20 April Saturday

‘ബോംബ് ചക്രവാത’വും ഇന്ത്യൻ ശൈത്യതരംഗവും

ഡോ. ശംഭു കുടുക്കശേരിUpdated: Sunday Jan 29, 2023

ബഹിർ ഭാഗോഷ്‌ണമേഖലാ ചക്രവാതം (Extratropical cyclone)എന്നറിയപ്പെടുന്ന അന്തരീക്ഷ പ്രതിഭാസം മധ്യ അക്ഷാംശങ്ങളിലും (23–--60 ഡിഗ്രിവരെ) ഉയർന്ന അക്ഷാംശങ്ങളിലും (60 – 90 ഡിഗ്രിവരെ) പ്രകൃതിദുരന്തങ്ങൾക്ക് കാരണമാകാറുണ്ട്‌.  ഈ ശീതകാല അന്തരീക്ഷ പ്രതിഭാസമാണ്‌ ഡിസംബർ അവസാനം അമേരിക്കയിൽ അതിതീവ്ര ശൈത്യാവസ്ഥയ്‌ക്ക്‌ വഴിവച്ചത്‌. ഡിസംബർ–-ജനുവരി–-ഫെബ്രുവരി മാസങ്ങളിൽ  വടക്കേ ഇന്ത്യയിൽ ഉണ്ടാകാറുള്ള ശൈത്യതരംഗത്തിന് കാരണവും ഈ കാലാവസ്ഥാ പ്രതിഭാസംതന്നെ.

ദേശാടന സ്വഭാവം

ഉത്തരാർധഗോളത്തിൽ  ബഹിർ ഭാഗോഷ്ണമേഖലാ ചക്രവാതങ്ങൾ ഘടികാരദിശയ്‌ക്ക്‌ വിപരീതദിശയിലാണ്  ചുറ്റിത്തിരിയുന്നത്.
‘ദേശാടന സ്വഭാവ’മുള്ള ഇവയുടെ സഞ്ചാരം പടിഞ്ഞാറുനിന്നു കിഴക്കോട്ടേക്കാണ്. ചിലപ്പോൾ ഒന്നിലധികം ചക്രവാതങ്ങൾ ഒരു ചങ്ങലപോലെ,  ഉയർന്ന അക്ഷാംശമേഖലകളിൽ കാണാറുണ്ട്. വർധിച്ച സ്ഥാനീയ ഊർജമുള്ള അന്തരീക്ഷ സ്ഥിരത്വം ഈ ചക്രവാതങ്ങൾ രൂപപ്പെടാൻ അനിവാര്യമാണ്‌.

കൃത്യമായ ആർദ്രത (humidity), ഊഷ്മാവ്, താപഗതിക സ്ഥിരത്വം (Thermal stability) എന്നീ സവിശേഷതയിലുള്ള  ഒരു വായുപിണ്ഡം (air mass) ഇവയിൽനിന്നും ഏറെ ഭിന്നമായ  മറ്റൊരു വായുപിണ്ഡവുമായി  കൂട്ടിയിടിക്കുമ്പോഴുണ്ടാകുന്ന  അന്തരീക്ഷപ്രദേശ ചലനമാണ്‌ ഇത്തരം ചക്രവാതങ്ങൾക്ക് കാരണം.

ഓരോ വായു പിണ്ഡങ്ങൾക്കും 5000 കിലോ മീറ്ററിൽ താഴെനീളവും 500 കിലോമീറ്ററിനുമേൽ വീതിയും ഉണ്ടായിരിക്കും.   ശീത അന്തരീക്ഷ സീമാമേഖല (Cold atmospheric boundary zone)യും ഉഷ്ണസീമാമേഖല (Tropical region)യും തമ്മിലുള്ള  -താപഗതികോർജ ഇടപെടലുകളാണ്‌ ബഹിർ ഭാഗോഷ്ണമേഖലാ ചക്രവാതങ്ങളുടെ ജീവചക്രത്തിലെ ആദ്യഭാഗം.  ഈ ചക്രവാതങ്ങളെ അന്തരീക്ഷ സീമാചക്രവാതങ്ങ (Frontal cyclone) ളെന്നും പറയാറുണ്ട്‌.  3000 കിലോമീറ്റർവരെ വ്യാസവും  15 കിലോമീറ്റർവരെ ഉയരമുള്ളതുമായ ഈ അന്തരീക്ഷച്ചുഴിയിൽ കാറ്റിന്റെ വേഗത സമുദ്രനിരപ്പിൽ മണിക്കൂറിൽ 120 കിലോമീറ്റർവരെ ആകാറുണ്ട്‌.

കടലിൽ കരുത്തേറും

അറ്റ്‌ലാന്റിക്‌ സമുദ്രത്തിലും അതുമായി ചേർന്നുകിടക്കുന്ന കരഭാഗങ്ങളിലും വർഷത്തിൽ ഇരുപതോളം ബഹിർ ഭാഗോഷ്ണമേഖലാ ചക്രവാതങ്ങൾ ഉണ്ടാകാറുണ്ട്. ഉഷ്ണമേഖലാ ചക്രവാതങ്ങൾ കടലിൽമാത്രം രൂപംകൊള്ളുന്നവയാണ്‌. എന്നാൽ, ബഹിർ ഭാഗോഷ്ണമേഖലാ ചക്രവാതങ്ങൾ കരയിലോ കടലിലോ രൂപപ്പെടാം. വർധിച്ച ആർദ്രത ലഭ്യമാണ്‌ എന്നതിനാൽ കടലിൽ ഉണ്ടാകുന്ന ബഹിർ ഭാഗോഷ്ണമേഖലാ ചക്രവാതങ്ങൾക്ക്‌ കരയിൽ ഉണ്ടാക്കുന്നവയേക്കാൾ നശീകരണശക്തി ഏറെയാണ്‌. മണിക്കൂറിൽ 10 മുതൽ100 കിലോമീറ്റർവരെ പടിഞ്ഞാറുനിന്നും കീഴക്കോട്ട് സഞ്ചരിക്കുന്ന ഇവയുടെ സഞ്ചാരപഥം ഏറെ സങ്കീർണവുമാണ്.

രൂപപ്പെടൽ

ധ്രുവപ്രദേശങ്ങളിൽനിന്നുള്ള തണുത്ത വായുപിണ്ഡത്തിൽനിന്നും രൂപപ്പെടുന്ന  ശീതസീമാമേഖലയും  ഉഷ്ണമേഖലാ പ്രദേശത്തുനിന്നുള്ള ചൂടേറിയ വായു പിണ്ഡത്തിൽ നിന്നുണ്ടാകുന്ന ഉഷ്ണ സീമാമേഖലയും തമ്മിലുള്ള കൂട്ടിമുട്ടലും തുടർന്നുണ്ടാകുന്ന  നിമ്ന മർദമേഖല (Low pressure area)യുമാണ്  ബഹിർ ഭാഗോഷ്ണമേഖലാ ചക്രവാതം രൂപപ്പെടുന്നതിന്റെ  ആദ്യപടി.  ധ്രുവപ്രദേശങ്ങളിൽനിന്നും തണുത്തവായു കൊണ്ടുവരാൻ പ്രതിചക്രവാതച്ചുഴിയും ഉഷ്ണമേഖലാപ്രദേശങ്ങളിൽനിന്നും ചൂടേറിയ വായു എത്തിക്കാൻ ചക്രവാതച്ചുഴിയും സഹായിക്കുന്നു. തള്ളൽ പ്രക്രിയ ഉഷ്ണസീമാമേഖലയെ ഉയർത്തി അവിടെ  ന്യൂനമർദപ്രദേശം രൂപപ്പെടാൻ കാരണമാകും.


ഈ ന്യൂനമർദം പടിപടിയായി ശക്തിയാർജിച്ച്  ബഹിർ ഭാഗോഷ്ണമേഖലാ ചക്രവാതമായി തീരുകയും ചെയ്യുന്നു.
വിവിധ കാരണത്താൽ ഈ പ്രതിഭാസം തീവ്രമാകുന്നു. ശീത സീമാമേഖല ഉഷ്ണസീമാ മേഖലയുടെ മുന്നിലേക്ക്‌ കടന്നുകയറുമ്പോൾ അന്തരീക്ഷമർദം കുറയുന്നു. അതേത്തുടർന്ന് ചക്രവാതത്തിന് ശക്തിക്ഷയം ഉണ്ടാക്കുന്നു.

നാശം വിതച്ച ‘ബോംബ്‌’   
സമുദ്രത്തിലാണ്‌  ബഹിർ ഭാഗോഷ്ണമേഖലാ ചക്രവാതങ്ങൾ തീവ്രതയോടെ ശക്തിയാർജിക്കുന്നത്. അത്യന്തം അപകടകാരികളായി മാറുന്ന ഇവയെ "ബോംബ് സൈക്ലോൺ’ (Bomb Cyclone) എന്നാണ്‌ പേര്‌. കഴിഞ്ഞ ഡിസംബർ 21 മുതൽ 26 വരെ  ആഞ്ഞുവീശിയ ബോംബ്സൈക്ലോൺ വടക്കേ അമേരിക്കയുടെ സിംഹഭാഗത്തും ഹിമപാതം,  മഞ്ഞുവീഴ്ച, അതിശൈത്യം, മൂടൽമഞ്ഞ്‌, അതിശീതക്കാറ്റ്‌  തുടങ്ങിയവയ്‌ക്ക്‌ കാരണമായി.
സാധാരണ ഡിസംബറിൽ നിലനിൽക്കേണ്ടിയിരുന്ന 10-20 മില്ലി ബാർ അന്തരീക്ഷമർദം 35 മില്ലി ബാറിലും താഴെയാകുകയും ഊഷ്മാവ്‌  ശരാശരി 0–--10 ഡിഗ്രി സെൽഷ്യസിൽനിന്നും മൈനസ്‌ 20 ഡിഗ്രി സെൽഷ്യസിലേക്ക്‌ കുറയുകയും ചെയ്‌തു. താഴ്ന്ന അന്തരീക്ഷമർദം ഏതാണ്ട് 990 മില്ലി ബാറും ശരീരത്തിന്‌  അനുഭവപ്പെട്ട ഊഷ്മാവ് മൈനസ്‌ 50 ഡിഗ്രി സെൽഷ്യസിൽ താഴെയുമെത്തി. കാറ്റിന്റെ വേഗത പലയിടത്തും  മണിക്കൂറിൽ 130 മുതൽ 240 കിലോമീറ്ററിനു മുകളിലും ഉയർന്ന ഹിമപാതം 144 സെന്റിമീറ്ററുമായി രേഖപ്പെടുത്തി. 104 പേരുടെ ജീവഹാനിക്ക്‌ ഇടയാക്കിയ ബോംബ്സൈക്ലോൺ 5.4 ബില്യൺ അമേരിക്കൻ ഡോളറിന്റെ നാശനഷ്ടമുണ്ടാക്കി.

മധ്യപൂർവ പ്രദേശങ്ങളിലും മധ്യധരണ്യാഴിയിലും വളരെ വിരളമായി പടിഞ്ഞാറൻ അറ്റ്‌ലാന്റിക്‌ സമുദ്രത്തിലും രൂപപ്പെടുന്ന ബഹിർ ഭാഗോഷ്ണചക്രവാതങ്ങൾ ഏറെ ക്ഷയിച്ചവസ്ഥയിൽ വടക്കേ ഇന്ത്യയിലും വല്ലപ്പോഴും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലേക്കും കടന്നുവരാറുണ്ട്‌. ഇതുമൂലമുള്ള ഊഷ്മാവ്‌ വർധന, മർദത്താഴ്ച, താഴ്ന്നമേഘങ്ങൾ, മഴ, മഞ്ഞുവീഴ്ച എന്നിവയ്ക്കു കാരണമാകുന്ന പ്രതിഭാസത്തെ പടിഞ്ഞാറൻ ക്ഷോഭം (Western disturbance) എന്നുവിളിക്കുന്നു.

ഇന്ത്യൻ ശൈത്യകാലം

ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പടിഞ്ഞാറൻ ക്ഷോഭവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ചക്രവാതച്ചുഴികളുടെ  തെക്കായി  പ്രതിചക്രവാതച്ചുഴികൾ രൂപപ്പെടും. ഇവയിൽനിന്ന്‌ പ്രവഹിക്കുന്ന  പടിഞ്ഞാറൻ കാറ്റ്‌,  വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും മധ്യഇന്ത്യയിലും അന്തരീക്ഷ ദിനോഷ്മാവ്‌ കുറയ്‌ക്കും. ഈ തണുക്കൽ പ്രതിഭാസമാണ് ശീതതരംഗം (cold wave).

നവംബർ മുതൽ മാർച്ചുവരെയുള്ള ശരാശരിയിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും മധ്യഇന്ത്യയിലും ഏതാണ്ട് 4-‐8 ദിവസം ശീതതരംഗവും അതിൽത്തന്നെ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ 3‐4 ദിവസങ്ങളിൽ തീവ്രശീതതരംഗവും കാണപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം ശീതതരംഗദിനങ്ങൾ കുറയ്ക്കുന്നതായും ശാന്തസമുദ്ര - പ്രതിഭാസങ്ങളായ എൽ നിനോ/ലാനിനമൂലം യഥാക്രമം ശീതതരംഗദിനങ്ങൾ കുറയുന്നതായും/കൂടുന്നതായും പഠനങ്ങൾ പറയുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top