25 April Thursday

മാധ്യമങ്ങളെ നിശ്ശബ്ദമാക്കുന്ന കാലം-കാരവൻ മുൻ എക്സിക്യൂട്ടീവ് എഡിറ്റർ ഡോ. വിനോദ് കെ ജോസുമായി അഭിമുഖം

ഡോ. വിനോദ് കെ ജോസ് / വി ജെ വർഗീസ്‌Updated: Wednesday May 17, 2023

ഡോ. വിനോദ് കെ ജോസ്- ഫോട്ടോ: എം എ ശിവപ്രസാദ്‌

ഗുജറാത്ത്‌ വംശഹത്യയിൽ നരേന്ദ്രമോദിക്കെതിരെയുള്ള അനേകം തെളിവുകളിൽ അവസാനത്തേതാണ് ബിബിസി ഡോക്യുമെന്ററി. നിഷ്പക്ഷമായ ചിന്തയും എഴുത്തും തെളിവുകൾ പുറത്തുവിടുന്നതുമെല്ലാം തടയുക എന്നതാണ് ഇത്തരം നിരോധനങ്ങൾക്ക്‌ പിന്നിൽ. നരേന്ദ്രമോദി അദ്ദേഹത്തിന്റെ യഥാർഥ സ്വഭാവം കാണിച്ചു. ഏതുവിധേനയും മാധ്യമങ്ങളെ കൈപ്പിടിയിലാക്കാനും നിശ്ശബ്ദമാക്കാനുമാണ് ശ്രമം. അതിന് ഇഡിയെയും സിബിഐയെയും ആദായനികുതിവകുപ്പിനെയുമെല്ലാം ഉപയോഗിക്കുന്നു. ബിബിസി ഓഫീസിലെ റെയ്ഡും ഇതിന്റെ ഭാഗമാണ്. 

ഇന്ത്യൻ മാധ്യമചരിത്രത്തിൽ വേറിട്ടവഴിയിലൂടെ സഞ്ചരിച്ച ജേണലിസ്റ്റാണ് കാരവൻ മുൻ എക്സിക്യൂട്ടീവ് എഡിറ്റർ ഡോ. വിനോദ് കെ ജോസ്. 21 ാം വയസ്സിൽ വയനാടൻ ചുരമിറങ്ങി ഡൽഹിയിലെത്തി രാജ്യത്തെ നടുക്കിയ ഒട്ടേറെ സംഭവങ്ങൾ വെളിച്ചത്തുകൊണ്ടുവന്നു. രാജ്യതലസ്ഥാനത്തുനിന്ന് മലയാളത്തിൽ പ്രസിദ്ധീകരിച്ച ‘ഫ്രീ പ്രസ്’ എന്ന മാഗസിന്റെ എഡിറ്റർ ഇൻ ചീഫും സ്ഥാപകനുമാണ്. ‘റേഡിയോ പെസഫിക്ക’ എന്ന അമേരിക്കൻ റേഡിയോയുടെ സൗത്ത് ഏഷ്യൻ ബ്യൂറോ ചീഫായി. ഒന്നരപതിറ്റാണ്ട് കാരവൻ മാഗസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായി.

ഡോ. വിനോദ് കെ ജോസ്

ഡോ. വിനോദ് കെ ജോസ്

കോമൺവെൽത്ത് അഴിമതി, ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം, ഇന്ത്യൻ ജുഡീഷ്യറിയുടെ കാണാപ്പുറങ്ങൾ, വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, പാർലമെന്റ് ആക്രമണ കേസ്, ന്യൂനപക്ഷ–ദളിത് വേട്ടകൾ... വിനോദിന്റെ നേതൃത്വത്തിൽ പുറത്തെത്തിച്ച സംഭവങ്ങൾ ഒട്ടേറെ. എല്ലാം നിർഭയ പത്രപ്രവർത്തനത്തിന്റെ മാതൃകകൾ. ഭീഷണികളും രാജ്യദ്രോഹ കേസുകളുമുണ്ടായി. കാൽനൂറ്റാണ്ടിന്റെ പത്രപ്രവർത്തനത്തിന്‌ താൽക്കാലിക വിരാമമിട്ട്‌ കാരവനിൽനിന്ന് രാജിവച്ച്  ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചരിത്ര രചനയിലാണിപ്പോൾ.

കേരളത്തിൽനിന്ന്‌ ഡൽഹിയിലെത്തി ചരിത്രം രചിച്ച പത്രാധിപർമാരായിരുന്ന പോത്തൻ ജോസഫ്‌, ബി ജി വർഗീസ്‌, എടത്തട്ട്‌ നാരായണൻ എന്നിവരോടൊപ്പം ചേർത്തുവയ്ക്കാവുന്ന പേരാണ്‌ വിനോദിന്റേതും. രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ കടന്നുപോകുമ്പോഴുള്ള മാധ്യമപ്രവർത്തനം, ഹിന്ദുത്വശക്തികളുടെ രാഷ്ട്രീയം, പത്രപ്രവർത്തക ജീവിതത്തിലെ അനുഭവങ്ങൾ... എന്നിവയെല്ലാം ദേശാഭിമാനിയുമായി പങ്കുവയ്ക്കുന്നു

? കാൽനൂറ്റാണ്ടിന്റെ ന്യൂസ്‌ റൂം ജീവിതത്തെ എങ്ങനെ കാണുന്നു

=  ആദ്യ ബൈലൈൻ വന്നിട്ട്‌ 25 വർഷമായി. 22ാമത്തെ വയസ്സിലാണ്‌ പത്രപ്രവർത്തനത്തിനായി ഡൽഹിയിലേക്ക്‌ പോകുന്നത്‌. ഇന്ത്യൻ എക്‌സ്‌പ്രസിന്റെ സിറ്റി റിപ്പോർട്ടറായിട്ടായിരുന്നു. ഈ സമയത്തായിരുന്നു പാർലമെന്റ്‌ ആക്രമണം.  ഇതിന്‌ ദൃക്‌സാക്ഷിയായ പത്രപ്രവർത്തകരിൽ ഒരാളാണ്‌. പിന്നീട്‌ പാർലമെന്റ്‌ ആക്രമണ കേസ്‌ കൂടുതൽ സമയമെടുത്ത്‌ ഫോളോ ചെയ്യാനായി. പാർലമെന്റ്‌ ആക്രമണ കേസാണ്‌ ഡൽഹിയിൽ ആദ്യം ചെയ്‌ത പ്രധാന വാർത്ത. പ്രൊഫ. എസ്‌ ആർ ഗീലാനിക്കെതിരെയുള്ള തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന്‌ വ്യക്തമാകുകയും വാർത്തകൾ ചെയ്യുകയും ചെയ്‌തു.

 അമേരിക്കൻ റേഡിയോയുടെ സൗത്ത്‌ ഏഷ്യൻ പ്രതിനിധിയായി ജോലിചെയ്യുമ്പോൾ ഇന്ത്യ മുഴുവൻ സഞ്ചരിച്ച്‌ വാർത്തകൾ ശേഖരിച്ചു. ശ്രീലങ്ക, നേപ്പാൾ, തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വാർത്തകളും അമേരിക്കൻ ശ്രോതാക്കളിലെത്തിച്ചു.

റേഡിയോ പെസഫിക്കയിലെ ജോലിക്കൊപ്പമാണ്‌ ഡൽഹിയിൽനിന്ന്‌ മലയാളത്തിൽ ‘ഫ്രീ പ്രസ്‌’  മാഗസിൻ ആരംഭിക്കുന്നത്‌. രാജ്യത്തെ പ്രധാന വാർത്തകൾപോലും മലയാള മാധ്യമങ്ങളിൽ

പാർലമെന്റ്‌ ആക്രമണ ദൃശ്യം

പാർലമെന്റ്‌ ആക്രമണ ദൃശ്യം

വരുന്നില്ലെന്ന തിരിച്ചറിവിൽനിന്നാണ്‌ ഇതിന്‌ തുടക്കമിട്ടത്‌. അന്വേഷണാത്മക പത്രപ്രവർത്തനത്തിന്‌ പ്രാധാന്യം നൽകിയുള്ള പ്രസിദ്ധീകരണമായിരുന്നു.  റിലയൻസിന്റെ കള്ളപ്പണം, ഡൽഹി പൊലീസിന്റെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, മണിപ്പൂരിൽ സൈന്യത്തിന്‌ പ്രത്യേക അധികാരം നൽകുന്ന ആംഡ്‌ ഫോഴ്‌സ്‌ സ്‌പെഷ്യൽ പവേഴ്‌സ്‌ ആക്ടിനെതിരെ (അഫ്‌സ്‌പ)  നഗ്നരായി അവിടുത്തെ സ്‌ത്രീകളുടെ സമരം, സുപ്രീംകോടതി വെറുതെവിട്ട ഗീലാനിയെ വെടിവച്ചുകൊല്ലാനുള്ള ശ്രമം എന്നിവയെല്ലാം ഫ്രീ പ്രസിന്റെ കവർ സ്‌റ്റോറികളായി.

അമേരിക്കയിലെ കൊളംബിയ സ്‌കൂൾ ഓഫ്‌ ജേർണലിസത്തിൽ  രണ്ടാം മാസ്‌റ്റേഴ്‌സ്‌ ഡിഗ്രി പഠനത്തിനുശേഷം  2009ൽ ആണ്‌ കാരവൻ എഡിറ്ററാകുന്നത്‌. പിന്നീടുള്ളതെല്ലാം കാരവന്റെ ചരിത്രം കൂടിയാണ്‌.

? ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് വെളിവാക്കുന്ന ബിബിസി ഡോക്യുമെന്ററി രാജ്യത്ത് നിരോധിച്ച പശ്ചാത്തലത്തിൽ ഇന്ത്യയിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം എത്രത്തോളം സാധ്യമാണ്‌  

 = ഗുജറാത്ത്‌ വംശഹത്യയിൽ നരേന്ദ്രമോദിക്കെതിരെയുള്ള അനേകം തെളിവുകളിൽ അവസാനത്തേതാണ് ബിബിസി ഡോക്യുമെന്ററി. നിഷ്പക്ഷമായ ചിന്തയും എഴുത്തും തെളിവുകൾ പുറത്തുവിടുന്നതുമെല്ലാം തടയുക എന്നതാണ് ഇത്തരം നിരോധനങ്ങൾക്ക് പിന്നിൽ. നരേന്ദ്രമോദി അദ്ദേഹത്തിന്റെ യഥാർഥ സ്വഭാവം കാണിച്ചു.

നരേന്ദ്രമോദി

നരേന്ദ്രമോദി

ഏതുവിധേനയും മാധ്യമങ്ങളെ കൈപ്പിടിയിലാക്കാനും നിശ്ശബ്ദമാക്കാനുമാണ് ശ്രമം. അതിന് ഇഡിയെയും സിബിഐയെയും ആദായനികുതിവകുപ്പിനെയുമെല്ലാം ഉപയോഗിക്കുന്നു. ബിബിസി ഓഫീസിലെ റെയ്ഡും ഇതിന്റെ ഭാഗമാണ്. പകവീട്ടുകയാണ്. മാധ്യമസ്ഥാപനങ്ങളെയും ജേണലിസ്‌റ്റുകളെയും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ ഭയപ്പെടുത്തുകയാണ്‌.  എന്നാൽ അദാനിയുടെ പോർട്ടിൽനിന്ന് 20,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചിട്ട് ഒരു സിബിഐയും ഇഡിയും അവിടെ കയറുന്നത് കണ്ടില്ല.

? പ്രസാർഭാരതിയുടെ വാർത്താ സ്രോതസ്സായി ആർഎസ്‌എസിന്റെ വാർത്താ ഏജൻസിയായ ഹിന്ദുസ്ഥാൻ സമാചാറിനെ നിയമിച്ചത്‌ അപകടകരമല്ലേ

= ദൂരദർശനും ആകാശവാണിയും ഉൾക്കൊള്ളുന്ന പ്രസാർഭാരതിയുടെ  വാർത്താ സ്രോതസ്സായി സംഘപരിവാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ സമാചാറിനെ നിയമിച്ചത്‌ ഞെട്ടലുളവാക്കുന്നതാണ്‌.
വാർത്താമാധ്യമങ്ങളെ കോർപറേറ്റുകളിലൂടെ കൈയടക്കുന്നതിനൊപ്പം സംഘപരിവാറിന്റെ ചൊ ൽപ്പിടിയിൽ നിർത്താനുമുള്ള നീക്കമാണിത്‌. വിയോജിപ്പിന്റെ ഒരു സ്വരവും പുറത്തുവരരുത് എന്ന ഫാസിസ്റ്റ് രീതി.

രാജ്യത്തെ ഏറ്റവും പ്രചാരമുള്ള വാർത്താ ഏജൻസിയായ പ്രസ്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യയെ ഒഴിവാക്കിയാണ്‌ (പിടിഐ) ഹിന്ദുസ്ഥാൻ സമാചാറുമായി കരാറിലേർപ്പെട്ടത്‌. പിടിഐയെ സാമ്പത്തികമായി തളർത്തുകയും ലക്ഷ്യമാണ്‌. ഇത്തരം നീക്കങ്ങളെ  ശക്തമായി നിലക്കൊണ്ട്‌  തോൽപ്പിക്കുകയാണ്‌ വേണ്ടത്‌. ഇതിന്‌ പിടിഐ തയ്യാറാകുമോയെന്നതാണ്‌ കാണേണ്ടത്‌.
ചോദ്യം: മാധ്യമ മേഖലയിലെ അപചയങ്ങളെ എങ്ങനെ കാണുന്നു ?

മാധ്യമ പ്രവർത്തനത്തിന് വലിയ തകരാർ നേരിട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ ഇപ്പോഴത്തെ മോഡലിന്‌ ആഘാതം സംഭവിച്ചു. പത്രപ്രവർത്തനം വേറൊരുരീതിയിൽ തുടരും. ഒരു പബ്ലിഷിങ് ഹൗസ്, അല്ലെങ്കിൽ കുടുംബം, കോർപറേറ്റുകൾ എന്നിവരെല്ലാം നടത്തുന്ന വ്യവസായമാണ് മാധ്യമ സ്ഥാപനങ്ങൾ. വസ്തുതകളേക്കാൾ ഇവരുടെ താൽപ്പര്യങ്ങൾക്ക്‌ മേൽക്കൈവന്നതാണ് അപചയത്തിന് കാരണം.

ഇതുവരെയുള്ള തെളിവുകൾ പ്രകാരം ഈ മോഡലിനാണ് തകരാർ. സ്വതന്ത്ര മാധ്യമങ്ങളെ എങ്ങനെ ഞെരുക്കാമെന്നാണ് കേന്ദ്രം നോക്കുന്നത്. പരസ്യം നിഷേധിച്ചും അവരുടെ പരിപാടികൾ ബഹിഷ്കരിച്ചുമെല്ലാമാണ്  ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നത്‌.  ഇപ്പോൾ അന്വേഷണ ഏജൻസികളിലൂടെ ഭയപ്പെടുത്തി നാവരിയാനാണ് നീക്കം.

നിലവിലെ മോഡലിൽനിന്ന് മാറി ജനങ്ങളെ കേന്ദ്രീകരിച്ച് പത്രപ്രവർത്തനം തുടരാനാകും. ഒരു മുതലാളിയുടെ അല്ലെങ്കിൽ കോർപറേറ്റ് സ്ഥാപനത്തിന്റെ കൈയിലല്ലാത്ത മാധ്യമങ്ങൾക്ക് ഭാവിയുണ്ട്. സമൂഹത്തിൽ നിർണായക റോൾ ചെലുത്താനാവും.  ‘ദേശാഭിമാനി’ ഉൾപ്പെടെയുള്ള പത്രങ്ങൾക്ക് ഈ പ്രൊഫഷണൽ സ്പെയിസിലേക്ക് ഇനിയും കൂടുതൽ വളരാനാകും.

? കേരളത്തിലെ മാധ്യമങ്ങളെയും മാധ്യമപ്രവർത്തനത്തെയും എങ്ങനെ വിലയിരുത്തുന്നു

= വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേതുപോലെ മാധ്യമരംഗത്ത് കേരളം താഴേക്ക് പോയിട്ടില്ല. ഇവിടെ ഇപ്പോഴും സ്വതന്ത്രമായി മാധ്യമപ്രവർത്തനം നടത്താം. സർക്കാരിനെ വിമർശിക്കാനും തെറ്റുകൾ പുറത്തുകൊണ്ടുവരാനുമെല്ലാം കഴിയും. കേരളത്തിലെ മാധ്യമങ്ങളിൽ വിമർശനാത്മകമായ റിപ്പോർട്ടുകൾ ധാരാളമുണ്ട്. എന്നാൽ ഇവിടുത്തെ മാധ്യമങ്ങൾ ദേശീയ വിഷയങ്ങൾ ഒട്ടും കൈകാര്യം ചെയ്യുന്നില്ല.

കേരളത്തിലെ ജനപ്രതിനിധികളും നേതാക്കളും ഡൽഹിയിൽ പോകുന്നതും വരുന്നതുമാണ് ഇവിടുത്തെ ദേശീയ വാർത്തകൾ. ഭരണഘടനാ സ്ഥാപനങ്ങളെയും  കോടതികളെയുമെല്ലാം രാഷ്‌ട്രീയവൽക്കരിക്കുന്നതൊന്നും മലയാള മാധ്യമങ്ങൾ കാണുകയോ, ഇടപെടുകയോ ചെയ്യുന്നില്ല. കേരളത്തിന്റെ ആവശ്യങ്ങൾക്കായി ശബ്ദിക്കാറില്ല.

സംസ്ഥാനത്തിന് അർഹമായത് കിട്ടുന്നുണ്ടോയെന്ന ചോദ്യമാണ് യഥാർഥത്തിൽ ചോദിക്കേണ്ടത്. ഇത്തരം ഇടപെടലുകൾ ഇല്ലാതെ പോകുന്നത് മാധ്യമങ്ങളിൽ രാഷ്ട്രീയം കടന്നുവരുന്നതുകൊണ്ടാണെന്ന് ഭയപ്പെടുന്നു. കേരളം വേറൊരു രാജ്യമല്ല. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാഗമാണ്. കേരളത്തിന്റെ അവകാശങ്ങൾക്കായി മാധ്യമങ്ങളുടെ ശബ്ദമുയരണം. ഇത്തരം വിവേചനങ്ങൾ കേരളത്തിന്റെ മാത്രം പ്രശ്നമല്ല. മറ്റുപല സംസ്ഥാനങ്ങളും നേരിടുന്നുണ്ട്.

ഫെഡറൽ പ്രശ്നങ്ങൾ ആഴത്തിൽ പഠിക്കുകയും മനസ്സിലാക്കുകയും ജനങ്ങളിൽ എത്തിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം മാധ്യമങ്ങൾക്കാണ്.  അത് നിർവഹിക്കപ്പെടുന്നില്ലായെന്നാണ് തോന്നുന്നത്.

മലയാള മാധ്യമങ്ങൾക്ക് ദേശീയതലത്തിൽ ഇടപെടാൻ കഴിയുന്ന ഒരുപാട് മേഖലകൾ ഉണ്ട്. വായനക്കാർക്ക് താൽപ്പര്യവുമുണ്ട്. കേരളത്തിനുപുറത്ത് എന്ത് നടക്കുന്നുവെന്നറിയാൻ ചരിത്രപരമായ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുള്ളവരാണ് മലയാളികൾ. വിവിധ രാജ്യങ്ങിലെ രാഷ്ട്രീയം, സംസ്കാരം, വാണിജ്യം എന്നിവയെല്ലാം അറിയാൻ ശ്രമിക്കുന്നവരാണ് കേരളീയർ.

? വസ്‌തുതയും വാർത്തയും തമ്മിൽ വലിയ അന്തരമില്ലേ ഇപ്പോൾ.

= കാരവനിൽ എപ്പോഴും സ്വീകരിച്ചിരുന്നത്‌ വാർത്തകൾ തെറ്റരുതെന്ന നിലപാടാണ്‌. ഏറ്റവും ശരിയായത്‌ എന്താണോ അത്‌ നൽകുക. ഇതിനായി പരമാവധി ശ്രമിക്കുക. എഴുപത്‌–എൺപതുകൾവരെ ഇന്ത്യൻ മാധ്യമങ്ങളിലും ഫാക്ട്‌ ചെക്കേഴ്‌സ്‌ ഉണ്ടായിരുന്നു. കംപ്യൂട്ടർ വന്നതോടെ ഫാക്ട്‌ ചെക്കേഴ്‌സിനെ ഒഴിവാക്കി.

അമേരിക്കയിലും മറ്റും ന്യൂസ്‌ റൂമിൽ ഫാക്ട്‌ ചെക്കേഴ്‌സിനാണ്‌ പ്രാധാന്യം. ഏത്‌ എഡിറ്ററും ഫാക്ട്‌ ചെക്കേഴ്‌സിനെ അനുസരിക്കണം. ഇന്ത്യൻ മാധ്യമങ്ങളിൽ ഈ വിഭാഗം ഇല്ലാതായതോടെ വാർത്തകൾ സാങ്കൽപ്പിക സൃഷ്‌ടികൾപോലെയായി.

? ദീർഘകാലം ഡൽഹിയിൽ പ്രവർത്തിച്ചതിന്റെ അനുഭവത്തിൽ 2024ലെ പാർലമെന്റ്‌ തെരഞ്ഞെടുപ്പുഫലം എന്താകുമെന്നാണ്‌ കരുതുന്നത്‌  

=പത്രപ്രവർത്തകൻ (ആസ്‌ട്രോളജർ) ജ്യോതിഷിയാകുന്നത്‌ ശരിയല്ല. രാജ്യത്ത്‌ ഹിന്ദുത്വ തരംഗം സൃഷടിക്കുന്നതിനുള്ള വലിയ ശ്രമങ്ങളാണ്‌ നടത്തുന്നത്‌. 37 ശതമാനം വോട്ടാണ്‌ കഴിഞ്ഞ തവണ ബിജെപിക്ക്‌ ലഭിച്ചത്‌. 63 ശതമാനവും വിഘടിച്ചു. ഇതിന്റെ ഏകീകരണം എത്രത്തോളം സാധ്യമാകുമെന്നതാണ്‌ പ്രധാനം. 40 ശതമാനത്തെയെങ്കിലും യോജിപ്പിക്കാനായാൽ  ഭരണമാറ്റമുണ്ടാകും. രാജ്യത്തെ വ്യക്ത്യധിഷ്ഠിത പാർടികൾക്കും ചെറുപാർടികൾക്കും അവരുടെ ബിസിനസ്‌ താൽപ്പര്യങ്ങളാണ്‌ പ്രധാനം.

തങ്ങളിൽനിന്ന്‌ വിട്ടുപോയ വിഭാഗങ്ങളുടെ വോട്ടുകൾ തിരിച്ചുപിടുക്കുന്നതിന്‌ അനുസരിച്ചായിരിക്കും കോൺഗ്രസിന്റെ ഭാവി. ഒബിസി (50 ശതമാനം വോട്ട്‌), ദളിത്‌ വിഭാഗം (15 ശതമാനം), മുസ്ലിം (14 ശതമാനം) വിഭാഗങ്ങളെ തിരികെയെത്തിക്കാതെ കോൺഗ്രസിന്‌ രക്ഷപ്പെടാനാവില്ല. ബിഎസ്‌പി, ബാംസസെഫ്‌ (ബിഎഎംസിഇഎഫ്‌) സംഘടനകളുടെ വളർച്ച ദളിത്‌ വോട്ടുകളെയും ബാബറി മസ്‌ജിദ്‌ പൊളിച്ചതിലുള്ള കോൺഗ്രസിന്റെ നിലപാടുകൾ മുസ്ലിം വോട്ടുകളെയും നന്നായി ബാധിച്ചു.

സിംഹഭാഗം വരുന്ന ഈ വോട്ട്‌ ബാങ്കുകൾ തിരികെ കൊണ്ടുവരാനുള്ള ആത്മാർഥമായ ശ്രമങ്ങൾ നടക്കാത്തിടത്തോളം കാലം രാഹുൽഗാന്ധിയുടെ ഭാരത്‌ ജോഡോ യാത്രപോലുള്ള പരിപാടികൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ ബ്രാൻഡിങ്ങിനുമാത്രമേ സഹായകരമാകൂ. ഈ വിഭാഗങ്ങളെ പാർടിയിലേക്ക്‌ എത്തിക്കാതെ  വടക്കേ ഇന്ത്യയിൽ കോൺഗ്രസിന്‌ വോട്ടിങ് ശതമാനം വർധിപ്പിക്കാനാകില്ല.

ആം ആദ്‌മിപോലുള്ള പാർടി വളരെ ഡെയ്‌ഞ്ചറസാണ്‌. അതിന്റെ ആശയങ്ങൾ എന്തെന്നോ, കമിറ്റ്‌മെന്റ്‌ ആരോടാണെന്നോ അറിയില്ല. ഗുജറാത്ത്‌ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനായി ഇന്ത്യയിലെ നോട്ടിൽ സരസ്വതിയുടെ ചിത്രം വേണമെന്ന്‌ അവർ ആവശ്യപ്പെട്ടു. ആർഎസ്‌എസുപോലും ഉന്നയിക്കാത്ത ആവശ്യമാണിത്‌. ജനാധിപത്യ സ്വഭാവം ഈ പാർടിക്കില്ല. നേതൃത്വത്തിൽ വരേണ്ട പലരെയും പുറത്താക്കി. കുറച്ചുകാര്യങ്ങൾ മാത്രം ചെയ്യുകയും അത്‌ പർവതീകരിച്ച്‌ സമൂഹമാധ്യമങ്ങൾവഴിയും മറ്റും അവതരിപ്പിക്കുകയാണ്‌.

വടക്കേ ഇന്ത്യയിലെ വോട്ടർമാർ വൈകാരികമായ സംഭവങ്ങളിൽ മനസ്സ്‌ മാറ്റുന്നവരാണ്‌. കഴിഞ്ഞതവണയുണ്ടായ പുൽവാമപോലെയുള്ള സംഭവങ്ങൾ വോട്ടർമാരെ സ്വാധീനിക്കുകയും ബിജെപി അത്‌ നേട്ടമാക്കുകയും ചെത്‌തു. തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി രാജ്യത്തെ ബിജെപി ഇതര നേതാക്കളെല്ലാം അഴിമതിക്കാരും കൊള്ളരുതാത്തവരുമാണെന്ന പ്രതീതി സൃഷ്‌ടിക്കാനാണ്‌ ശ്രമം. ഇതിന്റെ ഭാഗമായാണ്‌ വിവിധ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ പ്രതിപക്ഷ പാർടി നേതാക്കളെ വേട്ടയാടുന്നത്‌.

?  ഹിന്ദുത്വ രാഷ്‌ട്രത്തിനായുള്ള ആർഎസ്‌എസ്‌ നീക്കങ്ങളെ എങ്ങനെ കാണുന്നു.

= എല്ലാത്തിലും ഏകീകരണം ഉണ്ടാക്കാനാണ്‌ ആർഎസ്‌എസ്‌–ബിജെപി ശ്രമം. ഏക സിവിൽ കോഡാകും ഇനി കൊണ്ടുവരിക. പൗരത്വനിയമ ഭേദഗതി, വ്യത്യസ്‌ത വിഭാഗങ്ങൾക്ക്‌ ഭരണഘടന നൽകുന്ന അവകാശങ്ങൾ എടുത്തുകളയൽ തുടങ്ങിയവ നടപ്പാക്കിയശേഷമാകും ഹിന്ദുരാഷ്‌ട്ര പ്രഖ്യാപനം. ഒന്നുരണ്ട്‌ ദശാബ്ദങ്ങൾ ഇതിന്‌ എടുത്തെന്ന്‌ വരാം. ഒരേ ഭക്ഷണം, ഒരേ രുചി, ഒരേ വസ്‌ത്രം എന്നിങ്ങനെയുള്ള സംസാരങ്ങൾ ഇതിന്റെ ഭാഗമാണ്‌.

?  ജസ്‌റ്റിസ്‌ ലോയയുടെ മരണവുമായി ബന്ധപ്പെട്ട്‌ കാരവൻ നിരവധി സ്റ്റോറികൾ ചെയ്‌തല്ലോ, എന്തായിരുന്നു ഈ വാർത്തകൾ ചെയ്‌തപ്പോഴുള്ള അനുഭവം.

 = വളരെ സംശയാസ്‌പദമായ സാഹചര്യത്തിലാണ്‌ ജസ്‌റ്റിസ്‌ ലോയയുടെ മരണം.

ജസ്റ്റിസ് ലോയ

ജസ്റ്റിസ് ലോയ

ബിജെപി അധ്യക്ഷൻ അമിത്‌ ഷാ പ്രതിയായിരുന്ന സൊഹറാബുദ്ദീൻ ഷെയ്‌ഖ്‌ വ്യാജ ഏറ്റുമുട്ടൽ കേസ്‌ പരിഗണിച്ചിരുന്ന ജസ്‌റ്റിസായിരുന്നു ബി എച്ച്‌ ലോയ. അമിത്‌ ഷായെ വെറുതെ വിടാൻ നൂറുകോടി രൂപയോളം വാഗ്‌ദാനം ചെയ്‌തെന്നും ഇത്‌ ലോയ നിരസിച്ചെന്നും ആരോപണങ്ങൾ ഉയർന്ന കാലത്താണ്‌ അദ്ദേഹം  ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്‌. ഇതിൽ കുടുംബത്തിന്റെ അഭിപ്രായം ഉൾപ്പെടെ കാരവൻ പുറത്തുകൊണ്ടുവന്നതോടെ വിവാദങ്ങളായി. പിന്നീട്‌ മുപ്പതോളം ഫോളോ അപ്‌ സ്‌റ്റോറികളാണ്‌ ലോയയെക്കുറിച്ച്‌ കാരവൻ ചെയ്‌തത്‌.

ഇത്‌ ഇന്ത്യൻ ജേണലിസത്തിൽ അത്യപൂർവമാണ്‌. ഇതിനുമുമ്പ്‌ 1980കളിൽ ഇന്ത്യൻ എക്‌സ്‌പ്രസ്‌ റിലയൻസിനെ കുറിച്ച്‌ ചെയ്‌തതായിരുന്നു ഈ നിലയിലുള്ള അന്വേഷണം. അന്ന്‌ 20 സ്‌റ്റോറികളാണ്‌ അവർ ചെയ്‌തത്‌.  എന്നാൽ ലോയയെക്കുറിച്ചുള്ള സ്‌റ്റോറികൾ തെറ്റാണെന്ന്‌ വരുത്താൻ പലമാധ്യമങ്ങളും ശ്രമിച്ചു. വസ്‌തുതാപരമായ സ്‌റ്റോറികൾ ചെയ്യാൻ ഇവർ തയ്യാറായില്ല.

കാരവൻ കൂടുതൽ അന്വേഷണങ്ങൾ നടത്തി തെളിവുകൾ നിരത്തി വിവരങ്ങൾ പുറത്തുകൊണ്ടുവന്നു. സുപ്രീംകോടതിയിലെ നാല്‌ സിറ്റിങ് ജഡ്‌ജിമാർ പത്രസമ്മേളനം നടത്തി എക്‌സിക്യൂട്ടിവിൽനിന്ന്‌ സമ്മർദം

അമിത്‌ ഷാ

അമിത്‌ ഷാ

ഉണ്ടാകുന്നുവെന്ന്‌ തുറന്ന്‌ പറയുന്നതിലേക്കുവരെ കാര്യങ്ങളെത്തി. ജൂഡിഷ്യറിയുടെ അപചയങ്ങളെക്കുറിച്ച്‌ കാരവൻ പുറത്തുവിട്ട വാർത്തകൾ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസായിരുന്ന ദീപക്‌ മിശ്രക്കെതിരെ സംയുക്ത പ്രതിപക്ഷ പാർടികളുടെ ഇംപീച്ച്‌മെന്റ്‌ നടപടികൾ ആരംഭിക്കുന്നതിനുവരെ കാരണമായി.

രഞ്ജൻ ഗൊഗോയ്‌ ചീഫ്‌ ജസ്‌റ്റിസായിരുന്ന സമയത്താണ്‌ അദ്ദേഹത്തിനെതിരെയുള്ള മീടു ബ്രേക്ക്‌ ചെയുന്നത്‌. ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നുപറഞ്ഞ്‌  കോടതി കൂടാത്ത ദിവസമായിരുന്നിട്ടും അന്നുതന്നെ, ഗൊഗോയ്‌ വന്ന്‌ കോടതി കൂടുകയും സ്വന്തം കേസിലെ വിധിയാളായി തീരുമാനങ്ങളെടുക്കുന്ന സ്ഥിതിയുമുണ്ടായി. ജുഡീഷ്യറിയുടെ പോക്ക്‌ വളരെ ദൂരെയിരുന്ന്‌ കണ്ടതല്ല. മുൻനിരയിൽ ഇരുന്നുകണ്ടതാണ്‌. നമ്മൾ വിചാരിക്കുന്നതിന്റെ അപ്പുറത്താണ്‌ ജുഡീഷ്യറിയിലെ പല കോംപ്രമൈസുകളുമെന്ന്‌ അനുഭവത്തിലൂടെ മനസ്സിലായതാണ്‌. അയോധ്യപോലെയുള്ള വിധികൾ സാധാരണ മനുഷ്യരുടെ സാമാന്യബുദ്ധിക്ക്‌ നിരക്കാത്തതാണെന്ന്‌ നിസ്സംശയം പറയാം.

രഞ്ജൻ ഗൊഗോയ്‌

രഞ്ജൻ ഗൊഗോയ്‌

?  സത്യങ്ങൾ പുറത്തുകൊണ്ടുവന്നപ്പോൾ വേട്ടയാടലുകളുണ്ടായോ.  

 = കോർപറേറ്റ്‌ കമ്പനികളും സർക്കാരും ഭീഷണിപ്പെടുത്തുകയും കേസുകൾ എടുക്കുകയും ചെയ്‌തു. അഞ്ച്‌ സംസ്ഥാനങ്ങളിലായി 10 രാജ്യദ്രോഹ കേസുകളാണുള്ളത്‌. ഉത്തർപ്രദേശ്‌, ഡൽഹി, ഹരിയാന, കർണാടക, മധ്യപ്രദേശ്‌ സംസ്ഥാനങ്ങളിലായാണ്‌ കേസുകൾ. കർഷക സമരവുമായി ബന്ധപ്പെട്ട വാർത്തകൾ ചെയ്‌തതിനുൾപ്പെടെയാണ്‌ കേസുകൾ. അതിനുമുമ്പുതന്നെ റിലയൻസ്‌, എസ്സാർ തുടങ്ങിയ കമ്പനികൾ  ലീഗൽ നോട്ടീസ്‌ മുതൽ മാനനഷ്ടകേസുകൾവരെ നൽകിയിട്ടുണ്ട്‌. താമസിച്ചിരുന്ന ഫ്ലാറ്റിന്‌ ഒരുതവണ തീയിട്ടു. കോർപറേറ്റുകൾക്കെതിരെയും വ്യാജ ഏറ്റുമുട്ടൽ, കൊലപാതകങ്ങൾ, ന്യൂനപക്ഷ,  ദളിത്‌,  ആദിവാസി വേട്ടകൾ എന്നിവയ്‌ക്കെതിരെയെല്ലാം വാർത്തകൾ  ചെയ്യുന്ന കാലത്തായിരുന്നു തീവയ്‌പ്‌.

?മാധ്യമപ്രവർത്തനത്തിൽനിന്ന്‌ അവധിയെടുത്ത്‌ എന്തുചെയ്യുന്നു.

= ഒരു പുസ്‌തകം എഴുതുന്നതിന്റെ പണിപ്പുരയിലാണ്‌. പ്രധാനപ്പെട്ട ഒരു പുസ്‌തകമാണ്‌. ഇന്ത്യൻ പൊളിറ്റിക്കൽ ഹിസ്‌റ്ററി എന്ന നിലയിൽ കുറേ വർഷത്തെ ചരിത്രം പറഞ്ഞുപോകുന്ന പുസ്‌തകമാണ്‌.  25 വർഷത്തോളം ഡൽഹിയിൽ ചെയ്‌തത്‌ പല സംഭവങ്ങളിലും പ്രധാന റോൾ വഹിച്ചിരുന്ന ആളുകളെ ഇന്റർവ്യൂ ചെയ്യുകയായിരുന്നു.

രാഷ്‌ട്രീയക്കാർ,    ഉദ്യോഗസ്ഥർ  ഉൾപ്പെടെ. ചിലർ  മരിച്ചുപോയി.  ഇവരിൽ പലരും എന്നോട്‌ മാത്രമേ സംസാരിച്ചിട്ടുള്ളൂ.  ഈ അഭിമുഖങ്ങളുടെയെല്ലാം മെറ്റീരിയൽസ്‌ കൈയിലുണ്ട്‌. ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക നിമിഷങ്ങളിൽ പങ്കുവച്ചിട്ടുള്ളവരാണ്‌. അത്‌ രേഖപ്പെടുത്തുന്ന ഒരു പുസ്‌തകം എന്നനിലയിലാണ്‌ എഴുത്ത്‌. ദൈനംദിന ജോലിയിൽനിന്നുകൊണ്ട്‌ അത്‌ കഴിയില്ല. ന്യൂസ്‌ റൂമിലിരുന്ന്‌ ചെയ്‌തിരുന്ന കാര്യങ്ങൾ ഇനിയും വേണമെങ്കിൽ പത്തോ, ഇരുപതോ വർഷം ചെയ്യാം. അതിൽനിന്ന്‌ വ്യത്യസ്‌തമായി വേറെ ഏത്‌ രീതിയിലാണ്‌ സമൂഹത്തിൽ ഇടപെടൽ നടത്താൻ കഴിയുക എന്നതാണ്‌. അതിന്‌ എഴുത്തിന്റെ രീതി തെരഞ്ഞെടുത്തു. പുസ്‌തകം വിവിധ ഭാഷകളിൽ ഒരേസമയം ട്രാൻസ്‌ലേറ്റ്‌ ചെയ്‌തുവരാം.

? വയനാട്ടിൽ ആദ്യമായി ഒരു ലിറ്ററേച്ചർ ഫെസ്‌റ്റ്‌ (ഡബ്ല്യുഎൽഎഫ്‌) സംഘടിപ്പിക്കാനുള്ള സാഹചര്യം എന്തായിരുന്നു.

= ജയ്‌പൂർ ലിറ്ററേച്ചർ ഫെസ്‌റ്റിന്റെ (ജെഎൽഎഫ്‌) തുടക്കത്തിൽ ആ കൂട്ടായ്‌മയുടെ ഭാഗമായിരുന്നു.  പഠനകാലത്ത്‌ തന്നെ വയനാട്ടിൽ ഒരു സാഹിത്യോത്സവം എന്നത്‌ സ്വപ്‌നം കണ്ടിരുന്നു. സാധാരണ നഗരങ്ങളിലാണ്‌ സാഹിത്യോത്സവം നടക്കാറ്‌. അതിൽനിന്ന്‌ വ്യത്യസ്‌തമായി ഗ്രാമത്തിലെ ലിറ്ററേച്ചർ ഫെസ്‌റ്റായിരുന്നു വയനാട്ടിലെ ദ്വാരകയിൽ ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിച്ചത്‌. പതിനായിരത്തോളംപേർ നേരിട്ടെത്തി. അരലക്ഷത്തോളം ആളുകൾ പ്രാദേശിക ചാനലുകളിലൂടെ പരിപാടികൾ ആസ്വദിച്ചു. ലിറ്ററേച്ചർ ഫെസ്‌റ്റിനൊപ്പം ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച്‌ ഫിലിംഫെസ്‌റ്റിവലും ആർട്‌ എക്‌സിബിഷനും നടത്തി.

അരുന്ധതി റോയ്‌, സച്ചിദാനന്ദൻ, സഞ്ജയ്‌ കാക്‌, സക്കറിയ, സുനിൽ പി ഇളയിടം, കെ ആർ മീര തുടങ്ങിയ നൂറിലധികം എഴുത്തുകാരും ബുദ്ധിജീവികളും മൂന്ന്‌ ദിവസം വയനാട്ടിലെ ഗ്രാമീണരോട്‌ ഇടപഴകുകയും സംവദിക്കുകയും ചെയ്‌തു. പത്രപ്രവർത്തകനെന്നനിലയിൽ ഉണ്ടായ ബന്ധങ്ങൾ സ്വന്തം നാടിനും ഗുണകരമാകണമെന്ന ചിന്തകൂടി ഡബ്ല്യുഎൽഎഫിന്റെ സംഘാടനത്തിലുണ്ടായിരുന്നു. സാഹിത്യോത്സവം രണ്ടുവർഷത്തിൽ ഒരിക്കൽ ബിനാലെ പോലെ തുടരണമെന്നതാണ്‌ ആഗ്രഹം.

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top