27 January Friday

മദ്യവും ലോട്ടറിയുമാണോ കേരളത്തിന്റെ മുഖ്യവരുമാനം?ഡോ. ടി എം തോമസ് ഐസക് എഴുതുന്നു

ഡോ. ടി എം തോമസ് ഐസക്Updated: Saturday Oct 15, 2022

തുടക്കം സംഘികളായിരുന്നു. കേരളത്തെ ഇകഴ്ത്താന്‍ അവര്‍ കണ്ടുപിടിച്ച അവഹേളനമായിരുന്നു സംസ്ഥാനത്തിന്റെ മുഖ്യവരുമാന സ്രോതസ് മദ്യവും ലോട്ടറിയും ആണെന്ന വ്യാജപ്രചരണം.

ഇതിനു പിന്‍ബലമായി ചില സാമ്പത്തിക വിദഗ്ധരും രംഗത്തിറങ്ങിയതോടെ ഈ വാദത്തിന് ഒരു ആധികാരികത കൈവന്നു. വന്നുവന്നിപ്പോള്‍ സംസ്ഥാന ഗവര്‍ണ്ണറും കേരള സര്‍ക്കാരിനെ ആക്ഷേപിക്കാന്‍ ഇത് ഏറ്റുപിടിച്ചു ''നമ്മുടെ പ്രധാന വരുമാന മാര്‍ഗ മദ്യവും ലോട്ടറിയുമാണല്ലോ. എത്ര ലജ്ജാകരം?'' എന്നാണ് അദ്ദേഹം പറഞ്ഞത്.

സമീപകാലത്തു ലോട്ടറിയില്‍ നിന്നും മദ്യത്തില്‍ നിന്നും ലഭിച്ച വരുമാനത്തിന്റെ കണക്കുകള്‍ പട്ടികയില്‍ കൊടുത്തിട്ടുണ്ട്. എന്താണ് വസ്തുത? ആദ്യം നമുക്ക് ലോട്ടറി വരുമാനം എടുക്കാം. ലോട്ടറിയില്‍ നിന്നുള്ള വരുമാനം കേരളത്തിന്റെ മൊത്തം റവന്യു വരുമാനത്തിന്റെ എത്ര തുച്ഛമാണെന്നത് പട്ടിക 1ല്‍ നിന്നു സ്പഷ്ടമാണ്.

പട്ടിക 1

പട്ടിക 1

ലോട്ടറിയില്‍ നിന്നുള്ള അസല്‍ (നെറ്റ്) വരുമാനം 2016-17/2019-20 വര്‍ഷങ്ങളില്‍ 1600ല്‍ പരം കോടി രൂപയാണ്. ഇതു കേരളത്തിന്റെ റവന്യു വരുമാനത്തിന്റെ 2 ശതമാനം മാത്രമാണ്. കോവിഡ് കാലത്ത് ലോട്ടറി വില്‍പ്പന കുറഞ്ഞതോടെ ഇതു പരിഗണനാര്‍ഹമല്ലാത്ത തുകയായി കുറഞ്ഞു. (പട്ടിക 1)

ലോട്ടറി വിറ്റുവരവും അസല്‍ വരുമാനവും

ലോട്ടറി സംബന്ധിച്ച് ഇത്രമാത്രം തെറ്റിദ്ധാരണ ഉണ്ടാകുന്നതിന് ഒരു കാരണം ലോട്ടറിയില്‍ നിന്നുള്ള മൊത്തം (ഗ്രോസ്) വരുമാനം ഏതാണ്ട് 10000 കോടി രൂപയോളം വരുമായിരുന്നു എന്നതാണ്. ഇതില്‍ നിന്ന് നികുതി കിഴിച്ച് ബാക്കി സംഖ്യയുടെ 60 ശതമാനം സമ്മാനത്തിനായി ചെലവാകും.

വില്‍പ്പനക്കാര്‍ക്കുള്ള കമ്മീഷന്‍, ഏജന്റുമാര്‍ക്കുള്ള ശതമാന വിഹിതം എന്നിവ 31.5 ശതമാനം വരും. മറ്റു ചെലവുകള്‍ 5.5 ശതമാനം കഴിഞ്ഞാല്‍ മിച്ചം 3 ശതമാനം മാത്രമാണ്. ജി.എസ്.ടി സംസ്ഥാന വിഹിതവുംകൂടി ചേര്‍ത്താല്‍ 17 ശതമാനം മാത്രമാണ് സംസ്ഥാന സര്‍ക്കാരിനു ലഭിക്കുക.

ഇതു 'മണിമാറ്റേഴ്സ്' എന്ന സോഷ്യല്‍ മീഡിയ പംക്തിയില്‍ വിശദീകരിച്ചതിനെ ചില വിദ്വാന്മാര്‍ ചോദ്യം ചെയ്യുകയാണ്. നികുതി വരുമാനങ്ങളെയെല്ലാം ഗ്രോസ് വരുമാനത്തിലാണല്ലോ കണക്കില്‍ രേഖപ്പെടുത്തുന്നത്.

പിന്നെ ലോട്ടറി വരുമ്പോള്‍ മാത്രം ഗ്രോസ് നികുതി വിട്ട് അസല്‍ നികുതി വരുമാനത്തിന്റെ കണക്കു പറയുന്നത് എന്തിന്? ഇത് യഥാര്‍ത്ഥ വസ്തുതകള്‍ മറയ്ക്കാനല്ലേ എന്നാണു ചോദ്യം.

യഥാര്‍ത്ഥ വസ്തുത എന്താണ്? ബാക്കി നികുതികളുടെ ചെറിയൊരു ശതമാനം മാത്രമേ കളക്ഷന്‍ ചെലവായി വരൂ. എന്നാല്‍ ലോട്ടറിയുടെ കാര്യത്തില്‍ മൊത്തം വരുമാനത്തിന്റെ 80 ശതമാനത്തിലേറെ ഇത്തരം ചെലവുകളാണ്.

സാധാരണഗതിയില്‍ ഇത്തരം ചെലവുകള്‍ കിഴിച്ച് അസല്‍ വരുമാനമാണ് ഖജനാവില്‍ ഒടുക്കുക. ഉദാഹരണത്തിന് അടുത്തതായി പരിശോധിക്കുന്നത് മദ്യത്തില്‍ നിന്നുള്ള വരുമാനമാണ്. ബിവറേജസ് കോര്‍പ്പറേഷന്റെ മൊത്തം വിറ്റുവരവും ട്രഷറിയില്‍ വരവു വയ്ക്കുന്നില്ല.

കോര്‍പ്പറേഷന്റെ ലാഭവും എക്സൈസ് വില്‍പ്പന നികുതികളും മാത്രമേ വരവു വയ്ക്കൂ.

ലോട്ടറി മാഫിയയുടെ കൊള്ള

ലോട്ടറിയില്‍ എന്തുകൊണ്ട് വ്യത്യസ്ത സമീപനം കൈക്കൊള്ളുന്നു? കാരണം ലോട്ടറി നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുള്ള നിയമത്തിലെ വ്യവസ്ഥയാണിത്. ലോട്ടറി ടിക്കറ്റ് വിറ്റു കിട്ടുന്ന വരുമാനം പൂര്‍ണമായും ട്രഷറിയില്‍ ഒടുക്കണം.

അവിടെ നിന്നുവേണം സമ്മാനത്തിനും കമ്മീഷനും മറ്റുമുള്ള ചെലവുകള്‍ക്കുള്ള പണം പിന്‍വലിക്കാന്‍. ലോട്ടറി മാഫിയകളെ നിയന്ത്രിക്കാനാണ് ഇങ്ങനെയൊരു ചട്ടം ഉണ്ടാക്കിയിട്ടുള്ളത്.

പക്ഷേ ഈ നിയമം ഇതര സംസ്ഥാനങ്ങളിലെ ലോട്ടറി കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ എടുത്തു നടത്തുന്ന ലോട്ടറി മാഫിയ പാലിക്കാറില്ല.

ഇത് ഓര്‍മ്മയിലുണ്ടെങ്കില്‍ മനോരമ.കോം ചൂണ്ടിക്കാണിക്കുന്ന കണക്ക് നമ്മെ ആരെയും ഞെട്ടിക്കില്ല. ഇന്ത്യയിലെ മൊത്തം ലോട്ടറി വിറ്റുവരവ് 11,420 കോടി രൂപയാണ്. എന്നാല്‍ കേരളത്തിലെ ലോട്ടറി വിറ്റുവരവ് 2019-20ല്‍ 9973 കോടി രൂപയാണ്.

ഇന്ത്യയിലെ മൊത്തം ലോട്ടറി വില്‍പ്പനയുടെ 87.3 ശതമാനം കേരളത്തിലാണുപോലും. അതുകൊണ്ട് ഈ കണക്കു കാണിച്ച് മനോരമ ചെയ്യുന്നതുപോലെ കേരളീയരുടെ ലോട്ടറി ആസക്തിയെക്കുറിച്ച് ആലോചിച്ചു ഞെട്ടുകയല്ല വേണ്ടത്. മറിച്ച് കേരളത്തിനു പുറത്തുള്ള ലോട്ടറി നടത്തിപ്പ് എങ്ങനെ ഒരു മാഫിയയുടെ നിയന്ത്രണത്തിലായിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുകയാണു വേണ്ടത്.

ഇന്ത്യയിലെ മൊത്തം ലോട്ടറി വില്‍പ്പനയുടെ 87.3 ശതമാനം കേരളത്തിലാണുപോലും. അതുകൊണ്ട് ഈ കണക്കു കാണിച്ച് മനോരമ ചെയ്യുന്നതുപോലെ കേരളീയരുടെ ലോട്ടറി ആസക്തിയെക്കുറിച്ച് ആലോചിച്ചു ഞെട്ടുകയല്ല വേണ്ടത്. മറിച്ച് കേരളത്തിനു പുറത്തുള്ള ലോട്ടറി നടത്തിപ്പ് എങ്ങനെ ഒരു മാഫിയയുടെ നിയന്ത്രണത്തിലായിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുകയാണു വേണ്ടത്.

വരുമാനം ഉണ്ടാക്കുന്നതിന് അധാര്‍മ്മികമായി പാവപ്പെട്ടവരെ മദ്യത്തിലും ചൂതാട്ടത്തിലും മയക്കിപ്പിഴിയുന്ന നയമാണ് കേരളത്തിലെ സര്‍ക്കാരുകളുടേത് എന്നാണ് ബിജെപിയും ചില പണ്ഡിത മാന്യന്മാരും ചേര്‍ന്നു നടത്തുന്ന പ്രചാരണം. എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ്? ലോട്ടറിയും ചൂതാട്ടവും രണ്ടാണ്. ചൂതാട്ടത്തെ കേരളത്തില്‍ നിരോധിച്ചിരിക്കുകയാണ്. അതുപോലെ തന്നെ ഓണ്‍ലൈന്‍ ലോട്ടറിയേയും. എന്നാല്‍ ഗോവ പോലുള്ള സംസ്ഥാനങ്ങളില്‍ ഇവ നിയമവിധേയമാണ്.

എന്തിനാണ് പിന്നെ കേരള സര്‍ക്കാര്‍ ലോട്ടറി നടത്തുന്നത്? ലോട്ടറിയും കേരള സര്‍ക്കാര്‍ നിരോധിക്കാന്‍ നിര്‍ബന്ധിതമായ ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പ്രത്യേക നിയമനിര്‍മ്മാണത്തിനും ചട്ടങ്ങള്‍ക്കും രൂപം നല്‍കി പുനരാരംഭിക്കുകയായിരുന്നു. കാരണം ലോട്ടറിയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ഒരുലക്ഷത്തിലേറെ വരുന്ന വില്‍പ്പനക്കാരുണ്ട്. അവരില്‍ നല്ലൊരുപങ്ക് നിരാലംബരായ ഭിന്നശേഷിക്കാരാണ്.

അവരുടെ സംരക്ഷണത്തിനായിട്ടാണ് കേരളം ഏതാണ്ട് ഏകകണ്ഠമായി ലോട്ടറി മാഫിയയേയും ചൂതാട്ടത്തെയും ഒഴിവാക്കി ലോട്ടറി പുനരരാരംഭിച്ചത്.

മദ്യം:മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍

ലോട്ടറിയില്‍ നിന്നു വ്യത്യസ്തമായി മദ്യത്തില്‍ നിന്നുള്ള വരുമാനം ഒരു പ്രധാന തനതു റവന്യു വരുമാനമാണ്.

പക്ഷേ, കേരളത്തില്‍ മാത്രമല്ല ബീഹാറിലും ഗുജറാത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് നില. മുഖ്യമായും രണ്ടുതരം വരുമാനങ്ങളാണ് മദ്യത്തില്‍ നിന്നുള്ളത്. ഒന്നാമത്തേത്, എക്സൈസ് നികുതിയാണ്. രണ്ടാമത്തേത്, വില്‍പ്പന നികുതിയാണ്.

ഓരോ സംസ്ഥാനത്തിനും ലഭിക്കുന്ന എക്സൈസ് നികുതിയുടെ താരതമ്യ കണക്കുകള്‍ റിസര്‍വ് ബാങ്ക് ലഭ്യമാക്കുന്നുണ്ട്.

എന്നാല്‍ മദ്യത്തില്‍ നിന്നുള്ള വില്‍പ്പന നികുതിയുടെ വേര്‍തിരിച്ചുള്ള കണക്കുകള്‍ ലഭ്യമല്ല.

അതുകൊണ്ട് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മദ്യ വരുമാനത്തിേന്മേലുള്ള ആശ്രിതത്വം കൂടുതലാണോ കുറവാണോയെന്ന് കൃത്യമായി പറയാനാവില്ല. എക്സൈസ് നികുതി വരുമാനത്തിന്റെ താരതമ്യം നോക്കുമ്പോള്‍ കേരളം വളരെ പിന്നിലാണ്.

ആദ്യത്തെ 10 സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍പ്പോലും കേരളം വരുന്നില്ല. എന്നാല്‍ കേരളത്തില്‍ കൂടുതല്‍ പ്രാധാന്യം വില്‍പ്പന നികുതിക്കാണ്. അതിന്റെ താരതമ്യ കണക്കുകള്‍ ഇല്ലതാനും.

എങ്കിലും തൊട്ടടുത്തു കിടക്കുന്ന കര്‍ണാടകവും തമിഴ്നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ ആശ്രിതത്വം കേരളത്തിനു മദ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാകാനിടയില്ല.
മദ്യത്തില്‍ നിന്നുള്ള റവന്യു വരുമാനം കേരളത്തിന്റെ മൊത്തം നികുതി വരുമാനത്തിന്റെ എത്ര ശതമാനം വരുമെന്നത് പട്ടിക 1ല്‍ കാണാം.

മദ്യത്തില്‍ നിന്നുള്ള മൊത്തം വരുമാനം 10-12 ആയിരം കോടി രൂപയാണ്. തമിഴ്നാടിന്റേത് 30-35 ആയിരം കോടി രൂപയാണ്. കേരളത്തിന്റെ മൊത്തം വരുമാനത്തിന്റെ 14 ശതമാനമാണ് മദ്യത്തില്‍ നിന്നുള്ള വരുമാനം. ഇത് എങ്ങനെ മുഖ്യവരുമാന സ്രോതസാകും?

മൊത്തം റവന്യു വരുമാനമോ തനതു റവന്യു വരുമാനമോ?

ഈയൊരു പ്രസ്താവന യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കാനുള്ള കണക്കുകൊണ്ടുള്ള കസര്‍ത്താണെന്നാണ് മനോരമ.കോമിന്റെ വാദം.

കാരണം കേരളത്തിന്റെ മൊത്തം റവന്യു വരുമാനമല്ല മറിച്ച്, തനത് റവന്യു വരുമാനത്തിന്റെ എത്ര ശതമാനം വരും മദ്യത്തില്‍ നിന്നുള്ള വരുമാനം എന്നതാണ് കണക്കുകൂട്ടേണ്ടത്. കേരളത്തിന്റെ മൊത്തം റവന്യു വരുമാനത്തില്‍ 35 ശതമാനത്തോളം കേന്ദ്രത്തില്‍ നിന്നുള്ള നികുതി വിഹിതവും ഗ്രാന്റുമാണ്.

അത് കണക്കിലെടുക്കാതെ കേരളത്തിന്റെ തനതു വരുമാനമെടുത്താല്‍ മദ്യവരുമാനം കേരളത്തിന്റെ റവന്യു വരുമാനത്തിന്റെ 30 ശതമാനത്തിലേറെ വരുമെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.

കേന്ദ്ര നികുതി വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യമാണെന്ന സംഘിവാദത്തിന്റെ ഒരു ആവര്‍ത്തനമാണ് മേല്‍പ്പറഞ്ഞ വിമര്‍ശനം.

കേന്ദ്ര വിഹിതം സംസ്ഥാനത്തിന് അവകാശപ്പെട്ടതാണ്. അത് ഒഴിവാക്കിക്കൊണ്ട് മദ്യത്തില്‍ നിന്നുള്ള വരുമാനത്തെ പര്‍വതീകരിച്ചു കാണിക്കുന്നതില്‍ അര്‍ത്ഥമില്ല.

ഇനി നാളെ പെട്രോള്‍ ജി.എസ്.ടിയിലേക്ക് നീങ്ങുമ്പോള്‍ കേരളത്തിന്റെ തനതുവരുമാനത്തില്‍ സിംഹപങ്കും മദ്യ വരുമാനമായിത്തീരും.

അങ്ങനെയൊരു നിഗമനത്തില്‍ എത്തുന്നതിന് എന്തു സാംഗത്യമാണുള്ളത്? കേരളത്തിന്റെയോ മറ്റേതെങ്കിലും സംസ്ഥാനത്തിന്റെയോ കുഴപ്പമല്ല മദ്യത്തില്‍ നിന്നുള്ള വരുമാനം ഒരു പ്രധാന ഇനമായിരിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടന അങ്ങനെയാണു വ്യവസ്ഥ ചെയ്തിട്ടുള്ളത്. അതുകൊണ്ട് കേന്ദ്രവിഹിതം അടക്കമുള്ള സംസ്ഥാന റവന്യു വരുമാനത്തിന്റെ ശതമാനമായി മദ്യ വരുമാനത്തിന്റെ പ്രാധാന്യത്തെ വിലയിരുത്തുന്നതാണു ശരി.

സംസ്ഥാനത്തിന്റെ തനതു വരുമാനത്തെ ഉയര്‍ത്തുന്നതിന് മറ്റേതെല്ലാം മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നുള്ളത് ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണ്.

അത് മറ്റൊരു സന്ദര്‍ഭത്തിലാവാം. ഇപ്പോള്‍ തന്നെ കേരളത്തിന്റെ തനതു നികുതി വരുമാനം സംസ്ഥാന ജിഡിപിയുടെ ശതമാനമായി കണക്കാക്കിയാല്‍ അഖിലേന്ത്യാ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണ്.

ഇത് ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള ക്രിയാത്മക ചര്‍ച്ചകള്‍ക്കു പകരം കേരളം നികുതി പിരിക്കാതെ കുടിച്ചും കൂത്താടിയും മുടിയുകയാണെന്ന അപവാദ പ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞേ തീരൂ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top