27 April Saturday

സാമ്പത്തിക ഞെരുക്കത്തിനു കാരണം കടബാധ്യതയോ, കേന്ദ്ര സര്‍ക്കാരോ?...തോമസ് ഐസക് എഴുതുന്നു

ഡോ. ടി എം തോമസ് ഐസക്Updated: Thursday Jan 12, 2023

സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി അട്ടിമറിക്കുന്നതിനുള്ള കേന്ദ്ര ഗൂഢാലോചനയ്ക്കു ചൂട്ടുപിടിക്കുകയാണ് ചില മാധ്യമങ്ങളും സാമ്പത്തിക വിദഗ്ധരും. കേന്ദ്രസര്‍ക്കാരല്ല ഇന്നത്തെ പ്രതിസന്ധിക്ക് ഉത്തരവാദി, മറിച്ച് കടത്തോടുള്ള കമ്പവും നികുതിപിരിവിലെ വീഴ്ചയുമാണ് ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം എന്നാണ് അവര്‍ വാദിക്കുന്നത്.  ഇതിന് ഒന്നാന്തരം ഉദാഹരണമാണ് മലയാള മനോരമ പത്രം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സാമ്പത്തിക പരമ്പര.

കേരളം കടെ്ക്കണിയിൽ ആണെന്നു കാട്ടി മനോരമ നൽകിയ ഇൻഫോഗ്രാഫിക്‌

കേരളം കടെ്ക്കണിയിൽ ആണെന്നു കാട്ടി മനോരമ നൽകിയ ഇൻഫോഗ്രാഫിക്‌

തങ്ങളുടെ വാദത്തിനു തെളിവായി കേരള സംസ്ഥാനത്തിന്‍റെ കടത്തിലുണ്ടായ വര്‍ദ്ധനയുടെ ഇന്‍ഫോഗ്രാഫിക് ചിത്രം നല്‍കിയിട്ടുള്ളത് ഈ പേജില്‍ വായനക്കാരുടെ അറിവിലേക്കു നല്‍കുന്നു. ഈ ചിത്രത്തില്‍നിന്ന് അവര്‍ എത്തിച്ചേരുന്ന നിഗമനം ഇതാണ്:

'കഴിഞ്ഞ 25 വര്‍ഷംകൊണ്ട് കേരളത്തിന്‍റെ പൊതുകടത്തില്‍ 3 ലക്ഷംകോടി രൂപയുടെ വര്‍ധന!  അതായത് അഞ്ച് സര്‍ക്കാരുകള്‍ മാറിമാറി കേരളം ഭരിച്ചപ്പോള്‍  1996ലെ കടം 13 ഇരട്ടിയായി പെരുകി.  ഇന്നും റിസര്‍വ് ബാങ്കില്‍നിന്നും കേരളം കടമെടുക്കുകയാണ്, 2603 കോടി രൂപ. രണ്ടാം പിണറായി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തിന്‍റെ പൊതുകടം 4 ലക്ഷം കോടിയായി ഉയര്‍ന്നേക്കും'.

വരുമാനവും ഇരട്ടിച്ചാല്‍ പോരേ?

മനോരമയ്ക്കു പറ്റിയ ആദ്യത്തെ തെറ്റ് ഇവിടെയാണ്: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലാവധി കഴിയുമ്പോള്‍ പൊതുകടം 4 ലക്ഷം കോടി രൂപയല്ല. ഏതാണ്ട് 6 ലക്ഷം കോടി രൂപയോളം വരും. അതുകൊണ്ട് ഒരു കെടുതിയും കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നില്ല. കാരണം, അപ്പോഴേക്കും കേരള സംസ്ഥാന ജിഡിപി, ഏതാണ്ട് ഇരട്ടിയാകുമെന്നു തീര്‍ച്ചയാണ്. 

202021ല്‍ കേരള സംസ്ഥാന ജിഡിപി 9 ലക്ഷം കോടി രൂപയാണ്. അത് 18 ലക്ഷം കോടി രൂപയായിട്ടെങ്കിലും 202526ല്‍ ഉയരും.  അപ്പോള്‍ പിന്നെ എന്താണു പ്രശ്നം? സംസ്ഥാന വരുമാനത്തിന്‍റെ ശതമാനമായി കണക്കാക്കിയാല്‍ കടബാധ്യതയില്‍ ഒരു വര്‍ദ്ധനയും ഉണ്ടാവില്ല. കടബാധ്യതയെ ദേശീയവരുമാനവുമായി ബന്ധപ്പെടുത്താതെ പൊലിപ്പിച്ചു പറഞ്ഞ് ആളുകളെ വിരട്ടാന്‍ നോക്കുകയാണു മനോരമ.

ഉമ്മന്‍ചാണ്ടി  എ.കെ. ആന്‍റണി ഭരണം 2006ല്‍ അവസാനിച്ചപ്പോള്‍ സംസ്ഥാനകടം ജിഡിപിയുടെ 39 ശതമാനമായിരുന്നു. ഇതു പിന്നീട് കുറഞ്ഞുവന്നു. ഇപ്പോള്‍ മനോരമ കണക്കിലെ കസര്‍ത്തുകൊണ്ട് നമ്മളെയൊക്കെ വിഭ്രമിപ്പിക്കാന്‍ ശ്രമിക്കുന്നകാലത്ത്  കോവിഡും മഹാപ്രളയവും എല്ലാം ഉണ്ടായിട്ടും 2021ല്‍ നമ്മുടെ കടം സംസ്ഥാന ജിഡിപിയുടെ 37 ശതമാനമേ ആയുള്ളൂ. വെറുതേ മനുഷ്യരെ പറഞ്ഞ് ഭ്രാന്തുപിടിപ്പിക്കല്ലേ മനോരമേ.

ഇന്‍ഫോഗ്രാഫിക്കുകള്‍ ദുരുപയോഗിച്ച് എങ്ങനെ വസ്തുതകളെ വളച്ചൊടിക്കാമെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് മനോരമയുടെ ഈ ചിത്രകഥ. സ്ഥിതിവിവര കണക്കുകള്‍ ഉപയോഗിച്ച് എന്തു ചെയ്യാന്‍ പാടില്ലായെന്നതു കുട്ടികളെ പഠിപ്പിക്കാന്‍ എക്കാലത്തും ഇതു നല്ല ഉദാഹരണമായിരിക്കും.

അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഇരട്ടിക്കുന്ന കടം

പിണറായി വിജയന്‍ സര്‍ക്കാരിനെ താറടിക്കാന്‍ ഉണ്ടാക്കിയിരിക്കുന്ന ചിത്രകഥയില്‍ മനോരമ അറിയാതെ പറഞ്ഞുപോകുന്ന ഒരു സത്യമുണ്ട്.

കേരള സംസ്ഥാനത്തിന്‍റെ കടം എല്ലാ 5 വര്‍ഷം കൂടുമ്പോഴും ഏതാണ്ട് ഇരട്ടിക്കുന്നു. 2001ല്‍ ഇ കെ നായനാര്‍ ഭരണം അവസാനിക്കുമ്പോള്‍ കേരളത്തിന്‍റെ കടം 25,754 കോടി രൂപയായിരുന്നു. 2005ല്‍ എ.കെ. ആന്‍റണി  ഉമ്മന്‍ചാണ്ടി ഭരണം അവസാനിച്ചപ്പോള്‍, ഇത് ഏതാണ്ട് ഇരട്ടിയായി, 47,940 കോടി രൂപയായി വര്‍ധിച്ചു.

വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ ഭരണം അവസാനിച്ചപ്പോള്‍ ഏതാണ്ട് ഇരട്ടിയായി ഇത് വര്‍ധിച്ച് 82,486 കോടി രൂപയായി.  ഉമ്മന്‍ചാണ്ടി അത്  2016 ആയപ്പോഴേക്കും ഇരട്ടിപ്പിച്ച് 1.60 ലക്ഷം കോടി രൂപയാക്കി. ഇതാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ഭരണം അവസാനിച്ചപ്പോള്‍ 3.35 ലക്ഷം കോടി രൂപയായത്.

പ്രതിപക്ഷത്തിന്‍റെ ഒരു മുഖ്യആരോപണം 1957 മുതല്‍ 2016 വരെ എടുത്തുകൂട്ടിയ കടത്തേക്കാള്‍ കൂടുതല്‍ ബാധ്യത പിണറായി സര്‍ക്കാര്‍ 5 വര്‍ഷംകൊണ്ട് ഉണ്ടാക്കിയെന്നാണ്.

 മാറിമാറിവന്ന എല്ലാ സര്‍ക്കാരുകളുടെ കാലത്തും ഇതാണ് സംഭവിച്ചിട്ടുള്ളത് എന്നു ഞാന്‍ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. എന്തോ, അത് ഇതുവരെ ഏശിയില്ല. എന്നാല്‍ ഉദ്ദേശ്യശുദ്ധി വേറെയാണെങ്കിലും മനോരമ ഒരു ചിത്രകഥയിലൂടെ ആളുകളെ എന്‍റെ വാദം പറഞ്ഞു മനസ്സിലാക്കിക്കൊടുത്തിട്ടുണ്ട്.

കേരളം മുടിഞ്ഞോ അതോ കുതിച്ചോ?

ഇങ്ങനെ കടം വാങ്ങിയതിന്‍റെ ഫലമായി കേരളം കടംകൊണ്ടു മുടിഞ്ഞോ എന്നതാണു പ്രസക്തമായ ചോദ്യം. മുടിഞ്ഞില്ലെന്നു മാത്രമല്ല കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ച ഈ കാലയളവില്‍ കുതിച്ചുയരുകയും ചെയ്തു.1961 മുതല്‍ 1987 വരെയുള്ള കാലയളവില്‍ കേരള സമ്പദ്ഘടന വളര്‍ന്നതു പ്രതിവര്‍ഷം 2.93 ശതമാനം വീതമാണ്.

എന്നാല്‍ 1988 മുതല്‍ 2018 വരെയുള്ള കാലയളവില്‍ കേരളം വളര്‍ന്നതു പ്രതിവര്‍ഷം 6.71 ശതമാനം വീതമാണ്. പ്രതിശീര്‍ഷവരുമാന വളര്‍ച്ചയാകട്ടെ 1988 നു മുന്‍പ് 0.99 ശതമാനം ആയിരുന്നത് 6.0 ശതമാനമായി ഉയര്‍ന്നു. കേരളത്തിന്‍റെ പ്രതിശീര്‍ഷവരുമാനം ദേശീയശരാശരിയുടെ 25 ശതമാനം താഴ്ന്നുനിന്നത് 50 ശതമാനം മുകളിലായി. കടം പറഞ്ഞുപറഞ്ഞ് കേരളം തകര്‍ന്നുവെന്നു  മനോരമകഥാകാരന്‍ പറയുന്ന കാലയളവില്‍ കേരളം കടുത്ത സാമ്പത്തിക മുരടിപ്പില്‍നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുകയാണു ചെയ്തത്.  

ധനഉത്തരവാദിത്വ നിയമം

എന്തുകൊണ്ടാണ് സര്‍ക്കാരുകള്‍ മാറിമാറിവരുമ്പോള്‍, കേരളത്തിന്‍റെ കടബാധ്യത ഏതാണ്ട് ഒരേവേഗതയില്‍ 5 വര്‍ഷം കൂടുമ്പോള്‍ ഏകദേശം ഇരട്ടിയായി വളരുന്നത്? ഇതിനു കാരണം സംസ്ഥാനത്തിനു വായ്പ എടുക്കണമെങ്കില്‍ കേന്ദ്രത്തിന്‍റെ മുന്‍കൂര്‍ അനുമതിവേണം.

കേന്ദ്രമാവട്ടെ സംസ്ഥാന ആഭ്യന്തര വരുമാനത്തിന്‍റെ 3 ശതമാനത്തിനപ്പുറം വായ്പയെടുക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കുകയും ഇല്ല. അതുകൊണ്ട് ഒരു സംസ്ഥാനവും കടംകയറി മുടിയില്ല. പ്രത്യേകിച്ച് സംസ്ഥാന ജി.ഡി.പി ദേശീയശരാശരിയുടെ വേഗതയിലെങ്കിലും വളര്‍ന്നുകൊണ്ടിരുന്നാല്‍ ഒരിക്കലും അതു സംഭവിക്കില്ല.

ഒരു രാജ്യത്തിന്‍റെയോ, സംസ്ഥാനത്തിന്‍റെയോ കടം താങ്ങാവുന്നതാണോ അല്ലെങ്കില്‍ സുസ്ഥിരമാണോയെന്നു കണക്കാക്കുന്നതിനു സാമ്പത്തികശാസ്ത്രത്തില്‍ കൃത്യമായ ഫോര്‍മുലകളുണ്ട്.  ഡൊമെര്‍ എന്ന സാമ്പത്തികശാസ്ത്രജ്ഞന്‍റെ പേരിലാണ് ഈ സൂത്രവാക്യം അറിയപ്പെടുന്നത്. അതുപ്രകാരം,  എടുക്കുന്ന വായ്പയുടെ പലിശനിരക്ക് ജിഡിപിയുടെ വളര്‍ച്ചാനിരക്കിനേക്കാള്‍ താഴ്ന്നതാണെങ്കില്‍ കടം താങ്ങാവുന്നതാണ്.1988 മുതലുള്ള കാലയളവ് എടുത്താല്‍ കോവിഡ് കാലമൊഴികെ ഏതാണ്ട് എല്ലാവര്‍ഷവും സാമ്പത്തികവളര്‍ച്ച വായ്പാ പലിശനിരക്കിനേക്കാള്‍ എത്രയോ ഉയര്‍ന്നതാണ്.

ഇതിനു ബദലായി ചിലര്‍ വാദിക്കുക കേരളത്തിലെ സാമ്പത്തികക്കുതിപ്പിനു കാരണം ഗള്‍ഫ് പണവരുമാനമാണെന്നാണ്. കാരണം എന്തുതന്നെയും ആകട്ടെ കേരളത്തിന്‍റെ കടബാധ്യത സംസ്ഥാന സമ്പദ്ഘടനയ്ക്കു താങ്ങാന്‍ ആവുന്നതാണെന്നു സമ്മതിച്ചാല്‍ മതി.

കിഫ്ബിയുടെ വികസനതന്ത്രം

എന്നാല്‍ വികസനം സംബന്ധിച്ച് ഗൗരവമായ മറ്റൊരു കാര്യം ഈ ഘട്ടത്തില്‍ ഉയരുന്നുണ്ട്.  എന്തുകൊണ്ട് ഗള്‍ഫ് പണം സേവനമേഖലകള്‍ വിട്ടു വ്യവസായമേഖലയ്ക്ക് ഉത്തേജകമായില്ല? ഇതിലൂടെ മാത്രമേ കേരള സമ്പദ്ഘടനയുടെ അടിത്തറയെ സുസ്ഥിരമാക്കാന്‍പറ്റൂ.

കേരളത്തിലെ നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകപങ്ക് പശ്ചാത്തലസൗകര്യ വികസനത്തിനുണ്ട്. എന്നാല്‍ അതിനാവശ്യമായ പണം സംസ്ഥാന ബജറ്റില്‍നിന്നു കണ്ടെത്തണമെന്നു തീരുമാനിച്ചാല്‍ ഒന്നോരണ്ടോ പതിറ്റാണ്ടു വേണ്ടിവരും ആവശ്യമായ പണം സ്വരൂപിക്കാന്‍.

അതുവരെ കാത്തിരിക്കണമോ അതോ കിഫ്ബി എന്ന പൊതുമേഖലാസ്ഥാപനം വഴി വായ്പയെടുത്ത് ഈ അനിവാര്യ മൂലധനനിക്ഷേപം യാഥാര്‍ഥ്യമാക്കണമോ? കേരള സര്‍ക്കാര്‍ തീരുമാനിച്ചതു നൂതനമായ ഈ വിദ്യയിലൂടെ കേരളത്തിന്‍റെ പശ്ചാത്തല പിന്നാക്കാവസ്ഥ പരിഹരിക്കണം എന്നാണ്.

ഈ മാര്‍ഗം സമാനതകളിലാത്ത സാമ്പത്തികചലനങ്ങളാണ് കേരളത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് കേന്ദ്രസര്‍ക്കാരും കേരളത്തിലെ പിന്തിരിപ്പന്മാരും കിഫ്ബിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.

കിഫ്ബി എന്ന പൊതുമേഖലാസ്ഥാപനം എടുക്കുന്ന വായ്പ സംസ്ഥാന സര്‍ക്കാരിന്‍റെ വായ്പയായി കണക്കാക്കി നടപ്പുവര്‍ഷത്തെ സാധാരണഗതിയിലുള്ള വായ്പ വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കത്തെ പരസ്യമായി പിന്തുണയ്ക്കുന്ന ആദ്യത്തെ മലയാള മാധ്യമമായി മനോരമ മാറിയിരിക്കുകയാണ്.   

കേരളത്തോടു വിവേചനം

സിപിഐ എമ്മിന്‍റെ ഗൃഹസന്ദര്‍ശന ക്യാമ്പയിന്‍

സിപിഐ എമ്മിന്‍റെ ഗൃഹസന്ദര്‍ശന ക്യാമ്പയിന്‍

മനോരമ ലേഖകന്‍ എപ്പോഴെങ്കിലും 201920ലെ കേന്ദ്ര സര്‍ക്കാര്‍ ധനഉത്തരവാദിത്വനിയമം പാലിച്ചതു സംബന്ധിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ട് ഒന്നു വായിക്കുക. കിഫ്ബി ചെയ്തതുപോലെ ദേശീയപാതാ അതോറിട്ടി തുടങ്ങിയവയെ ഉപയോഗപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ കടമെടുത്തതു മൂന്നുലക്ഷത്തില്‍പരം കോടി രൂപയാണ്.

പക്ഷേ, ഇതു കേന്ദ്രസര്‍ക്കാരിന്‍റെ വായ്പയായി ആരെങ്കിലും കണക്കില്‍പ്പെടുത്തുന്നുണ്ടോ? എന്തുകൊണ്ട് കേരളത്തോട് ഇരട്ടത്താപ്പ്? ഉത്തരം ലളിതമാണ്. കേരളത്തിന്‍റെ വികസനമാര്‍ഗ്ഗം അട്ടിമറിക്കുക. ഇതിനെതിരായി ശക്തമായ ജനകീയപ്രതിരോധം ഉയര്‍ത്തുന്നതിനാണ് സിപിഐ എമ്മിന്‍റെ ഗൃഹസന്ദര്‍ശന ക്യാമ്പയിന്‍ കഴിഞ്ഞാല്‍, കേന്ദ്രവിരുദ്ധപ്രക്ഷോഭം ആരംഭിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ വിവേചനത്തിനെതിരെ ജനങ്ങളെ അണിനിരത്തുക മാത്രമല്ല കേരളത്തിന്‍റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നിയമപരമായ നടപടികളും സ്വീകരിക്കും.

നടപ്പുവര്‍ഷത്തെ കടമെടുപ്പ്

ആസന്നമായ ഈ ഏറ്റുമുട്ടലില്‍ കേരളത്തിന്‍റെ ഉത്തമതാത്പര്യങ്ങള്‍ക്കെതിരെ ജനങ്ങളില്‍ ആശയക്കുഴപ്പവും, ആശങ്കകളും സൃഷ്ടിക്കാനാണ് മനോരമപോലുള്ള മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇതിന്‍റെ ഉത്തമഉദാഹരണമാണ് 'കടമെടുപ്പ് ഈ സാമ്പത്തികവര്‍ഷം ഇതുവരെ' എന്ന തലക്കെട്ടില്‍ 15 തവണകളായി ഈ വര്‍ഷം എടുത്ത 24,039 കോടി രൂപയുടെ നീണ്ടപട്ടിക നല്‍കിയിരിക്കുന്നത്.

സാധാരണഗതിയില്‍ എല്ലാവര്‍ഷവും നടക്കാറുള്ള വാര്‍ഷികകടമെടുപ്പ് ഗഡുക്കളെ എന്തോ വലിയ അപസര്‍പ്പക അന്വേഷണ റിപ്പോര്‍ട്ട് എന്ന മട്ടിലാണ് മനോരമ അവതരിപ്പിക്കുന്നത്. 'റിസര്‍വ് ബാങ്കിന്‍റെ കടമെടുപ്പ് രേഖകളെ അവലംബി'ച്ചാണത്രേ ഈ കണക്ക്.  നടപ്പുവര്‍ഷത്തില്‍ കേരള സര്‍ക്കാരിന് 36,000 കോടി രൂപയോളം വായ്പയെടുക്കാന്‍ അവകാശമുണ്ട്. അതു വെട്ടിക്കുറച്ച് 26,000 കോടി രൂപയില്‍ താഴെമാത്രം വായ്പ പരിമിതപ്പെടുത്തിയതാണ് ഇപ്പോഴത്തെ ധനകാര്യ ഞെരുക്കത്തിനു കാരണം. സന്തോഷംകൊണ്ട് എനിക്ക് ഇരിക്കാന്‍വയ്യേ എന്ന മട്ടിലാണു മനോരമയുടെ ആഹ്ലാദം.

(ചിന്ത വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top