22 September Friday

രഞ്‌ജിത്ത്‌.. ദുരന്തമുഖത്തെ മുന്നണിപ്പോരാളി

സുനീഷ്‌ ജോUpdated: Wednesday May 24, 2023

ബ്രഹ്‌മപുരം പ്ലാന്റിലുണ്ടായ തീ അണയ്‌ക്കുന്നതിനിടെ രഞ്‌ജിത്‌( ഫയൽ ചിത്രം)

തിരുവനന്തപുരം> ജോലിക്കിറങ്ങിയാൽ അതിൽ മുഴുവനായും അർപ്പിക്കുന്ന രഞ്‌ജിത്ത്‌ (32) ചൊവ്വാഴ്‌ച അതേ ജോലിക്കിടയിൽ തന്റെ ജീവനുംവെടിഞ്ഞു. രണ്ട്‌ പ്രളയത്തിൽ സന്നദ്ധസേനാംഗംപോലെയും ബ്രഹ്‌മപുരം പ്ലാന്റ്‌ തീപിടിത്തത്തിൽ കർത്തവ്യനിരതനായും നിലകൊണ്ട രഞ്‌ജിത്ത്‌  ദുരന്തമുഖങ്ങളിൽ മുന്നണിപ്പോരാളിയായിരുന്നു. കഴക്കുട്ടം കിൻഫ്ര പാർക്കിൽ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ വൻ തീപിടിത്തം അണയ്ക്കുന്നതിനിടെയാണ് രഞ്ജിത്ത് മരിച്ചത്. ഏഴുവർഷം മാത്രമാണ്‌ അഗ്‌നിരക്ഷാസേനയിൽ ഫയർ ആൻഡ്‌ റെസ്‌ക്യു ഓഫീസറായി ജെ എസ്‌ രഞ്‌ജിത്‌ ജോലിചെയ്‌തത്‌. അക്കാലയളവിനകം സ്ഥിരോത്സാഹിയും സാഹസികനുമായ അദ്ദേഹം സഹപ്രവർത്തകർക്കിടയിൽ മുന്നണിപ്പോരാളിയായി. 24–-ാം വയസ്സിൽ, 2016 ജനുവരി നാലിനായിരുന്നു ജോലിക്ക്‌ കയറിയത്‌. പഠിക്കാൻ മിടുക്കനായിരുന്നു. മറ്റ്‌ ജോലി കിട്ടുമായിരുന്നിട്ടും അഗ്‌നിരക്ഷാസേന തന്നെ തെരഞ്ഞെടുത്തു. ട്രെയിനിങ്‌ പൂർത്തിയാക്കി ആദ്യനിയമനം മൂവാറ്റുപുഴ ഫയർസ്‌റ്റേഷനിലായിരുന്നു. അഞ്ചുവർഷം അവിടെ തുടർന്നു. സേനയ്‌ക്കകത്തും പുറത്തും ഏറെ സൗഹൃദങ്ങളുമുണ്ടാക്കി.

2018ലെയും 2019ലെയും വെള്ളപ്പൊക്കത്തിൽ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ മുൻ പിൻ നോക്കാതെ യത്‌നിച്ച രഞ്‌ജിത്തിനെയാണ്‌ മൂവാറ്റുപുഴ സ്‌റ്റേഷനിലെ ഡ്രൈവർ നിഷാദ്‌ ഓർമിച്ചത്‌. പ്രളയശേഷം വീടുകൾ ശുചീകരിക്കാനും ദിവസങ്ങളോളം ഇറങ്ങി. ഡിപ്പാർട്ട്‌മെന്റ്‌ ശുചീകരണപ്രവൃത്തിക്ക്‌ ഡ്യൂട്ടി നിശ്‌ചയിച്ചിരുന്നില്ല. സന്നദ്ധപ്രവർത്തകനെപ്പോലെ മുഴുവൻസമയം രഞ്‌ജിത്ത്‌ പ്രവർത്തിച്ചു.

ശബരിമല തീർഥാടനകാലത്ത്‌ പ്ലാപ്പള്ളി സ്‌റ്റേഷനിലായിരുന്നു ഡ്യൂട്ടി.  പത്തുദിവസത്തെ ഡ്യൂട്ടി കാലയളവിൽ സമീപത്തെ ആദിവാസി വീടുകളിൽ പലവിധ സമ്മാനങ്ങളുമായി രഞ്‌ജിത്ത്‌ എത്തി. ഇനിയും വരാമെന്ന്‌ പറഞ്ഞായിരുന്നു മടക്കം– മാവേലിക്കര സ്‌റ്റേഷനിലെ ഇർഷാദ്‌ ഓർത്തെടുത്തു.

ഫയർഫോഴ്‌സ്‌ ഇരുപതാം ബാച്ചിലെ സഹപ്രവർത്തകൻകൂടിയാണ്‌ ഇർഷാദ്‌. ദുരന്തമുഖത്ത്‌ മാത്രമല്ല, സുഹൃത്തുക്കൾക്ക്‌ ഒരാവശ്യമുണ്ടായാൽ ആദ്യം ഓടി എത്തുന്ന ഒരാളെക്കൂടിയാണ്‌ പ്രിയപ്പെട്ടവർക്ക്‌ നഷ്ടപ്പെട്ടത്‌. സേനയ്‌ക്കുണ്ടായ നഷ്ടം വിവരിക്കുമ്പോൾ ഫയർഫോഴ്‌സ്‌ മേധാവി ബി സന്ധ്യയും ഇടറി. സാഹസികനായ യോദ്ധാവായിരുന്നു രഞ്‌ജിത്തെന്ന്‌ അവർ പറഞ്ഞു.
മരണവിവരം അറിഞ്ഞതുമുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ ഒന്ന്‌ എറണാകുളം ബ്രഹ്‌മപുരം പ്ലാന്റിൽ തീയണയ്‌ക്കാനിറങ്ങിയ സമയത്തുള്ളതായിരുന്നു.

ചാക്ക സ്‌റ്റേഷനിലായിരിക്കുമ്പോഴാണ്‌ രഞ്‌ജിത്‌ അവിടെ ഡ്യൂട്ടിക്കുപോയത്‌. താൽപ്പര്യമുള്ളവരെ വിളിച്ചപ്പോൾ ആദ്യപട്ടികയിൽ ആ പേരുണ്ടായിരുന്നു. ഒന്നരവർഷത്തിനിടയിൽ ചാക്ക സ്‌റ്റേഷനിലെ ഏത്‌ രക്ഷാപ്രവർത്തനങ്ങളിലും ആ പേര്‌ മുന്നിലുണ്ട്‌. സേനയുടെ പേരിനൊപ്പം നിറംമങ്ങാതെ അത്‌ തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top