25 April Thursday

ഇഡി കഥ എഴുതുകയാണ്‌ ; ഇന്ന്‌ ബിജെപി പറയുന്നത്‌ നാളെ ഇഡി ചെയ്യും

എം എസ്‌ അശോകൻUpdated: Monday Nov 16, 2020


കൊച്ചി
നയതന്ത്രബാഗേജിലെ സ്വർണക്കടത്ത്‌ കേസിൽ ഏറ്റവുമൊടുവിൽ അന്വേഷണമേറ്റെടുത്ത കേന്ദ്ര ഏജൻസിയാണ്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌‌ ‌(ഇഡി). മറ്റ്‌ ഏജൻസികളെ അപേക്ഷിച്ച്‌  യജമാനന്റെ ആഗ്രഹത്തിനനുസരിച്ച്‌ മുന്നേ ഓടുന്നതും ഇഡിതന്നെ. ഇന്ന്‌ ബിജെപി പറയുന്നത്‌ നാളെ ഇഡി ചെയ്യും എന്നാണ്‌ കാര്യങ്ങൾ. ആരെയൊക്കെ എപ്പോഴൊക്കെ ചോദ്യംചെയ്യണം, ആരെ പ്രതിചേർക്കണം, ഒഴിവാക്കണം, ആരുടെയൊക്കെ മൊഴി, ഏതൊക്കെ പേജ്‌ ചോർത്തണമെന്നെല്ലാം ഇഡിക്കറിയാം. ഏറ്റവുമൊടുവിൽ അവരന്വേഷിക്കുന്ന കേസ്‌ ഏതെന്നുപോലും കോടതിക്ക്‌ ഓർമിപ്പിക്കേണ്ടിവന്നു. സ്വർണക്കടത്തുകേസ്‌ അന്വേഷണത്തിനാണ്‌ വന്നതെങ്കിലും ആസൂത്രിതമായി ചിലരെയെല്ലാം പ്രതിചേർക്കേണ്ടതുള്ളതിനാൽ സംഭവിച്ചതാണ്‌.   

ഇഡി വരുന്നു
നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ സംഭവത്തിൽ ജൂലൈ ആറിന്‌ കസ്‌റ്റംസും ഒമ്പതിന്‌ എൻഐഎയും കേസെടുത്തു. 22നാണ്‌ ഇഡി‌ അന്വേഷണമാരംഭിച്ചത്‌. ഫൈസൽ ഫരീദ്‌ ഒഴികെയുള്ള പ്രധാന പ്രതികളുൾപ്പെടെ 17 പേരെ പിടികൂടി. അവരെയെല്ലാം കസ്‌റ്റംസും എൻഐഎയും വിശദമായി ചോദ്യംചെയ്‌ത്‌തെളിവുകൾ  ശേഖരിച്ചിരുന്നു. പി എസ്‌ സരിത്‌, സ്വപ്‌ന സുരേഷ്‌, ഫൈസൽ ഫരീദ്‌, സന്ദീപ്‌ നായർ എന്നിവരെ പ്രതികളാക്കി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി കേസെടുത്തു. ഇതിനെല്ലാം മുന്നോടിയായി സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റി. പകരം വന്നത്‌ ‘ജന്മഭൂമി’യുടെ ലീഗൽ അഡ്വൈസർ.

യജമാനന്റെ നായ
ഇഡി എത്തിയതിന്‌ പിന്നാലെ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്‌ ഡോവലിന്റെയും പ്രത്യേക ശ്രദ്ധ സ്വർണക്കടത്ത്‌ കേസിലേക്ക്‌. അവരുടെ നിർദേശപ്രകാരം ഇഡി സ്‌പെഷ്യൽ ഡയറക്ടർ സുശീൽകുമാർ കൊച്ചിയിലെത്തി കേസ്‌ വിലയിരുത്തി. അതിന്‌ പിന്നാലെ‌ ഇഡി മന്ത്രി കെ ടി ജലീലിനെതിരായ നീക്കം ആരംഭിച്ചു‌. സെപ്‌തംബർ 11ന്‌ ജലീലിനെ മൊഴിയെടുക്കാൻ വിളിച്ചുവരുത്തി. പിന്നാലെ ജലീലിന്റെ മൊഴിയെടുക്കാൻ കസ്‌റ്റംസ്‌, എൻഐഎ തീരുമാനം.

തിരക്കഥ തയ്യാർ
കള്ളപ്പണം വെളുപ്പിക്കൽ കേസാണ്‌ അന്വേഷിക്കുന്നതെങ്കിലും സ്വർണക്കടത്തിലെ പ്രധാനപ്രതികളിൽ ഒരാളായ കെ ടി റമീസിനെ ഇഡി  പ്രതിചേർത്തിട്ടില്ല. എൻഐഎ പ്രതികളാക്കിയ പതിനഞ്ചോള‌ം പേരെയുംചോദ്യംചെയ്‌തിട്ടില്ല. എന്നിട്ടും ഒക്‌ടോബർ ഏഴിന്‌ ആദ്യ കുറ്റപത്രം നൽകി. 303 പേജുള്ള കുറ്റപത്രത്തിൽ സ്വപ്‌ന സുരേഷും കേസിൽ പ്രതിയായിട്ടില്ലാത്ത ശിവശങ്കറും നിറഞ്ഞുനിന്നു. സ്വർണക്കടത്തിന്‌ പുറമെ ‘ലൈഫ്‌’ പോലുള്ള സർക്കാർ പദ്ധതികളും.

വേണ്ടിടത്തെല്ലാം ചോർത്തൽ
കുറ്റപത്രം സമർപ്പിച്ചതിന്‌ പിന്നാലെ‌  ‘മൊഴികളും റിപ്പോർട്ടുകളും’ മാധ്യമങ്ങളിൽ നിറഞ്ഞു. സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ, മുഖ്യമന്ത്രിയുമായി സ്വപ്‌നയ്‌ക്ക്‌ പരിചയം, സ്വപ്‌നയെ ശിവശങ്കറുമായി പരിചയപ്പെടുത്തിയത്‌ മുഖ്യമന്ത്രി, സ്വപ്‌നയ്‌ക്ക്‌ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനം തുടങ്ങിയ വാർത്തകളുടെ ഉറവിടം ഇഡിയിൽനിന്ന്‌ ‘ചോർന്ന’ പകർപ്പുകൾ. മുഖ്യമന്ത്രിക്കെതിരെ സ്വപ്‌നയുടെ മൊഴി പ്രധാനവാർത്തയായി ആദ്യം പ്രസിദ്ധീകരിച്ചത്‌ ജന്മഭൂമിയിൽ.

കേസ്‌ മറന്ന്‌ ഇഡി
ബാങ്ക്‌ ലോക്കറിൽനിന്ന്‌ പിടിച്ച ഒരുകോടിയോളം രൂപയും സ്വർണാഭരണങ്ങളും ‘ലൈഫി’ൽനിന്നുള്ള കമീഷനാണെന്ന്‌ ‘അവകാശപ്പെട്ടത്’‌ സ്വപ്‌നയാണ്‌. പണം പിടികൂടിയ എൻഐഎ ഇത്‌ നിഷേധിച്ചു. ലോക്കർ സമ്പാദ്യം സ്വർണക്കടത്തിൽനിന്നുള്ളതാണെന്ന്‌ കോടതിയിൽ റിപ്പോർട്ടും നൽകി. 

ലൈഫിൽ കമീഷൻ നൽകിയയാളുടെ മൊഴിയും ഹാജരാക്കി. ഇത്‌ സർക്കാർ പദ്ധതികളിൽനിന്നുള്ള സമ്പാദ്യമാണെന്നാണ്‌ ഇഡിയുടെ ‘കണ്ടെത്തൽ’. സ്വപ്‌നയെ ശിവശങ്കറുമായി ബന്ധിപ്പിക്കാനാണ്‌ ഇഡി കഥ മെനഞ്ഞത്‌. ഇത്‌ ഇഡി അന്വേഷിക്കുന്ന കേസിന്‌ വിരുദ്ധമാകില്ലേയെന്ന്‌ ചോദിച്ച കോടതി മറ്റ്‌ പദ്ധതികളിൽ കമീഷൻ കിട്ടിയത്‌ ഈ കേസിൽ ബാധകമാകില്ലെന്നും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top