14 April Sunday

മൂലധന ചെലവിലെ കുതിപ്പും പാവങ്ങളോടുള്ള അവഗണനയും... ഡോ. ടി എം തോമസ് ഐസക് എഴുതുന്നു

ഡോ. ടി എം തോമസ് ഐസക്Updated: Friday Feb 10, 2023

ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കൊപ്പം നീതിപൂര്‍വകമായ വിതരണവുമായിരിക്കണം ഏതു ബജറ്റിന്റെയും ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്ഘടനയായി നാം അതിവേഗം നീങ്ങിയേക്കാം. എന്നാല്‍ 2023-24 വര്‍ഷത്തെ ബജറ്റ് പോലെയുള്ള ഒന്ന, ഉറപ്പാക്കുന്നത് ഏറ്റവും വലിയ സമ്പദ്ഘടനയിലെ ശരാശരി പൗരര്‍ ജീവിതഗുണനിലവാരത്തിന്റെ കാര്യത്തില്‍ ആഗോള റാങ്കിങ്ങില്‍ ഏറ്റവും അടിത്തട്ടിലാകുമെന്നാണ്.

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ഇനി പറയുന്ന ആപ്തവാക്യമനുസരിച്ചായിരിക്കണം ഓരോ ബജറ്റിനെയും നാം വിലയിരുത്തേണ്ടത്: ''നിങ്ങള്‍ കണ്ടതില്‍ വെച്ച് ഏറ്റവും ദരിദ്രനും ഏറ്റവും ദുര്‍ബലനുമായ മനുഷ്യന്റെ മുഖം ഓര്‍ക്കുക; എന്നിട്ട് നിങ്ങള്‍ സ്വയം ചോദിക്കേണ്ടത് നിങ്ങളിപ്പോള്‍ നടപ്പാക്കാന്‍ പോകുന്ന ഈ നടപടി അയാളെ സംബന്ധിച്ച് എന്തെങ്കിലും പ്രയോജനം ചെയ്യുന്നതാണോ എന്നാണ്.''

സാധാരണക്കാരായ പൗരന്മാരുടെ ഇന്നത്തെ അവസ്ഥ എന്താണ്? ദേശീയസ്വത്തിന്റെ കഷ്ടിച്ച് മൂന്ന് ശതമാനം മാത്രമേ ജനസംഖ്യയിലെ ഏറ്റവും അടിത്തട്ടിലെ 50 ശതമാനം പേരുടെയും കൈവശമുള്ളൂ; ദേശീയ വരുമാനത്തിന്റെ 15 ശതമാനത്തിലും കുറവാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ദേശീയ വരുമാനത്തിന്റെ വളര്‍ച്ച എന്‍ഡിഎ ഭരണകാലം തുടങ്ങുമ്പോള്‍ 8 ശതമാനത്തിലധികമായിരുന്നത് കോവിഡിന് തൊട്ടുമുന്‍പുള്ള പാദത്തില്‍ 3.1 ശതമാനത്തിലേക്ക് ഇടിഞ്ഞു.

2019-20 മുതല്‍ 2022-23 വരെയുള്ള നാല് വര്‍ഷത്തെ ശരാശരിയെടുത്താല്‍ വളര്‍ച്ചനിരക്ക് 2.7 ശതമാനത്തിലേക്ക് വരുന്നതായി കാണാം. 2021-22 ലെ പ്രതിശീര്‍ഷ വരുമാനം കോവിഡിനുമുന്‍പുള്ള കാലത്തെ പ്രതിശീര്‍ഷവരുമാനത്തിലും കുറവാണ്. എന്നാല്‍ ബജറ്റിലെ അടിസ്ഥാനപരമായ അനുമാനം ''2022 ധനകാര്യവര്‍ഷം മറ്റു പല രാജ്യങ്ങളെക്കാള്‍ മുന്‍പേ സമ്പൂര്‍ണ വീണ്ടെടുപ്പ് ഉണ്ടാകണമെന്നും 2023ലെ ധനകാര്യവര്‍ഷത്തില്‍ മഹാമാരിക്കുമുന്‍പുള്ള വളര്‍ച്ചാപാതയിലേക്ക് ഉയരണമെന്നു''മാണ്.

2021-22 ഓടെ സമ്പൂര്‍ണ വീണ്ടെടുപ്പ് പ്രഖ്യാപിച്ചശേഷം ബജറ്റ് ദരിദ്രരും സാധാരണക്കാരുമായ പൗരരില്‍ നിന്ന് മുഖം തിരിച്ചത് എന്തുകൊണ്ടെന്നതില്‍ അത്ഭുതപ്പെടേണ്ടതേയില്ല.

നഗരങ്ങളിലെ തൊഴിലില്ലായ്മയില്‍ കുറവ് വന്നതായി ഗവണ്‍മെന്റ് അവകാശവാദം ഉന്നയിക്കുന്നു (നാട്ടിന്‍പുറങ്ങളിലെ തൊഴിലവസരങ്ങളുടെ കാര്യം ഗവണ്‍മെന്റ് മിണ്ടുന്നതേയില്ല); നാണയപ്പെരുപ്പം കുറഞ്ഞതായും ഗവണ്‍മെന്റ് അവകാശപ്പെടുന്നുണ്ട്; എന്നാല്‍ നഗരങ്ങളിലെ തൊഴിലില്ലായ്മയും നാണയപ്പെരുപ്പവും ഒരേപോലെ ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്.

1980കളില്‍ ദാരിദ്ര്യം കുറയാന്‍ ആരംഭിച്ചതിനുശേഷം ഇതാദ്യമായി ഔദ്യോഗിക ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള ആളുകളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നതായാണ് ലഭ്യമായിട്ടുള്ള ഔദ്യോഗിക ഡാറ്റ തന്നെ വിരല്‍ചൂണ്ടുന്നത്.

കഴിഞ്ഞ നാലുവര്‍ഷക്കാലയളവില്‍ പ്രതിശീര്‍ഷ യഥാര്‍ഥ ഉപഭോഗം പ്രതിവര്‍ഷം 5 ശതമാനത്തിലും താഴെയാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഉപഭോക്തൃചോദനത്തെ ഉത്തേജിപ്പിക്കുന്നതിനുപകരം ബജറ്റ്, ഭക്ഷ്യസബ്സിഡികള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നാമമാത്രമായ ഭക്ഷ്യസബ്സിഡി 31 ശതമാനം കണ്ട് വെട്ടിക്കുറച്ച് 2.87 ലക്ഷം കോടി രൂപയില്‍നിന്ന് 1.9 ലക്ഷംകോടി രൂപയാക്കിയിരിക്കുന്നു.

ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികളുടെ കാര്യത്തിലും ബജറ്റില്‍ പിന്നോട്ടുപോക്കാണ് ഉണ്ടായിട്ടുള്ളത്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ദേശീയ ഗ്രാമീണതൊഴിലുറപ്പു പദ്ധതി; അതിനായുള്ള വിലയിരുത്തല്‍ 60,000 കോടി രൂപയായി കുറച്ചിരിക്കുന്നു. 2021-22ലെ യഥാര്‍ഥ ചെലവ് 98,468 കോടിരൂപയാണ്; 2022-23 ലെ പ്രതീക്ഷിതചെലവ് 89,400 കോടി രൂപയാണ്. ദേശീയ സാമൂഹിക സഹായപദ്ധതി, അംഗനവാടികള്‍, ദേശീയ ഉപജീവന മിഷന്‍, പോഷകാഹാര പരിപാടികള്‍ എന്നിവയ്ക്കാകെയുള്ള വകയിരുത്തല്‍ 60,000 കോടി രൂപയിലും കുറഞ്ഞ നിലയില്‍ നിശ്ചലാവസ്ഥയിലാണ്.

ജിഡിപിയുടെ അനുപാതമെന്ന നിലയില്‍ മേല്‍ സൂചിപ്പിച്ച ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികള്‍ക്കുള്ള വകയിരുത്തല്‍ 2022-23ല്‍ 0.79 ശതമാനമായിരുന്നത് 0.53 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. കുടിവെള്ളവും ഭവനനിര്‍മാണ പരിപാടിയുമാണ് മറ്റു രണ്ട് പ്രമുഖ പദ്ധതികള്‍. ഇവയ്ക്ക് മൊത്തത്തിലുള്ള വകയിരുത്തല്‍ 1.5 ലക്ഷം കോടി രൂപയാണ്; ഇത് 2022-23ലെ പുതുക്കിയ എസ്റ്റിമേറ്റില്‍ നിന്നും 13 ശതമാനം കൂടുതലാണ്, അതേസമയം ഇപ്പോഴും അത് 2021-22ലെ ബജറ്റ് എസ്റ്റിമേറ്റിനേക്കാളും കുറവാണ്. ജന്‍ഡര്‍ ബജറ്റ് കൊള്ളയടിക്കപ്പെട്ടിരിക്കുകയാണ്.

പി എം കിസാന്‍ പദ്ധതിയുള്‍പ്പെടെ, കൃഷിക്കും അനുബന്ധമേഖലകള്‍ക്കുമായുള്ള വകയിരുത്തല്‍ 1.4 ലക്ഷംകോടി രൂപയാണ്, 2022-23ലെ ബജറ്റ് എസ്റ്റിമേറ്റിലും കുറവാണിത്. രാസവള സബ്സിഡിക്കായുള്ള വകയിരുത്തല്‍ 22 ശതമാനം കണ്ട് കുറച്ച് 2.25 ലക്ഷം കോടി രൂപയില്‍നിന്നും 1.75 ലക്ഷം കോടി രൂപയാക്കിയിരിക്കുന്നു. ഭക്ഷ്യസംഭരണത്തിനും വിപണി ഇടപെടലിനും വേണ്ടിയുള്ള വകയിരുത്തല്‍ 72,000 കോടി രൂപയില്‍നിന്നും 60,000 കോടി രൂപയാക്കി കുറച്ചിരിക്കുകയാണ്.

വിദ്യാഭ്യാസ, ആരോഗ്യമേഖലകള്‍ക്ക് 2022-23 ലെ ബജറ്റ് എസ്റ്റിമേറ്റില്‍നിന്നും നാമമാത്രമായ വര്‍ധന വരുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് പൂര്‍ണമായും അപര്യാപ്തമാണ്. ജിഡിപിയുടെ അനുപാതം എന്ന നിലയില്‍ വിദ്യാഭ്യാസത്തിനുള്ള വകയിരുത്തലില്‍, എന്‍ഡിഎ ഭരണകാലത്ത്, ക്രമാനുഗതമായി കുറയ്ക്കുന്നതിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. 2013-14ല്‍ ഇത് 0.63 ശതമാനമായിരുന്നത് ഇപ്പോഴത്തെ ബജറ്റില്‍ 0.37 ശതമാനമായി കുറച്ചിരിക്കുകയാണ്.

സാമൂഹ്യക്ഷേമ ചെലവുകളുടെ പ്രധാന ബാധ്യത വഹിക്കുന്നത് സംസ്ഥാന ഗവണ്‍മെന്റുകളാണ്. സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കുള്ള കേന്ദ്ര ധനക്കൈമാറ്റത്തില്‍ കുറവു വരുത്തിയത് ഇതിനെയും പ്രതികൂലമായി ബാധിക്കാന്‍ പോകുകയാണ്. 2021-22ല്‍ 4.61 ലക്ഷം കോടി രൂപയായിരുന്നത് 2022-23ല്‍ 3.67 ലക്ഷംകോടി രൂപയായി കുറഞ്ഞിരിക്കുന്നു. ഇപ്പോഴത്തെ വകയിരുത്തല്‍ വെറും 3.59 ലക്ഷം കോടി രൂപ മാത്രമാണ്.

ഇത്തരമൊരു പരിതാപകരമായ അവസ്ഥയില്‍ ദരിദ്രര്‍ക്കായുള്ള ബജറ്റ് വകയിരുത്തലുകള്‍ എന്തുകൊണ്ടാണ് ഇങ്ങനെ ഞെക്കിപ്പിഴിയപ്പെട്ടിരിക്കുന്നത്? കാരണമൊന്നേയുള്ളൂ. ഭാവിയിലേക്കുള്ള ധനസ്ഥിരതയാണ് പ്രധാനപ്പെട്ടതായി ഗവണ്‍മെന്റ് കരുതുന്നത്.

അതിനാല്‍, ഗവണ്‍മെന്റ് ധനക്കമ്മി ജിഡിപിയുടെ 6.4 ശതമാനത്തില്‍നിന്നും 5.9 ശതമാനമായി കുറച്ചിരിക്കുകയാണ്. മൊത്തത്തിലുള്ള ഗവണ്‍മെന്റ് ചെലവിലും ബജറ്റ് വെട്ടിക്കുറവ് വരുത്തിയിരിക്കുകയാണ്. ജിഡിപിയുമായി ബന്ധപ്പെട്ട് 2022-23 ലെ പുതുക്കിയ ബജറ്റില്‍ 15.3 ശതമാനമായിരുന്നത് 14.9 ശതമാനമായി കുറച്ചിരിക്കുന്നു.

അതേ സമയംതന്നെ  കോവിഡാനന്തര കാലഘട്ടത്തില്‍ ഗവണ്‍മെന്റിന്റെ വളര്‍ച്ചാതന്ത്രം മൂലധനച്ചെലവില്‍ വര്‍ധന വരുത്തലാണ്. 2022-23ലെ മൂലധനച്ചെലവ് 2022-23ല്‍ ജിഡിപിയുടെ 3.9 ശതമാനമായിരുന്നത് 4.6 ശതമാനമായി ഉയര്‍ത്തിയിരിക്കുന്നു. മൊത്തത്തിലുള്ള ചെലവും ധനക്കമ്മിയും കുറച്ചിരിക്കെ,  ദരിദ്രര്‍ക്കായുള്ള ചെലവഴിക്കലുകളില്‍ നിന്ന് ഊറ്റിയെടുക്കുന്നതിലൂടെ മാത്രമേ ഉയര്‍ന്ന മൂലധനച്ചെലവ് സാധ്യമാക്കാനാകൂ. തീര്‍ച്ചയായും അതുതന്നെയാണ് നിര്‍മല സീതാരാമന്‍ ചെയ്തത്.

ധനമന്ത്രിക്കു മുമ്പാകെയുള്ള മറ്റൊരു ബദല്‍, നികുതി വിഭവങ്ങള്‍ കൂടുതല്‍ ഉയര്‍ത്തുകയാണ്; അതിസമ്പന്നര്‍ക്കുമേല്‍ ചെറിയൊരു സ്വത്ത് നികുതി ഏര്‍പ്പെടുത്തുന്നത് ഇതിനു പരിഹാരമാകുമായിരുന്നു. എന്നാല്‍ യൂണിയന്‍ ധനമന്ത്രി സമ്പന്നരില്‍നിന്നും കൂടുതല്‍ വിഭവങ്ങള്‍ വര്‍ധിപ്പിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. വാസ്തവത്തില്‍ നികുതി- ജിഡിപി അനുപാതം മുന്‍വര്‍ഷത്തെ അതേ നിലവാരത്തില്‍ത്തന്നെ തുടരുകയാണ്.

ഇപ്പോള്‍ ഇങ്ങനെയൊരു ചോദ്യമാണ് ഉയരുന്നത്. പെരുകല്‍ പ്രക്രിയയിലൂടെ ഉയര്‍ന്ന മൂലധനച്ചെലവ് ഉണ്ടാക്കുന്നത് വളര്‍ച്ചയെ ത്വരിതഗതിയിലാക്കുമോ? എന്നാല്‍ ഉയര്‍ന്ന നിലയിലുള്ള ഗവണ്‍മെന്റ് മൂലധന നിക്ഷേപമുണ്ടായിട്ടും സ്വകാര്യനിക്ഷേപം വരുന്നില്ല എന്നതാണ് പ്രശ്നം. 2010-11ല്‍ 39 ശതമാനമായിരുന്ന ഗ്രോസ് ഫിക്സ്ഡ് കാപിറ്റല്‍ ഫോര്‍മേഷന്‍ (ജിഎഫ്സിഎഫ്) - ജിഡിപി അനുപാതം കുത്തനെ ഇടിഞ്ഞ് എന്‍ഡിഎ ഭരണകാലത്ത് അത് 31 ശതമാനത്തോളമായി തുടരുന്നു. കോവിഡ് മഹാമാരിക്കാലത്ത് ഇത് വീണ്ടും കുത്തനെ ഇടിഞ്ഞു; ഇതുവരെ പൂര്‍ണമായി കരകയറിയിട്ടുമില്ല.

പ്രകോപിതയായ ധനമന്ത്രി നിക്ഷേപകരില്‍നിന്ന് ഒരുത്തരം ആവശ്യപ്പെട്ടിരുന്നതായി കേട്ടിരുന്നു. ''2019 മുതല്‍ ഞാന്‍ കേള്‍ക്കുന്നത്, വ്യവസായത്തിനുതകുന്ന പരിസരം ഇല്ലെന്നു ചിന്തിക്കുന്നതായാണ്. ശരിയാണ്, നികുതി നിരക്ക് കുറച്ച പിഎല്‍ഐ (Production Linked Incentive Scheme)  കൊടുക്കുന്നുണ്ടോ? ഞങ്ങള്‍ പിഎല്‍ഐ കൊടുത്തിട്ടുണ്ട്. പിന്നെന്താണ് നിങ്ങളെ തടയുന്നത് എന്നതിന്റെ ഉത്തരമാണ്. ഇന്ത്യന്‍ കോര്‍പറേറ്റുകളില്‍നിന്നും ഞാന്‍ കേള്‍ക്കുവാനാഗ്രഹിക്കുന്നത്'' ഇപ്പോഴത്തെ ബജറ്റുപോലും ഇതിന് കൃത്യമായ ഒരു ഉത്തരം നല്‍കുന്നില്ല.

ഈ ചോദ്യത്തിനുള്ള ഉത്തരം ലളിതമാണ്. ഉപഭോക്തൃചോദനം സംബന്ധിച്ച അവരുടെ പ്രതീക്ഷകള്‍ ഒരു പ്രധാന ഘടകമല്ല. കൂടാതെ അമിതമായ സ്വജനപക്ഷപാതവും  നീതിപൂര്‍വമല്ലാത്തതും സുതാര്യത ഇല്ലാത്തതും മറ്റൊരു തടസ്സമാണ്. ഏതാനും പ്രമുഖ നിക്ഷേപകരെ സൃഷ്ടിക്കുന്നതിനുള്ള പൊതുനയം അവര്‍ ചില തല്‍പര കോര്‍പറേറ്റുകളാകുമ്പോള്‍ അവര്‍ക്ക് അനുകൂലമായി ഗവണ്‍മെന്റ് ഇടപെടല്‍ വര്‍ധിക്കുന്നതായും കാണാം.

ഇത്തരമൊരു സാഹചര്യം നിക്ഷേപകരുടെ ''മൃഗീയ വാസന''കളെ തൃപ്തിപ്പെടുത്തുന്നില്ല. ബജറ്റിന്റെ ആഘോഷപരിപാടികളെല്ലാം തകര്‍ക്കപ്പെട്ടത് ജനങ്ങളുടെ പ്രതിഷേധം കൊണ്ടല്ല. മറിച്ച് അദാനി കമ്പനികളുടെ ഓഹരിവിലകള്‍ ഇടിച്ചുതാഴ്ത്തിയ നിക്ഷേപകരുടെ നടപടികള്‍ കൊണ്ടാണ് എന്നത് പ്രതീകാത്മകമാണ്.

കാരണം എന്തുതന്നെയായാലും, നിയന്ത്രിതമായ നിക്ഷേപം സാങ്കേതികവിദ്യയുടെ തലത്തിലായിരിക്കെ, നിയന്ത്രിതമായ വളര്‍ച്ച മാത്രമേ സൂചിപ്പിക്കുകയുള്ളൂ. നമ്മള്‍ ഇതിനകം തന്നെ എന്‍ഡിഎ ഭരണത്തിന്‍കീഴിലുള്ള സാമ്പത്തികച്ചുരുക്കത്തെക്കുറിച്ച് സൂചിപ്പിച്ചുകഴിഞ്ഞു. ഇന്ത്യന്‍ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ച ആഘാതങ്ങളുടെ പട്ടികയില്‍നിന്ന് ശ്രദ്ധാപൂര്‍വം ഒഴിവാക്കപ്പെട്ടുവെങ്കിലും നോട്ടുനിരോധനമാണ്  പതനത്തിന് വേഗത കൂട്ടിയതെന്ന കാര്യം സാമ്പത്തികസര്‍വേ പോലും ശ്രദ്ധാപൂര്‍വം ഒഴിവാക്കിയിരിക്കുകയാണ്.

പതനം ആരംഭിച്ചതിനുശേഷം പോലും എന്‍ഡിഎ ഭരണകാലത്തെ ബജറ്റുകളെല്ലാം തന്നെ മൊത്തത്തിലുള്ള ബജറ്റ് ചെലവഴിക്കലും ജിഡിപിയും തമ്മിലുള്ള അനുപാതം 2013-14ല്‍ 14 ശതമാനമായിരുന്നത് 2018-19ല്‍ 12.2 ശതമാനമായി കുറയ്ക്കുകയെന്ന മണ്ടന്‍ തന്ത്രമാണ് പിന്തുടര്‍ന്നത്.

ബജറ്റുമായി ബന്ധപ്പെട്ടതല്ലെങ്കിലും നാണയപ്പെരുപ്പം കുറയുന്ന വേളയില്‍പോലും റിപ്പോ നിരക്ക് വര്‍ധിപ്പിക്കുകയെന്ന നയം റിസര്‍വ് ബാങ്ക് സ്വീകരിച്ചിരിക്കുന്നത് സ്ഥിതിഗതികള്‍ വഷളാക്കിയിരിക്കുകയാണ്.

മഹാമാരിയോടുകൂടിയാണ് ഈ നയങ്ങളില്‍ മാറ്റംവരുത്തിയത്. ആവര്‍ത്തിച്ചുള്ള നയ പരാജയങ്ങളുടെ ഫലമായിട്ടായിരുന്നു ഇന്ത്യയുടെ സാമ്പത്തികവേഗത കുറഞ്ഞത്; ഇപ്പോഴത്തെ ഈ പിശകുകള്‍ പരിഹരിക്കുന്നതിന് നിലവിലെ ബജറ്റ് പുതിയൊരു തന്ത്രവും മുന്നോട്ടുവയ്ക്കുന്നതായി തോന്നുന്നില്ല.

(ചിന്ത വാരികയിൽ നിന്ന്)
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top