21 March Tuesday

ഭക്ഷണമാണ്‌ ജാഗ്രത വേണം

ഡോ. എം ഗംഗാധരൻനായർUpdated: Sunday Jan 8, 2023


വൃത്തിയില്ലാത്ത സാഹചര്യങ്ങളിൽ പാചകം, മലിനമായതോ പഴകിയതോ ആയ ഭക്ഷണം, മലിനമായ വെള്ളം തുടങ്ങിയവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഗുരുതരമാണ്‌. ഭക്ഷണ പദാർഥങ്ങൾ പഴകുന്തോറും അണുബാധക്ക്‌ സാധ്യത ഏറും. ഫ്രിഡ്‌ജിൽ സൂക്ഷിച്ചാലോ ചൂടാക്കിയാലോ ഈ സാധ്യതക്ക്‌ കുറവുണ്ടാകില്ല. പഴകിയ ഭക്ഷണ പദാർഥങ്ങളിൽ ബാക്‌ടീരിയകൾ ഉദ്‌പാദിപ്പിക്കുന്ന ടോക്‌സിനുകളാണ്‌ ഭക്ഷ്യവിഷബാധക്ക്‌ കാരണമാകുന്നത്‌. ഷവർമ, കുഴിമന്തി, അൽഫാം പോലെയുള്ളവയുടെ പാചകത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. അൽഫാം എന്നത്‌  ഗ്രിൽഡ് ചിക്കനാണ്. ഉപയോഗിക്കുന്ന മസാലകൾ  അണുവിമുക്തമാകണം. അടുപ്പത്തുവച്ച്‌ ഗ്രിൽ ചെയ്യുമ്പോൾ 200 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുകയും അമർത്തുകയും ചെയ്യണം. ഏകദേശം 45 മുതൽ 50 മിനിറ്റ് വരെ വശങ്ങൾ തിരിഞ്ഞ് ഗ്രിൽ ചെയ്യണം. ശാസ്ത്രീയമായി പാചകം ചെയ്യണം. മലിനമായ മാംസവും  വൃത്തിഹീനമായ  അന്തരീക്ഷത്തിൽ വ്യക്തിശുചിത്വമില്ലാതെ തയ്യാറാക്കുന്ന ഭക്ഷണവുംമറ്റുമാണ്‌ രോഗബാധയ്‌ക്ക്‌ കാരണമാകുന്നത്.

രോഗപ്പകർച്ച
മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന അനേകം  ഭക്ഷ്യജന്യ രോഗങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ഷിഗല്ലയും സാൽമൊണല്ലയും  ഇ -കോളിയും. ഇവയെല്ലാം കുടൽനാളത്തെ ബാധിക്കുന്ന ബാക്ടീരിയാ രോഗമാണ്.  ഇവ  സാധാരണയായി മൃഗങ്ങളുടെയും മനുഷ്യരുടെയും കുടലിൽ വസിക്കുകയും മലംവഴി പുറംതള്ളുകയും ചെയ്യുന്നു. മലിനമായ വെള്ളമോ ഭക്ഷണമോ  ശരീരത്തിൽ  കടക്കുമ്പോഴാണ്   മനുഷ്യർ മിക്കപ്പോഴും രോഗബാധിതരാകുന്നത്.

സാൽമൊണല്ല
ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ സാൽമൊണല്ല അണുബാധ സാധാരണയായി ചെറുകുടലിനെ ബാധിക്കുന്നു. ഇതിനെ സാൽമൊണല്ല എന്ററോകോളിറ്റിസ്  എന്നും പേരുണ്ട്‌. ഭക്ഷ്യവിഷബാധയുടെ ഏറ്റവും സാധാരണമായ ഇനങ്ങളിൽ ഒന്നാണ്‌ ഇത്. മൃഗങ്ങളുടെ മാംസം  നന്നായി പാകം  ചെയ്യാതെ  കഴിക്കുന്നതിലൂടെ  രോഗം പകരാം. കൈകാര്യം ചെയ്യുന്ന വ്യക്തികൾ  മാംസം മലിനമാക്കുകയോ സംഭരണ സമയത്ത് കന്നുകാലികൾ, എലികൾ, വളർത്തുമൃഗങ്ങൾ മുതലായവയുടെ വിസർജ്യംമൂലം  മലിനമാക്കപ്പെടുകയോ ചെയ്യാം. ചൂടിലും നനവിലും സൂക്ഷിക്കുമ്പോൾ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം  ഊർജിതമാകുകയും മാംസത്തെ വിഷലിപ്തമാക്കുകയും ചെയ്യും. ശുചിത്വമാണ്‌ പ്രധാനം.

ഇറച്ചി പൂർണമായി വേവിച്ചില്ലെങ്കിൽ അണുബാധയുണ്ടാകും. ശരീരത്തിൽ കയറി നാലഞ്ച് മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ  പ്രകടമാകും.
ഈ  അണുക്കൾ നശിക്കണമെങ്കിൽ ചുരുങ്ങിയത് 75 ഡിഗ്രി സെന്റിഗ്രേഡിൽ പത്ത് മിനിറ്റോ, 55 ഡിഗ്രിയിൽ ഒരു മണിക്കൂർ അല്ലെങ്കിൽ 60 ഡിഗ്രിയിൽ അരമണിക്കൂറോ മാംസം വേവിക്കണം. കൈകളും ഉപയോഗിക്കുന്ന കത്തിയും പാത്രങ്ങളും അണുനാശിനി  ഉപയോഗിച്ച് വൃത്തിയാക്കണം. ഫ്രിഡ്ജിലെ  ഫ്രീസറിൽത്തന്നെ മാംസം വയ്‌ക്കണം. പച്ചക്കറികൾ ഏറ്റവും താഴത്തെത്തട്ടിലും. പാതിവെന്ത മുട്ട ചേർത്തുണ്ടാക്കുന്ന മയോണിസ് വിഭവം സാൽമൊണല്ല  വിഷബാധയുണ്ടാക്കാൻ സാധ്യത ഏറെയുള്ളതാണ്‌. അതുകൊണ്ട്  മുട്ട തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ വേണം. എളുപ്പത്തിനായി പച്ചമുട്ട ഉപയോഗിക്കുന്നതും  വിഭവം മണിക്കൂറുകളോളം തുറന്നുവയ്‌ക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും. 

ഷിഗല്ല   
ഷിഗല്ല അണുബാധ അല്ലെങ്കിൽ ഷിഗല്ലോസിസ് എന്ന രോഗത്തിന്റെ  പ്രധാന ലക്ഷണവും വയറിളക്കമാണ്. ബാക്ടീരിയ മൂലമുണ്ടാകുന്ന  കുടൽ അണുബാധയാണ്‌ ഇത്‌. ഷിഗല്ല ബാധിച്ച ഒരാളുടെ മലത്തിൽനിന്ന് ചെറിയ അളവിൽ ബാക്ടീരിയകൾ സമ്പർക്കംമൂലം മറ്റുള്ളവരിലേക്ക്‌ പകർന്നാണ്‌ രോഗബാധയുണ്ടാകുക.  അണുബാധയുള്ള ഭക്ഷണത്തിലൂടെയോ, സുരക്ഷിതമല്ലാത്ത വെള്ളത്തിൽ നീന്തുകയോ  കുടിക്കുകയോ ചെയ്യുന്നതിലൂടെയും പകരാം. മലിനമായ  ഇറച്ചി, പച്ചക്കറികൾ,  പഴങ്ങൾ,  സാലഡുകൾ എന്നിവയിലൂടെ  പകരാൻ സാധ്യത കൂടുതലാണ്. ഏതു പ്രായക്കാരിലും രോഗം  വരാം. എങ്കിലും  കുട്ടികളിൽ രോഗബാധയ്‌ക്ക്  സാധ്യത  കൂടുതൽ.

ഇ കോളി
ഇ കോളി  ബാക്ടീരിയകൾ സാധാരണയായി ആരോഗ്യമുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലിൽ വസിക്കുന്നു. മിക്ക തരത്തിലുള്ള ഇ കോളികളും നിരുപദ്രവകരമാണ്. രോഗബാധയിൽ കഠിനമായ വയറുവേദന, വയറിളക്കം, ഛർദി എന്നിവയുണ്ടാകാം. ഇത്‌ വിസർജ്യത്തിൽക്കൂടി  പുറപ്പാത്രങ്ങളിലോ കാണപ്പെടുന്ന ഇ കോളി ബാക്ടീരിയകൾ കറവസമയത്ത് പാലിൽ എത്താം. മലിനമായ മാട്ടിറച്ചി  രോഗകാരണമാകാം.

രോഗലക്ഷണങ്ങൾ
അണുക്കൾ ശരീരത്തിൽ കടന്നാൽ ഒന്നുമുതൽ  മൂന്നു ദിവസത്തിനുള്ളിൽ  ലക്ഷണങ്ങൾ   പ്രകടമാകും. ചിലപ്പോൾ ആറു മണിക്കൂർമുതൽ  ഏഴുദിവസം  വരെയുമാകാം. വയറിളക്കം പലപ്പോഴും രക്തമോ കഫമോ  കലർന്നതാകാം. വയറുവേദന, മലബന്ധം, അതിസാരം, പനി, പേശിവേദന, ഓക്കാനം, ഛർദി  എന്നിവ കാണുന്നു. മൂത്രമൊഴിക്കാൻ  പ്രയാസം, സന്ധിവേദന, തലകറക്കം, വിളർച്ച  എന്നിവ അനുഭവപ്പെടാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top