27 April Saturday

ഇവിടെ പറഞ്ഞാല്‍ കാലൊടിയും; അവിടെ അഭിനന്ദനം ..പ്രഭാവര്‍മ്മയുടെ പംക്തി തുടരുന്നു

പ്രഭാവര്‍മ്മUpdated: Monday Jun 21, 2021

ഇംഗ്ലീഷ് ഭാഷയുടെ പ്രയോഗ സവിശേഷതകളിലേക്ക് വെളിച്ചമെത്തിക്കുന്ന പംക്തി തുടരുന്നു.

എഴുതുന്നത് പ്രശസ്ത കവിയും മാധ്യമ പ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ. 

(Idioms and phrases -തുടര്‍ച്ച )

നൃത്തം ചെയ്യാന്‍ വേദിയിലേക്കു കയറുന്ന നര്‍ത്തകിക്ക് 'Break a leg' എന്ന് ആശംസയര്‍പ്പിച്ചാല്‍ എങ്ങനെയിരിക്കും? കേരളത്തിലാണെങ്കില്‍ പറയുന്നവന്റെ കാലൊടിയും. ഇംഗ്ലണ്ടിലാണെങ്കില്‍ 'Thank you, so kind of you' എന്ന മറുപടി കിട്ടും.

'Break a leg' എന്നത് ഒരു ആശംസ തന്നെയാണ്. 'good luck ' എന്നു പറയില്ലേ? അതുപോലെ 'Break a leg Sobhana, I am sure, you will come out in flying colours എന്നു ധൈര്യമായി തന്നെ പറയാം. നിങ്ങള്‍ തകര്‍ത്തുവാരും എന്ന് എനിക്ക് ഉറപ്പുണ്ടെന്നാണിതിനര്‍ത്ഥം.

'Call it a day' എന്നത് സിനിമാക്കാര്‍ പാക്കപ്പ് പറയുന്നതുപോലുള്ള ഒന്നാണ്. after a hectic schedule, I call it a day! തിരക്കിട്ട ജോലി അവസാനിപ്പിച്ചു എന്നേ അര്‍ത്ഥമുള്ളൂ. ഡിക്ഷണറി നോക്കി ഇതിന്റെ അര്‍ത്ഥം കണ്ടുപിടിച്ചാല്‍ എങ്ങനെയിരിക്കും? Together  എന്ന വാക്കിനെ To get her എന്നു മൂന്നായി തിരിച്ച് നിഘണ്ടുവില്‍ നോക്കി അര്‍ത്ഥം കണ്ടുപിടിച്ചു പറഞ്ഞ ഒരാളെ എനിക്കറിയാം!

'To cost an arm and a leg' എന്നു പറഞ്ഞാല്‍ ഒരു കൈയും കാലും വിലയായി കൊടുക്കണം എന്നല്ല. തീപിടിച്ച വിലയുള്ളത് എന്നാണര്‍ത്ഥം. ഇന്നത്തെ സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും കാര്യത്തില്‍ ഇതു പറയാം. 'Petrol costs an arm and a leg!'

കേക്കിന്റെ ഒരു കഷണത്തെ a piece of cake' എന്നു പറയാമെങ്കിലും a piece of cake എന്ന idiom അര്‍ത്ഥമാക്കുന്നത് വളരെ എളുപ്പമായതിനെയാണ്. പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞ വിദ്യാര്‍ത്ഥിക്ക് Maths was a piece of cake എന്നു പറയാം. എനിക്ക് ഒരിക്കലും Maths കേക്കിന്‍ കഷണമായിരുന്നിട്ടില്ല എന്നുകൂടി പറയട്ടെ.

പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ എന്റെ ഓട്ടോഗ്രാഫില്‍ ഒരു ടീച്ചര്‍ ഇങ്ങനെ എഴുതിത്തന്നു  'Treat others the way in which you want to be treated' ഏതു തരത്തിലുള്ള പെരുമാറ്റമാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്, അത്തരത്തിലേ മറ്റുള്ളവരോടു പെരുമാറാവൂ എന്ന് അര്‍ത്ഥം. മറ്റുള്ളവരോടു മോശമായി പെരുമാറിയിട്ട് അതേ നിലയ്ക്കുള്ള പെരുമാറ്റം തന്നെ നമുക്കു നേര്‍ക്കും വന്നാലോ? അതിന് ഒരു പ്രയോഗമുണ്ട് ഇംഗ്ലീഷില്‍. 'Getting a taste of your own medicine'

'Knee-high to a grasshopper' എന്നു പറഞ്ഞാല്‍ കുഞ്ഞായിരുന്നുവെന്നേ അര്‍ത്ഥമുള്ളൂ. 'Twenty years back, when I met you last, you were knee-high to a grasshopper'  എന്ന് ഇരുപത് വര്‍ഷം മുമ്പു കുഞ്ഞായിരുന്ന ഇന്നത്തെ മുതിര്‍ന്നയാളോടു പറയാം. അയാള്‍ക്ക് എന്തെങ്കിലും മനസ്സിലാവുമോ എന്തോ? ഏതായാലും അങ്ങനെ പറയാന്‍ ഇംഗ്ലീഷ് അനുവാദം തരുന്നുണ്ട്.

See eye to eye  എന്നാല്‍ പരസ്പരം കണ്ണുരുട്ടി പേടിപ്പിച്ചുവെന്നല്ല. യോജിപ്പിലായി എന്നാണ് After a heated arguement both of them saw eye to eye.

കോഴിക്കു മുല വരുന്ന പോലെ, കാക്ക മലര്‍ന്നു പറക്കുന്ന കാലത്ത് എന്നൊക്കെ മലയാളത്തില്‍ പറയാറില്ലേ? ഒരിക്കലും നടക്കാത്തത് എന്നാണല്ലോ അതിനര്‍ത്ഥം. ആ അര്‍ത്ഥത്തില്‍  ഒരു ഇംഗ്ലീഷ് പ്രയോഗമുണ്ട്. 'When pigs fly' എന്നതാണത്. 'He will clear the debts when pigs fly' എന്നു പറയാം.

To feel under the weather എന്നാല്‍ സുഖമില്ല എന്നേ അര്‍ത്ഥമുള്ളൂ. I can't come to office today, as I am feeling under the weather, എന്ന് എഴുതി അയച്ചാല്‍ ബോസിന് എന്തു തോന്നുമെന്ന് നിശ്ചയമില്ല. ഏതായാലും ഇംഗ്ലീഷ് പെര്‍ഫെക്റ്റാണ്.

'നിന്നെക്കുറിച്ച് ഇന്നു പറഞ്ഞതേയുള്ളൂ. ഉടന്‍ വന്നല്ലോ. നിനക്ക് നൂറായുസ്സാ!' എന്നു മലയാളത്തില്‍ പറയാറില്ലേ. ഇതിനു സമാനമായ ഒരു പ്രയോഗമുണ്ട് ഇംഗ്ലീഷില്‍. Speak of the devil. ആരെക്കുറിച്ചാണോ പറയുന്നത്, പറച്ചിലിനിടയില്‍ അയാള്‍ പ്രത്യക്ഷപ്പെടുമ്പോഴുള്ള പ്രയോഗമാണിത്.

Hello, how come you are here, Soman, Speak of the devil, I was just talking about what you said yesterday.
Idioms ഉം phrases ഉം ഒരു ജനതയുടെ സംസ്‌കാരത്തില്‍ നിന്ന് ഊറിക്കൂടുന്നവയാണ്. ആ സംസ്‌കാരത്തിന്റെ പശ്ചാത്തലത്തിലല്ലാതെ ഡിക്ഷണറി തരുന്ന അര്‍ത്ഥത്തിന്റെ പശ്ചാത്തലത്തില്‍ ഇവയുടെ സാരസത്ത മനസ്സിലാക്കിയെടുക്കാനാവില്ല.

ഇത്തരം കാര്യങ്ങള്‍ പണ്ടേ ആളുകളുടെ മനസ്സിലുണ്ടായിരുന്നതുകൊണ്ടാവണം ഇംഗ്ലീഷ് ലിറ്ററേച്ചര്‍  മുഖ്യ വിഷയമായി പഠിക്കുമ്പോള്‍ History of England with special reference to the literary history ഉപവിഷയമായി പഠിക്കണമെന്നു പണ്ടേ ആരോ നിഷ്‌ക്കര്‍ഷിച്ചത്.

ആദ്യഭാഗം: വാക്കിനപ്പുറം പായുന്ന ശൈലികള്‍

മൂന്നാം ഭാഗം: ഹോബ്‌സന്റെ പരിപ്പുവടയും നെല്‍സന്റെ കണ്ണും
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top