29 March Friday

പിടിച്ചുനിൽക്കാൻ 
പുഷ്‌പാവതിക്ക്‌ സർക്കാരുണ്ട്‌

വിനോദ്‌ പായംUpdated: Sunday Jul 10, 2022


കാസർകോട്‌   
രണ്ടരവർഷമായി എഴുന്നേറ്റുനിൽക്കാൻപോലും പറ്റാതെ ചക്രക്കസേരയിലാണ്‌ കാറഡുക്ക മിഞ്ചിപ്പദവിലെ എം പുഷ്‌പാവതി. വിഷമരുന്നിനോട്‌ ഏറ്റുമുട്ടി,  ചെറുപ്പത്തിലേ എൻഡോസൾഫാൻ അനുബന്ധ രോഗത്താൽ തളർന്നുപോയ ഈ അമ്പത്തെട്ടുകാരി പക്ഷേ, ജീവിതത്തിനു മുന്നിൽവാശിയോടെ പൊരുതിനിൽക്കുകയാണ്‌. കരുതലോടെ കൈപിടിച്ചുയർത്താൻ, തണലേകാൻ ജനകീയ സർക്കാരുള്ളപ്പോൾ തളരുന്നതെങ്ങനെ.  മരുന്നും ചെലവും കഴിച്ച്‌ പുഷ്‌പാവതിയുടെ അക്കൗണ്ടിലിപ്പോൾ അഞ്ചുലക്ഷം രൂപയുണ്ട്‌. 

എട്ടുമക്കളിൽ ഏറ്റവും ഇളയവളായിരുന്നു പുഷ്‌പാവതി. ബീഡി തെറുത്ത്‌ ഒറ്റയ്‌ക്കൊരു വീട്ടിലാണ്‌ താമസം. സഹായത്തിന്‌ സഹോദരങ്ങളും അവരുടെ മക്കളുമെത്തും.  ഭിന്നശേഷിക്കാർക്കുള്ള പെൻഷനും എൻഡോസൾഫാൻ രോഗികൾക്കുള്ള പെൻഷനും മുറയ്‌ക്ക്‌ കിട്ടുന്നതിനാൽ ആരുടെ മുന്നിലും തലകുനിക്കേണ്ടി വരാറില്ല.

‘‘തനിച്ചുനിൽക്കാൻ  ആത്മധൈര്യമുണ്ട്‌. ആർക്കുമുന്നിലും കൈനീട്ടില്ലെന്നത്‌ വാശിയാണ്‌. അതിനെനിക്ക്‌ കരുത്താകുന്നത്‌ സർക്കാർ സഹായമാണ്‌. അഞ്ചുലക്ഷം രൂപ സഹായം ഉടൻ കിട്ടുമെന്ന്‌ കഴിഞ്ഞമാസം അറിഞ്ഞിരുന്നു. വൈകുമെന്നും ചിലപ്പോൾ കിട്ടില്ലെന്നും പറഞ്ഞ ഉദ്യോഗസ്ഥരുണ്ട്‌. ഇതുവരെ സംരക്ഷിച്ച സർക്കാരിൽ, പക്ഷേ, എനിക്ക്‌ വിശ്വാസമുണ്ട്‌. രണ്ടുദിവസംമുമ്പ്‌ ബാങ്കിൽ അഞ്ചുലക്ഷം വന്നതായി മെബൈലിൽ സന്ദേശം കിട്ടി. പ്രായംകൂടി വരുന്നു. ആയുർവേദ ചികിത്സയ്‌ക്ക്‌ 30,000 രൂപയോളം വേണം. അതിനുള്ള കാശുമാത്രം ബാങ്കിൽനിന്നെടുക്കും. ബാക്കി അവിടെ കിടക്കട്ടെ; ഭാവിയിലും എനിക്കിവിടെ പിടിച്ചുനിൽക്കാമല്ലോ’’–- നിറപുഞ്ചിരിയോടെ പുഷ്‌പാവതി പറഞ്ഞു.

ഒരുമാസം, 5007 പേർക്ക്‌ 
5 ലക്ഷംവീതം നൽകി  
ഒരുമാസത്തിനിടെയാണ്‌  എൻഡോസൾഫാൻ ദുരിതബാധിതരായ  5007 പേർക്ക് അഞ്ചുലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ ധനസഹായം വിതരണംചെയ്‌തത്‌. 5257 പേരാണ്‌ സഹായം നൽകേണ്ട പട്ടികയിലുള്ളത്‌. 5131 അപേക്ഷ കിട്ടി. 5076 പേരുടെ  അപേക്ഷ അംഗീകരിച്ചു. 12 പേർ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന്‌ സർക്കാരിനെ അറിയിച്ചു. 114 പേർ അപേക്ഷ നൽകാനുണ്ട്‌. ഇതിൽ വിലാസവും മറ്റു രേഖകളും ശരിയല്ലാത്തവരും ഉൾപ്പെടും. ആശ്രിതരേഖകൾ നൽകിയാൽ പട്ടികയിലുള്ള മരിച്ചവരുടെ ആശ്രിതർക്കും അഞ്ചുലക്ഷം നൽകും.  
മൊത്തം 200 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. എല്ലാ അപേക്ഷയും വന്നാൽ ഇനി ആറുകോടി രൂപ വേണ്ടിവരുമെന്ന്‌  കലക്ടർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top