തുകളെക്കുറിച്ചും ധാരണയുണ്ടായിരുന്നു  . ഇത് മുന്നിൽക്കണ്ടുകൊണ്ടാണ് തോൽവി ഉറപ്പിച്ചിരുന്ന 50 ലെ വേൾഡ് കപ്പിലും 52 ലെ ഒളിമ്പിക്സിലും അർജന്റീന ഒഴിഞ്ഞുനിന്നതെന്ന് കരുതപ്പെടുന്നു.

എന്നാൽ ജനദ്രോഹ നയങ്ങളെയോ മനുഷ്യാവകാശ ലംഘനങ്ങളെയോ  പെറോൺ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നും കാണാൻ കഴിയും. ഇതിനു നേർവിപരീതമായിരുന്നു വിദേലയുടെ പട്ടാള ഭരണകൂടം അർജന്റീനയിൽ കാഴ്ചവെച്ചത്.

തികഞ്ഞ ക്രിസ്തീയ വലതുപക്ഷ യാഥാസ്ഥികനായിരുന്ന വിദേല,  ഭരണകൂടത്തിന് വിധേയപ്പെടാത്ത യുവാക്കളെ കൊന്നും തടവിലാക്കിയും രാജ്യമൊട്ടാകെ കിരാത ഭരണം നടപ്പിലാക്കി.

1978 ആയപ്പോഴേക്കും മുപ്പതിനായിരത്തിൽ പ്പരം യുവാക്കളെയാണ് അർജന്റീനയിൽ കാണാതായത്. ഈ രാഷ്ട്രീയാന്തരീക്ഷത്തിലേക്കാണ് 78 ലെ വേൾഡ് കപ്പിന്റെ വരവും. മെനോട്ടിയുടെ കീഴിലുള്ള കിരീട നേട്ടവും. തന്റെ പ്രതിച്ഛായയെ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിൽ തങ്ങളുടെ ശത്രുപക്ഷത്തുനിന്ന് തന്നെ ഒരു രാഷ്ട്രഗുരുവിനെ പ്രതിഷ്ഠിച്ച രാജാവിന്റെ കൗശല ബുദ്ധി വിദേലയിലും.

തന്റെ വേട്ടക്കാരനെ  സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട വേട്ടമൃഗത്തിന്റെ നിസ്സഹായത മെനോട്ടിയിലും കാണാമായിരുന്നു. ഫൈനലിന്റെ തൊട്ടുമുമ്പ് ഡ്രസിങ് റൂമിൽ ടീം അംഗങ്ങളോടായ് മെനോട്ടി ഇപ്രകാരം പറഞ്ഞു. 'ഇരകളാക്കപ്പെട്ട ജനങ്ങളുടെ വർഗത്തിനുവേണ്ടിയാണ് നമ്മൾ പന്ത് തട്ടുന്നത്.

ഈ രാജ്യത്ത് കളങ്കമില്ലാതെ നിലനിൽക്കുന്ന ഒരേ ഒരു വസ്തു ഇപ്പോൾ ഫുട്ബോൾ മാത്രമാണ്. ഇവിടെ നമ്മൾ കളിക്കുന്നത് അധികാര വർഗത്തിനും പട്ടാള ഭരണകൂടത്തിനും വേണ്ടിയല്ല നമ്മൾ ഏകാധിപതികൾക്കൊപ്പമല്ല ജനങ്ങളുടെ പരമമായ സ്വാതന്ത്ര്യത്തിനൊപ്പമാണ്’.

എന്നാൽ എൽ മോന്യുമെന്റൽ സ്റ്റേഡിയത്തിൽ നിന്ന് കാൽവെപ്പുകൾ മാത്രം അവശേഷിക്കുന്ന ദൂരത്തിലുള്ള നാവികസേനയുടെ മെക്കാനിക്കൽ സ്കൂളിൽ കാണാതായിപ്പോയ ആയിരത്തോളം പൗരന്മാർ തങ്ങളുടെ രാജ്യത്തിന്റെ കിരീടനേട്ടവും പ്രതീക്ഷിച്ച്‌  തടവിലാക്കപ്പെട്ടിരിക്കുകയായിരുന്നു എന്ന് മറ്റേതൊരു അർജന്റൈൻ പൗരനെപ്പോലെ മെനോട്ടിക്കും അജ്ഞാതമായിരുന്നു.

മെക്കാനിക്കൽ സ്കൂളുകളിൽ തടവിലാക്കപ്പെട്ടവരുടെ നീതിനിഷേധത്തിന്റെയും പൗരലംഘനത്തിന്റെയും നിലവിളികൾ അന്നത്തെ രാത്രി ബ്യുണസ് ഐറിസിലെ തെരുവുകളിലൂടെ അലയടിച്ച  വിജയാരവങ്ങളുടെ മുഴക്കത്താൽ അലിഞ്ഞില്ലാതെയായ്.

പന്ത് വലതു വിങ്ങിലൂടെ മുന്നേറുമ്പോൾ

ദേശീയപാരമ്പര്യ വാദികളായ വലതുപക്ഷ നേതാക്കളുടെ ഫുട്ബോൾ പ്രീണനം ഇരുപതാം നൂറ്റാണ്ടിലെന്നപോലെ ഈ നൂറ്റാണ്ടിലും ലോക രാഷ്ട്രീയ ഭൂപടത്തിൽ പ്രത്യക്ഷമായി കാണാവുന്ന ഒന്നാണ്. ഓസ്ട്രിയൻ ദേശീയ വാദിയായിരുന്ന ജോർജ് ഹൈദർ എഫ്സി   പ്രസിഡന്റ്‌ സ്ഥാനം ആഗ്രഹിച്ചത് ഫുട്ബോളിലൂടെ തനിക്കും തന്റെ പ്രത്യയശാസ്ത്രത്തിനും ലഭിക്കാവുന്ന മൈലേജിനെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ടായിരുന്നു.

2008 ലെ യൂറോ കപ്പ്  ക്ലാഗൻഫുർട്ടിൽ നടന്നതിനുശേഷം അദ്ദേഹം ഈ രാഷ്ട്രീയ ലക്ഷ്യത്തിന്റെ അടുത്തെത്തിയതായിരുന്നു. എന്നാൽ 2008 ലെ കാറപകടത്തിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവരാൻ അദ്ദേഹത്തിനായില്ല. പ്രസിഡന്റും തുർക്കിയിലെ ജനകീയ നേതാവുമായ റജബ് ത്വയ്യിബ് ഉർദോഗാന് ഫുട്ബോളുമായുള്ള അടുപ്പം ഇതോടൊപ്പം ചേർത്തു വായിക്കാവുന്നതാണ്.

എന്നാൽ ഉർദുഗാന്റെ കാൽപ്പന്തിനോടുള്ള മുഹബ്ബത്ത് വെറും രാഷ്ട്രീയ ലക്ഷ്യത്തിന്റെ പുറത്ത് വന്നുചേർന്നതല്ല എന്ന് എഴുപതുകളിലെ അദ്ദേഹത്തിന്റെ യുവത്വം പരിശോധിച്ചാൽ മതിയാകും. ഇസ്താൻബുൾ ഇലക്ട്രിക് ട്രാം ആൻഡ് ടണൽ  കമ്പനിയുടെ (IETT)ഫുട്ബോൾ ക്ലബ്ബിനുവേണ്ടി ബൂട്ട് കെട്ടുകയും ക്യാപ്റ്റൻ ആം ബാൻഡ് ധരിക്കുകയും ചെയ്ത ഒരു സെമി പ്രൊഫഷണൽ ഫുട്ബോൾ പ്ലെയർ കൂടിയായിരുന്നു അദ്ദേഹം.

ജർമൻ മിഡ്ഫീൽഡറും തുർക്കിഷ് വംശജനുമായ മസ്യൂട്ട് ഓസിലിന് തന്റെ രാജ്യത്തുനിന്നും നേരിടേണ്ടിവന്ന വംശീയാധിക്ഷേപങ്ങളിൽ  പലതും ഉർദുഗാനുമായുള്ള ചങ്ങാത്തത്തിന്റെ പേരിലായിരുന്നു. ഓസിലുമായുള്ള ഉർദുഗാന്റെ ബന്ധം അദ്ദേഹത്തിന്റെ പാരമ്പര്യ വാദവും ഫുട്ബോൾ അഭിനിവേശനവും കൂടി കലർന്ന വൈകാരിക ബന്ധവുമായി സമന്വയിപ്പിച്ച് വായിക്കുന്നതായിരിക്കും ശരി.

ഹംഗേറിയൻ പ്രൈം മിനിസ്റ്ററായ വിക്ടർ ഓർബാൻ ഫുട്ബോളിലൂടെ രാഷ്ട്രീയ മുതലെടുപ്പുകൾ നടത്തുമ്പോഴും കാൽപ്പന്തും ഓർബനും തമ്മിലുള്ള ബന്ധം ബാല്യകാലം തൊട്ടേ തുടങ്ങിയതാണെന്ന വസ്തുതയും കൂട്ടി വായിക്കേണ്ടതുണ്ട്. ചെറുപ്പത്തിൽ വിഡിയോടൺ എഫ്സിയുടെ യൂത്ത് ടീം പ്ലെയർ ആയിരുന്ന ഓർബൻ നിലവിൽ എഫ്സി ഫെൽക്ഷൂട്ട് ന്റെ ഓണർ കൂടിയാണ്.

ഇതിനു പുറമേയാണ് ഹംഗേറിയൻ വംശജരായ ന്യൂനപക്ഷ സമൂഹം അധിവസിക്കുന്ന റൊമാനിയയിലെയും ട്രാൻസിൽവാനിലയിലെയും സൗത്ത് സ്ലോവാക്കിയയിലെയും ഫുട്ബോൾ ക്ലബ്ബുകളിലേക്ക് ഓർബൻ ഒഴുക്കുന്ന പണത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ. സോഷ്യൽ ലിബറൽ പാർടിയിലൂടെ 2018 ൽ ബ്രസീലിൽ അധികാരത്തിലേറിയ ബോൽസനാരോയും ഈ കൂട്ടത്തിലെ പ്രധാനികളിൽ ഒരാളാണ്.

തികഞ്ഞ സാമ്രാജ്യത്വവാദിയും അമേരിക്കൻ നയതാല്പര്യങ്ങളുടെ നടത്തിപ്പുകാരനും സംരക്ഷകനുമായ ബോൽസനാരോക്ക് ബ്രസീലിലെ സ്റ്റാർ പ്ലയേഴ്സിൽനിന്നും ലഭിച്ചിരുന്ന പിന്തുണയായിരുന്നു തന്റെ ഇലക്ഷൻ വിജയങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിരുന്നത്. നെയ്മറും ഡാനി ആൽവേസും  തിയാഗോ സിൽവയും അടങ്ങുന്ന ഒരു നിര തന്നെ കാനറി പടയിൽ നിന്ന് ബോൽസനാരോയുടെ ഇലക്ഷൻ പ്രചാരണ വേളയിൽ ഈ വർഷവും രംഗത്തുവന്നിരുന്നു.

ഗ്യാലറികൾ മാർക്കിടുന്ന രാജ്യസ്നേഹം

കായികതാരങ്ങളുടെ ദേശീയതാ ബോധം അവരുടെ മതത്തിനും ജാതിക്കുമനുസരിച്ച് ഗ്യാലറിയിലുള്ള തീവ്രദേശീയവാദികൾ ചിട്ടപ്പെടുത്താൻ തുടങ്ങിയ സമകാലീന ഇന്ത്യൻ രാഷ്ട്രീയവും ഫാഷിസ്റ്റുകാലത്തെ ഇറ്റലിയിൽ നിന്നും ജർമനിയിൽനിന്നും ഒട്ടും വ്യത്യസ്തമല്ല.

നേരത്തെ പറഞ്ഞതുപോലെ വിദേലയുടെ അർജന്റീനയിൽ അപ്രത്യക്ഷമാക്കപ്പെട്ട യുവാക്കളുടെ ഇന്ത്യൻ പതിപ്പായി ജെഎൻയുവിലെ  വിദ്യാർഥി നജീബ് മാറുന്നതും ബ്യുണസ് ഐറിസിലെ മെക്കാനിക്കൽ സ്കൂളിൽ തളച്ചിടപ്പെട്ട രാഷ്ട്രീയ തടവുകാരുടെ മറുചിത്രമായി ഉമർ ഖാലിദും ഷർജീൽ ഇമാമും സഞ്ജീവ് ഭട്ടും മാറുന്നതും ഫാഷിസ്റ്റ് ഭരണകൂടങ്ങളുടെ ചരിത്രപരമായിട്ടുള്ള ആവർത്തനങ്ങളായ് മാറുകയാണ്. 

ഇന്ത്യൻ ഗ്യാലറികളെ തീവ്രദേശീയതാബോധം അടക്കി വാഴാൻ തുടങ്ങിയത് സംഘപരിവാർ രാഷ്ട്രീയം ഇന്ത്യൻ പൊതുമണ്ഡലങ്ങളിൽ ശക്തി പ്രാപിച്ച ശേഷമാണ്.  ഇസ്ലാമോഫോബിയയും ജാതി വിവേചനവും സംഘപരിവാർ ജനഹൃദയങ്ങളിലേക്ക് കുത്തിയിറക്കാൻ തുടങ്ങിയതിന്റെ ബാക്കിപത്രമാണ് ന്യൂനപക്ഷ കായികതാരങ്ങളും കലാകാരന്മാരും നിരന്തരം നേരിടേണ്ടിവരുന്ന വർഗീയ അധിക്ഷേപങ്ങൾ.

യൂറോപ്പിൽ ഫുട്ബോളായിരുന്നെങ്കിൽ ഇന്ത്യയിൽ ക്രിക്കറ്റ് ആണ് ദേശീയവാദികളുടെ തുറുപ്പു ചീട്ട് എന്ന വ്യത്യാസം മാത്രമേയുള്ളു. ഇന്ത്യൻ ക്രിക്കറ്ററായിരുന്ന ഇർഫാൻ പത്താനും ടെന്നിസ് താരം സാനിയ മിർസയും ആയിരുന്നു സംഘപരിവാരത്തിന്റെ ആദ്യകാല ഇരകൾ. 2014 ന് ശേഷമാണ് ഇത്തരം വിദ്വേഷ ആരോപണങ്ങൾ ഗ്യാലറികളിൽ വർധിക്കാൻ തുടങ്ങിയത്.

2021 ഒക്ടോബർ 24ന് യുഎഇയിൽ  നടന്ന ടി ട്വന്റി വേൾഡ് കപ്പിൽ പാകിസ്താനോട് ഇന്ത്യ തോറ്റിരുന്നു.  അന്ന് മുഹമ്മദ് ഷാമിക്ക് തോൽവിയുടെ കാരണങ്ങൾക്കൊപ്പം തന്റെ ദേശസ്നേഹവും  ബോധ്യപ്പെടുത്തേണ്ടി വന്നു.

പഴയ ഇന്ത്യൻ ഓപ്പണറായിരുന്ന വാസിം  ജാഫർ ഉത്തരാഖണ്ഡ് രഞ്ജിട്രോഫി ടീമിന്റെ പരിശീലക  സ്ഥാനത്തുനിന്നും രാജിവച്ചതും വംശീയ വിദ്വേഷങ്ങളുടെ മുൾമുനകൾ ഏറ്റുവാങ്ങേണ്ടി വന്നപ്പോളാണ്. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏക ദളിത് താരമായിരുന്ന ദോഡാ ഗണേഷ് മാത്രമായിരുന്നു വസിം ജാഫറിന്റെ പക്ഷം ചേരാൻ അന്ന് മുന്നോട്ട് വന്നത്.

നവ ഇന്ത്യയിൽ മുസ്ലിങ്ങൾക്ക് മാത്രമല്ല മറ്റു ന്യൂനപക്ഷങ്ങൾക്കും ഇത്തരം അധിക്ഷേപങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. കഴിഞ്ഞ ഏഷ്യാകപ്പിൽ പാകിസ്താൻ താരം  ആസിഫ് ഇക്ബാലിന്റെ ക്യാച്ച് പാഴാക്കിയപ്പോൾ ഖാലിസ്താൻ വാദിയെന്ന ചാപ്പ കുത്തിയാണ് അർഷദീപ് സിങ്ങിനെ തീവ്രദേശീയവാദികൾ കുരിശിലേറ്റിയത്.

2020 ടോക്യോ  ഒളിമ്പിക്സിലെ സെമി ഫൈനൽ പരാജയത്തിനുശേഷം വന്ദന കടാര്യ  നേരിടേണ്ടി വന്ന ജാതീയാധിക്ഷേപവും ബാഡ്മിന്റൺ താരം ജ്വാലഗുട്ടയുടെ അമ്മ ചൈനീസ് വംശജ ആയതുകൊണ്ട് നേരിടേണ്ടിവന്ന 'ഹാൾഫ് കൊറോണ’ എന്ന അധിക്ഷേപങ്ങളും  ഇത്തരത്തിലുള്ള തീവ്രദേശീയത മനോഭാവങ്ങളുടെ ഉദാഹരണങ്ങളാണ്.

കാൽപ്പന്തുകളിയുടെ കാവ്യാത്മക ബാന്ധവം

ഏഷ്യയിലായാലും യൂറോപ്പിലായാലും ലാറ്റിനമേരിക്കയിലായാലും സാമ്രാജ്യത്വ ശക്തികളും ഫാഷിസ്റ്റുകളും  ഉപയോഗിച്ചതിനെക്കാൾ കാവ്യാത്മത്മക ബാന്ധവത്തോടെ  ഫാഷിസ്റ്റ് വിരുദ്ധ പോരാളികളും ജനാധിപത്യവാദികളും ഫുട്ബോളിനെ ഉപയോഗിച്ചിട്ടുണ്ട്. 

1986ൽ മറഡോണ ലോകകപ്പുമായി

1986ൽ മറഡോണ ലോകകപ്പുമായി

ഹിറ്റ്ലറിന്റെ അധികാര ഹുങ്കിന്  മുന്നിൽ മുട്ടുമടക്കാതിരുന്ന മാത്യൂ ഷിന്റ്ലറും കീവിലെ എഫ്സി സ്റ്റാർട്ടും അതിന്റെ ആദ്യകാല പ്രതീകങ്ങളാണ്.

ബ്രസീലിൽ ഏകാധിപത്യം കൊടികുത്തി വാണ  1982 ൽ സർവാധിപത്യത്തിനെതിരെ വോട്ട് ചെയ്യാൻ ആഹ്വാനിച്ചുകൊണ്ട് കൊറിന്ത്യൻസിന്റെ ജേഴ്സിയിൽ  പ്രത്യക്ഷപ്പെട്ട സാക്ഷാൽ സോക്രട്ടീസ് ഈ പ്രവണതയുടെ മറ്റൊരു പ്രതീകമാണ്.

മാൽപീനിയൻ ദ്വീപ സമൂഹത്തിനുവേണ്ടി 1982 ൽ  ഇംഗ്ലണ്ടുമായി നടത്തിയ യുദ്ധത്തിലേറ്റ പരാജയത്തിന് അർജന്റൈൻ ജനത പകരം ചോദിച്ചത് 86 ലെ വേൾഡ് കപ്പ് ക്വാർട്ടർ ഫൈനലിലൂടെയായിരുന്നു. 

കോളനിവൽക്കരണ കാലത്ത് ഇംഗ്ലീഷുകാർ ലാറ്റിൻ അമേരിക്കയിലേക്ക് തട്ടിവിട്ട അതേ ഫുട്ബോളിലൂടെ തന്നെ സാമ്രാജ്യത്വശക്തികളോട് മറഡോണയും സംഘവും പകരം ചോദിച്ചത് ഫുട്ബോളിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ഉദാത്തമായ കാഴ്ചകളിൽ ഒന്നായിരുന്നു.

86 ലെ വേൾഡ് കപ്പിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ കൈകൊണ്ടുള്ള ഗോളിന്റെ രാഷ്ട്രീയത്തെ രാജീവ് രാമചന്ദ്രൻ 'ചെളി പുരളാത്ത പന്ത്' എന്ന പുസ്തകത്തിലൂടെ അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്.

'ബ്രിട്ടീഷ് യൂറോപ്യൻ ധാർമിക മൂല്യങ്ങളുടെ അളവുകോലുകളിൽ വഞ്ചനയായി കണക്കാക്കപ്പെട്ടെങ്കിലും ലാറ്റിൻ അമേരിക്കയിലും മറ്റ് മൂന്നാം ലോക രാജ്യങ്ങളിലും നിലനിന്നിരുന്ന കോളനിവിരുദ്ധ രാഷ്ട്രീയത്തിലൂടെ ആ ഗോളിനു ലഭിച്ച പ്രതീകമുല്യം അതിന്റെ പലമടങ്ങ് വരും.

അധഃസ്ഥിത സമൂഹത്തിന്റെ ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയം പലപ്പോഴും കൊളോണിയൽ ധാർമികതക്ക് പുറത്താവുമെന്നതിന്റെ പ്രഖ്യാപനം കൂടിയാണ് ദൈവത്തിന്റെ കൈയ്ക്ക് കിട്ടിയ സ്വീകാര്യത.

ആ കൈ ദൈവത്തിന് സമർപ്പിക്കുക വഴി ലാറ്റിൻ അമേരിക്കയിൽ മുമ്പുതന്നെ പോരാട്ട പക്ഷത്ത് നിലയുറപ്പിച്ചിരുന്ന വിമോചന ദൈവശാസ്ത്രധാരയെ, ധാർമികതയെയും കായികസദാചാരത്തെയും മറികടന്നും തന്നോട് ഒന്നുകൂടി ചേർത്തു നിർത്താൻ മറഡോണക്കായി’.

മലബാറിൽ മുഴങ്ങുന്ന മുദ്രാവാക്യം

ബ്രിട്ടീഷുകാർക്കെതിരെയുള്ള കോളനി വിരുദ്ധ മനോഭാവം നിലനിന്നിരുന്ന കേരളത്തിലും വിശിഷ്യാ മലബാറിലും ജനങ്ങൾ ആ ഗോളിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു.

ദൈവത്തിന്റെ കൈയുടെ രാഷ്ട്രീയ ആഖ്യാനം കൂടി ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെട്ടതോടെ ഗോളിന് മാത്രമല്ല ഗോളടിച്ച മറഡോണയും മലയാളികളുടെ പ്രിയങ്കരനായി മാറി. മലബാർ ജനതയുടെ കോളനി വിരുദ്ധ വികാരങ്ങൾക്ക് ഫുട്ബോളിനോളം തന്നെ പഴക്കമുണ്ട്.

 

1836 മുതൽ മലബാറിൽ പൊട്ടിപുറപ്പെടാൻ തുടങ്ങിയ ബ്രിട്ടീഷ് കലാപങ്ങളെ അമർച്ച ചെയ്യാൻ വേണ്ടിയാണ് 1852 ൽ മലപ്പുറത്ത് സ്പെഷ്യൽ പൊലീസ് ക്യാമ്പ് രൂപീകരിക്കപ്പെടുന്നത്.എംഎസ്‌പിയിലൂടെ യാണ്  മലപ്പുറത്തുകാർ പിന്നീട് ഫുട്ബോളിനെ അറിയാൻ തുടങ്ങിയത്.കാവ്യാത്മകവും സർഗാത്മകവുമായ ചടുല നീക്കങ്ങളോടൊപ്പം പന്തിനെ ഗോൾ പോസ്റ്റിലേക്ക് എത്തിക്കാനാവിശ്യമായ പോരാട്ടവീര്യം പരമ്പരാഗതമായി തന്നെ തങ്ങളുടെ സിരകളിൽ നിറഞ്ഞിരുന്നത് കൊണ്ടായിരിക്കണം കാൽപ്പന്തുകളിയെ തങ്ങളുടെ ഹൃദയങ്ങളിലേറ്റാൻ മലപ്പുറത്തുകാർക്ക് അധികം സമയം വേണ്ടി വന്നില്ല.

 

1836 മുതൽ മലബാറിൽ പൊട്ടിപുറപ്പെടാൻ തുടങ്ങിയ ബ്രിട്ടീഷ് കലാപങ്ങളെ അമർച്ച ചെയ്യാൻ വേണ്ടിയാണ് 1852 ൽ മലപ്പുറത്ത് സ്പെഷ്യൽ പൊലീസ് ക്യാമ്പ് രൂപീകരിക്കപ്പെടുന്നത്.എംഎസ്‌പിയിലൂടെ യാണ്  മലപ്പുറത്തുകാർ പിന്നീട് ഫുട്ബോളിനെ അറിയാൻ തുടങ്ങിയത്.കാവ്യാത്മകവും സർഗാത്മകവുമായ ചടുല നീക്കങ്ങളോടൊപ്പം പന്തിനെ ഗോൾ പോസ്റ്റിലേക്ക് എത്തിക്കാനാവിശ്യമായ പോരാട്ടവീര്യം പരമ്പരാഗതമായി തന്നെ തങ്ങളുടെ സിരകളിൽ നിറഞ്ഞിരുന്നത് കൊണ്ടായിരിക്കണം കാൽപ്പന്തുകളിയെ തങ്ങളുടെ ഹൃദയങ്ങളിലേറ്റാൻ മലപ്പുറത്തുകാർക്ക് അധികം സമയം വേണ്ടി വന്നില്ല.

1986 ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയുള്ള മത്സത്തിൽ മറഡോണയുടെ മുന്നേറ്റം

1986 ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയുള്ള മത്സത്തിൽ മറഡോണയുടെ മുന്നേറ്റം

കേരളത്തിലങ്ങോളമിങ്ങോളമുള്ള ഗ്രാമങ്ങളിൽ ഫുട്ബോളിന്റെ പ്രചാരണം ശക്തിയാർജിക്കാൻ തുടങ്ങിയ കാലത്താണ് പത്രങ്ങളിലൂടെ പെലയും പിന്നീട് ടിവിയിലൂടെ മറഡോണയും പ്രത്യക്ഷപ്പെടുന്നത്.

തൊഴിലാളി വർഗ പക്ഷപാദവും ചെഗുവേരയോടും ഫിദലിനോടുമുള്ള പ്രത്യയശാസ്ത്ര ചേരിതിരിവും കേരളത്തിലെ ഇടതുപക്ഷവാദികളായ  യുവാക്കളുടെ ഹൃദയങ്ങളിൽ മറഡോണക്ക് പ്രത്യേകസ്ഥാനം ഉണ്ടാക്കിക്കൊടുത്തു.

എങ്കിലും മറഡോണക്കും പെലെക്കും മറ്റു രാഷ്ട്രീയ താൽപ്പര്യങ്ങൾക്കുമപ്പുറം തങ്ങളുടെ ജനതയുടെ തനത് പോരാട്ടവീര്യവും ചടുല വേഗവും സ്വാംശീകരിക്കുന്ന ഈ കായിക വിനോദത്തെ മലബാറിന്റെ മക്കൾ ഉപാധികളില്ലാതെ നെഞ്ചിലേറ്റാൻ തുടങ്ങി.

അങ്ങനെ ബ്രസീലിലും അർജന്റീനയിലും ഇറ്റലിയിലും സങ്കുചിത ദേശീയവാദികൾ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി ദുരുപയോഗിച്ച അതേ ഫുട്ബോളിലൂടെ തന്നെ മലയാളി സർവദേശീയതയുടെ ആദ്യപാഠങ്ങളെ അടുത്തറിയാൻ തുടങ്ങി.

ഹൃദയംകൊണ്ട് താനൊരു പലസ്തീൻ കാരനാണെന്നായിരുന്നു 2018 വേൾഡ് കപ്പിൽ പാലസ്തീൻ  അംബാസിഡറായിരുന്ന മഹമ്മൂദ് അബ്ബാസിനെ കണ്ടപ്പോൾ മറഡോണക്ക് പങ്കുവെക്കാനുണ്ടായിരുന്ന ഐക്യദാർഢ്യ സന്ദേശം.

ചെഗുവേരയിൽ നിന്നും ഫിദലിൽനിന്നും നെപ്പോളിയിലെ തൊഴിലാളിവർഗ നേതാക്കളിൽ നിന്നും മറഡോണ സ്വായത്തമാക്കിയ ഈ വിശാല മാനവിക ബോധം ഫുട്ബോളിലൂടെ കേരളീയ സമൂഹവും തിരിച്ചറിഞ്ഞു.

മലയാളികളുടെ ഈ സാർവത്രിക ബോധ്യങ്ങളുടെ നേർക്കാഴ്ചകൾ കാണാൻ നാലുവർഷം കൂടുമ്പോൾ ലോകമൊരു പന്തിലേക്ക് ചുരുക്കപ്പെടുന്ന വേൾഡ് കപ്പ് വേളയിൽ നൈനാംവളപ്പും അരീക്കോടുമടങ്ങുന്ന മലബാറിന്റെ  ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാൽ മതിയാകും.ഒരേ ചുമരിന്റെ ഇരുപാർശ്വങ്ങളിലായി അർജന്റീനയുടെയും ബ്രസീലിന്റെയും നിറങ്ങൾ ചായം പൂശിയ വീടുകളും. ഒരേ ബസ്‌സ്േറ്റാപ്പ് ഷെഡിന്റെ ചുമരുകളിൽ ജർമനിയുടെയും പോർച്ചുഗലിന്റെയും ഇംഗ്ലണ്ടിന്റെയും നിറങ്ങൾ െപയിന്റടിച്ച് ആവേശം പങ്കിടുന്ന  ആരാധകരെയും നമുക്ക് ഇവിടങ്ങളിൽ കാണാൻ കഴിയും.

മലയാളികളുടെ ഈ സാർവത്രിക ബോധ്യങ്ങളുടെ നേർക്കാഴ്ചകൾ കാണാൻ നാലുവർഷം കൂടുമ്പോൾ ലോകമൊരു പന്തിലേക്ക് ചുരുക്കപ്പെടുന്ന വേൾഡ് കപ്പ് വേളയിൽ നൈനാംവളപ്പും അരീക്കോടുമടങ്ങുന്ന മലബാറിന്റെ  ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാൽ മതിയാകും.ഒരേ ചുമരിന്റെ ഇരുപാർശ്വങ്ങളിലായി അർജന്റീനയുടെയും ബ്രസീലിന്റെയും നിറങ്ങൾ ചായം പൂശിയ വീടുകളും. ഒരേ ബസ്‌സ്േറ്റാപ്പ് ഷെഡിന്റെ ചുമരുകളിൽ ജർമനിയുടെയും പോർച്ചുഗലിന്റെയും ഇംഗ്ലണ്ടിന്റെയും നിറങ്ങൾ െപയിന്റടിച്ച് ആവേശം പങ്കിടുന്ന  ആരാധകരെയും നമുക്ക് ഇവിടങ്ങളിൽ കാണാൻ കഴിയും.

സ്വന്തം രാജ്യം വേൾഡ്കപ്പിൽ കളിക്കാത്തത് കൊണ്ടല്ലേ വേറെ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നതെന്ന് ചോദ്യം സ്വാഭാവികമായും ഉയർന്നേക്കാം.

ഇതിനുമറുപടി എന്നോണമുള്ള ഒരുപാട് മനുഷ്യരും ഇവിടങ്ങളിലുണ്ട്. 1990 വേൾഡ് കപ്പിൽ അർജന്റീനയും യുഎസ്എസ് ആറും തമ്മിലുള്ള മത്സരം മറുപടി ഇല്ലാത്ത രണ്ടു ഗോളുകൾക്ക് അർജന്റീന ജയിച്ചപ്പോൾ കടുത്ത അർജെന്റൈൻ ആരാധകനായിരുന്നിട്ടും മലപ്പുറത്തെ ഹുസൈൻ കാക്കയെ വിഷാദനായി കാണപ്പെട്ടു.

അർജന്റീന ആരാധകനായിരിക്കെ തന്നെ കടുത്തൊരു സ്റ്റാലിനിസ്റ്റ് കൂടിയായിരുന്ന ഉസൈൻ കാക്ക കടന്നുപോയ മാനസിക സംഘർഷങ്ങളെക്കെുറിച്ച് ഈ അടുത്തൊരു ഫുട്ബോൾ ചർച്ചയിൽ കേൾക്കാൻ ഇടയായി. ഏതെങ്കിലുമൊരു രാജ്യത്തോടുള്ള അന്ധമായ ആരാധനക്കപ്പുറം പ്രത്യയശാസ്ത്രപരമായ അടിത്തറയിൽ നിന്നുടലെടുക്കുന്ന വർഗബോധമാണ് ഹുസൈൻ കാക്കാന്റെ സാർവദേശീയ ബോധ്യങ്ങളുടെ അടിസ്ഥാനമെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ബോൽസനാരോയെ പരാജയപ്പെടുത്തിക്കൊണ്ട് ബ്രസീലിലെ തൊഴിലാളി വർഗ പാർടിയുടെ അമരക്കാരനായ ലൂയിസ് ഇനാസ്യോ ലുലാ ദാ സിൽവ അധികാരത്തിലേറുന്നത്. സ്വന്തം രാജ്യത്തെ തൊഴിലാളി വർഗത്തിന്റെ വിജയമെന്നോണം പല മലയാളികളും ഈ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു.

കടലുകൾക്കും വൻകരകൾക്കുമപ്പുറമുള്ള മറ്റൊരു രാജ്യത്തെ തൊഴിലാളി വർഗത്തിന്റെ വിജയത്തിലും ആഹ്ലാദം കണ്ടെത്താൻ കഴിയുന്ന മാനുഷിക മൂല്യങ്ങളുടെ പേരാണ് സാർവദേശീയത എന്നത്.

ഇന്ത്യയിൽ തീവ്രവലതുപക്ഷവാദികൾ വർഗീയ ചേരി തിരുവുകൾക്ക് കോപ്പുകൂട്ടുന്ന കാലത്താണ് ഖത്തറിന്റെ അങ്കത്തട്ടിൽ കുമ്മായ വരകൾക്കുള്ളിലേക്കായി ചുരുങ്ങി ഭൂഗോളം ഒരു പന്തായി ഉരുണ്ടുകൊണ്ടിരിക്കുന്നത്.

പാകിസ്താൻ ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് നല്ല രണ്ട് വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ എഴുതിയാൽ ഉടൻതന്നെ രാജ്യ ദ്രോഹിയെന്ന ചാപ്പ അടിച്ചേല്പിക്കുന്ന സമകാലീന ഇന്ത്യയിൽ, ഫുട്ബോളിലൂടെ മലയാളികൾ സ്വാംശീകരിച്ച സാർവദേശീയബോധം തന്നെയായിരിക്കും ഈ ലോകകപ്പ് നാളുകളിൽ നമുക്ക് മുഴക്കാൻ സാധിക്കുന്ന ഉന്നതമായ മാനവിക മുദ്രാവാക്യം.  


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top