26 April Friday

ആ ഹൃദയനന്മ കാണാമറയത്തു തന്നെ

സ്വന്തം ലേഖകൻUpdated: Saturday Jan 28, 2023


കോഴിക്കോട്‌
പൊതിച്ചോറിൽ നന്മ നിറഞ്ഞ ഹൃദയം ചേർത്തുവച്ചുനൽകിയ  കുട്ടി കാണാമറയത്ത്‌.  തന്റെ  അക്ഷരങ്ങൾകൊണ്ട്‌ പൊതിച്ചോറിൽ നന്മമനസ്സിന്റെ സ്വാദ്‌ പകർന്ന ആ കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിവൈഎഫ്‌ഐ നൽകുന്ന "ഹൃദയപൂർവം' ഉച്ചഭക്ഷണം പൊതിച്ചോറിനൊപ്പം ഒരു കുട്ടി  എഴുതിവച്ച വാക്കുകൾ വൈറലായിരുന്നു. നിരവധിപേർ  ആ വാക്കുകളുടെ ഉടമയെ പ്രശംസിച്ചു. ഒരോ ദിവസവും ഡിവൈഎഫ്‌ഐ മെഡിക്കൽ കോളേജിൽ നിരവധി പൊതിച്ചോറുകൾ നൽകുന്നുണ്ട്‌. എഴുതിയ ആൾ വെളിപ്പെടുത്തിയാൽ മാത്രമേ തിരിച്ചറിയാനാവൂ.

  "ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ... ഈ പൊതി കിട്ടുന്നവർ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്‌കൂളിൽ പോകാനുള്ള തത്രപ്പാടിൽ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കിൽ ക്ഷമിക്കുക. നിങ്ങളുടെ രോഗം വേഗം ഭേദമാകട്ടെ'–- ഈ കുറിപ്പ്‌ കഴിഞ്ഞ ദിവസം വിതരണംചെയ്‌ത ഭക്ഷണപ്പൊതിയിൽനിന്നാണ്‌ ലഭിച്ചത്‌. മമ്പാട് ഡിജിഎം എംഇഎസ് കോളേജിലെ അധ്യാപകനും എഴുത്തുകാരനുമായ രാജേഷ് മോൻജിയാണ്‌ ഇത്‌ ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചത്‌. നിരവധി  പേർ ഷെയർ ചെയ്‌തു. ഒപ്പം ഫെയ്സ്‌ബുക്കിൽ രാജേഷ്‌ മോൻജിയിട്ട കുറിപ്പും ഹൃദയഹാരിയായി.

‘‘തങ്ങളുടെ പൊതിച്ചോറിനായി കാത്തുനിൽക്കുന്ന മനുഷ്യരുടെ വിശപ്പ് മാത്രമായിരിക്കില്ല ആ കുട്ടിയുടെ മനസ്സിൽ തെളിഞ്ഞിട്ടുണ്ടാവുക! താൻ നിർവഹിക്കുന്നത് ഒരു വലിയ സാമൂഹിക ഉത്തരവാദിത്വമാണ് എന്ന ബോധ്യം കൂടി കുട്ടിക്കുണ്ടാവാം. ഇതൊക്കെ ഇത്രവലിയ കാര്യമാണോ എന്ന് ചോദിക്കുന്നവരുണ്ടാവും. തീർച്ചയായും വലിയ കാര്യം തന്നെയാണ്. ഒരു ദിവസം രണ്ടായിരത്തോളം പൊതിച്ചോറ്‌ ഒരാശുപത്രിയിൽത്തന്നെ കൊടുക്കാൻ പറ്റണമെങ്കിൽ എത്ര വീടുകളിൽ, എത്ര മനുഷ്യർ, ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന, അവർക്ക് കൂട്ടിരിക്കുന്ന മനുഷ്യരെക്കുറിച്ച് ഈ ദിവസം ചിന്തിച്ചിട്ടുണ്ടാവണം!’’–- രാജേഷ്‌ എഴുതുന്നു.   ഗവ. മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദിവസവും ഉച്ചഭക്ഷണം നൽകുന്ന ഡിവൈഎഫ്ഐയുടെ പദ്ധതിയാണ് ‘ഹൃദയപൂർവം’.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top