27 April Saturday

ചാനല്‍ ലോകത്തെ ഫാസിസ്റ്റ് പടയാളികള്‍-ശ്രീജിത്ത് ദിവാകരൻ എഴുതുന്നു

ശ്രീജിത്ത് ദിവാകരന്‍Updated: Tuesday Jun 28, 2022

സ്വപ്‌ന സുരേഷ്‌ മാധ്യമങ്ങൾക്ക്‌ മുന്നിൽ

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തെ ഈ ഹിന്ദുത്വയുടെ ഫാസിസ്റ്റ് മുഷ്ടി ഞെരിച്ചമര്‍ത്തിയിട്ട് കാലം കുറച്ചായിട്ടുണ്ട്. പക്ഷേ കേരളത്തില്‍ ഇതിത്രമാത്രം നഗ്നവും വ്യക്തവുമായി സ്വയം പ്രത്യക്ഷപ്പെടുന്നത് ഇപ്പോഴാണ്.

രാഷ്ട്രീയ സൈദ്ധാന്തികയും എഴുത്തുകാരിയുമായ ഹന്ന ആരെന്റ് ഫാസിസ്റ്റ് പ്രവര്‍ത്തന രീതികളെ സൂക്ഷ്മമായി വിശകലനം ചെയ്തിട്ടുണ്ട്. ബനാലിറ്റി ഓഫ് ഈവ്ള്‍ അഥവാ തിന്മയുടെ സർവസാധാരണത്വം എന്നാണ് അവരുടെ പ്രവര്‍ത്തന ശൈലിയെക്കുറിച്ച് ഹന്ന ആരന്റ് പറയുന്നത്. സർവസാധാരണമായ, ശരിയായ, സാമൂഹിക നീതിക്ക്‌ അനുസൃതമാണെന്ന് തോന്നിക്കുന്ന പ്രവര്‍ത്തന ശൈലിയിലായിരുന്നു അവരുടെ പ്രവര്‍ത്തനം. ലക്ഷക്കണക്കിന് ആളുകളെ കോണ്‍സെട്രേഷന്‍ ക്യാമ്പുകളിലെ പീഡനങ്ങളിലേയ്ക്കും മരണത്തിലേയ്ക്കും അയച്ച അഡോള്‍ഫ് ഐഖ്മാന്‍ എന്ന ഉദ്യോഗസ്ഥന്‍ താന്‍ ഡ്യൂട്ടി നിർവഹിക്കുകയാണ് എന്നായിരുന്നു സ്വയം വിശ്വസിച്ചിരുന്നത്. കൊന്നുതള്ളിയ ജൂത ജനതയോട് അയാള്‍ക്ക് വ്യക്തിപരമായി ഒരു വിരോധവും ഇല്ലായിരുന്നെന്ന് മാത്രമല്ല, അമ്മ വഴി അവരോട് അടുപ്പവും ഉണ്ടായിരുന്നു. പള്ളിയില്‍ പോകുന്ന, ഭൂതദയയുള്ള, കുഞ്ഞുങ്ങളോടൊത്ത് നിരന്തരം കളിക്കുന്ന, അയല്‍പക്കക്കാര്‍ക്ക് സമ്മതനും വേണ്ടപ്പെട്ടവനുമായ സർവസാധാരണക്കാരനായ ഒരു മനുഷ്യനായിരുന്നു ഇത്തരത്തില്‍ ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കുന്നതില്‍ മുഖ്യ കണ്ണിയായി പ്രവര്‍ത്തിച്ചത്.

അഡോള്‍ഫ് ഐഖ്മാനെ ഓർമിപ്പിക്കുന്ന വിധം കർമനിരതരായ ജേണലിസ്റ്റുകളെ സൃഷ്ടിച്ചെടുക്കുന്നുണ്ട് ഫാസിസ്റ്റ് ഇന്ത്യ. നിത്യജീവിതത്തില്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നവരൊന്നുമല്ല, സമൂഹത്തില്‍ വിപത്തുകളും വാര്‍ത്താ അപരാധങ്ങളും സൃഷ്ടിക്കുന്നത്. സുഹൃത്തുക്കളോട് നല്ല നിലയില്‍ പെരുമാറുന്ന, മനുഷ്യരോട് പൊതുവേ കരുതലുള്ള, ഭൂതദയയും കരുണയും ഉള്ള, വിദ്യാഭ്യാസവും അറിവും ഉണ്ടെന്ന് സ്വയം ധരിക്കുന്ന മനുഷ്യരാണ് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആയുധങ്ങളും കരുക്കളുമായി സമൂഹത്തില്‍ ഇടപെട്ടുകൊണ്ടേയിരിക്കുന്നത്. വേദനിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന കാഴ്ചയാണ് ഇത്.

സ്വര്‍ണക്കള്ളക്കടത്ത് വിവാദത്തിന്റെ രണ്ടാം സീസണില്‍ ഇത് വ്യക്തമാണ്. അല്പമെങ്കിലും ചിന്തിക്കാന്‍ കഴിവുള്ള മനുഷ്യരൊക്കെ നിശ്ശബ്ദരാവുകയോ ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് രക്ഷപ്പെടുകയോ ചെയ്യുന്നു. സ്വയം ശരിയുടെ മൂര്‍ത്തികളാണ് എന്ന് കരുതുന്ന പലരും ഈ സംഘത്തിന്റെ അടിമകളായി മാറുന്നു. ചെറുപ്പക്കാരുടെ ഒരു തലമുറ തന്റെ, തങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മാധ്യമസ്ഥാപനങ്ങളുടെ അടിമകളാണ് എന്ന്‌ സ്വയം പ്രഖ്യാപിക്കുകയും നിഷ്‌കളങ്കമായ സ്ഥൈര്യത്തോടെ ആ സ്ഥാപനങ്ങളുടെ രാഷ്ട്രീയവും ന്യായീകരണവും സമൂഹമധ്യത്തില്‍ അവതരിപ്പിക്കാന്‍ വിധിക്കപ്പെട്ട പടയാളികളും ആയി മാറുന്നു. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തെ ഈ ഹിന്ദുത്വയുടെ ഫാസിസ്റ്റ് മുഷ്ടി ഞെരിച്ചമര്‍ത്തിയിട്ട് കാലം കുറച്ചായിട്ടുണ്ട്. പക്ഷേ കേരളത്തില്‍ ഇതിത്രമാത്രം നഗ്നവും വ്യക്തവുമായി സ്വയം പ്രത്യക്ഷപ്പെടുന്നത് ഇപ്പോഴാണ്.

 അതിന് തൊട്ട് മുമ്പ് ആരംഭിച്ചതാണ് മാധ്യമങ്ങളുടെ ഈ ആഹ്ലാദം. യുഡിഎഫിന് മൃഗീയ ഭൂരിപക്ഷമുള്ള ഒരു മണ്ഡലത്തില്‍ നിലവിലുണ്ടായിരുന്ന എംഎല്‍എ മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ സ്ഥാനാർഥിയാകുന്ന തിരഞ്ഞെടുപ്പ്. അതില്‍ യുഡിഎഫ് അവരുടെ സീറ്റ് നിലനിര്‍ത്തി. കേരളത്തില്‍ പ്രത്യേകിച്ച് അത്ഭുതമുണ്ടാകേണ്ട കാര്യമില്ല. മട്ടന്നൂരോ പയ്യന്നൂരോ ധർമടമോ സിപിഐ എം ജയിക്കുന്നതുപോലെ, വേങ്ങരയിലും മലപ്പുറത്തും മുസ്ലിം ലീഗ് ജയിക്കുന്നത് പോലെ സ്വാഭാവികമായ കാര്യം. അത് അട്ടിമറിക്കപ്പെട്ടാല്‍ വലിയ വാര്‍ത്തയാണ്. പട്ടിയെ മനുഷ്യന്‍ കടിച്ചാലെ വാര്‍ത്തയാകൂ, അല്ലേല്‍ പട്ടി കടിക്കുന്ന മനുഷ്യര്‍ വളരെ പ്രശസ്തരോ അസാധാരണ സാഹചര്യങ്ങളില്‍ പെട്ടവരോ ആകണം എന്നുള്ളതാണ് ജേണലിസം ക്ലാസില്‍ ആദ്യം പഠിപ്പിക്കുന്ന പാഠം. പക്ഷേ വളരെ സാധാരണമായ ഒരു കാര്യത്തെ അസാധാരണമായ ഒന്നെന്ന മട്ടിലുള്ള പ്രാധാന്യത്തോടെ ചാനലുകള്‍ ആഘോഷിച്ചു.

അതിന് പിന്നില്‍ ഒറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ. നുണകളുടെ അണക്കെട്ട് പൊട്ടിച്ചാണ് ചാനലുകള്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ഏതാണ്ട് രണ്ടര വര്‍ഷം മുമ്പ് ശ്രമം നടത്തിയത്. മാന്യതയും നിഷ്‌പക്ഷ ഭാവവുമെല്ലാം ആ നുണകളുടെ കുത്തൊഴുക്കില്‍ അവര്‍ക്ക് നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പിലും പൊതുതെരഞ്ഞെടുപ്പിലും വന്‍ ഭൂരിപക്ഷത്തില്‍ ഇടതുപക്ഷത്തെ വിജയിപ്പിച്ച് പൊതുജനം വലതുപക്ഷ മാധ്യമങ്ങളുടെ മുഖത്തടിച്ചു. സർവേകളിലും എക്‌സിറ്റ് പോളുകളിലും പറഞ്ഞ നുണകളൊക്കെ തൊണ്ടയില്‍ കെട്ടിക്കിടന്ന മാലിന്യങ്ങള്‍ക്കൊപ്പം അവര്‍ക്ക് വിഴുങ്ങേണ്ടി വന്നു. അതിന്റെ വെറുപ്പും സങ്കടവും നിരാശയും മാറ്റാനാണ് വാര്‍ത്താ നിയമത്തിന്റെ, മര്യാദയുടെ അടിസ്ഥാന പാഠം മറികടന്ന് ഒരു ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം സിറ്റിങ് സീറ്റ് നിലനിര്‍ത്തിയത് അവര്‍ ആഘോഷിച്ചത്.

ഒരിടത്ത് ചിക്കന്‍ ബിരിയാണിയുണ്ട് എന്ന് പറഞ്ഞ് ആളുകളെ പറ്റിച്ച് ഓടിക്കുന്ന സലിംകുമാറിന്റെ കഥാപാത്രം മലയാളത്തിലെ ഒരു ജനപ്രിയ ബിംബമാണ്. പറ്റിക്കപ്പെട്ട ആളുകള്‍ക്ക് പുറകേ ‘എങ്ങാനും ചിക്കന്‍ ബിരിയാണി കിട്ടിയാലോ' എന്ന് താന്‍ സൃഷ്ടിച്ച നുണ ഏതെങ്കിലും കാരണവശാല്‍ ശരിയായി മാറുമോ എന്ന് മോഹിതനായി മാറുന്ന വിഡ്ഢി വേഷത്തിന്റെ പ്രതിരൂപം.

ആ തലത്തിലേയ്ക്ക് ചാനലുകള്‍ സംക്രമിച്ചതായിരുന്നു അടുത്ത ഘട്ടം. തൃക്കാക്കരയില്‍ ഇടതുപക്ഷം തോറ്റത് കൊണ്ട് അവര്‍ക്കുള്ള ജനപിന്തുണ കുറഞ്ഞുവെന്ന, അവര്‍ തന്നെ പ്രചരിപ്പിച്ച നുണയെങ്ങാന്‍ സത്യമായിരിക്കുമോ എന്നുള്ളതിന്റെ പരീക്ഷണമരുന്നായിരുന്നു കള്ളക്കടത്തുകാരി എന്ന നിലയില്‍ കുറ്റരോപിതയായ സ്ത്രീയുടെ പുനഃപ്രവേശം. നിരന്തരം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് മൈക്കിന് മുന്നില്‍ ഏകപക്ഷീയമായ പ്രസംഗം നടത്തി പോകുന്ന ഈ കുറ്റാരോപിതയോട് ആരാണ് സ്വര്‍ണം കയറ്റി അയച്ചതെന്നോ ആര്‍ക്ക് വേണ്ടിയാണ് ഇത് കൊണ്ടുവന്നതെന്നോ എന്നുള്ള ലളിതമായ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പോലും മൈക്കിനപ്പുറത്തുള്ള ജേണലിസ്റ്റ് വർഗം മെനക്കെടുന്നില്ല. അതെന്ത് കൊണ്ടാണ് എന്നുള്ളതിന്റെ മറുപടി ഏഷ്യാനെറ്റിന്റെ തന്നെ ഉടമസ്ഥന്‍ ഇത് രാഷ്ട്രീയാരോപണമായി ഉന്നയിച്ചതോടെ വ്യക്തവുമായി.

 സർവര്‍ക്കും മനസിലാക്കാവുന്ന, ബുദ്ധിയോ തന്ത്രമോ ഒന്നുമില്ലാത്ത ഒരു പദ്ധതിയുമായാണ് സംഘപരിവാര്‍ സ്വര്‍ണ കള്ളക്കടത്തിന്റെ രണ്ടാം സീസണ്‍ ആസൂത്രണം ചെയ്തത്. പരിഹാസ്യമായ ആേരാപണങ്ങളും ഒരു പദ്ധതിയോ പരിപാടിയോ ആസൂത്രണമോ ഇല്ലാത്ത വക്കീല്‍ ബുദ്ധിയും ചേര്‍ന്നായിരുന്നു അതിന്റെ വരവ്. പക്ഷേ, സംഘപരിവാറിന്റെ നുണഫാക്ടറി സൃഷ്ടിച്ച് വിടുന്നതെന്തും വാര്‍ത്തയാക്കി അവതരിപ്പിക്കുകയും അതിന് മേല്‍ ദീര്‍ഘവും ആവര്‍ത്തിച്ചുള്ളതുമായ ചർച്ചകള്‍ നടത്തുകയും ചെയ്യുക എന്നതാണ് ഏഷ്യാനെറ്റും സംഘവും ആവര്‍ത്തിക്കുന്ന ശീലമെന്നുള്ളത് കൊണ്ട് നുണകളുടെ മലവെള്ളപാച്ചിലിനും അതുണ്ടാകുന്ന സാമൂഹിക ആഘാതങ്ങള്‍ക്കും ബുദ്ധിയോ ആസൂത്രണമോ ഒന്നും വേണ്ടാ എന്ന് അവര്‍ക്കറിയാം. ചാനലുകള്‍ക്കൊപ്പം വ്യക്തിത്വം നഷ്ടപ്പെട്ട പ്രതിപക്ഷം കൂടി ചേരുമ്പോള്‍ സംഘപരിവാര്‍ അജണ്ടകള്‍ക്ക് കൂടുതല്‍ ഫലപൂര്‍ത്തിയുണ്ടാകും.

ചാനലുകള്‍ക്ക് മുന്നില്‍ ഈ കുറ്റാരോപിത നടത്തിയ വെളിപ്പെടുത്തലുകള്‍ ഒന്നര വര്‍ഷം മുമ്പ് അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ നടത്തിയതാണ് എന്ന് അറിയാത്തവരാകില്ല ഈ സ്ഥാപനങ്ങളുടെ തലപ്പത്ത് കുടിയിരിക്കുന്ന വിഖ്യാത ജേണലിസ്റ്റുകള്‍. എന്നിട്ടും പുതുതായി കേള്‍ക്കുന്ന പോലെ വെളിപ്പെടുത്തല്‍ വെളിപ്പെടുത്തല്‍ വെളിപ്പെടുത്തല്‍ എന്നാവര്‍ത്തിച്ച് ബ്രേക്കിങ് സ്റ്റോറിയും ന്യൂസ് ഫ്ളാഷുകളും നല്‍കുകയും ഒരു ദിവസത്തെ അന്തിചര്‍ച്ചയ്ക്കുള്ള വിഭവമാക്കുകയും ചെയ്യുന്നു. ഇത് പുനരാവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന നടപടികളായി മാറുന്നു.

മുഖ്യമന്ത്രി എന്നെ കണ്ടിട്ടില്ലെന്ന് കള്ളം പറയുകയാണ് എന്നോ മറ്റോ കുറ്റാരോപിത വിളിച്ച് പറയുമ്പോള്‍ അങ്ങനെ മുഖ്യമന്ത്രി പറഞ്ഞിട്ടില്ലല്ലോ, കണ്ടിട്ടുണ്ട് എന്നല്ലേ നേരത്തേ പറഞ്ഞിട്ടുള്ളത് എന്ന് ഓർമിക്കാന്‍ തക്ക ബുദ്ധിയോ വാര്‍ത്ത പരിചയമോ ഉള്ള ജേണലിസ്റ്റുകളാരും മൈക്കിന് പുറകില്‍ ഇല്ലാതാകുമോ അതോ പ്രസംഗം ടെലികാസ്റ്റ് ചെയ്യുന്നത് പോലെ ഈ കുറ്റാരോപിത പറയുന്നതെല്ലാം പ്രക്ഷേപണം ചെയ്താല്‍ മതി, ചോദ്യങ്ങളൊന്നും വേണ്ട എന്ന് അവരോട് സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ പറഞ്ഞിട്ടുണ്ടാകുമോ? ഈ തോന്ന്യവാസത്തിന് ജേണലിസമെന്നല്ല പേര്‍ എന്ന് പറയുന്നവരോട് ‘അമ്മാവന്മാരെ നിങ്ങളുടെ കാലത്തുണ്ടായിരുന്ന, ഫോണിലൂടേ വിളിച്ചെടുക്കുന്ന ജേണലിസമല്ല ഇപ്പോഴുള്ളത്' എന്ന് പ്രഖ്യാപിക്കാനും ഇവരെ വാര്‍ത്താ മേധാവികള്‍ തന്നെ ചട്ടം കെട്ടുന്നുണ്ടാകുമോ?! അഥവാ സര്‍ക്കാരിനെതിരെ പറയുമെങ്കില്‍, മുഖ്യമന്ത്രിക്കെതിരെ പറയുമെങ്കില്‍ യാതൊരു വിശ്വാസ്യതയുമില്ലാത്ത ആര്‍ക്ക് നേരെയും മൈക്ക് നീട്ടി കൈകുഴഞ്ഞ് നില്‍ക്കുന്നതാണ് ജേണലിസമെന്ന് ഇവര്‍ ധരിക്കുന്നുണ്ടാകുമോ?

നുണകളൊക്കെ പൊളിഞ്ഞ് വീഴുകയും അപഹാസ്യത്തിന് മേല്‍ അപഹാസ്യമായ ഷോകളായി വാര്‍ത്താവേളകള്‍ മാറുകയും ചെയ്തിട്ടും, സ്വന്തം റിപ്പോര്‍ട്ടര്‍മാര്‍ വരെ ആരും വിശ്വസിക്കാത്ത കഴമ്പില്ലാത്ത കാര്യങ്ങളാണ് ഇവര്‍ പറയുന്നതെന്നും ആവര്‍ത്തിച്ചിട്ടും, വാര്‍ത്താമേധാവികളും അവരുടെ സംഘപരിവാര്‍ മുതലാളിമാരും കുലുങ്ങുന്നില്ല.

നുണകളൊക്കെ പൊളിഞ്ഞ് വീഴുകയും അപഹാസ്യത്തിന് മേല്‍ അപഹാസ്യമായ ഷോകളായി വാര്‍ത്താവേളകള്‍ മാറുകയും ചെയ്തിട്ടും, സ്വന്തം റിപ്പോര്‍ട്ടര്‍മാര്‍ വരെ ആരും വിശ്വസിക്കാത്ത കഴമ്പില്ലാത്ത കാര്യങ്ങളാണ് ഇവര്‍ പറയുന്നതെന്നും ആവര്‍ത്തിച്ചിട്ടും, വാര്‍ത്താമേധാവികളും അവരുടെ സംഘപരിവാര്‍ മുതലാളിമാരും കുലുങ്ങുന്നില്ല. വാര്‍ത്തയോ കഴമ്പോ ഒന്നുമില്ലാത്ത ഒരു പ്രഭാഷണം, നുണകളും അജണ്ടകളുമാണെന്ന് കൊച്ചുകുട്ടികള്‍ക്ക് വരെ മനസിലാകുന്ന ആരോപണങ്ങള്‍, കുടുംബപ്രശ്‌നങ്ങളും പൈങ്കിളികളും ചാനലുകളിലൂടെ നേരിട്ട് സംപ്രേഷണം ചെയ്യപ്പെടുമ്പോള്‍ ഉത്തരവാദിത്തമുള്ള വാര്‍ത്താ മേധാവികളുണ്ടെങ്കില്‍ അതിനി ടെലികാസ്റ്റ് ചെയ്യേണ്ടതില്ല എന്ന് നിശ്ചയിക്കും. പക്ഷേ അതിന് താൽപ്പര്യമോ വാര്‍ത്താലോകത്തോട് പ്രതിബദ്ധതയോ ഉള്ള ഒരാള്‍ പോലും ഈ സ്ഥാപനങ്ങളിലില്ല എന്നുള്ളതാണ് ദുഃഖകരം. വാര്‍ത്തകളേക്കാള്‍ വിനാശകരങ്ങളായ, വിഷലിപ്ത പ്രചരണ വേളകളായി അന്തി ചര്‍ച്ചകള്‍ മാറി.

ആറ്റംബോംബ് നിർമാണം മുതല്‍ അണക്കെട്ട് സുരക്ഷ വരെയും അസമിലെ പ്രാദേശിക പ്രശ്‌നങ്ങള്‍ മുതല്‍ കോഴിമുട്ടയുടെ വിലയിടിച്ചില്‍ വരെയും ഏത് സമയത്തും ചര്‍ച്ച ചെയ്യാനെത്തുന്ന സ്ഥിരം വിദഗ്ദ്ധര്‍ സിപിഐ എം വിരുദ്ധത എന്ന ഒറ്റ കുറ്റിക്ക് ചുറ്റും കറങ്ങുന്ന കാഴ്ചയാണ് ഇത്. അത് ഈ രണ്ടാം സീസണിലും ആവര്‍ത്തിച്ചു.

അതിലേറ്റവും വൈകൃതമായ കാഴ്ചകളിലൊന്ന് ഏഷ്യാനെറ്റിലെ തന്നെ മുന്‍ ജേണലിസ്റ്റായ ഒരാളുടെ കേട്ടാല്‍ ചിരി വരുന്ന നുണകളുടെ പുറത്ത് കേരളത്തിന്റെ വാര്‍ത്താ ചാനലുകള്‍ മൂന്ന് നാല് ദിവസത്തോളം നടത്തിയ ദീര്‍ഘചര്‍ച്ചകളും വാര്‍ത്തകളുമാണ്. റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കും വിശകലനം ചെയ്യുന്നവര്‍ക്കും അന്തിച്ചര്‍ച്ച നയിക്കുന്നവര്‍ക്കും ഇവരുടെ ഒക്കെ വാര്‍ത്താ മേധാവികള്‍ക്കും ഈ പറയുന്നതിലൊന്നും ഒരു കഴമ്പുമില്ലെന്ന് നൂറ്റിയൊന്ന് ശതമാനം ബോധ്യമുണ്ട്. പലരും ഇയാളുടെ മുന്‍ നുണകളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതുക വരെ ചെയ്തു. അവരും ചങ്ങാതിമാരും തന്നെ ഈ ചര്‍ച്ചകളില്‍ സര്‍ക്കാരിനെ വിചാരണ ചെയ്തു. സമാന്തരമായി യുഡിഎഫ് സംഘപരിവാറിന് വേണ്ടി അക്രമ രാഷ്ട്രീയം അഴിച്ചുവിട്ടു. അതിനെ പ്രതിഷേധത്തിന്റെ ചെലവില്‍ മാധ്യമങ്ങള്‍ മൂടി വച്ചു.

വിമാനത്താവളത്തിന്റെ ഉള്ളില്‍ കയറി പോലും ആക്രമണം നടത്തിയ കോണ്‍ഗ്രസുകാരെ പ്രതിഷേധക്കാരായ കുട്ടികളെന്ന് മയപ്പെടുത്തുകയായിരുന്നു മീഡിയ.

കോൺഗ്രസിന്റെ അക്രമസമരം

കോൺഗ്രസിന്റെ അക്രമസമരം

പക്ഷേ ഈ ശ്രമങ്ങള്‍ക്കെല്ലാം സമാന്തരമായി, കേരളത്തിലെ സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ കള്ളക്കേസ് സൃഷ്ടിച്ച കേന്ദ്ര ഏജന്‍സികള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യാന്‍ വിളിക്കുകയും നിരന്തരം മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്തത് കോണ്‍ഗ്രസിന് ക്ഷീണമായി. അഥവാ ഒരേ സമയം കേരളത്തിലെ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും പ്രതിസന്ധിയിലാക്കുക എന്ന സംഘപരിവാര്‍ അജണ്ടയിലായിരുന്നു മുഖ്യധാര ദൃശ്യമാധ്യമങ്ങളുടെ പ്രകടനം.

സംഘപരിവാറിന് കേരളത്തിലെ ഇടതുപക്ഷ ഭരണത്തിനേയും സിപിഐ എമ്മിനേയും തകര്‍ക്കുക എന്ന ലക്ഷ്യത്തിനൊപ്പം ദേശീയ വാര്‍ത്തകള്‍ കഴിയുന്നതും ചര്‍ച്ച ചെയ്യാതിരിക്കുക എന്ന ലക്ഷ്യവും ഉണ്ട്. പൊതുവേ കേരളത്തിലെ ചാനലുകള്‍ പലവാര്‍ത്തകളിലൊന്നായി ഓടിച്ച് പറഞ്ഞു തീര്‍ക്കുക മാത്രമാണ് ഇത് ചെയ്യുന്നത്.

സംഘപരിവാറിന് കേരളത്തിലെ ഇടതുപക്ഷ ഭരണത്തിനേയും സിപിഐ എമ്മിനേയും തകര്‍ക്കുക എന്ന ലക്ഷ്യത്തിനൊപ്പം ദേശീയ വാര്‍ത്തകള്‍ കഴിയുന്നതും ചര്‍ച്ച ചെയ്യാതിരിക്കുക എന്ന ലക്ഷ്യവും ഉണ്ട്. പൊതുവേ കേരളത്തിലെ ചാനലുകള്‍ പലവാര്‍ത്തകളിലൊന്നായി ഓടിച്ച് പറഞ്ഞു തീര്‍ക്കുക മാത്രമാണ് ഇത് ചെയ്യുന്നത്. ശ്രീലങ്കയുടെ പ്രതിസന്ധി കാലത്ത് ഇന്ത്യ സഹായിച്ചുവെന്ന് അവരുടെ നേതാവ് റെനില്‍ വിക്രമസിംഹ പറയുന്നത് എല്ലാ മാധ്യമങ്ങളും വാര്‍ത്തകള്‍ നല്‍കും. എന്നാല്‍ ഇന്ത്യ എന്ന രാജ്യം അതിന്റെ പൗരാവലിയുടെ ചരിത്രവും വര്‍ത്തമാനവും സമ്പത്തും ഉപയോഗിച്ച് പ്രതിസന്ധിയിലായ അയല്‍ രാജ്യത്തെ സഹായിക്കുന്നതിന് പകരമായി ആവശ്യപ്പെട്ടത് ഗൗതം അദാനി എന്ന ഒറ്റ വ്യക്തിക്ക് സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡിന് കീഴിലുള്ള ശതകോടികളുടെ ഒരു പ്രൊജക്ട് നല്‍കുക എന്നാണത്രേ.

അദാനിയും  മോദിയും

അദാനിയും മോദിയും

വടക്കന്‍ മാന്നാര്‍ ജില്ലയിലെ ഒരു ദ്വീപിലെ പാരമ്പര്യേതര ഊര്‍ജ പദ്ധതി ഗൗതം അദാനിക്ക് കൊടുക്കാന്‍ നരേന്ദ്രമോദി ശ്രീലങ്കൻ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് എന്ന് വെളിപ്പെടുത്തിയത് സിലോണ്‍ വൈദ്യുത ബോര്‍ഡിന്റെ അധ്യക്ഷന്‍ തന്നെയാണ്. ഇതേ തുടര്‍ന്ന് ശ്രീലങ്കയില്‍ വന്‍ പ്രക്ഷോഭമാണ് നടന്നത്. ശ്രീലങ്കയുടെ ദാരിദ്ര്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി തന്റെ ഇഷ്ടക്കാരനായ ബിസിനസുകാരന് വേണ്ടി ചൂഷണം ചെയ്യുകയാണെന്ന ആരോപണം ഉയര്‍ന്നു. ഇത്രയും വലിയ അന്തരാഷ്ട്ര വാര്‍ത്തയെ പക്ഷേ കേരളത്തിലെ മാധ്യമങ്ങള്‍ നൂറുവാര്‍ത്തകള്‍ക്കിടയിലൊന്നായി പറഞ്ഞ് തള്ളി കളഞ്ഞു. അതേ കുറിച്ച് ചര്‍ച്ച ചെയ്യാനോ അതിന്റെ ധാർമികത അന്വേഷിക്കാനോ മെനക്കെട്ടില്ല.

 വാര്‍ത്തകളും അനുബന്ധ വാര്‍ത്തകളുമായി ചുരുള്‍ നിവര്‍ന്ന് വന്ന ഒരു അഴിമതിയാണ്. സാധാരണ പത്രം വായിക്കുന്ന, ചാനലുകള്‍ കാണുന്ന പ്രേക്ഷര്‍ക്ക് പോലും മനസിലാകുന്ന ഒരു വാര്‍ത്താക്രമം. 2021 ഡിസംബര്‍ ഇരുപത്തിയേഴിന് പത്രങ്ങളിലും ചാനലുകളിലും വലിയ പ്രാധാന്യമൊന്നുമില്ലാതെ ഒരു വാര്‍ത്ത വരുന്നു ഓസ്‌ട്രേലിയന്‍ ഖനികളില്‍ നിന്ന് അദാനി ഗ്രൂപ്പ് ഖനനം ചെയ്ത കല്‍ക്കരികള്‍ ഉടന്‍ തന്നെ കയറ്റുമതിക്ക് തയ്യാറാകുന്നുവെന്ന്. നാല് മാസത്തിന് ശേഷം മറ്റൊരു വാര്‍ത്ത വരുന്നു, പുതിയ വിദേശ വ്യാപാര നിയമപ്രകാരം ഓസ്‌ട്രേലിയയിൽ നിന്നുള്ള കല്‍ക്കരി ഇറക്കുമതിക്ക് സമ്പൂര്‍ണ നികുതി ഇളവ് നല്‍കുന്നു. ഒരു മാസത്തിന് ശേഷം, 2022 മെയില്‍, ഇക്കാര്യം രേഖകളിലായി. ഓസ്‌ട്രേലിയയില്‍ നിന്ന് കല്‍ക്കരി ഇറക്കുമതി ചെയ്യുന്നതിന് ഉണ്ടായിരുന്ന 2.5 ശതമാനം നികുതി പൂജ്യം ശതമാനമാക്കി. ഇതിനിടയില്‍ ഇന്ത്യയില്‍ പെട്ടെന്ന് വൈദ്യുതി പ്രതിസന്ധി വരുന്നു. നമ്മുടെ വൈദ്യുതോര്‍ജ മേഖലയെ കുറിച്ച് ആശങ്കകള്‍ ഉയരുന്നു.

ജൂണ്‍ നാലിന് കേന്ദ്രസര്‍ക്കാര്‍ കോള്‍ ഇന്ത്യ എന്ന പൊതുമേഖല സ്ഥാപനത്തിനോട് 1.2 കോടി ടണ്‍ കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ ആവശ്യപ്പെടുന്നു. രണ്ട് ദിവസത്തിനകം ദേശീയ താപവൈദ്യുതി കോര്‍പറേഷന്‍ (എൻ ടി പി സി) 8308 കോടി രൂപയുടെ കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ അദാനി പവര്‍ കോര്‍പറേഷന് ടെന്‍ഡര്‍ നല്‍കുന്നു. അദാനിക്ക് വേണ്ടി സൃഷ്ടിക്കപ്പെടുന്ന, അദാനി കോര്‍പറേഷന് വേണ്ടി എഴുതപ്പെടുന്ന, അദാനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നിയമങ്ങളും സര്‍ക്കാരുകളും. ഇത്രയും വലിയ അഴിമതി, ഇത്രയും കഠിനമായ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍, വാര്‍ത്ത നല്‍കാന്‍ ഏതെങ്കിലും ചാനലുകള്‍ മുന്നോട്ട് വന്നോ? ഇല്ല. കാരണം സംഘികളുടെ ചരടില്‍ പ്രവര്‍ത്തിക്കുന്ന പാവകളാണ് ഈ ജേണലിസ്റ്റുകള്‍.

പ്രവാചകനിന്ദയ്‌ക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ  യുപിയിൽ ബുൾഡോസർ കൊണ്ട്‌ അടിച്ചുനിരത്തുന്നു

പ്രവാചകനിന്ദയ്‌ക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ യുപിയിൽ ബുൾഡോസർ കൊണ്ട്‌ അടിച്ചുനിരത്തുന്നു

 ഇതിനിടയില്‍ മുതിര്‍ന്ന ബി ജെപി നേതാക്കള്‍ പ്രവാചക നിന്ദ നടത്തി. ഇന്ന് ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ മാത്രമല്ല, രാജവംശത്തിന് കീഴില്‍ സര്‍ക്കാരുകള്‍ ഭരിക്കുന്ന രാജ്യങ്ങളില്‍ പോലും പ്രവാചക നിന്ദ പൊറുക്കാന്‍ ആകാത്ത തെറ്റാണ്. നിങ്ങള്‍ ഒരു മതത്തിന്റെ അടിസ്ഥാന മൂല്യത്തെയാണ് അവമതിക്കുന്നത്. ഇന്ത്യയില്‍ അത് ചെയ്തത് ഭരിക്കുന്ന പാർടിയുടെ നേതാക്കള്‍. അവര്‍ക്കെതിരെ പൊലീസ് കേസുകള്‍ വന്നപ്പോള്‍ പഴയ ഭീകരവാദ സ്‌ഫോടന കേസ് പ്രതിയും നിലവില്‍ എം പിയുമായ കാഷായ വേഷധാരി അടക്കം നിരവധി പേര്‍ ഇതേ നിന്ദ ആവര്‍ത്തിച്ചു. അതോടെ പൊലീസ് കേസെടുപ്പും നിര്‍ത്തി. അതില്‍ പ്രതിഷേധിച്ചവരുടെ വീടുകള്‍ ജാര്‍ഖണ്ഡിലും യു പിയിലും തകര്‍ത്ത് തരിപ്പണമാക്കി. പ്രക്ഷോഭകരെ തല്ലിയോടിച്ചു. റാഞ്ചിയില്‍ പ്രക്ഷോഭര്‍ക്ക് നേരെ വെടിയുതിര്‍ത്തപ്പോള്‍ രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്. ജാര്‍ഖണ്ഡില്‍ ആകട്ടെ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന്റേതാണ് ഭരണം പോലും.

ഇത് രാമനവമി കാലം മുതല്‍ ആരംഭിച്ച പാറ്റേണാണ് എന്നും ഇത് മുസ്ലിങ്ങള്‍ക്കതിരെയുള്ള ഭരണകൂടത്തിന്റെ അതിക്രമമാണ് എന്നും ഒരു ചാനലും ചൂണ്ടിക്കാണിച്ചില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ ഒരുമിച്ച് നില്‍ക്കാതിരിക്കാന്‍ സംഘപരിവാര്‍ കേരളം മുതല്‍ പലയിടത്തും മാധ്യമങ്ങളെ ഉപയോഗിച്ച് കളിക്കുകയാണെന്ന് മനസിലാക്കാന്‍ വലിയ രാഷ്ട്രീയ വിശകലന ശേഷിയൊന്നും ആവശ്യമില്ല. ഒരോ വോട്ടും ഓരോ രാജ്യസഭാംഗത്വവും ഈ തിരഞ്ഞെടുപ്പില്‍ പ്രധാനമാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ്‌ മാക്കന്‍ രാജ്യസഭയില്‍ എത്താതിരിക്കാന്‍ കോണ്‍ഗ്രസിന്റെ കുല്‍ദീപ് ബിഷ്‌ണോയിയെ ക്രോസ് വോട്ട് ചെയ്യിച്ചത് മുതല്‍ ഓരോ സംസ്ഥാനത്തും ഓരോ പദ്ധതി സംഘപരിവാറിനുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏകീകൃത സിവില്‍ കോഡും പൗരത്വനിയമവും വീണ്ടുമെത്തുമെന്ന് ഡല്‍ഹിയില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകളെ അവിശ്വസിക്കേണ്ട കാര്യവുമില്ല. ഇത് കേരളത്തിലെ വിഖ്യാതരായ മാധ്യമ മുതലാളിമാര്‍ക്കും എഡിറ്റോറിയല്‍ മേധാവികള്‍ക്കും അറിയാത്തതുമല്ല. പക്ഷേ അവരുടെ താൽപ്പര്യങ്ങളും അജണ്ടകളും നാഗ്പൂരില്‍ നിന്ന് സൃഷ്ടിക്കപ്പെടുന്നതാണ്.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന പ്രക്ഷോഭത്തെ പൊലീസ്‌ അടിച്ചൊതുക്കുന്നു

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന പ്രക്ഷോഭത്തെ പൊലീസ്‌ അടിച്ചൊതുക്കുന്നു

അതുകൊണ്ടാണ് ‘പ്രയാഗ് രാജ്‌: കലാപത്തില്‍ പ്രതികളായവര്‍ക്ക് നേരെ ബുള്‍ഡോസര്‍ ഉരുണ്ട് തുടങ്ങി' എന്ന് ഏഷ്യാനെറ്റും പ്രയാഗ് രാജ്‌ സംഘര്‍ഷങ്ങളുടെ സൂത്രധാരന്റെ വീട് തകര്‍ത്തുവെന്ന് മനോരമ ന്യൂസും ജുമാ നമസ്‌കാരത്തിന് ശേഷമാണ് സംസ്ഥാനത്ത് കലാപങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ നടന്നത് എന്ന് 24 ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഥാപനങ്ങള്‍ ആരുടെ പക്ഷത്താണെന്ന് യാതൊരു സംശയവും പോലുമില്ല. അസമില്‍ പൊലീസ് വെടിവെച്ച് വന്ന ഒരു മുസ്ലിമിന്റെ മൃതദേഹത്തില്‍ ചാടി തുള്ളുന്ന ഫോട്ടോ ജേണലിസ്റ്റിന്റെ അതേ മാനസികാവസ്ഥയിലേയ്ക്ക് കലാപത്തില്‍ പ്രതികളായി പൊലീസ് കണ്ടെത്തിയ ആളുകളുടെ വീടുകള്‍ തകര്‍ക്കുന്നത് കാണുമ്പോള്‍ ഇവിടത്തെ ജേണലിസ്റ്റുകളും മാധ്യമമേധാവികളും എത്തുന്നുവെന്നതാണ് ദുരിതം.

അടുത്ത ലോകസഭ തിരഞ്ഞെടുപ്പിലായാലും കേരളത്തില്‍ ഇടതുപക്ഷം തോല്‍ക്കുന്നതാണ് ബിജെപിക്ക് താൽപ്പര്യമെന്നതില്‍ യാതൊരു സംശയവുമില്ല. 19 എംപിമാരുണ്ടായിട്ടും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ എംപിമാര്‍ യാതൊരു പ്രതിസന്ധിയും ഭരണകൂടത്തിനുണ്ടാക്കുന്നില്ല. അതേസമയം ഇടതുപക്ഷത്തിന്റെ എംപിമാര്‍ എണ്ണത്തില്‍ കുറവാണെങ്കിലും പാർലമെന്റില്‍ ശക്തമായ സാന്നിധ്യമായി നിലകൊള്ളുമെന്നതാണ് ഒരു പ്രധാന കാര്യം. അതിലേയ്ക്കുള്ള ശ്രമം മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയെടുക്കുകയാണ് സംഘപരിവാര്‍. ഈ അജണ്ട ചൂണ്ടിക്കാണിച്ച്, സംഘപരിവാര്‍ ബന്ധുത്വമുള്ള എഡിറ്റര്‍മാരാണ് കേരളത്തിലെ പ്രമുഖ ചാനലുകളുടെ തലപ്പത്ത് എന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ എഡിറ്റര്‍ എം വി നികേഷ് കുമാര്‍ ചൂണ്ടിക്കാണിച്ചതിനെ എതിരിടുന്നത് വിവിധ തലത്തിലുള്ള ആളുകളാണ്.

മാര്‍ക്‌സിയന്‍ സാമ്പത്തിക ശാസ്ത്ര വിശകലനം ഉപയോഗിച്ച് തൊഴിലാളിക്ക് ചെറുകിട ചാനലുകളില്‍ ലഭിക്കുന്ന വേതനം, വേതനമില്ലായ്മ എന്നത് മുതല്‍ പണിയെടുക്കുന്ന കുത്തക ചാനലുകളുടെ ഭാഗമായി സ്വയം നിശ്ചയിച്ചിട്ടുള്ള ജേണലിസ്റ്റുകള്‍ വരെ സംഘപരിവാറിന് വേണ്ടി നികേഷിനെതിരെ സംസാരിക്കാന്‍ രംഗത്തിറങ്ങി. സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കാന്‍ വലതുപക്ഷം സൃഷ്ടിക്കുന്ന മഴവില്‍ സഖ്യങ്ങളില്‍ മുസ്ലിം സംഘടനകള്‍ മുതല്‍ തീവ്ര ഇടതുപക്ഷവും പരിസ്ഥിതി മൗലിക വാദികളും മാധ്യമങ്ങളും ഒരുമിച്ച് നിലനിന്നു.

 ഇങ്ങനെ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള അജണ്ടകള്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കേയാണ് രാജ്യത്തുടനീളം അഗ്നിപഥ് പ്രക്ഷോഭം കത്തിപ്പടരുന്നത്. യുപി, ബീഹാര്‍ പ്രദേശങ്ങളില്‍ എല്ലാവര്‍ഷവും നടക്കുന്ന സൈനിക റിക്രൂട്ട്‌മെന്റിന് വേണ്ടി തയ്യാറെടുക്കുന്ന ചെറുപ്പക്കാരുണ്ട്. സമീപത്തെ ഗ്രൗണ്ടുകളിലോ ഒഴിഞ്ഞ പറമ്പുകളിലോ പതിനഞ്ച് പതിനാറ് വയസു മുതല്‍ എല്ലാദിവസം ഓടി, പ്രാദേശിക ജിംഖാനകളില്‍ പരിശീലനം നേടി ഈ ചെറുപ്പക്കാര്‍ റിക്രൂട്ട്‌മെന്റിന് വേണ്ടി കാത്തിരിക്കും. ഈ പ്രദേശങ്ങളില്‍ അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള പുരുഷന്മാര്‍ക്ക് ലഭിക്കാവുന്ന, സുരക്ഷിതത്വമുള്ള ജോലിയാണിത്. ബീഹാര്‍ റെജിമെന്റാകട്ടെ ഈ പ്രദേശത്തിന്റെ അഭിമാനവുമാണ്. കോവിഡ് കാലത്ത് രണ്ട് വര്‍ഷം റിക്രൂട്ട്‌മെന്റ് നടക്കാതെ പോയത് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ വലിയ നീരസമായി ചെറുപ്പക്കാര്‍ക്കിടയില്‍ ഉയര്‍ന്ന് വന്നിരുന്നു.

അഗ്നിപഥ്‌ പദ്ധതിക്കെതിരെ സെക്കന്തരാബാദിൽ  യുവാക്കൾ ട്രെയിൻ തടയുന്നു

അഗ്നിപഥ്‌ പദ്ധതിക്കെതിരെ സെക്കന്തരാബാദിൽ യുവാക്കൾ ട്രെയിൻ തടയുന്നു

രണ്ട് വര്‍ഷം നഷ്ടപ്പെടുക എന്നാല്‍ സാധ്യതകള്‍ കുറയുക എന്നാണ് അർഥം. പുതിയ ചെറുപ്പക്കാരും പുതിയ തലമുറയും അതിനിടയില്‍ വരും. ജോലിക്ക് വേണ്ടി പാല്‍ കുടിച്ചും മുട്ട തിന്നും ഇവര്‍ വര്‍ഷങ്ങളോളം നടത്തിയ അധ്വാനമാണ് ഇല്ലാതായി പോകുന്നത്. ഇത്തരം വൈകാരിതകള്‍ക്കിടയിലാണ് സൈന്യത്തിലെ ജോലി സ്ഥിരത തന്നെ ഇല്ലാതാക്കികൊണ്ടുള്ള പുതിയ നിയമം വരുന്നത്. സ്വാഭാവികമായും വലിയ പ്രതിഷേധം ഇതിനെ തുടര്‍ന്നുണ്ടായി. എന്നാല്‍ ഇത് കണ്ടില്ല എന്ന് നടിക്കാനായിരുന്നു നമ്മുടെ ചാനലുകളുടെ താൽപ്പര്യം.

 ഇതെഴുതുമ്പോ ഒരാഴ്ചയോളം നീണ്ട അഗ്നിപഥ് പ്രക്ഷോഭത്തിലേയ്ക്ക് രാജ്യത്തിന്റെ ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിക്കുമ്പോഴും ഏഷ്യാനെറ്റ് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറായിട്ടില്ല എന്ന വസ്തുത ഓൺലൈന്‍ വാര്‍ത്തയാക്കി കഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഞായറാഴ്ച ന്യൂസ് അവറിന്റെ പ്രധാന അവതാരകരായ വിനു വി ജോണിന്റേയും സുരേഷ് കുമാറിന്റെയും അഭാവത്തില്‍ മറ്റൊരാള്‍ ഈ വിഷയം ചര്‍ച്ച ചെയ്തു. അപ്പോഴും അത് സംബന്ധിച്ചുള്ള ചര്‍ച്ചയുടെ തലക്കെട്ട് ‘അഗ്നിപഥ് ഗുണകരമോ' എന്ന പോസിറ്റീവ് സ്വഭാവത്തിലുള്ളതായിരുന്നു. അതിന് മുമ്പുള്ള ആഴ്ചകളിലെല്ലാം തുടര്‍ച്ചയായി ദിവസങ്ങളോളം ഇവരുടെ സുപ്രധാന അവതാരകര്‍ തന്നെ സംഘപരിവാറിന് വേണ്ടി തുടര്‍ച്ചയായി രംഗത്തിറങ്ങിയിരുന്നുവെന്ന വസ്തുത കൂടി കണക്കിലെടുത്ത് വേണം ഇതിനെ വിലയിരുത്താന്‍.

 ദക്ഷിണേന്ത്യയില്‍ വരെ അഗ്നിപഥ് പ്രക്ഷോഭം വ്യാപിക്കുകയും രാജ്യത്തെ മാധ്യമങ്ങള്‍ മറ്റൊരു വാര്‍ത്തയും പരിഗണിക്കാതെ പൊതുജനങ്ങളുടെ വൈകാരിക പ്രതിഷേധത്തെ അവതരിപ്പിക്കുകയും ചെയ്ത ദിവസം ഏഷ്യാനെറ്റിന്റെ അന്തിചര്‍ച്ച വിനു വി ജോണിന്റെ അധ്യക്ഷതയില്‍ നടന്നത് പുല്ലയില്‍ പവര്‍ ഫുള്ളോ എന്ന തലക്കെട്ടിലാണ്. ലോകകേരള സഭയില്‍ അനിത പുല്ലയില്‍ എന്നയാള്‍ ക്ഷണിക്കപ്പെടാതെ വന്നെത്തിയെന്നതായിരുന്നു വിഷയം.

 ദക്ഷിണേന്ത്യയില്‍ വരെ അഗ്നിപഥ് പ്രക്ഷോഭം വ്യാപിക്കുകയും രാജ്യത്തെ മാധ്യമങ്ങള്‍ മറ്റൊരു വാര്‍ത്തയും പരിഗണിക്കാതെ പൊതുജനങ്ങളുടെ വൈകാരിക പ്രതിഷേധത്തെ അവതരിപ്പിക്കുകയും ചെയ്ത ദിവസം ഏഷ്യാനെറ്റിന്റെ അന്തിചര്‍ച്ച വിനു വി ജോണിന്റെ അധ്യക്ഷതയില്‍ നടന്നത് പുല്ലയില്‍ പവര്‍ ഫുള്ളോ എന്ന തലക്കെട്ടിലാണ്. ലോകകേരള സഭയില്‍ അനിത പുല്ലയില്‍ എന്നയാള്‍ ക്ഷണിക്കപ്പെടാതെ വന്നെത്തിയെന്നതായിരുന്നു വിഷയം. അഗ്നിപഥ് ഗുണകരമോ എന്ന ചോദ്യം ചോദിച്ച് നിവൃത്തിയില്ലാതെ ചര്‍ച്ച ചെയ്ത അതേ ഏഷ്യാനെറ്റ് പുല്ലയിലിന്റെ സാന്നിധ്യത്തിന് മുമ്പേ ലോകകേരള സഭയ്ക്ക് എതിരെ രംഗത്തിറങ്ങിയിരുന്നു. അതിന്റെ തലക്കെട്ടാണ് ശ്രദ്ധിക്കേണ്ടത് ലോകകേരള സഭ ഭൂലോക ഉടായിപ്പോ? എന്നാണ് വിനുവിന്റെ രോഷം ആഞ്ഞടിക്കുന്നത്. അതിന് മുമ്പുള്ള തുടര്‍ച്ചയായ ദിവസങ്ങളില്‍ സംഘികളുടെ കസ്റ്റംസ് നാടകത്തിന്റെ രണ്ടാം സീസണ്‍ ഏഷ്യാനെറ്റ് ആഘോഷിച്ചു.

എല്ലാം തീര്‍പ്പ് കല്‍പ്പിക്കുന്ന തലക്കെട്ടുകളായിരുന്നു, അഥവാ സര്‍ക്കാരിനെതിരെയുള്ള ആക്രോശങ്ങൾ. ആരുടെ തിരക്കഥ, എവിടുത്തെ ന്യായം, വിമാനത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായോ, വധശ്രമോ പ്രതിഷേധമോ, കുടുംബത്തെ കുടുക്കുമോ എന്നൊക്കെയാണ് ചര്‍ച്ച. നരേന്ദ്രമോഡിക്കും സംഘപരിവാറിനും എതിരെ ചര്‍ച്ചയുടെ ദിശ തിരിയുമ്പോള്‍ പെട്ടെന്ന് സുരക്ഷിതമായ മറ്റൊരു വാര്‍ത്താവഴിയിലേയ്ക്ക് ഇവര്‍ ചര്‍ച്ചകളെ തന്നെ മാറ്റി വിടും. ഇവരും ഇവരുടെ യങ്‌ നാസി സംഘവും തങ്ങള്‍ ജോലിയാണ് ചെയ്യുന്നത് എന്നാവര്‍ത്തിക്കും. തൊഴിലിന്റെ മഹത്വത്തെ കുറിച്ച് വാചാലരാകും. ചരിത്രത്തില്‍ നമ്മളിവരെ കണ്ടിട്ടുണ്ട്. ഇവരുടെ ചതിയെ കുറിച്ച് ഭാവി ലോകം ചര്‍ച്ച ചെയ്യും. പക്ഷേ വര്‍ത്തമാനകാലത്ത് ഇവര്‍ സൃഷ്ടിക്കുന്ന ആപത്ത് ഒരു സമൂഹത്തെ തന്നെ തകര്‍ത്തുന്നതാണ്.

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top