26 April Friday

മോദിയുടെ 10 ലക്ഷം തൊഴില്‍ പ്രഖ്യാപന പ്രഹസനം...ഡോ. ടി എം തോമസ് ഐസക് എഴുതുന്നു

ഡോ. ടി എം തോമസ് ഐസക്Updated: Tuesday Jun 21, 2022

അടുത്ത 18 മാസംകൊണ്ട് 10 ലക്ഷം ജീവനക്കാരെ സര്‍ക്കാരിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന മോദിയുടെ പ്രഖ്യാപനം മാധ്യമങ്ങളില്‍ വലിയ തലക്കെട്ടു നേടി. 18 മാസം കഴിഞ്ഞാല്‍ എന്താണു സംഭവിക്കുക? ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയമായി. വിലക്കയറ്റവും തൊഴിലില്ലായ്മയും വര്‍ഗീയ ചേരിതിരിവുകൊണ്ട് മറച്ചുവയ്ക്കാന്‍ പറ്റാത്ത പ്രതിസന്ധിയായി രൂപംകൊണ്ടിരിക്കുന്നു എന്നതിന്റെ സാക്ഷ്യപത്രമാണ് ഈ പ്രഖ്യാപനം.

ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് മുഖലേഖനത്തില്‍ വ്യക്തമാക്കുന്നതുപോലെ കഴിഞ്ഞ എട്ടുവര്‍ഷം പിന്തുടര്‍ന്ന തൊഴില്‍ നയത്തില്‍ നിന്നുള്ള പിന്നോക്കം പോക്കാണിത്.

നിയോലിബറലിസത്തിന്റെ കാതലായ നിലപാടുകളിലൊന്ന് സര്‍ക്കാരിന്റെ വലിപ്പം വെട്ടിച്ചുരുക്കല്‍  ആണ്. 2014ല്‍ മോദി അധികാരത്തില്‍ വരുമ്പോള്‍ നികത്താതെ കിടന്നിരുന്ന സര്‍ക്കാര്‍ ഒഴിവുകള്‍ 4.2 ലക്ഷമായിരുന്നു. മോദിയുടെ എട്ടുവര്‍ഷംകൊണ്ട് അത് ഇരട്ടിയിലേറെ വര്‍ദ്ധിച്ചു.

നിയോലിബറലിസത്തിന്റെ കാതലായ നിലപാടുകളിലൊന്ന് സര്‍ക്കാരിന്റെ വലിപ്പം വെട്ടിച്ചുരുക്കല്‍ (down- sizing) ആണ്. 2014ല്‍ മോദി അധികാരത്തില്‍ വരുമ്പോള്‍ നികത്താതെ കിടന്നിരുന്ന സര്‍ക്കാര്‍ തസ്തികകള്‍ 4.2 ലക്ഷമായിരുന്നു. മോദിയുടെ എട്ടുവര്‍ഷംകൊണ്ട് അത് ഇരട്ടിയിലേറെ വര്‍ദ്ധിച്ചു. പാര്‍ലമെന്റില്‍ ചോദ്യത്തിന് ഉത്തരമായി നല്‍കിയ കണക്കു പ്രകാരം 2020 മാര്‍ച്ച് 1ന് ഇത് 9 ലക്ഷം വരുമായിരുന്നു. 

ഇതിനുശേഷമുള്ള രണ്ടുവര്‍ഷത്തെ കണക്കുകള്‍കൂടി ചേര്‍ത്താല്‍ ചുരുങ്ങിയത് 11 ലക്ഷം തസ്തികകള്‍ സര്‍ക്കാരില്‍ നികത്താതെ ഒഴിഞ്ഞുകിടക്കുകയാണ്. 40 ലക്ഷം അനുവദിക്കപ്പെട്ട തസ്തികകള്‍ ഉള്ളതില്‍ നാലിലൊന്ന് ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയാണ്. ഇത് യാദൃച്ഛികമായി സംഭവിച്ചതല്ല. വളരെ വ്യക്തമായ നയത്തിന്റെ ഫലമാണ്.

തൊഴിലവസരങ്ങള്‍ കുറയുന്നു

മേല്‍പ്പറഞ്ഞത് സര്‍ക്കാര്‍ ഉദ്യോഗങ്ങളെക്കുറിച്ചാണ്. തസ്തികകള്‍ വെട്ടിച്ചുരുക്കല്‍ മാത്രമല്ല, നിലവിലുള്ള തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നുമില്ല. പൊതുമേഖലാ കമ്പനികളിലെയും തൊഴിലവസരങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സ്വകാര്യവല്‍ക്കരണം വലിയ തോതില്‍ തൊഴില്‍ നഷ്ടപ്പെടുന്നതിലേക്ക് എത്തിച്ചു. ഇതിന്റെ ഫലമായി സംഘടിത മേഖലയെടുത്താല്‍ നിയോലിബറല്‍ കാലത്ത് പൊതുമേഖലകളുടെ പങ്ക് സ്വകാര്യമേഖലയേക്കാള്‍ താഴ്ന്നു. സ്വകാര്യമേഖലയിലെ തൊഴിലവസര വര്‍ദ്ധനയുടെ വേഗതയും ഇടിഞ്ഞു. അസംഘടിത മേഖലയിലെ സ്ഥിതി ഇതിനേക്കാള്‍ പരിതാപകരമാണ്.

റിസര്‍വ് ബാങ്കിന്റെ കണക്കു പ്രകാരം 1980-81 മുതല്‍ 1990-91 വരെയുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിനു മുമ്പുള്ള പതിറ്റാണ്ടില്‍ തൊഴിലവസരങ്ങള്‍ പ്രതിവര്‍ഷം 2.02 ശതമാനം വീതം വളര്‍ന്നു. ഇത് ഏതാണ്ട് ജനസംഖ്യാ വര്‍ധനവിന് ഒപ്പം വരും. എന്നാല്‍ സാമ്പത്തിക വളര്‍ച്ചയുടെ വേഗത വര്‍ദ്ധിച്ചപ്പോള്‍ തൊഴിലവസര വര്‍ദ്ധന ഒപ്പം ഉയര്‍ന്നില്ലെന്നു മാത്രമല്ല താരതമ്യേന താഴുകയാണു ചെയ്തത്.

പരിഷ്കാരത്തിന്റെ ആദ്യ പതിറ്റാണ്ടായ 1991-92/1999-00 കാലത്ത് തൊഴിലവസര വര്‍ധനവ് പ്രതിവര്‍ഷം 1.54 ശതമാനമായി ചുരുങ്ങി. പക്ഷേ, 1999- 00/2009- 10 കാലയളവില്‍ തൊഴിലവസര വര്‍ധന 1.47 ശതമാനമായി വീണ്ടും കുറഞ്ഞു. 2009-10 മുതല്‍ 2017-18 വരെയുള്ള കാലമെടുത്താല്‍ ദേശീയ തൊഴിലവസര വര്‍ധനവ് നാമമാത്രമായിരുന്നു  പ്രതിവര്‍ഷം 0.03 ശതമാനം വീതം. അങ്ങനെ നിയോലിബറല്‍ നയങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നതു തൊഴില്‍രഹിത വളര്‍ച്ചയുടെ ഘട്ടത്തിലാണ്. 

തൊഴിലില്ലായ്മ പെരുകുന്നു

ഇതിന്റെ ഫലമായി ഔദ്യോഗിക കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മ പെരുകിക്കൊണ്ടിരിക്കുകയാണ്. 1972-73ല്‍ അഖിലേന്ത്യാ തൊഴിലില്ലായ്മ നിരക്ക് 1.25 ശതമാനമായിരുന്നു. പരിഷ്കാരങ്ങള്‍ ആരംഭിക്കുമ്പോള്‍ തൊഴിലില്ലായ്മ നിരക്ക് 2.85 ശതമാനമായി ഉയര്‍ന്നു. പിന്നീട് മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ ഏതാണ്ട് ഈ നിലയില്‍ തൊഴിലില്ലായ്മ നിരക്ക് തത്തിക്കളിച്ചു നിന്നു. എന്നാല്‍ 2017-18ല്‍ തൊഴിലില്ലായ്മ നിരക്ക് 6.55 ശതമാനമായി ഉയര്‍ന്നു. ഇതു മറച്ചുവയ്ക്കാന്‍ കുറച്ചുനാള്‍ ഈ കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തയ്യാറായില്ല. ഇപ്പോള്‍ ലഭ്യമായിട്ടുള്ള സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ കണക്കു പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ 7.4 ശതമാനം ആണ്. ഇത് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ്.

ഇതൊക്കെ പറയുമ്പോഴും പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. 2017-18നെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വളരെ താഴ്ന്നതാണല്ലോ. എന്തുകൊണ്ട്? ഇതിനു കാരണം ഇന്ത്യന്‍ സമ്പദ്ഘടനയുടെ അനൗപചാരിക സ്വഭാവമാണ്. 90 ശതമാനത്തിലേറെ ആളുകള്‍ അസംഘടിത മേഖലയിലാണു ജോലി ചെയ്യുന്നത്. ഈ മേഖലയില്‍ തുറന്ന തൊഴിലില്ലായ്മ താരതമ്യേന കുറവായിരിക്കും. തൊഴില്‍ കുറഞ്ഞാലും ഉള്ള തൊഴില്‍ കൂടുതല്‍ പേര്‍ക്കിടയില്‍ പങ്കുവയ്ക്കപ്പെടുന്നതിനാണു ശ്രമിക്കുക. തൊഴിലില്ലാത്തവരുടെ എണ്ണത്തേക്കാള്‍ തൊഴിലുള്ളവരുടെ തൊഴില്‍ ദിവസങ്ങളാണ് കൂടുതല്‍ പ്രസക്തം. അസംഘടിത മേഖലയിലെ തൊഴില്‍ദിനങ്ങള്‍ കുറഞ്ഞുവരുന്നൂവെന്നുള്ളതാണ് ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തൊഴില്‍ പങ്കാളിത്തം ഇടിയുന്നു

ഇപ്രകാരം തൊഴിലില്ലായ്മ തുടര്‍ച്ചയായി ഉയര്‍ന്നപ്പോള്‍ പലരും തൊഴില്‍ നേടാനുള്ള പരിശ്രമത്തില്‍ നിന്നു തന്നെ പിന്മാറി. ഇതിന്റെ ഫലമായി ഇന്ത്യയുടെ തൊഴില്‍പങ്കാളിത്ത നിരക്ക് ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ ഇടിയാന്‍ തുടങ്ങി. 15-60 വയസിന് ഇടയിലുള്ളവരില്‍ ഇന്ത്യയില്‍ 1977-78ല്‍ 42.3 ശതമാനം പേര്‍ തൊഴില്‍ ചെയ്തിരുന്നെങ്കില്‍ 2017-18 ആയപ്പോള്‍ ഇവര്‍ 34.7 ശതമാനമായി കുറഞ്ഞു. ലോകബാങ്കിന്റെ കണക്കുകളും ഇതിനെ ശരിവയ്ക്കുന്നതാണ്.

ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ഒഴിവുകള്‍ പൂര്‍ത്തീകരിക്കാതെ കിടക്കുന്നതിനെതിരെ യുവജനങ്ങളുടെ ഇടയില്‍ വലിയരോഷം പതഞ്ഞു പൊങ്ങുന്നുണ്ട്. ഇതിനു തെളിവാണ് സമീപകാലത്ത് ബീഹാറിലുണ്ടായ യുവജന ലഹള. 10 ലക്ഷം പേര്‍ക്ക് അടിയന്തരമായി തൊഴില്‍ നല്‍കുമെന്ന പ്രഖ്യാപനത്തെ ഈ പശ്ചാത്തലത്തിലാണു വിലയിരുത്തേണ്ടത്.

സാധാരണഗതിയില്‍ റിക്രൂട്ടിങ് ഏജന്‍സികള്‍ക്കു പ്രതിവര്‍ഷം ഒരുലക്ഷം വീതം നിയമനങ്ങള്‍ നടത്തുന്നതിനുള്ള ശേഷിയാണുള്ളത്. അവിടെയാണ് 10 ലക്ഷം നിയമനം നടത്തുമെന്ന പ്രഖ്യാപനം. അതുകൊണ്ട് ഈ പ്രഖ്യാപനം മറ്റൊരു മോദി പ്രഹസനം ആകുന്നതിനാണു സാധ്യത. അതുകൊണ്ടായിരിക്കണം മാതൃഭൂമി പത്രം എഡിറ്റോറിയല്‍ തലവാചകമായി 'ഒഴിവുകള്‍ നികത്തണം വാക്കുപാലിക്കണം' എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

(ചിന്ത വാരികയിൽനിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top