20 April Saturday

പോരാട്ടഭൂമികകളെ ത്രസിപ്പിച്ച് 
രാജ്യസഭയിലേക്ക് ‌

വെബ് ഡെസ്‌ക്‌Updated: Friday Apr 16, 2021


തിരുവനന്തപുരം
പോരാട്ടഭൂമികകളെ ത്രസിപ്പിച്ച സമരാനുഭവങ്ങളുടെ ഉൾക്കരുത്തുമായാണ് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി ശിവദാസൻ രാജ്യസഭയിലേക്ക് എത്തുന്നത്. പാല ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായി വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായ ശിവദാസൻ സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റുവരെയായി. രാജ്യശ്രദ്ധ നേടിയ നിരവധി വിദ്യാർഥി സമരങ്ങൾക്ക് നേതൃത്വം നൽകി. രാജ്യത്തെ മൂന്ന് സംസ്ഥാനത്ത്‌ തടവിലിടപ്പെട്ട വിദ്യാർഥി നേതാവാണ് ശിവദാസൻ. ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരിക്കെ ആദ്യ അറസ്റ്റ്. കണ്ണൂർ സെൻട്രൽ ജയിൽമുതൽ ഡൽഹി തീഹാർ ജയിലിലും ഹിമാചൽ പ്രദേശിലെ ഷിംലയിലെ ജയിലിലും അദ്ദേഹം രാഷ്ട്രീയത്തടവുകാരനായി.

ശിവദാസൻ കടന്നുവന്ന ജീവിതവഴികളിൽ ഇല്ലായ്മയും കണ്ണുനീരും തളംകെട്ടി നിൽക്കുന്നുണ്ട്.  വിദ്യാർഥി സംഘടനാ  പ്രവർത്തനത്തിൽ സജീവമായപ്പോഴും ജോലി ചെയ്ത് കുടുംബം പോറ്റിയ പ്രീഡിഗ്രിക്കാലം. വിദ്യാർഥിയായിരിക്കെ അച്ഛന്റെ മരണം. ദിവസക്കൂലിക്ക് പണിക്ക് പോയിരുന്ന അമ്മയുടെ ത്യാഗത്തിലാണ് കുടുംബം പുലർന്നത്. ചുമലിൽ ജീവിത ഭാരമേറുമ്പോഴും ഹൃദയത്തിൽ പ്രസ്ഥാനത്തെ കൂടുതൽ ചേർത്തുപിടിച്ചു. പ്രസ്ഥാനം ശിവദാസനെയും.

ബാലസംഘം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. എസ്‌എഫ്ഐ കണ്ണൂർ ജില്ലാ ഭാരവാഹിയായിരിക്കേ മട്ടന്നൂർ പിആർഎൻഎസ്എസ് കോളേജിൽനിന്ന് ബിഎ ചരിത്രത്തിൽ ഒന്നാം റാങ്ക്. തലശേരി ഗവ. ബ്രണ്ണൻ കോളേജിൽനിന്ന് ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദവും കണ്ണൂർ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടി. കണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനായിരുന്നു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ മുഖമാസിക സ്റ്റുഡന്റ്, കേന്ദ്രകമ്മിറ്റിയുടെ ഇംഗ്ലീഷ് മാസിക സ്റ്റുഡന്റ് സ്ട്രഗിൾ, ഹിന്ദി മാസിക ചാത്ര് സംഘർഷ്, ഗവേഷക പ്രസിദ്ധീകരണമായ ഇന്ത്യൻ റിസേർച്ചർ എന്നിവയുടെ എഡിറ്ററായി പ്രവർത്തിച്ചു. നിലവിൽ കെഎസ്ഇബി ഡയറക്ടർ ബോർഡ് അംഗമാണ്. മുഴക്കുന്ന്‌ വിളക്കോട്ടെ പരേതനായ പാറക്കണ്ടത്തിൽ നാരായണൻ നമ്പ്യാരുടെയും വെള്ളുവ മാധവിയുടെയും ഏകമകനാണ്. ഭാര്യ: ഷഹന വത്സൻ (അധ്യാപിക, അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്‌കൂൾ). സിതോവ്‌, സിതാഷ എന്നിവർ മക്കൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top