29 March Friday

ശുചിത്വ കേരളവും സിപിഐ എമ്മും -ഡോ. ടി എം തോമസ് ഐസക് എഴുതുന്നു

ഡാ. ടി എം തോമസ് ഐസക്Updated: Tuesday Mar 28, 2023


“ശുചിത്വ കേരളം പരിപാടിക്ക് തിരുവനന്തപുരത്തു ഗംഭീര തുടക്കം. 9 മണിക്ക് പണിക്കിറങ്ങിയ പിണറായി വിജയൻ ഔപചാരികമായി എന്തെങ്കിലും ചെയ്ത് ഉദ്ഘാടന ചടങ്ങ് അവസാനിപ്പിക്കുമെന്നു കരുതിയവർക്കു തെറ്റി. ജഗതിയിൽ രണ്ടര ഏക്കറിലെ മാലിന്യം മുഴുവൻ മണ്ണിട്ടു മൂടിയതിനു ശേഷമേ അദ്ദേഹം പണി നിർത്തിയുള്ളൂ. അപ്പോൾ ഉച്ചയ്ക്ക് 1 മണി. കാലത്ത് മുതൽ പണിക്കിറങ്ങിയ പലരും തണലിലേക്ക് മാറിയപ്പോഴും വെയിലത്ത്‌ നിരയിൽതന്നെ നിന്ന് അദ്ദേഹം ജോലി തുടർന്നു.”

“എരുമക്കുഴിയിൽ നിന്ന് ഞാൻ ജഗതിയിൽ എത്തിയപ്പോൾ മണി 11. എന്താ നേരത്തേ അവസാനിപ്പിച്ചോ എന്നതായിരുന്നു സഖാവിന്റെ ചോദ്യം. രാത്രിയിലെ പെരുമഴ കാരണം എരുമക്കുഴിലേക്ക് മണ്ണ് കൊണ്ടുവരാൻ കഴിഞ്ഞില്ല. 500 ലോഡ് മണ്ണ് വേണ്ടിടത്ത് 100 ലോഡ് മണ്ണേ ഉണ്ടായിരുന്നുള്ളൂ. അത് നിരത്തി കഴിഞ്ഞപ്പോൾ എരുമക്കുഴിയിലെ പണി ഇന്നത്തേയ്ക്ക് നിർത്തി. വരും ദിവസങ്ങളിൽ തുടർപ്രവർത്തനങ്ങൾ ഉണ്ടാവും. ഒരു മാസത്തിനുള്ളിൽ എരുമക്കുഴി പൂർണ്ണമായി മൂടും.”

“എന്നാൽ ജഗതിയിൽ ഒറ്റ ദിവസം കൊണ്ടുതന്നെ ലക്ഷ്യം കണ്ടു. ഇനി മാലിന്യം അവിടേക്ക് വലിച്ചെറിയാതിരിക്കണം. ആ സാധ്യത ഇല്ലാതാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പൈപ്പ് കമ്പോസ്റ്റിന്റെ സർവെ പൂർത്തീകരിച്ചു. പരമാവധി മാലിന്യ സംസ്കരണം വീടുകളിൽ നടത്തണം. നവംബർ അവസാനിക്കുമ്പോഴേക്കും 500 എയ‍് റോബിക്‌ ബിന്നുകളെങ്കിലും സ്ഥാപിക്കണം.

ഇതൊക്കെ നടക്കും എന്നതിന്റെ ഏറ്റവും വലിയ ഉറപ്പ് ഇന്ന് ഫീൽഡിൽ പാർട്ടി സെക്രട്ടറി നേരിട്ട് ഇറങ്ങിയതാണ്. തുടർ പ്രവർത്തനങ്ങൾക്ക് തന്റെ വ്യക്തിപരമായ മേൽനോട്ടം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ട്. ഇങ്ങനെ തുടങ്ങിയ ഒരു പ്രസ്ഥാനത്തിന് പുറകോട്ടു പോകുവാൻ ആവില്ല. എന്തു ത്യാഗം സഹിക്കേണ്ടി വന്നാലും ലക്ഷ്യം നേടുക തന്നെ ചെയ്യും.”

തിരുവനന്തപുരത്തെ സന്നദ്ധപ്രവർത്തനം

2014 നവംബർ1 ലെ എന്റെ ഫെയ്സ്ബുക്‌ പോസ്റ്റാണ് മുകളിൽ ഉദ്ധരിച്ചത്‌. അതിലെ ചിത്രങ്ങളും ഈ ലേഖനത്തോടൊപ്പം ഉണ്ട്. മെഡിക്കൽ കോളേജിൽ കോടിയേരി ബാലകൃഷ്ണനാണ് നേതൃത്വം നൽകിയത്. നേതാക്കൾ ഉദ്ഘാടനം ചെയ്ത് മടങ്ങിപ്പോവുകയായിരുന്നില്ല. പകലന്തിയോളം അദ്ദേഹം പണിയെടുത്തു. വിഎസ് എല്ലായിടവും സന്ദർശിച്ച് സഖാക്കൾക്ക് ആവേശം പകർന്നു. വർഷങ്ങളായി കെട്ടിക്കിടന്ന മാലിന്യമല ഒരുദിവസം കൊണ്ട് തീരുന്നതായിരുന്നില്ല. പ്രവർത്തനങ്ങൾ തുടർന്നു. മിക്കവാറും മാലിന്യം മാറ്റാനായി. നഗരത്തിനുള്ളിലെ ഡംപിംഗ് യാർഡായ എരുമക്കുഴി ഈ പ്രവർത്തനത്തിന് അവസാനം എങ്ങനെ മാറിയെന്നുള്ളതിന്റെ ചിത്രവും ഈ ലേഖനത്തോടൊപ്പം ഉണ്ട്.

അതുകൊണ്ട് കാര്യങ്ങൾ അവസാനിപ്പിച്ചില്ല. വീണ്ടും മാലിന്യം കുന്നുകൂടാതിരിക്കാൻ ഉറവിട മാലിന്യ സംസ്കരണത്തിനുള്ള ബോധവൽക്കരണവും പ്രായോഗിക പ്രവർത്തനങ്ങളും അന്നത്തെ മേയർ വി.കെ. പ്രശാന്തിന്റെയും കോർപ്പറേഷൻ ഏരിയയിലെ സഖാക്കളുടെയും നേതൃത്വത്തിൽ നടന്നു. ജനങ്ങളും ഏറെക്കുറെ ആവേശത്തോടെ ഉറവിടമാലിന്യ സംസ്കരണം ഏറ്റെടുത്തു. പൈപ്പ് കമ്പോസ്റ്റും ബയോഗ്യാസ് പ്ലാന്റും എയ് റോബിക് ബിന്നും പിന്നീട് കിച്ചൺ ബിന്നും ഹരിതകർമ്മ സേനയും ഒക്കെയായി പ്രവർത്തനം മുന്നേറി. അതിന്റെ ഫലമായാണ് ഇപ്പോൾ തിരുവനന്തപുരം നഗരത്തിൽ മൂക്ക് പൊത്താതെ നടക്കാൻ കഴിയുന്നതും വിളപ്പിൽശാല ആവർത്തിക്കാത്തതും.

തിരുവനന്തപുരത്തെ ഈ ശുചീകരണ പ്രവർത്തനം ഒറ്റപ്പെട്ടൊരു പ്രവർത്തനം ആയിരുന്നില്ല. ആലപ്പുഴയിൽ വച്ച് 2014 ഒക്ടോബർ 2ന് എല്ലാ ജില്ലകളിൽ നിന്നുമുള്ള പാർട്ടി പ്രവർത്തകരുടെ പ്രതിനിധികൾ പങ്കാളികളായുള്ള ശുചിത്വ സെമിനാർ നടത്തി. ഓർക്കുക, അന്ന് യുഡിഎഫ് ആണ് കേരളം ഭരിച്ചിരുന്നത്. എങ്കിലും ശുചിത്വ കേരളത്തിനു മുൻകൈയെടുക്കുന്നതിനു സിപിഐ എമ്മിന് ഒരു മടിയുമുണ്ടായില്ല.

ആലപ്പുഴയിലെ സെമിനാർ

എന്തുകൊണ്ടാണ് സംസ്ഥാനതല ശുചിത്വ പരിശീലനത്തിന് പാർട്ടി ആലപ്പുഴ തെരഞ്ഞെടുത്തത്? ഇത് മനസിലാക്കുന്നതിന് ഏതാണ്ട് ഒന്നരദശാബ്ദക്കാലത്തെ ആലപ്പുഴയിലെ ശുചിത്വ പ്രവർത്തനങ്ങളെക്കുറിച്ച് ഞാനും എം. ഗോപകുമാറുംകൂടി എഴുതിയ “മാറുന്ന കനാലുകൾ, മാലിന്യമകന്ന തെരുവുകൾ: ആലപ്പുഴ വൃത്തിയാകുമ്പോൾ” എന്ന പുസ്തകം സഹായിക്കും.

മൂന്ന് പതിപ്പുകളുള്ള ഈ പുസ്തകത്തിന്റെ പ്രസാധകർ ചിന്തയാണ്. മറ്റു നഗരങ്ങളിലെ അനുഭവങ്ങളും വളരെ പ്രസക്തമാണ്. കുന്നംകുളം, ഗുരുവായൂർ, വടകര, സുൽത്താൻ ബത്തേരി, തളിപ്പറമ്പ്, ആറ്റിങ്ങൽ, കോഴിക്കോട്, വടക്കാംഞ്ചേരി തുടങ്ങിയ നഗരങ്ങളിലെ വികേന്ദ്രീകൃത മാലിന്യസംസ്കരണത്തിന്റെ വിജയകഥകൾ പ്രത്യേകം ലേഖനങ്ങളായി ഉണ്ട്. ആലപ്പുഴ ആദ്യത്തെ വിജയകഥ മാത്രം.

2012നുശേഷം ആലപ്പുഴയുടെ മാലിന്യനിക്ഷേപ കേന്ദ്രമായ സർവ്വോദയപുരത്തേക്ക് ഒരുലോഡ് മാലിന്യംപോലും നഗരത്തിൽ നിന്നും കൊണ്ടുപോയിട്ടില്ല. എന്നാലും ആലപ്പുഴ നഗരം വൃത്തിയായി കിടക്കുന്നു. ഇതിനുകാരണം ഭൂരിപക്ഷം കുടുംബങ്ങളും മാലിന്യം വീട്ടിൽ സംസ്കരിക്കുന്നില്ലെങ്കിലും തൊട്ടടുത്തുള്ള കമ്പോസ്റ്റിംഗ് കേന്ദ്രങ്ങളിൽ എത്തിക്കുന്നു എന്നതാണ്. അജൈവമാലിന്യം വീടുകളിൽ നിന്നും ഹരിതകർമ്മസേന ശേഖരിക്കുന്നു. സമ്പൂർണ്ണ ശുചിത്വത്തിന് ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട്. 15 വാർഡുകളേ ഇപ്പോഴും ഖരമാലിന്യ സംസ്കരണത്തിൽ ശുചിത്വ പദവി നേടിയിട്ടുള്ളൂ. ദ്രവമാലിന്യ സംസ്കരണം പരീക്ഷണങ്ങൾ കഴിഞ്ഞിട്ടേയുള്ളൂ. ഈ പരിമിതികളൊക്കെ ഉണ്ടെങ്കിലും ആലപ്പുഴ വൃത്തിയാണ്.

കഴിഞ്ഞ ഒരു ദശകത്തിനിടയിൽ കേരളത്തിലെ ശുചിത്വ പരിപാടിക്ക് ആലപ്പുഴ നൽകിയ സംഭാവനകൾ ഇവയാണ്:

തുമ്പൂർമുഴി മോഡലിലുള്ള സാമൂഹ്യ കമ്പോസ്റ്റിംഗ് രീതി പരീക്ഷിച്ച് വിജയിപ്പിച്ചു.
തിരുവനന്തപുരത്തിനൊപ്പം കിച്ചൺബിൻ പരീക്ഷിച്ച മറ്റൊരു നഗരം ആലപ്പുഴയാണ്.
മലിനജലം ശുദ്ധീകരിക്കാനുള്ള ഡീവാട്സ് സമ്പ്രദായം ഇന്നു നിലവിലുള്ളത് ആലപ്പുഴയിലാണ്. എറണാകുളത്തെ ജയഗോപാലും ലതയുമാണ് ഇതിന്റെ ഉപജ്ഞാതാക്കൾ.

കനാലുകൾ ശുദ്ധീകരിച്ച് കഴിഞ്ഞാൽ അവ മലിനമാകാതെ സംരക്ഷിക്കുന്നതിന് ഒരു കനാൽ ഷെഡ് ശുചിത്വ പരിപാടിക്ക് കനാൽപി എന്ന സംഘടന രൂപം നൽകി. മുംബൈ ഐഐറ്റിയിലെ വിദഗ്ദ്ധരുമായി സഹകരിച്ചുകൊണ്ടാണ് ഈ
രീതി വികസിപ്പിച്ചെടുത്തത്.

ശുചിത്വത്തിൽ നിന്നും നഗര സൗന്ദര്യവൽക്കരണത്തിലേക്ക് ഒരു പദ്ധതിക്കു രൂപം നൽകി. കിഫ്ബി സഹായത്തോടെയുള്ള ഈ പരിപാടി പാതിവഴിയിൽ എത്തിയിട്ടേയുള്ളൂ.

ശുചിത്വ പരിപാടിയിൽ ഏറ്റവും കാര്യക്ഷമമായ സന്ദേശവാഹകർ കുട്ടികൾ ആണെന്ന് ആലപ്പുഴ തെളിയിച്ചു.

പാർട്ടിയുടെ ആഹ്വാനം

ആലപ്പുഴ കൈവരിച്ച വിജയം കേരളത്തിൽ ശുചിത്വ പരിപാടി, ക്യാമ്പയിൻ അടിസ്ഥാനത്തിൽ ഏറ്റെടുക്കുന്നതിനു പ്രേരകമായി. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങൾ എന്റെ മറ്റൊരു പോസ്റ്റിൽ നിന്നും ഉദ്ധരിക്കട്ടെ:

“മാലിന്യപ്രതിസന്ധിയുടെ ഗൗരവം കണക്കിലെടുത്തുകൊണ്ട്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുൻകൈയോടെ വിപുലമായി ബഹുജനങ്ങളെ ഉറവിട മാലിന്യ സംസ്‌കരണത്തിനായി അണിനിരത്താനാണ്‌ പാർട്ടി ഉദ്ദേശിക്കുന്നത്‌.

എല്ലാ പാർട്ടി മെമ്പർമാരുടെയും ബഹുജനപ്രവർത്തകരുടെയും വീടുകളിൽ ബയോഗ്യാസ്‌ പ്ലാന്റോ പൈപ്പ്‌ കമ്പോസ്റ്റോ സ്ഥാപിച്ച്‌ മാതൃക കാട്ടും. പൈപ്പ്‌ കമ്പോസ്റ്റിന്‌ 1,00–150 രൂപയേ ചെലവു വരൂ എന്നതിനാൽ ഇതെങ്കിലും സ്വീകരിക്കാവുന്നതാണ്‌.

ഏതെങ്കിലും കാരണവശാൽ വീട്ടിൽ തന്നെ മാലിന്യം സംസ്‌കരിക്കാൻ സാധിക്കാത്തവർക്കുവേണ്ടി പ്രാദേശികമായി പൊതു സംസ്‌കരണ സംവിധാനങ്ങൾ ഏർപ്പെടുത്തും. ഇവ ഫലപ്രദമായി പ്രവർത്തിപ്പിക്കുന്നതിന്‌ പാർട്ടി പ്രവർത്തകർ സഹായിക്കും.



ഓരോ പാർട്ടി ബ്രാഞ്ചും സ്വന്തം അതിർത്തിയിലെ മാലിന്യക്കൂമ്പാരം കണ്ടുപിടിച്ച്‌ അവിടം ശുചിയാക്കുകയും മേലിൽ അവിടെ മാലിന്യം വലിച്ചെറിയില്ല എന്ന്‌ ഉറപ്പുവരുത്തുന്നതിനുളള ജാഗ്രത പുലർത്തുകയും വേണം.

വലിയതോതിൽ ജനങ്ങളുടെ സന്നദ്ധപ്രവർത്തനം സംഘടിപ്പിക്കുന്നതിന്‌ പാർട്ടി നേതൃത്വം നൽകും.

എല്ലാ നഗരങ്ങളിലും ഒക്ടോബർ മാസത്തിൽ പാർട്ടി മുൻകൈയെടുത്ത്‌ ശിൽപശാലകൾ സംഘടിപ്പിക്കണം. രൂപരേഖ തയ്യാറാക്കണം. നവംബർ മാസത്തിൽ നഗരസഭകളുടെയും നഗര പഞ്ചായത്തുകളുടെയും ആഭിമുഖ്യത്തിൽ കാമ്പയിൻ ആരംഭിക്കും.”

പാർട്ടി ലക്ഷ്യമിട്ടതുപോലെ ശുചിത്വ പരിപാടി മുന്നോട്ടു പോയില്ലയെന്നതു വസ്തുതയാണ്. എന്നാൽ പാർട്ടി ഏറ്റെടുത്ത മറ്റ് രണ്ട് സാമൂഹ്യപ്രവർത്തനങ്ങളായ സംയോജിത കൃഷിക്കും പാലിയേറ്റീവ് പ്രവർത്തനത്തിനും അതിവിപുലമായ തുടർച്ചയുണ്ടായി.

ശുചിത്വ മേഖലയിലെ ഇടപെടലിന്റെ ഈ പരിമിതി അംഗീകരിക്കുമ്പോഴും പ്രസക്തമായൊരു ചോദ്യമുണ്ട്. കേരളത്തിലെ വേറെ ഏതു പാർട്ടിയാണ് ശുചിത്വ കേരളത്തിനുവേണ്ടി ഇതുപോലെ മുൻകൈയെടുത്ത് ഇറങ്ങിയത്? സിപിഐ എമ്മിന്റെ ഇടപെടൽ കേരളത്തിനു നൽകിയ ദിശാബോധവും ആശ്വാസവും ചെറുതല്ല.

ബ്രഹ്മപുരമടക്കമുള്ള മാലിന്യകൂമ്പാരങ്ങൾ

ഈ നൂറ്റാണ്ട് ആരംഭിക്കുന്നതുവരെ കേരളത്തിലെ എല്ലാ നഗരങ്ങളിലെയും മാലിന്യസംസ്കരണരീതി നഗരമാലിന്യമെല്ലാം അധികം ജനവാസമില്ലാത്ത ഒരു കേന്ദ്രത്തിൽ കൊണ്ടുചെന്ന് നിക്ഷേപിക്കുകയെന്നതായിരുന്നു. ക്രമേണ ഈ

പ്രദേശങ്ങളും ജനവാസ കേന്ദ്രങ്ങളായി. ചവർകൂനകൾ ഗൗരവമായ ആരോഗ്യപ്രശ്നവുമായി. ഈ പശ്ചാത്തലത്തിൽ ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ഈ ചവർ കേന്ദ്രങ്ങളിൽ വിൻഡ്രോ കമ്പോസ്റ്റിംഗ് യന്ത്രങ്ങൾ സ്ഥാപിച്ചു. പക്ഷേ, അവയെല്ലാം പരാജയപ്പെട്ടു.

അടിസ്ഥാനകാരണം മാലിന്യം വേർതിരിക്കാതെ ഈ കേന്ദ്രങ്ങളിലേക്കു കൊണ്ടുവരുന്ന പതിവ് തുടർന്നതാണ്. അവ കമ്പോസ്റ്റ് ചെയ്തശേഷം അജൈവമാലിന്യങ്ങൾ വേർതിരിക്കുന്ന രീതിയാണ് പലയിടത്തും അവലംബിച്ചത്. ഇത് കമ്പോസ്റ്റിംഗ് സമയത്തെ ദീർഘിപ്പിച്ചു. അജൈവഖരവസ്തുക്കൾ യന്ത്രങ്ങളെ കേടാക്കി. സംസ്കരിക്കാത്ത മാലിന്യം കുന്നുകൂടി. ഈ മാലിന്യ കേന്ദ്രങ്ങളെല്ലാം ജനകീയ സമരങ്ങളെ തുടർന്ന് അടച്ചുപൂട്ടേണ്ടി വന്നു.

അങ്ങനെ 2010കളിൽ ഉറവിടമാലിന്യ സംസ്കരണത്തിലേക്കു തിരിയാതെ നിർവ്വാഹമില്ലാത്ത അവസ്ഥയായി. എന്നാൽ അടച്ചുപൂട്ടിയ നഗരയാർഡുകളിൽ ബ്രഹ്മപുരത്തിന്റെയത്രയും ഇല്ലായെങ്കിലും പതിറ്റാണ്ടുകളുടെ മാലിന്യം കുന്നുകൂടി കിടപ്പുണ്ട്. എല്ലാ കേന്ദ്രങ്ങളിലെയും ലഗസി വേസ്റ്റ് വേർതിരിച്ചു നീക്കംചെയ്യാൻ ടെണ്ടറുകൾ വിളിച്ചിട്ടുണ്ട്. കൊല്ലം പോലുള്ള നഗരങ്ങളിൽ ഇത് ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ള ഇടങ്ങളിൽ പ്രവർത്തനം പല ഘട്ടങ്ങളിലാണ്. ബ്രഹ്മപുരത്തും ഈ പ്രവർത്തനം തൃപ്തികരമല്ലെങ്കിലും നടന്നുവരുന്നു.

എന്തുകൊണ്ട് ബ്രഹ്മപുരത്തെ പ്രതിസന്ധി

ബ്രഹ്മപുരവും ബാക്കി കേന്ദ്രങ്ങളും തമ്മിൽ ഒരു സുപ്രധാന വ്യത്യാസമുണ്ട്. ബാക്കിയിടങ്ങളിലെല്ലാം വികേന്ദ്രീകൃത ഉറവിട മാലിന്യസംസ്കരണ രീതികൾ ഏറിയും കുറഞ്ഞും അവലംബിക്കുന്നതുകൊണ്ട് ലഗസി വേസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള മാലിന്യനീക്കം 5–10 ആണ്ടുകളായി ഇല്ല. കൊച്ചിയിൽ വികേന്ദ്രീകൃത മാലിന്യസംസ്കരണം വേണ്ടത്ര ഗൗരവമായി എടുത്തില്ല.

തുടക്കംകുറിച്ചതു മുന്നോട്ടുപോയതുമില്ല. അതുകൊണ്ട് ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുവരുന്ന പതിവ് അഭംഗുരം തുടർന്നു. അതും വേർതിരിക്കാത്ത മാലിന്യം. ഇതും പോരാതെ സമീപ മുനിസിപ്പാലിറ്റികളിലെ വേസ്റ്റും ഇങ്ങോട്ടുകൊണ്ടുവന്നു.

ഉറവിടമാലിന്യ സംസ്കരണത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ല എറണാകുളമാണ്. കാരണം എല്ലാവരും വരാൻപോകുന്ന വേസ്റ്റ് ടു എനർജി ഭീമൻ പ്ലാന്റിന്റെ മായാമോഹവലയിലായിരുന്നു. ചില ഉദ്യോഗസ്ഥരുടെ ചിന്ത എനിക്ക് അറിയാം.

പുതിയ പ്ലാന്റ് വരുമ്പോൾ അതിന് ഉറവിടമാലിന്യ സംസ്കരണം തടസമാകും. ആവശ്യത്തിനു മാലിന്യം കൊടുക്കാൻ കഴിയാതെ വന്നേക്കാം. അതുകൊണ്ട് ബദൽ സംവിധാനങ്ങൾ നിരുത്സാഹപ്പെടുത്തണം. ഈ ഭ്രാന്തൻ നടപടിയാണ് കൊച്ചിയിലെ മാലിന്യ പ്രതിസന്ധിക്കു കാരണം.

വേസ്റ്റ് ടു എനർജി പ്ലാന്റ് വരുമ്പോൾ വരട്ടെ. അത് വരാൻ കാത്തിരുന്ന് മറ്റൊന്നും ചെയ്യാതിരുന്നാൽ എന്തു സംഭവിക്കുമെന്നതിന്റെ അനുഭവപാഠമാണ് ബ്രഹ്മപുരത്തെ പ്രതിസന്ധി. ചില സാഹചര്യങ്ങളിൽ ചില നഗരങ്ങളിൽ ഇത്തരം സംവിധാനങ്ങൾ വേണ്ടിവന്നേക്കാം. പക്ഷേ, കേരളത്തിലാകമാനം മാലിന്യ പ്രതിസന്ധിക്ക് ഈ സാങ്കേതികവിദ്യ പരിഹാരമായിട്ടു മുന്നോട്ടുവയ്ക്കുന്നത് യുക്തിക്കു നിരക്കുന്നതല്ല.

മാർക്സിസ്റ്റ് ഇക്കോളജിയ ശാസ്ത്രം

കേരളത്തിലെ മാലിന്യത്തിൽ ജൈവ മാലിന്യത്തിന്റെ അളവ് വളരെ ഉയർന്നു നിൽക്കുന്നതുകൊണ്ട് ഉല്പാദിപ്പിക്കപ്പെടുന്ന ഊർജ്ജത്തിന്റെ തോത് താഴ്ന്നിരിക്കും. വലിയ സ്ഥിരനിക്ഷേപവും ആവർത്തനച്ചെലവും വേണ്ടിവരും. എല്ലാറ്റിലുമുപരി കേരളത്തിലെ ജൈവമാലിന്യം മുഴുവൻ ഊർജ്ജമാക്കി മാറ്റിയാൽ കേരളത്തിന്റെ ഫലഭൂയിഷ്ഠതയ്ക്ക് എന്തുസംഭവിക്കുമെന്ന് ആലോചിച്ചു നോക്കൂ.

മാർക്സിന്റെ ചിന്താ പദ്ധതിയിലെ ഇക്കോളജിക്കൽ സമീപനം ഇന്ന് ആഴത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പ്രകൃതിയെ മാറ്റുന്നവരാണ് മനുഷ്യരെങ്കിലും അവർ പ്രകൃതിയുടെ ഭാഗമാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടാകേണ്ടുന്ന പാരസ്പര്യം ഇല്ലായ്മ ചെയ്യപ്പെടുന്നതിന്റെ ഉദാഹരണമായി മാർക്സ് ചൂണ്ടിക്കാണിക്കുന്ന ഒന്ന് മണ്ണിന്റെ ഫലഭൂയിഷ്ഠതയിൽ വരുന്ന തകർച്ചയാണ്.

മണ്ണിന്റെ ഫലങ്ങളെല്ലാം നഗരങ്ങളിലേക്കു പോയി. അവയുടെ അവശിഷ്‌ടങ്ങൾ മണ്ണിലേക്കു തിരിച്ചു വരുന്നില്ല. മറിച്ച്, നഗരത്തെ മലിനീകരിക്കുന്നു. മാർക്സിസ്റ്റ് ഇക്കോളജി ശാസ്ത്രം ഈ സമസ്യയിൽ നിന്നാണ് ആരംഭിക്കുന്നത്.

വികേന്ദ്രീകൃത മാലിന്യസംസ്കരണം കേന്ദ്രീകൃതമായ പ്രവർത്തനങ്ങളുടെ ആവശ്യകതയെ നിഷേധിക്കുന്നില്ല. ഉറവിട മാലിന്യസംസ്കരണത്തിന്റെയും നഗരതല കേന്ദ്രീകൃത സംസ്കരണത്തിന്റെയും സംയോജിത സമീപനമാണ് ഒട്ടുമിക്ക നഗരങ്ങളും സ്വീകരിച്ചിട്ടുള്ളത്. വികേന്ദ്രീകൃത മാലിന്യസംസ്കരണം എന്നാൽ എല്ലാം താഴേത്തട്ടിൽ തന്നെ ചെയ്യലല്ല. താഴേത്തട്ടിൽ ചെയ്യാവുന്നതെല്ലാം അവിടെ ചെയ്യണം. അല്ലാതുള്ളവ മുകളിലും.

അധികാരവികേന്ദ്രീകരണത്തിലെ സബ്‌സിഡിയാരിറ്റി തത്വം ഇവിടെയും ബാധകമാണ്.

പല കാര്യങ്ങളിലും ഇനിയും പഠനങ്ങളും സംവാദങ്ങളും അനിവാര്യമാണ്. എന്നാൽ ബ്രഹ്മപുരത്ത് അടിയന്തരമായി ചെയ്യേണ്ടുന്ന കാര്യങ്ങൾ സംബന്ധിച്ച് സർക്കാർ വ്യക്തമായ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പാക്കുകയെന്നുള്ളതാണ് ഇന്നത്തെ കടമ. ♦

(ചിന്ത വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top