തിരുവനന്തപുരം
ദുബായിൽനിന്ന് എത്തിയ സുഹൃത്തിനെ സന്ദർശിക്കാനാണ് രണ്ടു വർഷംമുമ്പ് എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥൻ വീട്ടിലെത്തിയത്. സുഹൃത്തിന്റെ ഒറ്റമകൻ പന്ത്രണ്ടാംക്ലാസുകാരൻ കൈകൊടുത്ത് സ്വീകരിച്ചു. സംസാരിച്ചിരിക്കുന്നതിനിടെ ഉദ്യോഗസ്ഥന് തന്റെ കൈ മയക്കുമരുന്ന് മണക്കുന്നോ എന്ന് സംശയം. പ്ലസ്ടുക്കാരന്റെ കൈയിൽനിന്നാണ് കഞ്ചാവ് മണം വന്നതെന്ന് തിരിച്ചറിയാൻ അധികനേരം വേണ്ടിവന്നില്ല.
രക്ഷിതാക്കൾ അറിയാതെ പയ്യനുമായി സംസാരിച്ചപ്പോൾ ഉദ്യോഗസ്ഥൻ ഞെട്ടിത്തരിച്ചു. എംഡിഎംഎയടക്കം പലതരം മയക്കുമരുന്നുകളുടെ പിടിയിലാണവൻ. രക്ഷിതാക്കളെ ബോധ്യപ്പെടുത്തി കുട്ടിയെ എക്സൈസ് വകുപ്പിന്റെ ‘വിമുക്തി' സെന്ററിൽ എത്തിച്ചു. കുറച്ചുനാളത്തെ ചികിത്സയും കൗൺസലിങ്ങും ഫലപ്രദമായി. മയക്കുമരുന്നിന്റെ കണ്ണികൾ പൊട്ടിയതോടെ അവൻ മിടുക്കനായി. തലസ്ഥാനത്തെ എൻജിനിയറിങ് വിദ്യാർഥിയാണ് അവനിപ്പോൾ.
പത്താം ക്ലാസിലായിരിക്കുമ്പോൾ മുതിർന്ന കൂട്ടുകാർ നൽകിയ സിഗരറ്റിൽനിന്നാണ് അവൻ ലഹരിയുടെ കൂട്ടുതേടിയിറങ്ങിയത്. പതിയെ ലഹരി കൈമാറ്റത്തിന്റെ കണ്ണിയായ ഘട്ടത്തിലാണ് തിരിച്ചറിയപ്പെട്ടതും ജീവിതത്തിലേക്ക് തിരികെ നടക്കാൻ അവസരമുണ്ടായതും. ഇത്തരത്തിൽ കഞ്ചാവ് ബീഡിയിൽ തുടങ്ങി മാരക ലഹരികളുടെ വഴിയിലൂടെ നടക്കുന്നുണ്ട് നമ്മുടെ കുഞ്ഞുങ്ങൾ. തിരിച്ചറിയാൻപോലുമാകാത്ത രാസലഹരികളാണ് കൗമാരക്കാരെ പിന്തുടരുന്നത്.
അതിർത്തി കടന്ന് എത്തുന്നതാണ് പല ലഹരിവസ്തുക്കളും. ദക്ഷിണാഫ്രിക്ക, കെനിയ, നേപ്പാൾ, ബ്രസീൽ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽനിന്നെല്ലാം ഇന്ത്യൻ അതിർത്തികളിലേക്ക് പലവഴി ലഹരിയൊഴുക്കുണ്ട്. പാക് അതിർത്തി പങ്കിടുന്ന രാജസ്ഥാൻ, കശ്മീർ എന്നിവിടങ്ങൾ മുഖേനയാണ് രാജ്യത്ത് കൂടുതലായും ഇവയെത്തുന്നത്. യുപി, ബിഹാർ, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും കടൽമാർഗവും ലഹരികടത്ത് വ്യാപകമാണ്.
വളരെ ചെറിയ അളവിൽ രാസലഹരി ഉപയോഗിച്ചാൽ ഒരുവർഷംവരെ തടവും 10,000 രൂപ പിഴയും നൽകാൻതക്ക ശക്തമാണ് നിയമം. ഇടത്തരം അളവുമായാണ് പിടിക്കപ്പെടുന്നതെങ്കിൽ പത്തുവർഷംവരെ കഠിനതടവും ഒരു ലക്ഷം പിഴയുമുണ്ട്. ഇതിനു മുകളിലുള്ളതെല്ലാം കൊമേഴ്‌സ്യൽ ക്വാണ്ടിറ്റി വിഭാഗത്തിലാണ്. പത്തു വർഷമാണ് ചുരുങ്ങിയ ശിക്ഷ. ഇത് 20 വർഷംവരെയാകാം. ഒന്നുമുതൽ രണ്ടു ലക്ഷംവരെ പിഴയുമുണ്ടാകും.
വിവിധ മയക്കുമരുന്നുകൾ: എൽഎസ്‌ഡി, ഫെന്റനൈൽ, എംഡിഎംഎ, ഹാഷിഷ്, ഒപ്പിയം, ഹെറോയിൻ, മോർഫിൻ, പെത്തഡിൻ, ആംഫിറ്റാമിൻ, ബുപ്രിനോർഫിൻ, കെറ്റമിൻ.
മയക്കുമരുന്ന് വിവരങ്ങള്‍ പൊല്‍ ആപ്പിൽ കൈമാറാം
മയക്കുമരുന്നിന്റെ ഉപയോഗവും കടത്തും ഉൾപ്പെടെ കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പൊൽ ആപ്പിൽ നൽകാം. വിവരങ്ങൾ നൽകുന്നയാളുടെ വ്യക്തിഗത വിവരങ്ങൾ രഹസ്യമായിരിക്കും. ആപ്പിൽ ലഭ്യമാകില്ല. പൊൽ ആപ്പിലെ സർവീസസ് വിഭാഗത്തിൽ മോർ സർവീസസ് ലിങ്ക് ക്ലിക്ക് ചെയ്‌ത് റിപ്പോർട്ട് ടു അസ് വിഭാഗത്തിൽ വിവരങ്ങൾ പങ്കുവയ്ക്കാനുള്ള ലിങ്കിൽ പ്രവേശിക്കാം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് പ്രവേശിക്കുന്ന പേജിൽ കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ നൽകാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..