29 March Friday

പ്രാണീലോകം തേടിയലഞ്ഞ എഡ്വേർഡ് ഒ വിൽസൺ

ഡോ.എ ബിജുകുമാർUpdated: Sunday Jan 23, 2022

 

അടുത്തിടെ അന്തരിച്ച  ഡോ. എഡ്വേർഡ്‌ ഒ വിൽസൺ എന്ന പ്രശസ്‌ത പ്രാണി ശാസ്‌ത്രജ്‌ഞൻെറ ഗവേഷണങ്ങളും കണ്ടെത്തലുകളും ശാസ്‌ത്രലോകത്തിന്‌ വലിയ സംഭാവനയാണ്‌ നൽകുന്നത്‌.  പരിണാമ ജീവശാസ്ത്രജ്ഞൻ, പ്രകൃതിശാസ്ത്രജ്ഞൻ, ഗ്രന്ഥകാരൻ,അധ്യാപകൻ തുടങ്ങിയ നിലകളിൽ അറിയപ്പെട്ട അദ്ദേഹം  ആധുനിക ഡാർവിൻ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്നു. എഡ്വേർഡ് വിൽസൺ പരിചയപ്പെടുത്തിയ ബയോഫീലിയ, സാമൂഹ്യ ജീവശാസ്ത്രം (sociobiology), ദ്വീപ് ബയോജിയോഗ്രഫി (Insular biogeography or island biogeography) തുടങ്ങിയ സിദ്ധാന്തങ്ങളും നിരവധി ജനപ്രിയശാസ്ത്ര പ്രസിദ്ധീകരണങ്ങളും  ലോകമെമ്പാടുമുള്ള നിരവധി ഗവേഷകരെയും ചെറുപ്പക്കാരെയും ജീവശാസ്ത്രത്തിലേക്ക് അടുപ്പിച്ചു. അദ്ദേഹം ഹാർവാഡ്‌ യൂണിവേഴ്സിറ്റിയിലെ യൂണിവേഴ്സിറ്റി റിസർച്ച് പ്രൊഫസർ എമറിറ്റസ്,  ഇ ഒ വിൽസൺ ബയോഡൈവേഴ്‌സിറ്റി ഫൗണ്ടേഷൻ ബോർഡ് ഓഫ് അഡ്വൈസേഴ്‌സ്, ഹാഫ്-എർത്ത് കൗൺസിലിന്റെ ചെയർമാൻ തുടങ്ങിയ നിലകളിൽ സേവനം അനുഷ്ഠിക്കുകയായിരുന്നു.

വിദ്യാഭ്യാസം, ഗവേഷണം

എഡ്വേർഡ് ഓസ്ബോൺ വിൽസൺ 1929 ജൂൺ 10 ന് ബർമിങ്‌ഹാമിൽ ജനിച്ചു. എട്ട് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചനം നേടിയ അവസരത്തിൽ വനങ്ങളും വേലിയേറ്റ കുളങ്ങളും അദ്ദേഹത്തിന് ഒഴിവുവേളകളിൽ ആശ്വാസം പകർന്നു. ചുറ്റുമുള്ള എല്ലാതരം ജൈവ വൈവിധ്യങ്ങളിലും അദ്ദേഹത്തിന് താൽപ്പര്യമുണ്ടായിരുന്നു. ഒരു ദിവസം ചൂണ്ടയിൽ കുരുങ്ങിയ മത്സ്യത്തിന്റെ മുള്ള് വലത് കണ്ണിൽ തുളച്ചുകയറുകയും അദ്ദേഹം ഭാഗികമായി അന്ധനാവുകയും ചെയ്തു. "എന്റെ നിലനിൽക്കുന്ന കണ്ണിന്റെ ശ്രദ്ധ നിലത്തേക്ക് തിരിഞ്ഞു, അങ്ങനെ ഞാൻ  ഉറുമ്പുകളോട് ഒരു പ്രത്യേക അഭിനിവേശമുള്ള ആളായി മാറി’ ഡോ. വിൽസൺ എഴുതി.

പതിമൂന്നാം വയസ്സിൽ  അമേരിക്കയിൽ അദ്ദേഹം അധിനിവേശ ജീവിയായ ഫയർ ഉറുമ്പുകളുടെ ആദ്യത്തെ കോളനി കണ്ടെത്തി.  ഹൈസ്കൂളിലുടനീളം ഉറുമ്പുകളുടെ പഠനം വിൽസൺ തുടർന്നു. 1950-ൽ അലബാമ സർവകലാശാലയിൽ നിന്ന് ബയോളജിയിൽ ബിരുദവും അതേ സ്ഥാപനത്തിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി, അപ്പോഴെല്ലാം ഉറുമ്പുകളിലെ ഗവേഷണം അദ്ദേഹം തുടർന്നു. 51-ൽ  ഹാർവാർഡ് സർവകലാശാലയിലേക്ക് മാറി.

വർഗീകരണം പരിണാമം
56 മുതൽ 96 വരെ വിൽസൺ ഹാർവാർഡിലെ ഫാക്കൽറ്റിയുടെ ഭാഗമായി. ഒരു ഉറുമ്പ് വർഗീകരണ ശാസ്ത്രജ്ഞനായി തുടങ്ങിയ അദ്ദേഹം അവയുടെ സൂക്ഷ്മപരിണാമം മനസ്സിലാക്കി. പാരിസ്ഥിതിക ദോഷങ്ങളിൽ നിന്ന് രക്ഷപ്പെട്ട് പുതിയ ആവാസ വ്യവസ്ഥകളിലേക്ക് നീങ്ങി അവ എങ്ങനെ പുതിയ ജീവികളായി വികസിച്ചു എന്ന് അന്വേഷിച്ചു. "ടാക്സൺ സൈക്കിൾ" എന്ന സിദ്ധാന്തം  വികസിപ്പിച്ചെടുത്തു. ഹാർവാർഡ് സൊസൈറ്റി ഓഫ് ഫെല്ലോസിൽ നിയമിതനായ അദ്ദേഹം, പര്യവേഷണ യാത്രയുടെ ഭാഗമായി ക്യൂബയിലെയും മെക്സിക്കോയിലെയും ഉറുമ്പുകളെ ശേഖരിച്ചു. ഓസ്‌ട്രേലിയ, ന്യൂ ഗിനി, ഫിജി, ന്യൂ കാലിഡോണിയ, ശ്രീലങ്ക എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലും സഞ്ചരിച്ചു.

പരിണാമ സമ്മർദ സ്വാധീനം
പ്രാണികളുടെ സ്വഭാവവും മറ്റ് മൃഗങ്ങളുടെ പെരുമാറ്റവും സമാനമായ പരിണാമ സമ്മർദങ്ങളാൽ സ്വാധീനിക്കപ്പെടുന്നുവെന്ന് വാദിക്കുന്ന 'ദി ഇൻസെക്റ്റ് സൊസൈറ്റിസ്' (The Insect Societies) അദ്ദേഹം 1971-ൽ പ്രസിദ്ധീകരിച്ചു. 73-ൽ , താരതമ്യ ജന്തുശാസ്ത്ര  മ്യൂസിയത്തിൽ 'പ്രാണികളുടെ ക്യൂറേറ്റർ' ആയി നിയമിതനായി. 75-ൽ, 'സോഷ്യോബയോളജി: ദി ന്യൂ സിന്തസിസ്' (Sociobiology: The New Synthesis ) എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 27 അധ്യായമുള്ള പുസ്തകത്തിൽ 26 അധ്യായവും പ്രാണികളുടെ സ്വഭാവസവിഷേതകളെയും പരിണാമത്തെയും പറ്റിയുള്ളതാണ്. എന്നാൽ 27 മത്തെ അധ്യായത്തിൽ  മനുഷ്യന്റെ  സ്വഭാവഗുണങ്ങളും സാമൂഹ്യജീവിതവും ഇതേ നിയമങ്ങളാൽ ബന്ധിതമാക്കപ്പെട്ടുകിടക്കുന്നുവെന്നും വികസിച്ചതും പാരമ്പര്യമായി ലഭിച്ചതുമായ പ്രവണതകൾ മനുഷ്യർക്കിടയിലെ ശ്രേണീബദ്ധമായ സാമൂഹ്യ സംഘടനയ്ക്ക് ഉത്തരവാദികളാണെന്ന് അദ്ദേഹം ഊഹിച്ചു. ഇത്‌  സഹ ശാസ്ത്രജ്ഞരിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ഏറ്റവുമധികം വിമർശനം ഏറ്റുവാങ്ങി. 78-ൽ അദ്ദേഹം ‘ഓൺ ഹ്യൂമൻ നേച്ചർ' പ്രസിദ്ധീകരിച്ചു, അത് മനുഷ്യ സംസ്കാരത്തിന്റെ പരിണാമത്തിൽ ജീവശാസ്ത്രത്തിന്റെ പങ്ക് കൈകാര്യം ചെയ്യുകയും പൊതു നോൺഫിക്‌ഷനുള്ള പുലിറ്റ്‌സർ സമ്മാനം നേടുകയും ചെയ്തു.

81-ൽ ചാൾസ് ലംസ്‌ഡനുമായി സഹകരിച്ച്, ജീൻ-കൾച്ചർ കോ-ഇവല്യൂഷന്റെ സിദ്ധാന്തമായ ‘ജീൻസ്, മൈൻഡ് ആൻഡ് കൾച്ചർ' അദ്ദേഹം പ്രസിദ്ധീകരിച്ചു. 90-ൽ  ബെർട്ട് ഹോൾഡോബ്ലറുമായി ചേർന്ന് എഴുതിയ ‘ദി ആന്റ്സ്' (The Ants)  ജനറൽ നോൺഫിക്‌ഷനുള്ള രണ്ടാമത്തെ പുലിറ്റ്സർ  നേടി. തൊണ്ണൂറു-കളിൽ അദ്ദേഹം ‘ദി ഡൈവേഴ്‌സിറ്റി ഓഫ് ലൈഫ്' (1992), ഒരു ആത്മകഥ (The Diversity of Life),  ‘നാച്ചുറലിസ്റ്റ്' (1994), കൺസിലിയൻസ്: ദി യൂണിറ്റി ഓഫ് നോളജ്  എന്നിവ പ്രകൃതി, സാമൂഹ്യ ശാസ്ത്ര വിഷയങ്ങൾ ചേർത്ത് പ്രസിദ്ധീകരിച്ചു.

ഏറ്റവും പ്രധാനമായി പ്രകൃതിശാസ്ത്രജ്ഞനും ഉറുമ്പ് വർഗീകരണ വിദഗ്ധനുമായ വിൽസൺ ആണ് ലവ്ജോയിയുമായി ചേർന്ന് ‘ജൈവവൈവിധ്യം' എന്ന പദത്തിന്  ജന്മം നൽകുന്നത്.

"ദി ഡൈവേഴ്‌സിറ്റി ഓഫ് ലൈഫ്’ എന്ന പുസ്തകത്തിൽ വംശനാശത്തിന്റെ അപകടങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു.
ഡോ. വിൽസണും ഡോ. മക്ആർതറും  പ്രസിദ്ധീകരിച്ച "ദി തിയറി ഓഫ് ഐലൻഡ് ബയോജിയോഗ്രഫി" (The Theory of Island Biogeography) എന്ന പുസ്‌തകം  പരിസ്ഥിതിശാസ്ത്രത്തിൽ ഏറ്റവും സ്വാധീനം ചെലുത്തി.  തടാകങ്ങൾ, വനങ്ങൾ, മറ്റ് ആവാസ വ്യവസ്ഥകൾ എന്നിവയിലെ വൈവിധ്യത്തെക്കുറിച്ച് പ്രവചിക്കാൻ ദ്വീപ് ബയോജിയോഗ്രഫി സിദ്ധാന്തം ഉപയോഗിക്കാമെന്ന് പിന്നീട് ശാസ്ത്രസമൂഹം കണ്ടെത്തി.  കൃതിയെ "സംരക്ഷണ ജീവശാസ്ത്രത്തിന്റെ അടിസ്ഥാന തത്വം" എന്നും വിശേഷിപ്പിക്കുന്നു.

ഉറുമ്പുകളുടെ അത്ഭുതലോകം
ബെർട്ട് ഹോൾഡോബ്ലറുമായി ചേർന്ന്‌   ഉറുമ്പുകളുടെ അത്ഭുത ലോകത്തെപ്പറ്റി നടത്തിയ പഠനം വലിയ വഴിത്തിരിവായി. സാമൂഹ്യ പ്രാണികളുടെ പെരുമാറ്റത്തിന്റെ മാതൃകയിൽ എല്ലാ സാമൂഹ്യ പെരുമാറ്റങ്ങൾക്കും ഒരു സോഷ്യോബയോളജിക്കൽ വിശദീകരണത്തിനായി വിൽസൺ ശ്രമിച്ചു. വ്യക്തിഗത ഉറുമ്പുകൾക്കും മറ്റ് സാമൂഹ്യ ജീവജാലങ്ങൾക്കും ഉയർന്ന ഡാർവിനിയൻ ഫിറ്റ്നസിൽ എത്താൻ കഴിയുമെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. തങ്ങളുടെ കോളനിയിലെ മറ്റ് അംഗങ്ങളെ പുതിയ ജോലിയിൽ ഏർപ്പെടാൻ പ്രേരിപ്പിക്കാൻ ഉറുമ്പുകൾ അവയുടെ ഗ്രന്ഥികളിൽ നിന്ന് രാസവസ്തുക്കൾ എങ്ങനെ പുറത്തുവിടുന്നുവെന്ന്  അദ്ദേഹം പഠിച്ചു.

സാമൂഹ്യ ജീവശാസ്ത്രം അഥവാ സോഷ്യോബയോളജി
75-ൽ  ‘സോഷ്യോബയോളജി: ദി ന്യൂ സിന്തസിസ്' എന്ന പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചു. വലുതും ചെറുതുമായ എല്ലാ ജീവജാലങ്ങളുടെയും സാമൂഹ്യ സ്വഭാവങ്ങൾ പഠിക്കാൻ പരിണാമ സിദ്ധാന്തം എന്ന ഒരൊറ്റ ആശയത്തിലൂടെ സാധ്യമാവുമെന്ന് ഡോ. വിൽ‌സൺ അവകാശപ്പെട്ടു. ജീവികളിലെ സാമൂഹ്യ ജീവിതത്തിന്റെ ജനിതക – പരിണാമ അടിത്തറയെപ്പറ്റി ഉറുമ്പുകളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാൻ അദ്ദേഹം ശ്രമിച്ചു. എന്നാൽ മനുഷ്യന്റെ  സ്വഭാവഗുണങ്ങളും സാമൂഹ്യജീവിതവും ഇതേ നിയമങ്ങളാൽ ബന്ധിതമാക്കപ്പെട്ടു കിടക്കുന്നു എന്ന വാദം നിശിതമായി വിമർശിക്കപ്പെട്ടു. 

‘കൺസിലിയൻസ്: ദി യൂണിറ്റി ഓഫ് നോളജ്' എന്ന പുസ്തകത്തിൽ, ശാസ്ത്രങ്ങളെ ഏകീകരിക്കാൻ ഉപയോഗിക്കുന്ന രീതികളും ശാസ്ത്രങ്ങളെ മാനവികതയുമായി ഏകീകരിക്കാൻ കഴിഞ്ഞേക്കാവുന്ന രീതികളും വിൽസൺ ചർച്ച ചെയ്തു. ലോകമെമ്പാടും ജീവശാസ്ത്രപഠനങ്ങൾക്കായി നടത്തിയ യാത്രകൾവഴി ജൈവവൈവിധ്യ/പരിസ്ഥിതി സംരക്ഷണത്തിനുള്ള നിരവധി ആശയങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചു.  ലോകത്തിലെ അറിയപ്പെടുന്ന ജീവജാലങ്ങളുടെ ഡിജിറ്റൽ വിവരങ്ങൾ രേഖപ്പെടുത്തുന്ന ഒരു ഓൺലൈൻ സഹകരണ ഡാറ്റാബേസായ എൻസൈക്ലോപീഡിയ ഓഫ് ലൈഫ് (https://eol.org/) അദ്ദേഹം സൃഷ്ടിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top