06 February Monday

എന്തുകൊണ്ട് നിക്ഷേപകര്‍ മടിക്കുന്നു?; ഡോ. ടി എം തോമസ് ഐസക് എഴുതുന്നു

ഡാ. ടി എം തോമസ് ഐസക്Updated: Thursday Nov 24, 2022

ഞാന്‍ കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചു... പുതുനിക്ഷേപത്തിന് ഉല്‍പ്പാദനവുമായി ബന്ധപ്പെടുത്തിയുള്ള ആനുകൂല്യ സ്കീം പ്രഖ്യാപിച്ചു. ഇനി എനിക്ക് ഇന്ത്യയിലെ കോര്‍പ്പറേറ്റ് മേധാവികളില്‍ നിന്നാണ് കേള്‍ക്കാനുള്ളത്.

എന്താണ് നിക്ഷേപിക്കുന്നതിനു നിങ്ങള്‍ക്കു തടസ്സം? വിദേശരാജ്യങ്ങളും വ്യവസായങ്ങളും ഇന്ത്യയെ ചെന്നുചേരേണ്ട ഇടമായി കാണുന്നു. വിദേശമൂലധനം വരുന്നു. സ്റ്റോക്ക് മാര്‍ക്കറ്റ് ആത്മവിശ്വാസത്തിലാണ്. ഇന്ത്യയിലെ റീടെയില്‍ നിക്ഷേപകര്‍ അതില്‍ വിശ്വസിക്കുന്നു. എന്തിനു നിങ്ങള്‍ മടിക്കണം?'

ചോദിച്ചത് സാധാരണ വ്യക്തില്ല, കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ്. ഇന്ത്യന്‍ കോര്‍പ്പറേറ്റ് പ്രതിനിധികളെല്ലാം നിരന്നിരുന്ന മൈന്‍ഡ് മൈന്‍ സമിറ്റ്  2022 ആയിരുന്നു വേദി.

താന്‍ ഇത്രയൊക്കെ ചെയ്തിട്ടും മുതലാളിമാര്‍ വ്യവസായത്തിലും മറ്റും ആവശ്യമായ നിക്ഷേപം നടത്താന്‍ മടിക്കുന്നത് എന്തിനെന്ന് അവര്‍ക്കൊരു പിടിയും കിട്ടുന്നില്ല. ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അവരുടെ ശക്തി തിരിച്ചറിയാത്തതുകൊണ്ടാണോ?

ഒരു പുരാണകഥ

അതുകൊണ്ട് അവര്‍ തുടര്‍ന്നു. ''ഹനുമാനെപ്പോലെ നിങ്ങളുടെ കഴിവും ശേഷിയും നിങ്ങള്‍ തിരിച്ചറിയാത്തതുകൊണ്ടാണോ? ഹേ ഹനുമാന്‍, അങ്ങേക്ക് അതു ചെയ്യാനാകുമെന്ന് അടുത്തുനിന്നു പറയാന്‍ ഒരാള്‍ ഇല്ലാത്തതുകൊണ്ടാണോ? ആരാണ് ഇന്ന് അത് ഹനുമാനോടു പറയേണ്ടത്.

സര്‍ക്കാര്‍ വേണോ?''രാമായണ കഥയിലെ കിഷ്കിന്ധ കാണ്ഡത്തില്‍ ഹനുമാനും വാനരസേനയും കടല്‍ എങ്ങനെ കടക്കുമെന്ന് ഓര്‍ത്ത് നിസ്സഹായരായി വിഷമിച്ചു നില്‍ക്കുമ്പോള്‍ ജാംബവാന്‍ ഹനുമാനെ തന്റെ സ്വന്തം ശേഷിയെക്കുറിച്ച് ഓര്‍മ്മിപ്പിച്ച് ഉത്തേജിതനാക്കി എന്നാണ് രാമായണം പറയുന്നത്.

ഇതിനെക്കുറിച്ചാണ് നിര്‍മ്മല സീതാരാമന്‍ പരാമര്‍ശിക്കുന്നത്. ഒരുകാര്യം അവര്‍ വിട്ടുപോയി. ഹനുമാനും ജാംബവാനും രാമഭക്തര്‍ ആയിരുന്നെങ്കില്‍ കോര്‍പ്പറേറ്റുകളുടെ ഏക ഭക്തി ലാഭം എന്ന ഒന്നിനോടു മാത്രമാണ്.

പ്രത്യേകിച്ച് ഉപദേശമൊന്നും നല്‍കേണ്ട ആവശ്യമില്ല. നിക്ഷേപം നടത്തി അധിക ഉല്‍പ്പാദനം നടത്തിയാല്‍ അതു മുഴുവന്‍ ലാഭകരമായി വിറ്റുപോകുമെന്ന് ഉറപ്പുണ്ടെങ്കില്‍ അവര്‍ സ്വയം പണം കണ്ടെത്തിക്കോളും; നിക്ഷേപം നടത്തിക്കോളും.

ഇടിയുന്ന നിക്ഷേപം

അതെന്തായാലും, നിര്‍മ്മല സീതാരാമന്റെ വേവലാതി യഥാര്‍ത്ഥമാണ്. ഇന്ത്യന്‍ സമ്പദ്ഘടനയിലെ നിക്ഷേപം 2008ല്‍ ജിഡിപിയുടെ 38 ശതമാനം വരുമായിരുന്നു.

എന്നാല്‍ ആഗോള ധനകാര്യക്കുഴപ്പത്തിന്റെ പശ്ചാത്തലത്തില്‍ നിക്ഷേപം 36 ശതമാനത്തിനു താഴെയായി പിറ്റേവര്‍ഷം കുറഞ്ഞു. പിന്നീട് ഏതാണ്ട് ഇതേ നിലയില്‍ 2013-14 വരെ തുടര്‍ന്നു.

പിന്നെ ചിത്രം (1) ല്‍ കാണാവുന്നതുപോലെ

തുടര്‍ച്ചയായിട്ടുള്ള ഇടിവാണ്. 2017-18ല്‍ 30 ശതമാനമായി താഴ്ന്നു. നിര്‍മ്മല സീതാരാമന്‍ സ്വീകരിച്ച നടപടികള്‍ക്കൊന്നും ഫലമുണ്ടായില്ല.

കോവിഡ് കഴിഞ്ഞ് 2021-22ല്‍പ്പോലും ജിഡിപി നിക്ഷേപത്തോത് 29.6 ശതമാനം മാത്രമാണ്. ചുമ്മാതല്ല സഹികെട്ട് നിര്‍മ്മല സീതാരാമന്‍ പുരാണത്തിലേക്കു തിരിഞ്ഞത്. എന്തു ചെയ്യണമെന്ന് അവര്‍ക്ക് ഒരു പിടിയുമില്ല.

നികുതി കുറയ്ക്കുന്നതും കൂടുതല്‍ ആനുകൂല്യം നല്‍കുന്നതുമെല്ലാം കോര്‍പ്പറേറ്റുകള്‍ക്കു വളരെ സന്തോഷകരമായ കാര്യമാണ്. ഇതുകൊണ്ടെല്ലാം അവരുടെ ലാഭത്തില്‍ അത്ഭുതകരമായ തോതില്‍ വര്‍ദ്ധനയും ഉണ്ടായിട്ടുണ്ട്. നിഫ്റ്റി സൂചികയിലെ 500 കമ്പനികളുടെ 2022ലെ മൊത്തം ലാഭം ജിഡിപിയുടെ 4.3 ശതമാനംവരും.

ഇത് കഴിഞ്ഞൊരു ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. എന്നിട്ടും സ്വകാര്യനിക്ഷേപം ഉയരുന്നില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം അധിക ഉല്‍പ്പാദനം വിറ്റുപോകുമെന്ന് വ്യവസായികള്‍ക്ക് ഉറപ്പില്ലായെന്നാണ്.

സമ്പദ്ഘടനയിലെ മൊത്തം ഡിമാന്റ് ഉത്പ്പാദിപ്പിക്കപ്പെടുന്ന ചരക്കുകള്‍ മുഴുവന്‍ വാങ്ങുന്നതിന് അപര്യാപ്തമാണ്. അതുകൊണ്ടാണ് അവര്‍ മുതല്‍മുടക്കാന്‍ മടിക്കുന്നത്.

മൊത്തം ഡിമാന്റ് എന്നാലെന്ത്?

ഇന്ത്യയിലെ മൊത്തം ഡിമാന്റിന് എന്താണു സംഭവിക്കുന്നത്? മൊത്തം ഡിമാന്റ് എന്നു പറഞ്ഞാല്‍ നാല് ഘടകങ്ങള്‍ കൂടിച്ചേരുന്നതാണ്.
മൊത്തം ഡിമാന്റ് = ഉപഭോഗം + നിക്ഷേപം + അസല്‍ കയറ്റുമതി + സര്‍ക്കാര്‍ ചെലവ്

ഒന്ന്, ഭക്ഷണം, വസ്ത്രം തുടങ്ങി ജീവിതാവശ്യങ്ങള്‍ക്കു വേണ്ടിയുള്ള ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ജനങ്ങളുടെ ഉപഭോഗ ഡിമാന്റ്. സ്വകാര്യ ഉപഭോഗം ജിഡിപിയുടെ 56 ശതമാനമാണ്.

രണ്ട്, അസംസ്കൃത വസ്തുക്കള്‍, യന്ത്രസാമഗ്രികള്‍, പശ്ചാത്തലസൗകര്യങ്ങള്‍ തുടങ്ങിയവയ്ക്കായുള്ള കോര്‍പ്പറേറ്റുകളുടെയും അല്ലാതുള്ള സംരംഭകരുടെയും ഡിമാന്റ്.

ഇതോടൊപ്പം കുടുംബങ്ങളുടെ കെട്ടിട നിര്‍മ്മാണം പോലുള്ള നിക്ഷേപങ്ങളും ഇതില്‍പ്പെടും. ഇതിനെ മൊത്തം മൂലധന രൂപീകരണം (ഗ്രോസ് ക്യാപിറ്റല്‍ ഫോര്‍മേഷന്‍) എന്നും വിളിക്കും. സ്വകാര്യ മൂലധനച്ചെലവ് ദേശീയ വരുമാനത്തിന്റെ ഏതാണ്ട്  28 ശതമാനമാണ്.

മൂന്ന്, രാജ്യത്തു നിന്നുള്ള കയറ്റുമതി ഡിമാന്റ് വര്‍ദ്ധിപ്പിക്കുന്നു. ഇറക്കുമതി ഡിമാന്റ് കുറയ്ക്കുന്നു. കയറ്റുമതി സമ്പദ്ഘടനയിലെ മൊത്തം ഡിമാന്റ് വര്‍ദ്ധിപ്പിക്കുമെങ്കില്‍ ഇറക്കുമതി ഡിമാന്റ് കുറയ്ക്കും.

അതുകൊണ്ട് മൂന്നാമത്തെ ഇനം ഇറക്കുമതി കിഴിച്ചാല്‍ കിട്ടുന്ന അസല്‍ കയറ്റുമതിയാണ്. ഇന്ത്യയില്‍ എപ്പോഴും കയറ്റുമതിയേക്കാള്‍ കൂടുതലാണ് ഇറക്കുമതി. അതുകൊണ്ട് കയറ്റുമതിയില്‍ നിന്നുള്ള ഡിമാന്റ് മൈനസ് ആണ്. ഇത് ഏതാണ്ട് 3 ശതമാനം മൈനസ് ആണ്.

നാല്, സര്‍ക്കാരിന്റെ ചെലവ്. ഇത് ഉപഭോക്തൃ ചെലവുമാകാം, നിക്ഷേപ ചെലവുമാകാം. സര്‍ക്കാര്‍ ചെലവ് ജിഡിപിയുടെ 19 ശതമാനം വരും. അതില്‍ 8 ശതമാനം മൂലധനച്ചെലവാണ്. ബാക്കി ഉപഭോക്തൃ ചെലവും.

ബിജെപി ഭരണകാലത്ത് രാജ്യത്തെ മൊത്തം ഡിമാന്റിന് എന്തു സംഭവിച്ചു? ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയാല്‍ നിര്‍മ്മല സീതാരാമന്റെ ചോദ്യത്തിന് ഉത്തരമാകും. നമുക്ക് മൊത്തം ഡിമാന്റിന്റെ നാല് ഘടകങ്ങളുടെയും മാറ്റങ്ങളെ പ്രത്യേകമെടുത്തു പരിശോധിക്കാം.

ഉപഭോക്തൃ ഡിമാന്റ്

സ്വകാര്യ ഉപഭോക്തൃ ഡിമാന്റ് ജനങ്ങളുടെ വരുമാനത്തെ ആശ്രയിച്ചിരിക്കും. ജനങ്ങളുടെ വരുമാനം മുഖ്യമായും തൊഴില്‍ ലഭ്യതയേയും കൂലി അല്ലെങ്കില്‍ വരുമാനത്തെയും ആശ്രയിച്ചിരിക്കും.
ചിത്രം 2ല്‍ കാണാവുന്നതുപോലെ

ഇന്ത്യയില്‍ സാധാരണഗതിയില്‍ 23 ശതമാനം ആയിരുന്നു തൊഴിലില്ലായ്മാ നിരക്ക്.

നോട്ടുനിരോധനത്തെത്തുടര്‍ന്ന് തൊഴിലില്ലായ്മ ഉയരാന്‍ തുടങ്ങി. 2017-18ല്‍ അത് 6.1 ശതമാനമായി കുത്തനെ ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഔദ്യോഗിക കണക്കുപ്രകാരം തൊഴിലില്ലായ്മയില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും ഏതാണ്ട് 5 ശതമാനമായി തുടരുകയാണ്.

തൊഴിലെടുക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്. 2004-05ല്‍ ഇവര്‍ തൊഴില്‍ പ്രായപരിധിയിലുള്ള ജനങ്ങളുടെ 42 ശതമാനം വരുമായിരുന്നു. 2011-12ല്‍ ഇത് 38.6 ശതമാനമായി. 2017-18ല്‍ 34.1 ശതമാനമായി.

കൂലിയുടെ വര്‍ദ്ധനയാവട്ടെ അതീവ മന്ദഗതിയിലായിരുന്നു. 2014 ഡിസംബറിനും 2018 ഡിസംബറിനും ഇടയില്‍ കര്‍ഷകത്തൊഴിലാളിയുടെയും ഗ്രാമീണ തൊഴിലാളിയുടെയും കൂലി 0.5 ശതമാനം വീതമാണ് പ്രതിവര്‍ഷം ഉയര്‍ന്നത്. ഇത് മുന്‍കാല വര്‍ദ്ധനവിനേക്കാള്‍ വളരെ താഴ്ന്നതാണ്.

1980കള്‍ മുതല്‍ ഇന്ത്യയിലെ ദാരിദ്ര്യരേഖയ്ക്കു കീഴിലുള്ളവരുടെ എണ്ണം ഔദ്യോഗിക കണക്കുകള്‍പ്രകാരം തുടര്‍ച്ചയായി കുറഞ്ഞുവരികയായിരുന്നു. ഈ കണക്കുകളെ പ്രഭാത് പട്നായ്ക്കിനെ പോലുള്ളവര്‍ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.

എന്നാല്‍ ഔദ്യോഗിക കണക്കുപ്രകാരംതന്നെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ എണ്ണം ബിജെപി ഭരണത്തിന്‍ കീഴില്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി. ചിത്രം (3) ല്‍ ഈ വ്യത്യാസം വ്യക്തമായി കാണാം.

ഈ സ്ഥിതിവിശേഷത്തില്‍ പാവപ്പെട്ടവരുടെ ഉപഭോഗം കുറയാതെ നിവര്‍ത്തിയില്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ബിജെപി ഭരണത്തിന്‍ കീഴില്‍ ഇതും സംഭവിച്ചു. 2017-18ലെ ഉപഭോക്തൃ സര്‍വ്വേ പ്രകാരം 2011-12ല്‍ പ്രതിശീര്‍ഷ ഉപഭോഗം 3.7 ശതമാനം കേവലമായി കുറഞ്ഞു.

ഗ്രാമീണ ഇന്ത്യയില്‍ 8 ശതമാനവും നഗര മേഖലയില്‍ 2 ശതമാനവും വീതമായിരുന്നു കുറവു വന്നത്. കോവിഡുകാലത്ത് ഉപഭോക്തൃ ഡിമാന്റ് പിന്നെയും ഇടിഞ്ഞു. കോവിഡിനു മുമ്പുള്ള കാലത്തേയ്ക്ക് ഇപ്പോഴും ഇത് പൂര്‍ണ്ണമായും തിരിച്ചുവന്നിട്ടില്ല.

വിദേശവ്യാപാര ഡിമാന്റ്

1991 മുതല്‍ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ വന്നുചേര്‍ന്ന ഒരു പ്രധാനപ്പെട്ട മാറ്റം കയറ്റുമതിയില്‍ ഉണ്ടായ വര്‍ദ്ധനയാണ്. 1991ല്‍ ജിഡിപിയുടെ 17 ശതമാനമായിരുന്നു കയറ്റുമതി. 2012-13ല്‍ അത് 25 ശതമാനമായി. എന്നാല്‍ ബിജെപി ഭരണത്തിനു കീഴില്‍ ഇത് കുറയാന്‍ തുടങ്ങി.

കയറ്റുമതി 1991 നുശേഷമുള്ള സാമ്പത്തിക വളര്‍ച്ചയില്‍ പ്രധാനപ്പെട്ട ഘടകമായിരുന്നു.

എന്നാല്‍ ഇറക്കുമതിയും കൂടി. വ്യാപാരകമ്മി കുറയുകയല്ല, വര്‍ദ്ധിക്കുകയാണ് ഉണ്ടായത്. എങ്കിലും ചൈനയിലെ കയറ്റുമതിയോന്മുഖ വളര്‍ച്ചപോലെ ഒരു സാധ്യത തള്ളിക്കളയാനാവുമായിരുന്നില്ല. എന്നാല്‍ ബിജെപി ഭരണത്തിനു കീഴില്‍ അത്തരം സ്വപ്നങ്ങളെല്ലാം അവസാനിച്ചു. കയറ്റുമതി ജിഡിപിയുടെ ശതമാനമായി കണക്കാക്കുകയാണെങ്കില്‍ 2017-18ല്‍ 19 ശതമാനമായി താഴ്ന്നു.

മൂലധനനിക്ഷേപത്തിന് എന്തു സംഭവിക്കുന്നൂവെന്നുള്ളത് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ തന്നെ ചിത്രം 1ലൂടെ വിശദീകരിച്ചു കഴിഞ്ഞു. തുടര്‍ച്ചയായി രണ്ടോ മൂന്നോ പതിറ്റാണ്ട് ജിഡിപിയുടെ 40 ശതമാനം തുക മുതല്‍മുടക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ചൈനയെപ്പോലെ നമുക്ക് സാമ്പത്തികമായി കുതിച്ചുയരാനാകൂ (ചൈനയിലെ മുതല്‍മുടക്ക് ജിഡിപിയുടെ 50 ശതമാനം ആയിരുന്നു).

ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ ഇന്ത്യയും അതുപോലൊരു കുതിപ്പിലേക്ക് നീങ്ങുകയാണെന്നുള്ള പ്രത്യാശ ഉയര്‍ത്തി. എന്നാല്‍ 2008-09ലെ ആഗോള മാന്ദ്യത്തിനുശേഷം നിക്ഷേപത്തിന്റെ തോത് ഇടിയാന്‍ തുടങ്ങി. ഇപ്പോഴത് 30 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുകയാണ്.

സര്‍ക്കാര്‍ ചെലവിന്റെ പ്രാധാന്യം

ഉപഭോക്തൃ ഡിമാന്റ് മുരടിച്ചു നില്‍ക്കുന്നു. കയറ്റുമതി 2010നുശേഷം ദേശീയ വരുമാനത്തിന്റെ അനുപാതത്തില്‍ കുറവു വരാന്‍ തുടങ്ങി. മൂലധന നിക്ഷേപവും കുറഞ്ഞു. അങ്ങനെ മൊത്തം ഡിമാന്റിന്റെ മൂന്നു ഘടകങ്ങളുടെയും ഗതി താഴേക്കാണ്. ഈ സ്ഥിതിവിശേഷത്തില്‍ അത്താണിയാകേണ്ടത് സര്‍ക്കാര്‍ ചെലവാണ്.

സമ്പദ്ഘടന ഒരു മുരടിപ്പിലേക്കു വഴുതി വീഴാതിരിക്കണമെങ്കില്‍ സര്‍ക്കാര്‍ ചെലവ് ഗണ്യമായി ഉയര്‍ത്താന്‍ തയ്യാറാകണം.

അതിനു ബിജെപി സര്‍ക്കാര്‍ തയ്യാറല്ല. കാരണം അത്തരമൊരു സമീപനം സര്‍ക്കാരിന്റെ ധനക്കമ്മി ഉയര്‍ത്തും, വായ്പയെ കൂടുതല്‍ ആശ്രയിക്കേണ്ടിവരും.

ഇത്തരമൊരു സമീപനം വിദേശ ധനമൂലധനത്തിനു സ്വീകാര്യമല്ല. സര്‍ക്കാര്‍ കമ്മിയോടും വിലക്കയറ്റത്തോടും അവര്‍ക്കു കടുത്ത വിരോധമാണ്.

ചിത്രം 4ല്‍ കാണാവുന്നതുപോലെ

2011-12ല്‍ സര്‍ക്കാര്‍ ചെലവ്-ജിഡിപി അനുപാതം 14.38 ശതമാനം ആയിരുന്നു. അത് തുടര്‍ച്ചയായി കുറഞ്ഞു കുറഞ്ഞ് 2017-18ല്‍ 12.25 ശതമാനത്തില്‍ എത്തി.

തുടര്‍ന്ന് കോവിഡ് കാലത്ത് സര്‍ക്കാര്‍ ചെലവ് കുത്തനെ ഉയര്‍ന്നു. അത് ഇപ്പോള്‍ വീണ്ടും 11.12 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുകയാണ്.

എന്തുകൊണ്ട് യാഥാസ്ഥിതിക ധനനയം?

ബിജെപി ഭരണകാലത്ത് ഇന്ത്യയിലേക്ക് ഭീമമായ തുക വിദേശമൂലധനം ഒഴുകിയെത്തുകയുണ്ടായി. വിദേശമൂലധനത്തെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി കോവിഡുകാലത്തുപോലും കടുത്ത സാമ്പത്തിക നിയന്ത്രണത്തിനു കീഴിലുള്ള ഒരു ഉത്തേജക പാക്കേജാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ തയ്യാറായത്.

ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറവ് ആനുകൂല്യങ്ങള്‍ നല്‍കിയ പ്രധാനപ്പെട്ട രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ജനങ്ങളുടെ ചെലവിലാണു പ്രതിസന്ധി പരിഹരിച്ചത്. ഫിനാന്‍സ് മൂലധനത്തോടുള്ള ആശ്രിതത്വംമൂലമാണ് ഇത്തമൊരു സമീപനം സ്വീകരിക്കേണ്ടി വന്നത്.

അന്തര്‍ദേശീയ ധനമാര്‍ക്കറ്റില്‍ വന്ന മാറ്റങ്ങള്‍മൂലം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് വിദേശമൂലധനം പിന്‍വാങ്ങുന്നതിനുള്ള പ്രവണതയാണുള്ളത്.

ഇന്ത്യയിലെ വിദേശവിനിമയ ശേഖരം 65,000 കോടി ഡോളര്‍ ഉണ്ടായിരുന്നത് 55,000 കോടി ഡോളറായി കുറഞ്ഞു.

ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ചെലവ് ഉയര്‍ത്തി ഡിമാന്റ് ഗണ്യമായി ഉയര്‍ത്താനുള്ള ഒരു നയം ഇന്ത്യാ സര്‍ക്കാരിന് ചിന്തിക്കാന്‍പോലും ആവില്ല. ഇതാണ് സാമ്പത്തിക മുരടിപ്പിന്റെ പിന്നിലെ കാരണം.

ചിത്രം 5ല്‍ കാണാവുന്നതുപോലെ

ബിജെപി ഭരണത്തോടെ ദേശീയ വരുമാന വര്‍ദ്ധന മന്ദീഭവിക്കാന്‍ തുടങ്ങി. നോട്ടു നിരോധനത്തോടെ ഗതി താഴേക്കായി. കോവിഡിന്റെ തലേവര്‍ഷം 2018-19ല്‍ സാമ്പത്തിക വളര്‍ച്ച ആദ്യം 5 ശതമാനമേ ചുരുങ്ങൂവെന്നാണു കരുതിയത്.

എന്നാല്‍ അവസാനം കണക്ക് വന്നപ്പോള്‍ വളര്‍ച്ച കേവലം 4 ശതമാനം മാത്രമായി. കോവിഡ് ഇല്ലായിരുന്നുവെങ്കിലും നമ്മള്‍ സാമ്പത്തിക തകര്‍ച്ചയിലേക്കു നീങ്ങിയേനെ.

ഇപ്പോഴാവട്ടെ കോവിഡില്‍ നിന്ന് സമ്പദ്ഘടന പൂര്‍ണ്ണമായി കരകയറുന്നതിനു മുമ്പ് ആഗോളമാന്ദ്യത്തിന്റെ ഭാഗമായി വീണ്ടും വളര്‍ച്ചയ്ക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്.

സാധാരണഗതിയില്‍ സര്‍ക്കാര്‍ മൂലധനനിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനെതിരായ വാദം അതു സ്വകാര്യ നിക്ഷേപത്തെ നിരുത്സാഹപ്പെടുത്തുമെന്നുള്ളതാണ്. ഉദാഹരണത്തിനു സര്‍ക്കാര്‍ വലിയ തോതില്‍ വായ്പയെടുക്കുകയാണെങ്കില്‍ സ്വകാര്യ മേഖലയ്ക്കു വായ്പെടുക്കാന്‍ പ്രയാസങ്ങള്‍ നേരിടും. പലിശ നിരക്ക് ഉയരാം.

പക്ഷേ ഇന്നത്തെ സ്ഥിതിയില്‍ കോര്‍പ്പറേറ്റുകള്‍ തന്നെ ആവശ്യപ്പെടുന്നത് സര്‍ക്കാര്‍ കൂടുതല്‍ മുതല്‍മുടക്കണം എന്നാണ്. ജനങ്ങള്‍ക്ക് ആനുകൂല്യങ്ങളോ സഹായങ്ങളോ നല്‍കാനല്ല, പശ്ചാത്തലസൗകര്യങ്ങളില്‍ സര്‍ക്കാരിന്റെ മുതല്‍മുടക്ക് ഗണ്യമായിട്ട് ഉയര്‍ത്തണം.

ഇതു സ്വകാര്യ നിക്ഷേപത്തെ പുറന്തള്ളുകയല്ല, ആകര്‍ഷിക്കുകയാണു ചെയ്യുക. ഇതാണ് പല സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. നിര്‍മ്മല സീതാരാമന് ഈ യുക്തി ഒട്ടും പിടികിട്ടിയിട്ടില്ല.

(ചിന്ത വാരികയിൽ നിന്ന്)
 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top