19 April Friday

തെക്കൻ ആന്ദോളനവും കാലവർ‍ഷവും

ഡോ. ശംഭു കുടുക്കശേരിUpdated: Sunday Oct 10, 2021


കാലവർഷത്തെ സ്വാധീനിക്കുന്ന പ്രതിഭാസങ്ങളെപ്പറ്റി കൂടുതലായി അറിയുന്നത്‌ രസകരമാണ്‌. എന്താണ്‌ എൽ നിനോ തെക്കൻ ആന്ദോളനം. ഭൂമധ്യരേഖയ്ക്കടുത്തുള്ള ഉഷ്ണമേഖലാ സമുദ്രാന്തരീക്ഷ ഭൗതിക പ്രതിഭാസങ്ങളായ എൽ നിനോ, ലാ നിന, തെക്കൻ ആന്ദോളനം എന്നിവയുടെ  പരസ്പരവർത്തിത പരിണത പ്രതിഭാസമാണ്‌  എൽ നിനോ തെക്കൻ‍ ആന്ദോളനം( El Nino–Southern Oscillation ENSO)

ജൂൺ മുതൽ സെപ്തംബർ വരെയുള്ള ഇന്ത്യൻ കാലവർഷ  തീവ്രത, സ്ഥലകാല വൈവിധ്യത എന്നിവയെ ഈ പ്രതിഭാസം ഏറെ സ്വാധീനിക്കും. കാലവർഷത്തിന്റെ ഏറ്റക്കുറച്ചിലുകളെ സ്വാധീനിക്കുന്ന മുഖ്യഘടകങ്ങളാണിവയെന്നർഥം. എന്നാൽ ഈ പ്രതിഭാസങ്ങളുടെ രൂപീകരണം സംബന്ധിച്ച പഠനങ്ങൾ  ഇപ്പോഴും അപൂർണമാണ്.

ശാന്തസമുദ്രത്തിന്റെ കിഴക്ക് പെറു ഇക്വഡോർ‍ പ്രദേശങ്ങൾ മുതൽ പടിഞ്ഞാറേക്ക് നീണ്ടുകിടക്കുന്ന സമുദ്ര ഭാഗത്തുടലെടുക്കുന്ന സമുദ്രോഷ്മാവിന്റെ ഏറ്റക്കുറച്ചിലുകളാണ് എൽ നിനോ–- ലാ നിന പ്രതിഭാസങ്ങൾക്കാധാരം. ഈ പ്രതിഭാസങ്ങൾക്കു സമാന്തരമായ അന്തരീക്ഷ ഘടകമാണ് തെക്കൻ ആന്ദോളനം (Southern oscillation).

ലാ നിന, തെക്കൻ ആന്ദോളനം എന്നിവയുടെ കൂടിച്ചേരലാണ്‌ എൽ നിനോ തെക്കൻ ആന്ദോളനം അഥവാ എൻസോ എന്ന് അറിയപ്പെടുന്നത്‌.

വിവിധ ഘട്ടങ്ങൾ
എൻസോയ്ക്ക് മൂന്നു ഘട്ടങ്ങളാണുള്ളത്–- എൽ നിനോ, ലാ നിന, നിഷ്പക്ഷാവസ്ഥ എന്നിവ. ‘ആൺകുട്ടി ’ എന്നർഥം വരുന്ന സ്പാനിഷ് പദമാണ് എൽ നിനോ.  "പെൺകുട്ടി' യാണ് ലാ നിന. മധ്യ ശാന്ത സമുദ്രഭാഗങ്ങളിലെ ഊഷ്മാവിന്റെ വർധന അടുത്തടുത്തുള്ള മൂന്നുമാസങ്ങളിൽ ശരാശരിയേക്കാൾ ൦.൫ ഡിഗ്രി സെൽഷ്യസ് ഉയർന്നാൽ എൽ നിനോ ആയും ശരാശരിയേക്കാൾ ൦.൫ ഡിഗ്രി സെൽഷ്യസ് താഴ്ന്നാൽ ലാ നിനയായും കണക്കാക്കും.

സാധാരണ ഗതിയിൽ സമുദ്രോഷ്മാവിന്റെ വർധന വർഷത്തിന്റെ  മധ്യേ തുടങ്ങി നവംബർ–- ഡിസംബർ –-ജനുവരിയിൽ പരമാവധിയിലെത്തും. തുടർന്ന്‌  തളരുന്നതായി കാണാം. പടിപടിയായി ഉയർന്ന് ഉച്ചസ്ഥായിയിലെത്തി, തുടർന്ന്‌  താഴ്‌ന്ന്‌ വരുന്ന  ശാന്തസമുദ്രോഷ്മാവിന്റെ തരംഗദൈർഘ്യം ഏതാണ്ട് രണ്ടു മുതൽ ഏഴു വർഷം വരെയാണ്.  ശരാശരി അ‍ഞ്ചുവർഷവും.  ൦.൫ ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള ഊഷ്മാവ്‌വർധന ഏതാണ്ട് ൧൮ മാസം വരെ നീണ്ടു നിൽക്കാം.



വാക്കർ ചംക്രമണം
ഭൗമോപരിതലം മുതൽ അന്തരീക്ഷത്തിന്റെ അധോ മണ്ഡലമായ ട്രോപ്പോസ്ഫിയറിന്റെ അതിരുവരെ (16 - 17 കിലോമീറ്റർ )  കിഴക്കു പടിഞ്ഞാറു ദിശയിൽ വിന്യസിച്ചിരിക്കുന്ന ഭൂമധ്യരേഖാ പ്രദേശ അന്തരീക്ഷ ചംക്രമണമാണ് വാക്കർ ചംക്രണം (Walker circulation) കിഴക്കൻ ശാന്തസമുദ്രോപരിതലത്തിലെ  നിമ്‌നമർദ പ്രദേശത്തു നിന്നും പടിഞ്ഞാറേക്കു വീശുന്ന വാണിജ്യ വാതങ്ങൾ സമുദ്രോപരിതലത്തിലൂടെ  നീങ്ങി പടിഞ്ഞാറൻ ശാന്തസമുദ്രത്തിലുള്ള ന്യൂനമർദപ്രദേശത്തെത്തും.  അവിടെ നിന്നും  ആർദ്രവായുവുമായി ഉയർന്ന്‌ കിഴക്കോട്ടു പ്രവഹിക്കുന്ന കാറ്റിന്റെ ശ്രേണി, കിഴക്കൻ ശാന്ത സമുദ്രത്തിലെ നിമ്‌ന മർദ പ്രദേശത്തേക്ക്  ആർദ്രതയോടെ ഊർന്നിറങ്ങുന്നതാണ് വാക്കർ ചംക്രമണ രീതി.

പിടിഞ്ഞാറൻ ശാന്തസമുദ്രത്തിൽ നിന്നും ഉയർന്നു പൊങ്ങുന്ന വാക്കർ ചംക്രമണം അവിടെ സംവഹനം ശക്തിപ്പെടുത്തി കൂടുതൽ മഴ നൽകുന്നു. വാക്കർ ചംക്രമണ ‘ഇറങ്ങൽ പ്രദേശ’മായ കിഴക്കൻ ശാന്തസമുദ്രത്തിൽ മഴക്കുറവ് അനുഭവപ്പെടുന്നു.

എൽ നിനോ, ലാ നിന സ്വാധീനം
എൽ നിനോ വർഷങ്ങളിൽ പടിഞ്ഞാറ്, മധ്യ, കിഴക്കേ ശാന്തസമുദ്ര അന്തരീക്ഷമർദം യഥാക്രമം നിമ്‌നം, ന്യൂനം, നിമ്‌നം എന്നീ കണക്കിലും മഴ യഥാക്രമം കുറവ്, തീവ്രം, കുറവ് എന്ന പ്രകാരത്തിലും കാറ്റിന്റെ ഗതി കിഴക്കോട്ട്‌, കിഴക്കു നിന്നും പടിഞ്ഞാറു നിന്നും, പടിഞ്ഞാറേക്ക് എന്ന ക്രമത്തിലുമാണ്‌.  സമുദ്രോഷ്മാവ് കൂടുതൽ, കൂടുതൽ, കൂടുതൽ എന്നീ ക്രമത്തിലും വാക്കർ ചംക്രമണ ലംബവായു സഞ്ചാരം താഴേക്ക്, മുകളിലേക്ക്, താഴേക്ക് എന്ന രീതിയിലും ആയിരിക്കും.  ആർദ്രതയുടെ അളവ് വരണ്ട, വളരെ ഈർപ്പമുള്ള,  വരണ്ട എന്നീ വിധത്തിലും കാണാനാവും. പടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ  അന്തരീക്ഷ സ്ഥിതി ഇന്ത്യൻ മഹാസമുദ്രത്തിലനുഭവപ്പെടുന്നതിനാലാകണം ഇന്ത്യയിൽ മഴക്കുറവുണ്ടാകുന്നത്‌. ലാ നിന പടിഞ്ഞാറൻ ശാന്തസമുദ്രത്തിലും സമീപ ഇന്ത്യൻ മഹാസമുദ്രത്തിലും സംവഹനം ശക്തമാക്കുന്നതുമൂലം ഇന്ത്യയിൽ മെച്ചപ്പെട്ടതോ സാധാരണ കാലവർഷമോ ലഭ്യമാകും.

കാരണങ്ങൾ
എൽ നിനോ, ലാ നിന പ്രതിഭാസങ്ങൾക്കു കാരണമാകുന്നത്‌ ഋതുഭേദങ്ങൾക്കനുസരിച്ച്‌ മാറുന്ന സൂര്യാതപം, അതിനനസുരിച്ച്‌ സാവധാനത്തിലുള്ള കടൽ ചൂടാകൽ, തണുക്കൽ പ്രക്രിയ, അതോടൊപ്പം ചൂടുള്ളതും തണുത്തതുമായ സമുദ്രജലപ്രവാഹങ്ങളുടെ വാണിജ്യവാതങ്ങൾ വഴിയുള്ള ചംക്രമണ പ്രക്രിയ എന്നിവയാണ്‌. സമുദ്രത്തിലെ ചൂടാകൽ –-തണുക്കൽ പ്രക്രിയയോടൊപ്പം നിൽക്കുന്ന  തെക്കൻ ആന്ദോളനമെന്ന അന്തരീക്ഷ മർദ ആന്ദോളനം , ഉഷ്ണമേഖലകളിൽ എൽ നിനോ–-ലാ നിന പ്രതിഭാസങ്ങൾക്കൊപ്പം പ്രകടമാകുന്നു.

മൂന്നുവർഷം മുതൽ എട്ടു വർഷം വരെയുള്ള ക്രമരഹിതമായ കാലവേളകളിൽ ഭൂമധ്യരേഖാപ്രദേശ അന്തരീക്ഷ ചംക്രമണം ഉഷ്‌ണമേഖലാ ഇന്ത്യൻ–-ശാന്തസമുദ്രമേഖലകളിൽ അന്തരീക്ഷ മർദ വ്യതിയാനമുണ്ടാക്കും.

സാധാരണ എൽ നിനോ പ്രതിഭാസം ഇന്ത്യൻ കാലവർഷത്തിൽ ശരാശരിയിലും കുറവോ  ലാ നിന അധികമോ , ശരാശരിയോ മഴ രേഖപ്പെടുത്താറുണ്ട്‌.  63 ശതമാനം എൽ നിനോ വർഷങ്ങളിലും ഇന്ത്യൻകാലവർഷ മഴ ശരാശരിയേക്കാൾ വളരെക്കുറവ്‌ രേഖപ്പെടുത്തുകയാണുണ്ടായത്‌. ഈ വർഷം തെക്ക്‌ പടിഞ്ഞാറൻ കാലവർഷം ഇന്ത്യയുടെ സിംഹഭാഗത്തും സാധാരണ രീതിയിൽ ഉള്ളതോ ഉയർന്നതോ ആയ മഴ ലഭ്യമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top