27 November Sunday

ട്രഷറി പ്രതിസന്ധിയിലെന്ന പ്രതീതി സൃഷ്ടിക്കാന്‍ മാധ്യമ കോലാഹലം-ഡോ. ടി എം തോമസ് ഐസക്എഴുതുന്നു

ഡോ. ടി എം തോമസ് ഐസക്Updated: Thursday Sep 29, 2022

ഇത്തവണത്തെ ഓണം വേറിട്ടൊരു അനുഭവമായിരുന്നു. കോവിഡ് മഹാമാരിയില്‍ നിന്നുള്ള ഈ തിരിച്ചുവരവ് മലയാളികളെല്ലാം തിമിര്‍ത്ത് ആഘോഷിച്ചു.

ഓണം ഹിന്ദു ഉത്സവമാണെന്ന ആര്‍എസ്എസ് പ്രചാരണത്തിനും തങ്ങള്‍ക്കു ഹറാമാണെന്ന ജമാ അത്തെ ഇസ്ലാമിക്കാരുടെ മുന്നറിയിപ്പുകള്‍ക്കുമൊന്നും ഒരു വിലയും മലയാളികള്‍ കല്‍പ്പിച്ചില്ല.

സാമ്പത്തിക ഞെരുക്കമൊക്കെ ഉണ്ടെങ്കിലും കേരള സര്‍ക്കാര്‍ മുന്‍കാലങ്ങളിലെന്നപോലെ കൈയയച്ചു സഹായിച്ചതും ഒരു പ്രധാന ഘടകമായിരുന്നു. ഒരുപക്ഷേ അതുകൊണ്ടാവാം ഓണം കഴിഞ്ഞതുമുതല്‍ മാധ്യമങ്ങള്‍ ഏതാണ്ട് ഏകകണ്ഠമായി എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ദുഷ്പ്രചാരണവുമായി ഇറങ്ങിയത്.

കേരള സര്‍ക്കാര്‍ കാണം വിറ്റും ഓണം ഉണ്ടു. കേരളത്തിന്റെ ഖജനാവ് കാലിയായി. റിസര്‍വ് ബാങ്കില്‍ നിന്നും 1600ല്‍പ്പരം കോടി രൂപ കൈവായ്പയെടുത്താണ് സര്‍ക്കാര്‍ തകരാതെ നില്‍ക്കുന്നത്.

എന്ന് ഓവര്‍ ഡ്രാഫ്റ്റിലായി എന്നത് നോക്കിയാല്‍ മതി. പിന്നെ അടുത്ത പടി ട്രഷറി പൂട്ടേണ്ടി വരും. ഇത് തടയാന്‍ സോഫ്ട്വെയറില്‍ രഹസ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ എന്തൊക്കെയായിരുന്നു പുകില്?

ഓവര്‍ ഡ്രാഫ്റ്റ്  ഒരു തിരിഞ്ഞുനോട്ടം

റിസര്‍വ് ബാങ്കില്‍ നിന്ന് അഡ്വാന്‍സ് എടുക്കുകയോ ഏതാനും ദിവസം ഓവര്‍ ഡ്രാഫ്റ്റില്‍ ആകുകയോ ചെയ്യുന്നത് അത്ര വലിയ മാനക്കേടായി കരുതേണ്ടകാര്യമൊന്നുമില്ല.2019-20ല്‍ ട്രഷറി 234 ദിവസം വെയ്സ് ആന്റ് മീന്‍സ് അഡ്വാന്‍സിലായിരുന്നു.

54 ദിവസം ഓവര്‍ ഡ്രാഫ്റ്റിലും. 2020-21ല്‍ 195 ദിവസം വെയ്സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സിലും 34 ദിവസം ഓവര്‍ ഡ്രാഫ്റ്റിലും. പ്രത്യേകിച്ച് ഒരു അപകടവും ഉണ്ടായില്ല. ആരും ഒന്നും അറിഞ്ഞതുമില്ല.

ഇത് യാദൃച്ഛികമായി സംഭവിച്ചതല്ല. നയപരമായ ഒരു തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിച്ചതാണ്. കോവിഡ് കാലത്ത് ജനങ്ങളുടെ വരുമാനം ഇല്ലാതായി. ജീവിതം പ്രതിസന്ധിയിലായി.

എന്തുണ്ടായാലും ജനങ്ങളെ സഹായിച്ചേതീരു. കേന്ദ്ര സര്‍ക്കാരും ഇന്ത്യയിലെ ഒട്ടെല്ലാ സംസ്ഥാന സര്‍ക്കാരുകളും ഇങ്ങനെയല്ല ചിന്തിച്ചത്.

ഇതിന്റെ ഫലമായി അതിഥി ത്തൊഴിലാളികള്‍ക്ക് അഭയാര്‍ത്ഥികളെ പോലെ തങ്ങളുടെ നാടുകളിലേക്ക് പാലായനം ചെയ്യേണ്ടി വന്നു. കോവിഡുമൂലം മരണമടഞ്ഞവരുടെ എണ്ണം 50 ലക്ഷം എങ്കിലും വരുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്.

മരിച്ചവര്‍ക്ക് ചിത ഒരുക്കാന്‍ പോലും പണമില്ലാത്തതുകൊണ്ട് കൂട്ടമായി എരിക്കുന്നതും അതുപോലും ചെയ്യാതെ നദിയില്‍ ഒഴുക്കുന്നതുമെല്ലാം നമ്മള്‍ കണ്ടു.

കേരളവും മറ്റു സംസ്ഥാനങ്ങളും

ഇത്തരം ഒരു ദുര്‍വിധി രാജ്യത്ത് ഉണ്ടായപ്പോള്‍ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളുടെ ട്രഷറികള്‍ എല്ലാം മിച്ചത്തില്‍ ആയിരുന്നു എന്നു പറഞ്ഞാല്‍ അവിശ്വസനീയമായി തോന്നാം. ഇതാണ് യാഥാര്‍ത്ഥ്യം.

ചില്ലറ തുകയല്ല. ഒന്നര ലക്ഷം കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരുകളുടെ ഖജനാവില്‍ 2020 മാര്‍ച്ചില്‍ മിച്ചമായി ഉണ്ടായിരുന്നത്.

ഈ ഒന്നര ലക്ഷം കോടി രൂപ ഇന്ത്യ സര്‍ക്കാരിന്റെ ബോണ്ടുകളില്‍ നിക്ഷേപിച്ച് റവന്യു കമ്മി കുറച്ചു നിര്‍ത്താനാണ് അവരുടെ നിയോ ലിബറല്‍ യുക്തി പ്രേരിപ്പിച്ചത്.

ഇത്തരം ഒരു സാമ്പത്തിക നയമല്ല കേരള സര്‍ക്കാര്‍ സ്വീകരിച്ചത്. അനുവദിക്കപ്പെട്ട വായ്പ മുഴുവന്‍ എടുത്തു. അതു മുഴുവന്‍ ജനങ്ങളുടെ സുരക്ഷയ്ക്കായി ചെലവഴിച്ചു.

എന്നിട്ട് കേരളത്തിന് അര്‍ഹതപ്പെട്ട വെയ്സ് ആന്റ് മീന്‍സ് അഡ്വാന്‍സും എടുത്തു.

പണം ഇല്ലായെന്നതുകൊണ്ട് ഒരു ആവശ്യവും വേണ്ടെന്ന് വെച്ചില്ല. വെയ്സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സും ഓവര്‍ ഡ്രാഫ്റ്റും പ്രശ്നമേയല്ല. അവയായിരുന്നില്ല അഭിമാന പ്രശ്നം. ജനങ്ങളുടെ സുരക്ഷയായിരുന്നു കേരളത്തിന്റെ അഭിമാനം.

സോഫ്ട്വെയറിലെ രഹസ്യപ്പണി

അതുകൊണ്ട് മനോരമ പത്രം ഒന്നാം പേജില്‍ എഴുതിയത് വായിച്ചപ്പോള്‍ തമാശയാണ് തോന്നിയത്. 'ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുന്നത് തടയാന്‍ ഈ തന്ത്രം പലവട്ടം പ്രയോഗിച്ചിരുന്നു..

ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോയെന്ന ചീത്തപ്പേര് ഒഴിവാക്കാന്‍ സോഫ്ട് വെയറില്‍ ക്രമീകരണം' ഏര്‍പ്പെടുത്തിയിരുന്നുപോലും. ആരുടെ ഭാവനയാണോ ഇത്.

എന്തായിരുന്നു നിര്‍ദ്ദേശം എന്ന് നിങ്ങള്‍ക്കു വേണമെങ്കില്‍ ഫിനാന്‍സ് സെക്രട്ടറിയോടുതന്നെ ചോദിക്കാം. കേരളം പരമാവധി വെയ്സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ് എടുക്കണമെന്നതായിരുന്നു നിര്‍ദ്ദേശം.

നിനച്ചിരിക്കാതെ നമ്മള്‍ ഓവര്‍ ഡ്രാഫ്റ്റില്‍ ആകാം എന്നതാണ് ഇതിന്റെ അപകടം. പക്ഷേ അത് പ്രശ്നമാക്കേണ്ടതില്ല. 14 ദിവസത്തിനുള്ള തിരിച്ച് പുറത്തുകടന്നാല്‍ മതിയല്ലോ. അതൊരു ചീത്തപ്പേരാണെങ്കില്‍ അത് സഹിച്ചുകൊള്ളാം.

മാത്രമല്ല വെയ്സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സിന് റിപ്പോ റേറ്റ് പലിശയേയുള്ളു. അതായത് അന്ന്
3.5 ശതമാനം. ഇത്ര താഴ്ന്ന പലിശയ്ക്കുള്ള 1400 കോടി രൂപ സര്‍ക്കാര്‍ എന്തിനു വേണ്ടെന്നുവയ്ക്കണം? കൂടാതെ ഇത്രയും വായ്പ എടുക്കാനുള്ള അവകാശം വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് നേടിയെടുത്തതാണ്.

അന്ന് കേരളത്തിന്റെ വെയ്സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ് പരിധി 600 കോടി രൂപയായിരുന്നു. സിങ്കിംഗ് ഫണ്ടിലേക്ക് ആ സര്‍ക്കാരിന്റെ കാലത്ത് എല്ലാ വര്‍ഷവും പണം നിക്ഷേപിച്ചതിന്റെ ഭാഗമായിട്ടാണ് ആനുപാതികമായി കൂടുതല്‍ വെയ്സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ് വായ്പ എടുക്കാനുള്ള അവകാശം കിട്ടിയത്.

അത് ഉപയോഗപ്പെടുത്തുന്നത് എന്തോ വലിയ അപരാധം എന്ന മട്ടിലാണ് ചില പത്രക്കാരുടെ എഴുത്ത്.

കേന്ദ്രത്തിന്റെ ഔദാര്യമോ?

ഇവയുടെ പൊള്ളത്തരം മനസ്സിലാക്കാന്‍ ഒരു വസ്തുത ഓര്‍ത്താല്‍ മതി. ഒരു രഹസ്യ നിരോധനവും ഇന്നും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. പക്ഷേ മാധ്യമങ്ങള്‍ പ്രതീക്ഷിച്ചതു പോലെ ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലുമായില്ല.

കാരണം ധനമന്ത്രി പറഞ്ഞതുപോലെ കേന്ദ്രത്തില്‍ നിന്നുള്ള റവന്യു കമ്മി ഗ്രാന്‍റ് ലഭിച്ചു. അതോടെ മാധ്യമക്കാര്‍ സൃഷ്ടിച്ച 'പ്രതിസന്ധി' ആവിയായി. ഒന്നും സംഭവിച്ചില്ല. സംഭ്രമജനകമായ വാര്‍ത്തകള്‍ സൃഷ്ടിച്ചവര്‍ക്കുള്ള ചമ്മല്‍ ചെറുതല്ല.

അതുകൊണ്ട് അവര്‍ പ്ലേറ്റൊന്നു മാറ്റിയിട്ടുണ്ട്. മാധ്യമം പത്രം ചെറിയൊരു സാമ്പിള്‍. 'കേന്ദ്രത്തിന്റെ 960 കോടിയെത്തി. ഓവര്‍ ഡ്രാഫ്റ്റില്‍ നിന്നും രക്ഷപ്പെട്ട് കേരളം'.
ഒരു മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ എഴുതിയ പോസ്റ്റിനു നല്‍കിയിരിക്കുന്ന ചിത്രം മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ കൈ പിടിച്ചു നില്‍ക്കുന്ന ചിത്രമാണ്.

സഹായത്തിനുള്ള ദയനീയ അഭ്യര്‍ത്ഥനയില്‍ കേന്ദ്രം കനിഞ്ഞത്രേ.

സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ ദയാദാക്ഷിണ്യത്തില്‍ കഴിയുന്നവരാണെന്ന പൊതുബോധ്യം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം വ്യാഖ്യാനങ്ങള്‍.

സൗകര്യത്തിനുവേണ്ടി കൂടുതല്‍ നികുതി പിരിക്കാനുള്ള അവകാശം കേന്ദ്രത്തിനാണു ഭരണഘടനയില്‍ നല്‍കിയത്. ഈ പിരിക്കുന്ന നികുതിയില്‍ ഒരു ഭാഗം സംസ്ഥാനങ്ങള്‍ക്കുള്ളതാണ്.

അത് എത്രയെന്നു നിശ്ചയിക്കാന്‍ അഞ്ച് വര്‍ഷംതോറും ധനകാര്യ കമ്മീഷനെ നിശ്ചയിക്കുന്നു. ധനകാര്യ കമ്മീഷന്റെ തീര്‍പ്പു പ്രകാരം കേരളത്തിനു കിട്ടേണ്ടുന്ന അര്‍ഹമായ തുകയാണ് 960 കോടി രൂപയുടെ റവന്യു കമ്മി ഗ്രാന്റ്.

ഫിനാന്‍സ് കമ്മീഷന്‍ ഗ്രാന്റ്, മുന്‍കാലങ്ങളില്‍ ശമ്പളവും മറ്റും കൊടുക്കേണ്ടിവരുന്ന ആദ്യവാരത്തില്‍ തന്നെ ലഭിക്കുമായിരുന്നു. എന്നാല്‍ മോദി അധികാരത്തില്‍ വന്നശേഷം ഇത് രണ്ടാംവാരത്തിലേക്കു മാറ്റി.

അതുകൊണ്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും ശമ്പള ആഴ്ച ഒരു തലവേദനയാണ്. നമുക്കു കിട്ടേണ്ട തുക വൈകിയാണെങ്കിലും വന്നതുകൊണ്ട് ഓവര്‍ ഡ്രാഫ്റ്റിലേക്കുപോലും പോകേണ്ടി വന്നില്ല.

ഇനി ഓവര്‍ ഡ്രാഫ്റ്റില്‍ ആയാല്‍പ്പോലും ഈ പണം വരുമ്പോള്‍ അതിനു പുറത്തുകടക്കും. ഇതിന്റെ പേരിലാണ് കഴിഞ്ഞ ഒരാഴ്ചയായുള്ള കോലാഹലം മുഴുവന്‍.

കേരളത്തിനെതിരായ ഗൂഢാലോചന

കേരളത്തിന്റെ ധനകാര്യ ഞെരുക്കത്തിന്റെ മുഖ്യകാരണം കേന്ദ്രത്തില്‍ നിന്ന് ധനകാര്യ കമ്മീഷന്റെ തീര്‍പ്പു പ്രകാരവും മറ്റു മാര്‍ഗ്ഗങ്ങള്‍ മുഖേനയും നമുക്കു ലഭിക്കുന്ന ധനസഹായം മറ്റു സംസ്ഥാനങ്ങളേക്കാള്‍ വളരെ കുറവാണെന്നതാണ്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കു ശരാശരി അവരുടെ റവന്യു വരുമാനത്തിന്റെ 50% കേന്ദ്ര ധനസഹായമായി ലഭിക്കുമ്പോള്‍ കേരളത്തിനു ലഭിക്കുന്നത് 30 ശതമാനത്തില്‍ താഴെയാണ്.

ഇതാണ് കേരളത്തിലെ ധനകാര്യ ഞെരുക്കത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം.

ഇതൊക്കെ തുറന്നുകാണിക്കുന്നതിനു പകരം ഫിനാന്‍സ് കമ്മീഷന്റെ തീര്‍പ്പു പ്രകാരം നമുക്കു ലഭിക്കുന്ന അര്‍ഹതപ്പെട്ട ഗ്രാന്റുപോലും കേന്ദ്രത്തിന്റെ ഔദാര്യംകൊണ്ടു ലഭിക്കുന്നതാണെന്ന പൊതുബോധം സൃഷ്ടിക്കാന്‍ എന്തൊരു പ്രയത്നമാണ് ചില പണ്ഡിതന്മാരും മാധ്യമ പ്രവര്‍ത്തകരുംകൂടി ചെയ്തുകൊണ്ടിരിക്കുന്നത്! കേന്ദ്ര സര്‍ക്കാര്‍ പാലം വലിച്ചില്ലെങ്കില്‍ ബജറ്റ് കണക്കുകള്‍ സൂചിപ്പിക്കുന്നതു പോലെ ഒരു പ്രതിസന്ധിയും ട്രഷറിയില്‍ ഉണ്ടാകില്ല.

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ വായ്പാ പരിധി വെട്ടിക്കുറയ്ക്കുന്നതിന് കേന്ദ്രം കുതന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുകയാണ്.

അതിനുള്ള അന്തരീക്ഷ സൃഷ്ടിക്കുള്ള പ്രചാരണമാണ് ചില മാധ്യമങ്ങളെ കൈക്കലാക്കി ചില തല്‍പ്പരകക്ഷികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

(ചിന്ത വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top