08 December Friday

കുലുങ്ങുന്ന ഭൂമി

ഡോ. അരുൺ കെ ശ്രീധർUpdated: Sunday Sep 17, 2023

വടക്കൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയെ വിറപ്പിച്ച ഭൂകമ്പം  ഉണ്ടായിട്ട്‌ ദിവസങ്ങളേ ആകുന്നുള്ളൂ. നൂറ്റാണ്ടിനിടെ രാജ്യത്ത്‌ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ ആയിരങ്ങൾ മരിച്ചു.  പതിനായിരങ്ങൾക്ക്‌ പരിക്കേറ്റു. കോടികളുടെ നാശനഷ്ടവും. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇത്‌. ആഫ്രിക്കൻ, യൂറേഷ്യൻ പ്ലേറ്റുകളുടെ ചലനമാണ്‌ ഭൂകമ്പത്തിനു കാരണം. രണ്ട്പ്ലേറ്റുകളും വിപരീതദിശകളിൽ  ചലിക്കുന്നവയാണ്‌. കൂടാതെ അവ ഒരുവശത്തേക്കും പരസ്പരം വഴുതിപ്പോകുന്നു. പ്ലേറ്റുകൾ പരസ്പരം വഴുതിപ്പോകുമ്പോൾ, അത്പാറകളിൽ സമ്മർദമുണ്ടാക്കും. സമ്മർദം കൂടുന്നത്‌  ഭൂകമ്പത്തിന്‌ കാരണമാകും.  പ്രദേശത്തിന്റെ ഭൂമിശാസ്‌ത്ര പ്രത്യേകതയും  ഭൂകമ്പത്തിന്റെ തീവ്രതയ്‌ക്ക്‌ കാരണമായി.

ഫോർ ഷോക്കും ആഫ്‌റ്റർ ഷോക്കും

ഭൂമിയുടെ രണ്ട് ബ്ലോക്കുകൾ പെട്ടെന്ന്‌ പരസ്പരം വഴുതിവീഴുമ്പോഴാണ്‌ ഭൂകമ്പം ഉണ്ടാകുന്നത്. അവ വഴുതിവീഴുന്ന ഉപരിതലത്തെ ഫോൾട്ട് അല്ലെങ്കിൽ ഫോൾട്ട്പ്ലെയിൻ (fault plane) എന്നു വിളിക്കുന്നു. ഭൂകമ്പം ആരംഭിക്കുന്ന ഭൂമിയുടെ ഉപരിതലത്തിനു താഴെയുള്ള സ്ഥലത്തെ ഹൈപ്പോ സെന്റർ എന്നും ഭൂമിയുടെ ഉപരിതലത്തിൽ അതിന്‌ നേരിട്ട്‌ മുകളിലുള്ള സ്ഥാനത്തെ പ്രഭവകേന്ദ്രം എന്നും പറയും. ചിലപ്പോൾ ഒരു വലിയ ഭൂകമ്പത്തിനുമുമ്പ്‌ ചെറുചലനങ്ങൾ (Foreshocks) ഉണ്ടാകാറുണ്ട്. വലിയ ഭൂകമ്പത്തിനുമുമ്പ്‌ ഒരേ സ്ഥലത്ത്  സംഭവിക്കുന്നതാണ്‌ ഇവ. വലുതും പ്രധാനവുമായ ഭൂകമ്പത്തെ മെയിൻ ഷോക്ക് എന്നു വിളിക്കും. ഇവയ്‌ക്കുശേഷവും ചെറുചലനങ്ങളും (Aftershocks) ഉണ്ടാകാറുണ്ട്‌. മെയിൻ ഷോക്കിന്റെ വലുപ്പത്തെ ആശ്രയിച്ച് ആഴ്ചകളോ മാസങ്ങളോ ചെറുചലനങ്ങൾ തുടരാം.

വഴുതിവീഴുകയും കൂട്ടിയിടിക്കുകയും

ഭൂമിക്ക്‌  ആന്തരിക കാമ്പ്, പുറംകാമ്പ്, മാന്റൽ, പുറംതോട് എന്നീ നാല്‌ പ്രധാന പാളിയാണ്‌ ഉള്ളത്‌. പുറംതോടും മാന്റിലിന്റെ മുകൾഭാഗവും ഭൂമിയുടെ ഉപരിതലത്തിൽ നേർത്ത ‘ചർമം’ ഉണ്ടാക്കുന്നു. ഇത്‌ ഭൂമിയുടെ ഉപരിതലത്തെ മൂടുന്ന ഒരു പസിൽ പോലെ നിരവധി പാളിയുള്ളതാണ്‌. മാത്രമല്ല, ഇവ സാവധാനം ചലിക്കുകയും പരസ്പരം വഴുതിവീഴുകയും  കൂട്ടിയിടിക്കുകയും ചെയ്യുന്നു. ഇവയാണ്‌ ടെക്റ്റോണിക്പ്ലേറ്റുകൾ ( Tectonic plates). പ്ലേറ്റുകളുടെ അരികുകൾ നിരവധി ഫോൾട്ടുകൾ കൊണ്ടാണ്‌ നിർമിച്ചിരിക്കുന്നത്‌. ലോകമെമ്പാടുമുള്ള ഭൂകമ്പങ്ങളിൽ ഭൂരിഭാഗവും ഈ ഫോൾട്ടുകളിലാണ് സംഭവിക്കുന്നത്. ഇതുമൂലം വലിയ അളവിൽ ഊർജം പുറത്തുവിടുകയും ഇത്‌ ഭൂമിയെ കുലുക്കുന്ന ഭൂകമ്പതരംഗങ്ങളായി എല്ലാ ദിശയിലേക്കും സഞ്ചരിക്കുകയും ചെയ്യുന്നു.

ഇലാസ്‌തിക തരംഗങ്ങൾ

ഭൂകമ്പങ്ങൾ നാല്‌ പ്രധാന തരം ഇലാസ്‌തിക  തരംഗങ്ങൾ സൃഷ്ടിക്കുന്നു. ബോഡി തരംഗങ്ങൾ എന്നറിയപ്പെടുന്ന രണ്ടെണ്ണം ഭൂമിക്കുള്ളിൽ സഞ്ചരിക്കുന്നു. അതേസമയം ഉപരിതലതരംഗങ്ങൾ എന്നറിയപ്പെടുന്ന മറ്റ്‌ രണ്ടെണ്ണം അതിന്റെ ഉപരിതലത്തിലും. ഭൂകമ്പതരംഗങ്ങളുടെ വ്യാപ്തിയും ആവൃത്തിയും സീസ്മോഗ്രാഫുകൾ രേഖപ്പെടുത്തുകയും ഭൂമിയെക്കുറിച്ചും അതിന്റെ ആന്തരിക ഘടനയെക്കുറിച്ചും വിവരങ്ങൾ നൽകുകയും ചെയ്യുന്നു. ബോഡി തരംഗങ്ങൾ പ്രൈമറി (P wave),  സെക്കൻഡറി (S wave) എന്ന്‌ രണ്ട്‌ തരത്തിലുണ്ട്‌. പി  തരംഗത്തിന്  ഉയർന്ന വേഗതയുണ്ട്, അതിനാൽ എസ് തരംഗത്തേക്കാൾ വേഗത്തിൽ ഒരു ഭൂകമ്പ റെക്കോർഡിങ്‌ സ്‌റ്റേഷനിൽ എത്തുന്നു. രേഖാംശ തരംഗങ്ങൾ എന്നും അറിയപ്പെടുന്ന പി  തരംഗങ്ങൾ, ദ്രാവകമോ ഖരമോ വാതകമോ ഏതുമാകട്ടെ  വ്യാപനപാതയുടെ ദിശയിൽ അങ്ങോട്ടുമിങ്ങോട്ടും ചലനം നൽകുന്നു.

പി  തരംഗങ്ങൾ ഉപരിതലപാറയിൽ സെക്കൻഡിൽ ആറ്‌ കിലോമീറ്റർമുതൽ 2900 കിലോമീറ്റർ താഴെയുള്ള ഭൂമിയുടെ കാമ്പിനടുത്ത്‌ സെക്കൻഡിൽ 10.4 കിലോമീറ്റർവരെ വേഗതയിൽ സഞ്ചരിക്കുന്നു. തരംഗങ്ങൾ കാമ്പിൽ പ്രവേശിക്കുമ്പോൾ, വേഗത സെക്കൻഡിൽ എട്ട്‌ കിലോമീറ്ററായി കുറയുന്നു. ഇത്‌ ഭൂമിയുടെ കേന്ദ്രഭാഗത്ത് (core) സെക്കൻഡിൽ 11 കിലോമീറ്ററായി വർധിക്കുന്നു. വർധിച്ച ഹൈഡ്രോസ്റ്റാറ്റിക്മർദവും പാറയുടെ ഘടനയിലെ മാറ്റങ്ങളും മൂലമാണ് ആഴത്തിനനുസരിച്ച്‌ വേഗത വർധിക്കുന്നത്.

ട്രാൻസ്‌വേർസ്‌  തരംഗങ്ങൾ (Transverse waves) എന്നും അറിയപ്പെടുന്ന എസ്‌ രംഗങ്ങൾ ഖരമാധ്യമത്തിന്റെ പോയിന്റുകൾ വ്യാപനത്തിന്റെ ദിശയ്‌ക്ക്‌ ലംബമായി അങ്ങോട്ടുമിങ്ങോട്ടും നീങ്ങാൻ കാരണമാകുന്നു. ഈ തരംഗം കടന്നുപോകുമ്പോൾ, മാധ്യമം ആദ്യം ഒരു ദിശയിലേക്കും പിന്നീട്‌ മറ്റൊരു ദിശയിലേക്കും നീങ്ങുന്നു. എസ്‌ തരംഗങ്ങളുടെ വേഗത  ഉപരിതലത്തിൽ സെക്കൻഡിൽ 3.4 കിലോമീറ്ററിൽനിന്ന് കാമ്പിന്റെ അതിർത്തിക്കടുത്ത് സെക്കൻഡിൽ 7.2 കിലോമീറ്ററായി വർധിക്കുന്നു.  ഉപരിതല ഭൂകമ്പതരംഗങ്ങൾ രണ്ട്‌ തരമുണ്ട്‌.  ലവ്തരംഗങ്ങളും (Love waves) റെയ്‌ലെ തരംഗങ്ങളും (Rayleigh waves) ബ്രിട്ടീഷ് ഭൂകമ്പശാസ്ത്രജ്ഞനായ എഇഎച്ച്  ലൗവിന്റെ പേരിലാണ്‌ ലവ്‌ തരംഗങ്ങൾ അറിയപ്പെടുന്നത്‌. ഈ തരംഗങ്ങൾ റെയ്‌ലെ തരംഗങ്ങളേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നവയാണ്‌.

ഭൂകമ്പ പ്രവചനം അസാധ്യം

ഒരു ഭൂകമ്പം എപ്പോൾ, എവിടെ സംഭവിക്കുമെന്നോ അത്‌ എത്ര വലുതായിരിക്കുമെന്നോ മുൻകൂട്ടി  പ്രവചിക്കാൻ നിലവിൽ സാധ്യമല്ല. എന്നിരുന്നാലും സാധ്യതാ പ്രദേശങ്ങളെപ്പറ്റി വിവരങ്ങൾ നൽകാൻ ശാസ്ത്രജ്ഞർക്ക്‌ കഴിയും. ഭൂകമ്പസാധ്യതകൾ വർഷങ്ങൾക്കുള്ളിൽ ഒരു പ്രദേശത്ത്‌ നിശ്ചിത തീവ്രതയുള്ള ഭൂകമ്പം സംഭവിക്കാനുള്ള സാധ്യതകൾ വിവരിക്കുന്നു.  പ്രദേശത്തെ മുൻകാല ഭൂകമ്പ പ്രവർത്തനങ്ങളുടെ ശരാശരി നിരക്കിനെ അടിസ്ഥാനമാക്കി സാധ്യതകൾ കണക്കാക്കാം.  

വലിയ ഭൂകമ്പങ്ങളിൽ ചിലത്‌

തീവ്രതയേറിയവയും ആൾനാശമേറിയതുമായ നിരവധി ഭൂചലനങ്ങൾ ചരിത്രത്തിലുണ്ട്‌. അവയിൽ ഒന്നാണ്‌ 1950 ആഗസ്‌ത്‌ 15 ന്‌ 8.6 തീവ്രത രേഖപ്പെടുത്തിയ അസം– --ടിബറ്റ്ഭൂകമ്പം. വടക്കുകിഴക്കൻ അരുണാചൽപ്രദേശിലുള്ള  മിഷ്മി മലനിരകളായിരുന്നു പ്രഭവകേന്ദ്രം. ഇന്ത്യയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ചേറ്റവും ശക്തമായ ഭൂചലനങ്ങളിൽ ഒന്നാണിത്. വൻ ആൾനാശമുണ്ടായി.  2001ലെ ഗുജറാത്ത്‌ ഭൂകമ്പത്തിന്റെ  പ്രഭവകേന്ദ്രം കച്ച്‌ ജില്ലയിൽ ചോബാരി ഗ്രാമത്തിൽനിന്ന് ഒമ്പത്‌ കിലോമീറ്റർ തെക്കുപടിഞ്ഞാറായിരുന്നു. ഇരുപതിനായിരത്തിലധികംപേർ മരിച്ചെന്നാണ്‌ കണക്ക്‌. പരിക്കേറ്റവരുടെഎണ്ണം 1.67 ലക്ഷത്തിലേറെയും. മൂന്നരലക്ഷത്തിലേറെ കെട്ടിടങ്ങൾ തകർന്നു. 6.7 തീവ്രത രേഖപ്പെടുത്തി.

2005ൽ 7.6 തീവ്രത രേഖപ്പെടുത്തിയ  കശ്‌മീർ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പാകിസ്ഥാൻ അധിനിവേശ കശ്‌മീരായിരുന്നു. ഈ ഭൂകമ്പത്തിൽ 86,000ൽ അധികം ആളുകൾ മരിക്കുകയും അതേ എണ്ണം ആളുകൾക്ക്‌ പരിക്കേൽക്കുകയും ചെയ്‌തു. ദശലക്ഷക്കണക്കിന്‌ ആളുകൾ ഭവനരഹിതരായി. 1993 സെപ്‌തംബര് 30നു നടന്ന ലാത്തൂർ ഭൂചലനത്തിന്റെ തീവ്രത  6.2 ആയിരുന്നു. കില്ലാരി ആയിരുന്നു പ്രഭവകേന്ദ്രം. 10,000 പേർ മരിച്ചു.  30,000 പേർക്ക്‌ പരിക്കേറ്റു. 1960ൽ ചിലിയിൽ ഉണ്ടായ വാൽഡിവിയ ഭൂകമ്പത്തിൽ 1655 പേർ കൊല്ലപ്പെട്ടു. 9.5 ആയിരുന്നു തീവ്രത. ഇത്‌ ജപ്പാൻ, ഹവായി, ഫിലിപ്പീൻസ്‌ എന്നിവിടങ്ങളിൽ സുനാമിക്ക്‌ കാരണമായി. 2004ൽ ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ ഭൂകമ്പം സൃഷ്ടിച്ച സുനാമി ലോകത്തെ മഹാദുരന്തമായി മാറുകയായിരുന്നു. 9.4 ആയിരുന്നു ഭൂകമ്പ തീവ്രത. സുനാമിയിൽ 2, 27, 900 പേർ കൊല്ലപ്പെട്ടെന്നാണ്‌ കണക്ക്‌.  2011 ൽ ജപ്പാനിലെ സെൻഡായ്‌ ഭൂകമ്പ തീവ്രത ഒമ്പത്‌ ആയിരുന്നു. ഈ ഭൂകമ്പത്തിൽ 10,000ൽ അധികംപേർ മരിച്ചു.

(ബംഗളൂരു ജിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ സീനിയർ ജിയോളജിസ്റ്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top