20 April Saturday

സമരത്തെ തകർക്കാൻ ആക്രമണവും കള്ളക്കേസും

റിസർച്ച്‌ ഡെസ്‌ക്‌Updated: Friday Dec 10, 2021


കർഷക പ്രക്ഷോഭത്തെ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാരും ബിജെപിയും ക്രൂരമായ ആക്രമണം നടത്തിയത്‌ നിരവധി തവണ. പൊലീസിനെ ഉപയോഗിച്ചും ആർഎസ്‌എസ്‌–- ബിജെപി പ്രവർത്തകരെ രംഗത്തിറക്കിയും കർഷകരെ ആക്രമിച്ചു. സമരം ചെയ്യുന്നവരെ ഇല്ലാതാക്കാൻ മന്ത്രിപുത്രൻ സമരത്തിനിടയിലേക്ക്‌ വാഹനം ഓടിച്ചുകയറ്റി.

ലഖിംപുർ ഖേരി കർഷക കൂട്ടക്കൊല
ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ ഒക്‌ടോബർ മൂന്നിന് സമരം ചെയ്യുകയായിരുന്ന കർഷകർക്കിടയിലേക്ക്‌ കേന്ദ്ര മന്ത്രി അജയ്‌ മിശ്രയുടെ മകൻ വണ്ടി ഓടിച്ചുകയറ്റി. സംഭവത്തിൽ നാല്‌ കർഷകരും ഒരു മാധ്യമ പ്രവർത്തകനുമടക്കം എട്ടു പേർ മരിച്ചു. സ്ഥലത്ത് തന്റെ മകൻ ഇല്ലായിരുന്നെന്നും വാഹനം ഓടിച്ചത് മറ്റാരോ ആയിരുന്നെന്നും കേന്ദ്ര മന്ത്രിയും ബിജെപിയും ന്യായീകരിച്ചെങ്കിലും ആശിഷ് മിശ്രതന്നെയാണ് പ്രധാന പ്രതിയെന്ന്‌ തെളിഞ്ഞു. ആശിഷ് മിശ്രയാണ് ഗുർവിന്ദർ സിങ് എന്ന കർഷകനെ വെടിവച്ചുകൊന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ഒളിവിൽ പോയ പ്രതിയെ അറസ്റ്റുചെയ്യാതെ തെളിവ്‌ നശിപ്പിക്കാൻ യുപി പൊലീസ്‌ അവസരം നൽകി. സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടർന്നാണ്‌ പ്രതികളെ അറസ്റ്റുചെയ്‌തത്‌. കൂട്ടക്കൊലയുടെ അന്വേഷണ മേൽനോട്ടത്തിന്‌ റിട്ട. ഹൈക്കോടതി ജഡ്‌ജി രാകേഷ്‌കുമാർ ജയിനിനെ നിയമിച്ച്‌ സുപ്രീംകോടതി കഴിഞ്ഞദിവസം ഉത്തരവിട്ടു.

കിസാൻ പരേഡ്‌ പൊളിക്കാൻ ശ്രമം
റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ കർഷകർ നടത്തിയ കിസാൻ പരേഡ്‌ തകർക്കാൻ പൊലീസിനെ ഉപയോഗിച്ച്‌ സർക്കാർ നീക്കം നടത്തി. മൂന്നു ലക്ഷം ട്രാക്ടറിലായി അഞ്ചു ലക്ഷം കർഷകർ പങ്കെടുത്ത മാർച്ചിൽ ബിജെപി അനുഭാവിയായ നടൻ ദീപ്‌ സിദ്ദുവിനെപ്പോലുള്ളവരാണ്‌ സംഘർഷമുണ്ടാക്കിയത്‌. കേന്ദ്ര സർക്കാരും പൊലീസും ഇവർക്ക്‌ കൂട്ടുനിന്നു.

സമരകേന്ദ്രങ്ങളിൽ സംഘപരിവാർ വേട്ട
ഡൽഹി അതിർത്തിയിലെ സമരകേന്ദ്രമായ സിൻഘുവിലും ടിക്രിയിലും ജനുവരി 29ന്‌ പൊലീസ്‌ സഹായത്തോടെ സംഘപരിവാർ കർഷകരെ ആക്രമിച്ചു. നാട്ടുകാരെന്ന വ്യാജേന മുഖംമൂടി ധരിച്ച്‌ എത്തിയായിരുന്നു ആക്രമണം. സിൻഘുവിൽ കർഷകരുടെ ടെന്റുകൾ നശിപ്പിച്ചു. അക്രമികളെ കർഷകർ പിടികൂടുമെന്ന ഘട്ടത്തിൽ പൊലീസ്‌ ലാത്തിച്ചാർജ്‌ നടത്തി. ടിക്രിയിൽ ബിജെപി–- ആർഎസ്‌എസുകാരെ കർഷകർ ആട്ടിയോടിച്ചു.

വെടിവയ്‌പ്
മാർച്ച്‌ ഏഴിനു രാത്രി സിൻഘു സമരകേന്ദ്രത്തിനു സമീപം കാറിൽ എത്തിയ സംഘം വെടിവച്ചു. വനിതാ ദിനത്തിന്റെ ഭാഗമായി റാലി സംഘടിപ്പിക്കാനായി ആയിരക്കണക്കിനു സ്‌ത്രീകൾ സമരകേന്ദ്രത്തിൽ എത്തിയിരുന്നു.

കർഷകന്റെ ജീവനെടുത്ത്‌ ലാത്തിച്ചാർജ്‌
ഹരിയാനയിലെ കർണാലിൽ ആഗസ്‌ത്‌ 28നു കർഷകർക്കുനേരെ നടന്ന പൊലീസ് ലാത്തിച്ചാർജിനിടെ പരിക്കേറ്റ കർഷകന്‌ ജീവൻ നഷ്ടമായി. നിരവധി കർഷകർക്ക് പൊലീസ് അതിക്രമത്തിൽ പരിക്കേറ്റു. കർഷകരെ കർണാലിലെ ടോൾ പ്ലാസയ്‌ക്ക് സമീപത്ത്‌ പൊലീസ്‌ മർദിച്ചു.

ടൂൾ കിറ്റ്‌ കേസ്‌
സ്വീഡിഷ് പരിസ്ഥിതിപ്രവർത്തക ഗ്രെറ്റ ത്യൂൺബെർഗ് കർഷക പ്രക്ഷോഭത്തിന് അനുകൂലമായ സമൂഹമാധ്യമ പ്രചാരണത്തിന്റെ നടപടിക്രമം "ടൂൾകിറ്റ്' എന്ന പേരിൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തിരുന്നു. ഇത്‌ സമൂഹമാധ്യമത്തിൽ പങ്കുവച്ച പരിസ്ഥിതി പ്രവർത്തകയായ ദിശ രവിക്കെതിരെ കേസെടുത്തു. അഭിഭാഷക നികിത ജേക്കബ്ബിനെയും ശാന്തനു മുലുക്കിനെയും കേസിൽ പ്രതിചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top