പി ബിജു നഗർ (പത്തനംതിട്ട)
യുവതയുടെ ഹൃദയാരവങ്ങൾ നെഞ്ചേറ്റി ഡിവൈഎഫ്‌ഐ 15–-ാം സംസ്ഥാന സമ്മേളനത്തിന് പത്തനംതിട്ടയിൽ കൊടിയുയർന്നു. ശബരിമല ഇടത്താവളത്തിൽ പ്രത്യേകമൊരുക്കിയ പന്തലിൽ ഡോ. സുനിൽ പി ഇളയിടം പ്രതിനിധി സമ്മേളനം ഉദ്‌ഘാടനംചെയ്‌തു.
"
എസ് കെ സജീഷിന്റെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ നിന്നെത്തിച്ച പതാക സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് സമ്മേളന നഗറിൽ ഉയർത്തി. ഹഖ്, മിഥിലാജ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ചിന്താ ജെറോമിന്റെ നേതൃത്വത്തിലാണ് കൊടിമരമെത്തിച്ചത്. പി ബി സന്ദീപ്‌കുമാറിന്റെ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎയുടെ നേതൃത്വത്തിലെത്തിച്ച ദീപശിഖയിൽനിന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് ദീപം തെളിച്ചു.
സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് അധ്യക്ഷനായി. ജെയ്‌ക് സി തോമസ് രക്തസാക്ഷിപ്രമേയവും ഗ്രീഷ്‌മ അജയഘോഷ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപി, സെക്രട്ടറി അഭോയ് മുഖർജി, ജോയിന്റ് സെക്രട്ടറി പ്രീതി ശേഖർ, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ആരോഗ്യമന്ത്രി വീണാ ജോർജ്, ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം ചിന്ത ജെറോം, സംസ്ഥാന സെക്രട്ടിയേറ്റംഗം എ എ അൻഷാദ് തുടങ്ങിയവർ ഉദ്‌ഘാടനസമ്മേളനത്തിൽ പങ്കെടുത്തു. 635 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. സമ്മേളന നടത്തിപ്പിനാവശ്യമായ മുഴുവൻ ഫണ്ടും കായികാധ്വാനത്തിലൂടെയും തൊഴിലെടുത്തുമാണ് യുവാക്കൾ സമാഹരിച്ചത്. രക്തസാക്ഷി ഹഖിന്റെ പിതാവ് സമദ്, മിഥിലാജിന്റെ സഹോദരൻ നിസാം, പി ബി സന്ദീപ്‌കുമാറിന്റെ അച്ഛൻ ബാലൻ എന്നിവരെ ആദരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ പി ഉദയഭാനു സ്വാഗതംപറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..