04 October Wednesday

കുതിപ്പിനൊരുങ്ങുന്ന ഇടമലക്കുടി...മന്ത്രി വീണാ ജോർജ്‌ എഴുതുന്നു

വീണാ ജോർജ്‌Updated: Saturday Jun 3, 2023

കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനായി കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ എത്തിയ മന്ത്രി വീണാ ജോർജ്‌ അനുഭവങ്ങൾ പങ്കുവെക്കുന്നു.

ഇടമലക്കുടി! കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്ത്. മൂന്നാറില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയുള്ള ഇടമലക്കുടി. മുതുവര്‍ വിഭാഗത്തില്‍പ്പെട്ട 2650 ആളുകള്‍ ഇവിടെ താമസിക്കുന്നു. 
 
ഇടമലക്കുടിയില്‍ ഡോക്ടറും ചികിത്സയിലും ഇല്ലെന്നും സൗകര്യങ്ങള്‍ ഒരുക്കണമെന്നതും രണ്ടാം പിണറായി സര്‍ക്കാറിന്റെ തുടക്ക കാലത്ത് തന്നെ മുന്നിലെത്തിയ ആവശ്യമാണ്. ആരോഗ്യ കേന്ദ്രവും പ്രവര്‍ത്തനങ്ങളും സാധ്യമാകമെങ്കില്‍ സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കുകയും അതിലേക്ക് ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുകയും ചെയ്യണം. അതുകൊണ്ട് സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന്റെ ഫലമായി ഇടമലക്കുടിയിലും ചട്ടമൂന്നാറിലുമായി 16 തസ്തികകള്‍ സൃഷ്ടിച്ചു. 1.25 കോടി രൂപ ചിലവിട്ടാണ് കെട്ടിടം ഉള്‍പ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ആദ്യം അവിടേക്ക് നിയമിച്ച പലരും അനുകമ്പാര്‍ഹമായ സാഹചര്യങ്ങളാല്‍ ഇടമലക്കുടിയിലേക്കുള്ള നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. ഒടുവില്‍ ഡോക്ടര്‍ സഖില്‍ രവീന്ദ്രനെ അവിടേക്ക് നിയമിച്ചു. മാറ്റണമെന്ന അഭ്യര്‍ത്ഥനയുമായി ഡോക്ടര്‍ സഖില്‍ രവീന്ദ്രന്‍ എത്തിയില്ല. 
 
ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനായി പോകാന്‍ തയ്യാറെടുക്കുമ്പോള്‍ മറ്റൊന്ന് കൂടിയുണ്ടായിരുന്നു മനസ്സില്‍. ഉള്‍കാട്ടില്‍ തീര്‍ത്തും ഒറ്റപ്പെട്ട് കഴിയുന്ന ആ ഗോത്ര മനുഷ്യരുടെ പ്രശ്‌നങ്ങളും ആരോഗ്യമേഖലയില്‍ അവര്‍ നേരിടുന്ന വെല്ലുവിളികളും നേരിട്ട് മനസിലാക്കണമായിരുന്നു. 
 
ശക്തമായ മഴ കാരണം വഴി തീര്‍ത്തും ദുര്‍ഘടമായിരിക്കുമെന്നും യാത്ര മാറ്റിവെക്കണമെന്നും മിക്കവരും പറഞ്ഞു. എന്നാല്‍ ദേവികുളം എംഎല്‍എ എ. രാജ ഇടമലക്കുടി യാത്രയ്ക്ക് പിന്തുണ നല്‍കി.
 
രാവിലെ മൂന്നാറില്‍ നിന്നും കാറില്‍ യാത്ര തിരിച്ചു. ഇരവികുളം നാഷണല്‍ പാര്‍ക്കിലൂടെ മുകളിലേക്ക് യാത്ര. സഞ്ചാരികള്‍ക്ക് അനുവദനീയമായ ഇടം കഴിഞ്ഞ് പിന്നേയും മുന്നോട്ട്. ഇരുവശത്തും ഇടതൂര്‍ന്ന മരങ്ങളും തേയിലത്തോട്ടങ്ങളും. രാജമലയാണ്. പെട്ടിമുടി ദുരന്തത്തില്‍ താഴേക്ക് പതിച്ച കല്ലുകള്‍ കടന്ന് മുന്നോട്ട്. അവിടെ നിന്നങ്ങോട്ട് ജീപ്പിലാണ് യാത്ര. ഒപ്പം എ. രാജയും സിപിഐ എം ഏരിയാ സെക്രട്ടറി എ എ വിജയനും. 
 
ഇടതൂര്‍ന്ന നിബിഡ വനങ്ങള്‍ക്കിടയിലൂടെയുള്ള ഓഫ് റോഡ് യാത്ര മറക്കാനാവാത്ത അനുഭവമായിരുന്നു. ചെളിയും കുഴിയും നിറഞ്ഞ വഴി. അതിസാഹസികമായിരുന്നു യാത്ര. കുടിയിലേക്ക് എത്താന്‍ ഒരു വശത്തേക്ക് മാത്രം മൂന്നര മണിക്കൂര്‍ വേണം.  ഇടമലക്കുടി നിവാസികള്‍ക്ക് പുറംലോകത്തേക്കുള്ള യാത്ര സുഗമമാക്കാനായി സര്‍ക്കാര്‍ 18.45 കോടി രൂപ ചിലവിട്ട് റോഡ് നിര്‍മ്മിക്കുകയാണ്. നേരത്തെ 20 കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇടമലക്കുടിയില്‍ എത്തിയിരുന്നത്.
 
26 കുടികളുള്ള ഇടമലക്കുടിയിലെ ഓരോ കുടിയിലും ഒരു മൂപ്പനും കാണിയുമുണ്ട്. ആദ്യത്തെ കുടി ഇഢലിപ്പാറയാണ്. മൂപ്പനും അമ്മമാരും മുത്തശ്ശിമാരും മുതിര്‍ന്നവരും കുട്ടികളുമെല്ലാം ഞങ്ങളെ കാത്തിരുന്നിരുന്നു. ആ കുടിയിലെ അംഗനവാടി പ്രവര്‍ത്തക ശശികലയുടെ കൂടെ കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. ആശുപത്രിയെന്ന ദീര്‍ഘകാലത്തെ ആവശ്യം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷവും ആശ്വാസവും എല്ലാ മുഖങ്ങളിലും കാണാമായിരുന്നു. കുടികളിലെ സ്ത്രീകള്‍ പുറത്ത് നിന്നും വരുന്നവരോട് സംസാരിക്കാന്‍ വിമുഖത കാണിക്കുന്നവരാണെന്നായിരുന്നു യാത്ര പുറപ്പെടുമ്പോള്‍ വരെ കേട്ടത്. എന്നാല്‍ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ അനുഭവമാണ് ഉണ്ടായത്. സ്ത്രീകള്‍ അവരുടെ സന്തോഷവും സങ്കടവുമെല്ലാം പങ്കുവെച്ചു. 
 
ഇഢലിപ്പാറയില്‍ നിന്നും സൊസൈറ്റി കുടിയിലേക്കുള്ള യാത്രയായിരുന്നു ഏറ്റവും ദുര്‍ഘടം. മഴ കാരണം വാഹനം റോഡില്‍ നിന്നും തെന്നിയേക്കാമെന്നതിനാല്‍ നടന്നു പോകേണ്ടി വരുമെന്ന് നേരത്തെ എം.എല്‍.എ രാജ മുന്നറിയിപ്പ്‌ നൽകിയിരുന്നു. നടക്കാന്‍ റെഡിയാണെന്നും കുത്തി നടക്കാന്‍ ഒരു വടി തന്നാല്‍ മതിയെന്നും എംഎല്‍എയോട് പറഞ്ഞിരുന്നു. എന്നാല്‍ അത് വേണ്ടി വന്നില്ല. മഴ മാറി നിന്നത് കൊണ്ട് വാഹനത്തില്‍ തന്നെ പോകാന്‍ കഴിഞ്ഞു. ഇഢലിപ്പാറിയില്‍ താമസിക്കുന്നവര്‍ വാഹനത്തില്‍ വന്ന ഞങ്ങളേക്കാള്‍ മുമ്പേ തന്നെ ആശുപത്രിക്ക് സമീപത്ത് എത്തിയിരുന്നു. കാട്ടുവഴികളിലൂടെ എളുപ്പത്തില്‍ എത്താന്‍ കഴിയുമെന്ന് രാജ പറഞ്ഞു.
 
ആശുപത്രിയുടെ ഉദ്ഘാടനത്തെ ആഘോഷമാക്കുകയായിരുന്നു ആ ഗോത്രജനത. സര്‍ക്കാര്‍ ആശുപത്രികള്‍ ജനങ്ങളുടെ ആശുപത്രിയാണെന്ന് വെറുതെ പറയുന്നതല്ലെന്ന് ബോധ്യപ്പെടും ഇടമലക്കുടിയില്‍ എത്തുമ്പോള്‍. കാട്ടുപൂക്കള്‍ കൊണ്ട് ഉണ്ടാക്കിയ മാലയും ബൊക്കയും തന്നാണ് സ്വീകരിച്ചത്. ഉദ്ഘാടന ചടങ്ങിനിടെ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ആവശ്യങ്ങള്‍ കൂടി ശ്രദ്ധയില്‍പ്പെടുത്തി. ഇവിടെ ആശുപത്രി തുടങ്ങുന്നതിന് മുമ്പ് ഗര്‍ഭിണികളെയും രോഗികളെയും തുണിയില്‍ കെട്ടി ചുമന്ന് കൊണ്ടു പോകുകയായിരുന്നുവെന്ന് മുതിര്‍ന്ന സ്ത്രീകള്‍ പറഞ്ഞു.
 
ഉദ്ഘാടന ചടങ്ങിന് ശേഷം സ്ത്രീകളും പ്രായമായവരും അവരുടെ ആശ്വാസം പങ്കുവെച്ചു. പനി വന്നാല്‍ പോലും ചികിത്സയ്ക്കായി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട അവസ്ഥയ്ക്ക് മാറ്റം വന്നതിനെക്കുറിച്ചായിരുന്നു അവര്‍ക്ക് പറയാനുണ്ടായിരുന്നത്. ആശുപത്രിയും ഡോക്ടറുമില്ലാതെ ഇവിടെ ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിച്ച് നോക്കൂ എന്ന് അതിലൊരാള്‍.

ഇടമലക്കുടിയില്‍ കണ്ട കൗതുകങ്ങളിലൊന്ന് കുഞ്ഞുങ്ങളെ ശരീരത്തോട് ചേര്‍ത്ത് കെട്ടി സഞ്ചരിക്കുന്ന അമ്മമാരായിരുന്നു. മൂന്ന് വയസ്സ് വരെ കുട്ടികളെ അങ്ങനെ കൊണ്ടു പോകുമെന്ന് പറഞ്ഞു. എന്റെ കൗതുകം കണ്ടിട്ടാണെന്ന് തോന്നുന്നു കൂട്ടത്തില്‍ പ്രായമായ മുത്തശ്ശി ഒരു അമ്മയില്‍ നിന്നും കുഞ്ഞിനെയെടുത്ത് എന്റെ പുറകില്‍ ചേര്‍ത്ത് വെച്ച് തുണി കൊണ്ട് കെട്ടി. അമ്മയുടെ ചൂടും സുരക്ഷിതത്വവും പെട്ടെന്ന് നഷ്ടപ്പെട്ട കുഞ്ഞ് വിതുമ്പാന്‍ തുടങ്ങിയപ്പോള്‍ കരയിപ്പിക്കേണ്ടെന്ന് പറഞ്ഞെങ്കിലും അവര്‍ സമ്മതിച്ചില്ല. എന്റെ പരിഭ്രമം കണ്ട് അവരെല്ലാം അത് ആസ്വദിച്ച് ചിരിക്കുകയായിരുന്നു. ജോലിക്ക് പോകുമ്പോഴും അമ്മമാര്‍ ഇങ്ങനെ കുഞ്ഞുങ്ങളെ കൂടെ കൊണ്ടു പോകുമെന്ന് അവര്‍ പറഞ്ഞു. വിവാഹ പ്രായമായ പെണ്‍കുട്ടികള്‍ വസ്ത്രത്തിന് മുകളില്‍ ഇങ്ങനെ തുണി കെട്ടി തുടങ്ങും. വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങള്‍ ഉണ്ടായി മൂന്ന് വയസ്സ് വരെ അത് തുടരുമെന്നും ആ മുത്തശ്ശിമാര്‍ പറഞ്ഞു. 
 
ഇഢ്‌ലിപ്പാറയില്‍ തിരിച്ചെത്തിയപ്പോള്‍ അംഗനവാടിയിലെ മിടുക്കര്‍ പാട്ടുപാടാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ക്കൊപ്പം കുറച്ച് സമയം ചിലവിട്ട് അവിടെ നിന്നും രുചികരമായ ഭക്ഷണവും കഴിച്ചായിരുന്നു മടക്കം.
 
ഈ യാത്രയില്‍ എടുത്ത് പറയേണ്ട രണ്ടുപേരുണ്ട്. മന്ത്രി കെ. രാധാകൃഷ്ണനും എംഎല്‍എ എ രാജയുമാണത്. ഇടമലക്കുടിയില്‍ അടിസ്ഥാന സൗകര്യം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഒരുക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കുന്നവര്‍. സ്പീക്കറായിരിക്കുമ്പോള്‍ മുതല്‍ കെ രാധാകൃഷ്ണന്‍ ഇടമലക്കുടിയില്‍ എത്തിയിരുന്നു. ഞങ്ങളുടെ യാത്രയില്‍ ഉടനീളം കുടിയിലുള്ളവര്‍ എ രാജയോട് കാണിക്കുന്ന സ്‌നേഹം കാണാന്‍ കഴിയുന്നുണ്ടായിരുന്നു. അവരുടെ പ്രശ്‌നങ്ങള്‍ അറിയുകയും പരിഹാരം കാണുകയും ചെയ്യുന്ന ജനപ്രതിനിധിയോടുള്ള കരുതലും സ്‌നേഹവും.
 
ഇടമലക്കുടി മാറുകയാണ്‌ സുരക്ഷിതമായ വീടും ആശുപത്രിയും വൈദ്യുതിയും സ്വപ്‌നമല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. യാത്രാക്ലേശങ്ങള്‍ക്ക് പരിഹാരമാകുന്ന റോഡും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ഉടന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇടമലക്കുടിയും കുതിക്കും മുന്നേറുന്ന കേരളത്തിനൊപ്പം. ഉറപ്പിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top