26 April Friday

ഷേക്‌സ്‌പിയറുടെ സ്വന്തം വാക്കുകള്‍..പ്രഭാവർമ്മയുടെ പംക്തി തുടരുന്നു

പ്രഭാവര്‍മ്മUpdated: Monday Sep 13, 2021

    -

ഇംഗ്ലീഷ് ഭാഷയുടെ പ്രയോഗ സവിശേഷതകളിലേക്ക് വെളിച്ചമെത്തിക്കുന്ന പംക്തി തുടരുന്നു. എഴുതുന്നത് പ്രശസ്‌ത കവിയും മാധ്യമ പ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ.

ഒരിക്കല്‍ ഇംഗ്ലണ്ടു സന്ദര്‍ശിച്ചപ്പോള്‍ Stratford – upon – Avon ലും പോയി. ഇംഗ്ലണ്ടിലെ ഒരു കമ്പോള നഗരമാണത്. എന്നാല്‍, ആ നഗരം ലോക പ്രശസ്‌തിയുടെ ഉച്ചകോടിയില്‍ നില്‍ക്കുന്നത് ഷേക്‌സ്പിയര്‍ ജനിച്ചതവിടെയാണ് എന്നതു കൊണ്ടാണ്. ഷേക്‌സ്‌പിയര്‍ ജനിച്ച മുറി, അദ്ദേഹം റോമിയോ ആന്റ് ജൂലിയറ്റും ഹാംലെറ്റും ഒക്കെ എഴുതാനുപയോഗിച്ച മേശ, അദ്ദേഹത്തിന്റെ കിടപ്പുമുറി, എന്നിവയൊക്കെ കണ്ടു. തൊട്ടടുത്തായി സ്വാന്‍ തീയേറ്ററുണ്ട്, അവോന്‍ നദിയുടെ കരയില്‍. റോയല്‍ ഷേക്‌സ്പിയര്‍ തീയേറ്ററില്‍ നിത്യേന പല ഘട്ടങ്ങളിലായി ഷേക്‌സ്പിയര്‍ നാടകങ്ങളുടെ അവതരണമുണ്ട്. ഏതെങ്കിലും ഷേക്‌സ്പിയര്‍ നാടകത്തിലെ നമുക്കിഷ്ടപ്പെട്ട ഭാഗം അവതരിപ്പിച്ചു കാണിക്കാന്‍ പറഞ്ഞാല്‍ അതു ചെയ്യാന്‍ അവിടെ കലാകാരന്മാരും കലാകാരികളുമുണ്ട്.

നാടകം കണ്ടിറങ്ങിയപ്പോള്‍ ഒരാള്‍ സന്ദര്‍ശക പുസ്തകം നീട്ടി. എന്തെങ്കിലും എഴുതണമെന്ന അഭ്യര്‍ത്ഥനയോടെ. എന്തെഴുതണം? എന്റെ മനസ്സില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പത്തെ എന്റെ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ക്ലാസു വന്നു നിറഞ്ഞു. ശ്രീറാം മേനോന്‍ സര്‍ മുതല്‍ രാധാമണി ടീച്ചര്‍ വരെ വന്നു നിരന്നു. മക്‌ബേത്തും ഒഥല്ലോയുമൊക്കെ പഠിച്ച ക്ലാസിന്റെ അന്തരീക്ഷത്തില്‍ ഞാന്‍ അറിയാതെ മുങ്ങി. ജി പി നായര്‍ സാറിന്റെ നേതൃത്വത്തില്‍ ഒരു ഡിബേറ്റ് ക്ലബ്ബ് ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്. ഒരിക്കല്‍ ചര്‍ച്ച ഷേക്‌സ്പിയറുടെ ഭാഷയെക്കുറിച്ചായിരുന്നു. അന്ന് ഡിബേറ്റില്‍ പങ്കെടുത്തു ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ പതിറ്റാണ്ടുകള്‍ കടന്ന് എന്റെ മനസ്സില്‍ ഒഴുകിയെത്തി. ഞാന്‍ എഴുതി :

"If you cannot understand my argument and declare 'it is Greek to me', you are quoting shakespeare. If you claim to be 'more sinned against than sinning', you are quoting Shakespeare! If you insist 'to give the devil his due', again you are quoting Shakespeare! If you refuse' to budge an inch', then again you are quoting Shakespeare! Our life is agog with his words! I am very happy to drop in here - at stratford upon Avon- Shakespeare's place of birth."

ഭാഷയ്ക്കുള്ളില്‍ ഭാഷ സൃഷ്ടിക്കുന്നയാളാണ് യഥാര്‍ത്ഥ സാഹിത്യകാരന്‍. ഷേക്‌സ്പിയര്‍ കൃത്യമായും അതുതന്നെയാണു ചെയ്തത്.

'മക്‌ബേത്തി'ല്‍ ഷേക്‌സ്പിയര്‍ 'incarnadine' എന്നു പ്രയോഗിച്ചിട്ടുണ്ട്. എന്നാൽ ഇംഗ്ലീഷിൽ അന്നുവരെ അങ്ങനെയൊരു വാക്കില്ലായിരുന്നു. 'Will all great Neptune's ocean wash this blood clean from my hand? No, this my hand will rather the multitudinous seas in Incarnadine, making the green one red'.
അക്കാലത്തെ ഇംഗ്ലീഷ് പണ്ഡിതന്മാര്‍ incarnadine എന്ന പ്രയോഗത്തിന് ഷേക്‌സ്പിയറെ വിമര്‍ശിച്ചു. ഭാഷയില്‍ ഇല്ലാത്ത വാക്കാണത് എന്ന വിമര്‍ശനത്തിനു ഷേക്‌സ്പിയര്‍ കൊടുത്ത മറുപടി ഇതാണ്: 'ഭാഷയില്‍ ഇല്ലാത്തതുകൊണ്ടാണല്ലൊ, എനിക്ക് ഉണ്ടാക്കേണ്ടിവന്നത്'. ഷേക്‌സ്പിയര്‍ ആ വാക്കിന് ഇങ്ങനെ ഒരു അടിക്കുറിപ്പു പിന്നീടു കൊടുത്തു : Full of blood!

All the perfumes of Arabia will not sweeten this little hand എന്നതിലെ 'sweeten' എന്ന വാക്കിനു നേര്‍ക്കും പണ്ഡിതരുടെ പുരികം ചുളിഞ്ഞു. ശുദ്ധമാക്കൽ എന്നതിന് Sweeten  എങ്ങനെ  ചേരും ? സന്ദർഭം അർത്ഥത്തെ വ്യക്തമാക്കുമെന്നതായിരുന്നു ഷേക്സ്പിയറുടെ നിലപാട്. അദ്ദേഹം പറഞ്ഞു:
'എനിക്ക് അങ്ങനെയൊക്കെ എഴുതാന്‍ അധികാരമുണ്ട്'.

'ജലസേചന'ത്തില്‍ വൈലോപ്പിള്ളി മാഷ് ഇങ്ങനെ എഴുതിയിട്ടില്ലേ?
'ഗണ്യമാക്കീലാ കളിന്ദ മഹര്‍ഷി തന്‍
 കന്യയ,ക്കള്ളിന്‍ തികട്ടലുകള്‍'

ഇതു കണ്ട പത്രാധിപര്‍ കവിയോടു ചോദിച്ചു: കാളിന്ദി കളിന്ദ മഹര്‍ഷിയുടെ കന്യയാണെന്ന് ആര് എവിടെ പറഞ്ഞിരിക്കുന്നു?

'ആരും പറയാത്തതു കൊണ്ടല്ലേ ഞാന്‍ പറഞ്ഞിരിക്കുന്നത്' എന്നായിരുന്നു കവിയുടെ മറുപടി. വൈലോപ്പിളളി പറഞ്ഞിട്ടുണ്ട് എന്ന് ഇനി ആളുകള്‍ പറഞ്ഞു കൊള്ളുമല്ലൊ എന്ന് കവി കൂട്ടിച്ചേര്‍ക്കുകകൂടി ചെയ്തു.

കുഞ്ചന്‍ നമ്പ്യാര്‍ 'ബാലിവിജയ'ത്തില്‍
'എങ്കിലുമുണ്ടൊരു വാര്‍ത്തകളിപ്പോള്‍
 ലങ്കാധിപതേ നിന്നൊടുരയ്ക്കാന്‍' എന്ന് എഴുതിയതു മുന്‍നിര്‍ത്തി 'ഒരു' എന്ന ഏകവചനം കഴിഞ്ഞ് 'വാര്‍ത്തകള്‍' എന്ന ബഹുവചനമോ, ഇതെന്തു വ്യാകരണം എന്നു ചിലര്‍ വിമര്‍ശിച്ചപ്പോള്‍ കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞു: 'അങ്ങനെ എഴുതാന്‍ എനിക്ക് അധികാരമുണ്ട്'. വിമര്‍ശകര്‍ വീണ്ടും ആക്ഷേപിച്ചു തുടങ്ങിയപ്പോള്‍ നമ്പ്യാര്‍ എഴുതി :
'അറിയാത്ത മഹാമൂഢര്‍
 അപരാധം പറഞ്ഞെന്നാല്‍
 എറിഞ്ഞു കാലൊടിക്കുമെ-
ന്നറിഞ്ഞുകൊള്‍വിനെല്ലാരും'

Unrhymed iambic pentameter ആയിരുന്നു ഷേക്‌സ്പിയറുടെ എഴുത്തിന്റെ ഒരു പൊതുരീതി. ഒരു തരം വൃത്തമുക്ത രീതിയാണത്. നിയത രീതികളെയൊക്കെ ലംഘിച്ചുകൊണ്ടാണ് ആ എഴുത്തുരീതി പലപ്പോഴും മുന്നോട്ടുപോയത്.

സോണറ്റുകളുടെ കാര്യത്തിലും പൊതുവില്‍ iambic pentameter ആണെങ്കിലും അത്യപൂര്‍വ്വമായി iambic tetrameter ഉം കാണാം. രൂപത്തിന്റെ കാര്യം അവിടെ നില്‍ക്കട്ടെ. ഭാഷയെ അദ്ദേഹം നവീകരിച്ചതേതു വിധത്തിലാണെന്നു നോക്കുക.

'Incarnadine' എന്ന വാക്ക് ഷേക്‌സ്പിയര്‍ കണ്ടുപിടിച്ചതാണെന്നു പറഞ്ഞല്ലൊ. അത്തരം 1,700 വാക്കുകളെങ്കിലും സ്വന്തമായി ഭാഷയ്ക്കു സംഭാവന ചെയ്തിട്ടുണ്ട് അദ്ദേഹം. സവിശേഷമായ ഒരു സന്ദര്‍ഭം വരുമ്പോള്‍, നിലവിലുള്ള വാക്കുകളിലൊന്നും ഭാവ സംവേദനത്തിനും അര്‍ത്ഥ സംവേദനത്തിനും സമര്‍ത്ഥമല്ല എന്നു തോന്നിയാലുടന്‍ പുതിയ ഒരു വാക്കുണ്ടാക്കും. ആ പ്രത്യേക context ല്‍ അതിന് ഒരു അര്‍ത്ഥമുള്ളതായി വായനക്കാരനു തോന്നുകയും ചെയ്യും. ഇങ്ങനെ ഭാഷയിലേക്കു വന്ന എത്രയെത്ര വാക്കുകള്‍!

'affin'd' എന്ന വാക്ക് ഉദാഹരണം. 'United by affinity' എന്ന ആശയമായിരുന്നു ഷേക്‌സ്പിയര്‍ക്ക് വായനാക്കാരനിലേക്കു സംക്രമിപ്പിക്കേണ്ടിയിരുന്നത്. അതിനാകട്ടെ, വാക്കുകളൊന്നുമില്ലതാനും. അപ്പോഴാണ് 'affin'd' എന്നു ഷേക്‌സ്പിയര്‍ എഴുതിയത്.

 'For then the bold and coward,
  The wise and fool,
  The artist and unread,
  The hard and soft, seem all affin'd and kin' എന്ന് 'Troilus and Cressida' യില്‍ ഷേക്‌സ്പിയര്‍ എഴുതി. കൃത്യമായും United by affinity എന്ന അര്‍ത്ഥം കിട്ടുന്നില്ലേ ആ പ്രയോഗത്തില്‍? ഇതാണു ഭാഷയെ നവീകരിക്കുന്നതിന്റെ രീതികളിലൊന്ന്.

ഒഥല്ലോയിലും ഇതേ വാക്കു കാണാം.
'Now, sir, be judge yourself
  whether I in any just term
  and 'affin'd' to love the Moor'
ഇവിടെയും അര്‍ത്ഥം വ്യക്തം. 'Bound by any claim of affinity' എന്നാണിവിടെ അര്‍ത്ഥം.

Articulate എന്ന വാക്ക് സൃഷ്ടിച്ചതും ഷേക്‌സ്പിയറാണ്. Articulus എന്ന ലാറ്റിന്‍ വാക്കില്‍ നിന്നു രൂപപ്പെടുത്തിയതാണ് ഇത്. 'To express' എന്ന അര്‍ത്ഥത്തില്‍ ഇത് ഇന്നും ഭാഷയില്‍ പ്രയോഗിക്കപ്പെടുന്നു.

'These things, indeed you have articulated' എന്ന് Henry IV ല്‍ ഷേക്‌സ്പിയര്‍.
'Taken to task' എന്ന അര്‍ത്ഥത്തില്‍ ഒരു വാക്കു വേണ്ടിവന്നു ഷേക്‌സ്പിയര്‍ക്ക് കിങ് ലിയര്‍ എഴുതുന്ന വേളയില്‍; ഒട്ടും മടിക്കാതെ അദ്ദേഹം എഴുതി : attasked!
'You are much more attasked
  for want of wisdom' എന്നതാണ് ലിയറിലെ പ്രയോഗം.

Cadens എന്ന ലാറ്റിന്‍ വാക്ക് എടുത്ത് cadent എന്ന കാവ്യാത്മകമായ epithet ഉണ്ടാക്കി ലിയറില്‍ തന്നെ ചേര്‍ത്തു ഷേക്‌സ്പിയര്‍. 'The cadent tears fret channels in her cheecks' എന്ന് കിങ് ലിയറില്‍ കാണാം.

Hamlet ലെ 'Co-mart', Henry V ലെ 'congreeted' എന്നിവയും ഷേക്‌സ്പിയര്‍ രൂപപ്പെടുത്തിയതുതന്നെ. കൂട്ടായ വിലപേശല്‍, പരസ്പരം അഭിവാദ്യം ചെയ്യല്‍ എന്നൊക്കെയാണ് യഥാക്രമം അര്‍ത്ഥം.

കന്യകയായി മരിക്കുന്നവരുടെ ശവകുടീരത്തില്‍ ആചാരപരമായി കിരീടമോ പുഷ്പ മാലയോ വെക്കുന്ന ഒരു ഏര്‍പ്പാട് ഡെന്മാര്‍ക്കിലുണ്ടായിരുന്നു. ഷേക്‌സ്പിയര്‍ ഹാംലെറ്റില്‍ 'crance' എന്ന വാക്കില്‍ നിന്നു 'crant' ഉണ്ടാക്കി virgin crant ആക്കി ഇങ്ങനെ അവതരിപ്പിച്ചു.
'Yet here she is allowed her
  virgin crants, her maiden
  strawments, and the bringing
  home of bell and burial'
വെറുതേയല്ല, 'Our myraid minded Shakespeare' എന്ന് എസ് ടി കോളറിഡ്ജ് ഷേക്‌സ്പിയറെക്കുറിച്ചു പറഞ്ഞത്.

'But Shakespeare's magic could not copied be,
 within that circle, none durst walk but he' എന്ന് John Dryden പറഞ്ഞതും ഇവിടെ അര്‍ത്ഥവത്താവുന്നു.

വാക്കുകള്‍ പുതിയ കാലത്തും ഉണ്ടാവുന്നുണ്ട്. അങ്ങനെയുണ്ടായ വാക്കുകളിലൊന്നാണ് കേരള നിയമസഭയില്‍ വലിയ ബഹളത്തിനു വഴിവെച്ച 'additionality.' ധനമന്ത്രിയായിരുന്ന കെ. എം. മാണിയാണ് ഇങ്ങനെ ഒരു പ്രയോഗം നടത്തിയത്. Additionality എന്ന വാക്ക് ഇംഗ്ലീഷിലുണ്ടെന്നും ഇല്ലെന്നും രണ്ടു വാദങ്ങളുണ്ട്. ഇല്ല എങ്കില്‍ പോലും additionality എന്നത് നമ്മുടെ dictionary യില്‍ ചേര്‍ക്കാവുന്നതാണെന്ന് എനിക്കു തോന്നുന്നു. Add എന്ന verb ന്റെ noun form ആണല്ലൊ addition. അധികമായത്, ചേര്‍ത്തത് എന്നൊക്കെ അര്‍ത്ഥം. Special എന്ന noun നു പുറമേ നമുക്കു speciality എന്ന മറ്റൊരു noun കൂടിയുണ്ടല്ലൊ. ആ നിലയ്ക്ക് addition എന്ന noun ഇരിക്കെ 'additionality' എന്ന മറ്റൊരു noun കൂടിയാവാമെന്നു തോന്നുന്നു. കൂട്ടിച്ചേര്‍ക്കപ്പെടേണ്ടത് എന്ന അര്‍ത്ഥത്തില്‍.

ഇതു പറഞ്ഞപ്പോഴാണ് ഏഴു വയസ്സു മാത്രമുള്ള  ജറമയ (Jeremaih) ഈയിടെ പുതിയ ഒരു വാക്കുണ്ടാക്കിയ കാര്യം ഓര്‍മ്മിച്ചത്. എന്റെ സഹപ്രവര്‍ത്തകനായ സാമിനോടു സംസാരിക്കുകയായിരുന്നു  ജറമയ . പല കാര്യങ്ങളും ഏറെ വിശദീകരിച്ചാല്‍ മാത്രം ബോധ്യപ്പെടുന്ന രീതിയാണ് ജറമയയുടേത്. എന്തു പറഞ്ഞാലുമുടന്‍ കണ്ണടച്ചങ്ങു വിശ്വസിക്കില്ല. ഒരു കാര്യം  ജറമയയെ ബോധ്യപ്പെടുത്താന്‍ കഠിനമായി ശ്രമിച്ചുകൊണ്ടിരുന്ന സാമിനോട് സഹികെട്ട്  ജറമയ പറഞ്ഞു: 'I dont want your understandment'. സാമടക്കം എല്ലാവരും ചിരിച്ചു പോയി.

നിങ്ങളുടെ ബോദ്ധ്യപ്പെടുത്തല്‍ വേണ്ട എന്നാണ് ജറമയ ഉദ്ദേശിച്ചത്. എന്നാല്‍, understandment എന്നൊരു വാക്ക് ഇംഗ്ലീഷിലില്ല.

എന്നാല്‍ ഞാന്‍ സാമിനോടു ചോദിക്കട്ടെ, ഒരു കാര്യം state ചെയ്യുന്നതിനെ (പ്രസ്താവിക്കുന്നതിനെ) statement (പ്രസ്താവന) എന്നു പറയാമെങ്കില്‍ ഒരു കാര്യം understand ചെയ്യുന്നതിനെ (ബോദ്ധ്യപ്പെടുന്നതിനെ) 'understandment' എന്നു പറഞ്ഞുകൂടേ? എന്താണതില്‍ തെറ്റ്? state verb ആണ്. statement noun ആണ്. അതേപോലെ understand എന്ന verb ന് understandment എന്ന noun ഉണ്ടായാല്‍ എന്താ കുഴപ്പം? State എന്ന verb ന് stating എന്ന noun ഉണ്ടായിരിക്കെത്തന്നെ statement എന്ന noun കൂടി ഉണ്ടാകാമെന്നിരിക്കെ understand ന് understanding എന്ന noun ഉണ്ടായിരിക്കെ understandment എന്ന noun കൂടി ഉണ്ടവുന്നതു നല്ലതല്ലേ?

ഒരിക്കൽ effectiveness എന്ന വാക്കിനു ഫലപ്രദത്വം എന്നു ഞാൻ സമാന പദം ഉണ്ടാക്കി. അങ്ങനെ മലയാളത്തിൽ ഒരു വാക്കുണ്ടോ എന്നു ചിലർ ചോദിച്ചു. ഇല്ല. അതുകൊണ്ടല്ലേ ഞാൻ ഉണ്ടാക്കിയത്. 'Terms of reference' നെ 'പരിഗണനാ വിഷയങ്ങൾ' എന്ന് ആദ്യമായി പത്രത്തിൽ മലയാളീകരിച്ചതു ഞാനാണ് എന്ന എളിയ അവകാശവാദം ഉന്നയിച്ചോട്ടെ. അതിനു മുമ്പ് ടേംസ് ഓഫ് റഫറൻസ് എന്നു മലയാളത്തിൽ എഴുതി വെക്കുകയായിരുന്നു പത്രങ്ങൾ . അത് അവിടെ നിൽക്കട്ടെ.

ഏതായാലും understandment  എന്ന പ്രയോഗം ജറമയ എന്ന ഏഴു വയസ്സുകാരന്റെ പേരില്‍ അറിയപ്പെടട്ടെ! Shakespeare നെപ്പോലെ ധാരാളം വാക്കുകള്‍ 'coin' ചെയ്‌തെടുക്കാന്‍ ജറേമിയക്കു കഴിയട്ടെ!

ആദ്യഭാഗം: വാക്കിനപ്പുറം പായുന്ന ശൈലികള്‍

രണ്ടാംഭാഗം: ഇവിടെ പറഞ്ഞാല്‍ കാലൊടിയും; അവിടെ അഭിനന്ദനം

മൂന്നാം ഭാഗം: ഹോബ്‌സന്റെ പരിപ്പുവടയും നെല്‍സന്റെ കണ്ണും

നാലാംഭാഗം: തല്ലാനും തലോടാനും സ്വയം പുകഴ്ത്താനും സംഗീതം

അഞ്ചാം ഭാഗം: വ്യാജസ്തുതി ഇംഗ്ലീഷിലായാല്‍

ആറാം ഭാഗം: നല്ല ഇംഗ്ലീഷ്‌ ജയിലിലെത്തിക്കാം

ഏഴാം ഭാഗം: ഫ്രൈ ചെയ്യാൻ വലിയ മീൻ വേറെയുള്ളപ്പോൾ

എട്ടാം ഭാഗം: ബാര്‍ അറിയാനും കുറുക്കുവഴി

ഒമ്പതാം ഭാഗം: സ്ഥലം വിടാന്‍ 'കുറുവടി'; പഴയതിന് 'ഈച്ച ചന്ത'

പത്താം ഭാഗം : കഥ മുഴുവനായിത്തന്നെ അറിയാന്‍ 'എന്‍ചിലാഡ' വേണം

പതിനൊന്നാം ഭാഗം: കൊണ്ടുനടക്കാന്‍ പ്രണയത്തിന്റെ ഒരു ടോര്‍ച്ച്

കൊണ്ടുനടക്കാന്‍ പ്രണയത്തിന്റെ ഒരു ടോര്‍ച്ച്
Read more: https://www.deshabhimani.com/special/english-phrases-prabha-varma-11/960647

പന്ത്രണ്ടാം ഭാഗം: ഇന്ദുകലാമൗലിയുടെ പ്രണയം

പതിമൂന്നാം ഭാഗം : അയ്യപ്പപ്പണിക്കരും എലിയട്ടും.

പതിനാലാം ഭാഗം: അടിച്ചുപൊളിയുടെ ഇംഗ്ലീഷ്‌

പതിഞ്ചാം ഭാഗം ;സൂസനും മഴയും

പതിനാറാംഭാഗം: ഭൂതാവിഷ്ടം

പതിനേഴാം ഭാഗംനാനാജഗന്മനോരമ്യഭാഷ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top