26 April Friday

ഷേക്സ്പിയറും ശ്രീനാരായണഗുരുവും...പ്രഭാവർമ്മയുടെ പംക്തി തുടരുന്നു

പ്രഭാവര്‍മ്മUpdated: Monday Sep 20, 2021

ഇംഗ്ലീഷ് ഭാഷയുടെ പ്രയോഗ സവിശേഷതകളിലേക്ക് വെളിച്ചമെത്തിക്കുന്ന പംക്തി തുടരുന്നു. എഴുതുന്നത് പ്രശസ്‌ത കവിയും മാധ്യമ പ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ.

'കരണവുമിന്ദ്രിയവും കളേബരം തൊ-
 ട്ടറിയുമനേക ജഗത്തുമോര്‍ക്കിലെല്ലാം
 പരവെളി തന്നിലുയര്‍ന്ന ഭാനുമാന്‍ തന്‍
 തിരുവുരുവാണു തിരഞ്ഞു തേറിടേണം'

എന്നത് ശ്രീനാരായണഗുരുവിന്റെ വിഖ്യാതമായ 'ആത്മോപദേശശതക'ത്തിലെ ശ്ലോകമാണ്. ഇതിലെ ച്ഛന്ദസ്സ് ശ്രദ്ധിക്കുക. ഇതിനു മുമ്പ് എവിടെയെങ്കിലും ഈ ച്ഛന്ദസ്സിലുള്ള ശ്ലോകം ആരെങ്കിലും കണ്ടിട്ടുണ്ടോ? ഉണ്ടാവില്ല. കാരണം അതിനുമുമ്പ് ഈ വൃത്തം, ഈ താളക്രമം, ഈ ച്ഛന്ദസ്സ് ഇല്ല തന്നെ! മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ ശ്രീനാരായണഗുരു തനിക്ക് പറയാനുള്ള കാര്യങ്ങള്‍ സംവേദനം ചെയ്യാന്‍ പറ്റിയ ഒരു ച്ഛന്ദസ്സ് സൃഷ്ടിച്ചെടുക്കുകയായിരുന്നു.

മഹാന്മാരായ കവികള്‍ ഇങ്ങനെ ചെയ്യും. സ്വന്തമായ ച്ഛന്ദസ്സു സൃഷ്ടിക്കും. നിലവിലുള്ള ഏതെങ്കിലും വൃത്തത്തില്‍ എഴുതാന്‍ ശ്രമിച്ചു പരാജയപ്പെട്ട് കരചരണങ്ങളറ്റ്, സന്ധിബന്ധങ്ങള്‍ തകര്‍ന്ന് അടിഞ്ഞു കിടക്കലല്ല അത്. വൃത്തത്തില്‍ ശൈഥില്യമുണ്ടാക്കി പുതിയ വൃത്തം സൃഷ്ടിച്ചെടുക്കലാണ്. അഥവാ, പുതിയ രാഗം കണ്ടെത്തുംപോലെ പുതിയ ച്ഛന്ദസ്സു കണ്ടെത്തുകയാണ്. പുതിയ രീതിയില്‍ വാക്കുകള്‍ അടുക്കിവെക്കുമ്പോള്‍ അതിനു നിര്‍മ്മിതമായ ഒരു ക്രമം, ഒരു pattern ഉണ്ടാവണം. അത് ഓരോ stanza-യിലും അതേപോലെ ദീക്ഷിക്കാന്‍ കഴിയുകയും അതിനു കൃത്യമായ ശയ്യാഗുണം ഉണ്ടാവുകയും വേണം. അപ്പോഴേ വൃത്തമുണ്ടാവുന്നുള്ളു, പുതുതായി.

മലയാളത്തില്‍ ശ്രീനാരായണഗുരുവിന് ഇതു സാധിച്ചു. ഇംഗ്ലീഷില്‍ ഷേക്സ്പിയര്‍ക്കു സാധിച്ചു. ഷേക്സ്പിയറിലേക്കു കടക്കും മുമ്പ് ഗുരുവുമായി ബന്ധപ്പെടുത്തി മറ്റൊരു കാര്യം കൂടി പറഞ്ഞുവെക്കട്ടെ.

ab ab എന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ നമ്മള്‍ കണ്ടിട്ടുള്ള alternate rhyme, അഥവാ ഏകാന്തര പ്രാസം മഹാകവി കുമാരനാശാന്‍ ഉപയോഗിച്ചതായി കാണാം. ഇതിലേക്ക് ആശാനെ നയിച്ചത് ശ്രീനാരായണഗുരുവിന്റെ 'ചിജ്ജഡചിന്തന'മാവാനേ വഴിയുള്ളു. എന്തിനധികം? കാല്പനികതയുടെ പ്രസ്ഥാനനായകനായ ചങ്ങമ്പുഴക്കു പോലും വഴികാട്ടിയായിരുന്നിട്ടുണ്ട് ശ്രീനാരായണഗുരു. 'മഞ്ജുമഞ്ജീരശിഞ്ജിതം' എന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും നാം ചങ്ങമ്പുഴയിലെത്തും. എന്നാല്‍, ആശാനിലേക്ക് ഈ ശൈലി എത്തിയത് ശ്രീനാരായണഗുരുവിലൂടെയാണ്. അദ്ദേഹത്തിന്റെ ആദ്യകാല കൃതിയായ 'വാസുദേവാഷ്ടക'ത്തില്‍ നിന്നാണ്.

അതൊക്കെ അവിടെ നില്‍ക്കട്ടെ. ഷേക്സ്പിയറിലേക്കു കടക്കും മുമ്പ്, മറ്റൊരു കാര്യം കൂടി വിനയപൂര്‍വ്വം ചൂണ്ടിക്കാട്ടട്ടെ. ഞാന്‍ ചൂണ്ടിക്കാട്ടുന്നില്ല. എന്റെ സമാഹൃതകവിതകള്‍ക്കായുള്ള അവതാരികയിലെ ഡോ. എസ്. കെ. വസന്തന്റെ ചില വാക്കുകള്‍ ഉദ്ധരിക്കുക മാത്രമേ ചെയ്യുന്നുള്ളു:
ഇതാ:-
'ഒരു മത്സ്യമൊടുങ്ങിടുന്ന നേരം
 കടലത്രയപൂര്‍ണമായിടുന്നു.
 അറിവീലതു സാഗരപ്പരപ്പി-
 ന്നതു പൂര്‍ണതയാര്‍ന്നുതന്നെ നില്പൂ!' (അപൂര്‍ണം-പ്രഭാവര്‍മ്മ)

'സസജം ഗുരുരണ്ടു' എന്നൊരു വൃത്തം വൃത്തമഞ്ജരിയിലില്ല. വസന്തമാലിക എന്ന അര്‍ദ്ധ സമവൃത്തത്തിന്റെ വിഷമപാദം ഇവിടെ നാലുവരികളിലും ആവര്‍ത്തിച്ചിരിക്കുന്നു. ഈ വൃത്തത്തിനു 'പ്രഭ' എന്നു പേരിട്ടാലോ?'

ഇനി ഷേക്സ്പിയറിലേക്ക്:
ഇംഗ്ലീഷ് കവിതയില്‍ rhythm സാധ്യമാക്കുന്നത് stressed, unstressed syllable കളുടെ നിയതമായ ക്രമീകരണത്തിലൂടെയാണ്. സിലബിളുകളുടെ ചെറു കൂട്ടങ്ങളെ feet എന്നു പറയുന്നു.

സാര്‍വത്രികമായുള്ളത് iambic pentameter ആണ്. ഷേക്സ്പിയര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട meter. An unstressed syllable, followed by a stressed syllable എന്ന ക്രമത്തില്‍. ഇങ്ങനെ അഞ്ചു feet ഉണ്ടാവുമ്പോഴാണ് iambic pentameter ഉണ്ടാവുന്നത്. ഇതാണ് ഇംഗ്ലീഷിലെ സാധാരണവും സാര്‍വത്രികവുമായ meter. Tetrameter പോലുള്ളവ വേറെയുണ്ടെങ്കിലും, ഷേക്സ്പിയറെ പോലുള്ളവര്‍ കൂടുതലും ഉപയോഗിച്ചിട്ടുള്ളത്, നാടകങ്ങളിലായാലും സോണറ്റുകളിലായാലും iambic penta meter ആണ്. സാധാരണ പത്തു സിലബിളുകളാണുണ്ടാവുക. Unrhymed iambic pentameter ആണ് blank verse. പലരും ധരിക്കുന്നതു പോലെ, നിശ്ചിത ക്രമമേതുമില്ലാത്ത രചനയല്ല അത്.

iambic pentameter ല്‍ ഓരോ വരിയിലും പത്തു സിലബിളാണുണ്ടാവുക. അതായത്, stressed syllable, unstressed syllable എന്ന നിലയ്ക്ക്; de dum, de dum, de dum, de dum, de dum എന്ന ക്രമത്തില്‍ അത് alternate ചെയ്യും. അതിന്റെ താളം ഹൃദയതാളമാണ്. അതുകൊണ്ടുതന്നെ അത് ജനപ്രിയമായ meter ആവുന്നു. ഷേക്സ്പിയര്‍ക്ക് പ്രിയപ്പെട്ടതാവാന്‍ അതുതന്നെയാവാം കാരണം. നാടക വേദികളിലൂടെ സാധാരണ ജനങ്ങളോടാണല്ലൊ ഷേക്സ്പിയര്‍ സംസാരിക്കുന്നത്. അത് അവര്‍ക്ക് പ്രിയപ്പെട്ട താളാത്മകതയിലായി.

ഒരു short സിലബിള്‍, പിന്നെയൊരു long syllable. ഇതാണു ക്രമം. Buy-gone, For-lorn, De-light എന്നിവ ഉദാഹരണം. ഒന്ന് ഉച്ചരിച്ചുനോക്കൂ ഹൃദയതാളം തന്നെയല്ലേ അത്? Unstressed-stressed syllable ന്റെ അഞ്ചു സെറ്റ്, അഥവാ short syllable followed by long syllable - അങ്ങനെ അഞ്ചു സെറ്റ്.

Shall I - compare/thee to/a sum/mer's day? എന്നത് ഷേക്സ്പിയറുടെ ഒരു സോണറ്റിന്റെ ആദ്യ വരികളാണ്. ഇത്  da Dum/ da Dum/ da Dum/ da Dum/ da Dum എന്ന താളത്തിലാണ്.

അതായത് രണ്ടു ബീറ്റുള്ളതിന് unstressed syllable followed by a stressed syllable എന്ന ക്രമവുമുണ്ട് അതിന്. ഇതാണ് iambic pentameter.
എലിസബത്തന്‍ ഘട്ടമാണിതിന്റെ സുവര്‍ണഘട്ടം. ഷേക്സ്പിയര്‍ക്കു മുമ്പ് ജോഫ്രേ ചോസര്‍ ധാരാളമായി ഇത് ഉപയോഗിച്ചതായി കാണാം.
  'Her vestal livery is but sick and green
    And none but fools .....' എന്ന റോമിയോ ആന്റ് ജൂലിയറ്റിലെ വരികള്‍ ഷേക്സ്പിയറിന് ഈ meter എത്ര വഴങ്ങിയിരുന്നു എന്നതിന്റെ ഉദാഹരണമാണ്‌.

'Tiger,Tiger,burning bright,
  In the forests of the night;
  What immortal hand or eye,
  Could frame thy fearful symmetry'

എന്നത് ഒന്നുറക്കെ ചൊല്ലി നോക്കൂ. ആ താളം നമ്മെ എടുത്തുയര്‍ത്തുന്നതു കാണാം. മനസ്സിലേക്ക് ഓരോ വരിയും പടികയറുന്ന അനുഭവമുണ്ടാക്കും അത്.

എന്നാല്‍ ഷേക്സ്പിയര്‍ പലയിടത്തും iambic pentameter ന്റെ ക്രമം തകര്‍ത്തിട്ടുണ്ട്. da-Dum pattern ല്‍ അല്ലാതെ unstressed syllable അധികമായി ചേര്‍ത്തും, രണ്ട് stressed syllables നെയോ  രണ്ട് unstressed syllables നെയോ തുടര്‍ച്ചയായി ചേര്‍ത്തും മറ്റും പരീക്ഷണം നടത്തിയിട്ടുണ്ട്.

അപ്പോഴൊക്കെ താള ശൈഥില്യമുണ്ടാവുകയല്ല, പുതിയ താളക്രമമുണ്ടാവുകയാണു ചെയ്തത്.

സത്യത്തില്‍ ഷേക്സ്പിയര്‍ കൃതികളില്‍ 40 ശതമാനത്തിലേ കൃത്യമായ iambic pentameter ഉള്ളൂ. പല ഭാഗങ്ങളും പദ്യരൂപത്തില്‍ പോലുമല്ല, ഗദ്യരൂപത്തിലാണ്. 'Merry wives of windsor' ആകട്ടെ മിക്കവാറും പൂര്‍ണ്ണമായും ഗദ്യരൂപത്തിലാണ്. എന്നാല്‍ ആ ഗദ്യത്തിലും iambic pentameter ന്റെ ഛായ കാണാമെന്നതാണു സത്യം.  ഷേക്സ്പിയറുടെ ഒരു നാടകവും പൂര്‍ണ്ണമായും വ്യവസ്ഥാപിതമായ iambic pentameter ല്‍ ആയിരുന്നില്ലതാനും.

If music be the food of love, play on....
 (Twelfth Night)
That this too too solid flesh would...
 (Hamlet)
But, soft what light through yonder window breaks
 (Romeo and Juliet)
എന്നിവയൊക്കെ ശ്രദ്ധിക്കുക!

meter ല്‍ എഴുതിത്തെറ്റിക്കുന്നതും meter മനഃപൂര്‍വ്വം തെറ്റിച്ച് എഴുതുന്നതും പെട്ടെന്നുതന്നെ തിരിച്ചറിയാം. ആദ്യത്തേതില്‍ താളശൈഥില്യം പ്രകടമാവും. രണ്ടാമത്തേതില്‍ പുതിയ ഒരു താളം  രൂപപ്പെടുകയും ചെയ്യും.  

സ്വന്തമായി വൃത്തമുണ്ടാക്കാന്‍ ചില കവികള്‍ക്കു കഴിഞ്ഞിട്ടില്ലേ മലയാളത്തില്‍? അതുപോലെ സ്വന്തമായ meter ഉണ്ടാക്കാനും  ചില കവികള്‍ക്കു ഇംഗ്ലീഷില്‍ സാധിക്കുന്നു. പുതിയ phrases, പുതിയ words, പുതിയ meter എന്നിവയൊക്കെ ഉണ്ടാക്കി ഷേക്സ്പിയര്‍!
 

ആദ്യഭാഗം: വാക്കിനപ്പുറം പായുന്ന ശൈലികള്‍

രണ്ടാംഭാഗം: ഇവിടെ പറഞ്ഞാല്‍ കാലൊടിയും; അവിടെ അഭിനന്ദനം

മൂന്നാം ഭാഗം: ഹോബ്‌സന്റെ പരിപ്പുവടയും നെല്‍സന്റെ കണ്ണും

നാലാംഭാഗം: തല്ലാനും തലോടാനും സ്വയം പുകഴ്ത്താനും സംഗീതം

അഞ്ചാം ഭാഗം: വ്യാജസ്തുതി ഇംഗ്ലീഷിലായാല്‍

ആറാം ഭാഗം: നല്ല ഇംഗ്ലീഷ്‌ ജയിലിലെത്തിക്കാം

ഏഴാം ഭാഗം: ഫ്രൈ ചെയ്യാൻ വലിയ മീൻ വേറെയുള്ളപ്പോൾ

എട്ടാം ഭാഗം: ബാര്‍ അറിയാനും കുറുക്കുവഴി

ഒമ്പതാം ഭാഗം: സ്ഥലം വിടാന്‍ 'കുറുവടി'; പഴയതിന് 'ഈച്ച ചന്ത'

പത്താം ഭാഗം : കഥ മുഴുവനായിത്തന്നെ അറിയാന്‍ 'എന്‍ചിലാഡ' വേണം

പതിനൊന്നാം ഭാഗം: കൊണ്ടുനടക്കാന്‍ പ്രണയത്തിന്റെ ഒരു ടോര്‍ച്ച്

കൊണ്ടുനടക്കാന്‍ പ്രണയത്തിന്റെ ഒരു ടോര്‍ച്ച്
Read more: https://www.deshabhimani.com/special/english-phrases-prabha-varma-11/960647

പന്ത്രണ്ടാം ഭാഗം: ഇന്ദുകലാമൗലിയുടെ പ്രണയം

പതിമൂന്നാം ഭാഗം : അയ്യപ്പപ്പണിക്കരും എലിയട്ടും.

പതിനാലാം ഭാഗം: അടിച്ചുപൊളിയുടെ ഇംഗ്ലീഷ്‌

പതിഞ്ചാം ഭാഗം ;സൂസനും മഴയും

പതിനാറാംഭാഗം: ഭൂതാവിഷ്ടം

പതിനേഴാം ഭാഗംനാനാജഗന്മനോരമ്യഭാഷ

പതിനെട്ടാം ഭാഗം: ഷേക്‌സ്‌പിയറുടെ സ്വന്തം വാക്കുകള്‍



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top