19 April Friday

കുളമ്പുരോഗത്തെ പ്രതിരോധിക്കാം

ഡോ. എം ഗംഗാധരൻ നായർUpdated: Thursday Dec 17, 2020


ഇരട്ടക്കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന വൈറസ് രോഗമാണ് കുളമ്പുരോഗം. പശു, ആട്, പന്നി, മാൻ, ജിറാഫ് തുടങ്ങിയവയിൽ  ഇത് കണ്ടുവരുന്നു. രോഗം പക‍‍‍‍ർത്തുന്നത് ‘പിക്കോറനോ' ഇനത്തിൽപ്പെട്ട വൈറസുകളാണ്. 1897 ൽ ഫ്രൈഡ്റിച്ച് ലോഫ്ലോ‍ർ എന്ന ശാസ്ത്രജ്ഞനാണ് ഒരു വൈറസാണ്‌ രോഗം പക‍ർത്തുന്നതെന്ന്‌  കണ്ടെത്തിയത്‌.

രോഗം പകരുന്ന വിധം
ശ്വാസകോശത്തിലൂടെയും തീറ്റയിലൂടെയും രോഗബാധിതരായ മൃഗങ്ങളുടെ സാമീപ്യം മൂലവും ശരീരത്തിൽ പ്രവേശിക്കുന്ന അണുക്കൾ രണ്ട് ദിവസം കൊണ്ട് രക്തത്തിൽ പ്രവേശിക്കും. 12 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും. അസുഖ ബാധിതരായ മൃഗങ്ങളുടെ ചാണകം, ശ്വാസം, ഉമിനീര്, കഫം, പാല് എന്നിവ വഴിയും പാൽപാത്രങ്ങൾ, ഭക്ഷണ പാത്രങ്ങൾ, വസ്ത്രം, ചെരിപ്പ്, വാഹനങ്ങൾ എന്നിവയിൽ കൂടിയും രോഗം പകരാം.

ലക്ഷണങ്ങൾ

ആദ്യത്തെ രണ്ട് ദിവസം കടുത്ത പനി (പിന്നീട് പനി കുറയുന്നു), ചുണ്ടിലും മോണയിലും നാവിന്റെ മുകൾഭാഗത്തും കുമിളകൾ വന്ന് പൊട്ടി വ്രണങ്ങൾ ഉണ്ടാകുന്നു, വായിൽനിന്ന് ഉമിനീ‍ർ പത പോലെ ഒലിച്ച് വീഴുന്നു, കുളമ്പിന്റെ ഇടയിലും കുമിളകൾ വന്ന് പൊട്ടി വ്രണങ്ങൾ ആകുന്നു, മുടന്തി നടക്കുന്നു, ശരീര ഭാരം കുറയുന്നു, പാലുൽപ്പാദനം വളരെ കുറയുന്നു, ഗ‍ർഭം അലസുന്നു, അകിടിലും പോളകൾ കാണുന്നു.

പ്രതിരോധ മാ‍ർഗങ്ങൾ
പശു, ഏരുമ, ആട് എന്നിവയ്‌ക്ക് മൂന്ന്‌ മാസം പ്രായമാകുമ്പോൾ ആദ്യത്തെ കുത്തിവയ്‌പ്പും ആദ്യ ബൂസ്റ്റ‍ർ 4---6 ആഴ്ചകൾക്കു ശേഷവും നടത്തണം. ആദ്യ ബൂസ്റ്റർ കുത്തിവയ്പിന് ശേഷം പിന്നീട് എല്ലാ 44--48 ആഴ്ചകൾ ആകുന്തോറും കുത്തിവയ്പ് തുടരണം. മൃഗസംരക്ഷണ വകുപ്പ്  അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട് (എഡിസിപി) വഴി സംസ്ഥാനത്ത് കുളമ്പ് രോഗത്തിനെതിരെ കുത്തിവയ്പ്‌ നടത്തിവരുന്നുണ്ട്.

പുതിയതായി ഒരു പശുവിനെ വാങ്ങുമ്പോൾ 10 ദിവസമെങ്കിലും അതിനെ നിരീക്ഷിച്ച് കുളമ്പ് രോഗം ഇല്ലായെന്ന് ഉറപ്പാക്കിയിട്ടു വേണം മറ്റു പശുക്കളുടെ കൂടെ നിർത്താൻതൊഴുത്തും പരിസരവും പാത്രങ്ങളും ദിവസവും അണുനാശിനി ഉപയോഗിച്ചു കഴുകണം. കുളമ്പ് രോഗബാധിത പ്രദേശങ്ങളിൽനിന്ന് ജനങ്ങളും വാഹനങ്ങളും മറ്റു സാമഗ്രികളുടെയും സഞ്ചാരത്തിൽ ജാഗ്രത പുലർത്തണം.

രോഗം വന്ന് ചികിത്സിച്ച് സുഖം പ്രാപിച്ച പശുക്കളിലും 3 വർഷം വരെ വൈറസ് അണുക്കൾ കാണാം. രോഗലക്ഷണങ്ങൾ കാണിക്കില്ലെങ്കിലും ഇവ രോഗവാഹകരായിരിക്കും. മറ്റു മൃഗങ്ങൾക്ക് അസുഖം പക‍ർത്തുകയും ചെയ്യും. ഇങ്ങനെയുള്ള മൃഗങ്ങളെ പ്രത്യേകം നിരീക്ഷിക്കണം. രോഗം വന്ന് ചത്ത മൃഗങ്ങളെ ശാസ്ത്രീയമായി കുഴിച്ച് മൂടണം. അല്ലെങ്കിൽ കത്തിച്ച് കളയണം.

( മൃഗസംരക്ഷണ വകുപ്പ്‌ മുൻ ഡപ്യൂട്ടി ഡയറക്ടറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top