05 December Tuesday

ആഞ്ഞു വീശുന്ന ‘മാന്ദ്യക്കാറ്റ്'

മധു നീലകണ്ഠൻUpdated: Sunday Aug 7, 2022


പ്രവചനങ്ങൾ തിരുത്തുന്ന തിരക്കിലാണ് അന്താരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്). ജനുവരിയിൽ പറഞ്ഞത് ഏപ്രിലിൽ തിരുത്തി. ഏപ്രിലിൽ പറഞ്ഞത് ജൂലൈയിൽ തിരുത്തി.   ആഗോള സാമ്പത്തിക സാഹചര്യങ്ങൾ ഓരോ ദിവസം പിന്നിടുമ്പോഴും വീണ്ടും വീണ്ടും വഷളായി വരുന്നുവെന്നാണ് , ലോക സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ഐഎംഎഫ് ഏറ്റവും ഒടുവിൽ പറഞ്ഞുവച്ചത്.  എവിടെയും ‘മാന്ദ്യക്കാറ്റ്' ആഞ്ഞു വീശുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആഗോള മുതലാളിത്തത്തിന്റെ ആസ്ഥാനമായ അമേരിക്കയിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലുമെല്ലാം സാമ്പത്തിക മാന്ദ്യം പടർന്നുകയറുന്നു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്കുകളും ഇക്കൊല്ലവും അടുത്ത കൊല്ലവും വീണ്ടും കുറയും.

കോവിഡ് മഹാമാരിയിൽ തളർന്നു വീണ ലോക സമ്പദ്‌വ്യവസ്ഥ 2021 ൽ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും വീഴുകയാണെന്ന് ജൂലൈ 26 ന് പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ടിൽ പറയുന്നു.  രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും സാധാരണ ജനങ്ങളുടെയും ഇടത്തരക്കാരുടെയും ജീവിതം തകർത്തെറിയുകയാണ്‌. കോവിഡ്, റഷ്യ–- -ഉക്രയിൻ യുദ്ധം, ഇന്ധന വിലവർധന എന്നിവയാണ് സാമ്പത്തികത്തകർച്ചയ്‌ക്കും പ്രതിസന്ധികൾക്കും കാരണമായി ഐഎംഎഫ് വിലയിരുത്തുന്നത്. എന്നാൽ,  2008ൽ അമേരിക്കയിൽ ആരംഭിച്ച്  മറ്റു രാജ്യങ്ങളിലേക്ക് പടർന്ന സാമ്പത്തിക തകർച്ചയിൽനിന്ന് മുതലാളിത്ത ലോകം കര കയറിയിട്ടില്ലെന്നതാണ് യാഥാർഥ്യം. കോവിഡും യുദ്ധവും സ്ഥിതിഗതികൾ വഷളാക്കി.

പ്രവചനങ്ങൾക്ക്‌ അപ്പുറം

ഐഎംഎഫിന്റെ ജൂലൈയിലെ റിപ്പോർട്ടു പ്രകാരം ഇക്കൊല്ലം പ്രതീക്ഷിക്കുന്ന ആഗോള മൊത്തം ആഭ്യന്തരോൽപ്പാദന വളർച്ച 3.2 ശതമാനവും 2023 ൽ 2.9 ശതമാനവുമാണ്. ഏപ്രിലിൽ പറഞ്ഞിരുന്നത് ഇക്കൊല്ലവും അടുത്തകൊല്ലവും 3.6 ശതമാനം വളർച്ച നേടുമെന്നായിരുന്നു. ജനുവരിയിലെ പ്രവചനം തിരുത്തിയാണ് ഏപ്രിലിൽ അങ്ങനെ പറഞ്ഞത്. ഇപ്പോൾ , അത് വീണ്ടും തിരുത്തിയിരിക്കുന്നു.   2021 ലെ 6.1 ശതമാനത്തിൽനിന്ന് 2022ൽ 3.2 ശതമാനമായി കുറയും.  2021 ൽ ആഗോള വളർച്ച 6.1 ശതമാനമായി കണക്കാക്കിയത് 2020ലെ വൻ പിന്നോട്ടടിയുമായി താരതമ്യം ചെയ്താണ് എന്നറിയുമ്പോൾ 2021 ലെ വലിയ നിരക്കിന്റെ പൊള്ളത്തരവും വെളിപ്പെടുന്നുണ്ട്. (ലോ ബേസ് ഇഫക്ട് എന്നൊക്കെ സാമ്പത്തിക ശാസ്ത്രത്തിൽ പറയും).2020 ൽ 3.1 ശതമാനം തകർച്ചയാണ് (നെഗറ്റീവ് ഗ്രോത്ത്) രേഖപ്പെടുത്തിയിരുന്നത്.


 

മൊത്തം ആഭ്യന്തരോൽപ്പാദന (ജിഡിപി) വളർച്ചാ നിരക്കിന്റെ കണക്കുവച്ചുള്ള കളിയല്ല യഥാർഥ സാമ്പത്തിക പുരോഗതിയെന്ന് ഇതിൽ നിന്നൊക്കെ വെളിപ്പെടുന്നുണ്ട്. ജനങ്ങളുടെ ജീവിത നിലവാരത്തിലുണ്ടാകുന്ന പുരോഗതിയാണ്, പട്ടിണിയിലും ദാരിദ്ര്യത്തിലുമുണ്ടാകുന്ന മാറ്റമാണ് ശരിയായ സാമ്പത്തിക പുരോഗതി. ജനകോടികൾ പട്ടിണിയിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ എന്തു പുരോഗതി? ആരുടെ പുരോഗതി? നിയോ ലിബറൽ നയത്തിന് കീഴിൽ പുരോഗതി കോർപറേറ്റുകൾക്ക് മാത്രം. ലോകത്ത്‌ പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും വർധിച്ചതായി ഐഎംഎഫ് തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  വാസ്തവത്തിൽ, നിയോ ലിബറൽ സാമ്പത്തിക നയങ്ങളുടെ പരാജയം മറച്ചു വയ്ക്കാനുള്ള സൂത്രക്കളിയായി മാറുന്നുണ്ട് ജിഡിപി കണക്കുകൾ. അടിസ്ഥാന വർഷം അടിക്കടി മാറ്റി ഇന്ത്യ പ്രസിദ്ധീകരിക്കുന്ന കണക്ക് സമ്പദ്‌വ്യവസ്ഥയുടെ യഥാർഥ ചിത്രമല്ലെന്ന് ഓരോ ഇന്ത്യക്കാരന്റെയും അനുഭവം.

വായ്‌പാ പാക്കേജുകൾ

2008-ൽ ആരംഭിച്ച ആഗോള സാമ്പത്തിക മാന്ദ്യം വീണ്ടും രൂക്ഷമാകുന്നുവെന്നും മാന്ദ്യം പരിഹരിക്കാൻ നവ ലിബറൽ സാമ്പത്തിക നയങ്ങൾക്ക് കഴിയില്ലെന്നും ഐഎംഎഫ് റിപ്പോർട്ടിൽനിന്ന് മനസ്സിലാക്കാം. കോവിഡ് കാലത്ത് സമ്പദ്‌വ്യവസ്ഥകളെ ഉത്തേജിപ്പിക്കാനെന്ന പേരിൽ പല രാജ്യങ്ങളും പ്രഖ്യാപിച്ച പാക്കേജുകൾ പലതും കോർപറേറ്റുകളുടെ ലാഭം വർധിപ്പിക്കുന്ന നവ ലിബറൽ പാതയിൽ തന്നെയായിരുന്നു. അമേരിക്ക 1. 9 ലക്ഷം കോടി ഡോളറിന്റെയും യൂറോപ്യൻ യൂണിയൻ 2.2 ലക്ഷം കോടി ഡോളറിന്റെയും പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു.  ആഗോളതലത്തിൽ വിവിധ മേഖലകളിലായി ഏതാണ്ട് 16.9 ലക്ഷം കോടി ഡോളറിന്റെ പാക്കേജുകൾ പ്രഖ്യാപിച്ചതായാണ് ഐഎംഎഫ് കണക്കാക്കിയിട്ടുള്ളത്. 

ഇതിന്റെ 86 ശതമാനവും വൻകിട മുതലാളിത്ത രാജ്യങ്ങളിലായിരുന്നു. പലതും  വായ്പാ പാക്കേജുകൾ. സാധാരണ ജനങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താൻ  ഇത് സഹായമായില്ല. ഈ പാക്കേജുകളുടെ കാര്യത്തിലും ധന മൂലധനത്തിന്റെ ഊഹക്കച്ചവട ലാഭത്തിനാണ് ഊന്നൽ.   ലാഭാർത്തിയോടെ, ഭ്രാന്തവേഗത്തിൽ പരക്കം പായുന്ന  ധന മൂലധനത്തിന്റെ വരവും പോക്കും ഓഹരി - പണക്കമ്പോളങ്ങളെ നിയന്ത്രിക്കുന്നു. ഓഹരി സൂചികകളുടെ കുതിപ്പും കിതപ്പും കറൻസികളുടെ തകർച്ചയും മുന്നേറ്റവുമെല്ലാം ഇതിന്റെ കളികൾ. അതുകൊണ്ടുതന്നെ സമ്പദ്‌വ്യവസ്ഥയുടെ ഉൽപ്പാദന മേഖലകൾ പിന്നോട്ടടിക്കുന്നു. തൊഴിലും വരുമാനവും ഇടിയുന്നു. സാമ്പത്തിക മാന്ദ്യം തുടർക്കഥയാകുന്നു.

ഇന്ത്യയിൽ

മാന്ദ്യമൊന്നും ഇന്ത്യയിൽ ഇല്ലെന്നും സമ്പദ്‌വ്യവസ്ഥ ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണെന്നുമൊക്കെയാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിർമലാ സീതാരാമനും തുടർച്ചയായി അവകാശപ്പെടുന്നത്‌. മഹാമാരിക്കാലത്ത് സമ്പദ്‌വ്യവസ്ഥയ്‌ക്കുണ്ടായ നഷ്ടങ്ങൾ നികത്താൻ 2034-–-35 വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് റിസർവ് ബാങ്ക് അടുത്തിടെ പറഞ്ഞത് ഇരുവരും മറച്ചുപിടിക്കുന്നു. യഥാർഥത്തിൽ കോവിഡിന് മുന്നേതന്നെ ഇന്ത്യ മാന്ദ്യത്തിന്റെ പിടിയിൽ പെട്ടിരുന്നു. റിസർവ് ബാങ്കിന്റെ മുൻ ഗവർണർ ഡോ. രഘുറാം രാജൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞത്‌ പ്രസക്തമാണ്‌. അത്‌ ഇങ്ങനെയാണ്‌:  ‘ആറു ശതമാനം, ഏഴു ശതമാനം വളർച്ച എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അത് തൊഴിൽരഹിത വളർച്ചയാണ്. തൊഴിൽ ലഭ്യമാക്കുക എന്നത് സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും പ്രധാന ദൗത്യമാണ്. എല്ലാവരും സോഫ്‌റ്റ്‌വെയർ എൻജിനിയർമാരോ കൺസൽട്ടന്റുമാരോ ആകണം എന്നൊന്നുമില്ല. പക്ഷേ, എല്ലാവർക്കും തൊഴിൽ വേണം’


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top