20 August Saturday

ഇ എൻ സുധീർ ; ബാറിനുകീഴിലെ ബാലെ നർത്തകൻ

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

ഗോവയിൽ 1972ലെ സന്തോഷ്‌ട്രോഫി. ക്വാർട്ടർ ഫൈനൽ ആതിഥേയരും കർണാടകയും തമ്മിൽ. ഫൈനൽ വിസിലിന്‌ നിമിഷങ്ങൾമാത്രം. സ്‌കോർ 1–-1. കർണാടകയ്‌ക്ക്‌ സുവർണാവസരം. മുന്നേറ്റക്കാരൻ എൻ ഉലകനാഥൻ പന്തുമായി ബോക്‌സിൽ. ഗോവൻ ഗോൾകീപ്പർ ഇ എൻ സുധീർ. ഉലകനാഥന്റെ നേർക്കുനേർ ഷോട്ട്‌ വലയിലേക്ക്‌. ഗ്യാലറി നിശ്ശബ്‌ദം.

ഗോൾ കാണാൻ ശക്തിയില്ലാതെ ആരാധകർ കണ്ണുപൊത്തി. ഒരുനിമിഷം. രണ്ടുചുവട്‌ പിറകിലേക്ക്‌ നീങ്ങി വായുവിൽ സുധീറിന്റെ മിന്നൽവേഗം. കണ്ണടച്ച്‌ തുറക്കുംമുമ്പ്‌ പന്ത്‌ ബാറിനുമുകളിലേക്ക്‌ കുത്തിയകറ്റി. അവിശ്വസനീയ പ്രകടനം. അതായിരുന്നു കോഴിക്കോട്ട്‌ ജനിച്ചുവളർന്ന്‌ ഗോവയിൽ താമസമാക്കിയ എടവണ്ണ നാക്കടി സുധീർ എന്ന ഇന്ത്യൻ ഗോൾകീപ്പർ.

വാസ്--കോ ഗോവയ്ക്കായി ഗോൾകീപ്പർ ഇ എൻ സുധീറിന്റെ പ്രകടനം (ഫയൽ ചിത്രം)

വാസ്--കോ ഗോവയ്ക്കായി ഗോൾകീപ്പർ ഇ എൻ സുധീറിന്റെ പ്രകടനം (ഫയൽ ചിത്രം)


 

‘സ്‌റ്റൈൽ’ ആയിരുന്നു സവിശേഷത. രൂപത്തിലും ഭാവത്തിലും കളിയിലും അതുണ്ടായിരുന്നു. നീട്ടിവളർത്തിയ മുടി ഒതുക്കാൻ റിബ്ബൺ കെട്ടിയാണ്‌ ബാറിനുകീഴിൽ എത്തുക. ഗോൾവരയ്‌ക്കുമുന്നിൽ ശരിക്കും അഭ്യാസി. മുന്നിലേക്കും വശങ്ങളിലേക്കും മാത്രമല്ല, പിന്നിലേക്കും ഡൈവ്‌ ചെയ്‌ത്‌ പന്തു പിടിക്കാൻ അസാമാന്യ കഴിവുണ്ടായിരുന്നു.

അതേക്കുറിച്ച്‌ സുധീർ പറഞ്ഞത്‌ ഇങ്ങനെ: ‘ഇതെങ്ങനെ സാധിക്കുന്നുവെന്ന്‌ ചോദിച്ചാൽ എനിക്ക്‌ ഉത്തരമില്ല. കുട്ടിക്കാലത്ത്‌ ഞാനൊരു കുസൃതിയായിരുന്നു. നന്നായി മരം കയറും. ഒന്നിൽനിന്ന്‌ ഒന്നിലേക്ക്‌ ചാടിപ്പോകും.  അതുപോലെ ചുമരിലേക്ക്‌ പന്തെറിഞ്ഞ്‌ കിടക്കയിലേക്ക്‌ ചാടിവീണ്‌ പന്തു പിടിക്കുന്ന ഒരേർപ്പാട്‌ ഉണ്ടായിരുന്നു. അതൊക്കെയാകും കളിക്കളത്തിലെ ഡൈവിങ്ങിന്‌ പ്രചോദനമായത്‌’.

കോഴിക്കോട്ടുനിന്ന്‌ സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ഗോവയിലേക്കും പിന്നീട്‌ മുംബൈയിലേക്കും ചേക്കേറി. അഞ്ചുവർഷം ദേശീയ ടീമിന്റെ കുപ്പായമണിഞ്ഞ ഗോളി കേരളത്തിലുള്ളവർക്ക്‌ സുപരിചിതനല്ല. വാസ്‌കോ ഗോവയിലും മഹീന്ദ്ര ആൻഡ്‌ മഹീന്ദ്രയിലും തിളങ്ങി. പിന്നീട്‌ ഇന്ത്യൻ ടീമിൽ അഞ്ചുവർഷം. ജീവിതം പ്രധാനമാണെന്ന്‌ പറഞ്ഞ്‌ 27–-ാംവയസ്സിൽ കളിനിർത്തി ഖത്തറിൽ ജോലിക്കുപോയി. 30 വർഷത്തോളം ഖത്തറിലായിരുന്നു. വിശ്രമജീവിതത്തിന്‌ തെരഞ്ഞെടുത്തത്‌ ഭാര്യ ലൂർദിന്റെ നാടായ ഗോവയാണ്‌. അവിടെനിന്ന്‌ വല്ലപ്പോഴും നാടായ കോഴിക്കോട്ടെത്തി കൂട്ടുകാരെ കാണും.

കേരളത്തിലെ ജനപ്രിയ ടൂർണമെന്റുകളായ നാഗ്‌ജി, ചാക്കോള, മാമ്മൻ മാപ്പിള ട്രോഫികളിൽ സുധീർ നടത്തിയ രക്ഷപ്പെടുത്തലുകൾ ഓർമയിൽ സൂക്ഷിക്കുന്ന ഒരു തലമുറ ഇപ്പോഴുമുണ്ട്‌. പക്ഷേ, അവരും സുധീർ മരിച്ച വിവരം അറിഞ്ഞപ്പോഴാണ്‌ ഈ ഗോളി ജീവിച്ചിരുന്നുവെന്ന്‌ മനസ്സിലാക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top